ബൈബിളിന്റെ വീക്ഷണം
ക്രിസ്മസ്സ് ക്രിസ്ത്യാനികൾക്കുള്ളതല്ലാത്തതിന്റെ കാരണം
‘ക്രിസ്മസ്സ് നിയമവിരുദ്ധമാണ്! അത് ആഘോഷിക്കുന്ന അല്ലെങ്കിൽ ക്രിസ്മസ്സ് ദിവസത്തിൽ വേല ചെയ്യാതെ വീട്ടിൽ കഴിയുക പോലും ചെയ്യുന്ന ഏതൊരുവനും ശിക്ഷകൾക്കു വിധേയനാകും!’
വിചിത്രമെന്നു തോന്നിയേക്കാമെങ്കിലും പണ്ടു 17-ാം നൂററാണ്ടിൽ ഇതു യഥാർത്ഥത്തിൽ നിയമമായിത്തീർന്നു. പ്യൂരിററൻമാർ ഇംഗ്ലണ്ടിൽ ഈ ആഘോഷം നിരോധിപ്പിച്ചിരുന്നു. ക്രിസ്മസ്സിനെതിരെ അത്തരമൊരു ഉറച്ച നിലപാട് ഉളവാകാൻ കാരണമെന്താണ്? ക്രിസ്മസ്സ് ക്രിസ്ത്യാനികൾക്കുള്ളതല്ല എന്നു വിചാരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഇന്നുള്ളതെന്തുകൊണ്ട്?
വാസ്തവത്തിൽ ക്രിസ്മസ്സ് എവിടെനിന്ന് ഉത്ഭവിച്ചു?
യേശുക്രിസ്തു ക്രിസ്മസ്സ് ഏർപ്പെടുത്തുകയോ അവനോ അവന്റെ ഒന്നാം നൂററാണ്ടിലെ ശിഷ്യൻമാരോ അത് ആഘോഷിക്കുകയോ ചെയ്തില്ലെന്നു മനസ്സിലാക്കുന്നതു നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. യഥാർത്ഥത്തിൽ, ക്രിസ്തുവിന്റെ മരണശേഷം 300 വർഷം വരെ ക്രിസ്മസ്സ് ആഘോഷത്തെപ്പററി യാതൊരു രേഖയുമില്ല.
സൂര്യന്റെ വാർഷിക പരിക്രമണത്തിൽ ശക്തമായ ഒരു ആശ്രയത്വം തോന്നിയതിനാൽ ആ നാളുകളിൽ ജീവിച്ചിരുന്ന അനേകമാളുകൾ സൂര്യനെ ആരാധിച്ചു. യൂറോപ്പിലും ഈജിപ്തിലും പേർഷ്യയിലും സൂര്യാരാധനയോടൊപ്പം വിപുലമായ ചടങ്ങുകളും നടത്തിയിരുന്നു. ഈ ആഘോഷങ്ങളുടെ കേന്ദ്രവിഷയം പ്രകാശത്തിന്റെ പ്രത്യാഗമനം ആയിരുന്നു. ശിശിരകാലത്തു പ്രത്യക്ഷത്തിൽ തോന്നുന്ന സൂര്യന്റെ ദുർബലത നിമിത്തം ‘വിദൂര പര്യടനങ്ങ’ളിൽ നിന്നു മടങ്ങിവരാൻ സൂര്യനോട് അപേക്ഷിച്ചിരുന്നു. ആഘോഷങ്ങളിൽ ആഹ്ലാദിക്കൽ, സദ്യ, നൃത്തം, ദീപങ്ങളും അലങ്കാരവസ്തുക്കളും കൊണ്ടു വീടുകൾ അലങ്കരിക്കൽ, സമ്മാനദാനം എന്നിവ ഉൾപ്പെട്ടിരുന്നു. ഇവ പരിചയമുള്ളതായി തോന്നുന്നുവോ?
