ബൈബിളിന്റെ വീക്ഷണം
വാടക മാതൃത്വം—അതു ക്രിസ്ത്യാനികൾക്കുള്ളതോ?
പുരാതന റോമൻ കവിയായ ഹൊറസ് “ഒരു മനുഷ്യൻ ശ്രേഷ്ഠഗുണങ്ങളുള്ളവനായിരിക്കുന്നിടത്തോളം അയാൾ ഏതു മാതാപിതാക്കളിൽനിന്നു ജനിച്ചു എന്നതിനു പ്രാധാന്യമൊന്നുമില്ല” എന്ന് എഴുതിയപ്പോൾ, അദ്ദേഹത്തിനു വാടക മാതൃത്വത്തെ സംബന്ധിച്ചു യാതൊന്നും അറിയില്ലായിരുന്നു. വാടക മാതാക്കളിൽനിന്നുള്ള ജനനത്തിന്റെ ആശയം ഒരു കുഴയ്ക്കുന്ന നിയമപ്രശ്നമായിത്തീരുന്നതിനു വളരെക്കാലം മുമ്പായിരുന്നു 17-ാം നൂററാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരന്റെ “ചാരിത്ര്യശുദ്ധി ഇല്ലാത്തിടത്തു നിരർത്ഥകമാണു ജൻമം” എന്ന ആദർശവാക്കുകളും എഴുതപ്പെട്ടത്. എന്നാൽ മേരി തോം എംഎസ് മാസികയിൽ റിപ്പോർട്ടുചെയ്ത പോലെ, “പുതിയ പുനരുത്പാദന രീതിയുടെ ആഗമനത്തോടെ അണ്ഡം ഉത്പാദിപ്പിക്കുന്നയാളുടെയും ശിശു ആയിത്തീരുന്നതുവരെ ഭ്രൂണത്തെ പോഷിപ്പിക്കുന്നയാളുടെയും ജനിച്ചുകഴിഞ്ഞ ശിശുവിനെ സംരക്ഷിക്കുന്നയാളുടെയും ചുമതലകൾ” രണ്ടോ മൂന്നോ “അമ്മമാർ”ക്കിടയിൽ വീതിക്കപ്പെട്ടേക്കാം. “ചാരിത്ര്യ”ത്തിന്റെയും “പ്രാധാന്യ”ത്തിന്റെയും പ്രശ്നം അവ്യക്തവും സങ്കീർണ്ണവുമായിത്തീർന്നിരിക്കുന്നു.
മുമ്പ് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത സാമൂഹികവും ധാർമ്മികവും നിയമപരവുമായ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, വാടക അമ്മമാരെ ഉപയോഗിക്കുന്ന സമ്പ്രദായം ലോകത്തു പ്രത്യക്ഷപ്പെട്ടത് 1970-കളുടെ മദ്ധ്യത്തിലായിരുന്നു. വന്ധ്യരായ ചില ദമ്പതികൾ പരമ്പരാഗതമല്ലാത്ത ഈ പ്രത്യുത്പാദനരീതിയിൽനിന്നും പ്രയോജനം നേടാൻ ആകാംക്ഷാഭരിതരായിരുന്നു. അതേസമയം പൊന്തിവന്ന സദാചാരപരവും ധാർമ്മികവുമായ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിനു മാർഗ്ഗരേഖകൾ ഉണ്ടാക്കാനുള്ള ഒരു പരിശ്രമത്തിൽ ഡോക്ടർമാരും വക്കീലൻമാരും നിയമനിർമ്മാതാക്കളും വികാസം പ്രാപിച്ചുവരുന്ന പ്രത്യുത്പാദന സാങ്കേതികവിദ്യയ്ക്കൊപ്പം നില്ക്കാൻ മല്ലിടുകയായിരുന്നു.
വാടക മാതൃത്വം എന്നാൽ എന്താണ്?
