കൂടുതൽ വിദ്യാഭ്യാസം വേണമോ വേണ്ടയോ?
ഒരു ഉപജീവനം തേടാൻ എത്രത്തോളം വിദ്യാഭ്യാസം ആവശ്യമാണ്? അതിനുള്ള ഉത്തരം രാജ്യങ്ങൾതോറും വ്യത്യസ്തമായിരിക്കും. സാമ്പത്തിക ചെലവുകൾ വഹിക്കാൻ ഇപ്പോൾ അനേകം നാടുകളിലും കുറെ വർഷങ്ങൾക്കു മുമ്പ് ആവശ്യമായിരുന്നതിനെക്കാൾ കൂടുതൽ വിദ്യാഭ്യാസം വേണ്ടിയിരിക്കുന്നതായി തോന്നുന്നു. ചില രാജ്യങ്ങളിൽ, നിയമം ആവശ്യപ്പെടുന്ന ഏററവും കുറഞ്ഞ വിദ്യാഭ്യാസം പോര, തങ്ങളുടെ ജീവിതച്ചെലവുകൾ നടത്താൻ.
അതുകൊണ്ടാണ് കൂടുതൽക്കൂടുതൽ ബിരുദധാരികൾ ജോലിസ്ഥലത്തേക്കു പോകുന്നതിനു പകരം വീണ്ടും പഠിക്കാൻ പോകുന്നത് എന്നതിനു സംശയമില്ല. തീർച്ചയായും പ്രതിഫലങ്ങൾ ആകർഷകമെന്നു തോന്നിയേക്കാം. “1979 മുതൽ 1987 വരെ ഹൈസ്കൂൾ ഡിപ്ലോമയുള്ള ജോലിക്കാരായ പുരുഷൻമാരുടെ വേതനമൂല്യത്തിൽ 7.4 ശതമാനം കുറവുണ്ടായി, അതേസമയം കോളെജ് ബിരുദധാരികളുടെ വേതനം 7 ശതമാനം കണ്ട് ഉയർന്നു” എന്ന് സാമ്പത്തിക നയസ്ഥാപനത്തിന്റെ ഒരു റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു.
കോളെജ് ബിരുദധാരികൾക്കു തൊഴിലവസരങ്ങളിലേക്കുള്ള കവാടം തുറക്കുന്ന ഡിഗ്രികളുണ്ട്. ഹഡ്സൺ ഇൻസ്ററിററ്യൂട്ടിലെ ഒരു സീനിയർ ഗവേഷകനായ വില്യം ബി. ജോൺസ്ററൺ ഇപ്രകാരം പറയുന്നു: “കോളെജ് ബിരുദം അഥവാ കോളെജിൽ പോയിട്ടുണ്ടെന്നുള്ളതിന്റെ തെളിവ്, തൊഴിലിനുവേണ്ടിയുള്ള രാജ്യത്തെ അതിപ്രധാനപ്പെട്ട യോഗ്യതാപത്രമായിത്തീർന്നിരിക്കുന്നു.”
എന്നാൽ നേരേമറിച്ച്, അനേകം കോളെജ് ബിരുദധാരികളും ജോലി കണ്ടെത്താൻ പാടുപെടുകയാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ജോലി നഷ്ടപ്പെടുക എന്ന അപകടത്തിൽനിന്നും അവർ സുരക്ഷിതരല്ല. “എന്നോടൊപ്പം ബിരുദം നേടിയ എന്റെ സുഹൃത്തുക്കളിൽ മിക്കവർക്കും യാതൊരു ജോലിയുമില്ല” എന്ന് 22 വയസ്സുകാരനായ കാൾ പറയുന്നു. 55 വയസ്സുള്ള ജിം വിഖ്യാതമായ ഒരു യൂണിവേഴ്സിററിയിൽനിന്ന് ഡിസ്ററിങ്ഷനോടെ ബിരുദം നേടിയ ആളാണ്. എന്നാൽ 1992 ഫെബ്രുവരിയിൽ അദ്ദേഹത്തിനു ജോലി നഷ്ടപ്പെട്ടു. അദ്ദേഹത്തിനു ലഭിച്ച ഡിപ്ലോമ തുണയ്ക്കെത്തിയില്ല, സ്ഥിരമായ ഒരു ജോലി കണ്ടെത്താൻ അത് അദ്ദേഹത്തെ സഹായിച്ചതുമില്ല. “നിങ്ങളുടെ വിദ്യാഭ്യാസം ആശ്രയിക്കാൻ പററാത്തതായിത്തീരുന്നു,” അദ്ദേഹം പറയുന്നു.
