ഈ കണ്ണുനീരെല്ലാം എന്തുകൊണ്ട്?
ഒടുവിൽ എന്നാണു നിങ്ങൾ നന്നായിയൊന്നു കണ്ണീരൊഴുക്കി കരഞ്ഞത്? അതു സന്തോഷംകൊണ്ട് അല്ലെങ്കിൽ സങ്കടംകൊണ്ടായിരുന്നോ? വ്യക്തിപരമായ ഒരു വിജയത്തിന്റെ അല്ലെങ്കിൽ തകർക്കുന്ന ഒരു പരാജയത്തിന്റെ പേരിലായിരുന്നോ? ആശ്വാസത്തിൽനിന്ന് അല്ലെങ്കിൽ ഇച്ഛാഭംഗത്തിൽനിന്ന് ആയിരുന്നോ? ഒരു ശിശുവിന്റെ പിറവി അല്ലെങ്കിൽ ഒരു ഇണയുടെ മരണം, പ്രിയപ്പെട്ട ഒരോർമ്മ അല്ലെങ്കിൽ നോവിക്കുന്ന ഒരു സ്മരണ, ഒരു പ്രിയപ്പെട്ടകൂട്ടുകാരനെ സ്വാഗതം ചെയ്യുന്നത് അല്ലെങ്കിൽ ഒരുവനോടു വിടപറയുന്നത് ആയിരുന്നോ? വിപരീത ഭാവങ്ങൾ, വ്യത്യസ്ത അനുഭവങ്ങൾ, എങ്കിലും മിക്കപ്പോഴും പ്രകടിപ്പിക്കുന്നത് ഒരേ വിധത്തിൽ തന്നെ—കണ്ണുനീരോടെ.
തീക്ഷ്ണമായ വികാരത്തോടു പ്രതികരിക്കുമ്പോൾ, എന്തുകൊണ്ടാണു നാം കരയുന്നത്? അത് എന്തെങ്കിലും നേട്ടം കൈവരുത്തുന്നുണ്ടോ? അല്ലെങ്കിൽ കണ്ണുനീരൊഴിവാക്കാൻ നമുക്കു സാധിക്കുമോ?
എന്തുകൊണ്ടാണു നാം കരയുന്നത്?
ആർക്കും അത്ര ഉറപ്പില്ല. മനുഷ്യരും മൃഗങ്ങളും രണ്ടു തരത്തിലുള്ള കണ്ണുനീർ ഉത്പാദിപ്പിക്കുന്നു. അടിസ്ഥാന, അല്ലെങ്കിൽ അനുസ്യൂതമായ കണ്ണുനീർ കണ്ണിനെ നനയ്ക്കുന്നു. പ്രതിപ്രവർത്തക കണ്ണുനീർ, ഏതെങ്കിലും അന്യവസ്തു കണ്ണിൽ കടന്നു കരുകരുപ്പുണ്ടാക്കുമ്പോൾ പെട്ടെന്നു പ്രവർത്തനനിരതമാകുന്നു. എന്നാൽ വൈകാരികമായ കണ്ണുനീർ പൊഴിക്കൽ, കരച്ചിൽ, ആണ് പ്രത്യേകാൽ മനുഷ്യസഹജവും മനസ്സിലാക്കപ്പെടാത്തതുമായിരിക്കുന്നത് എന്നുതോന്നുന്നു.
