ഏകാന്തത അതിനോടു പൊരുതി ജയിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവോ?
നിങ്ങൾ ഏകാന്തനാണോ? നിങ്ങൾ വിവാഹിതനോ അവിവാഹിതനോ, സ്ത്രീയോ പുരുഷനോ, വൃദ്ധനോ യുവാവോ ആരായിരുന്നാലും ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടുന്നതു സ്വാഭാവികമായിരിക്കുന്ന അവസരങ്ങളുണ്ട്. ഒററയ്ക്കായിരിക്കുന്നത് അവശ്യം ഏകാന്തത ഉളവാക്കുന്നില്ല എന്നു മനസ്സിലാക്കുക. ഒററയ്ക്കു ഗവേഷണത്തിൽ മുഴുകിയിരിക്കുന്ന ഒരു പണ്ഡിതന് ഏകാന്തത അനുഭവപ്പെടുന്നില്ല. തനിച്ചിരുന്നു ചിത്രരചന നടത്തുന്ന ഒരു കലാകാരന് ഏകനാണെന്നു തോന്നാനുള്ള അവസരമില്ല. അവർ ഏകാന്തമായ നിമിഷത്തെ സ്വാഗതം ചെയ്യുന്നു, ഏകാന്തതയാണ് അവരുടെ ഉത്തമ സുഹൃത്ത്.
യഥാർഥത്തിലുള്ള ഏകാന്തതയുടെ തോന്നൽ രൂപം കൊള്ളുന്നതു നമ്മുടെ ഉള്ളിൽനിന്നുതന്നെയാണ്, പുറമേനിന്നല്ല. മരണം, വിവാഹമോചനം, തൊഴിൽ നഷ്ടം, ഏതെങ്കിലും അത്യാഹിതം എന്നിങ്ങനെ ദുഃഖമുളവാക്കുന്ന ഏതെങ്കിലും സംഭവത്താൽ ഏകാന്തത ആരംഭിച്ചേക്കാം. നമ്മുടെ ആന്തരികലോകത്തെ നാം ശോഭനമായി പ്രകാശിപ്പിക്കുമ്പോൾ ആ ഏകാന്തത ലഘൂകരിക്കാവുന്നതാണ്, ഒരുപക്ഷേ കാലക്രമത്തിൽ അതു ഇല്ലാതാകുക പോലും ചെയ്തേക്കാം. അങ്ങനെ നമ്മെ ബാധിച്ച ആ നഷ്ടത്തോടു പൊരുത്തപ്പെടാൻ, അതിനെ സഹിച്ചുനിൽക്കാൻ നമുക്കു കഴിയും.
വികാരങ്ങൾ ഉണ്ടാകുന്നതു ചിന്തകളിൽനിന്നാണ്. ഉണ്ടായ ഒരു നഷ്ടത്തോടു പൊരുത്തപ്പെട്ട് അതുളവാക്കിയ വികാരങ്ങൾ കെട്ടടങ്ങിക്കഴിഞ്ഞാൽ പിന്നെയുള്ള സമയം ഊർജസ്വലമായി ജീവിതം തുടരാൻ നിങ്ങളെ അനുവദിക്കുന്ന പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകൾക്കു പ്രാമുഖ്യത നൽകാനുള്ളതാണ്.
നിങ്ങളേത്തന്നെ കർമോദ്യുക്തമാക്കുക. സ്വയം നിയന്ത്രണം ഉണ്ടായിരിക്കുക. ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ടു തുറന്ന് ഇടപെടുക. ആർക്കെങ്കിലും ഫോൺ ചെയ്യുക. കത്തെഴുതുക. ഒരു പുസ്തകം വായിക്കുക. ആളുകളെ നിങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുക. ആശയങ്ങൾ കൈമാറുക. സ്നേഹിതർ ഉണ്ടായിരിക്കുന്നതിനു നിങ്ങൾത്തന്നെ സൗഹൃദമനോഭാവം കാണിക്കണം. മററുള്ളവരിലേക്കു എത്തിച്ചേരുന്നതിന് ആദ്യം നിങ്ങളിലേക്കുതന്നെ എത്തിച്ചേരുക. ചെറിയ ചെറിയ ദയാപ്രവൃത്തികൾ ചെയ്യുക. മററുള്ളവരുമായി ആശ്വാസപ്രദമായ ചില ആത്മീയ വിജ്ഞാനനുറുങ്ങുകൾ പങ്കുവയ്ക്കുക. “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ ഏറെ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന യേശുവിന്റെ വാക്കുകൾ സത്യമാണെന്നു നിങ്ങൾ മനസ്സിലാക്കും. “തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും” എന്ന സാരവത്തായ മറെറാരു സത്യവും നിങ്ങൾ മനസ്സിലാക്കും.—പ്രവൃത്തികൾ 20:35, NW; സദൃശവാക്യങ്ങൾ 11:25.