വാടകയ്ക്കെടുത്ത, അല്ലെങ്കിൽ കരാറടിസ്ഥാനത്തിലുള്ള മാതൃത്വം എന്നു പറയുന്നതു കൃത്രിമ ബീജസങ്കലനത്തിനു വിധേയയായ ഒരു സ്ത്രീ മറെറാരു സ്ത്രീക്കുവേണ്ടി ശിശുവിനെ പ്രസവിക്കുന്നതാണ്. സാമ്പ്രദായിക ബദൽ മാതൃത്വം എന്ന് അറിയപ്പെടുന്നതു നടക്കുന്നതു വാടക അമ്മയുമായി കരാറിലേർപ്പെട്ടിട്ടുള്ള ദമ്പതികളിൽനിന്നുള്ള ഭർത്താവിന്റെ ബീജംകൊണ്ടു കൃത്രിമബീജസങ്കലനത്തിലൂടെ അവൾ ഗർഭവതിയാകുമ്പോഴാണ്. അപ്രകാരം വാടക അമ്മ ശിശുവിന്റെ അനുവംശിക മാതാവാണ്. ഭാര്യയുടെ അണ്ഡവും ഭർത്താവിന്റെ ബീജവും ഗർഭാശയത്തിനു വെളിയിൽവെച്ച് ഇൻ-വിത്രോ (ടെസ്ററ്-ട്യൂബ്) ബീജസംയോഗം എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ സംയോജിപ്പിച്ച് അങ്ങനെയുണ്ടാകുന്ന ഭ്രൂണത്തെ ഗർഭകാലം തികക്കാൻവേണ്ടി വാടക അമ്മയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നതിനെയാണ് ഗർഭപാത്രം കടമെടുക്കൽ അർത്ഥമാക്കുന്നത്.
വാടക മാതൃത്വത്തിന്റെ എണ്ണത്തിൽ വർദ്ധനവ് അനുഭവപ്പെടുന്നത് എന്തുകൊണ്ട്? ഉയർന്ന സാങ്കേതികശാസ്ത്രം കുട്ടികളുണ്ടായിരിക്കാൻ സ്ത്രീകളെ സഹായിക്കുന്നതിനു പല മാർഗ്ഗങ്ങൾ കണ്ടെത്തിയിരിക്കുന്നു എന്നതാണ് ഒരു കാരണം. ദമ്പതികൾ ഒരു കുട്ടിയുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചേക്കാം, എന്നിരുന്നാലും വന്ധ്യതയോ അസൗകര്യമോ ദത്തെടുക്കാൻ ആരോഗ്യമുള്ള കുട്ടികളുടെ ദൗർലഭ്യമോ നിമിത്തം അവർക്ക് ഒരു കുട്ടിയെ ലഭിക്കുന്നില്ല. അതിനാൽ അവർ ഒരു കുട്ടിയെ ലഭിക്കുന്നതിനു മറെറാരു വ്യക്തിയുടെ ശരീരം വാടകയ്ക്കെടുക്കുന്നു. വളരെയധികം ചെലവുള്ളതാകയാൽ, “അനൈച്ഛിക ദാസ്യവേലയും അടിമത്വവും” എന്നും “സാധുക്കളുടെ പ്രത്യുത്പാദനശക്തിയുടെ ചൂഷണം” എന്നും ഗർഭപാത്രം കടമെടുക്കുന്ന ഈ സമ്പ്രദായത്തെ വർണ്ണിച്ചിരിക്കുന്നു.
ഐക്യനാടുകളിൽ ന്യൂ ജെഴ്സി സുപ്രീം കോടതി സമ്പന്നർ സാധുക്കളെ ചൂഷണംചെയ്യാനുള്ള സാധ്യത തിരിച്ചറിയുകയും ഗർഭപാത്രം കടമെടുത്ത ഒരു കേസിൽ ഇങ്ങനെ പ്രസ്താവിക്കയും ചെയ്തു: “ചുരുക്കത്തിൽ, തൊഴിലോ സ്നേഹമോ ജീവനോ അങ്ങനെ സമ്പത്തിനു വാങ്ങാൻ കഴിയുന്നതൊക്കെ അതിനു അനുവദിച്ചുകൊടുക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യമുള്ളതായി സമൂഹം കരുതുന്ന മൂല്യങ്ങളുണ്ട്.” മാതൃത്വം വാടകയ്ക്കെടുക്കുന്നത് ഒരു സ്ത്രീയുടെ ശരീരത്തെ ദുരുപയോഗിക്കലാണെന്നും “മനുഷ്യശരീരം കടംകൊടുക്കാനോ വാടകയ്ക്കു കൊടുക്കാനോ വിൽക്കാനോ ഉള്ളതല്ല” എന്നും ഫ്രാൻസിലെ സുപ്രീം കോടതി പ്രസ്താവിച്ചു.