ഏറെയും വൃക്കകളും, വൻകുടലും, ശ്വാസകോശവും, രോമകൂപങ്ങളും ചെയ്യുന്നതുപോലെ, വൈകാരികമായ കരച്ചിൽ ഹാനികരവും ആവശ്യത്തിലധികമുള്ളതുമായ പദാർത്ഥങ്ങളിൽനിന്നു ശരീരത്തെ യഥാർത്ഥത്തിൽ മോചിപ്പിക്കുന്നുവെന്നു ഗവേഷകനായ വില്യം ഫ്രൈ അഭിപ്രായപ്പെടുന്നു. അദ്ദേഹം, കരച്ചിൽ—കണ്ണുനീരിന്റെ രഹസ്യം (Crying— The Mystery of Tears) എന്ന തന്റെ പുസ്തകത്തിൽ, ഒരു പ്രകോപനവസ്തു (ഒരു ഉള്ളി) മൂലം ഉണ്ടാകുന്ന കണ്ണുനീരും വികാരത്താലുണ്ടാകുന്ന (സങ്കടകരമായ ചലച്ചിത്രങ്ങൾ കാണുന്നതിൽനിന്ന്) കണ്ണുനീരും തമ്മിൽ നടത്തിയ താരതമ്യപഠനത്തേപ്പററി വിവരിക്കുന്നു. വൈകാരിക കണ്ണുനീരിൽ മാംസ്യം കൂടിയ അളവിൽ അടങ്ങിയിരുന്നു—ഏതാണ്ട് 24 ശതമാനം അധികം. കാരണം ഇനിയും വ്യക്തമല്ലെങ്കിലും, ശരീരം പ്രകോപനത്തോടുള്ള പ്രതികരണംകൊണ്ട് ഉണ്ടാകുന്നതിൽനിന്നു വ്യത്യസ്തമായ ഒരു തരം കണ്ണുനീർ വികാരത്തോടുള്ള പ്രതികരണമായി ഉത്പാദിപ്പിക്കുന്നുവെന്നു തോന്നുന്നു.
“ഞാൻ ഒരു സ്ത്രീയെപ്പോലെ കരയുന്നു. എന്റെ കണ്ണ്, എന്റെ കണ്ണുതന്നെ നീരൊഴുക്കുന്നു,” എന്നു പ്രവാചകനായ യിരെമ്യാവ് എഴുതി. (വിലാപങ്ങൾ 1:16, NW) വാസ്തവത്തിൽ സ്ത്രീകൾ പുരുഷൻമാരേക്കാൾ കൂടുതൽ കരയുന്നുണ്ടോ? സ്ഥിതിവിവരക്കണക്കനുസരിച്ച് അങ്ങനെയാണ്—ഏതാണ്ടു നാലിരട്ടി പ്രാവശ്യം (ഒരുമാസം പുരുഷൻമാരുടെ 1.4 പ്രാവശ്യത്തിന് എതിരെ 5.3 പ്രാവശ്യം). ഫ്രൈ പറയുന്നതനുസരിച്ച്, ശൈശവത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഏതാണ്ട് ഒരേ അളവിൽ കരയുന്നുവെങ്കിലും, കുട്ടി വൈകാരിക കണ്ണുനീർ പൊഴിക്കാൻ തുടങ്ങുന്നതു ജനനത്തിനുശേഷം ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞായിരിക്കാം. എന്നിരുന്നാലും, കൗമാരവർഷങ്ങളിൽ വ്യത്യാസം പ്രകടമാകാൻ തുടങ്ങുന്നു. ഇതു സാമുദായികസ്വാധീനംകൊണ്ടായിരിക്കാം. എങ്കിലും കൗമാരപ്രായംവരെ രണ്ടു വർഗ്ഗത്തിലുംപെട്ട കുട്ടികളിലും ക്ഷീരോൽപ്പാദനോത്തേജക ഹോർമോണായ പ്രൊലാക്ററിൻ തുല്യമായി അടങ്ങിയിരിക്കുന്നു. സ്ത്രീകളിൽ, 13-നും 16-നും ഇടയ്ക്ക് ഏതെങ്കിലും പ്രായത്തിൽ ഇതിന്റെ അളവുയരുന്നു.
കണ്ണുനീരിൽ പ്രൊലാക്ററിൻ കാണപ്പെടുന്നു. സമ്മർദ്ദമുള്ളപ്പോഴും അതു ശരീരത്തിൽ കുമിഞ്ഞുകൂടുന്നു. അതുകൊണ്ട്, സമ്മർദ്ദമുണ്ടാകുമ്പോൾ സ്ത്രീകൾ പുരുഷൻമാരേക്കാൾ കൂടിയ അളവിൽ ഹോർമോണിന് അധീനപ്പെട്ടുപോകും. പുരുഷൻമാരേക്കാൾ എളുപ്പത്തിലും കൂടെക്കൂടെയും സ്ത്രീകൾ കരയുന്നത് ഇതുകൊണ്ടായിരിക്കുമോ? രാസസന്തുലനം വീണ്ടെടുക്കാനുള്ള ശരീരത്തിന്റെ പരിശ്രമമാണു വൈകാരിക കരച്ചിൽ എന്നു ഡോക്ടർ ഫ്രൈ വിശ്വസിക്കുന്നു. ഹോർമോണുകൾ കരച്ചിലിനെ യഥാർത്ഥത്തിൽ ഉത്തേജിപ്പിച്ചേക്കാം. അതുകൊണ്ടാണു മിക്കപ്പോഴും കരച്ചിലിനുശേഷം കൂടുതൽ സുഖം നമുക്കു തോന്നുന്നതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു.
