യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് ഈവക വികാരങ്ങൾ എങ്ങനെ അകററിനിർത്താൻ കഴിയും?
“സ്വവർഗസംഭോഗം വളരെ കുററകരമായ ഒന്നായി ഞാൻ ഇപ്പോൾ കരുതുന്നു, അതേസമയം ചിലപ്പോൾ അതിനോട് അത്രതന്നെ ആകർഷണം തോന്നുകയും ചെയ്യാറുണ്ട്. ഈവക വികാരങ്ങൾ എന്നെ അസ്വസ്ഥനാക്കുന്നു, ചിലപ്പോൾ രാത്രിയിലും പകലും. ‘ഈ ഘോരമായ വികാരങ്ങൾ അകറേറണമേ!’ എന്നു ഞാൻ യഹോവയോടു തുടർച്ചയായി പ്രാർഥിച്ചിട്ടുണ്ട്. അവ എന്നെങ്കിലും അകന്നുപോകുമോ?”—ഡെന്നിസ്.a
ഒട്ടനവധി ക്രിസ്തീയ യുവജനങ്ങൾ—യുവാക്കൻമാരും യുവതികളും—സഹായത്തിനായി സമാനമാംവിധം ആശയററ യാചനകൾ നടത്തിയിട്ടുണ്ട്. സ്വവർഗസംഭോഗത്തോട് അവർക്കു ചായ്വു തോന്നുന്നു, എന്നാൽ ആ ജീവിതരീതിയുടെ മുഖമുദ്രയായ കുത്തഴിഞ്ഞ ലൈംഗികതയിലും രോഗത്തിലും ധാർമിക പാപ്പരത്വത്തിലും പങ്കുപററാൻ അവരൊട്ടാഗ്രഹിക്കുന്നുമില്ല. അതിലുമേറെ പ്രധാനമായി, ദൈവത്തെ പ്രസാദിപ്പിക്കാൻ അവരാഗ്രഹിക്കുന്നു. അവന്റെ വചനത്തിൽ അവൻ സ്വവർഗസംഭോഗത്തെ നിശിതമായി കുററംവിധിക്കുന്നു.—റോമർ 1:26, 27; കൊലൊസ്സ്യർ 1:10.
സ്വവർഗസംഭോഗികൾക്കു മാററം വരുത്താനാവില്ലെന്ന അവകാശവാദം പലപ്പോഴുമുണ്ടായിട്ടുണ്ട്. എന്നാൽ, അതു സത്യമല്ല. ആദിമ ക്രിസ്ത്യാനികളിൽ ചിലർ മുമ്പ് സ്വവർഗസംഭോഗത്തിൽ ഏർപ്പെട്ടിരുന്നു, എന്നാൽ അവർ മാററം വരുത്തി. (1 കൊരിന്ത്യർ 6:9-11) അതേ, വ്യാപകമായ സങ്കൽപ്പങ്ങൾക്കു വിരുദ്ധമായി ആളുകൾക്കു മാററം വരുത്താൻ കഴിയും, അവരങ്ങനെ ചെയ്യുന്നുമുണ്ട്. എന്നാൽ, ഒരു യുവവ്യക്തി സ്വവർഗസംഭോഗ ചെയ്തികൾ വിജയകരമായി ഒഴിവാക്കുമ്പോൾതന്നെ സ്വവർഗസംഭോഗ അഭിലാഷം തികച്ചും ഒഴിവാക്കുക ദുഷ്കരമാണെന്ന് അവനോ അവളോ കണ്ടെത്തിയേക്കാം. ഒരു യുവാവ് ഇപ്രകാരം തുറന്നു പറഞ്ഞു: “എന്റെ വികാരങ്ങൾക്കു മാററം വരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചിട്ടുണ്ട്. ഞാൻ ബൈബിൾ വായിക്കാറുണ്ട്. ആ വിഷയത്തെക്കുറിച്ചുള്ള പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ അടുത്തതായി എവിടേക്കു തിരിയണമെന്ന് എനിക്കറിയില്ല.”
