യുവജനങ്ങൾ ചോദിക്കുന്നു. . .
ഇത്രയധികം ഗൃഹപാഠം സംബന്ധിച്ച് എനിക്ക് എന്തു ചെയ്യാൻ കഴിയും?
യുവജനങ്ങൾക്കിടയിലെസമ്മർദങ്ങൾക്കുള്ള ഏററവും സാധാരണമായ കാരണങ്ങളിൽ ഒന്നു “വളരെയേറെയുള്ള സ്കൂൾ പ്രവർത്തനങ്ങൾ” ആണെന്നു പറയപ്പെടുന്നു.
“നിങ്ങൾ സുസംഘടിതരല്ലെങ്കിൽ, അടുത്തതായി എന്താണു ചെയ്യേണ്ടത് എന്നു ചിന്തിച്ചുകൊണ്ടു വളരെയധികം സമയം പാഴാക്കും”
‘ഞങ്ങൾക്കു വേണ്ടുവോളം സമയമില്ല!’ ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാർഥികൾ പരാതിപ്പെട്ടത് അങ്ങനെയാണ്. ഈ പ്രശ്നത്തിന്റെ കാരണം? സ്കൂളിനും ഗൃഹപാഠത്തിനും കൊടുക്കേണ്ടിവരുന്ന ശ്രദ്ധ തന്നെ. വെറോനിക്ക് എന്ന യുവതി പറയുന്നു: “എന്റെ സ്കൂൾ രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 5:30-ന് അവസാനിക്കും. ഞാൻ വീട്ടിലെത്തുമ്പോഴേക്കും ആറരയാകും. അതു ബുദ്ധിമുട്ടാണ്. സ്കൂളിലായിരിക്കുന്നതു സുഖകരമായ ഒരു ജീവിതമാണെന്നാണ് മാതാപിതാക്കൾ വിചാരിക്കുന്നത്. സ്കൂൾ ക്ഷീണിപ്പിക്കുന്നതും സമ്മർദമുളവാക്കുന്നതും ആണെന്നും പിന്നെ വീട്ടിലെത്തിയാൽ ഗൃഹപാഠമുണ്ടെന്നും അവർ മനസ്സിലാക്കുന്നില്ല.” പതിനേഴുകാരി സാന്ദ്രിൻ കൂട്ടിച്ചേർക്കുന്നു: “ഗൃഹപാഠം ചെയ്യാൻ ഞാൻ ഓരോ രാത്രിയിലും രണ്ടുമുതൽ മൂന്നുവരെ മണിക്കൂറും പിന്നെ വാരാന്തങ്ങളും ചെലവഴിക്കുന്നു.”
യൂറോപ്പിൽ വിദ്യാർഥികൾക്ക് ഏററവും ദീർഘിച്ച സ്കൂൾ ദിനങ്ങളുള്ള സ്ഥലങ്ങളിൽ ഒന്നായ ഫ്രാൻസിലാണു വെറോനിക്കും സാന്ദ്രിനും ജീവിക്കുന്നത്. മററു പല ദേശങ്ങളിലെ വിദ്യാർഥികളും, എല്ലാററിനുമായി തങ്ങളുടെ സമയം ചെലവിടേണ്ടതുള്ളതിനാൽ ഇതുപോലെതന്നെ സമർദവും നിരാശയും ആകുലതയും അനുഭവിക്കുന്നു. യുവജനങ്ങൾക്കിടയിലെ സമ്മർദങ്ങൾക്കുള്ള ഏററവും സാധാരണമായ കാരണങ്ങളിൽ ഒന്നു “വളരെയേറെയുള്ള സ്കൂൾപ്രവർത്തനങ്ങൾ” ആണെന്നു പറയപ്പെടുന്നു.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരു ജോലി കണ്ടെത്തുക മുമ്പെന്നത്തെക്കാൾ കൂടുതൽ ബുദ്ധിമുട്ടേറിയതാകയാൽ, നല്ല വിദ്യാഭ്യാസം നേടുന്നതു തൊഴിൽ മേഖലയിൽ തങ്ങളുടെ ഭാവിക്കു നിർണായകമാണെന്ന് അനേകം യുവജനങ്ങൾ വീക്ഷിക്കുന്നു. ഒരു ഹൈസ്കൂൾ വിദ്യാർഥിനിയായ വീയോലെയ്ൻ പറയുന്നതുപോലെ: “പഠിക്കുക—അല്ലാതെ മററു മാർഗമൊന്നുമില്ല എന്നു കുട്ടികൾ മനസ്സിലാക്കത്തക്കവിധം അന്തസ്സുള്ള ഒരു ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങൾ അത്രയ്ക്കു വളരെ വിഷമകരമായിരിക്കുന്നു!”
