നമ്മുടെ അന്തരീക്ഷത്തിനു ഹാനിതട്ടുമ്പോൾ
ആയിരത്തിത്തൊള്ളായിരത്തെഴുപത്തൊന്നിൽ അപ്പോളോ 14-ൽ ചന്ദ്രനിലേക്കുള്ള യാത്രാമധ്യേ ഭൂമിയെ നോക്കിക്കൊണ്ട് എഡ്ഗർ മിഷെൽ ഇപ്രകാരം പറഞ്ഞു: “ഇത് വെട്ടിത്തിളങ്ങുന്ന ഒരു നീലവെള്ള രത്നം പോലെയുണ്ട്.” എന്നാൽ ബാഹ്യാകാശത്തുനിന്ന് ഇന്ന് ആരെങ്കിലും നോക്കിയാൽ എന്തു കാണും?
പ്രത്യേക കണ്ണടകളുടെ സഹായത്തോടെ അദ്ദേഹത്തിനു ഭൗമാന്തരീക്ഷത്തിലെ അദൃശ്യ വാതകങ്ങൾ വീക്ഷിക്കാൻ കഴിഞ്ഞാൽ വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും കാണുക. ഇന്ത്യാ ടുഡേ മാസികയിൽ രാജ് ചെങ്കപ്പ ഇപ്രകാരം എഴുതി: “അൻറാർട്ടിക്കയുടെയും വടക്കേ അമേരിക്കയുടെയും മീതെയുള്ള ഓസോൺ സംരക്ഷണ പാളികളിൽ അദ്ദേഹം വൻ ദ്വാരങ്ങൾ കാണുന്നതായിരിക്കും. വെട്ടിത്തിളങ്ങുന്ന ഒരു നീലവെള്ള രത്നത്തിനു പകരം അദ്ദേഹം കാണുക കാർബണിന്റെയും സൾഫറിന്റെയും ഡയോക്സൈഡുകളുടെ ഇരുണ്ട മേഘച്ചുരുളുകൾ നിറഞ്ഞ ഒളിമങ്ങിയതും വൃത്തികെട്ടതുമായ ഭൂമിയെയായിരിക്കും.”
നമ്മുടെ മേലന്തരീക്ഷത്തിന്റെ ഓസോൺ സംരക്ഷക പാളിയിൽ ദ്വാരങ്ങളിട്ടിരിക്കുന്നത് എന്താണ്? അന്തരീക്ഷ മാലിന്യങ്ങളുടെ വർധനവ് യഥാർഥത്തിൽ അത്രകണ്ട് അപകടകരമാണോ?
ഓസോൺ നശിച്ചുകൊണ്ടിരിക്കുന്ന വിധം
60-ലധികം വർഷങ്ങൾക്കുമുമ്പ് ശാസ്ത്രജ്ഞർ വിഷകരവും നാററം പുറപ്പെടുവിക്കുന്നതുമായ ശീതീകരണ വസ്തുക്കൾക്കു പകരം സുരക്ഷിതമായ ഒരു ശീതീകരണവസ്തു കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു. ഈ പുതിയ രാസവസ്തുവിന് ഒരു കാർബൺ ആററവും രണ്ടു ക്ലോറിൻ ആററങ്ങളും രണ്ടു ഫ്ളൂറിൻ ആററങ്ങളും (CCl2F2) അടങ്ങുന്ന തൻമാത്രകളാണുള്ളത്. ഇതും സമാനമായ മനുഷ്യനിർമിത രാസവസ്തുക്കളും ക്ലോറോഫ്ളൂറോകാർബണുകൾ (CFCs) എന്നറിയപ്പെടുന്നു.
