സാത്താന്യാരാധനയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു
യഹോവയായ ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച് ഏദൻതോട്ടത്തിൽ ആക്കിവെക്കുകയും വർദ്ധിച്ചുപെരുകി നീതിയുള്ള സന്തതികളെക്കൊണ്ടു ഭൂമിയെ നിറയ്ക്കാൻ അവരോടു പറയുകയും ചെയ്തു. അവർ ആ തോട്ടത്തെ പരിപാലിച്ച്, കൃഷിചെയ്തു നിലനിർത്തുകയും എന്നേക്കും ജീവിക്കുകയും ചെയ്യണമായിരുന്നു. സുകരമായ ഒരൊററ വ്യവസ്ഥയേ ഉണ്ടായിരുന്നുള്ളു: ‘തോട്ടത്തിന്റെ നടുവിലുള്ള ഒരു പ്രത്യേക വൃക്ഷത്തിൽനിന്നു ഭക്ഷിക്കരുത്. നീ അതിൽനിന്നു ഭക്ഷിച്ചാൽ നീ മരിക്കും.’—ഉല്പത്തി 1:27, 28; 2:8, 9, 15-17; യെശയ്യാവു 45:18.
ശക്തനായ ഒരു ദൂതൻ ദൈവത്തിനെതിരായി മത്സരിക്കുകയും സാത്താനായിത്തീരുകയും ചെയ്തു. ആ പേരിന്റെ അർഥം “എതിർക്കുന്നവൻ” എന്നായിരുന്നു; കാരണം അവൻ നിയന്ത്രണം തട്ടിയെടുക്കാൻ ആഗ്രഹിച്ചു. അവൻ മനുഷ്യവർഗത്തിന്റെ ആരാധന തനിക്കായി ആഗ്രഹിച്ചു. അവൻ വിലക്കപ്പെട്ട ഫലം തിന്നാൻ ഹവ്വായെ സ്വാധീനിച്ച് അത് ആഹാരത്തിനു നല്ലതാണെന്നും അവൾ മരിക്കാതെ നൻമയും തിൻമയും സ്വയം തീരുമാനിക്കാനുള്ള പ്രാപ്തിയോടെ ദൈവത്തെപ്പോലെയാകുമെന്നും അവകാശപ്പെട്ടു. അവളുടെ ആദ്യ തീരുമാനം മോശമായിരുന്നു; വിലക്കപ്പെട്ട ഫലം ഭക്ഷിക്കുന്നതു നല്ലതാണെന്ന് അവൾ തീരുമാനിച്ചു. ഹവ്വാ ഭക്ഷിച്ചു, കനിയിൽ കുറേ ആദാമിനും കൊടുത്തു. അവനും ഭക്ഷിച്ചു. രണ്ടുപേരും ഒടുവിൽ മരിച്ചു. അങ്ങനെ ആദാം അവരുടെ സന്തതികളുടെമേൽ പാപവും മരണവും വരുത്തി, അന്നുമുതൽ അവർ എക്കാലത്തും മരിച്ചുകൊണ്ടാണിരിക്കുന്നത്. (ഉല്പത്തി 3:1-6; റോമർ 5:12) ആദ്യത്തെ മനുഷ്യജോടി സാത്താനെ അനുഗമിക്കാൻ തീരുമാനിക്കുകയും സാത്താന്യാരാധനയിലേക്കുള്ള ആദ്യത്തെ പരിവർത്തിതരായിത്തീരുകയും ചെയ്തു. ഇന്നോളം ദശലക്ഷങ്ങൾ ആ ആദ്യമാതാപിതാക്കളുടെ മതം നല്ലതായിരുന്നുവെന്നും ആണെന്നും തീരുമാനിച്ചിരിക്കുന്നു. “നിങ്ങൾ ദാസൻമാരായി അനുസരിപ്പാൻ നിങ്ങളെത്തന്നെ സമർപ്പിക്കുകയും നിങ്ങൾ അനുസരിച്ചുപോരുകയും ചെയ്യുന്നവന്നു ദാസൻമാർ ആകുന്നു.”—റോമർ 6:16; യോഹന്നാൻ 17:15, 16; 1 യോഹന്നാൻ 5:19.
