അക്രമം കുടുംബത്തെ ബാധിക്കുമ്പോൾ
“മനുഷ്യരുടെ അക്രമം—തട്ട്, തള്ള്, കത്തിക്കുത്ത്, വെടിവെപ്പ്—ഇതിൽ ഏതുതന്നെ ആയാലും അതു നമ്മുടെ സമുദായത്തിലെവിടെ ഉണ്ടാകുന്നതിനെക്കാളും കൂടുതൽ പതിവായി കുടുംബവൃത്തത്തിൽ സംഭവിക്കുന്നു.”—കതകുകൾ അടച്ചിട്ടുകൊണ്ട് (Behind Closed Doors).
അമേരിക്കയിൽ ഏതെങ്കിലും തെരുവിൽക്കൂടി നടക്കുക. രണ്ടിൽ ഓരോ വീട്ടിലും ഏതെങ്കിലും രീതിയിലുള്ള അക്രമം വർഷത്തിൽ ഒരിക്കലെങ്കിലും സംഭവിക്കും. നാലു കുടുംബങ്ങളിലൊന്നിൽ ഇതു കൂടെക്കൂടെ സംഭവിക്കും. തെരുവിൽക്കൂടി രാത്രിയിൽ നടക്കാൻ ഭയപ്പെടുന്നവരിൽ അനേകരും വീടിനുള്ളിൽ അതിലുമധികം അപകടത്തിലാണ് എന്നതു വൈരുദ്ധ്യമാണ്.
എന്നാൽ വീടുകളിലെ അക്രമം അമേരിക്കയിലെ മാത്രം പ്രതിഭാസമല്ല. ലോകമൊട്ടാകെ ഇതു സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് ഡെൻമാർക്കിൽ മൂന്നു കൊലപാതകങ്ങളിൽ രണ്ടെണ്ണം കുടുംബത്തിനുള്ളിൽ നടക്കുന്നു. മൊത്തം കൊലപാതകങ്ങളിൽ കുടുംബത്തിനുള്ളിൽ നടക്കുന്നവ ഓരോ രാജ്യത്തെയും ആശ്രയിച്ച് 22മുതൽ 63വരെ ശതമാനം വ്യത്യസ്ത കാരണങ്ങളാലാണെന്ന് ആഫ്രിക്കയിൽ നടത്തിയ ഗവേഷണം തെളിയിക്കുന്നു. ലാററിൻ അമേരിക്കയിൽ അനേകമാളുകളെ, വിശേഷാൽ സ്ത്രീകളെ, ആക്രമണകാരികൾ മാനഭംഗപ്പെടുത്തുകയോ മർദ്ദിക്കുകയോ കൊല്ലുകയോ ചെയ്യുന്നു.
കാനഡയിൽ ഓരോ വർഷവും ഏകദേശം നൂറു സ്ത്രീകൾ, ഭർത്താക്കൻമാരാലോ നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ചു പാർക്കുന്ന പുരുഷൻമാരാലോ മരിക്കാനിടയാകുന്നു. കാനഡയുടെ ഏതാണ്ട് പത്തിരട്ടി ജനസംഖ്യയുള്ള അമേരിക്കയിൽ ഓരോ വർഷവും ഏറെക്കുറെ 4,000 സ്ത്രീകളെ നിന്ദ്യരായ ഭർത്താക്കൻമാരോ കാമുകൻമാരോ കൊല്ലുന്നു. അതിനുപുറമെ, ഓരോ വർഷവും ഏതാണ്ട് 2,000 കുട്ടികളെ മാതാപിതാക്കൾ കൊല്ലുന്നു, അത്രയും എണ്ണം മാതാപിതാക്കളെ കുട്ടികളും കൊല്ലുന്നു.
അങ്ങനെ ലോകമെമ്പാടും ഭർത്താക്കൻമാർ ഭാര്യമാരെ മർദ്ദിക്കുന്നു, ഭാര്യമാർ ഭർത്താക്കൻമാരെ അടിക്കുന്നു, മാതാപിതാക്കൾ മക്കളെ തല്ലുന്നു, മക്കൾ മാതാപിതാക്കളെ ആക്രമിക്കുന്നു, മക്കൾ പരസ്പരവും അക്രമാസക്തരായിത്തീരുന്നു. “മുതിർന്നവർക്കു ജീവിതത്തിൽ അനുഭവപ്പെടുന്ന കോപത്തിന്റെയും അക്രമത്തിന്റെയും അധികപങ്കും ഒരു രക്തബന്ധുവിന്റേതോ രക്തബന്ധുവിനു നേർക്കുള്ളതോ ആണ്,” “ആ കോപം മറേറതെങ്കിലും ബന്ധത്തിൽ അനുഭവപ്പെടുന്നതിനെക്കാൾ തീവ്രമാണ്” എന്നു കുടുംബങ്ങൾ പോരാടുമ്പോൾ (When Families Fight) എന്ന ഗ്രന്ഥം ഉറപ്പിച്ചു പറയുന്നു.