മനോരോഗചികിത്സകയായ മാർഗരററ് ക്രേയ്പ്പോ നടത്തിയ വേറൊരു പഠനം, കരച്ചിൽ പിടിച്ചുനിർത്തുന്നതും “വ്രണങ്ങളും വൻകുടൽപഴുപ്പുംപോലെയുള്ള സമ്മർദ്ദസംബന്ധമായ ആന്തരിക രോഗങ്ങളുടെ സാരമായി ഉയർന്ന നിരക്കും” തമ്മിൽ ഒരു ബന്ധമുണ്ടെന്നു കണ്ടെത്തി. (സെവൻറീൻ, മേയ് 1990) മററു ഗവേഷകർ ഇതിനെതിരായ തെളിവു കണ്ടെത്തി. ഡോക്ടർമാരായ സൂസൻ ലബൊട്ടും റാൻഡൽ മാർട്ടിനും കൂടെക്കൂടെ കരയുന്നവരെയും വല്ലപ്പോഴും കരയുന്നവരെയും പരിശോധിച്ചതായി ഹെൽത്ത് മാസിക റിപ്പോർട്ടുചെയ്യുന്നു. കണ്ണീരൊലിപ്പിച്ചതുകൊണ്ടു സമ്മർദ്ദം കുറഞ്ഞില്ലെന്നും, കൂടെക്കൂടെ കരയുന്നവർ “ഉത്ക്കണ്ഠക്കും വിഷാദത്തിനും കൂടുതൽ ചായ്വുള്ളവരായിരുന്നുവെന്നും” അവരുടെ കണ്ടുപിടുത്തങ്ങൾ പ്രകടമാക്കി. കരച്ചിൽ, “പ്രശ്നത്തിൽനിന്നു നമ്മെ വ്യതിചലിപ്പിക്കുകമാത്രം” ചെയ്യുമ്പോൾ അതുപകാരപ്രദമല്ല എന്നാണ് അവരുടെ നിഗമനം. എന്നിരുന്നാലും, കരയുന്നത്, ആഘാതമേൽപ്പിക്കുന്ന ഒരനുഭവത്തെ, ഉദാഹരണത്തിന്, പ്രിയപ്പെട്ട ഒരാളുടെ മരണത്തെ സഹിക്കുന്നതിന്റെ പ്രധാന ഭാഗമായിരിക്കാൻ കഴിയും.
വൈകാരിക കണ്ണുനീരിന്റെ കാരണവും ഉദ്ദേശ്യവും പിടികൊടുക്കാതെ നിലകൊള്ളുന്നുവെന്നു പറഞ്ഞാൽ മതിയല്ലോ.
മറെറ കണ്ണുനീർ
നിങ്ങളുടെ കണ്ണിലിപ്പോഴുള്ള, അനുസ്യൂതമായ കണ്ണുനീരിന്റെ പ്രവർത്തനത്തെപ്പററി നമുക്കു വളരെക്കൂടുതൽ അറിവുണ്ട്. അതു നിങ്ങളുടെ കണ്ണുകളെ നനക്കുന്നതിലുപരിയായി വളരെക്കൂടുതൽ ചെയ്യുന്നു. അത്ഭുതകരമായ ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുകയും പരക്കുകയും അശ്രുവാഹിനിവ്യവസ്ഥയിലൂടെ ബഹിഷ്ക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ, നമുക്ക് അതിന്റെ ഗതി നിരീക്ഷിക്കാം.
