ലോലമായ ചിറകുകളിൽമരണം
ഇതു വാർത്താതലക്കെട്ടുകൾ കയ്യടക്കുന്ന ഒരു യുദ്ധമല്ല; എങ്കിൽപ്പോലും ഇത് എണ്ണമററ ലക്ഷക്കണക്കിനു മനുഷ്യ ജീവിതങ്ങളെ അപഹരിച്ചിട്ടുണ്ട്. ഇതു ബോംബുകളും വെടിയുണ്ടകളും ഉപയോഗിച്ചു നടത്തുന്ന ഒരു യുദ്ധമല്ല; എങ്കിലും യാതനകളും ജീവനഷ്ടവും കണക്കാക്കിയാൽ അത്തരം യുദ്ധങ്ങളോടു കിട പിടിക്കുകയോ അവയെ കവച്ചു വയ്ക്കുകയോ ചെയ്യുന്നു. ഈ യുദ്ധത്തിൽ മരണം വരുന്നതു ശത്രുവിന്റെ വൻ ബോംബർ വിമാനങ്ങളിലെ ബോംബറകളിലല്ല, പിന്നെയോ ഒരു പെൺകൊതുകിന്റെ ലോലമായ ചിറകുകളിലാണ്.
നൈജീരിയയിലെഉണരുക! ലേഖകൻ
രാത്രിയാണ്; വീട്ടിലുള്ളവരെല്ലാം ഉറങ്ങുന്നു. കിടക്കമുറിയിലേക്ക് ഒരു കൊതുകു ചിറകടിച്ചെത്തുന്നു, അവളുടെ ചിറകുകൾ ഒരു സെക്കൻറിൽ 200-നും 500-നുമിടയ്ക്ക് അടിക്കുന്നുണ്ട്. അവൾ മനുഷ്യരക്തത്തിനായി ദാഹിക്കുന്നു. അവൾ സാവധാനം ഒരു ബാലന്റെ കൈമേൽ വന്നിരിക്കുന്നു. അവളുടെ ഭാരം ഒരു ഗ്രാമിന്റെ 3⁄1,000 മാത്രമായതുകൊണ്ട് അവൻ കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നില്ല. അപ്പോൾ അവൾ തന്റെ വായുടെ മുള്ളുപോലുള്ള അഗ്രഭാഗത്തെ വാൾമുനപോലെ കൂർത്ത കൊമ്പ് പുറത്തേക്കു നീട്ടുന്നു, അത് അവൾ രക്തക്കുഴലിനുമീതെ കുട്ടിയുടെ തൊലിയിൽ കുത്തിയിറക്കുന്നു. അവളുടെ തലയിലുള്ള രണ്ടു പമ്പുകൾ അവന്റെ രക്തം വലിച്ചെടുക്കുന്നു. അതേസമയംതന്നെ, കൊതുകിന്റെ ഉമിനീർ ഗ്രന്ഥികളിൽനിന്നുള്ള മലമ്പനി പരാദങ്ങൾ കുട്ടിയുടെ രക്തധാരയിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ഉദ്യമം പെട്ടെന്നു തീരുന്നു; അവൻ ഒന്നും അറിയുന്നില്ല. തന്റെ ശരീരഭാരത്തിന്റെ മൂന്നു മടങ്ങോളം അളവിൽ രക്തം കുടിച്ചു വീർത്ത കൊതുക് പറന്നകലുന്നു. അധികനാൾ കഴിയുന്നതിനുമുമ്പു കുട്ടി മരണാസന്നമാംവിധം രോഗിയായിത്തീരുന്നു. അവനു മലമ്പനി പിടിച്ചിരിക്കുന്നു.
കോടിക്കണക്കിനു പ്രാവശ്യം ആവർത്തിച്ചിട്ടുള്ള ഒരു രംഗമാണിത്. ഫലം ഭീമമായ അളവിൽ യാതനയും മരണവുമായിരുന്നിട്ടുണ്ട്. നിസ്സംശയമായും മലമ്പനി മനുഷ്യവർഗത്തിന്റെ ക്രൂരനും നിർദയനുമായ ഒരു ശത്രുവാണ്.
ശത്രുവിനുവേണ്ടിയുള്ള ക്ഷമാപൂർവകമായ അന്വേഷണം
മലമ്പനിക്കെതിരായ പോരാട്ടത്തിൽ സുപ്രധാനമായ കണ്ടുപിടിത്തങ്ങളിലൊന്നു നടത്തിയതു യൂറോപ്പിലെ വലിയ ശാസ്ത്രജ്ഞരല്ല, പിന്നെയോ ഇൻഡ്യ കേന്ദ്രമാക്കി പ്രവർത്തിച്ച ഒരു ബ്രിട്ടീഷ് പട്ടാള സർജനായിരുന്നു. പത്തൊമ്പതാം നൂററാണ്ടിലെ ശാസ്ത്രകാരൻമാരും ഡോക്ടർമാരും, കഴിഞ്ഞ രണ്ടായിരം വർഷത്തെ ധാരണക്കു ചേർച്ചയിൽ ആളുകൾക്കു മലമ്പനി പിടിപെടുന്നതു ചെളിവെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലെ മലിനവായു ശ്വസിക്കുന്നതുകൊണ്ടാണെന്നു നിഗമനം ചെയ്തു. അതിനു വിപരീതമായി, ഒരാളിൽനിന്നു മറെറാരാളിലേക്ക് ഈ രോഗം പകരുന്നതു കൊതുകുകൾ വഴിയാണെന്നു ഡോ. റൊണാൾഡ് റോസ് ഊഹിച്ചു. മമനുഷ്യന്റെ രക്തവ്യൂഹത്തിൽ മലമ്പനി പരാദങ്ങൾ ഉണ്ടെന്ന് അറിവായശേഷംപോലും, ഗവേഷകർ ചതുപ്പുനിലപ്രദേശത്തെ വായുവിലും വെള്ളത്തിലും രോഗഹേതുവിനെപ്പററിയുള്ള തുമ്പു കിട്ടാൻ അന്വേഷണം നടത്തുന്നതിൽ തുടർന്നു. ആ സമയത്തു റോസ് കൊതുകുകളുടെ വയറ് പരിശോധിച്ചു.