1970-കളുടെ ആരംഭത്തോടുകൂടി സിഎഫ്സികളുടെ ഉത്പാദനം ഒരു വൻ ലോകവ്യാപക വ്യവസായമായി വളർച്ചപ്രാപിച്ചു. ഫ്രിഡ്ജുകളിൽ മാത്രമല്ല, ഏറോസോൾ സ്പ്രേ കാനുകളിലും എയർ കണ്ടീഷനറുകളിലും ശുചീകരണ വസ്തുക്കളിലും ഫാസ്ററ്-ഫുഡ് കണ്ടെയ്നറുകളുടെയും കനംകുറഞ്ഞ മററു പ്ലാസ്ററിക് ഉത്പന്നങ്ങളുടെയും നിർമാണത്തിലും അവ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ, സിഎഫ്സികൾ ക്രമേണ സ്ട്രാറേറാസ്ഫിയറിലേക്ക് ഉയരുകയും അവിടെവെച്ച് ക്ലോറിനെ പുറത്തുവിടുകയും ചെയ്യുന്നുവെന്ന് 1974 സെപ്ററംബറിൽ, ഷെർവുഡ് റോളണ്ട്, മരിയോ മോളിന എന്നീ രണ്ടു ശാസ്ത്രജ്ഞൻമാർ വിശദമാക്കി. ഓരോ ക്ലോറിൻ ആററത്തിനും ആയിരക്കണക്കിന് ഓസോൺ തൻമാത്രകളെ നശിപ്പിക്കാൻ കഴിയുമെന്ന് ഈ ശാസ്ത്രജ്ഞൻമാർ കണക്കാക്കി. എന്നാൽ ഓസോണിന് മേലന്തരീക്ഷത്തിൽ എല്ലായിടത്തുമൊരുപോലെ നാശം സംഭവിക്കുന്നതിനു പകരം ധ്രുവങ്ങൾക്കു മീതെയാണ് അതിന്റെ നാശം വളരെയധികമുണ്ടായിരുന്നിട്ടുള്ളത്.
1979 മുതലുള്ള ഓരോ വസന്തത്തിലും ഓസോൺ വലിയ അളവുകളിൽ അൻറാർട്ടിക്കയുടെ മീതെനിന്നും അപ്രത്യക്ഷമായി അവിടെ വീണ്ടും പ്രത്യക്ഷമാകുന്നു. ഓസോണിന്റെ കാലികമായി ഉണ്ടാകുന്ന ഈ നഷ്ടത്തെ ഓസോൺ ദ്വാരം എന്നു പറയുന്നു. മാത്രമല്ല, അടുത്തകാലത്തായി ഇപ്പറയുന്ന ദ്വാരം വലുതായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ ദീർഘനാളത്തേക്കു തുടരുകയും ചെയ്യുന്നു. 1992-ൽ ഉപഗ്രഹത്തിൽനിന്നെടുത്ത അളവുകൾ റെക്കോർഡ് വലിപ്പത്തിലുള്ള ഒരു ഓസോൺ ദ്വാരം വെളിപ്പെടുത്തി—വടക്കേ അമേരിക്കയെക്കാൾ വലിപ്പമുള്ള ഒന്ന്. അതിൽ അധികം ഓസോൺ ബാക്കിയില്ലായിരുന്നു. ബലൂൺ യന്ത്രോപകരണങ്ങളിൽനിന്നെടുത്ത അളവുകൾ ഓസോണിന്റെ 60 ശതമാനത്തിലധികം നഷ്ടമായിരിക്കുന്നതായി വെളിപ്പെടുത്തി—രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏററവും കുറഞ്ഞ അളവ്.
അതേസമയം, ഭൂമിയുടെ മററു ഭാഗങ്ങളുടെ മേലന്തരീക്ഷത്തിലും ഓസോണിന്റെ അളവ് കുറഞ്ഞുവരുകയായിരുന്നു. ന്യൂ സയൻറിസ്ററ് എന്ന മാഗസിൻ ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: “വടക്കൻ യൂറോപ്പ്, റഷ്യ, കാനഡ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 50-ഉം 60-ഉം ഡിഗ്രി വടക്കേ അക്ഷാംശങ്ങൾക്കിടയിൽ 1992-ൽ ഓസോണിന്റെ അളവ് അസാധാരണമാംവിധം കുറവായിരുന്നുവെന്ന് . . . ഏററവും പുതിയ കണക്കുകൾ പ്രകടമാക്കുന്നു. ഓസോണിന്റെ അളവ് സാധാരണ ഉണ്ടായിരിക്കേണ്ടതിനെക്കാൾ 12 ശതമാനം കുറവായിരുന്നു. 35 വർഷത്തെ തുടർച്ചയായ നിരീക്ഷണ കാലയളവിൽ ഉണ്ടായിട്ടുള്ളതിൽ ഏററവും താഴ്ന്നത്.”