നിങ്ങളുടെ പുറത്തെ കൺകോണിന്റെ തൊട്ടുമുകളിലുള്ള കുഴിവിലാണു പ്രധാന കണ്ണുനീർഗ്രന്ഥി കാണപ്പെടുന്നത്. ഈ മൃദുഗ്രന്ഥി, മററ് 60 എണ്ണത്തോടൊപ്പം, ശ്ലേഷ്മം, ജലം, എണ്ണ എന്നിവയുടെ മൂന്നടുക്കുകളോടുകൂടിയ ഒരു സൂക്ഷ്മപടലം നിർമ്മിക്കുന്നു.
ഏററവും അകത്തെ ശ്ലേഷ്മ പാളി, തുറന്ന കൺമിഴിക്കുമീതെ കൺപോള അനായാസം നീങ്ങത്തക്കവണ്ണം വഴുവഴുപ്പുള്ളൊരു പ്രതലം സൃഷ്ടിക്കുന്നു. ഈ മൂന്നെണ്ണത്തിൽ ഏററവും കട്ടികൂടിയത് ജല പാളിയാണ്, കാചപടലത്തിന് ഒഴിച്ചുകൂടാൻപാടില്ലാത്ത ഓക്സിജനടക്കം പല പ്രധാനപ്പെട്ട ഘടകങ്ങളടങ്ങിയതുതന്നെ. അതിനോടു കണ്ണുനീരിൽ കാണുന്ന ലൈസോസൈമിന്റെയും വേറെ 11 എൻസൈമുകളുടെയും ഒരു മാത്രകൂടെ ചേർക്കുക. ലൈസോസൈം ബാക്ടീരിയയോടു പൊരുതുന്നതിൽ മികവുററതാണ്. അതു നേത്രത്തെ ശുഭ്രമായും ശുചിയായും സൂക്ഷിക്കുന്നു.
ഈ കണ്ണുനീരിന് അന്തിമമിനുക്കുപണികൾ നടത്തുന്നതു 30 മൈബോമീയൻ ഗ്രന്ഥികളാണ്. ഈ ഗ്രന്ഥികൾ, രണ്ടു കൺപോളകളുടെയും പീലികൾക്കു പിറകിലായി ഒരേ വരിയിൽ കാണപ്പെടുന്ന ആ ചെറിയ മഞ്ഞക്കുത്തുകളാണ്. ഇവ എണ്ണയുടെ പാളി സ്രവിപ്പിക്കുന്നു. ഈ പാളി നിങ്ങളുടെ കാഴ്ചക്കു മങ്ങലേൽക്കാത്ത വിധത്തിൽ വളരെ നേർത്തതായിരിക്കുമ്പോൾത്തന്നെ, കണ്ണുചിമ്മുന്നതിനിടയിൽ കണ്ണുനീർപ്പാട ബാഷ്പീഭവിക്കുന്നതിൽനിന്നും അസുഖകരമായ ഉണങ്ങിയ ഇടങ്ങൾ ഉണ്ടാകുന്നതിൽനിന്നും തടയുന്നു. വാസ്തവത്തിൽ, ചിലയാളുകൾക്കു പരിമിതമായ എണ്ണയേ ഉള്ളു. അങ്ങനെയുള്ളവരുടെ കണ്ണുനീർ സാധാരണയുള്ളതിനേക്കാൾ വളരെവേഗം വററിപ്പോകുന്നു.
ഒരു കണ്ണുചിമ്മലിൽ
അങ്ങനെ കൺപോള, ഘടകങ്ങളുടെ തികച്ചും കൃത്യമായ മിശ്രിതം വഹിച്ചുകൊണ്ടും അവയെ കൺമിഴിക്കുമീതെ മൂന്നുപാളികളിൽ സമമായി പരത്തിക്കൊണ്ടും ഇതാ പെട്ടെന്നു താഴോട്ടുവരുന്നു. കൺപോളകൾ സമ്പൂർണ്ണമായി ചേരുന്നതിനാൽ, തുറന്ന മിഴിയുടെ മുഴുപ്രതലവും കുളിർമ്മനൽകുന്ന ഈ സ്നാനത്തിൽ നനയുന്നു.