അദ്ദേഹത്തിനു പ്രവർത്തിക്കേണ്ടിയിരുന്ന ഏററവും പ്രാകൃതമായ ലാബ് സജ്ജീകരണങ്ങളുടെ കാര്യം പരിചിന്തിക്കുമ്പോൾ, കൊതുകുകളുടെ വയററിലേക്കു നോക്കുകയെന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ കൊതുകിന്റെയും ഈച്ചയുടെയും കൂട്ടങ്ങൾ അദ്ദേഹത്തിനു ചുററും കൂടി, റോസ് പറയുന്നതനുസരിച്ച്, “തങ്ങളുടെ സ്നേഹിതരുടെ മരണത്തിന്” പ്രതികാരം ചെയ്യാൻ ദൃഢതീരുമാനം ചെയ്തമട്ടിൽ.
ഒടുവിൽ, 1897 ആഗസ്ററ് 16-ാം തീയതി, അനോഫിലിസ് കൊതുകിന്റെ ആമാശയ ഭിത്തികളിൽ ഒററരാത്രികൊണ്ടു വലിപ്പം വച്ച ഗോളാകൃതിയിലുള്ള സൂക്ഷ്മാണുക്കളെ റോസ് കണ്ടെത്തി. മലമ്പനി പരാദങ്ങൾ!
“ഒരായിരം മനുഷ്യരെ” രക്ഷിക്കാൻ പോകുന്ന രഹസ്യം താൻ അനാവരണം ചെയ്തതായി സന്തോഷാതിരേകത്തിൽ റോസ് തന്റെ നോട്ടുബുക്കിൽ എഴുതി. അദ്ദേഹം കൊരിന്ത്യർക്കുള്ള ബൈബിൾ പുസ്തകത്തിൽനിന്നുള്ള ഒരു വാക്യവും എഴുതി: “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?”—1 കൊരിന്ത്യർ 15:55 താരതമ്യപ്പെടുത്തുക.
മലമ്പനിയുടെ കെടുതികൾ
മലമ്പനിക്കെതിരായ പോരാട്ടത്തിൽ റോസിന്റെ കണ്ടുപിടിത്തം ഒരു നാഴികക്കല്ലായിരുന്നു, ഈ രോഗത്തിനെതിരെയും അതിനെ വഹിക്കുന്ന ജീവികൾക്കെതിരെയും ഉള്ള മനുഷ്യവർഗത്തിന്റെ പ്രമുഖമായ പ്രഥമ പോരാട്ടത്തിനു വഴിതുറക്കാൻ സഹായിച്ച ഒന്നായിരുന്നു അത്.
ചരിത്രത്തിന്റെ ഏറിയ കാലത്തുടനീളം മലമ്പനി നിമിത്തമുള്ള മനുഷ്യജീവന്റെ നഷ്ടം വലുതും നീണ്ടുനിന്നതുമായിരുന്നു. ക്രിസ്തു ഭൂമിയിൽ വരുന്നതിന് 1,500 വർഷം മുമ്പത്തെ മലമ്പനിയുടെ കൂട്ടസംഹാരത്തെ ഈജിപ്ഷ്യൻ ചിത്രലിഖിതങ്ങളും പാപ്പിറസ് എഴുത്തുകളും സാക്ഷ്യപ്പെടുത്തുന്നു. അതു പുരാതന ഗ്രീസിന്റെ മനോജ്ഞമായ താഴ്വരനഗരങ്ങളിൽ വിനാശം വിതച്ചു. നവയൗവനത്തിൽ തന്നെ മഹാനായ അലക്സാണ്ടറിനെ വെട്ടിവീഴ്ത്തി. അതു റോമൻ നഗരങ്ങൾ ശൂന്യശുഷ്കമാക്കുകയും സമ്പന്നരെ പർവതപ്രാന്തങ്ങളിലേക്കു പലായനം ചെയ്യിക്കുകയും ചെയ്തു. കുരിശുയുദ്ധങ്ങളിലും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലും രണ്ടു ലോകമഹായുദ്ധങ്ങളിലും ഏററുമുട്ടലുകളിൽ മരിച്ചവരെക്കാൾ കൂടുതലാളുകൾ മലമ്പനി ബാധിച്ചു മരിച്ചു.
