ചേരിപ്രദേശങ്ങൾ—നഗരവനത്തിലെ പ്രയാസകാലങ്ങൾ
ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
പശ്ചിമാഫ്രിക്കയിലെ ഒരു നഗര തെരുവിലൂടെ ചേരിപ്രദേശത്തെ കുട്ടി നഗ്നപാദയായി നടന്നുനീങ്ങുന്നു. അവൾ പരന്ന, വൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ രണ്ടു ഡസൻ ഓറഞ്ചു ചുമന്നുകൊണ്ടുപോകുകയാണ്. അവളുടെ മെല്ലിച്ച ശരീരത്തിൽ ആരോ കൊടുത്ത ഒരു മഞ്ഞ വസ്ത്രമാണു വലിച്ചുവാരിയിട്ടിരിക്കുന്നത്. അവൾ വിയർത്തൊലിച്ചുകൊണ്ടിരിക്കുന്നു.
ദരിദ്രകുടുംബങ്ങളിൽനിന്നുള്ള മററു ചെറുപ്പക്കാരോടു മൽസരിച്ചുകൊണ്ട് അവൾ തെരുവിൽ വിൽപ്പന നടത്തുകയാണ്. “ഓറഞ്ച്, ഓറഞ്ച്!” എന്നതാണ് സാധാരണ വിളിച്ചുപറച്ചിൽ. എന്നാൽ ഈ കുട്ടി നിശ്ശബ്ദയാണ്, ഒരുപക്ഷേ, അവൾക്കു വിശക്കുന്നുണ്ടാവും അല്ലെങ്കിൽ രോഗമായിരിക്കും അല്ലെങ്കിൽ അവൾ തീർത്തും ക്ഷീണിതയായിരിക്കും.
പളുങ്കു നിറമുള്ള സ്കൂൾയൂണിഫോം അണിഞ്ഞ രണ്ടു സ്കൂൾവിദ്യാർത്ഥിനികൾ എതിർ ദിശയിൽനിന്നു വരുന്നു. ഇരുവരും വെള്ള സോക്സും വെള്ള ചെരിപ്പും ധരിച്ചിരിക്കുന്നു. പുസ്തകങ്ങൾ കുത്തിനിറച്ച ഓരോ പുസ്തകസഞ്ചി ഇരുവർക്കുമുണ്ട്. അവർ സന്തോഷത്തോടെ വർത്തമാനം പറഞ്ഞുകൊണ്ടു ചുറുചുറുക്കോടെ നടക്കുന്നു. അവർ ആ പെൺകുട്ടിയെ ശ്രദ്ധിക്കുന്നില്ല, എന്നാൽ അവൾ അവരെ ശ്രദ്ധിക്കുന്നു. അവൾ നിർവ്വികാരദൃഷ്ടികളോടെ അവരെ വീക്ഷിക്കുന്നു.
സ്കൂൾവിദ്യാർത്ഥിനികൾ അവസാനം സുഖപ്രദവും സുരക്ഷിതവുമായ അവരുടെ വീടുകളിൽ എത്തുന്നു. എന്നാൽ വൈകുന്നേരം ഈ കുട്ടി വീട്ടിലേക്കു പോകുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കായിരിക്കും അവൾ പോകുന്നത്. അവളുടെ വീടു ചേരിപ്രദേശത്തു തടിക്കഷണങ്ങൾക്കൊണ്ടും തകരംകൊണ്ടും ഉണ്ടാക്കിയതാണ്.
ചേരിപ്രദേശം
ഇവിടെയുള്ള പ്രധാന വീഥി ഒരു മൺപാതയാണ്. മഴക്കാലത്ത് അതു ചെളിയായിത്തീരുന്നു. അത് ഒരു കാറിനു കടന്നുപോകാൻ കഴിയാത്തവിധം ഇടുങ്ങിയതാണ്. ആ വഴിയോരത്തിൽ നിങ്ങൾ ഒരു പോലീസ് സ്റേറഷനോ ഒരു അഗ്നിശമന വിഭാഗമോ ആരോഗ്യകേന്ദ്രമോ ഒരു മരമോ കാണുകയില്ല. മുകളിൽ വൈദ്യുതകമ്പികൾ അല്ലെങ്കിൽ ടെലഫോൺ കമ്പികൾ ഇല്ല. താഴെ മാലിന്യവാഹക കുഴലുകളോ ജല കുഴലുകളോ ഇല്ല.