വേണ്ടുവോളം സമയമില്ല?
എന്നിരുന്നാലും, അതിനു വളരെയേറെ സമയവും ഊർജവും ആവശ്യമാണെന്നു സ്കൂളിൽ മിടുക്കരായിരിക്കുന്നവർക്ക് അറിയാം. നിങ്ങൾ യുവപ്രായത്തിലുള്ള ഒരു ക്രിസ്ത്യാനിയാണെങ്കിൽ സമയം കൂടുതൽ ആവശ്യമുള്ള വേറെ കാര്യങ്ങളും നിങ്ങൾക്കുണ്ട്: ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകൽ, ബൈബിൾ പഠനം, മററുള്ളവരുമായി നിങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കൽ എന്നിവതന്നെ. (യോഹന്നാൻ 17:3; റോമർ 10:10; എബ്രായർ 10:24, 25) “ചിരിപ്പാൻ ഒരു കാലം” ഉണ്ടെന്നും ഉല്ലസിക്കാൻ ഒരു കാലമുണ്ടെന്നും ബൈബിൾ കൂടുതലായി പറയുന്നു. (സഭാപ്രസംഗി 3:1, 4; 11:9) മിക്ക യുവജനങ്ങളെയുംപോലെ നിങ്ങളും വിനോദത്തിനും വിശ്രമത്തിനും വേണ്ടി അല്പമെങ്കിലും സമയമുണ്ടാക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ നിങ്ങൾ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ചെയ്യാൻ സമയം വളരെ കുറച്ചേയുള്ളു എന്നും ചെയ്യാൻ ഇഷ്ടപ്പെടുന്ന മററു കാര്യങ്ങൾക്കു സമയം അതിലും കുറച്ചേയുള്ളു എന്നും സ്കൂൾപ്രവർത്തനം തോന്നിപ്പിച്ചേക്കാം.
എന്നാൽ പ്രശ്നം പലപ്പോഴും കേവലം സമയക്കുറവല്ല. ഹൈസ്കൂൾ വിദ്യാർഥികൾക്കു പഠിപ്പുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനകാരണങ്ങളിൽ രണ്ടെണ്ണം അവരുടെ “സമയത്തിന്റെ മോശമായ ഉപയോഗവും സംഘാടനത്തിന്റെ അഭാവവു”മാണെന്ന് അടുത്തകാലത്തു നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ഒലീവ്യാർ എന്നൊരു യുവാവു കണ്ടെത്തിയതുപോലെ, ഒരുവന്റെ മോശമായ സംഘാടനത്തിനു മാർക്കുകളെ ബാധിക്കുന്നതിലധികം ചെയ്യാൻ കഴിയും. അവൻ പറയുന്നു: “നിങ്ങൾ സുസംഘടിതരല്ലെങ്കിൽ, അടുത്തതായി എന്താണു ചെയ്യേണ്ടത് എന്നു ചിന്തിച്ചുകൊണ്ടു വളരെയധികം സമയം പാഴാക്കും.” അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ സംഘടിതരാകാൻ കഴിയും?