അഫ്രിക്കയിൽ, “വെള്ളക്കാരന്റെ ശവക്കുഴി” എന്ന അപരനാമം പശ്ചിമാഫ്രിക്കയ്ക്കു നേടിക്കൊടുത്തതു മലമ്പനിയാണ്. വാസ്തവത്തിൽ ആഫ്രിക്കയെ സ്വന്തം കോളനികളാക്കാനുള്ള യൂറോപ്യൻ കിടമത്സരത്തെ ഈ രോഗം അതിശക്തമായി ചെറുത്തതുകൊണ്ട് ഒരു പശ്ചിമാഫ്രിക്കൻ സർവകലാശാല ഈ കൊതുകിനെ ഒരു ദേശീയ നായകനായിവരെ പ്രഖ്യാപിച്ചു! മധ്യഅമേരിക്കയിൽ പനാമാകനാൽ പണിയാനുള്ള ഫ്രഞ്ച് ഉദ്യമങ്ങളെ പരാജയപ്പെടുത്താൻ മലമ്പനി ഇടയാക്കി. തെക്കേ അമേരിക്കയിലെ ബ്രസ്സീലിൽ മാംമോറേ-മഡൈയ്റ റെയിൽപ്പാതയുടെ നിർമാണത്തിൽ പാളങ്ങളുടെ കുറുകെ താങ്ങുതടി ഇട്ടപ്പോഴും മലമ്പനി ഒരു മാനുഷജീവൻ അപഹരിച്ചതായി പറയപ്പെടുന്നു.
ജയിക്കാനുള്ള പോരാട്ടം
എന്നാൽ മലമ്പനിക്കെതിരെയാണെന്നറിഞ്ഞുകൊണ്ടല്ലാതുള്ള, കൊതുകിനെതിരായ ആക്രമണം സഹസ്രാബ്ദങ്ങളോളം വ്യാപിച്ചു കിടക്കുന്നു. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 16-ാം നൂററാണ്ടിൽ ഈജിപ്ററുകാർ ബലാനൈററ്സ് വിൽസോണിയാന എന്ന വൃക്ഷത്തിൽനിന്നുള്ള എണ്ണ ഒരു കൊതുക് പ്രതിരോധകം എന്ന നിലയിൽ ഉപയോഗിച്ചിരുന്നു. ആയിരം വർഷത്തിനുശേഷം, പ്രാണികളെ അകററിനിർത്താൻ ഈജിപ്ററിലെ മീൻപിടുത്തക്കാർ തങ്ങളുടെ വലകൾ രാത്രികാലങ്ങളിൽ കിടക്കയ്ക്കുചുററും ചുററിയിരുന്നതായി ഹെറോഡോട്ടസ് എഴുതി. പതിനേഴു നൂററാണ്ടുകൾ കഴിഞ്ഞ്, ഇൻഡ്യയിലെ സമ്പന്ന നിവാസികൾ രാത്രിയിൽ ആസകലം മൂടാൻ കഴിയുന്ന സംരക്ഷക കർട്ടനുകൾ ഉള്ള കിടക്കമേൽ ഉറങ്ങിയിരുന്നതായി മാർക്കോ പോളോ റിപ്പോർട്ടു ചെയ്തു.
മററിടങ്ങളിലും യഥാർഥ മൂല്യമുള്ള സ്വാഭാവിക പ്രതിവിധികൾ മനുഷ്യർ കണ്ടുപിടിച്ചു. സമീപവർഷങ്ങളിൽ വീണ്ടും കണ്ടെത്തിയിരിക്കുന്ന ഒരു ഔഷധ സസ്യമായ ചിംങ്ഹ്വാസു എന്ന ചെടി ഉപയോഗിച്ചു ചൈനയിൽ 2,000 വർഷത്തിനുമേൽ മലമ്പനിയെ വിജയപ്രദമായി ചികിത്സിച്ചിരുന്നു. തെക്കേ അമേരിക്കയിൽ പെറൂവിയൻ ഇൻഡ്യാക്കാർ കൊയിനാമരത്തിന്റെ [cinchona tree] തൊലി ഉപയോഗിച്ചിരുന്നു. പതിനേഴാം നൂററാണ്ടിൽ കൊയിനാമരം യൂറോപ്പിൽ എത്തി, 1820-ൽ പാരീസിലെ മരുന്നു വ്യാപാരികൾ അതിൽനിന്നു ക്വിനൈൻ എന്നു വിളിക്കപ്പെടുന്ന ഒരു ക്ഷാരവത്ത് [alkaloid] വേർതിരിച്ചെടുത്തു.