കുടുംബം പോരാട്ടത്തിൽ
ഇണയെ ഉപദ്രവിക്കൽ: കൂടെക്കൂടെ, ഭർത്താക്കൻമാർ വിവാഹ ലൈസൻസിനെ ഭാര്യമാരെ പ്രഹരിക്കുവാനുള്ള ഒരു ലൈസൻസായി വീക്ഷിക്കുന്നു. സ്ത്രീകൾ പുരുഷൻമാരെ അടിക്കുമെന്നിരിക്കെ അതുകൊണ്ടുള്ള തകരാറു പുരുഷൻമാർ ഇണയെ മർദ്ദിക്കുമ്പോൾ ഏല്പിക്കപ്പെടുന്നതിനോളം വലിയതല്ല. “ഇണയോടു [കടുത്ത] ദ്രോഹം ചെയ്തതായി റിപ്പോർട്ടു ചെയ്തിട്ടുള്ള 95 ശതമാനത്തിലധികം കേസുകളിൽ ഒരു പുരുഷൻ സ്ത്രീയെ മർദ്ദിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു” എന്നു പേരൻറ്സ് മാസിക റിപ്പോർട്ടു ചെയ്യുന്നു.
ന്യൂയോർക്കിലെ ഒരു ഡിസ്ട്രിക്ററ് അറേറാർണി പ്രസ്താവിക്കുന്നു: “അമേരിക്കൻ ജനതയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം പരക്കെ നിലവിലിരിക്കുന്നു. ഓരോ വർഷവും 60 ലക്ഷത്തിൽപ്പരം സ്ത്രീകളാണ് മർദ്ദിക്കപ്പെടുന്നത് . . . എന്ന് എഫ്ബിഐ കണക്കാക്കിയിരിക്കുന്നു.” സംഭവങ്ങളുടെ സംഖ്യ രാജ്യങ്ങൾ തോറും വ്യത്യസ്തമായിരുന്നാലും പുരുഷൻമാരാലുള്ള സ്ത്രീമർദ്ദനം മിക്ക, അല്ലെങ്കിൽ അനേകം നാടുകളിലും പരക്കെ ഉണ്ട് എന്നു റിപ്പോർട്ടുകൾ കാണിക്കുന്നു.
ഐക്യനാടുകളിൽ “പത്തിൽ ഓരോ സ്ത്രീയെയും അവളുടെ വൈവാഹിക ജീവിതത്തിനിടയിൽ ഭർത്താവു ഗുരുതരമായി ആക്രമിക്കും (അടിക്കും, തൊഴിക്കും, കടിക്കും അല്ലെങ്കിൽ അതിലും മോശമായതു ചെയ്യും)” എന്നു കണക്കാക്കുന്നു. ഗൗരവം കുറഞ്ഞ സംഗതികൾ ഉൾപ്പെടുത്തുകയാണെങ്കിൽ “ഐക്യനാടുകളിൽ രണ്ടിൽ ഓരോ സ്ത്രീയും വീട്ടിലെ അക്രമം അനുഭവിക്കു”മെന്ന് കുടുംബബന്ധങ്ങൾ (Family Relations) എന്ന മാസിക പ്രസ്താവിക്കുന്നു.
വാസ്തവത്തിൽ, “ബലാത്സംഗങ്ങൾ, പിടിച്ചുപറികൾ, വാഹന അപകടങ്ങൾ ഇവയുടെ മൊത്തത്തെക്കാൾ കൂടുതലായി, ഭാര്യാമർദ്ദനം അവരെ ആശുപത്രിയിൽ ആക്കേണ്ടതാവശ്യമാക്കിത്തീർക്കുന്ന പരുക്കുകൾക്ക് ഇടയാക്കുന്നു”വെന്നു കണ്ടെത്തപ്പെട്ടിരിക്കുന്നതായി ന്യൂയോർക്കിലെ ഒരു ഡിസ്ട്രിക്ററ് അറേറാർണി പറയുന്നു.