ഉപയോഗം കഴിഞ്ഞ കണ്ണുനീരിന് എന്തു സംഭവിക്കുന്നു? നിങ്ങളുടെ കണ്ണിന്റെ ഒരു സൂക്ഷ്മനിരീക്ഷണം പംക്ററം എന്നു വിളിക്കപ്പെടുന്ന, അകത്തെ കൺകോണിലുള്ള ഒരു സുഷിരം നിങ്ങൾക്കു കാണിച്ചുതരും, അത് അധികമുള്ള കണ്ണുനീരിനെ അശ്രുസഞ്ചിയിലേക്കുള്ള ഒരു ചാലിലേക്ക് ഒഴുക്കിവിടുന്നു. അവിടെനിന്നു കണ്ണുനീർ മൂക്കിന്റെയും കണ്ഠത്തിന്റെയും പിറകിലൂടെ താഴേക്കു പോകുകയും, അവിടെവച്ചു ശ്ലേഷ്മപാടകളാൽ വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നു. കണ്ണുചിമ്മൽ അശ്രുസഞ്ചിയെ ഒരു പമ്പുപോലെ പ്രവർത്തിക്കാൻ ഇടയാക്കുന്നു, അതു കണ്ണുനീരിനെ നാളിയിലേക്കും താഴേക്കും തള്ളിവിടുന്നു.
നിങ്ങൾ കരയാൻ തുടങ്ങുമ്പോൾ, അധികമുള്ള കണ്ണുനീർ നീക്കം ചെയ്യാൻ ഏറെവേഗത്തിൽ ആ പമ്പു പ്രവർത്തിപ്പിച്ചുകൊണ്ടു നിങ്ങൾ സ്വാഭാവികമായി തുരുതുരെ കണ്ണുചിമ്മിയേക്കാം. എന്നിരുന്നാലും, ഒരു കണ്ണുനീർപ്രളയം തന്നെ തുടങ്ങുമ്പോൾ, പമ്പിന് അതിഭാരമാകുകയും, നാസാരന്ധ്രത്തിലുള്ള അശ്രുസഞ്ചി കവിഞ്ഞൊഴുകുകയും, നിങ്ങളുടെ മൂക്കിലൂടെ കണ്ണുനീർ ഒലിക്കുകയും ചെയ്യുന്നു. ഇപ്പോഴേക്കും ബാക്കിയുള്ള കണ്ണുനീർ കൺപോളകൾ കവിഞ്ഞു കവിളിലൂടെ താഴേക്കൊഴുകുന്നതിനാൽ നിങ്ങൾ ഒരു തൂവാല എടുക്കുകയായിരിക്കും ഭേദം.
അങ്ങനെ, കണ്ണുനീരിനു പ്രേരിപ്പിക്കുന്നത് എന്തുതന്നെയായാലും—ഒരു ഹൃദയംഗമമായ പുകഴ്ത്തലോ വേദനിപ്പിക്കുന്ന ഒരു ദൂഷണമോ ആവേശകരമായ ചിരിയോ തുടർച്ചയായ നിരാശയോ പുളകപ്രദമായ ഒരു വിജയമോ ഉൽക്കടമായ ഇച്ഛാഭംഗമോ ആയിരുന്നാലും—നിങ്ങളുടെ വികാരങ്ങളെ വിളിച്ചറിയിക്കാൻ ഒരു കണ്ണുനീർസംഭാരം ഒരുങ്ങിയിരിക്കുന്നു. (g92 9/22)
23-ാം പേജിലെ ചതുരം]]
കണ്ണു ചുവക്കുന്നതിനു പരിഹാരം
പലപ്പോഴും നിങ്ങളുടെ കണ്ണുകളിൽ ആ നീറുന്ന, തരുതരുക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. എന്താണ് അതിന്റെ ഹേതു? വെള്ളക്കരുവിനു മീതെയുള്ള പാടയിലെ രക്തധമനികൾ വലിയുമ്പോഴാണ്, കണ്ണു ചുവക്കുന്നത്.