പുതിയ ആയുധങ്ങൾ
മലമ്പനിയെ തടയുന്നതിലും ചികിത്സിക്കുന്നതിലുമുള്ള ക്വിനൈന്റെ മൂല്യം താമസിച്ചേ വിലമതിക്കപ്പെട്ടുള്ളു, എന്നാൽ അതിന്റെ മൂല്യം വിലമതിക്കപ്പെടാൻ തുടങ്ങിയപ്പോൾ, ഒരു ശതകക്കാലം അതു ശുപാർശ ചെയ്യപ്പെടുന്ന മരുന്നായി മാറി. പിന്നീട്, രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രാരംഭത്തിൽ, ജപ്പാൻ സൈന്യം വിദൂര പൂർവദേശത്തെ പ്രധാനപ്പെട്ട കൊയിനാമരത്തോട്ടങ്ങൾ പിടിച്ചെടുത്തു. തത്ഫലമായി ഐക്യനാടുകളിലുണ്ടായ ക്വിനൈന്റെ രൂക്ഷമായ ക്ഷാമം, മലമ്പനിയെ ചെറുത്തുനിൽക്കുന്ന ഒരു കൃത്രിമമരുന്നു വികസിപ്പിച്ചെടുക്കുന്നതിനുള്ള തീവ്രമായ ഗവേഷണത്തിന് ഉത്തേജനം നൽകി. അതിന്റെ ഫലം, സുരക്ഷിതവും വളരെ ഫലപ്രദവും ചെലവു കുറഞ്ഞവിധത്തിൽ നിർമിക്കാൻ കഴിയുന്നതുമായ ക്ലോറോക്വിൻ എന്ന മരുന്നായിരുന്നു.
ക്ലോറോക്വിൻ പെട്ടെന്നുതന്നെ മലമ്പനിക്കെതിരായ ഒരു പ്രമുഖ ആയുധമായിത്തീർന്നു. കൂടാതെ 1940-കളിൽ ശക്തിയേറിയ കൊതുകു സംഹാരിയായ ഡിഡിററി [DDT] എന്ന കീടനാശിനിയും അവതരിപ്പിക്കപ്പെട്ടു. ഡിഡിററി ഡൈക്ലോറോഡൈഫിനൈൽട്രൈക്ലോറോഈഥേൻ എന്നതിന്റെ ഹ്രസ്വരൂപമാണ്. തളിക്കുന്ന സമയത്തു ഡിഡിററി കൊതുകുകളെ കൊല്ലുക മാത്രമല്ല, തളിച്ച ഭിത്തിമേലുള്ള അതിന്റെ അവശിഷ്ടം പിന്നീടു പ്രാണികളെ നശിപ്പിക്കുകയും ചെയ്യുന്നു.
ശുഭാപ്തിവിശ്വാസത്തോടെയുള്ള പ്രത്യാക്രമണം
രണ്ടാം ലോകമഹായുദ്ധാനന്തരം, ശാസ്ത്രജ്ഞൻമാർ ഡിഡിററിയും ക്ലോറോക്വിനുംകൊണ്ടു സായുധരായി മലമ്പനിക്കും കൊതുകുകൾക്കുമെതിരെ ഒരു പ്രത്യാക്രമണം സംഘടിപ്പിച്ചു. പോരാട്ടം രണ്ടു വിധങ്ങളിൽ നടത്തേണ്ടിയിരുന്നു—മനുഷ്യശരീരത്തിലുള്ള പരാദങ്ങളെ നശിപ്പിക്കാൻ മരുന്നുകൾ ഉപയോഗിച്ചും അതേസമയം കൊതുകുകളെ നശിപ്പിക്കാൻ കീടനാശിനികൾ ധാരാളം തളിച്ചുകൊണ്ടും.
ലക്ഷ്യം സമ്പൂർണ വിജയമായിരുന്നു. മലമ്പനി നിശ്ശേഷം തുടച്ചുനീക്കപ്പെടാൻ പോവുകയായിരുന്നു. ആക്രമണത്തിനു നേതൃത്വം നൽകിയത് നിർമാർജന പരിപാടിക്ക് ഉയർന്ന പരിഗണന നൽകിയ, പുതുതായി സ്ഥാപിതമായ ലോകാരോഗ്യസംഘടന (WHO) ആയിരുന്നു. ലോകാരോഗ്യസംഘടനയുടെ ദൃഢനിശ്ചയത്തിനു സാമ്പത്തിക പിന്തുണ ലഭിച്ചു. ആഗോള യജ്ഞത്തിൽ 1957-നും 1967-നും ഇടയിൽ രാഷ്ട്രങ്ങൾ 140 കോടി ഡോളർ ചെലവഴിച്ചു. പ്രാരംഭഫലങ്ങൾ ശ്രദ്ധേയമായിരുന്നു. യൂറോപ്പിലും വടക്കേ അമേരിക്കയിലും സോവിയററ് യൂണിയനിലും ആസ്ട്രേലിയയിലും തെക്കേ അമേരിക്കയിലെ ചില രാജ്യങ്ങളിലും ഈ രോഗം കീഴടങ്ങി. മലമ്പനിക്കെതിരെ പൊരുതുന്ന ഒരു വിദഗ്ധ പ്രൊഫസ്സറായ എൽ. ജെ. ബ്രൂഷ്വാററ് ഇപ്രകാരം അനുസ്മരിച്ചു: “സമാധാനപൂർണമായ ആ നാളുകളിൽ ലോകത്തുടനീളം നിർമാർജനം എന്ന ആശയം ഉളവാക്കിയ വലിയ ഉത്സാഹത്തെ വർണിക്കുക ഇന്നു പ്രയാസമായിരിക്കും.” മലമ്പനി തളർന്നടിയുകയായിരുന്നു! ലോകാരോഗ്യസംഘടന ഇപ്രകാരം അഹങ്കരിച്ചു: “മലമ്പനി നിർമാർജനം നമ്മുടെ വരുതിയിലൊതുങ്ങിയ യാഥാർഥ്യമായിത്തീർന്നിരിക്കുന്നു.”