തങ്ങളുടെ വിശ്വാസങ്ങളുടെ കൂട്ടത്തിൽ, കത്താത്ത ക്രിസ്മസ്സ് മരത്തിനു മാന്ത്രികശക്തികളുണ്ടെന്നും സന്തോഷസൂചകമായി കത്തിക്കുന്ന തീക്കു സൂര്യദേവനു ശക്തി നൽകാനും അവനെ ജീവനിലേക്കു മടക്കിവരുത്താനും കഴിയുമെന്നും നിത്യഹരിത സസ്യങ്ങളെക്കൊണ്ട് അലങ്കരിച്ച ഭവനങ്ങൾ ഭൂതങ്ങളെ വിരട്ടിയോടിക്കുമെന്നും സൂര്യദേവന്റെ മടങ്ങിവരവിന്റെ വാഗ്ദത്തം എന്ന നിലയിൽ ഐറോപ്യകുററിച്ചെടി ആരാധിക്കപ്പെടേണ്ടതാണെന്നും ഇത്തിൾചില്ലകൾ രക്ഷയായി ധരിച്ചാൽ അവക്ക് സൗഭാഗ്യം കൈവരുത്താൻ കഴിയുമെന്നും സൂര്യാരാധകർ വിശ്വസിച്ചിരുന്നു. ഇന്ന് ഈ ഘടകങ്ങൾ എത് ആഘോഷവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
പുറജാതീയ റോമിൽ ക്രിസ്മസ്സ് അവതരിപ്പിക്കപ്പെടുന്നതിന് ഏറെക്കാലം മുമ്പുതന്നെ അവിടെ ഡിസംബർ ഒരു പ്രമുഖ ആഘോഷത്തിന്റെ മാസമായിരുന്നു. ആഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന സാററർനേലിയാ ഉത്സവവും (കൃഷിദേവനായ സാറേറണിനു സമർപ്പിക്കപ്പെട്ടത്) ഡീസ് നററാലീസ് സോളീസ് ഇൻവിക്ററിയും (അജയ്യസൂര്യന്റെ ജൻമദിനം) ആ സമയത്തു നടന്നിരുന്നു. കൂടാതെ ഡിസംബർ 25 വെളിച്ചത്തിന്റെ പേർഷ്യൻ ദൈവമായ മിത്രസ്സിന്റെ ജൻമദിനമായി കരുതപ്പെട്ടിരുന്നു.
പുറജാതികളെ ക്രിസ്ത്യാനികളാക്കൽ?
ഈ പുറജാതികളെ മതപരിവർത്തനം ചെയ്യിക്കാനുള്ള ഒരു ശ്രമത്തിൽ ക്രിസ്തീയ വിശ്വാസങ്ങളെ പുറജാതീയ വിശ്വാസങ്ങളുമായി തിരുവെഴുത്തുവിരുദ്ധമായ ഒരു കൂട്ടിക്കലർത്തൽ നടത്തുകയും അങ്ങനെ സഭ ഏററവും പ്രധാനമായ പുറജാതീയ ഉത്സവത്തോടു ഒത്തുവന്ന ഒരു തീയതി ക്രിസ്മസ്സിനായി തെരെഞ്ഞെടുക്കുകയും ചെയ്തു. ക്രിസ്മസ്സ് ആചാരങ്ങൾ സംബന്ധിച്ചെന്ത്? മിക്ക ക്രിസ്മസ്സ് ആചാരങ്ങളും “ശുദ്ധമായ ക്രിസ്തീയ ആചാരങ്ങളല്ല, പിന്നെയോ സഭ ഉൾക്കൊള്ളുകയോ പൊറുക്കുകയോ ചെയ്ത പ്രാകൃത സമ്പ്രദായങ്ങളാണ്” എന്ന് എൻസൈക്ലോപ്പീഡിയ ഓഫ് റിലിജിയൻ ആൻറ് എത്തിക്ക്സ് സമ്മതിക്കുന്നു. ഈ ആചാരങ്ങൾക്ക് ഒരു ക്രിസ്തീയ ബാഹ്യഭാവം നൽകിക്കൊണ്ട് അവയിൽ പങ്കെടുത്തവരെ ക്രിസ്ത്യാനികളാക്കിത്തീർക്കാൻ കഴിയുമെന്ന് പ്രത്യക്ഷത്തിൽ തോന്നി.
