ഞങ്ങളുടെ വായനക്കാരിൽനിന്ന്
വിശേഷദിവസങ്ങൾ 1993 നവംബർ 22-ലെ [ഇംഗ്ലീഷ്] ഉണരുക!യിൽ വന്ന “വിശേഷദിവസങ്ങൾ—ചില കുട്ടികൾ അവ ആഘോഷിക്കാത്തത് എന്തുകൊണ്ട്?” എന്ന പരമ്പര വായിച്ചുതീർത്തപ്പോൾ എന്റെ കണ്ണുകളിൽനിന്നു സന്തോഷാശ്രുക്കൾ ഒഴുകുകയായിരുന്നു. ഒരു യഹോവയുടെ സാക്ഷിയായി വളർത്തപ്പെട്ട എനിക്കും അതിൽ ഉദ്ധരിച്ചിരുന്ന അനേകരെപ്പോലെതന്നെയാണ് തോന്നിയത്. അത്തരം നല്ല മാതൃകകൾ ആയിരിക്കുന്നതിനു നമ്മുടെ യുവപ്രായക്കാരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! അത്തരം ചെറുപ്രായത്തിൽ അനേകം കുട്ടികൾ യഹോവയെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞത്, ഒരു മാതാവ് എന്നനിലയിൽ എനിക്ക് ഒരു പ്രോത്സാഹനമാണ്.
ടി. സി., ഐക്യനാടുകൾ
ഒരു 9 വയസ്സുകാരിയാണു ഞാൻ. സകല വിശുദ്ധൻമാരുടെ ദിനത്തിന്റെ ആചരണം നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്തെങ്കിലും നഷ്ടമാകുന്നുവെന്ന തോന്നൽ എനിക്കില്ല.
എ. കെ., ഐക്യനാടുകൾ
ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ ക്രിസ്തുമസ്സിനും ഈസ്റററിനും വേണ്ടി ആകാംക്ഷാപൂർവം കാത്തിരിക്കുമായിരുന്നു. എന്നാൽ ഇവയെല്ലാം പുറജാതീയ ഉത്സവങ്ങളാണ്, പാരമ്പര്യത്തെ കേവലം പിന്തുടരുന്നതിൽ കഴമ്പില്ല എന്നെല്ലാം എനിക്കിപ്പോൾ അറിയാം. വിശദീകരണം സമ്പൂർണവും സമഗ്രവുമായിരുന്നു.
എസ്. എൽ. പി., ജർമനി
ഇപ്പോൾ 30-കളുടെ ആരംഭത്തിലെത്തിയ എന്നെ 6 വയസ്സു മുതൽ ഒരു സാക്ഷിയായാണ് വളർത്തിക്കൊണ്ടുവന്നത്. എന്റെ സഹോദരനും സഹോദരിക്കും എനിക്കും പല സംഗതികളും നഷ്ടമായി എന്നാണു പലയാളുകളും ധരിച്ചത്. എന്നാൽ വാസ്തവത്തിൽ വർഷം മുഴുവനും ഞങ്ങൾക്കു സമ്മാനങ്ങൾ ലഭിച്ചിരുന്നു എന്നു ഞാൻ അവരോടു വിശദീകരിച്ചു പറഞ്ഞു. ഞങ്ങളുടെ മാതാപിതാക്കൾ അവരുടെ സമയവും അവരെത്തന്നെയും ഒരു മടിയുംകൂടാതെ ഞങ്ങൾക്ക് ലഭ്യമാക്കി. ഞങ്ങൾ അനേകം കാര്യങ്ങൾ ഒരുമിച്ചു ചെയ്തു. വാരംതോറുമുള്ള ഞങ്ങളുടെ കുടുംബ ബൈബിളധ്യയനം നടത്തുന്നതിൽ എന്റെ പിതാവ് ഒരു മുടക്കവും വരുത്തിയില്ല. അതായിരുന്നു ഏററവും നല്ല ആത്മീയ സമ്മാനം! വിശേഷദിവസങ്ങൾ ആഘോഷിക്കാത്തതിൽ എനിക്ക് ഒരിക്കലും മുഷിവു തോന്നിയിട്ടില്ല.
ഡി. വൈ., ഐക്യനാടുകൾ
എനിക്കു 14 വയസ്സുണ്ട്. അതിലെ വിവരണങ്ങളിൽ എന്നെയും പെടുത്താവുന്നതാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിൽ എനിക്കു നന്ദിയുണ്ട്. മററു യുവജനങ്ങളും സത്യത്തിനുവേണ്ടി ഒരു നിലപാട് എടുക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞത് എനിക്കു കരുത്തേകി.