സയൻറിഫിക് അമേരിക്കൻ എന്ന ജേർണൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഏററവും ദാരുണമായ മുന്നറിയിപ്പുകൾ പോലും ക്ലോറോഫ്ളൂറോകാർബണുകൾ മൂലമുള്ള ഓസോൺ നഷ്ടത്തെ താഴ്ത്തിമതിച്ചിരിക്കുന്നതായി ഇപ്പോൾ പ്രകടമായിരിക്കുന്നു. . . . എന്നിട്ടും അന്ന് ഗവൺമെൻറിലെയും വ്യവസായരംഗത്തെയും സ്വാധീനശക്തിയുള്ള ആളുകൾ നിയന്ത്രണങ്ങളെ ശക്തമായി എതിർത്തു. കാരണം പറഞ്ഞതോ ശാസ്ത്രീയ തെളിവുകൾ പോരെന്നും.”
രണ്ടുകോടി ടൺ സിഎഫ്സികൾ ഇപ്പോൾത്തന്നെ അന്തരീക്ഷത്തിലേക്കു പോയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. സിഎഫ്സികൾക്ക് സ്ട്രാറേറാസ്ഫിയറിലേക്കു പ്രവഹിക്കാൻ വർഷങ്ങൾ വേണ്ടിവരുന്നതുകൊണ്ട് ലക്ഷക്കണക്കിനു ടണ്ണുകൾ മേലന്തരീക്ഷത്തിൽ ഹാനിവരുത്താനായി ഇനിയും എത്തിയിട്ടില്ല. എന്നിരുന്നാലും, ഓസോൺ നാശകാരിയായ ക്ലോറിന്റെ ഉറവിടം സിഎഫ്സികൾ മാത്രമല്ല. “ഒരു ഷട്ടിൽ ഓരോ പ്രാവശ്യം വിക്ഷേപിക്കപ്പെടുമ്പോഴും ഏതാണ്ട് 75 ടൺ ക്ലോറിൻ ഓസോൺ പാളിയിൽ നിക്ഷേപിക്കപ്പെടുന്നുവെന്ന് നാസാ കണക്കാക്കുന്ന”തായി പോപ്പുലർ സയൻസ് എന്ന മാഗസിൻ റിപ്പോർട്ടുചെയ്യുന്നു.
ഭവിഷ്യത്തുകൾ എന്തെല്ലാം?
മേലന്തരീക്ഷത്തിൽ ഓസോണിന്റെ അളവു കുറഞ്ഞാലുള്ള പരിണതഫലങ്ങൾ മുഴുവനും മനസ്സിലായിട്ടില്ല. എന്നിരുന്നാലും, ഉറപ്പായി കാണപ്പെടുന്ന ഒരു സംഗതി ഭൂമിയിലെത്തുന്ന ഉപദ്രവകാരികളായ യുവി (അൾട്രാവയലററ്) കിരണങ്ങളുടെ അളവ് വർധിക്കുന്നു എന്നതാണ്. ഇത് വലിയ അളവിൽ ചർമാർബുദത്തിന് ഇടയാക്കുന്നു. “ഉത്തരാർധഗോളത്തിൽ പതിക്കുന്ന ഉപദ്രവകാരിയായ യുവിയുടെ വാർഷിക അളവ് കഴിഞ്ഞ ദശകത്തിൽ ഏതാണ്ട് 5 ശതമാനം വർധിച്ചതായി” എർത്ത് എന്ന ജേർണൽ റിപ്പോർട്ടുചെയ്യുന്നു.
