സമാനുഭാവത്തോടെ ശ്രദ്ധിക്കുന്ന ഒരുവനാണോ നിങ്ങൾ?
നിങ്ങളുടെ ജീവിതത്തിലെ എല്ലാവർക്കും വിലപിടിച്ച ഒരു സമ്മാനം കൊടുക്കാൻ നിങ്ങൾക്കു വകയുണ്ടായിരുന്നുവെന്നു സങ്കൽപ്പിക്കുക. അവർ എത്ര സന്തോഷവും വിലമതിപ്പും ഉള്ളവരായിരിക്കും! വാസ്തവത്തിൽ, മററുള്ളവർക്ക് ഒരു പ്രത്യേക സമ്മാനം, അവർക്ക് യഥാർഥത്തിൽ ആവശ്യമുള്ള ഒന്ന്, കൊടുക്കാൻ നിങ്ങൾക്കു കഴിയും. അതിനു നിങ്ങൾ ഒരു ചില്ലിക്കാശുപോലും മുടക്കേണ്ടതില്ല. എന്താണത്? അനുകമ്പാപൂർവകമായ ശ്രദ്ധ നൽകൽ. മിക്കവർക്കും ശ്രദ്ധ ആവശ്യമാണ്, അവർക്കതു ലഭിക്കുമ്പോൾ അവർ വിലമതിപ്പോടെ പ്രതികരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഗുണമേൻമയുള്ള ശ്രദ്ധ നൽകുന്നതിനു സമാനുഭാവത്തോടെ കേൾക്കുന്ന ഒരുവനായിരിക്കണം നിങ്ങൾ.
നിങ്ങൾ ഒരു പിതാവോ മാതാവോ അല്ലെങ്കിൽ ഒരു തൊഴിലുടമയോ അതുമല്ലെങ്കിൽ ബുദ്ധ്യുപദേശത്തിനോ മാർഗനിർദേശത്തിനോ ആളുകൾ സമീപിക്കുന്ന ഒരു സ്ഥാനത്തിരിക്കുന്ന ആളോ ആണെങ്കിൽ നിങ്ങൾ സമാനുഭാവത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തപക്ഷം നിങ്ങളുടെ സമാനുഭാവമില്ലായ്മ ആളുകൾ തിരിച്ചറിയുകയും നിങ്ങളുടെ ആശ്രയയോഗ്യത അപകടത്തിലാകുകയും ചെയ്യും.
ബുദ്ധ്യുപദേശത്തിനു വേണ്ടി ആളുകൾ കൂടെക്കൂടെ നിങ്ങളുടെ പക്കൽ വരുന്നില്ലെങ്കിൽപ്പോലും ആളുകൾ പറയുന്ന കാര്യങ്ങൾ സമാനുഭാവത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്, അത്തരമൊരു സാഹചര്യമാണ് ഒരു സുഹൃത്ത് ആശ്വാസത്തിനായി നിങ്ങളുടെ അടുത്തു വരുമ്പോഴത്തേത്. ഒരു ബൈബിൾ സദൃശവാക്യം പ്രസ്താവിക്കുന്നതു പോലെ, പറയുന്നതിനു മുമ്പേ ശ്രദ്ധിക്കാൻ പരാജയപ്പെടുന്നത് അപമാനത്തിൽ കലാശിച്ചേക്കാം. (സദൃശവാക്യങ്ങൾ 18:13) അങ്ങനെയെങ്കിൽ, സമാനുഭാവത്തോടെ ശ്രദ്ധിക്കുന്ന ഒരുവനാണു നിങ്ങളെന്നു പ്രകടമാക്കാനുള്ള ചില മാർഗങ്ങൾ എന്തെല്ലാമാണ്?