അതിനു മാന്ത്രികമോ ക്ഷണികമോ ആയ മരുന്നൊന്നുമില്ല. ഡെന്നിസ് ഓർമിക്കുന്നു: “ഒരു ‘പുരുഷൻ’ ആയിത്തീരാനുള്ള ശ്രമത്തിൽ ഞാൻ നിർബന്ധപൂർവം പല സ്ത്രീകളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടു. അതെല്ലാം വൃഥാവായിരുന്നു, വേദന വർധിപ്പിക്കുക മാത്രമേ അതു ചെയ്തുള്ളൂ.” എന്നാൽ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിനാൽ ഒരുവന് അത്തരം വികാരങ്ങളെ തരണം ചെയ്യാൻ കഴിയും.
തെററായ ചിന്താരീതികളെ തിരിച്ചറിയൽ
പ്രവർത്തനങ്ങൾക്കു മുമ്പു ചിന്തകളുണ്ടാകുന്നുവെന്ന് ആദ്യംതന്നെ തിരിച്ചറിയുക. (യെശയ്യാവു 55:6, 7; യാക്കോബ് 1:14, 15) വാസ്തവത്തിൽ, ഡോ. വേയ്ൻ ഡബ്ലിയു. ഡയർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മുന്നമേ ചിന്ത ഉണ്ടാകാതെ അനുഭൂതി (വികാരം) ഉണ്ടാകുന്നില്ല.” അതുകൊണ്ട്, തന്നെക്കുറിച്ചും എതിർലിംഗവർഗത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും അങ്ങനെ പലതിനെക്കുറിച്ചുമുള്ള വികലമായ ചിന്താരീതിയായിരിക്കാം സ്വവർഗസംഭോഗ അഭിലാഷങ്ങളുടെ മൂലഹേതു. ഒരുവൻ ‘മനസ്സു പുതുക്കി’ അത്തരം ചിന്തകൾക്കു മാററം വരുത്തുന്നതിനു മുമ്പ് അവയെ ആദ്യംതന്നെ തിരിച്ചറിയേണ്ടതുണ്ട്. (റോമർ 12:2) അങ്ങനെ ചെയ്യുന്നത് സ്വലിംഗവർഗത്തിൽ പെട്ടവരോട് ആകർഷണം തോന്നുന്നതിന്റെ കാരണം സംബന്ധിച്ച വിലയേറിയ ഉൾക്കാഴ്ച ഒരുവനു പ്രദാനം ചെയ്തേക്കാം.
ഒരു വ്യക്തിക്ക് അതെങ്ങനെ ചെയ്യാനാകും? സങ്കീർത്തനക്കാരൻ ചെയ്തതുപോലെ പ്രാർഥിക്കുക എന്നതാണ് ഒരു മാർഗം: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.” (സങ്കീർത്തനം 139:23, 24) വിവേകവും പക്വതയുമുള്ള ഒരു ക്രിസ്ത്യാനിയുമായി ഒരുവന്റെ വികാരങ്ങൾ ചർച്ച ചെയ്യുന്നതു സഹായകമായിരുന്നേക്കാം. സദൃശവാക്യങ്ങൾ 27:17 പറയുന്നതുപോലെ, “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു.” നല്ല വിവേകവും അനുകമ്പയും ഉള്ളതായി അറിയപ്പെട്ടിരുന്ന ഒരു ക്രിസ്തീയ മൂപ്പനോട് ഒരു യുവാവ് തന്റെ രഹസ്യം തുറന്നുപറഞ്ഞു. ആരെയെങ്കിലും ആശ്രയിച്ച് തന്റെ രഹസ്യം തുറന്നു പറയുന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു പ്രകാരത്തിലും എളുപ്പമായിരുന്നില്ല. പക്ഷേ, അവർ തമ്മിൽ ഈടുററ ഒരു ബന്ധം വളർന്നുവന്നു. “ഏതു കാര്യത്തെക്കുറിച്ചും എനിക്ക് അദ്ദേഹത്തോടു സംസാരിക്കാൻ കഴിയും,” അവൻ പറയുന്നു. ആ മൂപ്പൻ ശ്രദ്ധിക്കുക മാത്രമല്ല, വിദഗ്ധമായ ചോദ്യങ്ങളിലൂടെ, യുവാവിന്റെ വികാരങ്ങളെയും ചിന്തകളെയും പുറത്തുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്നു.—താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 20:5.