യുവി കിരണങ്ങളുടെ വെറും ഒരു ശതമാനം വർധനവ് ചർമാർബുദത്തിന്റെ 2 മുതൽ 3 വരെ ശതമാനം വർധനവിനു കാരണമാകുമെന്നു കണക്കാക്കപ്പെടുന്നു. ആഫ്രിക്കൻ മാസികയായ ഗെറെറവേ ഇപ്രകാരം പ്രസ്താവിക്കുന്നു: “ദക്ഷിണാഫ്രിക്കയിൽ ഓരോവർഷവും ചർമാർബുദങ്ങളുടെ 8 000-ത്തിലധികം പുതിയ കേസുകൾ ഉണ്ടാകുന്നു . . . ഓസോൺ സംരക്ഷണം ഏററവും കുറവും ചർമാർബുദം ഏററവും കൂടുതലുള്ളതുമായ രാജ്യങ്ങളിലൊന്നാണ് ഞങ്ങളുടേത് (ഇവ തമ്മിലുള്ള ബന്ധം യാദൃച്ഛികമല്ല).”
മേലന്തരീക്ഷത്തിലെ ഓസോൺ നാശം ചർമാർബുദത്തെ വർധിപ്പിക്കുമെന്ന് റോളണ്ട്, മൊളിന എന്നീ ശാസ്ത്രജ്ഞൻമാർ വർഷങ്ങൾക്കുമുമ്പ് പ്രവചിച്ചതാണ്. ഏറോസോളുകളിലെ സിഎഫ്സികളുടെ ഉപയോഗം ഐക്യനാടുകളിൽ ഉടൻതന്നെ നിരോധിക്കാൻ അവർ ശുപാർശചെയ്തു. അപകടം മനസ്സിലാക്കിക്കൊണ്ട് പല രാജ്യങ്ങളും 1996 ജനുവരിയോടു കൂടി സിഎഫ്സികളുടെ ഉത്പാദനം നിർത്തലാക്കാമെന്നു സമ്മതിച്ചു. എന്നാൽ, സിഎഫ്സികളുടെ ഉപയോഗം ഇതിനിടെ ഭൂമിയിലെ ജീവന് അപകടമുയർത്തിക്കൊണ്ടിരിക്കയാണ്.
നമ്മുടെ ജീവലോകം (ഇംഗ്ലീഷ്) ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: അൻറാർട്ടിക്കയുടെമേലുള്ള ഓസോൺ നാശം “മുമ്പു സംശയിച്ചിരുന്നതിനെക്കാൾ ആഴത്തിൽ അൾട്രാവയലററ് റേഡിയേഷൻ സമുദ്രത്തിലേക്കു കടന്നുചെല്ലാൻ ഇടയാക്കിയിരിക്കുന്നു. . . . ഇത് സമുദ്രത്തിലെ ആഹാരശൃംഖലയുടെ അടിസ്ഥാനകണ്ണിയായിരിക്കുന്ന ഏകകോശ ജീവികളുടെ ഉത്പാദനത്തിൽ കാര്യമായ കുറവു വരുത്തിയിരിക്കുന്നു.” ഗോളവ്യാപകമായ ആഹാരവിതരണത്തിനു ഭീഷണിയുയർത്തിക്കൊണ്ട് യുവി കിരണങ്ങളുടെ വർധനവു പല വിളകളുടെയും ഉത്പാദനം കുറയ്ക്കുന്നതായി പരീക്ഷണങ്ങൾ പ്രകടമാക്കുന്നു.
തീർച്ചയായും സിഎഫ്സികളുടെ ഉപയോഗം തികച്ചും വിപത്കരമാണ്. നമ്മുടെ അന്തരീക്ഷത്തെ ആക്രമിക്കുന്ന മററു പല മാലിന്യങ്ങളുമുണ്ട്. ഭൂമിയിലെ ജീവന് നാമമാത്ര അളവുകളിൽ മർമപ്രധാനമായിരിക്കുന്ന ഒരു അന്തരീക്ഷ വാതകമാണ് അവയിലൊന്ന്.