സി. എ., ഐക്യനാടുകൾ
വിശേഷദിവസങ്ങൾ ആഘോഷിക്കാത്തതുകൊണ്ട് എന്തെങ്കിലും നഷ്ടമാകുന്നതായി എനിക്ക് തോന്നുന്നില്ല. എന്റെ കുടുംബം എനിക്ക് സമ്മാനങ്ങൾ നൽകാറുണ്ട്, പിന്നെ ആവശ്യമുള്ളപ്പോൾ പണവും. എന്റെ പ്രായം [12] ഉള്ള മററു കുട്ടികൾ ആസ്വദിക്കുന്ന അതേ കളിപ്പാട്ടങ്ങൾതന്നെ എനിക്കുമുണ്ട്.
എൽ. സി., ഐക്യനാടുകൾ
അനേകം പ്രാർഥനകൾക്കുള്ള ഒരു ഉത്തരമായിരുന്നു ഈ ലേഖനം. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിലെ സന്തോഷവും ഭയപ്പാടുകളും വാസ്തവത്തിൽ ഒരുവനു മനസ്സിലാകില്ല. എന്നാൽ, മനസ്സിലാകും. എപ്പോഴാണെന്നോ, നിറകണ്ണുകളുമായി നിങ്ങളെ തുറിച്ചുനോക്കി, അവരെന്നെ കളിയാക്കിയത് എന്തിനാണെന്നു ചോദിക്കുന്ന ഒരു കുട്ടിയുള്ളപ്പോൾ. ഞങ്ങളുടെ മകൾ ഇക്കൊല്ലം കിൻഡർഗാർട്ടനിൽ പോയിത്തുടങ്ങി. വിശേഷദിവസങ്ങളെപ്പററിയുള്ള വിവരങ്ങൾ ഞങ്ങൾ അന്വേഷിച്ചു. പക്ഷേ അവൾക്ക് അത് അപ്പോഴും മതിയാകുമായിരുന്നില്ല. സ്കൂളിൽ അവൾ ബലിഷ്ഠയും ധൈര്യവതിയുമായിരിക്കാൻ ദിവസേന ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഉണരുക!യിൽ ആ ലേഖനങ്ങൾ വന്നത്. അവൾക്കിപ്പോൾ സെവന്ത് ഗ്രെയ്ഡ് ലെവലിൽ വായിക്കാനാവും. അതിനാൽ വായിക്കാൻ അത് അവളുടെ പക്കൽ കൊടുക്കുക മാത്രമേ ഞാൻ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. മററുള്ള കുട്ടികളുടെ അഭിപ്രായങ്ങളും അവരുടെ ചിത്രങ്ങളും കണ്ടപ്പോൾ അവൾക്കു ധൈര്യമായി. അടുത്ത ദിവസംതന്നെ അവൾ അതിന്റെ ഒരു പ്രതി ടീച്ചറിനു കൊടുത്തു.
ജി. എം., ഐക്യനാടുകൾ
വിശേഷദിവസങ്ങൾ ആഘോഷിക്കാത്തതിനാൽ സ്കൂളിലെ ചില കുട്ടികൾ എന്നെ കളിയാക്കുമായിരുന്നു. അതുകൊണ്ട് മാസികയുടെ പ്രതികൾ ഞാൻ അവരിൽ ചിലർക്കു കൊടുത്തു. ഇനി അവർ എന്നെ കളിയാക്കില്ല എന്ന് എനിക്കുറപ്പുണ്ട്. കാരണം എനിക്കൊന്നും നഷ്ടപ്പെടുന്നില്ലെന്ന് അവർക്കിപ്പോൾ അറിയാം.
കെ. എച്ച്., ഐക്യനാടുകൾ
ബസ്യാത്ര എനിക്കു മനസ്സിടിവ് അനുഭവപ്പെടുമ്പോൾ ഞാൻ തുന്നൽപ്പണി ചെയ്യുകയും ഉണരുക!യുടെ കാസെററുകൾ കേൾക്കുകയും ചെയ്യാറുണ്ട്. “ഓസ്ട്രേലിയയുടെ മധ്യഭാഗത്തേക്കൊരു ബസ്യാത്ര” എന്ന ലേഖനം എന്റെ മനോവീര്യത്തെ വർധിപ്പിച്ച വിധത്തിൽ ഞാൻ ശരിക്കും അത്ഭുതസ്തബ്ധയായി. (1993 സെപ്ററംബർ 8). ആ യാത്രക്കാർ അനുഭവിച്ച സന്തോഷത്തിലും ഉല്ലാസത്തിലും പങ്കുപററിക്കൊണ്ട് ഞാനും അവിടെ ഉണ്ടായിരുന്നതുപോലെ തോന്നി. നിങ്ങൾക്ക് എന്റെ അകമഴിഞ്ഞ നന്ദി.
എ. ഡബ്ലിയു., ഐക്യനാടുകൾ