പെരുമാററരീതികൾ“പുത്തൻ ധാർമികത” അവയെ പുറന്തള്ളുന്നുവോ?
‘നൻമെക്കു തിൻമ എന്നു പേർ പറകയും വെളിച്ചത്തെ ഇരുട്ടും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം.’—യെശയ്യാവു 5:20.
ഇരുപതാം നൂററാണ്ടിൽ പെരുമാററരീതികൾക്കും ധാർമികതകൾക്കും അടിമുടി മാററംവന്നിരിക്കുന്നു. രണ്ടു ലോകമഹായുദ്ധങ്ങളെ തുടർന്നു വന്ന പതിററാണ്ടുകൾ പുരാതന മൂല്യ വ്യവസ്ഥകളെ പഴഞ്ചനായി വീക്ഷിക്കാൻ തുടങ്ങി. മമനുഷ്യന്റെ പെരുമാററത്തിന്റെയും ശാസ്ത്രത്തിന്റെയും മേഖലകളിലെ മാറുന്ന നിഷ്ഠകളും നവീന സിദ്ധാന്തങ്ങളും പഴയ മൂല്യങ്ങൾ മേലാൽ വിലയില്ലാത്തവയാണ് എന്ന് അനേകരെ വിശ്വസിപ്പിച്ചിരിക്കുന്നു. ഒരിക്കൽ ഉയർന്ന വില കല്പിക്കപ്പെട്ടിരുന്ന പെരുമാററരീതികൾ അധികപ്പററായ ഭാണ്ഡം എന്നപോലെ മൂലയിൽത്തള്ളിയിരിക്കുന്നു. ഒരിക്കൽ ആദരിക്കപ്പെട്ടിരുന്ന ബൈബിൾ നിർദേശങ്ങൾ പഴഞ്ചനെന്നു പറഞ്ഞ് തള്ളപ്പെട്ടിരിക്കുന്നു. 20-ാം നൂററാണ്ടിലെ എന്തിനും തുനിയുന്ന, അത്യാധുനികരുടെ സ്വതന്ത്ര സമുദായം ഇവയെ അമിത നിയന്ത്രണങ്ങളായാണു കണ്ടത്.
മനുഷ്യചരിത്രത്തിന് ഈ വഴിത്തിരിവു സംഭവിച്ചത് 1914-ൽ ആയിരുന്നു. 1914-നെയും 1-ാം ലോകമഹായുദ്ധത്തെയും സംബന്ധിച്ചുള്ള ചരിത്രകാരൻമാരുടെ എഴുത്തുകളിൽ നിറയെ 1914-നെ ചരിത്രപ്രധാനമായ മാററത്തിന്റെ ഒരു വർഷമെന്നും മനുഷ്യചരിത്രത്തിലെ യുഗങ്ങളെ തമ്മിൽ വേർതിരിക്കുന്ന ഒരു യഥാർഥ അടയാളം എന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള അവരുടെ നിരീക്ഷണങ്ങൾ കാണാം. ഗർജിക്കുന്ന ഇരുപതുകൾ യുദ്ധത്തിന്റെ തൊട്ടുപിന്നാലെ പാഞ്ഞുവന്നു. യുദ്ധത്തിന്റെ വർഷങ്ങളിൽ നഷ്ടമായ വിനോദങ്ങളെല്ലാം തിരിച്ചുപിടിക്കാൻ ജനങ്ങൾ ശ്രമമാരംഭിച്ചു. വിനോദിച്ച് കൂത്താടുന്നതിന് തങ്ങൾക്കു തടസ്സമാകാതിരിക്കേണ്ടതിന് പുരാതന മൂല്യങ്ങളും അസൗകര്യകരമായ ധാർമിക നിയന്ത്രണങ്ങളും അവർ തൂത്തെറിഞ്ഞു. ജഡികകാര്യങ്ങളെ അനുധാവനം ചെയ്യുന്ന ഒരു പുത്തൻ ധാർമികത—അടിസ്ഥാനപരമായി എന്തുമാവാം എന്ന ഒരു സമീപനം തനിയെ തലപൊക്കി. ഈ പുതിയ നിയമസംഹിത പെരുമാററരീതികളിലും മാററംവരുത്തി.