ജനങ്ങൾ നിറഞ്ഞുകവിയുകയാണ്. അന്തരീക്ഷം ശബ്ദകോലാഹലത്താൽ മുഖരിതമാണ്. സംഭാഷണങ്ങൾക്കിടയിൽ ചിരിയും വാക്കുതർക്കവും കരച്ചിലും, പാട്ടുമുണ്ട്. ശുഭ്രവസ്ത്രധാരികളായ പുരുഷൻമാർ നീണ്ട ബഞ്ചുകളിൽ സംഭാഷണത്തിൽലേർപ്പെട്ടിരിക്കുന്നു. സ്ത്രീകൾ വിറകുതീയുടെ മുകളിലെ നീരാവിപറക്കുന്ന കലങ്ങളിൽ കഞ്ഞി ഇളക്കുന്നു. കുട്ടികൾ എല്ലായിടത്തും കളിക്കുകയും ഉറങ്ങുകയും ജോലിചെയ്യുകയും സംസാരിക്കുകയും വിൽക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മിക്കവരും ഓറഞ്ചുവില്പനക്കാരിയായ കുട്ടിയെപ്പോലെ, ഒരിക്കലും ഒരു മൃഗശാല സന്ദർശിക്കുകയോ ഒരു സൈക്കിൾ ഓടിക്കുകയോ ഒരു സ്കൂൾ കാണുകയോ ഇല്ല.
ജനനത്തിങ്കൽ ആയുർദൈർഘ്യപ്രതീക്ഷ ശരാശരി 42 വർഷം മാത്രമായിരിക്കുന്ന ഒരു രാജ്യത്ത് ഈ പ്രദേശത്തെ ആളുകൾ അതിലും ചെറുപ്പത്തിലേ മരിക്കുന്നു. ഒൻപതാം വയസ്സിൽ കുട്ടി ആദ്യത്തെ നാലു ജീവിതവർഷങ്ങളിൽ അതിജീവനത്തിനെതിരെയുള്ള ലോകത്തിലെ ചില അതികഠിനമായ പ്രതിസന്ധികളെ തരണം ചെയ്തിരിക്കുകയാണ്. ആ സമയത്ത്, അവൾക്ക് ഒരു വികസിത രാജ്യത്തു ജനിച്ചാലുള്ളതിന്റെ 40 മുതൽ 50 വരെ ഇരട്ടി മരണസാധ്യത ഉണ്ടായിരുന്നു. ഇവിടെ അവളുടെ സമകാലികരിൽ പലരും അഞ്ചാം വയസ്സുവരെ ജീവിച്ചില്ല. അവൾ കൂടുതൽ കാലം ജീവിക്കുന്നുവെങ്കിൽ, യൂറോപ്പിലെ അല്ലെങ്കിൽ വടക്കെ അമേരിക്കയിലെ ഒരു സ്ത്രീയേക്കാൾ അവൾ ഗർഭകാലത്തോ പ്രസവസമയത്തോ മരിക്കാൻ കൂടുതൽ സാധ്യതയുണ്ടായിരിക്കും—150 ഇരട്ടി സാധ്യത തന്നെ.
സത്വരം വികസിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ചാളകളിലും ചേരികളിലുമായി കോടിക്കണക്കിന് ആളുകൾ ജീവിക്കുന്നു. ഐക്യരാഷ്ട്രങ്ങളുടെ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, 130 കോടി ജനങ്ങൾ വികസ്വരരാജ്യങ്ങളിലെ നഗരങ്ങളിൽ തിങ്ങിഞെരുങ്ങി കഴിയുന്നു. ഓരോ വർഷവും 5 കോടി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു.