മാതൃത്വം വാടകയ്ക്കു കൊടുക്കുന്നതിന്റെ പ്രശ്നങ്ങൾ
വാടകയ്ക്കു കൊടുക്കുന്ന മാതൃത്വം വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കുട്ടിയെ പ്രസവിക്കുന്ന സ്ത്രീ കുട്ടിയെ വേണമെന്ന് ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന അസുഖകരമായ നിയമയുദ്ധങ്ങൾക്കുള്ള സാധ്യതയാണ് ഒന്ന്. ആരുടെ കുട്ടിയാണത്, ജൻമം നല്കിയ സ്ത്രീയുടേതോ അണ്ഡം നല്കിയ സ്ത്രീയുടേതോ? അതുകൊണ്ടു സാധരണമായി സന്തോഷത്തിന്റെ ഒരു സമയമായ ഒരു കുട്ടിയുടെ ജനനം ചിലപ്പോൾ ഒരു കോടതിമുറിയിലെ നിയമയുദ്ധത്തിലേക്കു നയിക്കുന്നു. മറെറാരു പ്രശ്നം: വാടക മാതാക്കൾ ആകാമെന്നു സമ്മതിക്കുന്ന ചില സ്ത്രീകൾ കരാറുചെയ്യപ്പെട്ടിരിക്കുന്ന കുട്ടി വികാസം പ്രാപിച്ചു ജനിക്കുന്നതോടെ അവരുടെ ചിന്താഗതിക്കു മാററം വരുന്നതായി കണ്ടെത്തുന്നു. ഏതാനും മാസങ്ങൾക്കു മുമ്പു സമ്മതിച്ചുറപ്പിച്ച കരാറു സ്വീകരിക്കുന്നതു കൂടുതൽ കൂടുതൽ വിഷമകരമായിത്തീരുന്നു. അമ്മയ്ക്കും അവളുടെ ഉള്ളിൽ വളരുന്ന കുട്ടിക്കും ഇടയിൽ ഒരു ശക്തമായ സ്നേഹബന്ധം രൂപംകൊള്ളുന്നു. ഈ സ്നേഹബന്ധം മുൻകൂട്ടികാണാതിരുന്ന ഒരു വാടക മാതാവു കുട്ടിയെ കൈവിട്ടതിനുശേഷം അവളുടെ വികാരങ്ങളെ വിവരിക്കുന്നു: “അത് ഒരാൾ മരിച്ചതു പോലെ ആയിരുന്നു. എന്റെ ശരീരം എന്റെ പുത്രിക്കുവേണ്ടി കേഴുകയായിരുന്നു.”
കൂടാതെ, അത്തരം ഒരു ജനനത്തിനു വാടക മാതാവിന്റെ മററു കുട്ടികളുടെമേലും, കുട്ടിയെ സ്വീകരിക്കുന്ന കുടുംബത്തിൻമേലും, കുട്ടിയുടെമേൽത്തന്നെയും നീണ്ടുനില്ക്കുന്ന എന്തു ഫലങ്ങൾ ഉണ്ടായിരുന്നേക്കാം? അല്ലെങ്കിൽ വാടക മാതാവിൽ ഉണ്ടാകുന്ന കുട്ടിക്കു ജൻമനാതന്നെ ഒരു വൈകല്യമുണ്ടെങ്കിൽ എന്തു ചെയ്യും? പിതാവു കുട്ടിയെ എടുക്കാൻ കടപ്പെട്ടവനാണോ? അല്ലെങ്കിൽ കുട്ടിക്ക് ആർ ചെലവിനു കൊടുക്കും? അതിലും പ്രധാന ചോദ്യം, വാടക മാതൃത്വത്തെസംബന്ധിച്ചു ദൈവത്തിന്റെ വീക്ഷണം എന്താണ്?
വാടക മാതൃത്വം വിവാഹത്തെ ബഹുമാനിക്കുന്നുവോ?
വിവാഹത്തെ ദൈവം വിശുദ്ധമായി വീക്ഷിക്കുന്നു എന്നു ദൈവവചനം നമ്മോടു പറയുന്നു . ഉദാഹരണത്തിന് എബ്രായർ 13:4 ഇങ്ങനെ പ്രസ്താവിക്കുന്നു: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”a സകല ക്രിസ്ത്യാനികളും വിവാഹത്തെ മാന്യമായി കരുതാനും അപ്രകാരം അതിനെ കാത്തുകൊള്ളാനും ദൈവം പ്രതീക്ഷിക്കുന്നു. വിവാഹത്തെ മലിനമാക്കുന്നത് എന്താണ്? വിവാഹത്തെ മുന്നമേ അപമാനിക്കാൻ പരസംഗത്തിനു കഴിയുമ്പോൾ വിവാഹത്തിൽ പ്രവേശിച്ചശേഷം അതിനെ അനാദരിക്കാൻ വ്യഭിചാരത്തിനും കഴിയുന്നു.