ഒരുവന്റെ പിതാവ് അവഗണന കാട്ടുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന ഒരുവനാണെങ്കിൽ അതേ ലിംഗവർഗത്തിൽ പെട്ടവരോടുള്ള തന്റെ ആകർഷണം യഥാർഥത്തിൽ പിതൃസ്നേഹത്തിനു വേണ്ടിയുള്ള തന്റെ ആവശ്യത്തെ നിവർത്തിക്കാനുള്ള വിഫലമായ ശ്രമമാണെന്ന് അവൻ മനസ്സിലാക്കിയേക്കാം. അനുകരിക്കാനുള്ള ഒരു പുരുഷ മാതൃകാപാത്രം അവന് ഒരിക്കലും ഇല്ലാതിരുന്നതിനാൽ ഡോ. ജോസഫ് നിക്കളോസി വിളിക്കുന്ന “പുരുഷത്വത്തോടു ബന്ധപ്പെട്ട ഗുണങ്ങൾ, അതായത്, ശക്തി, ദൃഢത, ബലം എന്നിവ സംബന്ധിച്ച് ചാപല്യത്തിന്റെയും അപര്യാപ്തതയുടെയും ഒരു ബോധം” അവനു തോന്നിയേക്കാം. ഒരു വ്യക്തി തനിക്കു കുറവുള്ളതായി തോന്നുന്ന പ്രത്യേക സ്വഭാവവിശേഷതകളുടെ കണക്കെടുക്കുകയാണെങ്കിൽ, തന്നെ അമ്പരപ്പിക്കുമാറ് ആ സ്വഭാവവിശേഷതകൾതന്നെയാണ് മററു പുരുഷൻമാരിൽ ആകർഷകമായി താൻ കാണുന്നതെന്ന് അയാൾ കണ്ടെത്തിയേക്കാം.
ഭൂതകാലത്തെ കഠിന “പാഠങ്ങൾ”
തങ്ങളുടെ പ്രശ്നം കഴിഞ്ഞകാല വൈകാരിക ആഘാതങ്ങളോടു ബന്ധപ്പെട്ടതാണെന്നു മററു യുവാക്കൾ തിരിച്ചറിയാനിടയാകുന്നു. ഒരു യുവതി ഓർമിക്കുന്നു: “സ്വവർഗസംഭോഗത്തെക്കുറിച്ചുള്ള വിഷയങ്ങൾ അടങ്ങിയ അശ്ലീല വിവരങ്ങൾ ഞാൻ കാണാൻ ഇടയായി. എന്നിൽ അസ്വാഭാവികമായ ആഗ്രഹങ്ങൾ വളരാൻ തുടങ്ങി.” ഒരു യുവാവ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞാൻ സ്വന്തം പിതാവിന്റെ അഗമ്യഗമനത്തിന് ഇരയായിരുന്നു. തത്ഫലമായി, ഒരു പുരുഷനുമായുള്ള ലൈംഗികബന്ധം സ്വാഭാവികമായാണ് എനിക്കു തോന്നിയത്.” അത്തരം വേദനിപ്പിക്കുന്ന അനുഭവങ്ങൾ എതിർലിംഗവർഗത്തിൽ പെട്ടവരെ വെറുക്കാനോ അവരെ ഭയപ്പെടാൻ പോലുമോ ശാരീരിക അടുപ്പങ്ങൾ സ്നേഹമായി കാണാനോ അവയുടെ ഇരകളെ പഠിപ്പിച്ചേക്കാം. തന്റെ ലൈംഗിക മോഹങ്ങൾ “ശാരീരിക ആവശ്യമല്ല, വൈകാരിക ആവശ്യം—ആർദ്രതയ്ക്കും ഗ്രാഹ്യത്തിനുമുള്ള ഒരാവശ്യം” ആണ് എന്ന് ബലിയാടാക്കപ്പെട്ട ഒരു യുവതി വർണിക്കുന്നു.