അതു നിങ്ങളുടെ ഉത്തരവാദിത്വമാണ്
അതു ചെയ്യുക വിഷമമാണോ? പറയാൻ എളുപ്പമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടാകും? മൂല്യവത്തായ ഏതു കാര്യവും പറയാൻ എളുപ്പമാണ്. അതുകൊണ്ടാണ് അതു ചെയ്യുന്നതു നിങ്ങളെ സംതൃപ്തരാക്കുന്നത്. നിങ്ങൾ പ്രത്യേക ശ്രമം നടത്തേണ്ടതുണ്ട്. നൽകുമ്പോൾ നിങ്ങളുടെ ഒരു ഭാഗം അതിൽ ഉൾപ്പെടുന്നു, സംതൃപ്തിയും സന്തോഷവും നിങ്ങളുടെ ഉള്ളിൽ നിറഞ്ഞു കവിയും. നിങ്ങളെ ഭരിക്കാൻ ശ്രമിക്കുന്ന ഏകാന്തതയെ പുറത്തു ചാടിക്കാൻ ശ്രമം ചെലുത്തേണ്ടതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. ആധുനിക പക്വത [ഇംഗ്ലീഷ്] എന്ന മാഗസിനിൽ ഒരു എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഏകാന്തതയ്ക്കു മററാരും ഉത്തരവാദിയല്ല, എന്നാൽ അതു സംബന്ധിച്ചു നിങ്ങൾക്കു ചിലതു ചെയ്യാൻ കഴിയും. ഒരാളോടു സൗഹൃദം തുടങ്ങിക്കൊണ്ടു നിങ്ങൾക്കു നിങ്ങളുടെ ജീവിതത്തെ വിശാലമാക്കാൻ കഴിയും. നിങ്ങളെ വേദനിപ്പിച്ചുവെന്നു നിങ്ങൾ കരുതുന്ന ഒരാളോടു നിങ്ങൾക്കു ക്ഷമിക്കാം. നിങ്ങൾക്ക് ഒരു എഴുത്തെഴുതാം. നിങ്ങൾക്ക് ഒന്നു ഫോൺ ചെയ്യാം. നിങ്ങൾക്കു മാത്രമേ നിങ്ങളുടെ ജീവിതത്തിനു മാററം വരുത്താൻ കഴിയുകയുള്ളു. നിങ്ങൾക്കു വേണ്ടി അതു ചെയ്യാൻ കഴിയുന്ന മറെറാരു മനുഷ്യജീവിയുമില്ല.” “ആശയം സ്പഷ്ടമായി പ്രസ്താവിച്ച” തനിക്കു കിട്ടിയ ഒരെഴുത്ത് അദ്ദേഹം ഉദ്ധരിച്ചു: “‘ഏകാന്തമോ നിഷ്ഫലമോ ആയിത്തീരുന്നതിൽനിന്നു തങ്ങളുടെ ജീവിതത്തെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നു ഞാൻ ആളുകളോടു പറയുന്നു. ജാഗ്രതയോടെയിരുന്ന് എന്തെങ്കിലും ചെയ്യുക!’”
സഹായമനസ്കരായ നിങ്ങളുടെ സ്നേഹിതരെ മനുഷ്യരിൽ മാത്രം ഒതുക്കിനിർത്തേണ്ടതില്ല. ഒരു മൃഗഡോക്ടർ ഇപ്രകാരം പറഞ്ഞു: “വൃദ്ധരെ നേരിടുന്ന ഏററവും വലിയ പ്രശ്നങ്ങൾ ശാരീരിക രോഗങ്ങളല്ല, പിന്നെയോ അവർ അനുഭവിക്കുന്ന ഏകാന്തതയും അവഗണനയുമാണ്. വാർധക്യം ബാധിച്ചവർ മിക്കപ്പോഴും സമൂഹത്തിൽനിന്ന് ഒററപ്പെടുത്തപ്പെടുന്ന ഒരു സമയത്തു (നായ ഉൾപ്പെടെയുള്ള) ഓമന മൃഗങ്ങൾ സഖിത്വം . . . പ്രദാനം ചെയ്തുകൊണ്ടു ജീവിതത്തിന് ഉദ്ദേശ്യവും സാർഥകതയും പ്രദാനം ചെയ്യുന്നു. ഏറെ നല്ല ഭവനങ്ങളും പൂന്തോപ്പുകളും [ഇംഗ്ലീഷ്] എന്ന മാഗസിൻ ഇങ്ങനെ പറഞ്ഞു: “ഓമന മൃഗങ്ങൾ വൈകാരികമായി അസ്വസ്ഥരായവരെ ചികിത്സിക്കാൻ സഹായിക്കുന്നു; ശാരീരിക രോഗം ബാധിച്ചവരെയും വികലാംഗരെയും വൈകല്യം ബാധിച്ചവരെയും ഉത്തേജിപ്പിക്കുന്നു; ഏകാന്തരെയും വൃദ്ധരെയും വീണ്ടും കർമോദ്യുക്തരാക്കുന്നു.” ഓമന മൃഗങ്ങളിൽ പുതുതായി താത്പര്യം നട്ടുവളർത്തുന്ന ആളുകളെക്കുറിച്ചു മറെറാരു മാഗസിനിലെ ലേഖനം ഇങ്ങനെ പറഞ്ഞു: “രോഗികളുടെ ഉത്കണ്ഠകൾ കുറഞ്ഞു. പരിത്യജിക്കപ്പെടുമെന്നുള്ള ഭീതി കൂടാതെ അവർക്കു തങ്ങളുടെ ഓമന മൃഗങ്ങളോടു സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞു. പിന്നീടവർ ആളുകളോട് ആശയവിനിയമം നടത്താൻ തുടങ്ങി, ആദ്യമൊക്കെ തങ്ങളുടെ ഓമന മൃഗങ്ങളുടെ പരിപാലനത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടുതന്നെ. അവർക്ക് ഒരു ഉത്തരവാദിത്വബോധം തോന്നിത്തുടങ്ങി. തങ്ങൾ വേണ്ടപ്പെട്ടവരാണെന്ന്, എന്തോ തങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് അവർക്കു തോന്നി.”