“സ്ത്രീകൾക്കെതിരെയുള്ള അക്രമവും കുടുംബത്തിനുള്ളിലെ അക്രമവും സാധാരണമാണെന്നും കുററംചെയ്യുന്നവർ . . . സാധാരണ ജനങ്ങളാണെന്നും സ്പഷ്ടമാണ് . . . ജനസമൂഹത്തിലെ സകല വർഗ്ഗങ്ങളുടെയും വംശങ്ങളുടെയും ഇടയിൽ ഒരു ഗുരുതരമായ പ്രശ്നമാണിത്” എന്നു ഡോ. ലൂയിസ് ജി. ലിവിസി കുറിക്കൊള്ളുന്നു.
പീഡിതർ ചിലപ്പോൾ താഴ്ന്ന ആത്മാഭിമാനത്തിനിടയാക്കിക്കൊണ്ടു ദുഷ്പെരുമാററത്തിനു തങ്ങളെത്തന്നെ കുററപ്പെടുത്തുന്നു. പേരൻറ്സ് മാസിക വിശദീകരിക്കുന്നു: “ആത്മവിശ്വാസമില്ലാത്തവളും തനിക്കുതന്നെ മൂല്യം കല്പിക്കാത്തവളുമായ സ്ത്രീ ദുഷ്പെരുമാററത്തിനു തന്നേത്തന്നെ ഇരയാക്കുകയാണ്. . . . ദുഷ്പെരുമാററത്തിനിരയായ സാധാരണ സ്ത്രീ തന്റെതന്നെ പ്രയോജനത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്നതിനും പ്രവർത്തിക്കുന്നതിനും ഭയപ്പെടുന്നു.”
വൈവാഹിക അക്രമം കുട്ടികളുടെ മേലും ഹാനികരമായ ഫലം ഉളവാക്കുന്നു. മററുള്ളവരെ ചൊൽപ്പടിയിലാക്കാൻ അക്രമം ഉപയോഗിക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കുന്നു. കുട്ടികൾ അവരുടെ ഉദ്ദേശ്യം സാധിക്കുന്നതിനുവേണ്ടി “ഡാഡിയെക്കൊണ്ടു നിങ്ങളെ ഇടിപ്പിക്കും” എന്നതുപോലെയുള്ള ഭീഷണികൾ പോലും തങ്ങൾക്കെതിരായി പ്രയോഗിക്കുന്നതായി ചില മാതാക്കൾ റിപ്പോർട്ടു ചെയ്യുന്നു.
കുട്ടികളോടുള്ള ദുഷ്പെരുമാററം: ഓരോ വർഷവും ലക്ഷക്കണക്കിനു കുട്ടികൾ, ഗുരുതരമായി ക്ഷതം വരുത്തുകയൊ അംഗവൈകല്യം വരുത്തുകയൊ കൊല്ലുകയൊ ചെയ്തേക്കാവുന്ന അങ്ങേയററത്തെ ശാരീരിക ശിക്ഷയെ നേരിടുന്നു. റിപ്പോർട്ടു ചെയ്ത ഓരോ കേസിനും 200 കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്നു കണക്കാക്കപ്പെടുന്നു. “കുട്ടികൾക്കു എററവും അപകടകരമായ സ്ഥലം തങ്ങളുടെ വീടാണ്” എന്നു വിവാഹത്തിന്റെയും കുടുംബത്തിന്റെയും സാമൂഹികശാസ്ത്രം (Sociology of Marriage and the Family) എന്ന പുസ്തകം അവകാശപ്പെടുന്നു.
