പുതിയ പേരിൽ ഒരു പരിപ്പ്
ബൊളീവിയയിലെ ഉണരുക! ലേഖകൻ
ആമസോണിയയിലെ ഇടതൂർന്ന മഴക്കാടുകളിൽനിന്നു വരുന്നതാണ് സ്വാദേറിയതും പോഷകസമൃദ്ധവുമായ ഈ പരിപ്പ്. “ബ്രസീൽ പരിപ്പ്” എന്ന മുമ്പത്തെ പേര് മേലാൽ അതിനു യോജ്യമല്ല. എന്തുകൊണ്ടെന്നാൽ ഇപ്പോൾ അതിന്റെ പകുതിയും വരുന്നത് ബ്രസീലിന്റെ അതിർത്തികൾക്കപ്പുറം കിടക്കുന്ന കാടുകളിൽനിന്നാണ്. പ്രത്യേകിച്ചും ബൊളീവിയയിൽനിന്ന്.
ഉചിതമെന്നു പറയട്ടെ, ബ്രസീൽ പരിപ്പ്, നെയ് പരിപ്പ്, വെണ്ണ പരിപ്പ്, കാസ്ററാന്യാ ഡോ പാറാ, പാരാനുസ്, ന്വാ ഡ്യു ബ്രേസീൽ എന്നിങ്ങനെ മുമ്പു പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ പരിപ്പിന്റെ പേരു മാററാൻ ഇൻറർനാഷണൽ നട്ട് കൗൺസിൽ 1992 മേയ് 18-ന് തീരുമാനമെടുത്തു. ഇപ്പോൾ അതിന്റെ പേര് ആമസോണിയ പരിപ്പ് എന്നാണ്.
ഒരു പരിപ്പു ശേഖരണക്കാരന്റെ കഥ
ആറാമത്തെ വയസ്സിൽ പരിപ്പു ശേഖരണം തുടങ്ങിയ കൊർന്നെല്യോക്ക് വിദേശത്തുനിന്നുള്ള ഈ കാട്ടുപരിപ്പിന്റെ ശേഖരണത്തെക്കുറിച്ച് എന്താണു പറയാനുള്ളതെന്നു കേൾക്കൂ:
“ആമസോണിയ പരിപ്പുകളുടെ ഭൂരിപക്ഷവും കാട്ടിൽനിന്നാണു ശേഖരിക്കപ്പെടുന്നത്. അവ കണ്ടെത്താൻ കാട്ടിനുള്ളിലേക്കു നുഴഞ്ഞു കടക്കേണ്ടിയിരിക്കുന്നു. വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികളാണ് ഏക യാത്രാമാർഗം. ഞാനും എന്റെ 19-കാരൻ മകനും പല ദിവസങ്ങൾകൊണ്ട് ഇരട്ട തട്ടുകളുള്ള ഒരു തുഴവള്ളത്തിൽ ഒരു താവളത്തിലേക്കു യാത്രചെയ്യും. അവിടെ വനത്തിന്റെ ഒരു ഭാഗം ഞങ്ങൾക്കു നിയമിച്ചുതന്നിട്ടുണ്ട്.
“പകൽവെളിച്ചം മുഴുവനായും പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ഞങ്ങൾ വെളുപ്പിനെ 4:30-ന് എഴുന്നേൽക്കും. വെട്ടം വീഴുമ്പോഴേക്കും ഞങ്ങൾ താവളത്തിൽനിന്നു യാത്ര തുടങ്ങിയിരിക്കും. വഴികൾ ഏതാനും കിലോമീററർ വരെയേ ഉള്ളൂ. അവ അവസാനിക്കുന്നിടത്തൊക്കെ കാട്ടിൽനിന്ന് കായ്കൾ പറിച്ചുകൂട്ടുന്നു; പിന്നെ ഇടതൂർന്നു വളർന്നുനിൽക്കുന്ന കുററിച്ചെടികൾ വാക്കത്തികൊണ്ടു വെട്ടിമാററി ഒരു തരത്തിൽ വേണം അവിടെനിന്നും മുമ്പോട്ടു നീങ്ങാൻ. അവിടെ അതിരടയാളങ്ങളൊന്നുമില്ല. സൂര്യനെ വഴികാട്ടിയായി ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അറിയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഞങ്ങൾക്ക് ഒരുനാളും തിരിച്ചുപോരാനാവില്ല.