മലിനീകരണത്തിന്റെ ഫലം
19-ാം നൂററാണ്ടിന്റെ മധ്യത്തിൽ മനുഷ്യർ എന്നത്തേതിലുമധികമായി കൽക്കരിയും വാതകവും എണ്ണയും കത്തിച്ചുതുടങ്ങി. ഇത് അന്തരീക്ഷത്തിലേക്കു വലിയ അളവിൽ കാർബൺഡൈ ഓക്സൈഡിനെ കടത്തിവിട്ടു. അന്ന് ഈ നാമമാത്ര അന്തരീക്ഷ വാതകത്തിന്റെ അളവ് പത്തു ലക്ഷത്തിന് ഏതാണ്ട് 285 എന്ന തോതിലായിരുന്നു. എന്നാൽ മനുഷ്യൻ ഫോസിൽ ഇന്ധനങ്ങളെ കൂടുതലായി ഉപയോഗിച്ചതോടെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് പത്തു ലക്ഷത്തിന് 350 എന്ന തോതിലധികമായിത്തീർന്നു. താപത്തെ തടഞ്ഞുനിർത്തുന്ന ഈ വാതകം അന്തരീക്ഷത്തിൽ കൂടുതലുണ്ടായിരിക്കുന്നതുകൊണ്ട് ഉണ്ടായിട്ടുള്ള ഭവിഷ്യത്തുകൾ എന്താണ്?
കാർബൺഡൈ ഓക്സൈഡിന്റെ അളവിലുള്ള വർധനവാണു ഭൂമിയുടെ താപവർധനയ്ക്കു കാരണമെന്നു പലരും വിശ്വസിക്കുന്നു. എന്നാൽ ഗോളതപനത്തിനു കാരണം പ്രത്യേകിച്ചും നമ്മുടെ സൂര്യന്റെ വ്യതിയാനമാണെന്ന്—അതായത് അടുത്തകാലത്തായി സൂര്യൻ വലിയ അളവിൽ ഊർജം നിർഗമിപ്പിച്ചിരുന്നതാണെന്ന്—മററു ചില ഗവേഷകർ പറയുന്നു.
സംഗതി എന്തായാലും, 19-ാം നൂററാണ്ടിന്റെ മധ്യത്തിൽ റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയതിൽപ്പിന്നെ ഏററവും ചൂടുണ്ടായിരുന്ന ദശകം 1980-കളുടേതായിരുന്നു. ദ സ്ററാർ എന്ന ദക്ഷിണാഫ്രിക്കൻ പത്രം ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: “ഈ പ്രവണത നമ്മുടെ ദശകത്തിലേക്കു തുടർന്നിരിക്കുന്നു. അതായത്, 140 വർഷത്തെ റെക്കോർഡനുസരിച്ച് 1990 രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏററവും ചൂടുള്ള വർഷവും 1991 ഏററവും ഊഷ്മാവുള്ള മൂന്നാമത്തെ വർഷവും 1992 . . . ഏററവും ഊഷ്മാവുള്ള പത്താമത്തെ വർഷവുമാണ്.” 1991-ൽ പിനററൂബോ പർവതം പൊട്ടിത്തെറിച്ചപ്പോൾ അന്തരീക്ഷത്തിലേക്കു പൊടി നിർഗമിച്ചതാണ് കഴിഞ്ഞ രണ്ടു വർഷത്തിലധികമായി താപത്തിലെ നേരിയ കുറവിനു കാരണമെന്നു പറയപ്പെട്ടിരിക്കുന്നു.
ഭൂമിയിലെ താപവർധനവിന്റെ ഭാവി ഫലങ്ങൾ സംബന്ധിച്ച് ചൂടുപിടിച്ച വാദം നടക്കുന്നുണ്ട്. എന്നാൽ കാലാവസ്ഥാ പ്രവചനമെന്ന ഇപ്പോൾത്തന്നെ പ്രയാസകരമായിരിക്കുന്ന ജോലിയെ സങ്കീർണമാക്കുകയാണ് ആഗോള തപനം സത്യത്തിൽ ചെയ്തിരിക്കുന്ന ഒരു സംഗതി. “ആഗോള തപനം കാലാവസ്ഥയ്ക്കു വ്യതിയാനം സൃഷ്ടിക്കുന്നതനുസരിച്ച്” തെററായ പ്രവചനങ്ങൾക്കുള്ള “സാധ്യത വർധിച്ചേക്കാ”മെന്ന് ന്യൂ സയൻറിസ്ററ് സൂചിപ്പിക്കുന്നു.