വികസ്വരരാജ്യങ്ങളിലെ ജീവിതം
നിങ്ങളുടെ വീടിന് ഒരളവിലുള്ള സ്വകാര്യത ഉണ്ടോ, പൈപ്പുവെള്ളം ഉണ്ടോ, ഒരു കക്കൂസ് ഉണ്ടോ? നിങ്ങളുടെ ചപ്പുചവറുകൾ ശേഖരിക്കുവാൻ ആരെങ്കിലുമുണ്ടോ? വികസ്വരരാജ്യങ്ങളിലെ കോടിക്കണക്കിനാളുകൾ ഇത്തരം കാര്യങ്ങൾ ആസ്വദിക്കുന്നില്ല.
മിക്ക നഗരങ്ങളിലും ദരിദ്രപ്രദേശങ്ങൾ ആളുകൾ വളരെ തിങ്ങിപ്പാർക്കുന്നടമായതിനാൽ ഒരു പത്തംഗകുടുംബം ഒററയൊരു മുറിയിൽ പാർക്കുന്നതു സാധാരണമാണ്. സാധാരണയായി, ആളുകൾക്ക് ഒരു ചതുരശ്രമീറററിൽ കുറഞ്ഞ താമസസ്ഥലമേ ലഭിക്കുന്നുള്ളു. പൗരസ്ത്യദേശത്തെ ഒരു നഗരത്തിന്റെ ചില ഭാഗങ്ങളിൽ ചെറിയ മുറികൾപോലും പലർക്കു പാർക്കാൻവേണ്ടി വിഭജിച്ചിരിക്കുന്നു, സ്വകാര്യതക്കും കള്ളൻമാരിൽനിന്നുള്ള സംരക്ഷണത്തിനുംവേണ്ടി കമ്പിവലയിട്ട കിടക്കകൾ സഹിതംതന്നെ. മറെറാരു ദേശത്ത്, ഒരു “ചൂടുമെത്ത” സമ്പ്രദായം ആളുകൾക്കു മെത്ത, മണിക്കൂർ വ്യവസ്ഥയിൽ വാടകക്ക് എടുത്ത് ഒരു ദിവസത്തിൽ രണ്ടോ മൂന്നോ ആളുകൾക്കു മാറി മാറി ഉറങ്ങുക സാധ്യമാക്കുന്നു.
യുനിസെഫിന്റെ (കുട്ടികൾക്കായുള്ള ഐക്യരാഷ്ട്ര ഫണ്ട്) 1991-ലെ വാർഷിക റിപ്പോർട്ടനുസരിച്ചു ലോകവ്യാപകമായി 120 കോടി ജനങ്ങൾക്കു സുരക്ഷിതമല്ലാത്ത ജലലഭ്യതയാണുള്ളത്. ലക്ഷക്കണക്കിനാളുകൾ വെള്ളം വില്പനക്കാരിൽ നിന്നു വിലക്കുവാങ്ങിക്കയോ അരുവികളിൽനിന്നോ തുറസ്സായ മററു ജലാശയങ്ങളിൽനിന്നോ ശേഖരിക്കുകയോ ചെയ്യുന്നു. പൈപ്പുവെള്ളം ലഭ്യമായിരിക്കുന്നടത്ത് ചിലപ്പോൾ ആയിരത്തിലേറെ ആളുകൾ ഒരു ടാപ്പ് ഉപയോഗിക്കാൻ മല്ലടിക്കുന്നു.
നൂററിയെഴുപതുകോടി ജനങ്ങൾക്കു മനുഷ്യവിസർജ്ജ്യങ്ങൾ നീക്കംചെയ്യുന്നതിന് ആരോഗ്യരക്ഷാസംവിധാനങ്ങൾ ഇല്ല എന്നും യുനിസെഫ് കണക്കാക്കുന്നു. എൺപത്തിയഞ്ചു ശതമാനം ചേരിപ്രദേശ നിവാസികൾക്കു കക്കൂസ് സൗകര്യങ്ങൾ ഇല്ലാത്തത് അസാധാരണമല്ല. ഒരു ദശലക്ഷത്തിൽകൂടുതൽ ജനസംഖ്യയുള്ളവ ഉൾപ്പെടെ, ആഫ്രിക്കയിലെയും ഏഷ്യയിലെയും മിക്ക നഗരങ്ങളിലും ഒരു തരത്തിലുമുള്ള അഴുക്കുചാൽ പദ്ധതി ഇല്ല. മനുഷ്യ വിസർജ്ജ്യങ്ങൾ അരുവികളിലേക്കും നദികളിലേക്കും ചാലുകളിലേക്കും കനാലുകളിലേക്കും ഓടകളിലേക്കും പോകുന്നു.