സ്കൂൾപ്രവർത്തനത്തിന്റെ ഒരു സന്തുലിതവീക്ഷണം
ഒന്നാമതായി നിങ്ങൾ സ്കൂൾപ്രവർത്തനത്തെ അതിന്റെ ആപേക്ഷിക സ്ഥാനത്തു നിർത്തണം. “നിങ്ങൾ ഭേദാഭേദങ്ങളെ (കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളെ, NW) വിവേചിപ്പാറാകേണം” എന്നു ബൈബിൾ നമ്മോടു പറയുന്നു. (ഫിലിപ്പിയർ 1:10) നിങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ വാസ്തവത്തിൽ ഏററവും പ്രധാനപ്പെട്ടത് എന്തായിരിക്കണം? അതു നിങ്ങളുടെ ആത്മീയ ഉത്തരവാദിത്വങ്ങളായിരിക്കേണ്ടതല്ലേ? ഇതിനോടുള്ള ബന്ധത്തിൽ യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.” (മത്തായി 6:33) അതർഥമാക്കുന്നതു ക്രിസ്തീയ യോഗങ്ങൾക്കും പ്രാർഥനയ്ക്കും മററുള്ളവരോടുള്ള സുവാർത്താഘോഷണ വേലയ്ക്കും മുൻഗണന കൊടുക്കണമെന്നാണ്.
സ്കൂൾപ്രവർത്തനം അപ്രധാനമാണെന്ന് ഇത് അർഥമാക്കുന്നുണ്ടോ? അശേഷമില്ല. എന്നാൽ ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ, വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യം ഏതെങ്കിലും ഒരു ലൗകിക ജോലിക്കായി നിങ്ങളെ സജ്ജരാക്കുക എന്നതായിരിക്കരുത്. പ്രത്യുത, അതു ദൈവത്തിന്റെ ഒരു ശുശ്രൂഷകൻ എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതവൃത്തിയിൽ ഉപകാരപ്രദമാണെന്നു തെളിയിക്കുന്ന വൈദഗ്ധ്യങ്ങൾ നേടാനായിരിക്കണം. അതേസമയംതന്നെ നിങ്ങൾ സ്വന്തവും, ഒരുപക്ഷേ ഭാവിയിൽ ഒരു കുടുംബത്തിന്റെയും, ഭൗതികാവശ്യങ്ങൾ നിറവേററുന്നതിന് ഒരു ജോലി സമ്പാദിക്കാൻ തക്കവണ്ണം നിങ്ങളെത്തന്നെ ഇപ്പോൾ ഒരുക്കുകയുമാണ്. (1 തെസ്സലൊനീക്യർ 4:11, 12; 1 തിമൊഥെയൊസ് 5:8) ഇതറിയുന്നതു സ്കൂളിൽ ഏററവും മെച്ചമായി പഠിക്കാൻ ശ്രമിക്കുന്നതിനു നിങ്ങളെ സഹായിക്കും. അതോടൊപ്പം നിങ്ങളെത്തന്നെ ആത്മീയമായി ബലിഷ്ഠരായി നിലനിർത്താൻ ഉചിതമായ ശ്രമങ്ങൾ നടത്തുകയും വേണം.
ആത്മീയ ഉത്തരവാദിത്വങ്ങൾ, ഗൃഹജോലികൾ, വിനോദങ്ങൾ, സ്കൂൾപ്രവർത്തനം എന്നിവയ്ക്കായി “സമയം തക്കത്തിൽ ഉപയോഗി”ക്കുന്നത് (വിലയ്ക്കു വാങ്ങുന്നത്, NW) ഒരു യഥാർഥ വെല്ലുവിളിയായിരിക്കാം, എന്നാൽ അതു ചെയ്യാൻ കഴിയുന്നതാണ്.—എഫെസ്യർ 5:15, 16.
ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുന്നതിന്റെ മൂല്യം
നിങ്ങൾ പഠിക്കുന്ന വിധം കൂടുതൽ കാര്യക്ഷമതയുള്ളതാക്കിത്തീർക്കുന്നതാണു സമയം വിലയ്ക്കു വാങ്ങാനുള്ള ഒരു മാർഗം. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളുംa എന്ന പുസ്തകത്തിന്റെ 18-ാം അധ്യായം സഹായകമായ പല നിർദേശങ്ങളും നൽകുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ സ്കൂൾപ്രവർത്തനത്തിനുവേണ്ടി ഒരു പട്ടികയോ ദിനചര്യയോ രൂപപ്പെടുത്താൻ നിങ്ങൾ പരിശ്രമിച്ചിട്ടുണ്ടോ?—ഫിലിപ്പിയർ 3:16 താരതമ്യപ്പെടുത്തുക.
