യുവജനങ്ങൾ ചോദിക്കുന്നു. . .
എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നെ ആർക്കു സഹായിക്കാൻ കഴിയും?
“മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.” ഇതാണ് ഇയ്യോബ് എന്നു പേരുണ്ടായിരുന്ന, കൊടിയ വേദനയിലായിരുന്ന ഒരു മനുഷ്യൻ ഏതാണ്ട് നാലായിരം വർഷം മുമ്പു പറഞ്ഞത്. (ഇയ്യോബ് 5:7) നിങ്ങളുടെ ജീവിതം ഒരുപക്ഷേ ഇയ്യോബിന്റെ അത്രയും ദുരന്തപൂർണമായിരിക്കില്ല. എങ്കിലും ഒരളവോളം പ്രശ്നങ്ങളും പ്രയാസങ്ങളും നിങ്ങളും അനുഭവിക്കുന്നുണ്ടെന്നതിൽ സംശയമില്ല.
“നിങ്ങളെ ഏററവും അലട്ടുന്നത് എന്താണ്?” എന്ന് അമേരിക്കയിലെ ഒരു കൂട്ടം യുവാക്കളോടു ചോദിച്ചപ്പോൾ അനേകർ ഉത്കണ്ഠയുടെ ഉറവിടങ്ങളായി സ്കൂളിലേക്കും മാതാപിതാക്കളിലേക്കും പണത്തിലേക്കും സുഹൃത്തുക്കളിലേക്കും ഉടപ്പിറന്നോരിലേക്കും വിരൽചൂണ്ടി. നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ കൂട്ടുകാരിൽ നിന്നുള്ള സമ്മർദത്തെയും പണം സംബന്ധിച്ച മനഃക്ലേശങ്ങളെയും സ്കൂൾ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടോ? താരുണ്യത്തിലെ ശാരീരികവും വൈകാരികവുമായ വ്യതിയാനങ്ങളോടു പൊരുത്തപ്പെടുന്നതു നിങ്ങൾ വിഷമകരമായി കണ്ടെത്തുന്നുവോ? നിങ്ങൾ നിങ്ങളുടെ ഭാവിയെ സംബന്ധിച്ച് ആകുലരാണോ?
ഈ പ്രശ്നങ്ങളെല്ലാം ശിരസ്സിലേന്തി ചിന്താഭാരത്താൽ കുഴഞ്ഞ് നിരാശിതരായിത്തീരാൻ എളുപ്പമാണ്. യഥാർഥത്തിൽ, അത്തരം ആകുലതകൾ നിങ്ങളിൽത്തന്നെ ഒതുക്കിവെച്ചാൽ നിങ്ങൾ മററുള്ളവരിൽ നിന്നു വൈകാരികമായി ഒററപ്പെടുന്നതായി കണ്ടെത്തിയേക്കാം. (സദൃശവാക്യങ്ങൾ 18:1 താരതമ്യപ്പെടുത്തുക.) അങ്ങനെയെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ച് നിങ്ങൾ എന്തു ചെയ്യണം? അവയെ നിങ്ങൾ യഥാർഥത്തിൽ ഒററയ്ക്കു നേരിടണമോ?
വേണ്ട, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ പ്രശ്നങ്ങൾ—അവ വളരെ വലുതായി കാണപ്പെട്ടേക്കാമെങ്കിലും—അസാധാരണങ്ങളല്ല. മനുഷ്യ സ്വഭാവത്തെക്കുറിച്ചു ശ്രദ്ധാപൂർവം പഠിച്ചതിനു ശേഷം ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം നിഗമനം ചെയ്തു: “സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.” (സഭാപ്രസംഗി 1:9) അതേ, മററുള്ളവർ നിങ്ങളുടേതുപോലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും വിജയകരമായി പരിഹരിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, നിങ്ങൾ എല്ലായ്പോഴും തനിയെ കാര്യങ്ങൾ പരിഹരിക്കണമെന്നില്ല; ചിലപ്പോൾ ഇതിനോടകം അപ്രകാരം ചെയ്തിട്ടുള്ള ആരിൽനിന്നെങ്കിലും നിങ്ങൾക്കു സഹായം ലഭിച്ചേക്കാം. നിങ്ങൾ അജ്ഞാതമായ ഒരു സ്ഥലത്തേക്കു പോകുകയാണെങ്കിൽ ഇതിനോടകം അവിടെ പോയിട്ടുള്ള ആരിൽനിന്നെങ്കിലും നിർദേശങ്ങൾ നേടാൻ നിങ്ങൾ ശ്രമിക്കുകയില്ലേ? അതുകൊണ്ട് ചോദ്യം ഇതാണ്, അത്തരം സഹായത്തിനുവേണ്ടി നിങ്ങൾ തിരിയേണ്ടത് ആരിലേക്കാണ്?