ചപ്പുചവറുകൾ മറെറാരു പ്രശ്നമാണ്. വികസ്വരരാഷ്ട്രങ്ങളിലെ നഗരങ്ങളിൽ 30മുതൽ 50 വരെ ശതമാനം ചപ്പുചവറുകൾ ശേഖരിക്കപ്പെടുന്നില്ല. ഏറെയും അവഗണിക്കപ്പെടുന്നതു ദരിദ്രപ്രദേശങ്ങളാണ്. ചപ്പുചവറുകൾ ശേഖരിക്കുന്നവരാൽ അല്ലെങ്കിൽ പുനർചാക്രിക തൊഴിൽക്കാരാൽ ആദായകരമായി വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതരം ഉച്ഛിഷ്ടങ്ങൾ അവർ കുറച്ചേ എറിഞ്ഞുകളയുന്നുള്ളു എന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം, അനേക ദരിദ്ര നിവാസകേന്ദ്രങ്ങളും നിയമാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്നതായി അംഗീകരിക്കപ്പെടാത്തതിനാൽ സർക്കാർ അവയ്ക്കു പൊതുസേവനങ്ങൾ നിഷേധിക്കുന്നു. മൂന്നാമത്തെ പ്രശ്നം, അനേകം ദരിദ്ര പ്രദേശങ്ങളുടെ സ്ഥാനവും തിങ്ങിയ പ്രകൃതിയും നിമിത്തം അത്തരം സേവനങ്ങൾ വിഷമകരവും ചെലവേറിയതുമാണെന്നുള്ളതുമാണ്.
ചപ്പുചവറുകൾക്ക് എന്തു സംഭവിക്കുന്നു? അവ തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും നദികളിലും തടാകങ്ങളിലും കിടന്ന് അഴുകുന്നതിനു വലിച്ചെറിയപ്പെടുന്നു.
ആരോഗ്യ സംബന്ധമായ വിപൽസാദ്ധ്യതകൾ
നഗരദരിദ്രരുടെ ദുരവസ്ഥ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. എന്നിരുന്നാലും, മൂന്നു ഘടകങ്ങൾ ഏറെക്കുറെ സമസ്തവ്യാപകമാണ്. ഒന്ന്, അവരുടെ വീടുകൾ തികച്ചും അസൗകര്യപ്രദം ആണെന്നതുമാത്രമല്ല അപകടകരം കൂടെയാണ്. “മൂന്നാംലോകത്തിലെ നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന കുറഞ്ഞപക്ഷം അറുപതുകോടി ജനങ്ങൾ ജീവിതത്തിനും ആരോഗ്യത്തിനും ഭീഷണിയായിത്തീർന്നേക്കാവുന്നതരം വീടുകളിലും ചുററുപാടുകളിലുമായി ജീവിക്കുന്നു” എന്നു ദരിദ്രർ ചെറുപ്പത്തിലേ മരിക്കുന്നു (The Poor Die Young) എന്ന പുസ്തകം പ്രസ്താവിക്കുന്നു.
അപര്യാപ്തമായ പാർപ്പിടങ്ങൾക്ക് ഏതുവിധത്തിൽ അനാരോഗ്യത്തെ വർദ്ധിപ്പിക്കാൻ കഴിയും? ദരിദ്ര നഗരപ്രദേശങ്ങളിലെ ഞെങ്ങിഞെരുങ്ങിയ അവസ്ഥകൾ ക്ഷയം, പകർച്ചപ്പനി, മെനിൻജൈററിസ് എന്നിവപോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് ഇടയാക്കുന്നു. അമിത തിക്കൽ വീടുകളിലെ അപകടസാദ്ധ്യതയേയും വർദ്ധിപ്പിക്കുന്നു.