ആമഗ്നനായിരിക്കുക
സമാനുഭാവത്തോടെ ശ്രദ്ധിക്കുന്ന ഒരുവൻ എന്നു പറഞ്ഞാൽ എന്താണ്? “സമാനുഭാവം” എന്നതിന്റെ ഇംഗ്ലീഷ് പദത്തെ വെബ്സ്റേറഴ്സ് ന്യൂ കൊളീജിയേററ് ഡിക്ഷ്ണറി ഇങ്ങനെ നിർവചിക്കുന്നു: “മറെറാരാളുടെ വികാരങ്ങളിലോ ആശയങ്ങളിലോ പങ്കുപററുന്നതിനുള്ള കഴിവ്.” അതേ നിഘണ്ടുതന്നെ “ശ്രദ്ധിക്കുക” എന്നതിന്റെ ഇംഗ്ലീഷ് പദത്തെ “ചിന്താപൂർവകമായ ശ്രദ്ധയോടെ കേൾക്കുക” എന്നാണു നിർവചിക്കുന്നത്. സമാനുഭാവത്തോടെ ശ്രദ്ധിക്കുന്ന ഒരുവൻ ആരെങ്കിലും പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനെക്കാളധികം ചെയ്യുന്നു. അദ്ദേഹം ശ്രദ്ധ കൊടുക്കുകയും പറയുന്ന വ്യക്തിയുടെ ചിന്തകളിലും വികാരങ്ങളിലും പങ്കുചേരുകയും ചെയ്യുന്നു.
നിങ്ങളുടെ മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കാതെ കേൾക്കുന്ന കാര്യത്തിൽ മുഴുകിയിരിക്കുന്നത് ഇത് ആവശ്യമാക്കിത്തീർക്കുന്നു. നിങ്ങൾ എങ്ങനെ മറുപടി പറയുമെന്നു ചിന്തിക്കുന്നതുപോലും ശ്രദ്ധിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നതാണ്. മറേറ വ്യക്തി പറയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കുതന്നെ ശിക്ഷണം നൽകുക.
നിങ്ങളോടു സംസാരിക്കുന്ന വ്യക്തിയുടെ നേരേ നോക്കുക. നിങ്ങളുടെ ദൃഷ്ടികൾ മററു കാര്യങ്ങളിലാണു പതിയുന്നതെങ്കിൽ കേൾക്കാൻ വലിയ താത്പര്യമില്ലാത്തവനായി നിങ്ങൾ കാണപ്പെട്ടേക്കാം. അയാളുടെ ആംഗ്യങ്ങളും ശരീരഭാഷയും നിരീക്ഷിക്കുക. അയാൾ പുഞ്ചിരിക്കുകയാണോ അതോ അപ്രീതി കാട്ടുകയാണോ? അയാളുടെ കണ്ണുകളിൽ സ്ഫുരിക്കുന്നതു നർമഭാവമാണോ, ദുഃഖമാണോ, അതോ ഭയമാണോ? പറയാതെ അദ്ദേഹം വിട്ടുകളഞ്ഞ കാര്യം പ്രാധാന്യമുള്ളതാണോ? എങ്ങനെ മറുപടി പറയും എന്നതു സംബന്ധിച്ച് ഉത്കണ്ഠപ്പെടരുത്; നിങ്ങൾ അവധാനപൂർവം ശ്രദ്ധിക്കുമ്പോൾ അതു സ്വതവേ വന്നുകൊള്ളും.
ശ്രദ്ധിക്കുമ്പോൾ നിങ്ങൾ തല കുലുക്കുകയും ‘അങ്ങനെയോ,’ ‘അതു ശരി’ എന്നിങ്ങനെ കാര്യങ്ങൾക്ക് ഉറപ്പു വരുത്തുന്നതിനുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കുകയും ചെയ്തേക്കാം. നിങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് ഇത് പ്രകടമാക്കും. എന്നാൽ, നിങ്ങൾ വാസ്തവത്തിൽ ശ്രദ്ധിക്കാതിരിക്കുമ്പോൾ തലകുലുക്കവും സമ്മതവും കാണിക്കുന്നതുകൊണ്ട് നിങ്ങൾ ശ്രദ്ധിക്കുകയാണെന്ന് ആളുകൾ കരുതുമെന്ന് വിചാരിക്കരുത്. യഥാർഥത്തിൽ, തുടർച്ചയായി തലയാട്ടുന്നത് അക്ഷമയെ വെളിപ്പെടുത്തിയേക്കാം. ‘വേഗമാകട്ടെ. കാര്യം പറഞ്ഞുതീർക്ക്’ എന്നു നിങ്ങൾ പറയുന്നതിനു തുല്യമായിരിക്കും അത്.
എന്തായിരുന്നാലും, ശ്രദ്ധിക്കുന്നതിനോടു ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾ വളരെയധികം ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങൾ ആത്മാർഥമായി ശ്രദ്ധിക്കുക, നിങ്ങളുടെ പ്രതികരണങ്ങൾ നിങ്ങളുടെ ആത്മാർഥതയെ വെളിപ്പെടുത്തും.