സമപ്രായക്കാർ—ബുദ്ധ്യുപദേശത്തിന്റെ ഏററവും നല്ല ഉറവിടമോ?
അനേകം യുവാക്കളും തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സമപ്രായക്കാരെയാണു തിരഞ്ഞെടുക്കുന്നത്. “ഞാൻ അനുഭവിക്കുന്ന മാററങ്ങളിൽ ചിലത് അനിതരസാധാരണമാണെന്ന് എനിക്കു ചിലപ്പോൾ തോന്നാറുണ്ട്. ‘ഇതുപോലെ മററാരെങ്കിലും അനുഭവിക്കുന്നുണ്ടോ’ എന്നു ഞാൻ ചിന്തിക്കും. എന്നാൽ ഇങ്ങനെ ചിന്തിക്കുന്നതുതന്നെ മടയത്തരമാണോ എന്നു ഞാൻ സ്വയം ചോദിക്കും” എന്നു യുവതിയായ അനീററ വിശദീകരിക്കുന്നു. നിങ്ങളുടെ അതേ പ്രായത്തിലുള്ള ഒരാൾ നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുമെന്നും എന്നാൽ ഒരു മുതിർന്ന ആൾ—പ്രത്യേകിച്ച് മാതാവോ പിതാവോ—അനാവശ്യമായി കുററപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുമെന്നും നിങ്ങൾക്കു തോന്നിയേക്കാം.
എന്നാൽ നിങ്ങളുടെ സമപ്രായക്കാർ കാര്യങ്ങൾ മനസ്സിലാക്കുകയും സമാനുഭാവം കാട്ടുകയും അനുകമ്പ കാട്ടുകയും ചെയ്താലും അവർ എല്ലായ്പോഴും ഏററവും നല്ല ബുദ്ധ്യുപദേശം തരണമെന്നില്ല. ബൈബിൾ വിശദീകരിക്കുന്നതുപോലെ: “പക്വതയുള്ള ആളുകൾക്ക് . . . ശരിയും തെററും വിവേചിച്ചറിയുന്നതിനു പരിശീലിതമായ നിരൂപണ ശക്തികൾ ഉണ്ട്.” എന്നാൽ എങ്ങനെ? ബൈബിൾ ഇപ്രകാരം ഉത്തരം നൽകുന്നു: “തഴക്കത്താൽ,” അതായത് അനുഭവപരിചയത്താൽ! (എബ്രായർ 5:14, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) അത്തരം അനുഭവപരിചയത്തിന്റെ അഭാവത്താൽ, യുവാക്കൾ തങ്ങളുടെ “പ്രായോഗിക ജ്ഞാനവും ചിന്താ പ്രാപ്തിയും” ഒരു മുതിർന്ന ആളിന്റെ അളവിൽ വളർത്തിയെടുത്തിട്ടുണ്ടാവില്ല. (സദൃശവാക്യങ്ങൾ 3:21, NW) അതുകൊണ്ട് ഒരു സഹയുവാവിന്റെ ഉപദേശം അനുസരിക്കുന്നതിൽ അപകടമുണ്ട്. സുഭാഷിതങ്ങൾ 11:14 (പി.ഒ.സി. ബൈബിൾ) ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “മാർഗ്ഗദർശനമില്ലാഞ്ഞാൽ ജനത നിലംപതിക്കും.”
