കാഹളം—രണഭൂമിയിൽനിന്നു സംഗീതശാലയിലേക്ക്
രാജാവായ അബീയാവിന്റെ കാലത്ത് യഹൂദ്യ യോദ്ധാക്കളെ ശത്രുക്കൾ ഒരിക്കൽ പതിയിരുന്നാക്രമിച്ചു. അവരുടെ രണ്ടിരട്ടിയോളം വരുന്ന 8,00,000 ശത്രു സൈനികർ അവരെ വളഞ്ഞു. രക്ഷപെടൽ അസാധ്യമെന്നതുപോലെ തോന്നി. പെട്ടെന്ന് കാഹളശബ്ദം മുഴങ്ങിക്കേട്ടു! സിരകളിലൂടെ അഡ്രിനാലിൻ നുരച്ചുകയറിയപ്പോൾ, യഹൂദ്യ പുരുഷൻമാർ മാറെറാലികൊള്ളുന്ന പോർവിളിയോടെ യുദ്ധത്തിനു കുതിച്ചു. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽപ്പോലും, യഹൂദ്യർ ശത്രുവിനെ തോൽപ്പിച്ചു.—2 ദിനവൃത്താന്തം 13:1-20.
ആ കാഹളധ്വനികൾ കേൾക്കുന്നത് എത്ര ഉത്തേജനാത്മകമായിരുന്നിരിക്കണം! അതു യഹോവയുടെ ഈ വാഗ്ദത്തം യഹൂദ്യരുടെ മനസ്സിലേക്കു കൊണ്ടുവന്നു എന്നതിനു സംശയമില്ല: “നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന്നു പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്തു ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും.” (സംഖ്യാപുസ്തകം 10:9) കാഹളനാദം യഹോവയിലുള്ള യഹൂദ്യയുടെ ആശ്രയത്തെ പ്രകടമാക്കി, ആ ആശ്രയത്തിനു പ്രതിഫലം ലഭിക്കുകയും ചെയ്തു.
ഈ ബൈബിൾസംഭവത്തിനും വളരെ മുമ്പാണു കാഹളത്തിന്റെ ചരിത്രം തുടങ്ങുന്നത്. ക്രിസ്തുവിനും ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് ഈജിപ്തിൽ ലോഹംകൊണ്ടുള്ള കാഹളം ഉണ്ടായിരുന്നു. ഈ പുരാതന കാഹളങ്ങൾ നമുക്ക് ഇന്നറിയാവുന്ന കാഹളങ്ങളിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. മനോജ്ഞമായ ഈ ഉപകരണത്തിന്റെ വികാസത്തെ സംബന്ധിച്ചു പരിചിന്തിക്കുക.
ആദ്യ ഘട്ടങ്ങൾ
ഇംഗ്ലീഷിലെ “ട്രമ്പററ്” [കാഹളം] എന്ന പദം വന്നിരിക്കുന്നത്, ആനയുടെ തുമ്പിക്കൈയെ പരാമർശിക്കുന്ന ഒരു പഴയ ഫ്രഞ്ചു പദമായ ട്രോംമ്പ് എന്ന വാക്കിൽനിന്നാണ്. ലഭ്യമായ തെളിവനുസരിച്ച്, ആദിമ കാഹളങ്ങൾ ആനയുടെ തുമ്പിക്കൈ പോലെ തോന്നിയിരുന്നു. ഗ്രീക്കു നാടകകൃത്തായ എസ്ക്കലസ് (പൊ.യു.മു. 525-456) കാഹളശബ്ദത്തെ “തകർപ്പൻ” എന്നു വിളിച്ചു. അതു യുദ്ധമുന്നറിയിപ്പുകൾക്കും കായികമത്സരങ്ങൾക്കും മററു പൊതുപരിപാടികൾക്കും ശവസംസ്കാരത്തിന്റെയോ ആഘോഷങ്ങളുടെയോ അവസരങ്ങളിലും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.
ഇസ്രായേലിലെ കാഹളങ്ങൾ സൈനിക അടയാളങ്ങളായി ഉപയോഗിച്ചിരുന്നുവെങ്കിലും, അവ ആലയത്തിൽ സംഗീത ഉപകരണങ്ങളുമായിരുന്നു. ഉയർന്ന ഗുണനിലവാരമുള്ള ഉപകരണങ്ങൾ വെള്ളികൊണ്ട് നിർമിക്കുന്നതിനു വേണ്ടി വിദഗ്ധരായ ശിൽപ്പികളെ ഏർപ്പെടുത്തിയിരുന്നു. ആലയത്തിൽ കാഹളമൂത്തുകാർ, “ഏകസ്വരമായി [സമ്പൂർണ ഐക്യത്തോടെ, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ] കേൾക്കുമാറു” എന്നു വർണിക്കപ്പെടുവാൻ തക്കവണ്ണം വളരെ ഐക്യത്തോടെ കാഹളമൂതിയിരുന്നു.—2 ദിനവൃത്താന്തം 5:13.