പറയുന്ന കാര്യത്തിൽ നിങ്ങൾ ആമഗ്നനായിരിക്കുന്നുവെന്നും നിങ്ങൾക്കു മനസ്സിലാകുന്നുണ്ടെന്നും നല്ല ചോദ്യങ്ങൾ പ്രകടമാക്കും. പറയുന്ന കാര്യത്തിൽ നിങ്ങൾ താത്പര്യമുള്ളവനാണെന്ന് അവ പ്രകടമാക്കും. പറയാതിരിക്കുന്നതോ അവ്യക്തമായിരിക്കുന്നതോ ആയ കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുക. വിശദാംശങ്ങൾ നൽകാനും കൂടുതൽ കാര്യങ്ങൾ പറയാനും വ്യക്തിയെ ക്ഷണിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക. വല്ലപ്പോഴും ഇടയ്ക്കു കയറി ചോദ്യങ്ങൾ ചോദിക്കേണ്ടിവരുന്നതിൽ വിഷമിക്കേണ്ടതില്ല, എന്നാൽ അത് അമിതമാകരുത്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതു ശ്രദ്ധിക്കൽ എന്ന പ്രക്രിയയുടെ ഭാഗമാണ്. ആവശ്യത്തിനു മാത്രം ഇടയ്ക്കു കയറുന്നെങ്കിൽ താൻ പറയുന്ന കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ മറേറ വ്യക്തി വിലമതിക്കും.
വിവേകം കാട്ടുക
നിങ്ങളോടു സംസാരിക്കുന്ന വ്യക്തിയോട് നിങ്ങൾക്കു സഹാനുഭൂതി തോന്നിയാൽപ്പോലും ഇത് ഏററവും ദുഷ്കരമായ ഭാഗമായിരിക്കാൻ കഴിയും. ദുഃഖമനുഭവിക്കുന്ന ഒരാൾ നിങ്ങളുടെ അടുത്തു വരുമ്പോൾ ശുഭാപ്തിപരമായ നിർദേശങ്ങളോ പരിഹാരമാർഗങ്ങളോ നൽകാൻ നിങ്ങൾ തിടുക്കം കാണിക്കാറുണ്ടോ? മററാരുടെയെങ്കിലും കഷ്ടപ്പാടിനോടു താരതമ്യം ചെയ്യുമ്പോൾ ഈ അവസ്ഥ അത്രയ്ക്കു മോശമല്ലെന്നു പറയാൻ നിങ്ങൾ ധൃതികൂട്ടാറുണ്ടോ? ഇതു സഹായകമെന്നു തോന്നിയേക്കാം, എന്നാൽ അതിനു വിപരീതഫലം ഉളവാക്കാനാകും.
ശ്രദ്ധിക്കുന്നതു നിറുത്തിയിട്ട് പ്രശ്നപരിഹാരം തുടങ്ങാൻ നിങ്ങൾ പ്രവണത കാട്ടുന്നതിനു വളരെയധികം കാരണങ്ങൾ കണ്ടേക്കാം. കഷ്ടപ്പാട് അനുഭവിക്കുന്ന വ്യക്തിക്ക് ഉണർവു വരുത്താൻ കേവലം ആവശ്യമായിരിക്കുന്നത് നിങ്ങളുടെ ഉത്സാഹപൂർവകമായ നിർദേശങ്ങളാണെന്നു നിങ്ങൾ ചിന്തിച്ചേക്കാം. അല്ലെങ്കിൽ “കുഴപ്പം” എന്തായിരുന്നാലും അതു “ശരിയാക്കേണ്ട” ചുമതല നിങ്ങളുടേതാണെന്നു നിങ്ങൾ വിചാരിച്ചേക്കാം, അങ്ങനെ ശരിയാക്കുന്നില്ലെങ്കിൽ നിങ്ങൾ സഹായം ചെയ്യുന്നില്ലെന്നോ “നിങ്ങളുടെ ജോലി ചെയ്യുന്നില്ലെ”ന്നോ വിചാരിക്കുകയും ചെയ്തേക്കാം.