ചരിത്രകാരനായ ഫ്രെഡ്റിക്ക് ലൂയിസ് അലെൻ ഇതിനെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പെരുമാററരീതികൾ വ്യത്യസ്തമാകുകയല്ല, മറിച്ച്—ഏതാനും വർഷത്തേക്ക്—അവ മര്യാദകെട്ടവയായിത്തീരുകയാണുണ്ടായത് . . . എന്നതായിരുന്നു വിപ്ലവത്തിന്റെ മറെറാരു ഫലം. ആഗതമാകുമ്പോഴോ യാത്രയാകുമ്പോഴോ അതിഥികൾ ആതിഥേയമാരെ അഭിവാദ്യം ചെയ്യാനും മനസ്സുകാട്ടാതായി . . . ഡാൻസുകളിൽ ‘ക്ഷണിക്കപ്പെടാതെ പ്രവേശിക്കു’ന്നതു സ്വീകാര്യമായിത്തീർന്നു. വിരുന്നുകൾക്ക് ‘താമസിച്ചെത്തുന്നതും’ സിഗരററ് കെടുത്താതെ ഇട്ടേച്ചുപോകുന്നതും സിഗരററ് ചാരം ചവിട്ടുമെത്തയിൽ വിതറുന്നതും ഒക്കെ ‘ഫാഷനായിത്തീർന്നു.’ അവർക്ക് ഒരു കുററബോധവും തോന്നിയില്ല. പഴയ നിയന്ത്രണങ്ങളെല്ലാം തകർക്കപ്പെട്ടിരുന്നു, പുതിയവ ഒന്നും മെനഞ്ഞെടുത്തുമില്ല. മര്യാദയില്ലാത്ത ആളുകൾക്ക് തോന്നിയതുപോലെ ജീവിക്കാൻ സ്വാതന്ത്ര്യം ലഭിച്ചു. യുദ്ധത്തെ തുടർന്നുള്ള ആ പത്തു വർഷം മോശമായ പെരുമാററരീതികളുടെ പതിററാണ്ട് എന്ന് എന്നെങ്കിലും ഒരിക്കൽ ഉചിതമായി അറിയപ്പെടുമായിരിക്കും. . . . പെരുമാററരീതികൾ മോശമായിരുന്നപ്പോൾ ആ പതിററാണ്ട് അസന്തുഷ്ടവുമായിരുന്നു. കാര്യങ്ങളുടെ പഴയ വ്യവസ്ഥിതിയോടൊപ്പം ജീവിതത്തെ ധന്യമാക്കുകയും അതിന് അർഥം പകരുകയും ചെയ്തിരുന്ന ഒരു കൂട്ടം മൂല്യങ്ങളും പോയിമറഞ്ഞു. അവയ്ക്കു പകരം കണ്ടെത്തുക എളുപ്പമായിരുന്നില്ല.”
ജീവിതത്തിനു നഷ്ടപ്പെട്ടുപോയ ധന്യതയും സാർഥകതയും വീണ്ടെടുക്കാൻ പററിയ മൂല്യങ്ങളൊന്നും ഒരിക്കലും പകരമായി കണ്ടെത്താൻ കഴിഞ്ഞില്ല. ആരും അവ അന്വേഷിച്ചുമില്ല. ഗർജിക്കുന്ന ഇരുപതുകളുടെ ആവേശഭരിതമായ, എന്തുമാവാം എന്ന ജീവിതശൈലി ആളുകളെ ധാർമിക നിയന്ത്രണങ്ങളിൽനിന്നു സ്വതന്ത്രരാക്കി. അത്തരം സ്വാതന്ത്ര്യമായിരുന്നു അവർക്കു വേണ്ടിയിരുന്നത്. അവർ ധാർമികതയെ പുറന്തള്ളുകയായിരുന്നില്ല. അവർ അതിനെ ഒന്നു പുനഃപരിശോധന നടത്തുക മാത്രമായിരുന്നു. അവർ അതിന് ചില ഇളവുകൾ വരുത്തുകയായിരുന്നു. കാലക്രമത്തിൽ അവർ അതിന് പുത്തൻ ധാർമികത എന്നു പേർവിളിച്ചു. അതിൽ ഓരോരുത്തരും അവനവനു ശരിയായതു ചെയ്യുന്നു. തൻകാര്യം നോക്കുന്നു. തന്നിഷ്ടം പ്രവർത്തിക്കുന്നു. താൻ തന്നെ തന്റെ വഴികാട്ടി.
അല്ലെങ്കിൽ അയാൾ അങ്ങനെ വിചാരിച്ചേക്കാം. വാസ്തവത്തിൽ, മൂവായിരം വർഷം മുമ്പ് ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.” (സഭാപ്രസംഗി 1:9) ശലോമോന്റെ കാലത്തിനും മുമ്പ് ന്യായാധിപൻമാരുടെ കാലത്ത്, ഇസ്രായേൽമക്കൾക്ക് ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള ഗണ്യമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു: “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.” (ന്യായാധിപൻമാർ 21:25) എന്നാൽ ഭൂരിപക്ഷം ആളുകളും ന്യായപ്രമാണം അനുസരിക്കാൻ മനസ്സു കാണിച്ചില്ല. ഈ രീതിയിൽ വിതച്ചതിന്റെ ഫലമായി ഇസ്രായേലിന് നൂറുകണക്കിന് വർഷങ്ങളിൽ ദേശീയ വിപത്തുകൾ കൊയ്യേണ്ടിവന്നു. സമാനമായി, ഇന്നത്തെ രാഷ്ട്രങ്ങളും നൂററാണ്ടുകളായി വേദനയും കഷ്ടപ്പാടുമാണു കൊയ്തിരിക്കുന്നത്. അങ്ങേയററം മോശമായത് വരാനിരിക്കുന്നതേയുള്ളൂ.