യഹോവ സാത്താന്റെ അന്തിമനാശം ഉച്ചരിച്ചു, എന്നാൽ കുറേ കാലത്തേക്കു തുടരാൻ അവനെ അനുവദിച്ചു. പരിശോധിക്കപ്പെടുന്ന പക്ഷം തന്നോടു വിശ്വസ്തരായി നിലകൊള്ളുന്ന മനുഷ്യരെ ഭൂമിയിൽ ആക്കിവെക്കാൻ ദൈവത്തിന്നു കഴികയില്ലെന്നു സാത്താൻ നടത്തിയ ഒരു വെല്ലുവിളി തെളിയിക്കുന്നതിനുള്ള അവസരം ഇത് അവന് ഒരുക്കിക്കൊടുക്കും—ഇത് ഇയ്യോബ് എന്ന ബൈബിൾപുസ്തകത്തിന്റെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിൽ സ്പഷ്ടമായി വരച്ചുകാട്ടിയിരിക്കുന്നതും വിവാദത്തിൽ യഹോവയുടെ പക്ഷത്തിന് അനുകൂലമായി ഉത്തരംകൊടുത്തിരിക്കുന്നതുമായ ഒരു വെല്ലുവിളിയാണ്. സാത്താനിൽനിന്നുള്ള ക്രൂരവും ദുഷ്ടവുമായ ആക്രമണങ്ങളിൻകീഴിൽ ഇയ്യോബുതന്നെ ദൈവത്തോടു നിർമലത പാലിക്കാനും അങ്ങനെ സാത്താനെ ഒരു നുണയൻ എന്നു തെളിയിക്കാനും തീരുമാനിച്ചു. (ഉല്പത്തി 3:15; പുറപ്പാടു 9:16; ഇയ്യോബ് 42:7) സാർവ്വത്രിക പരമാധികാരത്തിന്റെ വാദവിഷയത്തിൽ യഹോവയുടെ പക്ഷത്തു നിലകൊണ്ട സാക്ഷികളുടെ ഒരു നീണ്ട പട്ടിക എബ്രായർ 11-ാം അദ്ധ്യായവും രേഖപ്പെടുത്തുന്നു.
സാർവത്രിക പരമാധികാരം, ദൈവത്തോടുള്ള മനുഷ്യ നിർമലത എന്നിവയെ ചൊല്ലിയുള്ള വലിയ വാദവിഷയത്തിൽ യഹോവയുടെ പക്ഷത്തിനുവേണ്ടി എക്കാലത്തേക്കുമായുള്ള പൂർണമായ ഉത്തരം കൊടുത്ത പ്രമുഖൻ ക്രിസ്തുയേശുവാണ്. ഇതു സാത്താനു നേരിട്ട ഒരു കനത്ത പരാജയമായിരുന്നു. സാത്താനെ ആരാധിക്കുന്നു എന്നു കാട്ടുന്ന ഒരൊററ ക്രിയക്കു പ്രതിഫലമായി അവനു മുഴുലോകത്തിൻമേലുമുള്ള ഭരണാധിപത്യം കൊടുക്കാമെന്നുള്ള സാത്താന്റെ വാഗ്ദാനത്തെ യേശു അപ്പാടെ തള്ളിക്കളഞ്ഞു. ഒരു ദണ്ഡനസ്തംഭത്തിൽ മരിക്കവേ യേശു പിൻമാറാതെ ഒരു ഭയങ്കര യാതന സഹിക്കുകയും ചെയ്തു. അവൻ നമുക്കു പിന്തുടരുന്നതിന് ഒരു പൂർണമാതൃക വെച്ചുകൊണ്ട് സാത്താനെയും സാത്താന്റെ ലോകത്തെയും ജയിച്ചു.—മത്തായി 4:8-10; 27:50; യോഹന്നാൻ 16:33; എബ്രായർ 5:7-10; 1 പത്രോസ് 2:21.