എങ്ങനെ പഠിക്കണം (How to Study) എന്ന തന്റെ പുസ്തകത്തിൽ ഹാരി മാഡക്സ് ഇങ്ങനെ പറയുന്നു: “പഠിക്കുന്നതിലെ ഏററവും സർവസാധാരണമായ ബുദ്ധിമുട്ടു നിസ്സംശയമായും ഏകാഗ്രതയോടെ പഠനമാരംഭിക്കാൻ സാധിക്കാതെവരിക എന്നതാണ്.” നിങ്ങളെ സംബന്ധിച്ചെന്ത്? ചെയ്യാൻ നിങ്ങൾക്കു തോന്നുന്നസമയംവരെയോ കൂടുതൽ സൗകര്യപ്രദമായ സമയംവരെയോ നിങ്ങൾ ഗൃഹപാഠം മാററിവെക്കാറുണ്ടോ? സഭാപ്രസംഗി 11:4 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “കാററിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.”
ഹാരി മാഡക്സ് തുടർന്നുപറയുന്നു: “ധാരാളം സമയം പാഴാക്കിക്കളയാൻ അങ്ങേയററം എളുപ്പമാണ്. നിങ്ങൾ ഒരു നിശ്ചിത സമയം ലക്ഷ്യം വെക്കുന്നില്ലെങ്കിൽ പഠിക്കേണ്ട സമയത്ത് അതു ചെയ്യാതെ ററി.വി. കാണാനോ മാസിക വായിക്കാനോ . . . അല്ലെങ്കിൽ കഴിവുകുറഞ്ഞ വിദ്യാർഥികൾ ഉൾപ്പെടാറുള്ള നൂറുകൂട്ടം കാര്യങ്ങളിലേതെങ്കിലുമൊന്നു ചെയ്യാനോ സമയം ചെലവിടാൻ കൂടുതൽ സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു പട്ടികയുണ്ടായിരിക്കുകയും അതിനോടു പററിനിൽക്കുകയും ചെയ്യുന്നെങ്കിൽ, ധിക്കരിക്കാൻ പാടില്ലാത്ത ഒരു നിയമത്തിന്റെ എല്ലാ ഫലവും അതിന് (പട്ടികയ്ക്ക്) ഉണ്ടായിരിക്കും. സമയം കടന്നുപോകുന്നതോടെ അതിനോടുള്ള പററിച്ചേരൽ ആയാസരഹിതമായിത്തീരുകയും അനുദിന ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമായി നിങ്ങൾ അതിനെ വീക്ഷിക്കാൻ തുടങ്ങുകയും ചെയ്യുന്നു.”
സുസംഘടിതവും സുശിക്ഷിതവുമായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്കൂൾപ്രവർത്തനം കൈകാര്യം ചെയ്യുന്നെങ്കിൽ, നിങ്ങൾക്കു വളരെയധികം സമയം ലഭ്യമായിരിക്കും. നിങ്ങളുടെ ഭാഗത്തെ ശരിയായ ആസൂത്രണത്തിനു നിങ്ങളുടെ സ്കൂൾനിയമനങ്ങൾ പൂർത്തിയാക്കുന്നതും സഭായോഗങ്ങൾക്കു സംബന്ധിക്കുന്നതുപോലുള്ള ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിറവേററുന്നതും തമ്മിലുള്ള ഉരസൽ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കകൂടി ചെയ്യും.
നിങ്ങളുടെ സമയം വ്യവസ്ഥപ്പെടുത്തുക!
നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതും ചെയ്തുതീർക്കേണ്ടതുമായ ഗൃഹജോലികൾ പോലുള്ള മററു സംഗതികളെക്കുറിച്ചെന്ത്? ഇവിടെയും സംഘടിപ്പിക്കൽ അഥവാ വ്യവസ്ഥപ്പെടുത്തലാണ് പ്രധാനം. പിൻവരുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കി നോക്കുക:
ചെയ്യാനുള്ള കാര്യങ്ങളുടെ ഒരു ലിസ്ററു സൂക്ഷിക്കുക. നിങ്ങളോടൊപ്പം ഒരു പോക്കററ്-സൈസ് നോട്ടുബുക്ക് സദാ കൊണ്ടുനടക്കാനാണ് ടൈം-മാനേജ്മെൻറ് കൺസൾട്ടൻറായ സ്റെറഫാനി വിൻസ്ററൺ ശുപാർശ ചെയ്യുന്നത്. “സകല ആശയങ്ങളും, നിയമനങ്ങളും ടെലിഫോൺ വിളികളും പദ്ധതികളും കൈമാറാമെന്നേററ സന്ദേശങ്ങളും—അവ വലുതോ ചെറുതോ, നിസ്സാരമോ പ്രധാനമോ ആയിക്കൊള്ളട്ടെ—ലഭിക്കുമ്പോൾത്തന്നെ” അതിൽ കുറിച്ചിടുക. ഒററ നോട്ടത്തിൽ നിങ്ങളുടെ ലിസ്ററ് ഭയങ്കരമായി തോന്നിയേക്കാം, എന്നാൽ പിൻവരുന്ന നിർദേശങ്ങൾ പാലിക്കുന്നതിനാൽ അതിനെ പിടിയിലൊതുക്കാവുന്ന അവസ്ഥയിലേക്കു വെട്ടിച്ചുരുക്കാൻ നിങ്ങൾക്കു സാധിക്കും.
കാര്യങ്ങൾ മുൻഗണനാക്രമത്തിലാക്കുക. ഇതു യഥാർഥത്തിൽ ചെയ്യപ്പെടേണ്ട കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും. അതേസമയം, അടിയന്തിര സ്വഭാവമില്ലാത്തതോ അല്ലെങ്കിൽ ചെയ്യാൻ നിങ്ങൾക്കു സമയം ലഭിക്കാത്തതോ ആയ സംഗതികളെ ഒഴിവാക്കുകയും ചെയ്യാം.
ഒരു പട്ടിക തയ്യാറാക്കുക. അതേ, നിങ്ങളുടെ ലിസ്ററിനെ ഒരു കർമപരിപാടി—എഴുത്തു പട്ടിക—ആക്കി മാററുക. ഇക്കാര്യത്തിന് ഒരു ചെറിയ പോക്കററ്-സൈസ് കലണ്ടറോ ഡയറിയോ മതിയാകും. ഒരു സന്തുലിത പട്ടിക നിങ്ങളുടെ സ്വാതന്ത്ര്യത്തിൻമേൽ കടിഞ്ഞാണിടുന്നതിനു പകരം സമയത്തിൻമേൽ കൂടുതൽ നിയന്ത്രണമുണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കുകയായിരിക്കും ചെയ്യുക.
യാഥാർഥ്യബോധമുള്ളവരായിരിക്കുക. ചില സംഗതികൾ ഏററവും മെച്ചമായി ചെയ്യാൻ കഴിയുന്നതെപ്പോൾ എന്ന് ഉദ്യമങ്ങളിലൂടെയും പ്രമാദങ്ങളിലൂടെയും മനസ്സിലാക്കുക. ഉദാഹരണത്തിന്, കഴിയുന്നത്ര രാവിലെ, നിങ്ങൾ മാനസികമായി ഉൻമേഷവാൻമാരായിരിക്കുമ്പോൾത്തന്നെ, ഗൃഹപാഠം ചെയ്യുന്നതിനു പട്ടികപ്പെടുത്തുന്നതു പ്രയോജനപ്രദമായി കണ്ടെത്തിയേക്കാം.