ദൈവഭക്തരായ മാതാപിതാക്കളുടെ വില
മുതിർന്നവർ വിദഗ്ധമായ മാർഗനിർദേശം നൽകുന്നതിന് പൊതുവേ മെച്ചമായ ഒരു സ്ഥാനത്താണ്. നീതിമാനായ ഇയ്യോബ് അത് ഈ രീതിയിൽ എഴുതി: “വൃദ്ധൻമാരുടെ പക്കൽ ജ്ഞാനവും വയോധികൻമാരിൽ വിവേകവും ഉണ്ടു.” (ഇയ്യോബ് 12:12) അതുപോലെ, ഈ കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ ഏററവും യോഗ്യതയുള്ളവർ നിങ്ങളുടെ ദൈവഭക്തരായ മാതാപിതാക്കളാണ്. ഒരു സംഗതി, മററാരെക്കാളും മെച്ചമായി അവർക്കു നിങ്ങളെ അറിയാം. നിങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന അതേ സാഹചര്യങ്ങളിൽ ചിലത് അഭിമുഖീകരിച്ചിട്ടുള്ള അവർക്കു നിങ്ങളെ കുഴപ്പത്തിൽ നിന്നു തിരിച്ചു വിടാൻ വളരെയധികം ചെയ്യാൻ കഴിയും. ഒരു പിതാവെന്ന നിലയിൽ സംസാരിച്ചുകൊണ്ട് ശലോമോൻ ഇപ്രകാരം ബുദ്ധ്യുപദേശിച്ചു: “മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ. ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു.”—സദൃശവാക്യങ്ങൾ 4:1, 2.
ഘാനയിലെ ശമുവേൽ എന്നു പേരുള്ള ഒരു യുവ മമനുഷ്യന്റെ കാര്യം പരിഗണിക്കുക. സെക്കണ്ടറി സ്കൂളിലായപ്പോൾ ലൗകിക വിദ്യാഭ്യാസം പിന്തുടരണമോ അതോ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായുള്ള ഒരു ജീവിതവൃത്തി പിന്തുടരണമോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കേണ്ടിയിരുന്നു. “എന്റെ കുടുംബം നല്ല ആശയവിനിയമം ഉള്ള വളരെ യോജിപ്പുള്ള കുടുംബമായിരുന്നതുകൊണ്ട് മാതാപിതാക്കളിൽ വിശ്വാസമർപ്പിക്കാൻ എളുപ്പമായിരുന്നു” എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ശമുവേലിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ മുഴുസമയ ശുശ്രൂഷയുടെ ദിശയിലേക്കു തിരിച്ചു വിട്ടു—ഇപ്പോൾ അദ്ദേഹം ആ ജീവിതവൃത്തിയിൽ അനുസ്യൂതം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചെറുപ്പക്കാർ തങ്ങളുടെ മാതാപിതാക്കളെ ഉൾപ്പെടുത്തണമെന്നാണ് ശമുവേൽ ശുപാർശചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ “അവർ ജീവിതത്തിൽ കൂടുതൽ അനുഭവപരിചയം സിദ്ധിച്ചവരാണ്. ഇതേ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുമുണ്ടായിരിക്കാം . . . സംഗതിയുടെ ഇരുവശങ്ങളുടെയും ഒരു വ്യക്തമായ വീക്ഷണം നൽകാൻ പററിയ ഒരു സ്ഥാനത്തുമാണ് അവർ.”
രസകരമെന്നു പറയട്ടെ, അടുത്തകാലത്തു നടത്തിയ ഒരു പൊതു സർവേയിൽ, വളരെയധികം യുവാക്കൾ മാതാപിതാക്കളുടെ മാർഗനിർദേശം ആഗ്രഹിക്കുന്നെന്നു കണ്ടെത്തി—മയക്കുമരുന്നുകൾ, സ്കൂൾ, ലൈംഗികത എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പോലും.
‘അവർ എന്നെ മനസ്സിലാക്കുന്നില്ല!’