പുത്തൻ ധാർമികതയെ ഏറെ വ്യക്തമായി തിരിച്ചറിയിക്കുന്ന മറെറാരു പേരുണ്ട്. അത് “ആപേക്ഷികവീക്ഷണഗതി” (relativism) ആണ്. വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറി അതിനെ ഇപ്രകാരം നിർവചിക്കുന്നു: “ധാർമിക സത്യങ്ങൾ അവ കൈകാര്യം ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്ന വീക്ഷണം.” ചുരുക്കി പറഞ്ഞാൽ ഇങ്ങനെ പറയാം: തങ്ങൾക്കു നല്ലതായി തോന്നുന്നത് എന്തും ധർമമാണെന്നാണ് ആപേക്ഷികവീക്ഷണഗതിക്കാരുടെ വാദം. ആപേക്ഷികവീക്ഷണഗതിയെക്കുറിച്ച് ഒരു എഴുത്തുകാരൻ ഇപ്രകാരം വർണിച്ചു: “ദീർഘനാളുകളായി പതുങ്ങിക്കിടക്കുകയായിരുന്ന ആപേക്ഷികവീക്ഷണഗതി, എഴുപതുകളുടെ ‘ഞാൻ മുമ്പൻ പതിററാണ്ടി’ന്റെ പ്രബലമായ തത്ത്വശാസ്ത്രമായി തലപൊക്കി; അത് എൺപതുകളിലെ ഇടത്തരക്കാരായ ചെറുപ്പക്കാരുടെ ഇടയിൽ ഇപ്പോഴും വാഴുന്നു. നാം പരമ്പരാഗത മൂല്യങ്ങൾക്ക് ഇപ്പോഴും അധരസേവനം അർപ്പിച്ചേക്കാം. എന്നാൽ അവ പ്രായോഗികമാക്കുന്ന കാര്യം വരുമ്പോൾ എനിക്ക് എന്തു നല്ലതെന്നു തോന്നുന്നുവോ അതാണു ശരി.”
അതിൽ പെരുമാററരീതികൾ ഉൾപ്പെടുന്നു. ‘എനിക്ക് ഇഷ്ടപ്പെട്ടവയാണെങ്കിൽ ഞാൻ അവ പാലിക്കും; അല്ലെങ്കിൽ ഇല്ല. നിങ്ങൾക്ക് അത് ഏറെ നല്ലതായി തോന്നിയാലും എനിക്കത് ശരിയായിരിക്കണമെന്നില്ല. അത് എന്റെ മൗലിക വ്യക്തിസ്വാതന്ത്ര്യത്തെ നശിപ്പിക്കും. അത് ഞാൻ ബലഹീനനായി കാണപ്പെടാൻ ഇടയാക്കും. അത് എന്നെ ദുർബലനും കഴിവില്ലാത്തവനുമാക്കിത്തീർക്കും.’ ഈ ആളുകളുടെ ഇത്തരം പെരുമാററം മര്യാദകെട്ട ഇടപെടലുകളുടെ കാര്യത്തിൽ മാത്രമല്ല പിന്നെയോ, ദിവസവും ഉപയോഗിക്കുന്ന ലളിതമെങ്കിലും രമ്യമായ വാക്കുകളുടെ കാര്യത്തിലും ബാധകമാണ്. ‘ദയവായി, ഞാൻ ഖേദിക്കുന്നു, എന്നോടു ക്ഷമിക്കൂ, നിങ്ങൾക്കു നന്ദി, നിങ്ങൾക്കുവേണ്ടി ഞാൻ വാതിൽ തുറന്നു തരാം, ഇതാ, ഞാനിരിക്കുന്നിടത്ത് ഇരുന്നുകൊള്ളൂ, നിങ്ങൾക്കുവേണ്ടി ആ കെട്ട് ഞാനെടുക്കാം’ തുടങ്ങിയ ശൈലികൾ അവയിൽ ഉൾപ്പെടുന്നു. ഇവയും അതുപോലെയുള്ള മററു ശൈലികളും മനുഷ്യ ബന്ധങ്ങളെ അയവുള്ളതും സന്തുഷ്ടവുമാക്കിത്തീർക്കുന്ന മയമുള്ള എണ്ണകൾപോലെയാണ്. എന്നാൽ ഞാൻ-ഒന്നാമൻ വാദഗതിക്കാരന് ഒരു എതിർപ്പ്: ‘മററുള്ളവരോട് മര്യാദ കാട്ടിയാൽ അത് ഒന്നാമനായുള്ള എന്റെ സ്ഥാനം നിലനിർത്തുന്നതിനെയും പ്രകടമാക്കുന്നതിനെയും പ്രതികൂലമായി ബാധിക്കും.’