എന്നിരുന്നാലും, സ്വവർഗസംഭോഗത്തിന്റെ കാരണങ്ങൾ സങ്കീർണമാണെന്നു സമ്മതിക്കുന്നു. പല കേസുകളും ലളിതമായ വിശദീകരണത്തിന് അതീതമായിരിക്കാം.b പക്ഷേ, വികലമായ ചിന്തയ്ക്കു കാരണം എന്തായിരുന്നാലും അതു തിരുത്താൻ വളരെയധികം കാര്യങ്ങൾ ഒരുവനു ചെയ്യാനാകും.
ഒരുവന്റെ മനസ്സു മാററിയെടുക്കൽ
ഉത്തമമാർഗം ദൈവവചനം ഉപയോഗിക്കുക എന്നതാണ്. ഉദാഹരണത്തിന്, തനിക്ക് ഇല്ലെന്നു വിചാരിക്കുന്ന പുരുഷോചിത ഗുണങ്ങൾ പ്രകടമാക്കുന്ന പുരുഷൻമാരിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ കാര്യംതന്നെ എടുക്കുക. അല്ലെങ്കിൽ എതിർലിംഗവർഗത്തിൽ പെട്ടവരെ ഭയപ്പെടുന്ന ഒരു യുവതിയുടെ കാര്യമെടുക്കുക. ഇരുകൂട്ടർക്കും പുരുഷത്വം സംബന്ധിച്ച് ഏറെ ആരോഗ്യാവഹമായ ഒരു വീക്ഷണം വളർത്തിയെടുക്കാൻ കഴിയുന്ന ഒരു മാർഗം യേശുവിന്റെ മാതൃകയെക്കുറിച്ചു പഠിക്കുക എന്നതാണ്. (1 പത്രൊസ് 2:21) ആർദ്രതയാൽ സമീകരിക്കപ്പെട്ട പുരുഷശക്തിയുടെ പൂർണ മാതൃകയായിരുന്നു അവൻ. (മത്തായി 19:14; യോഹന്നാൻ 19:5) അങ്ങനെ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻc എന്ന പുസ്തകം പഠിക്കുന്നതു സഹായകരമാണെന്ന് ഒരു യുവാവ് കണ്ടെത്തുന്നു. “യേശുവിനെ അറിയുന്നത് ഒരു പുരുഷൻ എങ്ങനെ ആയിരിക്കണം എന്നുള്ള എന്റെ വീക്ഷണത്തെ തിരുത്തിക്കുറിക്കുന്നു,” അവൻ പറയുന്നു.
അതുപോലെതന്നെ, ലൈംഗികത, സ്നേഹം, ഒരേ ലിംഗവർഗത്തിൽ പെട്ടവരോടുള്ള സൗഹൃദബന്ധങ്ങൾ എന്നീ വിഷയങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെ പ്രതിപാദിക്കുന്ന ബൈബിൾ വാക്യങ്ങൾ ധ്യാനിക്കുന്നത് ഒരുവന്റെ ചിന്താരീതിയെ തിരുത്താൻ സഹായിക്കുന്നതാണ്.—ഉല്പത്തി 1:27, 28; രൂത്ത് 1:16, 17; 1 ശമൂവേൽ 18:1; സദൃശവാക്യങ്ങൾ 5:18, 19; 1 കൊരിന്ത്യർ 13:4-8.