ശുദ്ധജലത്തിന്റെ കുറവ് അഞ്ചാംപനി, കരൾവീക്കം, വയറിളക്കം എന്നിങ്ങനെ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളുടെ സംക്രമണത്തെ വർദ്ധിപ്പിക്കുന്നു. വികസ്വരരാജ്യങ്ങളിൽ, ശരാശരി എടുത്താൽ ഓരോ 20 സെക്കണ്ടിലും ഒരു കുട്ടിയെ വീതം കൊല്ലുന്ന അതിസാരരോഗങ്ങളിലും ഇതു കലാശിക്കുന്നു. കഴുകുന്നതിനും കുളിക്കുന്നതിനും വേണ്ടത്ര വെള്ളമില്ലാത്തത് ആളുകളെ നേത്രരോഗത്തിനും ത്വക്രോഗത്തിനും കൂടുതൽ സാധ്യതയുള്ളവരാക്കിത്തീർക്കുന്നു. ദരിദ്ര ജനങ്ങൾ വെള്ളത്തിനു കൂടിയ വില കൊടുക്കേണ്ടതുള്ളപ്പോൾ അവർക്കു ഭക്ഷണത്തിനു കുറച്ചു പണമേയുള്ളു.
ഭക്ഷണത്തിന്റെയും ജലത്തിന്റെയും മലിനീകരണം അന്നപഥ-വായ് രോഗങ്ങൾക്കും കൊക്കപ്പുഴു, ഉരുളൻവിര, നാടവിര എന്നിവപോലുള്ള കുടൽവിരകൾക്കും കാരണമാകുന്നു. നീക്കംചെയ്യാത്ത ചപ്പുചവറുകൾ എലികളെയും ഈച്ചകളെയും പാററകളെയും ആകർഷിക്കുന്നു. കെട്ടിനിൽക്കുന്ന വെള്ളം മലമ്പനിയും വാതപ്പനിയും വഹിക്കുന്ന കൊതുകൾക്കു പെററുപെരുകുന്നതിനുള്ള ഒരു സ്ഥലമാണ്.
ദാരിദ്ര്യചെളിക്കുണ്ട്
ചേരിപ്രദേശ ജീവിതത്തിന്റെ രണ്ടാമത്തെ സവിശേഷത ഇതിൽനിന്നുള്ള വിമുക്തി നിവാസികൾക്ക് അങ്ങേയററം ബുദ്ധിമുട്ടാണ് എന്നതാണ്. നഗരത്തിലെത്തുന്ന മിക്കവരും ദാരിദ്ര്യത്താൽ ഗ്രാമപ്രദേശങ്ങളിൽനിന്ന് ഓടിപ്പോന്ന കുടിയേററക്കാരാണ്. അന്തസ്സിനുചേർന്ന പാർപ്പിടം സമ്പാദിക്കാൻ നിർവ്വാഹമില്ലാത്തതിനാൽ അവർ ചാളകളിലും ചേരിപ്രദേശങ്ങളിലും അവരുടെ നഗരജീവിതം ആരംഭിക്കുകയും മിക്കപ്പോഴും അവിടെത്തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
മിക്കയാളുകളും പ്രയത്നശീലരും കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ളവരും ആണ്, എന്നാൽ അവർക്കു കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം ചെയ്യേണ്ട ജോലികൾ സ്വീകരിക്കാതെ ഗത്യന്തരമില്ല. നിർദ്ധനരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്കൂളിൽ വിടുന്നതിനുപകരം ജോലിക്കു വിടുന്നു, ഒട്ടുംതന്നെ വിദ്യാഭ്യാസമില്ലാത്ത കുട്ടികൾക്കു തങ്ങളുടെ മാതാപിതാക്കളുടെ നില മെച്ചപ്പെടുത്താമെന്നു തീരെ പ്രതീക്ഷ ഇല്ല. ചെറുപ്പക്കാർ വളരെക്കുറച്ചു പണമേ സമ്പാദിക്കുന്നുള്ളുവെങ്കിലും അവർ സമ്പാദിക്കുന്നതു മിക്കപ്പോഴും കുടുംബത്തിനു നിർണ്ണായകപ്രാധാന്യമുള്ളതാണ്. അതിനാൽ നഗരദരിദ്രരിലെ ഭൂരിപക്ഷത്തിനും അവരുടെ ഭാഗധേയം മെച്ചപ്പെടുത്തുന്നതിന് അധികം പ്രത്യാശയില്ല; അവരുടെ ലക്ഷ്യം ഓരോ ദിവസവും ജീവിച്ചുപോകുകയാണ്.