സർവ്വകലാശാലാ പ്രൊഫസ്സർ ജോൺ ഇ. ബാററ്സ് പറയുന്നത് ഒരു കുട്ടിയുടെ പിൽക്കാലജീവിതത്തിലെ പെരുമാററത്തെ സ്വാധീനിക്കുന്ന അതിശക്തമായ ഭവന സ്വാധീനം ദുഷ്പെരുമാററം ആണ് എന്നാണ്. ഡോ. സൂസൻ ഫോർവാർഡ് പറയുന്നു: “ജീവിതത്തിലെ മറെറാരു സംഭവവും ആളുകളുടെ ആത്മാഭിമാനത്തെ ഇത്രയധികം മുറിപ്പെടുത്തുകയോ പ്രായപൂർത്തിയാകുമ്പോൾ വലിയ വൈകാരിക വിഷമങ്ങൾക്കു സാദ്ധ്യതയുള്ളവരാക്കുകയോ ചെയ്യുന്നില്ലെന്നു ഞാൻ കണ്ടെത്തിയിരിക്കുന്നു.” നാലുമുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികളിൽപ്പോലും പ്രയാസമേറിയ സാഹചര്യങ്ങളിൽ വിനാശകരമായ പെരുമാററത്തിന്റെ ലക്ഷണങ്ങൾ കാണാവുന്നതാണ്. വളരുമ്പോൾ അത്തരം കുട്ടികളിൽ മയക്കുമരുന്നു ദുരുപയോഗം, മദ്യ ദുരുപയോഗം, കുററകരമായ പെരുമാററം, ബുദ്ധിഭ്രമങ്ങൾ, മന്ദമായ വളർച്ച എന്നിവ ഉയർന്ന നിരക്കിലുണ്ട്.
ദ്രോഹിക്കപ്പെട്ട അനേകം കുട്ടികൾ തങ്ങളെ ദ്രോഹിക്കുന്ന മാതാപിതാക്കളുടെ നേരെ വിദ്വേഷം വച്ചുപുലർത്തുന്നതു മനസ്സിലാക്കാം, എങ്കിലും മിക്കപ്പോഴും അക്രമം തുടരാൻ അനുവദിക്കുന്നതുനിമിത്തം, ദ്രോഹിക്കാത്ത പിതാവിനോടും അല്ലെങ്കിൽ മാതാവിനോടും അവർ കോപിക്കുന്നു. മൗനം പാലിക്കുന്ന ആളെ കുട്ടി തന്റെ മനസ്സിൽ കുററത്തിൽ കൂട്ടുത്തരവാദിയായി വീക്ഷിക്കാൻ ഇടയുണ്ട്.
മുതിർന്നവരോടുള്ള ദുഷ്പെരുമാററം: കാനഡയിലെ മുതിർന്നവരിൽ, കണക്കിൻ പ്രകാരം 15 ശതമാനം തങ്ങളുടെ പ്രായപൂർത്തിയായ മക്കളാൽ ശാരീരികമോ മനഃശാസ്ത്രപരമോ ആയ ദുഷ്പെരുമാററം അനുഭവിക്കേണ്ടിവരുന്നു. “ജനസംഖ്യയിൽ കൂടുതൽപേർക്കു പ്രായമാകുന്നതനുസരിച്ചും തങ്ങളുടെ മക്കളുടെ മേലുള്ള സാമ്പത്തികവും വൈകാരികവുമായ ഭാരങ്ങൾ വർദ്ധിക്കുന്നതനുസരിച്ചും സാഹചര്യം വഷളാകാനേ കഴിയൂ” എന്ന് ഒരു ഡോക്ടർ മുൻകൂട്ടിപറയുന്നു. ലോകത്തിലെങ്ങും സമാനമായ ഭയം അനുഭവപ്പെടുന്നു.
ദുഷ്പെരുമാററത്തെപ്പററി റിപ്പോർട്ടു ചെയ്യാൻ മുതിർന്നവർ മിക്കപ്പോഴും മടിക്കുന്നു. അവർ ഒരുപക്ഷേ ആ ദ്രോഹിയെ ആശ്രയിച്ചു കഴിയുന്നതിനാൽ ഭീതിദമായ പരിതഃസ്ഥിതികളിൽ തുടർന്നു ജീവിക്കാൻ തീരുമാനിക്കുന്നു. എപ്പോഴാണു തന്റെ മകനെയും മരുമകളെയും അധികാരികളെ ഏല്പിക്കുന്നത് എന്നു ചോദിച്ചപ്പോൾ “അടുത്ത തവണ” എന്നാണ് ഒരു മുതിർന്ന സ്ത്രീ മാററമെന്യേ ഉത്തരം നല്കിയത്. അവർ കഠിനമായി മർദ്ദിച്ചതുമൂലം ആ സ്ത്രീ ഒരു മാസം ആശുപത്രിയിൽ കിടക്കേണ്ടതായി വന്നു.