നാം ജീവിച്ചുവരുന്ന അനർഥകരമായ കാലത്തിന്റെ കാര്യത്തിൽ സാത്താൻ എന്നെത്തേതിലും ശക്തനായിത്തീരുകയാണെന്നും സാത്താന്യാരാധനതന്നെ വർദ്ധിക്കുകയാണെന്നും തോന്നിയേക്കാം. എന്നിരുന്നാലും, വെളിപാട് എന്ന ബൈബിൾപുസ്തകം 12-ാം അദ്ധ്യായത്തിൽ 7-9, 12 വാക്യങ്ങളിൽ തികച്ചും വ്യത്യസ്തമായ ഒരു ചിത്രം വരച്ചുകാട്ടുന്നു:
“സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും [ക്രിസ്തുയേശു] അവന്റെ ദൂതൻമാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതൻമാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. അവന്റെ ദൂതൻമാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”
പറുദീസാഭൂമിയുടെ നാളുകൾ എണ്ണമററതായിരിക്കും!
“തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു”കൊണ്ട്, സാത്താൻ ഈ “അന്ത്യനാളുകളിൽ” തന്റെ ഭൂതപ്രവർത്തനം വർദ്ധിപ്പിക്കുകയാണ്. (യാക്കോബ് 5:1-3) എന്നിരുന്നാലും, നമ്മുടെ നാളുകളിലെ കാർമേഘങ്ങളിൽ ഒരു രജതരേഖ ഉണ്ട്. അത് എന്താണെന്നു വെളിപ്പാട് 21:1, 3-5 വെളിപ്പെടുത്തുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവംതാൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.”
അങ്ങനെ, ക്രിസ്തുയേശു ഒരു ആയിരം വർഷം ഭരിക്കും. ആ സമയത്തു യഹോവ, ഭൂമിയെ സൃഷ്ടിച്ചതിന്റെയും മനുഷ്യവർഗത്തെ അതിൽ ആക്കിവെച്ചതിന്റെയും പിന്നിലെ ആദിമ ഉദ്ദേശ്യം നിറവേററും. (വെളിപ്പാടു 20:1, 2, 6) മനുഷ്യവർഗം ആദിയിൽ നീതിയുള്ള സന്താനങ്ങളെക്കൊണ്ടു ഭൂമിയെ നിറച്ച് അതിനെ പരിപാലിക്കുകയും അതിലെ സസ്യങ്ങളെയും മൃഗങ്ങളെയും ശുശ്രൂഷിച്ച് സമാധാനത്തിൽ ജീവിക്കുകയും അന്യോന്യം സ്നേഹിക്കുകയും ചെയ്യേണ്ടതായിരുന്നുവെന്നു നിങ്ങൾ ഓർമിക്കുമല്ലോ. ആ ഉദ്ദേശ്യത്തിന്റെ നിവൃത്തി തനിക്കു സകല ആളുകളെയും യഹോവയാം ദൈവത്തിൽനിന്ന് അകററാൻ കഴിയുമെന്നുള്ള സാത്താന്റെ വെല്ലുവിളി തെളിയിക്കാൻ അവനെ അനുവദിക്കുന്നതിനു നീട്ടിവെച്ചിരിക്കുകയാണ്. അവൻ കോടിക്കണക്കിനാളുകളെ അടിമകളാക്കിയിരിക്കുകയാണ്, എന്നാൽ നിർമലതാപാലകരായ ഏതാനും ലക്ഷങ്ങളുടെ കാര്യത്തിൽ അവൻ പരാജയപ്പെട്ടിരിക്കുന്നു.—റോമർ 6:16.