“കാനന നിധികൾ തേടിപ്പുറപ്പെടുന്ന ഏതൊരുവനും കാനനം അനേകം അപകടങ്ങൾ വരുത്തിക്കൂട്ടുന്നു. അവിടെ മലമ്പനി പോലെയുള്ള രോഗങ്ങളും പാമ്പുകളെക്കുറിച്ചുള്ള നിരന്തരമായ ഭയവുമുണ്ട്. ഭീമൻ പെരുമ്പാമ്പുകളെ ഞങ്ങൾക്കു പേടിയില്ല—അവ ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല. എന്നാൽ നിലത്ത് കരിയിലകൾക്കിടയിൽ മാരകമായ ചെറിയ വിഷപ്പാമ്പുകൾ ഒളിച്ചിരിപ്പുണ്ടാകും. അവയുടെ നിറവും പാടുകളും ശരിക്കും കബളിപ്പിക്കുന്നവയാണ്. കടിച്ചാലുടൻ വേദനയുണ്ടാവില്ല. എന്നാൽ വിഷം സാവധാനം ഇരയെ തളർത്തിക്കളയുന്നു. ചില്ലകളിൽ ഒളിച്ചിരിക്കുന്ന ചെറു പച്ചിലപ്പാമ്പുകളും തുല്യ അപകടകാരികളാണ്.
“കായ്കൾ തൂങ്ങിക്കിടക്കുന്ന, മനോഹരങ്ങളായ ആൽമെണ്ട്രോസ് വൃക്ഷങ്ങൾ കണ്ടുപിടിക്കാൻ ഒരു പ്രയാസവുമില്ല. എന്തുകൊണ്ടെന്നാൽ അവയ്ക്ക് 30 മുതൽ 50 വരെ മീററർ നീളം വരും. മററുള്ള മിക്ക വനവൃക്ഷങ്ങളെക്കാളും വളരെ ഉയരത്തിലുമായിരിക്കും. വനത്തിന്റെ മേൽപ്പരപ്പിനു മുകളിലേക്ക് വളരുന്നതുവരെ തടിക്ക് സാധാരണമായി ശാഖകൾ കാണില്ല. ശാഖകളുടെ അററത്തായി കൊക്കോകൾ എന്നു പറയുന്ന 10 മുതൽ 15 വരെ സെൻറിമീററർ വ്യാസം വരുന്ന ഉരുണ്ട, കട്ടിയുള്ള കായ്കൾ ഉണ്ടാകുന്നു. ഇവയിൽ 10 മുതൽ 25 വരെ എണ്ണം പരിപ്പുകൾ ഓറഞ്ചിൽ അല്ലികൾ അടുങ്ങിയിരിക്കുന്നതുപോലെ ക്രമീകരിച്ചിട്ടുണ്ടാവും. ഓരോന്നിനും പ്രത്യേകം തോടുകളും.
“കൊക്കോകൾ നിലത്തുവീഴുന്നത് നവംബർമുതൽ ഫെബ്രുവരിവരെയുള്ള മഴക്കാലത്താണ്. അവ വീഴുന്നയുടനെ പെറുക്കണം. അല്ലെങ്കിൽ കേടായിപ്പോകും. ഒരു 15 നിലക്കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽനിന്നു കൊക്കോകൾ വീഴുന്നതാണ് ജീവന് ഭീഷണിയുയർത്തുന്ന മറെറാരാപത്ത്. അപകടം കുറയ്ക്കാനായി ഞങ്ങൾ ആൽമെണ്ട്രോ മരത്തിൽനിന്ന് അകലെയായി കൊക്കോകൾ എറിഞ്ഞുകൂട്ടുന്നു. ഇതു ധൃതഗതിയിൽ വേണം താനും. എന്നാൽ പാമ്പുകളെ സൂക്ഷിക്കണം! ചുരുണ്ടുകൂടി തല മുകളിൽവെച്ചു കിടന്നുറങ്ങുന്ന അവയെ കണ്ടാൽ കൊക്കോ ആണെന്നേ തോന്നൂ. ചില പണിക്കാരാണെങ്കിൽ കൊക്കോ ആണെന്നോർത്ത് പാമ്പിനെ എടുത്തെറിഞ്ഞിട്ടുണ്ട്.