സഹോദരങ്ങൾക്കിടയിലെ ദുഷ്പെരുമാററം: ഇതു വീട്ടിലെ അക്രമത്തിന്റെ ഒരു സർവ്വസാധാരണമായ രീതിയാണ്. “ആൺകുട്ടികൾ ആൺകുട്ടികളായിരിക്കും” എന്നു പറഞ്ഞുകൊണ്ടു ചിലർ അതിനെ തുച്ഛീകരിക്കുന്നു. ഏതായാലും ഒരു സർവ്വേയിലെ പകുതിയിലധികം സഹോദരരും കുടുംബത്തിനു വെളിയിലുള്ള ആർക്കെങ്കിലുമെതിരെ ചെയ്തിരുന്നതെങ്കിൽ കുററകൃത്യത്തിനു ശിക്ഷിക്കപ്പെടാമായിരുന്ന ഗൗരവാവഹമായ പ്രവൃത്തികൾ ചെയ്തിരുന്നു.
സഹോദരങ്ങളായ കുട്ടികളുടെ ദുഷ്പെരുമാററം യൗവനദശയിലേക്കു കൊണ്ടുപോകുന്ന ഒരു സ്വഭാവ മാതൃക പഠിപ്പിക്കുന്നതായി പലരും വിചാരിക്കുന്നു. ചിലരിൽ ഇതു തങ്ങളുടെ മാതാപിതാക്കളുടെ ഇടയിൽ നിരീക്ഷിച്ചിട്ടുള്ള അക്രമത്തെക്കാൾ അധികമായി പിൽക്കാല വൈവാഹിക ദുഷ്പെരുമാററത്തിനു കാരണമായേക്കാം.
അപകടകരമായ പോർക്കളം
മറെറല്ലാ കുററകൃത്യസംഭവങ്ങളുടെയും മൊത്തസംഖ്യയെക്കാൾ അധികമായി കുടുംബ കലഹങ്ങൾ കൈകാര്യം ചെയ്യുന്നതിനു കൂടെക്കൂടെ പോലീസുകാരെ വിളിച്ചതായി ഒരു നിയമ ഗവേഷകൻ ഒരിക്കൽ കണക്കാക്കി. മറേറതെങ്കിലുമൊരു തരത്തിലുള്ള സഹായാഭ്യർത്ഥനയെക്കാൾ കുടുംബകലഹം തീർക്കാനുള്ള അഭ്യർത്ഥന അനുസരിച്ചു പ്രവർത്തിച്ചപ്പോഴാണു കൂടുതൽ പോലീസുകാർ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഒരു കവർച്ചയുടെ കാര്യത്തിലെങ്കിലും എന്തു പ്രതീക്ഷിക്കണമെന്നു നിങ്ങൾക്കറിയാം,” ഒരു പോലീസുകാരൻ പറഞ്ഞു. “എന്നാൽ ഒരുവന്റെ വീട്ടിലേക്കു നടക്കുമ്പോൾ . . . എന്തു സംഭവിക്കുമെന്നു നിങ്ങൾക്കറിഞ്ഞുകൂട.”
വീട്ടിലെ അക്രമത്തെപ്പററിയുള്ള ഒരു സമഗ്ര പഠനത്തിനുശേഷം, യുദ്ധസമയത്തെ പട്ടാളം കഴിഞ്ഞാൽ നിലവിലുള്ള ഏററവും അക്രമാസക്തമായ സാമുദായിക ഘടകം കുടുംബമാണ് എന്ന് അമേരിക്കയിലെ ഒരു ഗവേഷണ സംഘം നിഗമനം ചെയ്തു.
വീട്ടിലെ അക്രമത്തിനു കാരണമെന്താണ്? അത് എന്നെങ്കിലും അവസാനിക്കുമോ? അത് എന്നെങ്കിലും ന്യായീകരിക്കപ്പെടുന്നുണ്ടോ? അടുത്ത ലേഖനം ഈ ചോദ്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നതാണ്.
[4-ാം പേജിലെ ആകർഷകവാക്യം]
“അമേരിക്കൻ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം പരക്കെ നിലവിലുണ്ട്.”—ഒരു ഡിസ്ട്രിക്ററ് അറേറാർണി
[5-ാം പേജിലെ ആകർഷകവാക്യം]
“കുട്ടികൾക്ക് ഏററവും അപകടകരമായ സ്ഥലം തങ്ങളുടെ വീടാണ്.”—സോഷ്യോളജി ഓഫ് മാര്യേജ് ആൻറ് ദ ഫാമിലി