അതുകൊണ്ട് ഇസ്രായേലിലെ കാഹളങ്ങൾ ഒരുപ്രകാരത്തിലും, കാഴ്ചക്കോ കേൾവിക്കോ, അരോചകമായിരുന്നില്ല. എന്നിരുന്നാലും ചുററുമുണ്ടായിരുന്ന ജനതകളുടെ കാഹളങ്ങളെപ്പോലെ അവയ്ക്കു പരിമിതമായ സ്വരങ്ങളേ പുറപ്പെടുവിക്കാൻ കഴിഞ്ഞുള്ളൂ. കാഹളത്തിന്റെ ഗുണമേൻമകൾ മെച്ചപ്പെടുന്നതിനു നൂററാണ്ടുകൾതന്നെ കടന്നുപോകേണ്ടിയിരുന്നു.
ആധുനിക കാഹളത്തിന്റെ വികാസം
കാഹളത്തിന്റെ ശബ്ദവ്യാപ്തി വർധിപ്പിക്കുന്നതിന്, അതിന്റെ രൂപഘടനയ്ക്ക് ഭേദഗതികൾ വരുത്തേണ്ടതുണ്ടായിരുന്നു. ഒന്നാമതായി, അതിന്റെ നീളം കൂട്ടി. നീളം കൂടുമ്പോൾ സ്വരസഞ്ചയവും വലുതായിരിക്കുമെന്നു ന്യായവാദം ചെയ്യപ്പെട്ടു. മധ്യയുഗത്തിലെ (ബ്യൂസീൻ എന്നു വിളിക്കപ്പെട്ടിരുന്ന) ഒരിനം കാഹളത്തിന് യഥാർഥത്തിൽ 1.8 മീററർ നീളമുണ്ടായിരുന്നത്രേ! സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, ആ കാഹളമൂതുക അത്ര സുഖമുള്ളതായിരുന്നില്ല. അതുകൊണ്ട്, ഉപയോഗിക്കാനുള്ള എളുപ്പത്തിനു വേണ്ടി 14-ാം നൂററാണ്ടിലെ കാഹളം ട-ആകൃതിയിൽ വളച്ചെടുത്തു. ഒരു നൂററാണ്ടുകൂടി കഴിഞ്ഞപ്പോൾ, മൂന്നു സമാന്തര ശാഖകളുള്ള ദീർഘവൃത്താകാരത്തിലുള്ള ഒരു വളയത്തിന്റെ രൂപം അതു കൈക്കൊണ്ടു.
ഈ പുതിയ കാഹളത്തിന് കൂടുതൽ സ്വരങ്ങൾ പുറപ്പെടുവിക്കാൻ കഴിഞ്ഞു, എന്നാൽ ഒരു ഉയർന്ന പിച്ചിൽ മാത്രം. ഈ സ്വരങ്ങളിൽ എത്തിച്ചേരുക പ്രയാസമായിരുന്നു. എന്നിരുന്നാലും, 17-ാം നൂററാണ്ടിലെ കാഹളത്തിനു വേണ്ടി ചിലർ സംഗീതം രചിക്കാൻ തുടങ്ങി, ഉയർന്ന ശബ്ദനിദാനത്തിന് അനുയോജ്യമായവ. ആ കാലഘട്ടത്തിലെ ഒരു പ്രസിദ്ധ സംഗീതരചയിതാവ് യോഹാൻ സെബാസ്ററ്യാൻ ബാക്ക് (1685-1750) ആയിരുന്നു.
കാലാന്തരത്തിൽ, ക്രൂക്ക്സ് എന്നു വിളിക്കപ്പെട്ട വളഞ്ഞ കുഴലുകൾ കാഹളത്തോടു കൂട്ടിച്ചേർത്തു. തത്ത്വം ലളിതമായിരുന്നു: കുഴലുകൾ കൂടുതലായി ഉള്ളതുകൊണ്ട് വായു നിറഞ്ഞുനിന്ന കുഴലിന്റെ നീളം കൂടി. അങ്ങനെ വിപുലമായ സ്വരങ്ങൾ ഉളവായി. ക്രൂക്കുകൾ കാഹളത്തിന്റെ സാധാരണ സ്വരനിദാനത്തെ എഫ് സ്വരത്തിൽനിന്നു ബി ഫ്ളാററ് സ്വരംവരെ താഴ്ത്തി.