എന്നിരുന്നാലും, ജീവിതത്തിലെ ഓരോ നിമിഷത്തെയും നിങ്ങൾ ആസൂത്രണം ചെയ്യേണ്ടതില്ലെന്നു തിരിച്ചറിയുക. അപ്രതീക്ഷിതമായും പൊടുന്നനെയും ഉണ്ടാകാവുന്ന സംഗതികൾക്കായി നിങ്ങളുടെ പട്ടികയെ വഴക്കമുള്ളതാക്കുക. ആവശ്യാനുസരണം മാററങ്ങൾ വരുത്തുക, എന്നാൽ നിങ്ങളുടെ പട്ടികയോടു കഴിയുന്നത്ര പററിനിൽക്കുകയും ചെയ്യുക. ശ്രദ്ധിക്കുക: ഒരു പ്രത്യേക ജോലി പൂർത്തീകരിക്കാൻ നിങ്ങൾക്കാവശ്യമായിവരുന്ന സമയത്തിലും കൂടുതൽ കണക്കാക്കുന്നത് എപ്പോഴും ഉത്തമമായിരിക്കും. സമയത്തിനു മുമ്പേ തീരുന്നെങ്കിൽ നിങ്ങൾക്ക് എല്ലായ്പോഴും പൊരുത്തപ്പെടാൻ കഴിയും.
നിങ്ങളുടേതായ പൂർത്തീകരണത്തീയതികൾ നിശ്ചയിക്കുക. ഒരു കാര്യം ചെയ്തു തീർക്കാൻ അവസാന നിമിഷംവരെ കാത്തിരിക്കാനുള്ള പ്രവണത ഒഴിവാക്കാൻ ഇതു നിങ്ങളെ സഹായിക്കുന്നു. സ്കൂളിൽ നിങ്ങൾക്ക് ഒരു പരിപാടിയുണ്ടെങ്കിൽ അതു സമർപ്പിക്കേണ്ടതിന്റെ തീയതിക്കു നന്നേ മുമ്പുതന്നെ ഒരു പൂർത്തീകരണത്തീയതി വെക്കാൻ പരിശ്രമിക്കുക.
നിങ്ങളുടെ പട്ടികയോടു പററിനിൽക്കാൻ ആത്മശിക്ഷണം നേടുക. അവസാന പരീക്ഷകൾക്കായി വീട്ടിലിരുന്നു പഠിക്കേണ്ടപ്പോൾ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകാൻ നിങ്ങൾ പ്രേരിതനായേക്കാം. എന്നാൽ നിങ്ങളുടെ പഠനത്തിന്റെ കാര്യത്തിൽ ലോഭമായി വിതെച്ചാൽ ഭാവിയിൽ മോശമായ മാർക്കായിരിക്കും നിങ്ങൾ കൊയ്യുക. (2 കൊരിന്ത്യർ 9:6 താരതമ്യപ്പെടുത്തുക.) കൂടാതെ, നിങ്ങൾ ജോലി പൂർത്തീകരിച്ചുകഴിഞ്ഞാൽപ്പിന്നെ ഒഴിവുസമയം മിക്കപ്പോഴും കൂടുതൽ ആസ്വാദ്യമായിരിക്കുകയും ചെയ്യും. ഒരു സഹായകരമായ തത്ത്വം ഇതാണ്, പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നാമത്, വിനോദം പിന്നാലെ.
നിങ്ങൾ തന്നെ പട്ടികയുള്ളവരും സംഘടിതരും ആയിരിക്കുന്നതിനും സമയവും ക്ഷമയും ഗണ്യമായ ആത്മശിക്ഷണവും ആവശ്യമാണ്, എന്നാൽ സകല കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കാനാണു ക്രിസ്ത്യാനികളോടു പറഞ്ഞിരിക്കുന്നത്. (1 കൊരിന്ത്യർ 9:25) ഒരു പട്ടികയോടു പററിനിൽക്കാൻ പഠിക്കുന്നത് ഈ തത്ത്വം ബാധകമാക്കുന്നതിലെ ഒരു നല്ല നടപടിയാണ്. നേട്ടത്തിന്റെ സംതൃപ്തിയും നിങ്ങളുടെ ജീവിതത്തിൻമേൽ കൂടുതലായ നിയന്ത്രണവും നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിനു കൂടുതലായ സമയവുമായിരിക്കും അനന്തരഫലങ്ങൾ.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[15-ാം പേജിലെ ചിത്രം]
ഒരു പഠനപ്പട്ടിക തയ്യാറാക്കി അതിനോടു പററിനിൽക്കുക