എന്നിരുന്നാലും, ദുഃഖകരമെന്നു പറയട്ടെ, കൗമാരപ്രായത്തിലെത്തുമ്പോൾ പല യുവാക്കളും തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അകന്നുമാറുന്നു. ചിലർ ഇപ്രകാരം പറഞ്ഞ കൗമാരപ്രായക്കാരനെപ്പോലെ വിചാരിക്കുന്നു: “ഗ്രേഡുകൾ സംബന്ധിച്ചു ഞാൻ എത്ര പേടിയുള്ളവനാണെന്നും ഈ സ്കൂളിലെ പഠനം വിഷമകരമാണെന്നു ഞാൻ വിചാരിക്കുന്നു എന്നും എന്റെ മാതാപിതാക്കളോടു സംസാരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഞാൻ മടിയനാണെന്നും കൂടുതൽ പഠിക്കണമെന്നും മാത്രമാണ് അവർ പറയുന്നത്.” ആഫ്രിക്കയിലെ ഒരു ക്രിസ്തീയ യുവതി ഇങ്ങനെ പറഞ്ഞുകൊണ്ടു സമാനമായ ഒരു ഉത്കണ്ഠ പ്രകടിപ്പിച്ചു: “സഹായം ആവശ്യമായിരിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ എന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയാം. എന്നാൽ എന്റെ മാതാപിതാക്കൾ എന്നെ മനസ്സിലാക്കുകയില്ലെന്നു ഞാൻ ഭയപ്പെടുന്നു.”
ശരിയാണ്, ദൈവഭക്തരായ മാതാപിതാക്കൾക്കു പോലും ചില സമയങ്ങളിൽ തെററുപററുന്നു. അവർ കാര്യങ്ങളോട് അതിരുകടന്നു പ്രതികരിക്കുകയും കേൾക്കാൻ പരാജയപ്പെടുകയും തെററിദ്ധരിക്കുകയും ചെയ്തേക്കാം, അല്ലെങ്കിൽ കുററം വിധിക്കുന്നവരായിരിക്കാം. എന്നിരുന്നാലും, നിങ്ങൾ അവരെ നിങ്ങളുടെ ജീവിതത്തിൽ നിന്നു പുറന്തള്ളണമെന്ന് ഇതിനർഥമില്ല. യേശുക്രിസ്തു അപൂർണരായ മാതാപിതാക്കളാലാണു വളർത്തപ്പെട്ടത്. എന്നിട്ടും, യേശു “അവർക്കു കീഴടങ്ങിയിരുന്നു” എന്നു ബൈബിൾ കാണിക്കുന്നു. അവരുടെ സ്വാധീനം “ജ്ഞാനത്തിലും . . . ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവ”രാൻ അവിടുത്തെ സഹായിച്ചു എന്നുള്ളതിനു സംശയമില്ല.—ലൂക്കൊസ് 2:51, 52.
നിങ്ങൾ സ്വന്തം മാതാപിതാക്കളുടെ ജ്ഞാനത്തിൽ നിന്നും അനുഭവപരിചയത്തിൽ നിന്നും പ്രയോജനം അനുഭവിക്കുന്നുവോ? ഇല്ലെങ്കിൽ, ഈസ്ററ്വുഡ് അററ്വോട്ടറിന്റെ യൗവനം [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു പരിഗണിക്കുക: “കൗമാരപ്രായക്കാർ തങ്ങളുടെ സമപ്രായക്കാരാൽ അമിതമായി സ്വാധീനിക്കപ്പെട്ടവരായിത്തീരുന്നെങ്കിൽ അതു സമപ്രായക്കാരുടെ വലിയ ആകർഷകത്വംകൊണ്ടായിരിക്കുന്നതിനെക്കാളധികം മാതാപിതാക്കളും യുവാക്കളും തമ്മിലുള്ള ബന്ധത്തിലുള്ള എന്തോ കുറവുകൊണ്ടായിരിക്കാനാണു കൂടുതൽ സാധ്യത.” ഏതു തരത്തിലുള്ള ബന്ധമാണു നിങ്ങൾക്കു നിങ്ങളുടെ മാതാപിതാക്കളുമായുള്ളത്? (ഗലാത്യർ 6:5) അവരുമായി ആശയവിനിയമം നടത്തുന്നതു നിങ്ങൾ ഈയിടെയായി ഒഴിവാക്കിയിരിക്കുമോ? അങ്ങനെയെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുത്താൻ നിങ്ങൾക്കു കഴിയുന്നത് എന്തുകൊണ്ടു ചെയ്തുകൂടാ?a ഇത് ഒരുവന്റെ മാതാപിതാക്കൾക്ക് “ഒരു യഥാർഥ പുത്രൻ” അഥവാ പുത്രി എന്നു ശലോമോൻ വിളിച്ചവർ ആയിരിക്കുന്നതിന്റെ ഒരു ഭാഗമാണ്.—സദൃശവാക്യങ്ങൾ 4:3.