ഏകാന്തതയിൽനിന്നു ദുരിതമനുഭവിക്കുന്നവൻ മിക്കപ്പോഴും തന്നെത്തന്നെ സഹായിക്കാൻ, തന്റെ നൈരാശ്യത്തിന്റെ ആഴങ്ങളിൽനിന്നു സ്വയം കരകയറാൻ വേണ്ടത്ര ശക്തി സംഭരിക്കാറില്ല. അത്രത്തോളം സ്വയം കഠിനശ്രമം ചെയ്യുന്നതിന് അയാൾക്ക് ഒരു ആലസ്യം, ഒരു മനസ്സില്ലായ്മ തോന്നാം, എന്നാൽ തന്റെ ഏകാന്തതയുടെ യഥാർഥ കാരണം മനസ്സിലാക്കണമെങ്കിൽ അയാൾ അതു ചെയ്തേ തീരൂ. സ്വീകരിക്കാൻ തങ്ങൾക്കു വിഷമമുള്ള ബുദ്ധ്യുപദേശത്തോടുള്ള ആളുകളുടെ മറുത്തുനിൽപ്പിനെക്കുറിച്ചു ഡോ. ജയിംസ് ലിഞ്ച് എഴുതുകയുണ്ടായി: “നാം ഇഷ്ടപ്പെടാത്ത വിവരങ്ങൾ കേൾക്കാതിരിക്കാനോ ചുരുങ്ങിയപക്ഷം നമ്മുടെ പെരുമാററത്തിന്റെ ഭാഗമാക്കാതിരിക്കാനോ ചായ്വുള്ളതാണു പൊതുവേ മനുഷ്യാവസ്ഥ.” തന്റെ ഏകാന്തതയിൽനിന്നു രക്ഷപെടാൻ ഒരു വ്യക്തി ആഗ്രഹിച്ചേക്കാം, എന്നാൽ ആ വിമോചനം സാധ്യമാക്കുന്നതിനാവശ്യമായ മനോവീര്യം സ്വരുക്കൂട്ടാൻ അയാൾ മനസ്സില്ലാത്തവനായിരുന്നേക്കാം.
വിചാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുക
ആഴമായ വിഷാദത്തെ തരണം ചെയ്യുന്നതിനു യഥാർഥ സന്തോഷവും ദയാശീലവും പിന്തുടരുന്നതിൽ ഒരുവൻ അനവരതം പ്രവർത്തിക്കേണ്ടതുണ്ട്. (പ്രവൃത്തികൾ 20:35 താരതമ്യപ്പെടുത്തുക.) അങ്ങനെ ചെയ്യുന്നതിനു മാരകമായ നിഷ്ക്രിയത്വത്തിനു നേരെ വിരുദ്ധമായതു പ്രവർത്തിച്ചുകൊണ്ട് ഏകാന്തതയെന്ന ആഴത്തിൽ വേരുറച്ച മാനസികഭാവത്തെ തകർക്കേണ്ടത് ആവശ്യമാണ്. സന്തുഷ്ടനെന്നു നടിക്കുക, നൃത്തം ചെയ്യുക, ഉല്ലാസഗീതം പാടുക. സന്തുഷ്ടിയെ പ്രതിഫലിപ്പിക്കുന്ന എന്തും ചെയ്യുക. അതിനെ പെരുപ്പിച്ചുകാട്ടുക, അത് അധികമധികം ചെയ്യുക, സന്തുഷ്ടമായ ചിന്തകൾക്കൊണ്ടു മ്ലാനമായ മാനസികഭാവത്തെ തിക്കി പുറത്താക്കുക. സന്തുഷ്ടമായ എന്തു ചിന്തകൾ?