വാടക മാതൃത്വം വിവാഹത്തെ ബഹുമാനിക്കുകയും വിവാഹശയ്യ നിർമ്മലമായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ? വ്യക്തമായും ഇല്ല. സാമ്പ്രദായിക ബദൽ മാതൃത്വത്തിൽ ദാതാവിൽനിന്നുള്ള ബീജങ്ങളുംകൊണ്ടു സ്ത്രീയിൽ ബീജസങ്കലനം ആവശ്യമാക്കിത്തീർക്കുന്നു. ബൈബിളിന്റെ വീക്ഷണം ലേവ്യപുസ്തകം 18:20-ൽ കാണാവുന്നതാണ്, അത് ഇപ്രകാരം പറയുന്നു: “അതിനാൽ അശുദ്ധനായിത്തീരേണ്ടതിനു നിന്റെ ബീജസ്രാവം നിന്റെ കൂട്ടുകാരന്റെ ഭാര്യക്കു നല്കരുത്” (NW). വേഴ്ചയാലുള്ള ബീജസങ്കലനവും ദാതാവിൽനിന്നു കൃത്രിമ മാർഗ്ഗത്തിലൂടെ നിവേശിപ്പിക്കപ്പെടുന്ന ബീജസങ്കലനവും തമ്മിൽ വേർതിരിച്ചു കാണാൻ ബൈബിൾപരമായ അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് ഏതുവിധമായാലും സ്ത്രീയുടെ നിയമാനുസൃതഭർത്താവല്ലാത്ത ഒരു പുരുഷനിൽനിന്നു ബീജസങ്കലനം നടത്തപ്പെടുമ്പോൾ പരസംഗമോ വ്യഭിചാരമോ ആണ് ചെയ്യപ്പെടുന്നത്.
ഗർഭപാത്രം കടമെടുക്കുന്നതിനെ സംബന്ധിച്ചെന്ത്? ഇതും വിവാഹശയ്യയെ മലിനമാക്കുന്നു. ഭ്രൂണം ഭർത്താവിന്റെയും അയാളുടെ ഭാര്യയുടെയും സംയോഗമാണെന്നുള്ളതു സത്യം തന്നെ, എന്നാൽ അതിനുശേഷം മറെറാരു സ്ത്രീയുടെ ഗർഭപാത്രത്തിലാണ് അതു നിക്ഷേപിക്കപ്പെടുന്നത്. അത് അവളെ ഗർഭവതിയാക്കുകയും ചെയ്യുന്നു. ഈ ഗർഭം വാടക സ്ത്രീയും അവളുടെ ഭർത്താവും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ഫലമല്ല. അങ്ങനെ അവളുടെ പ്രത്യുത്പാദനാവയവങ്ങൾ ഇപ്പോൾ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അവളുടെ ഭർത്താവല്ലാത്ത ഒരുവനലാണ്. ഇത് ഒരു സ്ത്രീ കുട്ടിയെ ഗർഭം ധരിക്കേണ്ടത് അവളുടെ ഭർത്താവിനുവേണ്ടിയാണ് എന്ന ബൈബിളിന്റെ ധാർമ്മികതത്ത്വത്തിനു നിരക്കാത്തതാണ്. (ആവർത്തനം 23:2 താരതമ്യം ചെയ്യുക.) വാടക മാതാവിന്റെ ഭർത്താവല്ലാത്ത ഒരു പുരുഷൻ അവളുടെ പ്രത്യുത്പാദനാവയവങ്ങൾ ഉപയോഗപ്പെടുത്തുന്നത് ഉചിതമായിരിക്കില്ല. അതു വിവാഹശയ്യയുടെ ഒരു അനുചിതമായ ഉപയോഗമാണ്. അതുകൊണ്ട്, വാടക മാതൃത്വം ക്രിസ്ത്യാനികൾക്കുള്ളതല്ല. (g93 3/8)
[അടിക്കുറിപ്പുകൾ]
a ന്യൂ ടെസ്ററമെൻറ് വേർഡ് സ്ററഡീസ് എന്ന പരാമർശഗ്രന്ഥം എബ്രായർ 13:4-ലെ “വിവാഹ കിടക്ക” എന്നത് അവസ്ഥയെ മാത്രമല്ല വിവാഹത്തിന്റെ ഉപയോഗത്തെയും മലിനമാക്കരുതെന്ന് അർത്ഥമാക്കുന്നതായി പ്രകടമാക്കുന്നു.
[27-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pastel by Mary Cassatt, The Metropolitan Museum of Art, Gift of Mrs. Ralph J. Hines, 1960. (60.181)