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് “വെള്ളക്കോളർ ശുദ്ധീകരണസ്ഥലം”—ജോലിയിൽനിന്നു വിരമിക്കാൻ തീരെ പ്രായം കുറവും എന്നാൽ മറെറാരു കമ്പനി അവരെ ജോലിക്കെടുക്കാൻ കഴിയാത്തവിധം പ്രായക്കൂടുതലും—എന്നു വിളിച്ച അവസ്ഥയിലാണ് ജിമ്മും മററു പലരുമെന്ന് അവർ മനസ്സിലാക്കുന്നു.
അതുകൊണ്ട്, കോളെജ് വിദ്യാഭ്യാസത്തിനു നേട്ടങ്ങളുണ്ടെങ്കിലും അതു വ്യക്തമായും സർവപ്രശ്നങ്ങളുടെയും പ്രതിവിധിയല്ല. തിരഞ്ഞെടുക്കാനുള്ള ഒരേയൊരു സംഗതിയുമല്ല അത്. ദ ക്വസ്ററ്യൻ ഈസ് കോളെജ് എന്ന ഗ്രന്ഥത്തിൽ ഹെർബെർട്ട് കോൾ ഇപ്രകാരം എഴുതുന്നു: “കോളെജിൽ പോയിട്ടില്ലാത്ത വിജയപ്രദരായ അനേകമാളുകളുണ്ട്, അതുപോലെ കോളെജ് ബിരുദം ആവശ്യമില്ലാത്ത ധാരാളം മാന്യമായ ജോലികളുമുണ്ട്.” ഉദാഹരണത്തിന്, മിക്കപ്പോഴും കോളെജ് ബിരുദധാരികൾ അലങ്കരിക്കുന്ന സ്ഥാനങ്ങളിലേക്ക് ഒരു കോർപ്പറേഷൻ തിരഞ്ഞെടുക്കുന്നത് കോളെജ് ബിരുദം നേടാത്തവരെയാണ്. ബിരുദങ്ങൾക്കുവേണ്ടി നോക്കുന്നതിനു പകരം, നൽകിയ ജോലി നന്നായി നിർവഹിക്കാനുള്ള പ്രാപ്തി തെളിയിക്കുന്ന അപേക്ഷകരെയാണ് ആ കോർപ്പറേഷൻ തേടുന്നത്. “ഒരിക്കൽ ഞങ്ങൾ ആ വ്യക്തിയെ കണ്ടെത്തിയാൽ പ്രത്യേക തൊഴിൽ വൈദഗ്ധ്യം [അയാളെ] പഠിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിക്കുന്നു,” ഒരു വക്താവ് പറയുന്നു.
അതേ, ഒരു കോളെജ് ബിരുദത്തിന്റെ പ്രയോജനം കൂടാതെതന്നെ പലരും തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും സാമ്പത്തികാവശ്യങ്ങൾ നിറവേററിയിട്ടുണ്ട്. ഇവരിൽ ചിലർ കുറഞ്ഞ സമയവും പണവും മുടക്കി തൊഴിൽപരിശീലന സ്കൂളുകളിലെയോ സാങ്കേതിക സ്കൂളുകളിലെയോ ഗവൺമെൻറ് കോളെജുകളിലെയോ കോഴ്സുകളിൽ സംബന്ധിച്ചിട്ടുണ്ട്.a പ്രത്യേകവത്കൃത പരിശീലനമൊന്നും കൂടാതെതന്നെ മററു പലരും എന്തെങ്കിലും തൊഴിലോ സർവീസിങ് സെൻററോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശ്രയയോഗ്യൻ എന്ന സൽപ്പേരുള്ളതുകൊണ്ട് സ്ഥിരമായ ഒരു ജോലി നിലനിർത്താൻ അവർക്കു കഴിഞ്ഞിരിക്കുന്നു.