ഫിലിപ്പിയർ 4:8-ൽ ഉള്ളതുപോലത്തെ ചിന്തകൾ: “ഒടുവിൽ സഹോദരൻമാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”
നിങ്ങളുടെ ജീവിതത്തിന് അല്പം അർഥം പകരുക എന്നതാണ് ആവശ്യം. നിങ്ങളുടെ ജീവിതത്തിന് എന്തെങ്കിലും അർഥമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ അതിനോടു പ്രതികരിക്കാനും അതു നിവർത്തിക്കാൻ പ്രയത്നിക്കാനും നിങ്ങൾ ശക്തരായിരിക്കും. ആശയററ ഏകാന്തതയുടെ ചിന്തയിൽപ്പെട്ടു നിങ്ങൾ ഉഴലുകയില്ല. വിക്ടർ ഫ്രാങ്കലിന്റെ അർഥം കണ്ടെത്താനുള്ള മമനുഷ്യന്റെ അന്വേഷണം [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ ഇതു രസകരമാംവണ്ണം കാണിച്ചിരിക്കുന്നു. ഹിററ്ലറിന്റെ തടങ്കൽ പാളയങ്ങളിലെ തടവുകാരോടു ബന്ധപ്പെട്ട് അദ്ദേഹം അതു ചർച്ച ചെയ്യുന്നു. ജീവിതത്തിൽ അർഥമുണ്ടെന്ന തോന്നൽ ഇല്ലാതിരുന്നവർ ഏകാന്തതയ്ക്കു കീഴടങ്ങി ജീവിക്കാനുള്ള ഇച്ഛ ഇല്ലാത്തവരായിത്തീർന്നു. എന്നാൽ “ഒരുവന്റെ ആന്തരിക മൂല്യം സംബന്ധിച്ച ബോധം വേരൂന്നിയിരിക്കുന്നത് ഉന്നതമായ, ആത്മീയതയേറിയ കാര്യങ്ങളിലാണ്, പാളയത്തിലെ ജീവിതത്തിന് അതിനെ ഉലയ്ക്കാൻ കഴിയില്ല.” അദ്ദേഹം തുടർന്നു: “ത്യാഗത്തിന്റെ അർഥം പോലുള്ള ഒരർഥം കണ്ടെത്തുന്ന നിമിഷം കഷ്ടപ്പാട് എങ്ങനെയോ കഷ്ടപ്പാടല്ലാതായിത്തീരുന്നു. . . . മമനുഷ്യന്റെ മുഖ്യ താത്പര്യം സുഖം നേടുകയോ വേദന ഒഴിവാക്കുകയോ അല്ല, മറിച്ച് തന്റെ ജീവിതത്തിൽ ഒരർഥം കണ്ടെത്തുകയാണ്. അതുകൊണ്ടാണു മനുഷ്യൻ കഷ്ടപ്പെടാൻപോലും തയ്യാറായിരിക്കുന്നത്, തന്റെ കഷ്ടപ്പാടിനു തീർച്ചയായും ഒരു അർഥമുണ്ടെന്ന ഉറപ്പിൽ.”
നിങ്ങൾക്കു വേണ്ട പരമമായ ബന്ധം
യഥാർഥത്തിൽ ആത്മീയമായ ഒരു വീക്ഷണം നേടുന്നതിനുള്ള വഴി ദൈവത്തോടും അവിടുത്തെ വചനമായ ബൈബിളിനോടുമുള്ള സമ്പൂർണ പ്രതിബദ്ധത ഏറെറടുക്കുകയാണ്. ദൈവത്തിങ്കലുള്ള വിശ്വാസത്തിനും അവിടുത്തോടുള്ള ആത്മാർഥമായ പ്രാർഥനയ്ക്കും നമ്മുടെ ജീവിതത്തിന് അർഥം പകരാൻ കഴിയും. അപ്പോൾ മാനുഷിക ബന്ധങ്ങൾ തകർന്നാൽപ്പോലും നാം ഒററയ്ക്കല്ല, ഏകാന്തതയ്ക്കു വിധിക്കപ്പെട്ടവരല്ല. ഫ്രാങ്കൽ പറഞ്ഞതുപോലെ സാർഥകമായ കഷ്ടപ്പെടൽ സഹിക്കാൻ കഴിയും, സന്തോഷത്തിന്റെ ഒരു ഉറവിടം പോലുമാണ്. മാനുഷ പ്രകൃതി സംബന്ധിച്ചു പഠിക്കുന്ന ഒരുവൻ ഇങ്ങനെ പറഞ്ഞു: “സിംഹാസനത്തിലിരിക്കുന്ന രാജാവിന് അസൂയ തോന്നുംവിധമുള്ള സന്തുഷ്ടി ദണ്ഡനസ്തംഭത്തിലെ രക്തസാക്ഷിക്ക് ഉണ്ടായിരുന്നേക്കാം.”
ആളുകൾ പീഡിപ്പിച്ചപ്പോൾ ക്രിസ്തുവിന്റെ അപ്പോസ്തലൻമാർക്കു യഹോവയിൽനിന്നുള്ള സന്തോഷം അനുഭവപ്പെട്ടു; അവരെ സംബന്ധിച്ചടത്തോളം അത്തരം കഷ്ടപ്പാടിനു വലിയ അർഥം ഉണ്ടായിരുന്നു. “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാൻമാർ [“സന്തുഷ്ടർ,” NW]; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിൻമയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ [“സന്തുഷ്ടർ,” NW]. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ അങ്ങനെതന്നേ ഉപദ്രവിച്ചുവല്ലോ.” (മത്തായി 5:10-12) സമാനമായ ഒരു പ്രതികരണം പ്രവൃത്തികൾ 5:40, 41-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “അവർ . . . അപ്പൊസ്തലൻമാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു. തിരുനാമത്തിനു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി.”