മുന്നമേതന്നെ ഒരു കൂട്ടം പരിഹാരമാർഗങ്ങൾ നിർദേശിച്ചാൽ ‘നിങ്ങളുടെ പ്രശ്നം നിങ്ങൾ അവകാശപ്പെടുന്നതിനെക്കാൾ ലളിതമാണെന്നു ഞാൻ മനസ്സിലാക്കുന്നു’ അല്ലെങ്കിൽ ‘നിങ്ങളുടെ ക്ഷേമത്തെക്കാളധികം പ്രശ്നപരിഹാരം വരുത്തുന്ന ഒരുവനെന്ന നിലയിൽ എന്റെ സ്വന്തം കീർത്തിയിലാണ് എനിക്ക് ഏറെ താത്പര്യം’ അതുമല്ലെങ്കിൽ ഒരുപക്ഷേ, ‘എനിക്കിതൊന്നും മനസ്സിലാകുന്നില്ല—മനസ്സിലാക്കാൻ ഒട്ടാഗ്രഹവുമില്ല’ എന്നതു പോലുള്ള നിരുത്സാഹപ്പെടുത്തുന്ന സന്ദേശങ്ങളായിരിക്കും സാധാരണഗതിയിൽ അത് അറിയിക്കുക. കഷ്ടപ്പാട് അനുഭവിക്കുന്ന ഒരുവന്റെ പ്രശ്നത്തെ മററുള്ളവരുടെ പ്രശ്നങ്ങളോടു താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ഇങ്ങനെ പറയുകയായിരിക്കും ചെയ്യുന്നത്, ‘മററുള്ളയാളുകൾ നിങ്ങളെക്കാൾ കഷ്ടപ്പാട് അനുഭവിക്കുമ്പോൾ നിങ്ങൾക്കു വിഷമം തോന്നുന്നതിൽ ലജ്ജ തോന്നേണ്ടതാണ്.’
അബദ്ധവശാൽ നിരുത്സാഹപ്പെടുത്തുന്ന അത്തരം സന്ദേശങ്ങൾ നിങ്ങൾ പുറത്തുവിട്ടാൽ, നിങ്ങൾ വാസ്തവത്തിൽ താൻ പറയുന്നതു കേട്ടില്ലെന്ന്, പറയുന്ന കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലാകുന്നില്ലെന്ന്, നിങ്ങളുടെ സുഹൃത്തിനു തോന്നും. നിങ്ങൾ അയാളെക്കാൾ ശ്രേഷ്ഠനെന്നു നിങ്ങൾ ചിന്തിക്കുന്നതായി അയാൾ നിഗമനം ചെയ്യുകപോലും ചെയ്തേക്കാം. അടുത്ത പ്രാവശ്യം ആശ്വാസത്തിനായി മററാരുടെയെങ്കിലും അടുക്കലേക്ക് അയാൾ തിരിയും.—ഫിലിപ്പിയർ 2:3, 4.
നിങ്ങളുടെ സുഹൃത്ത് അനാവശ്യമായി ഉത്കണ്ഠാകുലനാണെങ്കിലോ? ഉദാഹരണത്തിന്, തക്കതായ കാരണം കൂടാതെ അയാൾക്കു കുററബോധം തോന്നിയേക്കാം. അയാൾക്കു മാനസികസുഖം തോന്നാൻ തക്കവണ്ണം നിങ്ങൾ അത് അയാളോടു പറയാൻ തിടുക്കം കൂട്ടണമോ? പാടില്ല, കാരണം ആദ്യംതന്നെ അയാൾ പറയുന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കാത്തതുകൊണ്ട് നിങ്ങളുടെ ആശ്വാസവചസ്സുകൾ കാര്യമായ സമാശ്വാസം കൈവരുത്തുകയില്ല. ആശ്വാസം തോന്നുന്നതിനു പകരം താൻ അപ്പോഴും ഭാരമിറക്കിവെച്ചിട്ടില്ലെന്നും ഇപ്പോഴും കുററബോധം പേറുന്നുവെന്നും അയാൾക്കു തോന്നും. 19-ാം നൂററാണ്ടിലെ തത്ത്വചിന്തകനായ ഹെൻട്രി ഡേവിഡ് തറോ പറഞ്ഞതുപോലെ, “സത്യം പറയാൻ രണ്ടുപേർ വേണം: പറയാൻ ഒരാളും കേൾക്കാൻ മറെറാരാളും.”