ഇപ്പോൾ ഐക്യനാടുകളിൽ പാർക്കുന്ന ഘാനാ യുവാവായ മാൽകം മാതാപിതാക്കൾ തന്റെ വികാരങ്ങൾ മനസ്സിലാക്കുന്നില്ലെന്നാണ് ഒരിക്കൽ വിചാരിച്ചത്. എന്നാൽ അവർ തങ്ങളുടെ ജീവിതാനുഭവങ്ങളും ദൈവവചനത്തിന്റെ ശിക്ഷണവും അവനു പകർന്നുകൊടുത്തുകൊണ്ടേയിരുന്നു. തന്റെ മാതാപിതാക്കൾക്ക് അടുത്തകാലത്ത് എഴുതിയ ഒരു കത്തിൽ മാൽകം ഇപ്രകാരം എഴുതി: “കഴിഞ്ഞ കാലത്ത് നമുക്കിടയിൽ ഭിന്നതകളുണ്ടായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. പക്ഷേ പിന്തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾ എന്റെ ദുശ്ശാഠ്യവുമായി ഒത്തിണങ്ങിപ്പോയതും ഞാൻ എടുത്ത ചില തീരുമാനങ്ങൾ സൗമ്യമായി അംഗീകരിച്ചതും എന്നെ അതിശയിപ്പിക്കുന്നു. എന്നെ വിശ്വസിക്കൂ, മററു ഭവനങ്ങളിൽ എന്താണു സംഭവിക്കുന്നത് എന്ന് എനിക്കറിയാം. തീർച്ചയായും ബൈബിൾ [നമ്മിൽ] വ്യത്യാസം ഉളവാക്കി. ഒരിക്കൽക്കൂടി നന്ദി പറയുന്നു.”
സ്വയം പ്രായോഗിക ജ്ഞാനം ആർജിക്കുക!
നിങ്ങളുടെ മാതാപിതാക്കളുടെ മാർഗനിർദേശം സ്വീകരിക്കുന്ന പക്ഷം അതു നിങ്ങളുടെ വളർച്ചയെ ഞെരുക്കിക്കളയുകയില്ല, പകരം പ്രായപൂർത്തിയിലേക്കു പക്വത പ്രാപിക്കുന്നതിനുള്ള ഏററവും എളുപ്പ മാർഗം ആയിരിക്കും അത്. അതുപോലെ കാലക്രമത്തിൽ നിങ്ങൾക്ക് ‘സൂക്ഷ്മബുദ്ധിയും പരിജ്ഞാനവും വകതിരിവും’ വളർത്തിയെടുക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 1:4) പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിനും അവ പരിഹരിക്കേണ്ടതെങ്ങനെ എന്നതു സംബന്ധിച്ചു കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനും നിങ്ങൾ സജ്ജരാകും.