സ്നേഹിക്കപ്പെടാത്ത, ആർക്കും വേണ്ടാത്ത
ജീവിതത്തിന്റെ മറെറാരു വശം കുടിയാൺമ അനിശ്ചിതമാണെന്നതാണ്. അനേക ഗവൺമെൻറുകൾക്കും, ചേരിപ്രദേശങ്ങളും ചാളകളും ഒരു വിഷമപ്രശ്നമാണ്. ചേരിപ്രദേശങ്ങളുടെ നില മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നതിനുപകരം—അത് എല്ലായ്പ്പോഴും പ്രായോഗികമല്ല— ഗവൺമെൻറുകൾ അവിടേക്കു കൂടെക്കൂടെ ബുൾഡോസറുകൾ അയക്കുന്നു.
നഗരം രമണീയമാക്കുന്നതിനും, കുററവാളികളെ നിർമ്മൂലനം ചെയ്യുന്നതിനും അല്ലെങ്കിൽ പ്രദേശം വീണ്ടും വികസിപ്പിക്കുന്നതിനും അത്യാവശ്യമാണെന്നു പറഞ്ഞുകൊണ്ടു ചേരിപ്രദേശ ശുദ്ധീകരിക്കലിനെ ഗവൺമെൻറ് ന്യായികരിച്ചേക്കാം. കാരണം എന്തുതന്നെയായിരുന്നാലും ദരിദ്രരാണു കഷ്ടമനുഭവിക്കുന്നത്. സാധാരണയായി, അവർക്കു പോകുന്നതിന് ഒരിടവുമില്ല യാതൊരു നഷ്ടപരിഹാരവും കൊടുക്കുന്നുമില്ല. എന്നാൽ ബുൾഡോസറുകൾ എത്തുമ്പോൾ അവർ പുറത്തുപോകുകയല്ലാതെ ഗത്യന്തരമില്ല.
ഗവൺമെൻറിന്റെ പങ്ക്
ഗവൺമെൻറുകൾ എന്തുകൊണ്ടാണ് എല്ലാവർക്കും വെള്ളവും, ഓടകളും, ചപ്പുചവറു നിർമ്മാർജ്ജനസേവനങ്ങളും സഹിതം സൗകര്യങ്ങളുള്ള വേണ്ടത്ര വീടുകൾ പ്രദാനം ചെയ്യാത്തത്? കയ്യേററക്കാരൻ പൗരൻ (Sqatter Citizen) എന്ന പുസ്തകം ഉത്തരം നൽകുന്നു: “മൂന്നാംലോകരാഷ്ട്രങ്ങൾക്കു വിഭവങ്ങൾ വളരെ കുറവായതിനാലും ലോകകമ്പോളത്തിൽ സ്ഥായിയും സമ്പന്നവുമായ ഒരു പങ്കു വളർത്തിയെടുക്കാൻ സാധ്യത വളരെ കുറവായതിനാലും രാഷ്ട്രങ്ങളായി നിലനിൽക്കാനുള്ള അവയുടെ പ്രാപ്തിയെ ഗൗരവപൂർവ്വം ചോദ്യം ചെയ്യുക സാധ്യമാണ്. ഇപ്പോഴത്തെ അവസ്ഥകളിൽ അടിസ്ഥാനാവശ്യങ്ങൾ സാധിക്കുക സാദ്ധ്യമാക്കുന്നതിനു വിഭവങ്ങൾ അപര്യാപ്തമായിരിക്കത്തക്കവണ്ണം മുഴുരാഷ്ട്രത്തിനും വിഭവങ്ങളുടെ ഗുരുതരമായ അപര്യാപ്തതയുള്ളപ്പോൾ, പൗരൻമാരുടെ ആവശ്യങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നതിന് ഒരു ഗവൺമെൻറിനെ വിമർശിക്കാൻ ഒരുവന് അശേഷം സാധ്യമല്ല”.