നിങ്ങൾ റോസാപുഷ്പം വളർത്തുന്നിടത്ത് മുള്ളിനു വളരാനാവില്ല
നിങ്ങളുടെ മനസ്സെന്ന മണ്ണിൽ ക്രിയാത്മക ഉദ്ദേശ്യമുള്ള സുന്ദരമായ വിത്തുകൾ പാകുക; നിഷേധാത്മകമായ നൈരാശ്യത്തിന്റെയോ നിരുൻമേഷകമായ ഏകാന്തതയുടെയോ വിത്തുകൾക്കു യാതൊരിടവും കൊടുക്കാതിരിക്കുക. (കൊലൊസ്സ്യർ 3:2; 4:2 താരതമ്യപ്പെടുത്തുക.) അതു ചെയ്യുക ദുഷ്കരമാണോ? ചില സാഹചര്യങ്ങളിൻകീഴിൽ അങ്ങനെയാണെന്നു തോന്നിയേക്കാം. ഒരു കവയിത്രി ഇപ്രകാരം കുറിച്ചു: “നിങ്ങൾ റോസാപുഷ്പം വളർത്തുന്നിടത്ത്, . . . ഒരു മുള്ളിനു വളരാനാവില്ല,” അതിനു വീണ്ടും ക്രിയാത്മകമായ ശ്രമവും ഇച്ഛാശക്തിയുടെ കർശനമായ ബാധകമാക്കലും ആവശ്യമാണ്. എന്നാൽ അതു ചെയ്യാൻ കഴിയും, ചെയ്യുന്നുമുണ്ട്.
ലോറൽ നിസ്ബററിന്റെ ദൃഷ്ടാന്തം തന്നെയെടുക്കുക. അവർക്കു പോളിയോ പിടിപെട്ടു, മർദം ഉപയോഗിച്ചു ശ്വാസോച്ഛ്വാസം നടത്താൻ സഹായിക്കുന്ന ഒരു ഉപകരണത്തിൽ 36-ാമത്തെ വയസ്സിൽ അവരെ കിടത്തി. അവിടെ അവർ 37 വർഷം മലർന്നു കിടക്കേണ്ടിവന്നു, കഴുത്തിനു താഴേക്കു പൂർണമായി മരവിച്ചുപോയ അവർക്കു തല അനക്കാൻ കഴിയുമായിരുന്നു, അത്രമാത്രം. അവർ ആദ്യം ആശയററവിധം ദുഃഖിതയായിരുന്നു. അങ്ങനെ, ഏതാണ്ട് ഒരു ദിവസത്തെ ആത്മതപനത്തിനുശേഷം അവർ ദൃഢതീരുമാനം ചെയ്തു, ‘അതു മതി!’ രണ്ടു കുട്ടികളെ വളർത്തുകയും ഭർത്താവിനെ പരിപാലിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു അവർക്ക്. അവർ തന്റെ ജീവിതത്തെ വീണ്ടും കരുപ്പിടിപ്പിക്കാൻ തുടങ്ങി; ആ ഉപകരണത്തിൽ കഴിയവേതന്നെ വീട്ടുകാര്യങ്ങൾ നോക്കാൻ അവർ പഠിച്ചു.
ലോറൽ വളരെ കുറച്ചു മാത്രമേ ഉറങ്ങിയിരുന്നുള്ളു. രാത്രിയിലെ നീണ്ട മണിക്കൂറുകൾ അവർ എങ്ങനെയാണു തള്ളിവിട്ടത്? ഏകാന്തതയ്ക്കു വഴിപ്പെട്ടുകൊണ്ടോ? അല്ല. അവർ തന്റെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തോടു പ്രാർഥിച്ചു. തനിക്കു ശക്തി തരാൻ അവർ പ്രാർഥിച്ചു, തന്റെ ക്രിസ്തീയ സഹോദരീസഹോദരൻമാർക്കുവേണ്ടി പ്രാർഥിച്ചു, ദൈവരാജ്യത്തെക്കുറിച്ചു മററുള്ളവരോടു സാക്ഷീകരിക്കാൻ അവസരങ്ങൾ കിട്ടാൻ വേണ്ടി അവർ പ്രാർഥിച്ചു. പ്രസംഗിക്കാനുള്ള വഴികൾ അവർ കണ്ടെത്തുകയും യഹോവയുടെ നാമത്തിനുവേണ്ടി സാക്ഷീകരണം നടത്തുകവഴി പലരിലും മതിപ്പുളവാക്കുകയും ചെയ്തു. ഏകാന്തതയുടെ മുള്ളുകൾ വളർന്നുവരാൻ അവർ അനുവദിച്ചില്ല; റോസാപൂക്കൾ വളർത്തുന്നതിൽ അവർ വളരെ തിരക്കുള്ളവളായിരുന്നു.