ഒരു പുനഃസ്ഥാപനകാലത്തു ക്രിസ്തുയേശുവിലൂടെയുള്ള യഹോവയുടെ കരുണ ശവക്കുഴിയിലേക്കു പോലും കടന്നുചെല്ലും. കഴിഞ്ഞ ആയിരക്കണക്കിനു വർഷങ്ങളിൽ മരിച്ചുപോയിരിക്കുന്ന കോടിക്കണക്കിനാളുകൾക്ക് ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ അവസരം നൽകപ്പെടും: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നൻമ ചെയ്തവർ ജീവന്നായും തിൻമചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം പ്രാപിക്കാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
ആ പുതിയ ഭൂമിയിലെ നീതിയുള്ള ചുററുപാടിനോട് ഇണങ്ങിച്ചേരാൻ വിസമ്മതിക്കുന്ന ആരും അതിനെയും അതിലെ ചെടികളെയും മൃഗങ്ങളെയും മനുഷ്യവർഗത്തിന്റെ സമാധാനത്തെയും യഹോവയാം ദൈവത്തിന്റെ സത്യാരാധനയെയും മലിനീകരിക്കാനോ നശിപ്പിക്കാനോ ശേഷിച്ചിരിക്കുകയില്ല. സങ്കീർത്തനം 37:10, 11, 29 ഇതിനെ സ്ഥിരീകരിക്കുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാന സമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”
മീഖാ 4:2-4 യഥാർഥ സമാധാനവും സുരക്ഷിതത്വവും വാഗ്ദാനംചെയ്യുന്നു: “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ അനേക ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.”
ഹോശേയ 2:18 പറയുന്നതുപോലെ, ഈ സമാധാനം മൃഗങ്ങളെയും ഉൾപ്പെടുത്താൻ വ്യാപിക്കും: “അന്നാളിൽ ഞാൻ [യഹോവ] അവർക്കുവേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും. ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.” എസെക്കിയേൽ 34:25-ഉം “ഉപദ്രവകാരിയായ കാട്ടുമൃഗ”ത്തിന്റെ സാന്നിദ്ധ്യത്തെ ഒഴിവാക്കുന്ന ഒരു ഉടമ്പടിയെക്കുറിച്ചു പറയുന്നു.
കൂടാതെ, യെശയ്യാവ് 11:6-9 പറുദീസയിലെ മൃഗങ്ങൾ തമ്മിലുള്ള സമാധാനം വാഗ്ദാനംചെയ്യുന്നു. “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടു കൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”
സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും. അവർ വായുവിനെയും വെള്ളത്തെയും മണ്ണിനെയും സംരക്ഷിക്കും. നീരുറവകളും നീരൊഴുക്കുകളും വരണ്ട ദേശങ്ങളെ കുതിർക്കും. സ്വാർഥ ലാഭത്തിനുവേണ്ടി വെട്ടിത്തെളിച്ച പർവതങ്ങളെ വനങ്ങൾ വസ്ത്രമണിയിക്കും. കാട്ടുപ്രദേശങ്ങൾ തഴക്കുകയും മുൻമരുഭൂമികൾ റോസ പോലെ പുഷ്പിക്കുകയും ചെയ്യും. അന്ധർ കാണും, ബധിരർ കേൾക്കും, മുടന്തർ നടക്കും, ഊമർ സംസാരിക്കും. (യെശയ്യാവു 35:1-7) യഹോവയുടെ മഹത്ത്വമാർന്ന പർവതങ്ങൾ, താഴ്വരകൾ എന്നിവയോടും അലയടിക്കുന്ന സമുദ്രങ്ങൾ, കടലുകൾ എന്നിവയുടെ തീരപ്രദേശങ്ങളോടുമുള്ള വിലമതിപ്പു മനുഷ്യരുടെ അത്യാഗ്രഹം വീണ്ടും ഉയർന്നുവന്നു ഭൂമിയെ നശിപ്പിക്കാൻ ഒരിക്കലും അനുവദിക്കുകയില്ല. യഹോവയുടെ ആത്മാവിന്റെ ഫലങ്ങൾ നിറഞ്ഞ പൂർണതയുള്ള മനുഷ്യവർഗത്തിന്, ഓരോരുത്തർക്കും, അയൽക്കാരനെ തന്നേപ്പോലെതന്നെ സ്നേഹിക്കുന്നതും എല്ലാററിനുമുപരിയായി യഹോവയെ തന്റെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെ സ്നേഹിക്കുന്നതും അനായാസമായിരിക്കും, സ്വാഭാവികമായിരിക്കും. അതെ, സകല മനുഷ്യവർഗവും “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നീ ആത്മീയ ഫലങ്ങൾ കായിക്കും.—ഗലാത്യർ 5:22, 23.