ആഗോള തപനം തങ്ങളുടെ പോളിസികളെ നഷ്ടത്തിലാക്കുമെന്ന് പല ഇൻഷ്വറൻസ് കമ്പനികളും ഭയപ്പെടുന്നു. “ദൗർഭാഗ്യങ്ങളുടെ [ഒരു] പ്രളയത്തെ അഭിമുഖീകരിക്കുന്ന ചില റിഇൻഷ്വറൻസുകാർ പ്രകൃതിവിപത്തുകൾക്ക് ഇരയാകാതെ സൂക്ഷിക്കുന്നു. വിപണിയോടുതന്നെ വിടപറയുന്നതിനെപ്പററി ചിലരുടെയിടയിൽ സംസാരമുണ്ട്. . . . അനിശ്ചിതത്ത്വം സംബന്ധിച്ച് അവർ ഭയമുള്ളവരാണ്,” ദി ഇക്കണോമിസ്ററ് സമ്മതിക്കുന്നു.
യഥാർഥത്തിൽ, രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏററവും ചൂടുണ്ടായിരുന്ന വർഷമായ 1990-ൽ ആർട്ടിക്ക് ഹിമശേഖരത്തിന്റെ ഒരു വലിയ ഭാഗം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അളവിൽ ഉരുകിപ്പോയി. ഇത് നൂറുകണക്കിനു ധ്രുവക്കരടികൾ റങ്കൽ ദ്വീപിൽ ഒരു മാസത്തിലധികം അലഞ്ഞുതിരിയാൻ ഇടയാക്കി. “ആഗോള തപനത്തിന്റെ ഫലമായ ഈ അവസ്ഥകൾ . . . ഒരു നിത്യസംഭവമായിത്തീർന്നേക്കാം” എന്ന് ബിബിസി വന്യജീവിതം (ഇംഗ്ലീഷ്) എന്ന മാഗസിൻ മുന്നറിയിപ്പു നൽകുന്നു.
“അൻറാർട്ടിക്കയിൽനിന്നു വടക്കോട്ട് ഒഴുകുന്നതും തെക്കൻ അററ്ലാൻറിക്കിൽ കപ്പലുകൾക്ക് അപകടം സൃഷ്ടിക്കുന്നതുമായ ഹിമാനികളുടെ നാടകീയ വർധനവിനു കാലാവസ്ഥാ വിദഗ്ധർ ആഗോള തപനത്തെ കുററപ്പെടുത്തുന്ന”തായി 1992-ൽ ഒരു ആഫ്രിക്കൻ പത്രം റിപ്പോർട്ടുചെയ്തു. എർത്തിന്റെ ജനുവരി 1993 ലക്കമനുസരിച്ച് തെക്കൻ കാലിഫോർണിയയുടെ സമുദ്രാന്തർഭാഗത്ത് സമുദ്രനിരപ്പിന്റെ ക്രമേണയുള്ള വർധനവിനു കാരണം ഭാഗികമായി ജലത്തിന്റെ തപനമാണ്.
നിർഭാഗ്യകരമെന്നു പറയട്ടെ, മനുഷ്യർ അന്തരീക്ഷത്തിലേക്കു വിഷവാതകങ്ങൾ ഞെട്ടിക്കുന്ന അളവിൽ പിന്നെയും പിന്നെയും തള്ളിവിട്ടുകൊണ്ടിരിക്കയാണ്. “ഓരോ വർഷവും 9,00,000 ടണ്ണിലധികം വിഷരാസവസ്തുക്കൾ വായുവിലേക്കു തള്ളിവിടപ്പെടുന്നതായി യു.എസ്.എ.-യിൽ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ 1989-ലെ ഒരു റിപ്പോർട്ട് വിലയിരുത്തി”യതായി ദ എർത്ത് റിപ്പോർട്ട് 3 എന്ന പുസ്തകം പ്രസ്താവിക്കുന്നു. ലക്ഷക്കണക്കിനു വരുന്ന മോട്ടോർ വാഹനങ്ങളിൽനിന്നു വമിക്കുന്ന പുകയുടെ കാര്യം ഇതിലുൾപ്പെടാത്തതുകൊണ്ട് ഈ കണക്ക് ഒരു താഴ്ത്തിമതിക്കലായി കണക്കാക്കപ്പെട്ടിരിക്കുന്നു.