ഒരു സന്തുലിത വീക്ഷണം
തീർച്ചയായും, കോളെജ് വിദ്യാഭ്യാസം അല്ലെങ്കിൽ മറേറതെങ്കിലും അനുബന്ധ വിദ്യാഭ്യാസം ഉൾപ്പെടെ യാതൊരു തരത്തിലുള്ള വിദ്യാഭ്യാസവും വിജയം ഉറപ്പു നൽകുന്നില്ല. മാത്രമല്ല, “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്ന് ബൈബിൾ കൃത്യമായിത്തന്നെ പറയുന്നു. (1 കൊരിന്ത്യർ 7:31, NW) ഇന്നു ഡിമാൻഡുള്ള സംഗതി നാളെ ഒന്നിനും കൊള്ളാത്തതായി മാറിയേക്കാം.
അതുകൊണ്ട്, അനുബന്ധ വിദ്യാഭ്യാസത്തെക്കുറിച്ചു കാര്യമായി ചിന്തിക്കുന്ന ഒരുവൻ അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തേണ്ടതുണ്ട്. ‘എനിക്ക് ചെലവ് താങ്ങാൻ കഴിയുമോ? എനിക്കു ലഭിക്കുന്നത് ഏതുതരം ചുററുപാടുകളും സുഹൃത്തുക്കളുമായിരിക്കും? സാമ്പത്തിക ചെലവുകൾ നടത്താൻ എന്നെ പ്രാപ്തനാക്കുന്ന പ്രായോഗിക പരിശീലനം ഈ കോഴ്സുകൾ എനിക്കു പ്രദാനം ചെയ്യുമോ? കാലക്രമത്തിൽ ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ഒരു കുടുംബത്തിനു വേണ്ടി കരുതാൻ അത് എന്നെ സഹായിക്കുമോ?’ തങ്ങളുടെമേൽ ബൈബിൾ വെക്കുന്ന ഉത്തരവാദിത്വത്തിനു ചേർച്ചയിൽ മൂല്യവത്തായ ഉപദേശം നൽകാൻ പിന്തുണ നൽകുന്ന മാതാപിതാക്കൾക്കു കഴിയും. (ആവർത്തനപുസ്തകം 4:10; 6:4-9; 11:18-21; സദൃശവാക്യങ്ങൾ 4:1, 2) അനുബന്ധ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക നേട്ടങ്ങളോ അതിന്റെ ഏതെങ്കിലും പ്രത്യേകവശമോ നിങ്ങൾ പരിഗണിക്കുകയാണെങ്കിൽ യേശുവിന്റെ വാക്കുകൾ പരിചിന്തിക്കുന്നത് ഉചിതമായിരിക്കും: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?”—ലൂക്കൊസ് 14:28.
തീർച്ചയായും, അനുബന്ധ വിദ്യാഭ്യാസത്തിൽ ഏർപ്പെടണമോ എന്ന കാര്യം ശ്രദ്ധാപൂർവം വിലയിരുത്തി എടുക്കേണ്ട ഒരു തീരുമാനമാണ്. ഒരു ക്രിസ്ത്യാനി എല്ലായ്പോഴും മത്തായി 6:33-ലെ യേശുവിന്റെ വാക്കുകൾ മനസ്സിൽ പിടിക്കുന്നു: “മുമ്പെ [നിങ്ങളുടെ സ്വർഗീയ പിതാവിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” സത്യക്രിസ്ത്യാനികളുടെ ഇടയിൽ കൂടുതലായ വിദ്യാഭ്യാസമില്ലാത്തവരെ അവജ്ഞയോടെ വീക്ഷിക്കുകയോ താഴ്ന്നവരായി കണക്കാക്കുകയോ ചെയ്യുന്നില്ല, കൂടുതൽ വിദ്യാഭ്യാസമുള്ളവരെ ഉദ്ധതചിന്താഗതിക്കാരായി തള്ളിക്കളയുന്നുമില്ല. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “മറെറാരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ?”—റോമർ 14:4.