മലമ്പനിയുടെ പ്രത്യാക്രമണം
എന്നാൽ വിജയം പിന്നെയും വഴുതിപ്പോയി. രാസവസ്തുക്കളുടെ ആക്രമണത്തെ അതിജീവിച്ച കൊതുകുകളുടെ തലമുറകൾ കീടനാശിനികൾക്കെതിരെ കൂടുതൽ പ്രതിരോധശേഷിയുള്ളവരായിത്തീർന്നു. മേലാൽ ഡിഡിററി മുമ്പത്തെപ്പോലെ അത്രയെളുപ്പം അവയെ കൊല്ലുന്നില്ല. അതുപോലെതന്നെ, മനുഷ്യരിലെ മലമ്പനി പരാദങ്ങൾ ക്ലോറോക്വിനെതിരെ പ്രതിരോധശേഷി ആർജിച്ചുകഴിഞ്ഞിരുന്നു. ഇവയും മററുചില പ്രശ്നങ്ങളും വിജയം സുനിശ്ചിതമെന്നു കരുതിയിരുന്ന ചില നാടുകളിൽ അതിന്റെ ഭയങ്കരമായ തിരിച്ചുവരവിനു കാരണമായിത്തീർന്നു. ദൃഷ്ടാന്തത്തിന്, 1963-ൽ മലമ്പനി അന്തിമമായി തുടച്ചുനീക്കി എന്നു വിചാരിച്ചിരുന്ന ശ്രീലങ്ക, കേവലം അഞ്ചു വർഷത്തിനുശേഷം ലക്ഷങ്ങളെ ബാധിക്കുന്ന പകർച്ചവ്യാധി അനുഭവിച്ചു.
ആയിരത്തിത്തൊള്ളായിരത്തറുപത്തൊമ്പത് ആയപ്പോഴേക്കു മലമ്പനി ജയിച്ചടക്കാൻ കഴിയാത്ത ഒരു ശത്രുവാണെന്നു പരക്കെ അംഗീകരിക്കപ്പെട്ടു. “നിർമാർജനം” എന്ന വാക്കിനു പകരം “നിയന്ത്രണം” എന്ന പദം പ്രയോഗത്തിൽ വന്നു. “നിയന്ത്രണം” എന്നതിനാൽ എന്താണ് അർഥമാക്കുന്നത്? ലോകാരോഗ്യസംഘടനയുടെ മലമ്പനി വിഭാഗത്തിന്റെ തലവനായ ഡോ. ബ്രയൻ ഡോബർസ്ററിൻ ഇങ്ങനെ വിശദീകരിക്കുന്നു: “ഇപ്പോൾ നമുക്കു ചെയ്യാൻ കഴിയുന്നതു മരണവും ദുരിതവും ഒരു ന്യായമായ പരിധിയിൽ ഒതുക്കി നിർത്തുക എന്നതാണ്.”
ലോകാരോഗ്യസംഘടനയുടെ മറെറാരു ഉദ്യോഗസ്ഥൻ ഇവ്വണ്ണം വിലപിക്കുന്നു: “1950-കളിലെ മലമ്പനി നിർമാർജന ശ്രമങ്ങൾക്കും കീടങ്ങൾക്കെതിരെയുള്ള ഡിഡിററിയുടെ ഉപയോഗത്തിനും ശേഷം അന്തർദേശീയ സമൂഹത്തിന് ആലസ്യം ബാധിച്ചിരിക്കുന്നു.” ദാരിദ്ര്യവും അടിസ്ഥാനസംവിധാനങ്ങളുടെ [infrastructure] കുറവും മരുന്നുകളോടും കീടനാശിനികളോടും ഉള്ള ചെറുത്തുനിൽപ്പും രോഗത്തിന്റെ മുന്നേററത്തിലേക്കു നയിച്ചിരിക്കുന്നു. വാസ്തവത്തിൽ, രോഗം നമ്മെ ജയിച്ചടക്കിയിരിക്കുന്നു.”
ഇനിയും മറെറാരു ഘടകം മരുന്നുകമ്പനികൾ തങ്ങളുടെ ഗവേഷണത്തിൽനിന്നു പിൻമാറിയിരിക്കുന്നു എന്നതാണ്. ഒരു മലമ്പനി ശാസ്ത്രജ്ഞൻ ഇപ്രകാരം പറഞ്ഞു: “വളരെയധികം മുതൽമുടക്കു വേണ്ടിവരുന്നു എന്നതാണു പ്രശ്നം, എന്നാൽ ലാഭം പൂജ്യം, പ്രോത്സാഹനം ശൂന്യം.” അതേ, പല പോരാട്ടങ്ങളിൽ വിജയിച്ചിട്ടുണ്ടെങ്കിലും മലമ്പനിക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ചിട്ടില്ല. എന്നുവരികിലും, “‘എനിക്കു രോഗമാണ്’ എന്ന് ഒരു നിവാസിയും പറയാത്ത,” വളരെ സമീപമായിരിക്കുന്ന ഒരു കാലത്തേക്കു ബൈബിൾ വിരൽ ചൂണ്ടുന്നു. (യെശയ്യാവ് 33:24, NW) അതുവരെ പിന്നെയും രോഗവും മരണവും ലോലമായ ചിറകുകളിൽ വന്നെത്തും. (g93 5⁄8)
[അടിക്കുറിപ്പുകൾ]
“മലമ്പനി” [ഇംഗ്ലീഷ്, മലേറിയ] എന്ന പദം വരുന്നത് മാലാ (മോശമായ) ഏറിയ (വായു) എന്ന ഇററാലിയൻ പദത്തിൽനിന്നാണ്.