എന്നിരുന്നാലും പുറജാതീയ മതത്തെ ക്രിസ്തീയമാക്കുന്നതിനു പകരം ഈ ആചാരങ്ങൾ ക്രിസ്ത്യാനിത്വത്തെ പുറജാതീയമാക്കുകയാണുണ്ടായത്. ആയിരത്തിയറുനൂറുകളിൽ ഇംഗ്ലണ്ടിലും ചില അമേരിക്കൻ കോളനികളിലും ഈ വിശേഷദിവസത്തെ നിയമവിരുദ്ധമാക്കത്തക്കവണ്ണം അതിന്റെ പുറജാതീയ സ്വഭാവം സംബന്ധിച്ചു പ്യൂരിററൻമാർ വളരെ അസ്വസ്ഥരായിത്തീർന്നു. ക്രിസ്മസ്സ് ആഘോഷിക്കുകയോ ക്രിസ്മസ്സ് നാളിൽ ജോലി ചെയ്യാതെ വെറുതെ വീട്ടിൽ ഇരിക്കുകയോ ചെയ്താൽ പിഴ നിർബന്ധമായിരുന്നു. ന്യൂ ഇംഗ്ലണ്ടിൽ (യൂ. എസ്) 1856 വരെ ക്രിസ്മസ്സ് നിയമാനുസൃതമാക്കപ്പെട്ടിരുന്നില്ല.
കഴിഞ്ഞകാലത്തു സഭയോ പുറജാതികളോ പ്യൂരിററൻമാരോ ക്രിസ്മസ്സിനെ എങ്ങനെ വീക്ഷിച്ചിരുന്നു എന്നതിനേക്കാൾ കൂടുതൽ പ്രാധാന്യമുള്ളതായി അതു സംബന്ധിച്ച ഒരു ഘടകം ഉണ്ട്. സത്യക്രിസ്ത്യാനികൾക്ക് പ്രഥമ താത്പര്യമുള്ള ഒന്നു പിൻവരുന്നതാണ്.
യേശുക്രിസ്തു ക്രിസ്മസ്സിനെ എങ്ങനെ വീക്ഷിക്കുന്നു?
ഒരു ആഘോഷം നിങ്ങളുടെ ബഹുമാനാർത്ഥം നടത്തപ്പെടേണ്ടതായിരുന്നുവെങ്കിൽ അതിന്റെ സ്വഭാവം സംബന്ധിച്ച നിങ്ങളുടെ അംഗീകാരം പ്രാധാന്യമുള്ളതായിരിക്കുമായിരുന്നില്ലേ? അതുകൊണ്ട്, നാം ഇങ്ങനെ ചോദിക്കുന്നത് ഉചിതമാണ്: പുറജാതീയ മതവിശ്വാസത്തിൽകുതിർന്ന പാരമ്പര്യങ്ങളെ യേശു എങ്ങനെ വീക്ഷിക്കുന്നുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നുവോ?
പുതുവിശ്വാസികളെ നേടാനായി ശുദ്ധാരാധനയിൽ വിട്ടുവീഴ്ച്ചചെയ്ത മതനേതാക്കൻമാരെ യേശു കുററംവിധിച്ചു. അവൻ അങ്ങനെയുള്ള നേതാക്കൻമാരോട് ഇപ്രകാരം പറഞ്ഞു: “ഒരു പുതുവിശ്വാസിയെ നേടാൻവേണ്ടി കരയിലും കടലിലും നിങ്ങൾ (യാത്ര ചെയ്യുന്നു), അതിനുശേഷം അവനെ നിങ്ങളുടെതന്നെ ഇരട്ടി നാശയോഗ്യനാക്കുന്നു.”—മത്തായി 23:15, ഫിലിപ്സ്.