സത്യമായിരിക്കാൻ കഴിയാത്തവിധം ശോഭനമോ?
‘ഇതെല്ലാം സത്യമായിരിക്കാൻ കഴിയാത്തവിധം ശോഭനമായി തോന്നുന്നു’ എന്നായിരിക്കാം ചില വായനക്കാർ ഇപ്പോൾ പറയുന്നത്. എന്നാൽ അങ്ങനെയല്ല, ഇപ്പോൾ നിലവിലുള്ള അവസ്ഥകൾ അവ തുടരാൻ പാടില്ലാത്തവിധം വളരെ മോശമാണ്. ബൈബിൾ “അന്ത്യകാലം” എന്നു വിളിക്കുന്ന കാലത്താണു നാം എത്തിയിരിക്കുന്നത്. ചുററും നോക്കുക, അപ്പോൾ ഇതിങ്ങനെതന്നെയാണെന്നു നിങ്ങൾക്കു കാണാൻ കഴിയും. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക,” ദൈവവചനം പറയുന്നു. “മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. ദുഷ്ട മനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ടു മേൽക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.”—2 തിമൊഥെയൊസ് 3:1-5, 13.
നമ്മുടെ കാലങ്ങളുടെ ഈ സ്പഷ്ടമായ ചിത്രമുണ്ടായാലും അനേകർ പിന്നെയും പരിഹസിക്കും. അതും പ്രതീക്ഷിക്കേണ്ടതാണ്. അവരുടെ പരിഹാസം നാം അന്ത്യനാളുകളിലാണെന്നുള്ള ആകമാന തെളിവിന്റെ ഒരു ശകലമാണ്: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കൻമാർ നിദ്രകൊണ്ട ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്ത മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരും . . . ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു . . . എന്നാൽ നാം അവന്റെ വാഗ്ദത്ത പ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”—2 പത്രൊസ് 3:3, 4, 7, 13.
നീതിയുള്ള തന്റെ പുതിയ ലോകത്തിൽ, സാത്താന്റെ ലോകമാകുന്ന ഈ ദുഷ്ടവ്യവസ്ഥിതി മനസ്സിലേക്കു വരുകപോലുമില്ല: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.” (യെശയ്യാവു 65:17, 18) സാത്താന്യാരാധനയുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുകയാണ്, ദൈവത്തിന്റെ തക്കസമയത്തു സാത്താൻതന്നെയും എന്നേക്കും നശിപ്പിക്കപ്പെടും.—വെളിപ്പാടു 20:1-3, 7-10.
തീർച്ചയായും, പറുദീസാഭൂമിയിൽ വരാനുള്ള അനുഗൃഹീത അവസ്ഥകൾ സത്യമായിരിക്കാൻ കഴിയാത്തവിധം ശോഭനമല്ല; സാത്താന്റെ കീഴിലെ ഇപ്പോഴത്തെ പഴയ വ്യവസ്ഥിതി നിലനിൽക്കാൻ പാടില്ലാത്തവണ്ണം അത്ര മോശമാണെന്നു യഹോവ കരുതുന്നു.
[10-ാം പേജിലെ ചിത്രം]
പറുദീസാഭൂമിയിലെ അനുഗൃഹീതാവസ്ഥകൾ സത്യമായിരിക്കാൻ കഴിയാത്തവിധം അത്ര ശോഭനമല്ല