തെററായ ചിന്തകളിൽ മുഴുകിയിരിക്കുന്നത് ഒഴിവാക്കുന്നതും പ്രധാനമാണ്. പ്രത്യേകിച്ച് ഒരുവൻ ഏകനോ, വിഷാദമഗ്നനോ, നൈരാശ്യമുള്ളവനോ ആയിരിക്കുമ്പോൾ പലപ്പോഴും ഈവക പ്രേരണകൾ ശക്തമാണ്. (സദൃശവാക്യങ്ങൾ 24:10) “നാം എന്തായിരിക്കുന്നുവോ അതിനു മാററം വരുത്താനുള്ള ഒരേയൊരു മാർഗം തെററായ ചിന്തകളെ നല്ല ചിന്തകളാക്കി മാററുക എന്നതാണ്,” ഒരു ക്രിസ്തീയ സ്ത്രീ പറയുന്നു. മോശമായ തോന്നലുകൾ അവൾക്കുണ്ടാകുമ്പോൾ സ്വവർഗസംഭോഗം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെക്കുറിച്ച് അവൾ സ്വയം ഓർമിപ്പിക്കുന്നു. ഒരു കൗമാരപ്രായക്കാരൻ പറയുന്നു: “സ്വവർഗസംഭോഗത്തിലേർപ്പെടാനുള്ള പ്രേരണ തോന്നുമ്പോൾ, ഞാൻ എന്റെ ഏററവും പ്രിയപ്പെട്ട ബൈബിൾ വാക്യം ധ്യാനിക്കും.” (താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 10:4; ഫിലിപ്പിയർ 4:8.) വാച്ച് ടവർ സൊസൈററിയുടെ ബൈബിളധിഷ്ഠിതമായ പലതരം ഓഡിയോ കാസററുകൾ ശ്രവിച്ചുകൊണ്ട് ഉറങ്ങുന്നതു സഹായകമാണെന്നു മററു ചിലർ കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ ചിന്താരീതി നമ്മുടെ പ്രവർത്തനരീതിയെ ബാധിക്കുന്നതുപോലെതന്നെ നമ്മുടെ പ്രവർത്തനവിധത്തിനു നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ബാധിക്കാൻ കഴിയും. അതുകൊണ്ട് തെററായ ചിന്തയ്ക്കു തിരികൊളുത്തുകയോ അല്ലെങ്കിൽ അതിനെ പ്രബലമാക്കുകയോ ചെയ്യുന്ന പെരുമാററവും സഹവാസവും ഒരുവൻ നിർത്തേണ്ടതുണ്ട്. (1 കൊരിന്ത്യർ 15:33) പൊതു കക്കൂസുകൾ, കടൽത്തീരങ്ങൾ, വസ്ത്രം മാറുന്ന മുറികൾ, ഒരുവനെ പ്രലോഭനത്തിനു വിധേയമാക്കിയേക്കാവുന്ന മററു സ്ഥലങ്ങൾ എന്നിവയുടെ കാര്യത്തിലും ഒരുവൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.—സങ്കീർത്തനം 119:9.
ഒഴിവാക്കേണ്ട അനാരോഗ്യകരമായ മറെറാരു ശീലമാണു സ്വയംഭോഗം. സ്വവർഗസംഭോഗികളായ അനേകം പുരുഷൻമാർക്കും സ്ത്രീകൾക്കും അതു നിയന്ത്രിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. “ആറ് വയസ്സ് മുതൽ സ്വയംഭോഗമെന്ന പ്രശ്നം എനിക്കുണ്ടായിരുന്നു. ലൈംഗിക മനക്കോട്ട സ്വവർഗസംഭോഗത്തോടു ബന്ധപ്പെട്ട എന്റെ വികാരങ്ങളെ പ്രബലമാക്കി” എന്ന് ഒരു യുവാവു തുറന്നുപറയുന്നു. ആ അശുദ്ധ ശീലത്തിനെതിരെ പോരാടുക!d—കൊലൊസ്സ്യർ 3:5.