ഒരു വാച്ച് ടവർ മിഷനറിയായ ഹാരോൾഡ് കിംഗിന്റെ കാര്യത്തിലും അതു സത്യമായിരുന്നു. ഒരു ചൈനീസ് തടവറയിൽ അഞ്ചു വർഷത്തെ ഏകാന്തതടവിനു വിധിക്കപ്പെട്ട അദ്ദേഹം ദീർഘമായ ഏകാന്തതയുടെ പിടിയിൽ അമരാൻ സാധ്യതയുണ്ടായിരുന്നു. ഏതായാലും ആ നിഷേധാത്മക വീക്ഷണം അദ്ദേഹം തിരസ്കരിച്ചു, ഇച്ഛാശക്തിയുടെ മനഃപൂർവമായ ഒരു ശ്രമം നടത്തി തന്റെ മനസ്സിനെ വ്യത്യസ്തമായ ഒരു ഗതിയിൽ അദ്ദേഹം തിരിച്ചുവിട്ടു. പിന്നീടു പിൻവരുന്നപ്രകാരം അദ്ദേഹം അതിനെ വർണിച്ചു:
“ഒരു ‘പ്രസംഗ’ പ്രവർത്തന പരിപാടിക്കു ഞാൻ ക്രമീകരണം ചെയ്തു. എന്നാൽ ഏകാന്തതടവിലായിരിക്കുമ്പോൾ ഒരുവന് ആരോടാണു പ്രസംഗിക്കാൻ കഴിയുക? എനിക്ക് ഓർമിക്കാൻ കഴിഞ്ഞ കാര്യങ്ങളിൽനിന്ന് അനുയോജ്യമായ ചില ബൈബിൾ പ്രസംഗങ്ങൾ തയ്യാറായി സാങ്കല്പിക വ്യക്തികളോടു പ്രസംഗിക്കുമെന്നു ഞാൻ തീരുമാനിച്ചു. അതിനുശേഷം ഞാൻ വേല ആരംഭിച്ചു, യഥാർഥത്തിൽ എങ്ങനെയാണോ അതുപോലെതന്നെ, ഒരു സാങ്കല്പിക വാതിലിൽ മുട്ടും, ഒരു സാങ്കല്പിക വീട്ടുകാരനോടു സാക്ഷീകരണം നടത്തും, അങ്ങനെ രാവിലെ സമയം പല വീടുകൾ സന്ദർശിക്കും. കുറെ കഴിഞ്ഞപ്പോൾ അല്പം താത്പര്യം കാട്ടിയ മിസിസ്. കാർട്ടർ എന്ന ഒരു സാങ്കല്പിക വ്യക്തിയെ ഞാൻ കണ്ടുമുട്ടി. പല മടക്കസന്ദർശനങ്ങൾക്കുശേഷം തുടർച്ചയായ ഒരു ബൈബിളധ്യയനത്തിനു ഞങ്ങൾ ക്രമീകരണം ചെയ്തു. ഈ പഠനക്രമീകരണത്തിൽ ‘ദൈവം സത്യവാൻ’ എന്ന പുസ്തകത്തിലെ പ്രമുഖ വിഷയങ്ങൾ എനിക്ക് ഓർമിക്കാൻ കഴിഞ്ഞതുപോലെ ഞങ്ങൾ ചർച്ച ചെയ്തു. ഈ കാര്യങ്ങളുടെ ശബ്ദം അവയെ എന്റെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിപ്പിക്കാൻ ഇടയാക്കുമാറ് ഇതെല്ലാം ഞാൻ ഉച്ചത്തിലാണു ചെയ്തത്.”
ഹിററ്ലറുടെ തടങ്കൽപാളയങ്ങളിൽ തടവുശിക്ഷയനുഭവിച്ച ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറയുക മാത്രം ചെയ്തിരുന്നെങ്കിൽ അവർക്കു സ്വതന്ത്രരാകാമായിരുന്നു. വളരെ കുറച്ചുപേർ അങ്ങനെ ചെയ്തു. ആയിരങ്ങൾ വിശ്വസ്തരായിത്തന്നെ മരിച്ചു—ചിലർ വധശിക്ഷയാൽ, ചിലർ രോഗത്താലും ഭക്ഷണക്കുറവിനാലും. തടവിലാക്കപ്പെട്ട ഒരു സാക്ഷിയായ യോസഫിനു മററു പാളയങ്ങളിൽ രണ്ടു ജ്യേഷ്ഠൻമാർ ഉണ്ടായിരുന്നു. അവരിൽ ഒരാളെ തന്റെ ശിരസ്സു ഛേദിക്കാനുള്ള ബേഡ്ള് താഴേക്ക് ഇറങ്ങിവരുന്നതു കാണത്തക്കവണ്ണം മുഖം മുകളിലേക്കാക്കി ബലം പ്രയോഗിച്ചു കിടത്തി. യോസഫ് വിശദീകരിച്ചു: “പാളയത്തിലുള്ള മററുള്ളവർ ഇതിനെക്കുറിച്ചു കേട്ടപ്പോൾ എന്നെ അനുമോദിച്ചു. അവരുടെ ക്രിയാത്മക മനോഭാവം എന്നെ ആഴത്തിൽ സ്പർശിച്ചു. വിശ്വസ്തരായി നിലകൊള്ളുന്നത് അതിജീവനത്തെക്കാൾ കവിഞ്ഞ ഒന്നായിരുന്നു ഞങ്ങൾക്ക്.”