“‘ഇടത്തരക്കാരുടെ മൂല്യങ്ങൾ’ എന്ന്” ഇന്നു “പുച്ഛത്തോടെ പറയുന്നത്” തകർന്നു തരിപ്പണമായതിന്റെ കാരണം വർധിച്ച സംഘട്ടനങ്ങളും കുററകൃത്യ നടപടികളുമാണെന്നാണു സാമൂഹികശാസ്ത്രജ്ഞനായ ജെയിംസ് ക്യു. വിൽസന്റെ അഭിപ്രായം. റിപ്പോർട്ട് ഇപ്രകാരം തുടരുന്നു: “ഈ മൂല്യങ്ങളുടെ തിരോധാനവും—ധാർമിക ആപേക്ഷികവീക്ഷണഗതിയുടെ വർധനവും—ഉയർന്ന കുററകൃത്യ നിരക്കും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.” താൻ പറഞ്ഞത് എത്ര മര്യാദകെട്ടതും ദ്രോഹകരവുമാണെങ്കിലും അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ ആ നിയന്ത്രണത്തെ തള്ളിക്കളയുന്ന ആധുനിക പ്രവണതയോട് അതു തീർച്ചയായും ബന്ധപ്പെട്ടിരിക്കുന്നു. ഇത് മറെറാരു സാമൂഹികശാസ്ത്രജ്ഞനായ ജരെഡ് റെറയ്ലർ പറഞ്ഞതുപോലെയാണ്, അദ്ദേഹം പറഞ്ഞു: “നമ്മുടെ സമൂഹം ആത്മനിയന്ത്രണത്തിൽനിന്ന് സ്വവ്യക്തിത്വപ്രകടനത്തിലേക്ക് ക്രമേണ മാറിയിരിക്കുന്നു. അനേകരും പ്രാചീന മൂല്യങ്ങളെ അവ ഞെരുക്കുന്നവയാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞിരിക്കുന്നു.”
ആപേക്ഷികവീക്ഷണഗതിയനുസരിച്ചു പ്രവർത്തിക്കുമ്പോൾ പിന്നെ നിങ്ങളാണ് നിങ്ങളുടെ പെരുമാററത്തിന്റെ വിധികർത്താവ്. ദൈവമുൾപ്പെടെ മറെറല്ലാവരുടെയും തീരുമാനങ്ങളെ അവഗണിക്കാൻ ഇടയാക്കിക്കൊണ്ട് പിന്നെ നിങ്ങൾതന്നെയാണു നിങ്ങൾക്ക് നൻമയെന്തെന്നും തിൻമയെന്തെന്നും തീരുമാനിക്കുന്നത്, ഏദനിൽവെച്ച് ആദ്യ മാനുഷജോടി ചെയ്തതുപോലെതന്നെ. അവർ ദൈവത്തിന്റെ കല്പനയെ ധിക്കരിക്കുകയും ശരിയെന്താണ് തെറെറന്താണ് എന്ന് തങ്ങൾക്കുവേണ്ടി തന്നെ സ്വയം തീരുമാനിക്കുകയും ചെയ്തു. ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും വിലക്കപ്പെട്ട ഫലം തിന്നുകയും ചെയ്താൽ താൻ പറയുന്നതുപോലെ സംഭവിക്കും എന്നു വിശ്വസിപ്പിച്ചുകൊണ്ട് സർപ്പം ഹവ്വായെ വഞ്ചിച്ചു. ആ കനി തിന്നാൽ “നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നൻമതിൻമകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും” എന്നായിരുന്നു അവൻ അവളോടു പറഞ്ഞത്. ഹവ്വാ പഴത്തിന്റെ കുറച്ചുഭാഗം തിന്നിട്ട് ബാക്കി ആദാമിനു കൊടുത്തു. അവനും തിന്നു. (ഉല്പത്തി 3:5, 6) ആദാമും ഹവ്വായും ഭക്ഷിക്കാം എന്ന് തീരുമാനിച്ചത് അവർക്കും മക്കൾക്കും നാശത്തെ അർഥമാക്കി.
രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും കായികതാരങ്ങളുടെയും ശാസ്ത്രജ്ഞൻമാരുടെയും ഒരു നോബൽ സമ്മാന ജേതാവിന്റെയും ഒരു പുരോഹിതന്റെയും കാര്യത്തിൽ കണ്ടെത്തിയ അഴിമതിയെപ്പററി നീണ്ട ഒരു സംഗ്രഹം നടത്തിയശേഷം ഒരു ലൗകിക നിരീക്ഷകൻ ഇപ്രകാരം പറഞ്ഞു: “തരംതാഴ്ന്ന ജൻമവാസനകളെ തൃപ്തിപ്പെടുത്തുന്നതിൽനിന്നു നമ്മെ തടയുന്ന, പാശ്ചാത്യ സംസ്കാരത്തിന് പരമ്പരാഗതമായി ഉണ്ടായിരുന്നതെന്നു കണക്കാക്കിപ്പോന്നിരുന്ന ആന്തരിക നിയന്ത്രണങ്ങളുടെയും ആന്തരിക നൻമകളുടെയും നഷ്ടമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ഇതിനെ ഞാൻ സ്വഭാവ പതനം എന്നു വിളിക്കാൻ ആഗ്രഹിക്കുന്നു. ഈ ചുററുപാടുകളിൽ ഉരുവിടുമ്പോൾ തീർത്തും അപരിചിതമായിത്തന്നെ തോന്നിയേക്കാവുന്ന ധൈര്യം, ആദരവ്, കടമ, ഉത്തരവാദിത്വം, അനുകമ്പ, നാഗരികത്വം എന്നിങ്ങനെ ഉപയോഗത്തിൽനിന്നു മൺമറഞ്ഞു പോയ പദങ്ങളെ”ക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
60-കളിൽ യൂണിവേഴ്സിററി കാമ്പസ്സുകളിൽ ചില വിവാദവിഷയങ്ങൾ പൊട്ടിത്തെറിച്ചു. ‘ദൈവമില്ലെന്നും ദൈവം മരിച്ചുപോയെന്നും യാതൊന്നുമില്ലെന്നും ഒരു മൂല്യത്തിനും ശ്രേഷ്ഠതയില്ലെന്നും ജീവിതം തീർത്തും നിരർഥകമാണെന്നും സാഹസികമായ വ്യക്തിത്വവാദം കൊണ്ടുമാത്രമേ ജീവിതത്തിന്റെ ഒന്നുമില്ലായ്മയെ നേരിടാൻ കഴിയുകയുള്ളൂവെന്നും’ അനേകർ അവകാശപ്പെട്ടു. ഇതു കേൾക്കാത്ത താമസം, ഹിപ്പികൾ ജീവിതത്തിന്റെ ശൂന്യതയെ തരണം ചെയ്യുന്നതിനായി ‘കൊക്കെയ്നും മരിജ്വാനയും വലിച്ച് സ്വതന്ത്രമായ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ട് ശാന്തിയന്വേഷിച്ചു നടക്കാൻ തുടങ്ങി.’ എന്നാൽ അവർ ഒരിക്കലും അതു കണ്ടെത്തിയില്ല.
പിന്നെയാണ് ’60-കളിൽ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. വെറും ഭ്രാന്തൻമാർ മാത്രമല്ല, അമേരിക്കൻ സംസ്കാരത്തിന്റെ മുഖ്യധാരയും ആ പ്രസ്ഥാനങ്ങളെ ആലിംഗനം ചെയ്തു. ’70-കളുടെ ഞാൻ-മുമ്പൻ പതിററാണ്ടിലേക്ക് അവയെ നയിക്കുകയും ചെയ്തു. അങ്ങനെ നാം “ഞാൻ-മുമ്പൻ പതിററാണ്ട്” എന്നു സാമൂഹിക വിമർശകനായ റേറാം വൂൾഫ് വിളിച്ച ഒരു ദശകത്തിലേക്കു കടന്നു. അത് പിന്നീട് ചിലർ വിരക്തിപൂണ്ട് “അത്യാഗ്രഹത്തിന്റെ സുവർണയുഗം” എന്ന് വിളിച്ച ’80-കളിലേക്ക് നയിച്ചു.