അനേകം രാജ്യങ്ങളിൽ സാമ്പത്തിക നില വഷളായിക്കൊണ്ടിരിക്കുന്നു. “ലോകസമ്പദ്വ്യവസ്ഥയിൽ മിക്ക വികസ്വരരാഷ്ട്രങ്ങളുടെയും നില കുറേ കാലമായി വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. . . . നൂറുകോടിയിലേറെ ജനങ്ങൾ ഇപ്പോൾ പരിപൂർണ്ണ ദാരിദ്ര്യത്തിൽ കഴിയുന്നു” എന്ന് ഐക്യരാഷ്ട്രങ്ങളുടെ പിരിഞ്ഞുപോയ സെക്രട്ടറി ജനറൽ 1991-ൽ പ്രസ്താവിച്ചു.
വിദേശസഹായം സംബന്ധിച്ചെന്ത്?
സമ്പന്നരാഷ്ട്രങ്ങൾ സഹായിക്കാൻ കൂടുതലൊന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്? ദാരിദ്ര്യത്തിൻമേലുള്ള സഹായത്തിന്റെ ഫലത്തേക്കുറിച്ചു ചർച്ചചെയ്കയിൽ ലോകബാങ്കിന്റെ വികസന റിപ്പോർട്ട് ഇങ്ങനെ സമ്മതിക്കുന്നു: “പരസ്പരം സഹായം ചെയ്യുന്ന ഗവൺമെൻറുകൾ (വിദേശ സഹായത്തിന്റെ 64 ശതമാനം) പല കാരണങ്ങളാൽ സഹായം കൊടുക്കുന്നു—രാഷ്ട്രീയവും, നയതന്ത്രപരവും, വ്യാപാരപരവും മനുഷ്യസ്നേഹപരവും തന്നെ. ദാരിദ്ര്യം കുറയ്ക്കുന്നത് ഒരു ഉദ്ദേശ്യം മാത്രമാണ്, എന്നാൽ അത് ഏററം പ്രധാനമല്ല.”
മറിച്ച്, ദരിദ്രരുടെ ദുരവസ്ഥ പരിഹരിക്കുന്നതിനു ഗവൺമെൻറുകൾക്കു വിഭവങ്ങൾ ഉണ്ടെങ്കിൽപ്പോലും എല്ലായ്പ്പോഴും അവ അങ്ങനെ ചെയ്യുന്നില്ല. പ്രാദേശിക ഭരണം പാർപ്പിടവും സേവനങ്ങളും പ്രദാനം ചെയ്യേണ്ടതുള്ളപ്പോൾ, ഉയർന്ന ഗവൺമെൻറു തലങ്ങൾ ഇതു ചെയ്യുന്നതിനുള്ള അധികാരമോ വിഭവങ്ങളോ അവയ്ക്കു കൊടുക്കുന്നില്ല എന്നുള്ളതാണു പല രാഷ്ട്രങ്ങളിലെയും ഒരു പ്രശ്നം.
ഭാവിയിലെ നഗരങ്ങൾ
അടുത്ത ദശകങ്ങളിലെ പ്രവണതകളുടെ അടിസ്ഥാനത്തിൽ, വികസ്വരരാജ്യങ്ങളിലെ നഗരദരിദ്രർക്കുവേണ്ടി വിദഗ്ദ്ധർ ഒരു ശൂന്യമായ ഭാവിയാണ് വെച്ചുനീട്ടുന്നത്. സത്വര നഗര വളർച്ച തുടരുമെന്നും അധികം നഗരവാസികൾക്കും പൈപ്പുവെള്ളവും, ഓടകളും, അഴുക്കുചാലുകളും, നിരത്തുകളും, ആരോഗ്യ പരിപാലനവും, മററ് അടിയന്തരസേവനങ്ങളും പ്രദാനം ചെയ്യാൻ ഗവൺമെൻറുകൾക്കു കഴിവില്ലായിരിക്കുമെന്നും അവർ പറയുന്നു.