വെടിവെച്ചുകൊല്ലപ്പെടാനിരുന്ന അദ്ദേഹത്തിന്റെ മറേറ സഹോദരനോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുവോയെന്ന് ചോദിച്ചു. ഒന്ന് പ്രാർഥിക്കാനുള്ള അനുവാദം അദ്ദേഹം ചോദിച്ചു, അനുവാദം നൽകപ്പെട്ടു. വികാരസ്പർശിയായ ശോകവചനങ്ങളാലും ഹൃദയസന്തോഷത്താലും നിറഞ്ഞതായിരുന്നു ആ പ്രാർഥന, അതുകൊണ്ടു വെടിവയ്ക്കാനുള്ള ഉത്തരവു നൽകിയപ്പോൾ പട്ടാളക്കാരിൽ ആരും അത് അനുസരിച്ചില്ല. ഉത്തരവ് ആവർത്തിക്കപ്പെട്ടപ്പോൾ ഒരു വെടി പൊട്ടി, അത് അദ്ദേഹത്തിന്റെ ദേഹത്തു സ്പർശിച്ചു. ഇതിൽ കുപിതനായ കമാൻഡിംഗ് ഓഫീസർ തന്റെ തോക്കു വലിച്ചെടുത്തു വധനിർവഹണം നടത്തി.
ജീവിതത്തെ വാസ്തവത്തിൽ സാർഥകമാക്കാൻ എന്തിന് കഴിയും
ഇവരുടെയെല്ലാം കാര്യത്തിൽ ദൈവത്തിലുള്ള ശക്തമായ വിശ്വാസമായിരുന്നു ഉൾപ്പെട്ടിരുന്നത്. മറെറല്ലാം പരിശോധിക്കപ്പെട്ടു പരാജയമടയുമ്പോൾ ഏകാന്തതയുടെമേൽ വിജയം കൈവരിക്കാനും ഒരിക്കൽ ശൂന്യമായിരുന്ന ജീവിതത്തെ അർഥപൂരിതമാക്കാനും എപ്പോഴും അതുണ്ട്. ലൗകികമായ ഒരു വിധത്തിൽ അർഥവത്തായത് എന്നു കരുതപ്പെടുന്ന പല ജീവിതങ്ങളും യഥാർഥത്തിൽ അർഥശൂന്യമാണ്. എന്തുകൊണ്ടാണങ്ങനെ? എന്തെന്നാൽ ഇവ മരണത്തിൽ അവസാനിക്കുന്നു, പൊടിയിലേക്കു മടങ്ങിപ്പോകുന്നു, മനുഷ്യവർഗമെന്ന സമുദ്രത്തിൽ യാതൊരോളങ്ങളും അവശേഷിപ്പിക്കാതെ, കാലമെന്ന മണൽപ്പരപ്പിൽ ഒരു പാദമുദ്രയും പതിപ്പിക്കാതെ അവ വിസ്മൃതിയിൽ ആണ്ടുപോകുന്നു. സഭാപ്രസംഗി 9:5 പറയുന്നതുപോലെയാണത്: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.” യഹോവയുടെ ഉദ്ദേശ്യങ്ങളിൽനിന്നകന്നു ജീവിച്ച ജീവിതങ്ങൾക്ക് എന്തെങ്കിലും അർഥം ആരോപിക്കാൻ കഴിയുന്നെങ്കിൽ അതു ശൂന്യമായ മായയാണ്.
നക്ഷത്രനിബിഡമായ ആകാശങ്ങളെ നോക്കി തലയ്ക്കു മീതെയുള്ള ഈ ഇരുണ്ട കമാനത്തിന്റെ അപാരതയെക്കുറിച്ചു ചിന്തിക്കുക, അർഥസമ്പൂർണത സംബന്ധിച്ച നിങ്ങളുടെ ബോധം ശുഷ്കിച്ചു പോകുന്നു. “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എന്നെഴുതിയപ്പോഴുള്ള സങ്കീർത്തനക്കാരനായ ദാവീദിന്റെ വികാരങ്ങളെ നിങ്ങൾ മനസ്സിലാക്കുന്നു. ദാവീദിന്റെ പുത്രനായ ശലോമോൻ “സകലവും മായ അത്രേ” എന്നു പറഞ്ഞുകൊണ്ടു മമനുഷ്യന്റെ പ്രവൃത്തികളെ തള്ളിക്കളഞ്ഞു. അദ്ദേഹം ഇപ്രകാരം ഉപസംഹരിക്കുകയും ചെയ്തു: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”—സങ്കീർത്തനം 8:3, 4; സഭാപ്രസംഗി 12:8, 13.