ബൈബിളിന്റെ മാർഗനിർദേശം എത്രയോ ഉചിതമാണ്: ‘കേൾപ്പാൻ വേഗതയും പറവാൻ താമസവും ഉണ്ടായിരിക്കട്ടെ.’ (യാക്കോബ് 1:19) സമാനുഭാവത്തോടെ ശ്രദ്ധിക്കുന്നതും വളരെ പ്രധാനമാണ്! നിങ്ങളോടു രഹസ്യങ്ങൾ തുറന്നുപറയുന്ന ആളിന്റെ വികാരങ്ങളിൽ പങ്കുപററുക. അയാളുടെ പ്രശ്നത്തിന്റെ ദുഷ്കരത്വവും ദുഃഖത്തിന്റെ ആഴവും സമ്മതിക്കുക. ‘ഓ, നിങ്ങളുടെ പ്രശ്നം താത്കാലികമാണ്’ അല്ലെങ്കിൽ ‘ഇത് അത്ര വലിയ പ്രശ്നമൊന്നുമല്ലല്ലോ’ എന്നിങ്ങനെയുള്ള പ്രസ്താവനകൾകൊണ്ട് അയാളുടെ പ്രശ്നത്തെ ലഘൂകരിക്കരുത്. വിരോധാഭാസമെന്നു പറയട്ടെ, അത്തരം നിസ്സാരീകരിക്കൽ കലുഷിതമായ അയാളുടെ വികാരങ്ങളെ തീവ്രതരമാക്കിയേക്കാം. അയാൾ പറയുന്ന കാര്യം നിങ്ങൾ ഗൗരവത്തോടെ എടുക്കാത്തതുകൊണ്ട് അയാൾ ഭഗ്നാശനാകും. അതുകൊണ്ട് പറയുന്ന കാര്യങ്ങൾ കേൾക്കുന്നുവെന്നും കാര്യങ്ങൾ സംബന്ധിച്ച് ഇപ്പോൾ അയാൾക്കു തോന്നുന്നതെങ്ങനെയോ അതിനെ അംഗീകരിക്കുന്നുവെന്നും നിങ്ങളുടെ പ്രതികരണങ്ങൾ പ്രകടമാക്കട്ടെ.
സമാനുഭാവത്തോടെ ശ്രദ്ധിക്കുക എന്നു പറഞ്ഞാൽ നിങ്ങളോടു രഹസ്യം തുറന്നു പറയുന്ന വ്യക്തിയോടു യോജിക്കണം എന്നല്ല അർഥം. “ഞാൻ എന്റെ ജോലിയെ വെറുക്കുന്നു!” എന്നു പറയുന്ന ഒരു വ്യക്തി നീതീകരിക്കപ്പെടുന്നില്ല എന്നു നിങ്ങൾ വിശ്വസിച്ചേക്കാം. എന്നാൽ നിരാകരണത്തോടെയോ (‘അങ്ങനെ തോന്നേണ്ടതില്ല’) നിരസനത്തോടെയോ (‘നിങ്ങൾ അത്ര കാര്യമായിട്ടല്ലല്ലോ പറയുന്നത്’) പ്രതികരിക്കുകയാണെങ്കിൽ നിങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്ന് അയാൾ നിഗമനം ചെയ്യും. നിങ്ങളുടെ അഭിപ്രായങ്ങൾ വിവേകത്തെ പ്രതിഫലിപ്പിക്കണം. തന്റെ ജോലി ഇഷ്ടപ്പെടാത്ത ഒരാളോട് നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, ‘അതു വളരെ തലവേദന പിടിച്ചതായിരിക്കും.’ എന്നിട്ട് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന വിശദീകരണങ്ങൾ ആരായുക. അങ്ങനെ ചെയ്യുമ്പോൾ അയാൾ തന്റെ ജോലിയെ വെറുക്കണം എന്നതിനോടു നിങ്ങൾ അവശ്യം യോജിക്കുന്നില്ല, പിന്നെയോ ഇപ്പോൾ അയാൾക്കു തോന്നുന്നത് അങ്ങനെയാണെന്നു കേവലം സമ്മതിക്കുകയായിരിക്കും. താൻ പറയുന്നതു കേട്ടല്ലോ, തന്റെ വികാരങ്ങൾ മുഴുവൻ പറഞ്ഞറിയിച്ചല്ലോ എന്ന സംതൃപ്തി അങ്ങനെ അയാൾക്കു നിങ്ങൾ നൽകുകയാണ്. പ്രശ്നം പങ്കുവയ്ക്കുന്നതു മിക്കപ്പോഴും അതിനെ ലഘുവാക്കിയേക്കാം.