യേശു സന്തുലിതമായ ഈ വീക്ഷണത്തെ പ്രതിഫലിപ്പിച്ചു. “പഠിപ്പില്ലാത്തവരും സാമാന്യരുമായ” ആളുകളെ അവൻ നിന്ദിച്ചില്ല, ശക്തമായ സുവിശേഷവേല നിർവഹിക്കാൻ അഭ്യസ്തവിദ്യനായ പൗലോസിനെ തിരഞ്ഞെടുക്കുന്നതിൽനിന്ന് അവൻ പിൻമാറിനിന്നതുമില്ല. (പ്രവൃത്തികൾ 4:13; 9:10-16) അവസ്ഥ ഇതിലേതായിരുന്നാലും വിദ്യാഭ്യാസത്തെ അതിന്റെ സ്ഥാനത്തു നിർത്തേണ്ടതുണ്ട്, അതാണ് പിൻവരുന്ന ലേഖനം പ്രകടമാക്കുന്നത്.
[അടിക്കുറിപ്പുകൾ]
a അനുബന്ധ വിദ്യാഭ്യാസ പരിപാടികൾ ഓരോ സ്ഥലങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രദേശത്തു ലഭ്യമായ പരിപാടികൾ ഏതൊക്കെയാണെന്നു കണ്ടെത്താൻ സ്കൂളുകൾ, ഗ്രന്ഥശാലകൾ, ഗവൺമെൻറ് തൊഴിൽ സേവനവിഭാഗങ്ങൾ തുടങ്ങിയവ വിലപ്പെട്ട ഉറവിടങ്ങളാണ്.
[5-ാം പേജിലെ ചതുരം]
അനുബന്ധ വിദ്യാഭ്യാസം
1993 ഫെബ്രുവരി 1-ലെ വീക്ഷാഗോപുരം യഹോവയുടെ സാക്ഷികളെയും മുഴുസമയ ശുശ്രൂഷയെയും സംബന്ധിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: “അനേകം ദേശങ്ങളിലെയും പൊതുപ്രവണത മാന്യമായ ശമ്പളം വാങ്ങുന്നതിന് ഇന്നാവശ്യമായ സ്കൂൾവിദ്യാഭ്യാസം ഏതാനും വർഷങ്ങൾ മുമ്പത്തേതിനെക്കാൾ ഉയർന്നതാണെന്നു തോന്നുന്നു. . . . റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . . . നിയമം ആവശ്യപ്പെടുന്ന ഏററവും കുറഞ്ഞ സ്കൂൾവിദ്യാഭ്യാസം . . . പൂർത്തീകരിച്ചതിനുശേഷംപോലും . . . മാന്യമായ ശമ്പളമുള്ള ജോലി കണ്ടെത്താൻ പ്രയാസമാണെന്നാണ്. . . .
“‘മാന്യമായ ശമ്പളം’ എന്നതിനാൽ എന്താണ് അർത്ഥമാക്കുന്നത്? . . . അവർ സമ്പാദിക്കുന്നതു തങ്ങളുടെ ക്രിസ്തീയ ശുശ്രൂഷ നിറവേററാനാവശ്യമായ സമയവും ആരോഗ്യവും ഉണ്ടായിരിക്കെത്തന്നെ അവരെ മാന്യമായി ജീവിക്കാൻ അനുവദിക്കുന്നെങ്കിൽ അവരുടെ ശമ്പളത്തെക്കുറിച്ചു ‘പര്യാപ്തമായത്,’ ‘തൃപ്തികരമായത്’ എന്നു പറയാൻ കഴിയും.”
അതുകൊണ്ട് വീക്ഷാഗോപുരം ഇപ്രകാരം പറഞ്ഞു: “കൂടുതലായ വിദ്യാഭ്യാസത്തിന് അനുകൂലമായോ പ്രതികൂലമായോ യാതൊരു കർശനനിയമവും ഉണ്ടാക്കരുത്.”