ഇവയ്ക്കെല്ലാം പെരുമാററരീതികളുമായി എന്തു ബന്ധമാണുള്ളത്? ഇവയെല്ലാം നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾക്ക് ഒന്നാംസ്ഥാനം നൽകുകയാണ് ചെയ്യുന്നത്. നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾ ഒന്നാമതു വരുമ്പോൾ മററുള്ളവർക്ക് കീഴ്പെടുകയോ മററുള്ളവരുടെ താത്പര്യങ്ങളെ ഒന്നാമതു വെക്കുകയോ മററുള്ളവരോട് നല്ല രീതിയിൽ പെരുമാറുകയോ ചെയ്യുക എളുപ്പമായിരിക്കില്ല. നിങ്ങളുടെ താത്പര്യങ്ങൾക്ക് ഒന്നാംസ്ഥാനം കൊടുക്കുമ്പോൾ നിങ്ങൾ യഥാർഥത്തിൽ സ്വയം, തന്നെ തന്നെ ആരാധിക്കുകയായിരിക്കും ചെയ്യുക. അതു ചെയ്യുന്ന ഒരാളെ ബൈബിൾ എങ്ങനെയാണ് വർണിക്കുന്നത്? അത്തരം ഒരാളെ “വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി”യെന്നും “വിഗ്രഹാരാധനയായ അത്യാഗ്രഹം” പ്രകടിപ്പിക്കുന്ന ആളെന്നും ബൈബിൾ വർണിക്കുന്നു. (എഫെസ്യർ 5:5; കൊലൊസ്സ്യർ 3:5) അത്തരം ആളുകൾ ആരെയാണ് യഥാർഥത്തിൽ സേവിക്കുന്നത്? “അവരുടെ ദൈവം വയറു.” (ഫിലിപ്പിയർ 3:19) ധാർമികമായി തങ്ങൾക്ക് യോജിച്ചതെന്ന് കരുതി പല ആളുകളും തിരഞ്ഞെടുത്തിരിക്കുന്ന വഴിവിട്ടുള്ള ജീവിതശൈലികളും ആ ജീവിതശൈലികളുടെ നാശകരവും മാരകവുമായ അനന്തരഫലങ്ങളും യിരെമ്യാവു 10:23-ന്റെ സത്യതയെ തെളിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അത് ഇപ്രകാരം പറയുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”
ബൈബിൾ ഇവയെല്ലാം മുൻകൂട്ടിക്കാണുകയും അത് “അന്ത്യകാല”ത്തിന്റെ ഒരു മുന്നറിയിപ്പിൻ ഘടകമായിരിക്കുമെന്നു പ്രവചിക്കുകയും ചെയ്തു. ഈ പ്രവചനം 2 തിമോത്തി 3:1-5 [NW] വരെയുള്ള വാക്യങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമേറിയ ദുർഘട സമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും എന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും, പണസ്നേഹികളും, പൊങ്ങച്ചക്കാരും, അഹങ്കാരികളും, ദൂഷകൻമാരും, മാതാപിതാക്കളെ അനുസരിക്കാത്തവരും, നന്ദിയില്ലാത്തവരും, അവിശ്വസ്തരും, സ്വാഭാവിക പ്രിയമില്ലാത്തവരും, യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും, ഉഗ്രൻമാരും, നൻമപ്രിയമില്ലാത്തവരും, ദ്രോഹികളും, വഴങ്ങാത്തവരും, നിഗളത്താൽ ചീർത്തവരും, ദൈവപ്രിയരായിരിക്കുന്നതിനെക്കാൾ ഉല്ലാസപ്രിയരും, ദൈവികഭക്തിയുടെ ഒരു രൂപം മാത്രമുള്ളവരും അതിന്റെ ശക്തിയില്ലാത്തവരും ആയിരിക്കും. അങ്ങനെയുള്ളവരെ ഒഴിവാക്കുക.”
ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും ആയിരിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. എന്നാൽ അതിൽനിന്ന് നാം വളരെയധികം മാറിപ്പോയിരിക്കുന്നു. സ്നേഹം, ജ്ഞാനം, നീതി, ശക്തി എന്നീ പ്രബല ഗുണങ്ങൾ നമ്മിൽ ഇപ്പോഴുമുണ്ടെങ്കിലും അവ സമനിലയില്ലാത്തതും വികലവുമായിത്തീർന്നിരിക്കുന്നു. പഴയ അവസ്ഥയിലേക്കു മടങ്ങിവരാനുള്ള ആദ്യ പടി മേലുദ്ധരിച്ച ബൈബിൾ ഭാഗത്തിന്റെ അവസാന വാക്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “അങ്ങനെയുള്ളവരെ ഒഴിവാക്കുക.” നിങ്ങളുടെ ആന്തരിക ഭാവങ്ങൾക്കുപോലും