സമാനമായി, “എന്റെ ഭാര്യക്ക് ഇന്നൊരു വൈദ്യപരിശോധനയുണ്ട്” എന്നു പറയുന്ന ഒരു വ്യക്തി അർഥമാക്കുന്നത് “ഞാൻ ഉത്കണ്ഠാകുലനാണ്” എന്നായിരിക്കാം. നിങ്ങളുടെ പ്രതികരണം അത് അംഗീകരിക്കട്ടെ. അയാളുടെ വാക്കുകൾക്കു പിന്നിലെ അർഥത്തിനു നിങ്ങൾ ശ്രദ്ധ കൊടുത്തുവെന്ന് അതു പ്രകടമാക്കും. അദ്ദേഹം ഉദ്ദേശിച്ചതിനെ അവഗണിക്കുകയോ നിരസിക്കുകയോ അല്ലെങ്കിൽ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ചിന്താഗതി മാററാൻ ശ്രമിക്കുകയോ ചെയ്യുന്നതിനെക്കാൾ ഏറെ ആശ്വാസപ്രദമായിരിക്കും ഇത്.—റോമർ 12:15.
നല്ലവണ്ണം ശ്രദ്ധിക്കുന്നവർ സംസാരിക്കുകയും ചെയ്യുന്നു!
“വലിയ ആരോ ആണെന്നു കണക്കാക്കുമെന്നു ചിന്തിച്ചുകൊണ്ട്,” പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമെങ്കിലും വളരെ കുറച്ചു മാത്രം സംസാരിക്കുന്നവരെക്കുറിച്ച് സംഭാഷണമെന്ന കല (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. സംഭാഷണം നടത്തുക എന്ന മുഴു ഭാരവും പേറാൻ ഇതു മറേറ വ്യക്തിയെ നിർബന്ധിതനാക്കുന്നു, അതു സംസ്കാരശൂന്യമാണ്. നേരേമറിച്ച്, അഭിപ്രായം പറയാൻ നിങ്ങളെ അനുവദിക്കാതെ നിങ്ങൾ ശ്രദ്ധിക്കുന്ന വ്യക്തി നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അതും സംസ്കാരശൂന്യവും അസഹ്യപ്പെടുത്തുന്നതുമായിരിക്കും. അതുകൊണ്ട്, നിങ്ങൾ നല്ലവണ്ണം ശ്രദ്ധിക്കുന്ന ഒരുവനായിരിക്കേണ്ടതുള്ളപ്പോൾതന്നെ സഹായകരമായ ചില സംഗതികൾ നിങ്ങൾക്കു പറയാനുണ്ടെന്ന് മറേറ വ്യക്തിയെ അറിയിക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം.
നിങ്ങൾ എന്തു പറഞ്ഞേക്കാം? നിങ്ങളുടെ സുഹൃത്തു പറയുന്ന കാര്യങ്ങൾ ആദരപൂർവം ശ്രദ്ധിച്ചശേഷം നിങ്ങൾ അദ്ദേഹത്തിനു ബുദ്ധ്യുപദേശം കൊടുക്കേണ്ടതുണ്ടോ? അതു നൽകാൻ നിങ്ങൾക്കു യോഗ്യത ഉണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾക്കതു ചെയ്യാം. നിങ്ങളുടെ സുഹൃത്തിന്റെ പ്രശ്നത്തിനുള്ള പരിഹാരം നിങ്ങൾക്കറിയാമെങ്കിൽ തീർച്ചയായും അത് അയാളുമായി പങ്കുവയ്ക്കുക. ആദ്യമേ ശ്രദ്ധിക്കാൻ നിങ്ങൾ സമയം ചെലവഴിച്ചതുകൊണ്ട് നിങ്ങളുടെ വാക്കുകൾക്കു കുറച്ചു വില ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്തിന് ആവശ്യമായതരം മാർഗനിർദേശമോ സഹായമോ നൽകാനുള്ള യോഗ്യതകൾ നിങ്ങൾക്കില്ലെങ്കിൽ, അതിനു യോഗ്യതയുള്ള ഒരാളുമായി ബന്ധപ്പെടാൻ അദ്ദേഹത്തെ സഹായിക്കുക.