ഡിഡിററി പരിസ്ഥിതിക്കു ദോഷം ചെയ്യുന്നുവെന്നു കണ്ടതിനാൽ അത് 45 രാജ്യങ്ങളിൽ നിരോധിക്കുകയോ ശക്തമായി നിയന്ത്രിക്കുകയോ ചെയ്തിരിക്കുകയാണ്.
[25-ാം പേജിലെ ചതുരം]
കൊതുക് മനുഷ്യനെതിരെ
നൂറു രാജ്യങ്ങളിലായി അതു മാനവരാശിയുടെ ഏതാണ്ടു പകുതിയെത്തന്നെ ഭീഷണിപ്പെടുത്തുന്നു, ഏറെയും ഉഷ്ണമേഖലാപ്രദേശത്ത്. വിശേഷിച്ച് ആഫ്രിക്ക അതിന്റെ ശക്തിദുർഗമാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ കൊതുകുകൾ കയറിക്കൂടുന്നതായും അന്തർദേശീയ വിമാനത്താവളങ്ങൾക്കു സമീപം വസിക്കുന്ന അളുകളെ അതു ബാധിച്ചതായും അറിവായിട്ടുണ്ട്
രോഗം വിതച്ച വിപത്ത്. ഓരോ വർഷവും 20 ലക്ഷത്തോളം ആളുകളെ കൊന്നുകൊണ്ട് അത് 27 കോടി ആളുകളെ ബാധിക്കുന്നു. വിശേഷിച്ചു ഗർഭിണികൾക്കും കുട്ടികൾക്കും അതു മാരകമാണ്, ബാലജനങ്ങളെ ഓരോ മിനിററിലും ശരാശരി രണ്ട് എന്ന കണക്കിന് അതു കൊല്ലുന്നു.
ഉഷ്ണമേഖലാ പ്രദേശങ്ങൾ സന്ദർശിക്കുന്നവരെ അത് ആക്രമിക്കുന്നു. പ്രതിവർഷം “ഇറക്കുമതി ചെയ്യപ്പെടുന്ന” മലമ്പനിയുടെ ഏതാണ്ട് 10,000 കേസുകൾ യൂറോപ്പിലും 1,000-ത്തിലധികം കേസുകൾ തെക്കേ അമേരിക്കയിലും റിപ്പോർട്ടു ചെയ്യപ്പെടുന്നു.
തന്ത്രങ്ങൾ. പെൺ അനോഫിലിസ് കൊതുകുകൾ മുഖ്യമായും രാത്രിയിലാണു മനുഷ്യരിൽ രോഗപ്പകർച്ച നടത്തുന്നത്. രക്തപ്പകർച്ചയിലൂടെയും ചിലപ്പോൾ മലിനമായ സൂചികളിലൂടെയും മലമ്പനി പകരുന്നു.
അടുത്ത കാലത്തു മാത്രമാണു പ്രത്യാക്രമണം നടത്താൻ മനുഷ്യന് അറിവും മാർഗവും ഉണ്ടായത്. ഈ ബാധയെ ജയിച്ചടക്കാൻ ശ്രമിക്കുന്ന 105 രാജ്യങ്ങളുടെ സംയുക്തശ്രമങ്ങൾ ഉണ്ടായിരുന്നിട്ടുപോലും മനുഷ്യവർഗം പോരാട്ടത്തിൽ പരാജയമടയുകയാണ്.
[26-ാം പേജിലെ ചതുരം/ചിത്രം]
കൊതുകുകടിക്കതിരെ ജാഗ്രത പാലിക്കുക
ഒരു വലയാൽ ആവരണം ചെയ്ത കിടക്കയിൽ ഉറങ്ങുക. കീടനാശിനികൾ തളിച്ച വലകൾ ഏററവും ഉചിതമാണ്.
ലഭ്യമെങ്കിൽ രാത്രിയിൽ എയർ കണ്ടീഷണർ ഉപയോഗിക്കുക അല്ലെങ്കിൽ വലകൾ തറച്ച ജനാലകളും വാതിലുകളുമുള്ള മുറികളിൽ ഉറങ്ങുക. വലകൾ ഇല്ലെങ്കിൽ വാതിലുകളും ജനാലകളും അടച്ചിടുക.
സൂര്യാസ്തമയശേഷം നീണ്ട കൈയുള്ള ഉടുപ്പും ഇറക്കമുള്ള നിക്കറും ധരിക്കുന്നത് കൊള്ളാം. ഇരുണ്ട നിറം കൊതുകുകളെ ആകർഷിക്കുന്നു.