“കൊക്കോ പൊട്ടിച്ചെടുക്കാൻ വൈദഗ്ധ്യം ആവശ്യമാണ്. ശക്തിമുഴുവനെടുത്ത് ശരിയായ സ്ഥാനത്ത് വാക്കത്തികൊണ്ട് പല പ്രാവശ്യം തല്ലിയാണ് കേടു കൂടാതെ പരിപ്പു പുറത്തെടുക്കുന്നത്. പിന്നെ ഞങ്ങൾ പരിപ്പുകൾ നിറച്ച ഭാരമേറിയ ചാക്കുകളുമേന്തി മടങ്ങുകയായി. വാഹനങ്ങളോ ചുമട്ടു മൃഗങ്ങളോ ഒന്നും ഞങ്ങൾ ഉപയോഗിക്കാറില്ല. പരിപ്പു ശേഖരിക്കുന്നയാൾ കരുത്തനും കായികാഭ്യാസിയും ആയിരിക്കണം, പ്രത്യേകിച്ച് വിളവെടുപ്പ് വർഷത്തിലെ ഏററവും ചൂടും ഈർപ്പവുമുള്ള സമയത്തായതുകൊണ്ട്.”
ശേഖരിച്ചു കഴിയുമ്പോൾ
ശേഖരിക്കുമ്പോൾ പരിപ്പിന് പച്ചനിറമാണ്. അതിന്റെ അർഥം ഉയർന്ന ജലാംശം (ഏകദേശം 35 ശതമാനം) കാരണം അവ കേടുവന്നു നശിക്കാനിടയുണ്ടെന്നാണ്. അതുകൊണ്ട് അവ കേടാകാതിരിക്കുന്നതിന് കൂനയുടെ അടിഭാഗത്തുള്ളവ ഉണങ്ങത്തക്കവണ്ണം ഒരു കോരികകൊണ്ട് ദിവസവും ഇളക്കണം. ബൊളീവിയയിൽ തയ്യാറാക്കപ്പെടുന്ന പരിപ്പിന്റെ ഭൂരിപക്ഷവും കയററി അയയ്ക്കപ്പെടുന്നു. വിളവ് സംസ്കരിച്ചെടുക്കുന്നതിന് ആറു മാസം എടുക്കും.
ഒരു വലിയ പ്രഷർ കുക്കറിൽ പരിപ്പു ചൂടാക്കുന്നതാണ് സംസ്കരണത്തിന്റെ ആദ്യ പടി. ചൂടാകുമ്പോൾ പരിപ്പ് തോടിൽനിന്നു വേർതിരിയുന്നു, മുഴുവനോടെ.
പിന്നെ പരിപ്പ് വലിപ്പം അനുസരിച്ച് തരംതിരിച്ച് കമ്പിവലയിട്ട തട്ടങ്ങളിൽ നിരത്തുന്നു. ജലാംശത്തിന്റെ അളവ് 4 ശതമാനത്തിനും 8 ശതമാനത്തിനും മധ്യേ ആക്കി കുറയ്ക്കുന്നതിനായി പിന്നെ ഇത് ചൂളകളിൽവെച്ച് ചൂടാക്കുന്നു. തോടുകൾ കത്തിക്കാൻ ഉപയോഗിക്കുന്നു. ഈ കുറഞ്ഞ ജലാംശം കാരണം ശീതീകരിച്ച പരിപ്പുകൾ ഒന്നോ അതിലധികമോ വർഷം ഇരുന്നുകൊള്ളും. ഗുണമേൻമയും നറുമണവും നിലനിർത്തുന്നതിന് കയററി അയയ്ക്കുന്നതിനു മുമ്പ് പരിപ്പുകൾ അലൂമിനിയം പേപ്പറിൽ കാററു കടക്കാത്ത വിധത്തിൽ പൊതിഞ്ഞെടുക്കുന്നു.
വൈവിധ്യമാർന്ന രീതികളിൽ ലോകമെമ്പാടും ലക്ഷക്കണക്കിനാളുകളാണ് ആമസോണിയ പരിപ്പുകൾ തിന്നുന്നത്. ചിലർ പ്രഭാതഭക്ഷണത്തിലെ ധാന്യ മിശ്രിതത്തിൽ ഇതുപയോഗിക്കുന്നു. ചോക്ലേററുകൊണ്ടു പൊതിഞ്ഞോ ഉണങ്ങിയ പഴങ്ങളുടെ കൂടെയോ അത് ആസ്വദിക്കുന്നതാണ് മററുചിലർക്ക് ഇഷ്ടം. അടുത്തതവണ കൊതിയൂറിക്കുന്ന ഈ പരിപ്പ് കിട്ടുമ്പോൾ അതിന് ഒരു പുതിയ പേരുണ്ടെന്ന് ഓർമിക്കുക—ആമസോണിയ പരിപ്പ്!
[15-ാം പേജിലെ ചിത്രങ്ങൾ]
ആമസോണിയ പരിപ്പും അതുണ്ടാകുന്ന വൃക്ഷവും