അങ്ങനെ, വോൾഫ്ഗാങ് ആമാഡിയുസ് മൊസ്സാർട്ടിന്റെ (1756-1791) കാലമായപ്പോഴേക്കും ഉച്ചസ്ഥായിയിലുള്ള കാഹളം തിരോധാനം ചെയ്തുകഴിഞ്ഞിരുന്നു. താരതമ്യേന അനായാസത്തോടെ ക്ലാർനെററ് ഉച്ചസ്ഥായിയിലുള്ള സ്വരങ്ങളെ കൈകാര്യം ചെയ്യാൻ തുടങ്ങി, അതേസമയം കാഹളം മധ്യമസ്വരവിന്യാസം സ്വീകരിച്ചുകഴിഞ്ഞിരുന്നു.
ഈ പുതിയ കാഹളം ബഹുമുഖ ഉപയോഗമുള്ളതായിരുന്നെങ്കിലും അതു വായിക്കുന്നത് അപ്പോഴും അത്ര സുഖപ്രദമായിരുന്നില്ല. കാരണം ക്രൂക്കുകൾ ക്രമപ്പെടുത്തുന്നതിന് ഇരു കൈകളും ഉപയോഗിക്കേണ്ടിയിരുന്നു. അതുകൊണ്ട് കൂടുതൽ ഭേദഗതികൾ അനുപേക്ഷണീയമായിരുന്നു.
കട്ടകളുള്ള കാഹളം
1760-നോടടുത്ത് റഷ്യൻ സംഗീതജ്ഞനായ കോൾബെൽ ശ്രദ്ധേയമായ ഒരു കണ്ടുപിടിത്തം നടത്തി. അദ്ദേഹം കാഹളത്തിന്റെ ബെല്ലിനടുത്ത് ഒരു ദ്വാരമുണ്ടാക്കി സ്റേറാപ്പറായി വർത്തിക്കുന്ന മൃദുവായ കട്ടകൊണ്ട് അതു മൂടി. ഈ കട്ടയുടെ തുറക്കൽ ഏതു സംഗീതസ്വരത്തെയും പകുതികണ്ട് ഉയർത്തി. 1801-ൽ വിയന്നയിൽനിന്നുള്ള ആന്റോൺ വൈഡിങ്ങർ എന്നു പേരുള്ള ഒരു കാഹളമൂത്തുകാരൻ, അഞ്ചു കട്ടകളുള്ള ഒരു കാഹളം ഉണ്ടാക്കിക്കൊണ്ട് കോൾബെലിന്റെ രൂപഘടനയെ പരിഷ്കരിച്ചു. ഒടുവിൽ സ്വരങ്ങളുടെ ആരോഹണ-അവരോഹണ ക്രമത്തിലുള്ള എല്ലാ നാദങ്ങളും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു കാഹളം നിലവിൽവന്നു. അതു വലിയ ക്ലേശമൊന്നും കൂടാതെതന്നെ വായിക്കാനും കഴിയുമായിരുന്നു.
എന്നിരുന്നാലും, വൈഡിങ്ങറുടെ കാഹളത്തിനുപോലും സാരമായ പരിമിതി ഉണ്ടായിരുന്നു. ഈ കട്ടകൾ തുറക്കുന്നത് ഉപകരണത്തിന്റെ അനുകമ്പനത്തെ ബാധിക്കുകയും കാഹളത്തിന്റെ തിരിച്ചറിയാൻ കഴിയുന്ന സ്വരത്തിനു മാററം വരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് കട്ടകളുള്ള കാഹളം അധികകാലം പിടിച്ചുനിന്നില്ല. കാഹളത്തിന്റെ രൂപഘടന സംബന്ധിച്ച തികച്ചും പുതിയ ഒരു സമീപനം നിമിത്തം അത് ഉപേക്ഷിക്കപ്പെട്ടു.