എല്ലാ യുവാക്കളും ദൈവഭക്തരായ മാതാപിതാക്കളാൽ അനുഗൃഹീതരല്ല എന്നുള്ളതു ശരിയാണ്. എന്നിരുന്നാലും, നിങ്ങളുടെ മാതാപിതാക്കൾ ക്രിസ്ത്യാനികൾ അല്ലാത്തതുകൊണ്ടു മാത്രം അവർ പറയുന്നതു നിങ്ങൾ അനുസരിക്കേണ്ടതില്ല എന്നു നിഗമനം ചെയ്യുന്നതു തെററായിരിക്കും. അവർ ഇപ്പോഴും നിങ്ങളുടെ മാതാപിതാക്കളാണ്. അവരെ ആ വിധത്തിൽ ബഹുമാനിക്കുകയും വേണം. (എഫെസ്യർ 6:1-3) കൂടാതെ, നിങ്ങൾ അവർക്ക് ഒരു അവസരം കൊടുക്കുകയാണെങ്കിൽ പ്രായോഗിക ബുദ്ധ്യുപദേശമായി അവർക്കു വളരെ അധികം നൽകാനുണ്ടെന്നു നിങ്ങൾ കണ്ടെത്തുക തന്നെ ചെയ്തേക്കാം. നിങ്ങൾക്ക് ആത്മീയ മാർഗനിർദേശം ആവശ്യമായി വരുമ്പോൾ ക്രിസ്തീയ സഭയിലെ ആശ്രയയോഗ്യനായ ഒരു അംഗത്തിൽ ഉററവിശ്വാസം പുലർത്താൻ ശ്രമിക്കുക. വിവേകവും അനുകമ്പയുമുള്ള, വസ്തുനിഷ്ഠമായി ശ്രദ്ധിക്കുന്ന, ദൈവഭയമുള്ള ഒരു മുതിർന്നയാളിനെ കണ്ടെത്താൻ പ്രയാസമില്ല.
ഇതുകൂടി ഓർമിക്കുക, യഹോവയുടെ ആത്മാവ്, അതിനുവേണ്ടി ചോദിക്കുന്നവർക്കു സഹായവും ശക്തിയും കൊടുക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുന്ന ഒരു സ്രോതസ്സാണ്. (ലൂക്കൊസ് 11:13) യഹോവ പ്രദാനം ചെയ്തിരിക്കുന്ന വളരെയധികം വിവരങ്ങൾ ബൈബിളിലൂടെയും വാച്ച്ടവർ സൊസൈററിയുടെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും നമുക്കു ലഭ്യമായിരിക്കുന്നു. എന്തിന്, ഈ പരമ്പര തന്നെ തങ്ങളുടെ പ്രശ്നങ്ങൾക്കു പ്രായോഗിക ഉത്തരങ്ങൾ കണ്ടെത്താൻ ആയിരക്കണക്കിനു യുവാക്കളെ സഹായിച്ചിരിക്കുന്നു! കൂലംകഷമായി ഗവേഷണം ചെയ്യാൻ പഠിക്കുന്നതിനാൽ നിങ്ങൾ സ്വന്തമായി അനേകം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തരായേക്കാം.—സദൃശവാക്യങ്ങൾ 2:4.
തീർച്ചയായും, പ്രശ്നങ്ങൾ അനുഭവിക്കുന്നത് ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ അത് സങ്കീർത്തനക്കാരന് ഉണ്ടായിരുന്ന ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കാൻ സഹായിക്കുന്നു. അദ്ദേഹം എഴുതി: “നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.” (സങ്കീർത്തനം 119:71) അതേ, പ്രശ്നങ്ങൾ പരിഹരിക്കുന്നതു നിങ്ങളെ വാർത്തെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യും. എന്നാൽ അവയെ നിങ്ങൾ ഒററയ്ക്കു നേരിടേണ്ടതില്ല. സഹായം കണ്ടെത്തുക. സാധാരണഗതിയിൽ അതു ചോദിക്കുന്നവർക്കു ലഭ്യമാണ്. (g93 12/8)
[അടിക്കുറിപ്പുകൾ]
a ഇക്കാര്യത്തിൽ സഹായകരമായ വളരെയധികം നിർദേശങ്ങൾക്കുവേണ്ടി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 2-ാം അധ്യായം കാണുക.
[19-ാം പേജിലെ ചിത്രം]
പ്രായപൂർത്തിയിലേക്കു പക്വത പ്രാപിക്കുന്നതിനുള്ള ഏററവും എളുപ്പ മാർഗം മാതാപിതാക്കളുടെ മാർഗനിർദേശം സ്വീകരിക്കുന്നത് ആയിരിക്കാം