തുണിയാൽ സംരക്ഷിക്കപ്പെടാത്ത ശരീരഭാഗങ്ങളിൽ കീടങ്ങളെ അകററുന്ന പ്രതിരോധകങ്ങൾ പുരട്ടുക. ഡൈഈഥേൽടൊളുവാമൈഡോ [ഡീററ്] ഡൈമീഥേൽ താലേറേറാ [താലിക് ആസിഡിന്റെ ഉപ്പോ എസ്റററോ] അടങ്ങിയ ഒരു പ്രതിരോധകം തിരഞ്ഞെടുക്കുക.
കൊതുകിനെതിരെയുള്ള സ്പ്രേയോ കീടനാശിനി ഉപകരണമോ കൊതുകുതിരിയോ ഉപയോഗിക്കുക.
ഉറവിടം: ലോകാരോഗ്യസംഘടന
[കടപ്പാട്]
എച്ച്. ആംസ്ട്രോങ് റോബർട്ട്സ്
[27-ാം പേജിലെ ചതുരം]
“ഒരു ‘മാന്ത്രിക വെടിയുണ്ടയുമില്ല’”
സമ്പൂർണ വിജയം എന്ന പ്രതീക്ഷ വിദൂരമെന്നു തോന്നുമ്പോൾത്തന്നെ മലമ്പനിക്കെതിരായ പോരാട്ടം തുടരുന്നു. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിയൊന്ന് ഒക്ടോബറിൽ കോംഗോയിലെ ബ്രസ്സവിലയിൽ നടന്ന മലമ്പനിയെക്കുറിച്ചുള്ള ഒരു അന്തർദേശീയ ചർച്ചാസമ്മേളനത്തിൽ ലോകാരോഗ്യസംഘടനയുടെ പ്രതിനിധികൾ രോഗം “ഒടുക്കിയേതീരൂ” എന്ന മനോഭാവത്തിൽനിന്ന് പിൻവാങ്ങാൻ ആഹ്വാനം ചെയ്യുകയും മലമ്പനിയെ നിയന്ത്രിക്കാനുള്ള ഗോളവ്യാപകമായ പുതിയോരു സംയുക്തയജ്ഞത്തിനു ശുപാർശ ചെയ്യുകയുമുണ്ടായി. അത്തരം ഉദ്യമങ്ങൾ എത്ര വിജയപ്രദമായിരിക്കും?
“മലമ്പനിക്കെതിരെ ഒരു ‘മാന്ത്രിക വെടിയുണ്ടയുമില്ല’” എന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഹിരോഷി ഈ അടുത്തയിടെ പ്രസ്താവിച്ചു. “അതുകൊണ്ടു നാം അനേകവിധങ്ങളിൽ ഇതിനെതിരെ പൊരുതണം.” അടുത്തകാലത്തു വളരെയേറെ പ്രചാരം ലഭിച്ചിട്ടുള്ള മൂന്നു പോരാട്ടവിധങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു:
പ്രതിരോധമരുന്നുകൾ. മലമ്പനിക്കെതിരായ ഒരു മരുന്നു കണ്ടുപിടിക്കാൻ ശാസ്ത്രകാരൻമാർ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്, ഗവേഷണത്തിലെ “പെട്ടെന്നുള്ള വൻ മുന്നേററത്തെ”ക്കുറിച്ചു വാർത്താമാധ്യമങ്ങൾ ഇടക്കിടയ്ക്കു റിപ്പോർട്ടു ചെയ്യാറുമുണ്ട്. അനുചിതമായ ശുഭാപ്തിവിശ്വാസത്തെ അമർച്ചചെയ്തുകൊണ്ട്, “സമീപഭാവിയിൽ മലമ്പനിയെ ചെറുത്തുനിൽക്കുന്ന ഒരു മരുന്നു [vaccine] ലഭിക്കും എന്ന മിഥ്യാബോധ”ത്തിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകുന്നു.
മലമ്പനി പരാദത്തെ നശിപ്പിക്കാനുള്ള മമനുഷ്യന്റെ രോഗപ്രതിരോധ വ്യവസ്ഥയുടെ ശ്രമങ്ങളെ ഒഴിഞ്ഞുമാറുന്നതിൽ ഈ പരാദങ്ങൾ വളരെ സമർഥമായി വിജയിക്കുന്നു എന്നതാണ് ഒരു പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കുന്നതിലെ പ്രശ്നങ്ങളിലൊന്ന്. അനേകവർഷത്തെ തുടരെയുള്ള ആക്രമണത്തിനുശേഷം പോലും അളുകൾ ഈ രോഗത്തിനെതിരെ പരിമിതമായ പ്രതിരോധശേഷിയേ ആർജിക്കുന്നുള്ളു. അററ്ലാൻറയിലെ രോഗനിയന്ത്രണത്തിനായുള്ള യൂ.എസ്. കേന്ദ്രത്തിലെ ഒരു സാംക്രമികരോഗവിദഗ്ദ്ധനായ ഡോ. ഹാൻസ് ലോബെൽ ഇപ്രകാരം പറയുന്നു: “കേവലം കുറെ ആക്രമണങ്ങൾക്കുശേഷം നിങ്ങൾ രോഗപ്രതിരോധശേഷി ആർജിക്കുന്നില്ല. അതുകൊണ്ട് [ഒരു പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ] നിങ്ങൾ സ്വഭാവത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്.”