ഒട്ടുവളരെ അധിവാസകോളനികൾ പണിയുന്നതു മലഞ്ചെരുവുകൾ, പ്രളയം ബാധിക്കാവുന്ന പ്രദേശങ്ങൾ അല്ലെങ്കിൽ മലിനീകരിക്കപ്പെട്ട പ്രദേശങ്ങൾ എന്നിവപോലുള്ള അപകടസ്ഥലങ്ങളിൽ ആയിരിക്കും. തിങ്ങിപാർക്കലിന്റെയും അനാരോഗ്യകരമായ അവസ്ഥകളുടെയും ഫലമായുള്ള രോഗങ്ങളാൽ ഒട്ടനവധി ആളുകൾ കഷ്ടമനുഭവിക്കും. നിർബന്ധിത കുടിയൊഴിപ്പിക്കലിന്റെ സ്ഥിരമായ ഭീഷണിയിൻകീഴിലായിരിക്കും നഗരദരിദ്രർ ജീവിക്കുക.
ഈ ചർച്ചയുടെ തുടക്കത്തിൽ വർണ്ണിച്ച, ഓറഞ്ചു ചുമന്നുകൊണ്ടുപോകുന്ന ആ പെൺകുട്ടിയെപ്പോലുള്ള ചേരിപ്രദേശവാസികൾക്ക് ഒരു പ്രത്യാശയുമില്ലെന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ? തീച്ചയായും ഇല്ല!
ഒരു നാടകീയമാററം വരുന്നു
മെച്ചപ്പെടുത്തുന്ന ഒരു നാടകീയമാററം പെട്ടെന്നു വരുമെന്നു ദൈവവചനമായ ബൈബിൾ കാണിക്കുന്നു. ഈ മാററം വരുന്നതു മാനുഷ ഗവൺമെൻറുകളുടെ ശ്രമങ്ങളാലല്ല. മറിച്ച്, പെട്ടെന്നുതന്നെ മുഴു ഭൂമിയുടെയും നിയന്ത്രണം ഏറെറടുക്കുന്ന ഒരു സ്വർഗ്ഗീയ ഗവൺമെൻറായ, ദൈവരാജ്യത്തിലൂടെയാണ്.—മത്തായി 6:10.
ദൈവരാജ്യത്തിൻകീഴിൽ, മലിനമായ ചാളകളുടെയും ചേരിപ്രദേശങ്ങളുടെയും പടുകുഴിയിൽ അകപ്പെടുന്നതിനുപകരം, ദൈവികഭക്തിയുള്ള കുടുംബങ്ങൾ ഒരു പറുദീസയിൽ വസിക്കും. (ലൂക്കൊസ് 23:43) കുടിയൊഴിപ്പിക്കലിന്റെ നിരന്തര ഭയത്തിൻകീഴിൽ കഴിയുന്നതിനുപകരം, “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻകീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല” എന്നു ബൈബിൾ പ്രസ്താവിക്കുന്നു.—മീഖാ 4:4.
ദൈവരാജ്യത്തിൻകീഴിൽ, ആളുകൾ തിങ്ങിനിറഞ്ഞ മുറികളിൽ കിടന്നു ചെറുപ്പത്തിലേ മരിക്കുന്നതിനു പകരം, അവർ “വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. . . എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും.”—യെശയ്യാവു 65: 21, 22.
ഈ വാഗ്ദാനങ്ങൾ വിശ്വസിക്കുവാൻ നിങ്ങൾക്ക് ഒരുപക്ഷേ ബുദ്ധിമുട്ടായിരിക്കാം, എന്നാൽ അതു യഥാർത്ഥത്തിൽ സംഭവിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവം ഭോഷ്ക്കു പറയുന്നില്ല, കൂടാതെ “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ല.”—ലൂക്കൊസ് 1:37; സംഖ്യാപുസ്തകം 23:19. (g92 9⁄22)
[14-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തിൻകീഴിൽ, ദാരിദ്ര്യത്തിനും ചേരിപ്രദേശങ്ങൾക്കും പകരം പറുദീസായവസ്ഥകൾ കൈവരുത്തപ്പെടും