മതപരിവർത്തനം ക്രിസ്തീയ പുറജാതീയ വിശ്വാസങ്ങളെ കൂട്ടിക്കലർത്തി നേടേണ്ട ഒന്നായിരുന്നില്ല. യേശുവിന്റെ ഒരു അപ്പോസ്തലനായ പൗലോസ് കൊരിന്തിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “നിങ്ങൾക്ക് യഹോവയുടെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിക്കാൻ കഴിയുന്നതല്ല.” (1 കൊരിന്ത്യർ 10:21, NW) തന്റെ അടുത്ത ലേഖനത്തിൽ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അവിശ്വാസികളുമായി കൂട്ടുചേരുകയും അവരോടുകൂടെ വേല ചെയ്യാൻ ശ്രമിക്കുകയും അരുത്. . . ക്രിസ്തുവിനും പിശാചിനും ഇടയിൽ എങ്ങനെ യോജിപ്പ് ഉണ്ടായിരിക്കാൻ കഴിയും?”—2 കൊരിന്ത്യർ 6:14, 15, ഫിലിപ്സ്.
ശ്രദ്ധയുള്ള ഒരു മാതാവു തന്റെ കുട്ടി ഓടയിൽനിന്നു മിഠായി എടുക്കുന്നതു കണ്ടാൽ അവൻ അത് ഉടനെ എറിഞ്ഞുകളയാൻ അവർ നിർബന്ധം പിടിക്കും. അവൻ അതു തിന്നുന്നതിനെ—തൊടുന്നതിനെ—ക്കുറിച്ചുപോലുമുള്ള ചിന്തതന്നെ അവളെ വെറുപ്പിക്കുന്നു. ക്രിസ്മസ്സ് അനേകർക്ക് ആകർഷകമാണെങ്കിലും അത് അഹിതകരമായ സ്ഥലങ്ങളിൽ നിന്ന് എടുത്തിട്ടുള്ളതാണ്. “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു” എന്നു തന്റെ നാളിലെ സത്യാരാധകരെ ശക്തമായി ഉപദേശിച്ച യെശയ്യാവിന്റെ വികാരങ്ങളോടു യേശുവിന്റെ വികാരങ്ങൾ ഒത്തുവരുന്നു.—യെശയ്യാവ് 52:11.
അതുകൊണ്ടു സത്യക്രിസ്ത്യാനികൾ ഇന്നു ക്രിസ്മസ്സ് ആഘോഷിക്കുന്നില്ല. അവരുടെ നിലപാടു മററുള്ളവർക്കു വിചിത്രമെന്നു തോന്നിയേക്കാമെങ്കിലും അവർ പാരമ്പര്യങ്ങളെ യേശു വീക്ഷിച്ചതുപോലെ വീക്ഷിക്കുന്നു. “നിന്റെ ശിഷ്യൻമാർ പൂർവ്വികരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്തു” എന്നു ചോദിച്ചപ്പോൾ അവൻ ഇങ്ങനെ മറുപടി നൽകി: “നിങ്ങളുടെ സമ്പ്രദായം കൊണ്ട് നിങ്ങൾ ദൈവകൽപന ലംഘിക്കുന്നത് എന്തു?” അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവകൽപന ദുർബ്ബലമാക്കിയിരിക്കുന്നു.”—മത്തായി 15:2, 3, 6.
മനുഷ്യരുടെ പുറജാതീയ പാരമ്പര്യങ്ങളാൽ മലിനമാകാത്ത “ശുദ്ധവും അകളങ്കിതവുമായ ആരാധനാരീതി” ആചരിക്കുന്നതിൽ ഇന്ന് സത്യക്രിസ്ത്യാനികൾ യേശുവിനോട് ഐക്യം പ്രകടമാക്കുന്നു.—യാക്കോബ് 1:27, NW. (g91 12⁄8)
[13-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങളുടെ പാരമ്പര്യംകൊണ്ടു നിങ്ങൾ ദൈവകല്പനയെ അതിലംഘിക്കുന്നത് എന്ത്?”—മത്തായി 15:3, NW