വാൽവുള്ള ആദ്യത്തെ കാഹളം
കാഹളത്തോട് പിസ്ററണുകൾ അഥവാ വാൽവുകൾ കൂട്ടിച്ചേർത്ത ഒരു കണ്ടെത്തലിനായി 1815-ൽ സൈലിഷ്യയിലെ ഹൈൻറിക് ഷ്റേറാൾസയ്ക്ക് നിർമാണാവകാശക്കുത്തക (patent) വാങ്ങി. സമർഥമായി ഉണ്ടാക്കിയ ദ്വാരങ്ങൾ മുഖാന്തരം, ഓരോ വാൽവും പ്രധാന കുഴലിലുള്ള വായുവിനെ, അതിനോടു ചേർത്തു പിടിപ്പിച്ചിട്ടുള്ള ഒരു വളഞ്ഞ കുഴലിലേക്കു തിരിച്ചുവിടുമായിരുന്നു. അങ്ങനെ നീളം വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം വളഞ്ഞ കുഴലുകൾ ഒരേ സമയത്തുതന്നെ ഏതു സംയോജനത്തിലും ഉപയോഗിക്കാൻ കഴിഞ്ഞു. കൂടാതെ, വാൽവുകൾ സ്പ്രിങ്ങുകൊണ്ട് നിറച്ചിരുന്നതിനാൽ ക്ഷണനേരം കൊണ്ടുള്ള പ്രതിപ്രവർത്തനം സാധ്യവുമായിരുന്നു.
സൂക്ഷ്മമായ സ്വരഭേദങ്ങളോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ ആദ്യം ഈ കാഹളത്തിനുണ്ടായിരുന്നു. എന്നാൽ, വർഷങ്ങൾ കടന്നുപോയപ്പോൾ, ഈ പോരായ്മകൾ പരിഹരിച്ചു. അങ്ങനെ വാൽവുള്ള കാഹളം ഇന്നോളം നിലനിന്നിരിക്കുന്നു.
വൈവിധ്യത്തിനു പേരുകേട്ടത്
ഫലത്തിൽ എല്ലാത്തരം സംഗീതരൂപങ്ങളിലും കാഹളത്തിന് ഒരു സ്ഥാനമുണ്ട്. അതു സ്വരത്തോടും മററ് ഉപകരണങ്ങളോടും നന്നായി ലയിക്കുന്നു. വീരോചിതവും യുദ്ധോചിതവുമായ അതിന്റെ സ്വരം കാഹളമേളങ്ങൾക്കും പടനീക്കങ്ങൾക്കും അതിനെ ഫലപ്രദമാക്കുന്നു. അതേസമയം, സംഗീതക്കച്ചേരികൾക്കും ഓപ്പറകൾക്കും ആധുനിക ജാസ്സ് സംഗീതത്തിനും വളരെ അനുയോജ്യമായ തീവ്രവും ശക്തവുമായ സ്വരഭേദവും അതിനുണ്ട്. മാത്രവുമല്ല, ഗാനങ്ങൾക്കിണങ്ങുന്ന സമ്പന്നമായ അതിന്റെ ഗുണങ്ങൾ നിമിത്തം കാഹളം കഥാപ്രസംഗങ്ങൾക്കു വളരെ ഇണങ്ങിയതാണ്. തനിച്ചു പാടുന്നവരും അത് ഉപയോഗിക്കാറുണ്ട്.
അതേ, കാഹളത്തിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. മേലാൽ മുന്നറിയിപ്പു കൊടുക്കുന്നതിന് പട്ടാളക്കാരൻ മാത്രം ഏന്തുന്ന ഒരു ഉപകരണമല്ല അത്. ഇപ്പോൾ അതിനു യഥാർഥമായ സംഗീതം ഉളവാക്കാൻ കഴിയും—ചുരുങ്ങിയത് കലാനൈപുണ്യമുള്ള ഒരുവന്റെ കയ്യിൽ കിട്ടുമ്പോൾ. സംഗീതത്തിലെ നിങ്ങളുടെ അഭീഷ്ടങ്ങൾ എന്തുതന്നെയായിരുന്നാലും അതു നിങ്ങൾക്കു ശ്രവണസുഖം കൈവരുത്തിയിട്ടുണ്ട് എന്നതിനു സംശയമില്ല. കാഹളം പോലെയുള്ള സംഗീതോപകരണങ്ങൾ നിർമിക്കാനുള്ള പ്രാപ്തി മനുഷ്യർക്ക് തന്നതിന് നമ്മുടെ സ്രഷ്ടാവിനോട് നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും!
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Keyed Trumpet and Slide Trumpet: Encyclopædia Britannica/11th Edition (1911)