മരുന്നുകൾ. ഇപ്പോഴത്തെ മരുന്നുകൾക്കെതിരെ മലമ്പനി പരാദത്തിനു പ്രതിരോധശേഷി ഏറിവരുന്നതുകൊണ്ട്, ചൈനീസ് ഔഷധച്ചെടിയിൽനിന്നു പിഴിഞ്ഞെടുക്കുന്ന ചിംങ്ഹ്വാസുവിൽനിന്ന് ലഭിക്കുന്ന ആർട്ടീഥർ എന്നു വിളിക്കപ്പെടുന്ന ഒരു പുതിയ മരുന്ന് ലോകാരോഗ്യസംഘടന പ്രോത്സാഹിപ്പിക്കുകയാണ്. ലോകസമൂഹത്തിന് അടുത്ത പത്തു വർഷത്തിനുള്ളിൽ ലഭ്യമായേക്കാവുന്ന പ്രകൃതി മരുന്നുകളുടെ തികച്ചും പുതിയ ഒരു വർഗത്തിന്റെ ഉറവിടമായേക്കാം ചിംങ്ഹ്വാസു എന്നു ലോകാരോഗ്യസംഘടന പ്രത്യാശിക്കുന്നു.
കൊതുകുവലകൾ. കൊതുകിനെതിരെയുള്ള രണ്ടായിരം വർഷം പഴക്കമുള്ള ഈ സംരക്ഷണരീതി ഇപ്പോഴും ഫലപ്രദമാണ്. മലമ്പനി പരത്തുന്ന കൊതുകുകൾ സാധാരണമായി രാത്രിയിലാണ് ആക്രമിക്കുന്നത്, വല അവയെ അകററിനിർത്തുന്നു. പെർമീത്രിൻ പോലുള്ള കീടനാശിനിയിൽ മുക്കിയ വലകൾ ഏറെ ഫലപ്രദമാണ്. ലായനിയിൽ മുക്കിയ വലകൾ ഉപയോഗിക്കുന്നിടത്ത് മലമ്പനി അത്യാഹിതങ്ങൾ 60 ശതമാനത്തോളം കുറഞ്ഞതായി ആഫ്രിക്കയിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ചിംങ്ഹ്വാസു, ആർട്ടിമിസിയ അന്നുവ എന്ന ശാസ്ത്രനാമമുള്ള കാഞ്ഞിരത്തിൽനിന്നു വേർതിരിച്ചെടുക്കുന്നതാണ്.
[28-ാം പേജിലെ ചതുരം/ചിത്രം]
ഉഷ്ണമേഖലാ പ്രദേശത്തേക്കു യാത്ര പോകുകയാണോ?
മലമ്പനി ഒരു ഭീഷണിയായിരിക്കുന്ന ഒരു പ്രദേശത്തേക്കു യാത്രചെയ്യാൻ നിങ്ങൾ ആസൂത്രണം ചെയ്യുന്നെങ്കിൽ പിൻവരുന്നതു ചെയ്യണം:
1. നിങ്ങളുടെ ഡോക്ടറുമായി അല്ലെങ്കിൽ രോഗപ്രതിരോധ കുത്തിവെപ്പു കേന്ദ്രവുമായി ബന്ധപ്പെടുക.
2. നിങ്ങൾക്കു ലഭിക്കുന്ന നിർദേശങ്ങൾ കൃത്യമായി പിൻപററുക, മലമ്പനിക്കെതിരായ ഒരു മരുന്നു നിങ്ങൾ ഉപയോഗിക്കുന്നെങ്കിൽ മലമ്പനി ബാധയുള്ള പ്രദേശം വിട്ടശേഷവും നാലാഴ്ചത്തേക്ക് അതു തുടർന്നു കഴിക്കുക.
3. കൊതുകുകടി കൊള്ളാതെ സൂക്ഷിക്കുക.
4. മലമ്പനിയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക: പനി, തലവേദന, പേശീവേദന, ഛർദി, അല്ലെങ്കിൽ അതിസാരം അല്ലെങ്കിൽ ഇവയെല്ലാം. മലമ്പനിക്കെതിരായ മരുന്നുകൾ ഉപയോഗിച്ചിരുന്നാൽപ്പോലും മലമ്പനി ബാധയുള്ള പ്രദേശത്തുനിന്നു നിങ്ങൾ പോയശേഷം ഒരുവർഷംവരെയുള്ള കാലയളവിനുള്ളിൽ അതു വീണ്ടും പ്രത്യക്ഷപ്പെടാമെന്നു മനസ്സിൽ പിടിക്കുക.
5. നിങ്ങൾക്കു രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുക. ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടശേഷം മലമ്പനി വഷളാകാനും 48 മണിക്കൂറിൽക്കുറഞ്ഞ സമയംകൊണ്ടു മരണത്തിനിടയാക്കാനും കഴിയും.
ഉറവിടം: ലോകാരോഗ്യസംഘടന.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
H. Armstrong Roberts