അപ്പോൾ, അന്തിമ വിശകലനത്തിൽ ഒരു ഏകാന്ത വ്യക്തിക്ക് അല്ലെങ്കിൽ അക്കാര്യത്തിൽ മറേറതൊരാൾക്കും തന്റെ ജീവിതത്തിന് എങ്ങനെ അർഥം പകരാൻ കഴിയും? ദൈവഭയത്തിൽ തന്റെ ജീവിതം നയിച്ചുകൊണ്ട്, ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിച്ചുകൊണ്ട് അതു സാധിക്കും. അപ്പോൾ മാത്രമേ ഈ അനന്തവിശാലമായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളോട് അനുരൂപപ്പെട്ട് എന്നേക്കുമുള്ള ആ ദിവ്യ ക്രമീകരണത്തിന്റെ ഭാഗമായിത്തീരാൻ അയാൾക്കു കഴിയുകയുള്ളു.
ദൈവം നിങ്ങളോടു കൂടെയുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ഒററയ്ക്കല്ല
തന്റെ മാനുഷിക ബന്ധങ്ങൾ പരാജയപ്പെട്ടാൽപ്പോലും അപ്പോഴും താൻ ഒററയ്ക്കല്ലെന്നു ഭയങ്കരമായ പീഡനത്തെ സഹിച്ചുനിൽക്കുകയും ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നുകയും ചെയ്ത യഹോവയുടെ ഒരു വിശ്വസ്ത ആഫ്രിക്കൻ സാക്ഷി പറഞ്ഞു. അവർ സങ്കീർത്തനം 27:10 ഉദ്ധരിച്ചു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” സമാനമാംവിധം യേശുവിന് അനുഭവപ്പെട്ടു. “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചീതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല താനും.”—യോഹന്നാൻ 16:32.
ഏകനായിരിക്കാൻ യേശുവിനു ഭയമുണ്ടായിരുന്നില്ല. പലപ്പോഴും അവിടുന്ന് മനഃപൂർവം ഏകാന്തത തേടി. ഏകനായിരുന്നപ്പോൾ അവിടുന്ന് ഏകാന്തനായിരുന്നില്ല. ഉള്ളിലേക്കുള്ള ദൈവാത്മാവിന്റെ ഒഴുക്കിന് അവിടുന്ന് തന്നെത്താൻ വഴി തുറക്കുകയും ദൈവത്തിന്റെ സൃഷ്ടികൾക്കു സമീപമായിരുന്നപ്പോൾ അവിടുത്തോട് അടുത്തായിരിക്കുന്നതായി തോന്നുകയും ചെയ്തു. ചിലയവസരങ്ങളിൽ തനിക്കു ദൈവത്തോടു പൂർണമായ സഖിത്വം ഉണ്ടായിരിക്കുന്നതിന് അവിടുന്ന് ആളുകളുടെ സഖിത്വം ഒഴിവാക്കി. അവിടുന്ന് ‘ദൈവത്തോട് അടുത്തുചെന്നു; ദൈവം അവിടുത്തോട് അടുത്തുവന്നു.’ (യാക്കോബ് 4:8, NW) നിസ്സംശയമായും അവിടുന്ന് ദൈവത്തിന്റെ ഏററവുമടുത്ത സ്നേഹിതനായിരുന്നു.
തിരുവെഴുത്തുകൾ വർണിക്കുന്നതുപോലുള്ള ഒരു സ്നേഹിതൻ അമൂല്യമായ ഒന്നാണ്. (സദൃശവാക്യങ്ങൾ 17:17; 18:24) യഹോവയാം ദൈവത്തിങ്കലുള്ള സമ്പൂർണ വിശ്വാസവും അവിടുത്തോടുള്ള ചോദ്യം ചെയ്യാത്ത അനുസരണവും നിമിത്തം അബ്രാഹാം “‘ദൈവത്തിന്റെ സ്നേഹിതൻ’ എന്നു വിളിക്കപ്പെടാനിടയായി.” (യാക്കോബ് 2:23, NW) യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർ തന്നേ. യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസൻമാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതൻമാർ എന്നു പറഞ്ഞിരിക്കുന്നു.”—യോഹന്നാൻ 15:14, 15.
യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും പോലുള്ള സ്നേഹിതൻമാരുള്ളതുകൊണ്ട് ഏകാന്തതയ്ക്കെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിൽ വിശ്വാസമുള്ളവർക്ക് എങ്ങനെ പരാജയപ്പെടാനാവും? (g93 9/22)
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ഏകാന്തത ഒഴിവാക്കാൻ പ്രാർഥനയ്ക്കും മററു പ്രവർത്തനങ്ങൾക്കും നിങ്ങളെ സഹായിക്കാൻ കഴിയും
[10-ാം പേജിലെ ചിത്രം]
ഏററവും മോശമായ സാഹചര്യത്തിലും ഏകാന്തതയെ തരണം ചെയ്യാൻ ദൈവത്തിലുള്ള വിശ്വാസത്തിനു സഹായിക്കാൻ കഴിയുമെന്നു തടങ്കൽപാളയങ്ങളിലെ ഹാരോൾഡ് കിംഗിന്റെയും ആയിരക്കണക്കിനു മററു യഹോവയുടെ സാക്ഷികളുടെയും അനുഭവങ്ങൾ പ്രകടമാക്കുന്നു
[കടപ്പാട്]
U.S. National Archives photo