വായു മലിനീകരണത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ മററു പല വ്യവസായവത്കൃത രാജ്യങ്ങളിൽനിന്നും വരുന്നുണ്ട്. കമ്മ്യുണിസ്ററ് ഭരണത്തിന്റെ ദശകങ്ങളിൽ കിഴക്കൻ യൂറോപ്യൻ ദേശങ്ങളിൽ ഉണ്ടായ അനിയന്ത്രിതമായ വായു മലിനീകരണത്തിന്റെ അടുത്തകാലത്തെ വെളിപ്പെടലുകൾ പ്രത്യേകിച്ചു ഭീതിപ്പെടുത്തുന്നവയായിരുന്നു.
കാർബൺഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും ഓക്സിജനെ പുറത്തുവിടുകയും ചെയ്യുന്ന ഭൂവൃക്ഷങ്ങൾ വിഷവാതകത്തിന്റെ ഇരകളിൽ പെടുന്നു. ന്യൂ സയൻറിസ്ററ് ഇപ്രകാരം റിപ്പോർട്ടുചെയ്തു: “വായു മലിനീകരണം വനത്തിന്റെ ആരോഗ്യ നഷ്ടത്തിനുള്ള മുഖ്യ കാരണങ്ങളിൽ ഒന്നായി തുടരുന്നെന്ന് [പറഞ്ഞ] കാർഷിക മന്ത്രിയുടെ . . . അഭിപ്രായമനുസരിച്ച് ജർമനിയിലെ വൃക്ഷങ്ങൾ കൂടുതൽ അനാരോഗ്യകരമായി വളർന്നുകൊണ്ടിരിക്കയാണ്.”
ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാൾ ഉന്നതപീഠഭൂമിയിലെ അവസ്ഥ സമാനമാണ്. “ആസിഡ് മഴയുണ്ടാക്കുന്ന നാശത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇപ്പോൾ കിഴക്കൻ ട്രാൻസ്വാളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ പൈൻ മുള്ളുകളുടെ നിറം ആരോഗ്യകരമായ കടുംപച്ചയിൽനിന്ന് രോഗപ്രകൃതിയുള്ള പുള്ളികളോടുകൂടിയ ഇളം ചാരമഞ്ഞയായിത്തീരുന്നു” എന്ന് ഭൂമിയിലേക്കു തിരികെ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ജെയിംസ് ക്ലാർക്ക് റിപ്പോർട്ടുചെയ്യുന്നു.
അത്തരം റിപ്പോർട്ടുകൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വരുന്നുണ്ട്. ഒരു രാജ്യവും ഇതിൽനിന്നു വിമുക്തമല്ല. ആകാശം മുട്ടെ പുകത്തൂണുകൾ നിൽക്കെ വ്യവസായവത്കൃത രാജ്യങ്ങൾ തങ്ങളുടെ മലിനീകരണത്തെ അയൽദേശങ്ങളിലേക്കു കയററുമതി ചെയ്യുന്നു. മമനുഷ്യന്റെ അത്യാർത്തിപൂണ്ട വ്യവസായ വികസനത്തിന്റെ ചരിത്രം പ്രത്യാശ നൽകുന്നില്ല.
എന്നിരുന്നാലും ശുഭാപ്തിവിശ്വാസത്തിന് അടിസ്ഥാനമുണ്ട്. നമ്മുടെ അമൂല്യ അന്തരീക്ഷം നാശത്തിൽനിന്നു സംരക്ഷിക്കപ്പെടുമെന്ന് നമുക്കു ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാം. ഇത് സാധ്യമാകുന്ന വിധം സംബന്ധിച്ച് അടുത്തലേഖനത്തിൽനിന്നു മനസ്സിലാക്കുക.
[7-ാം പേജിലെ ചിത്രം]
മേലന്തരീക്ഷത്തിലെ ഓസോണിന്റെ നാശം ചർമാർബുദത്തിന്റെ വർധനവിലേക്കു നയിച്ചിരിക്കുന്നു
[9-ാം പേജിലെ ചിത്രം]
അത്തരം മലിനീകരണത്തിന്റെ ഭവിഷ്യത്തുകൾ എന്തെല്ലാമാണ്?