കണ്ണുനീരിന്റെ കുറവായിരിക്കാം കുററക്കാരൻ. നീണ്ട മണിക്കൂറുകൾ വീഡിയോ പ്രദർശന ടെർമിനലിലോ അച്ചടിച്ച പേജുകളിലോ ജോലിചെയ്യുന്നവർ വേണ്ടുവോളം കണ്ണുചിമ്മുന്നേയില്ല. സാധാരണ കണ്ണുചിമ്മൽ നിരക്ക് ഒരുമിനിട്ടിൽ ഏതാണ്ട് 15 പ്രാവശ്യമാണ്. വായിക്കുമ്പോഴോ, വണ്ടി ഓടിക്കുമ്പോഴോ, വേറേ ഏതെങ്കിലും വിധത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴോ ഈ നിരക്കു മിനിട്ടിൽ മൂന്നു മുതൽ ആറു വരെ കുറഞ്ഞേക്കാവുന്നതുകൊണ്ടു കണ്ണിൽ വരൾച്ചയും കരുകരുപ്പും ഉണ്ടാകുന്നു. കണ്ണുചിമ്മൽ ഒഴിവ് എന്നു വിളിക്കപ്പെടുന്ന അവസരത്തിനു തങ്ങളേത്തന്നെ വിട്ടുകൊടുക്കാനും തുള്ളിമരുന്നുകൾ ഉപയോഗിച്ചു കണ്ണുകളെ തണുപ്പിക്കുവാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
ഇരുട്ടിലും ഉറക്കത്തിലും കണ്ണുനീർ പ്രവർത്തനം വളരെ കുറയുന്നതിനാൽ നിങ്ങൾ ഉറക്കമുണരുമ്പോൾ അൽപ്പം ചുവപ്പുനിറം നിരീക്ഷിക്കും.
വാർദ്ധക്യമാകൽ പ്രക്രിയ പോലെതന്നെ ചില മരുന്നുകളുടെ ഉപയോഗവും കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ചേക്കാം. അലർജികൾ മൂലമോ, കാലാവസ്ഥയിലെ അമിത വ്യതിയാനങ്ങൾ മൂലമോ, മലിനവസ്തുക്കൾ മൂലമോ, കൺപോളക്കുണ്ടാകുന്ന രോഗപ്പകർച്ചയോ വീക്കമോ മൂലമോ ചുവപ്പുനിറം ഉണ്ടായേക്കാം.
ക്ഷതംകൊണ്ടോ ജൻമനായുള്ള തകരാറുകൾകൊണ്ടോ കൺപോളയോ ഗ്രന്ഥികളോ വികലമാവുകയോ അടഞ്ഞുപോവുകയോ ചെയ്താൽ, കണ്ണീർപാടയുടെ പൂർണ്ണമായ ആവരണം കണ്ണിനു കിട്ടാതായേക്കാം. അല്ലെങ്കിൽ പാട തന്നെ ഘടനയിൽ അസന്തുലിതമായിരിക്കാം.
അന്തിമമായി, കണ്ണുകളും വായും ചർമ്മവും ഉണങ്ങാൻ ഇടയാക്കിക്കൊണ്ടു കണ്ണുനീർ, ഉമിനീർ, എണ്ണ, ഗ്രന്ഥികളേയും മററുള്ളവയേയും ആക്രമിക്കുന്ന ഒരു സ്വതഃപ്രതിരക്ഷാക്രമക്കേടായ സ്ജോഗ്രെൻ സിൻഡ്രോം പോലെയുള്ള രോഗങ്ങളാൽ ദശലക്ഷങ്ങൾ കഷ്ടപ്പെടുന്നു.
കണ്ണുകളുടെ വിട്ടുമാറാത്ത നിർജ്ജലത സംബന്ധിച്ചെന്ത്? ബാഷ്പീകരണത്തെ കുറയ്ക്കുന്ന, കണ്ണിനുചുററുമുള്ള ഒരു വായുരോധക കവചമായി പ്രവർത്തിക്കുന്ന, പ്രത്യേക ഗ്ലാസ്സുകൾപോലെതന്നെ തുള്ളികളുടെയും ചെറിയ ഗുളികകളുടെയും രൂപത്തിൽ കൃത്രിമകണ്ണുനീർ ഇപ്പോൾ വ്യാപകമായി ലഭ്യമാണ്. അസുഖകരമാണെന്നിരിക്കെ, ഈ അവസ്ഥകൾ വളരെ അപൂർവമായേ അന്ധതയിലേക്കു നയിക്കുന്നുള്ളു. എന്നിരുന്നാലും ചികിത്സിക്കാതെ വിട്ടാൽ വിട്ടുമാറാത്ത നിർജ്ജലത കാചപടലത്തിന് അപകടം ചെയ്യും. അതുകൊണ്ടു വൈദ്യോപദേശം തേടുന്നതു പ്രധാനമാണ്.