മാററം വരുത്താൻ കഴിയുന്ന ഒരു പുതിയ ചുററുപാട് കണ്ടെത്തുക. വർഷങ്ങൾക്കു മുമ്പ് ദോറൊത്തി തോംസൺ ദ ലേഡീസ് ഹോം ജേർണലിൽ എഴുതിയ ജ്ഞാനപൂർവകമായ വാക്കുകൾ ഈ ലക്ഷ്യത്തിൽ പ്രബോധനാത്മകമാണ്. യുവജന ദുഷ്കൃത്യത്തെ തരണംചെയ്യുന്നതിന് യുവാവിന്റെ ബുദ്ധിയെ അഭ്യസിപ്പിക്കുന്നതിനു പകരം വികാരങ്ങളെ അഭ്യസിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്ന പ്രഖ്യാപനത്തോടെയാണ് അവരുടെ ഉദ്ധരണി ആരംഭിക്കുന്നത്:
“ഒരു കുട്ടിയുടെ ചെറുപ്പത്തിലെ പ്രവർത്തനങ്ങളും മനോഭാവങ്ങളും അവൻ ഒരു മുതിർന്ന ആളായിത്തീരുമ്പോൾ എങ്ങനെയുള്ളവനായിരിക്കും എന്ന് വലിയ അളവിൽ തീരുമാനിക്കുന്നു. ഈ പ്രവർത്തനങ്ങളും മനോഭാവങ്ങളും തലച്ചോറിന്റെ പ്രേരണയാലല്ല, പിന്നെയോ വികാരങ്ങളുടെ പ്രേരണയാലാണ് ഉണ്ടാകുന്നത്. സ്നേഹിക്കാനും ആദരിക്കാനും ആരാധിക്കാനും പോററിപ്പുലർത്താനും മററുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യാനും കുട്ടി പ്രോത്സാഹിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നതുപോലെ കുട്ടി ആയിത്തീരുന്നു. . . . ഇതിലെല്ലാം പെരുമാററരീതികൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. എന്തുകൊണ്ടെന്നാൽ നല്ല പെരുമാററരീതികൾ എന്നു പറയുന്നത് മററുള്ളവരോടുള്ള പരിഗണനയുടെ പ്രകടനമല്ലാതെ മറെറാന്നുമല്ല. . . . ആന്തരിക ഭാവങ്ങൾ ബാഹ്യസ്വഭാവത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നു. ബാഹ്യസ്വഭാവം ആന്തരിക ഭാവങ്ങളുടെ വളർച്ചയ്ക്കും സംഭാവന ചെയ്യുന്നു. ഉദാഹരണത്തിന്, പരിഗണനയോടെ പെരുമാറുമ്പോൾ അക്രമാസക്തമാകുക പ്രയാസമാണ്. നല്ല പെരുമാററരീതികൾ തുടക്കത്തിൽ ഉപരിപ്ലവം മാത്രമായിരിക്കാം. പിന്നീട് അത് ആഴമുള്ളതായിത്തീരുന്നു.”
വിരളമായ ചില സന്ദർഭങ്ങൾ ഒഴിച്ചാൽ നൻമയും തിൻമയും ഏതെന്ന് “തീരുമാനിക്കുന്നത് തലച്ചോറല്ല, പിന്നെയോ വികാരങ്ങളാണ്” എന്നും “കുററവാളികൾ കുററകൃത്യം ചെയ്യുന്നത് അവരുടെ ധമനികൾ കട്ടിയുള്ളതായിത്തീരുന്നതുകൊണ്ടല്ല പിന്നെയോ, ഹൃദയം കഠിനപ്പെടുന്നതുകൊണ്ടാണ്” എന്നും അവർ നിരീക്ഷിക്കുകയുണ്ടായി. നമ്മുടെ പെരുമാററത്തെ ഭരിക്കുന്നത് പലപ്പോഴും മനസ്സിനെക്കാളേറെ വികാരമാണെന്നും, നമ്മെ പരിശീലിപ്പിക്കുന്ന വിധവും നമ്മുടെ പ്രവർത്തന ശൈലിയും നമ്മുടെ ആന്തരിക ഭാവങ്ങളെ സ്വാധീനിക്കുകയും ഹൃദയത്തിനു മാററം വരുത്തുകയും ചെയ്യുന്നു എന്നും അവർ ഊന്നിപ്പറഞ്ഞു. ഈ പരിശീലനത്തിലും പ്രവർത്തനത്തിലും ആദ്യമൊക്കെ മററുള്ളവരുടെ പ്രേരണ ഉൾപ്പെട്ടിരുന്നിട്ടുണ്ടെങ്കിലും ഇതു സത്യമാണ്.
എന്നിരുന്നാലും, ഹൃദയത്തിന്റെ ആന്തരിക വ്യക്തിക്കു മാററം വരുത്തുന്നതിന് നിശ്വസ്ത സൂത്രവാക്യങ്ങൾ നൽകുന്നതിൽ ബൈബിളിനെ ജയിക്കാൻ മറെറാന്നുമില്ല.
ഒന്നാമത്, എഫെസ്യർ 4:22-24: “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.”
രണ്ടാമത്, കൊലൊസ്സ്യർ 3:9, 10, 12-14: “നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതുകൊണ്ടു ദൈവത്തിന്റെ വൃതൻമാരും വിശുദ്ധൻമാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.”