എന്നിരുന്നാലും, ചിലപ്പോഴൊക്കെ ബുദ്ധ്യുപദേശത്തിന്റെ ആവശ്യമില്ല, അത് ആവശ്യപ്പെടുന്നതുമില്ല. അതുകൊണ്ട് അധികം വാക്കുകൾ കൂട്ടിച്ചേർക്കുകവഴി നിങ്ങളുടെ ശ്രദ്ധിക്കലിൽനിന്നു ലഭിക്കുന്ന നല്ല ഫലത്തെ ദുർബലമാക്കാതിരിക്കാൻ ജാഗ്രത പുലർത്തുക. നിങ്ങളുടെ സുഹൃത്തിന് അനിയന്ത്രിതമായ ഒരു സാഹചര്യത്തെ സഹിച്ചുനിൽക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ നിഷേധാത്മക വികാരങ്ങളെ തരണം ചെയ്യുന്നതിന് കുറെ കാലം കാത്തിരിക്കേണ്ടതുണ്ടായിരിക്കാം. തന്റെ പ്രശ്നം നിങ്ങളുമായി പങ്കുവയ്ക്കാനാണ് അയാൾ നിങ്ങളുടെ പക്കൽ വന്നത്. നിങ്ങൾ ശ്രദ്ധിച്ചു. നിങ്ങൾ അയാളുടെ വികാരങ്ങളിൽ പങ്കുകൊള്ളുകയും അവയെക്കുറിച്ച് നിങ്ങൾ ചിന്തയുള്ളവനാണെന്നും നിങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലും അയാളെ ഓർക്കുമെന്നും അയാൾക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. നിങ്ങളുടെ അടുക്കൽ വരാൻ അയാൾക്ക് സ്വാഗതമുണ്ടെന്നും പ്രശ്നങ്ങളുടെ രഹസ്യസ്വഭാവത്തെ നിങ്ങൾ ആദരിക്കുമെന്നും അയാളെ അറിയിക്കുക. അയാളുടെ പ്രശ്നം പരിഹരിക്കാൻ നിങ്ങൾ ശ്രമിക്കുന്നതിനെക്കാൾ അത്തരം ആശ്വാസമായിരിക്കാം അയാൾക്കു വേണ്ടത്.—സദൃശവാക്യങ്ങൾ 10:19; 17:17; 1 തെസ്സലൊനീക്യർ 5:14.
ശ്രദ്ധിച്ചതിനുശേഷം ബുദ്ധ്യുപദേശം കൊടുത്താലും ഇല്ലെങ്കിലും ഉൾപ്പെട്ട രണ്ടു കക്ഷികൾക്കും അതു പ്രയോജനം ചെയ്യുന്നു. താൻ പറയുന്നത് കേട്ടു, തന്നെ മനസ്സിലാക്കി എന്ന സംതൃപ്തി സംസാരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കും. താൻ പറയുന്നതു കേൾക്കാൻ ഒരാളുണ്ടെന്നറിയുന്നതിൽ അയാൾക്ക് ആശ്വാസം തോന്നും. ശ്രദ്ധിക്കുന്ന വ്യക്തിക്കും പ്രതിഫലം ലഭിക്കുന്നു. അദ്ദേഹം പ്രകടമാക്കുന്ന ചിന്തയെ മററുള്ളവർ വിലമതിക്കും. അദ്ദേഹം ബുദ്ധ്യുപദേശം കൊടുക്കുന്നെങ്കിൽ, അതു കൂടുതൽ വിശ്വസനീയമാണ്, കാരണം തന്റെ പക്കൽ അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തെ പൂർണമായി മനസ്സിലാക്കുന്നതുവരെ അയാൾ സംസാരിക്കുന്നില്ല. സമാനുഭാവത്തോടെ ശ്രദ്ധിക്കുന്നതിനു സമയമാവശ്യമാണെന്നതു സത്യംതന്നെ. എന്നാൽ എത്ര മൂല്യമുള്ള ഒരു നിക്ഷേപമാണത്! നിങ്ങൾ ആളുകൾക്കു ചിന്താപൂർവകമായ ശ്രദ്ധ നൽകുന്നതിനാൽ നിങ്ങൾ അവർക്കു വിലപ്പെട്ട ഒരു സമ്മാനം കൊടുക്കുകയാണു ചെയ്യുന്നത്.