[24-ാം പേജിലെ ചതുരം]
“എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ”
ദൈവത്തോട്, തന്റെ അഗാധമായ കഷ്ടതയിലേക്കു ശ്രദ്ധതിരിക്കണമേയെന്ന് അപേക്ഷിച്ചുകൊണ്ടു സങ്കീർത്തനക്കാരനായ ദാവീദ് അപ്രകാരം എഴുതി. (സങ്കീർത്തനം 56:8) അതെ, ഹൃദയഭേദകമായ സാഹചര്യങ്ങൾ ദൈവത്തിന്റെ വിശ്വസ്തരായ ദാസൻമാരുടെ ജീവിതത്തിൽപോലും കരച്ചിലിനു കാരണമാക്കിയിട്ടുണ്ട്.
തന്റെ പുത്രൻമാരായ അമ്നോന്റെയും അബ്ശാലോമിന്റെയും വിശ്വസ്ത സുഹൃത്തായ യോനാഥാന്റെയും അതുപോലെതന്നെ ശൗൽ രാജാവിന്റെയും മരണത്തിൽ ദാവീദ് രാജാവിന്റെ കഠിനമായ ദുഃഖാശ്രുവിനെക്കുറിച്ചു സങ്കൽപ്പിക്കുക. (2 ശമൂവേൽ 1:11, 12; 13:29, 36; 18:33) അമാലേക്യർ സിക്ലാഗ്പട്ടണം കൊള്ളയടിക്കുകയും ദാവീദിന്റെയും അവന്റെ ബലവാൻമാരായ പുരുഷൻമാരുടെയും ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തപ്പോൾ “അവർ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.”—1ശമൂവേൽ 30:4.
യാക്കോബും മോശയും മരിച്ചപ്പോൾ ജനം മുഴുവൻ ദിവസങ്ങളോളം കരഞ്ഞപ്പോൾ അവരുടെ ദുഃഖം വലുതായിരുന്നിരിക്കും. (ഉല്പത്തി 50:3; ആവർത്തനം 34:8) അടിമത്തവും പീഡനവും കഷ്ടപ്പാടിന്റെ കരച്ചിൽ യഹോവയുടെ കാതുകളിൽ എത്തിച്ചിട്ടുണ്ട്. (ഇയ്യോബ് 3:24; സങ്കീർത്തനം 137:1; സഭാപ്രസംഗി 4:1) ബൈബിൾപുസ്തകമായ വിലാപങ്ങൾ മുഴുവനും കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന യിരെമ്യാവിനാൽ എഴുതപ്പെട്ട ശോകാകുലമായ ഒരു ഗീതമാണ്.—വിലാപങ്ങൾ 1:16; 2:11, 18; 1:1 കാണുക, അടിക്കുറിപ്പും.
ബലഹീനതയുടെ ഒരു അടയാളമായിരിക്കുന്നതിനുപകരം കരച്ചിൽ ശക്തമായ വികാരങ്ങളുടെ ഒരു നൈസർഗ്ഗിക പ്രകടനമാണ്. അതിനാൽ, പൂർണ്ണമനുഷ്യനായിരുന്ന യേശുപോലും വികാരാധീനനായി. ഒരിക്കൽ അവൻ യരുശലേം നഗരത്തെക്കുറിച്ചും മറെറാരിക്കൽ മരണത്തിൽ നഷ്ടപ്പെട്ട ലാസറിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടിട്ടും കരഞ്ഞു. (ലൂക്കൊസ് 19:41; യോഹന്നാൻ 11:33-35) എന്നിരുന്നാലും, യേശു തന്റെ ഉററമിത്രത്തെ കല്ലറയിൽനിന്നു വിളിച്ചപ്പോൾ കുടുംബത്തിന്റെയും മിത്രങ്ങളുടെയും ആ ദുഃഖത്തിന്റെ അശ്രുക്കൾ പെട്ടെന്നുതന്നെ സന്തോഷാശ്രുക്കളായിമാറി.—യോഹന്നാൻ 11:41-44.