ചരിത്രകാരനായ വിൽ ഡുറൻറ് ഇപ്രകാരം പറയുകയുണ്ടായി: “കമ്മ്യൂണിസമോ വ്യക്തിത്വവാദമോ, യൂറോപ്പോ അമേരിക്കയോ, കിഴക്കോ പടിഞ്ഞാറോ, എന്നതല്ല നമ്മുടെ നാളിലെ ഏററവും വലിയ പ്രശ്നം; പിന്നെയോ ദൈവത്തെ കൂടാതെ മനുഷ്യന് ജീവിക്കാൻ കഴിയുമോ എന്നതാണ്.”
വിജയകരമായ ഒരു ജീവിതം നയിക്കുന്നതിന് നാം യഹോവ നൽകുന്ന ബുദ്ധ്യുപദേശത്തിന് ചെവികൊടുക്കേണ്ടതാണ്. “മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും. ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക. അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:1-6.
നൂററാണ്ടുകളിലെ ജീവിതം കൊണ്ട് പഠിച്ചെടുത്ത ദയാപരവും പരിഗണനാപൂർവകവുമായ നല്ല പെരുമാററരീതികൾ അധികപ്പററായ ഭാണ്ഡം അല്ലത്രേ. തന്നെയല്ല, ജീവിതത്തിനുവേണ്ടിയുള്ള ബൈബിൾ മാർഗനിർദേശങ്ങൾ പഴഞ്ചനല്ല പിന്നെയോ, അവ മനുഷ്യവർഗത്തിന്റെ നിത്യ രക്ഷക്കുവേണ്ടിയുള്ളതാണെന്ന് തെളിയാൻ പോകുകയാണ്. ‘ജീവന്റെ ഉറവ് യഹോവയുടെ പക്കൽ’ ആകയാൽ യഹോവയെ കൂടാതെ മനുഷ്യർക്ക് ജീവിതം തുടരാൻ സാധ്യമല്ല.—സങ്കീർത്തനം 36:9.
[11-ാം പേജിലെ ആകർഷകവാക്യം]
മററുള്ളവരുടെ പ്രേരണയാൽ ആയിരിക്കാം ആദ്യമൊക്കെ നമ്മുടെ പ്രവർത്തനശൈലിക്കു നാം മാററം വരുത്തുക. എങ്കിലും അതിനു നമ്മുടെ ആന്തരിക ഭാവങ്ങളെ സ്വാധീനിക്കാനും ഹൃദയത്തിനു മാററം വരുത്താനും കഴിയും
[10-ാം പേജിലെ ചതുരം]
ആളുകൾ നന്നായി പകർത്തിയേക്കാവുന്ന, ഭക്ഷണമേശയിലെ കുററമററ പെരുമാററരീതികൾ
നല്ല പെരുമാററ ശീലവും സാമൂഹികവാസനയും ഉള്ള മനോഹരങ്ങളായ സീഡർ വാക്സ്വിങ് പക്ഷികൾ നിറയെ പഴുത്ത കായ്കളുള്ള ഒരു കുററിക്കാട്ടിൽ ഒന്നിച്ചിരുന്നു വിരുന്നുണ്ണുന്നു. ഒരു മരച്ചില്ലയിൽ നിരയായിരുന്ന് അവർ പഴം തിന്നുകയാണ്, എന്നാൽ അവയ്ക്ക് ഒട്ടും ആർത്തിയില്ല. കൊക്കിൽനിന്ന് കൊക്കിലേക്ക് അങ്ങോട്ടുമിങ്ങോട്ടും അവ പരസ്പരം ഒരു പഴം കൈമാറുന്നു. ഒടുവിൽ ഒരു പക്ഷി അത് ആഹ്ലാദത്തോടെ തിന്നുകയായി. അവ ഒരിക്കലും തങ്ങളുടെ “കുഞ്ഞുങ്ങളെ” മറക്കുകയില്ല. അവയുടെയെല്ലാം വയറു നിറയുവോളം ഒട്ടും തളരാതെ അവ പഴങ്ങൾ ഓരോന്നോരോന്നായി കൊണ്ടെക്കൊടുക്കുന്നു.
[കടപ്പാട്]
H. Armstrong Roberts
[8-ാം പേജിലെ ചിത്രം]
ചിലർ പറയുന്നു: ‘ബൈബിളും ധാർമിക മൂല്യങ്ങളും വലിച്ചെറിയൂ’
[9-ാം പേജിലെ ചിത്രം]
“ദൈവം മരിച്ചുപോയി”.
ജീവിതത്തിന് അർഥമില്ല!”
“മരിജ്വാന പുകയ്ക്കൂ, കൊക്കെയ്ൻ വലിക്കൂ”
[7-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Left: Life; Right: Grandville