നേരേമറിച്ച്, ആരോഗ്യാവഹമായ പെരുമാററരീതികൾ വികസിപ്പിച്ചെടുക്കുന്നതും പ്രധാനമാണ്. ഒരു ചെറുപ്പക്കാരൻ പുരുഷത്വഗുണങ്ങൾ വികസിപ്പിച്ചെടുക്കുകയാണെങ്കിൽ, മററു പുരുഷൻമാരിലേക്ക് അയാൾ കുറച്ചേ ആകർഷിക്കപ്പെടുകയുള്ളൂവെന്ന് ചിലർ നിർദേശിച്ചിട്ടുണ്ട്. തീർച്ചയായും, ഒരു കുട്ടിയായിരിക്കെ അനുകരിക്കുന്നതിനായി ശക്തനായ ഒരു പുരുഷ മാതൃകാപാത്രം അവന് ഒരിക്കലും ഉണ്ടായിരുന്നില്ലെങ്കിൽ ഇതു ചെയ്യുന്നത് എങ്ങനെയാണെന്ന് ഒരു ചെറുപ്പക്കാരൻ ഒരിക്കലും മനസ്സിലാക്കാതിരുന്നേക്കാം. സ്വശരീരത്തോടു പോലും അവന് ഒരുതരം അസ്വാസ്ഥ്യം തോന്നുകയും എന്തോ പന്തികേടോ പുരുഷത്വമില്ലായ്മയോ അവന് അനുഭവപ്പെടുകയും ചെയ്തേക്കാം. ശാരീരിക അധ്വാനം, മിതവ്യായാമം, വിശ്രമദായകമായ ഇവയിൽ ഏതിലെങ്കിലും ഏർപ്പെടുന്നത് ഇക്കാര്യത്തിൽ മിക്കപ്പോഴും സഹായിക്കുന്നു. (താരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 4:8.) എന്നാൽ യുവാവായ തിമോത്തി അപ്പോസ്തലനായ പൗലോസിന് ഒരു മകനെപ്പോലെ ആയിത്തീർന്നതുപോലെ സമനിലയും പ്രായവുമുള്ള ഒരു ക്രിസ്തീയ പുരുഷനോട് ആരോഗ്യാവഹമായ ഒരു ബന്ധം നേടിയെടുക്കുന്നതു പ്രത്യേകിച്ചും സഹായകരമാണെന്ന് ഒരുവൻ കണ്ടെത്തിയേക്കാം. (ഫിലിപ്പിയർ 2:19-22; 2 തിമോത്തി 3:10, NW) പെരുമാററം സംബന്ധിച്ചു വ്യക്തമായ അതിർവരമ്പുകൾ വെക്കുകയും തുറന്ന ആശയവിനിയമം നട്ടുവളർത്തുകയും ചെയ്യുന്നതിനാൽ അത്തരമൊരു ബന്ധം ഊഷ്മളവും ആശ്രയയോഗ്യവുമായിരിക്കാൻ കഴിയും, അതേസമയം ഏതെങ്കിലും കാമാസക്ത ധ്വനികളിൽനിന്നു സ്വതന്ത്രവും ആയിരിക്കും.
സർവോപരി, ഒരുവൻ ശക്തമായ ഒരു ആത്മീയ പ്രതിരോധം സ്വീകരിക്കണം. ബൈബിളിന്റെ ക്രമമായ പഠനം, പ്രാർഥന, വിശ്വാസം മററുള്ളവരുമായി പങ്കുവയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ ഒരുവന്റെ മനസ്സിനെ ആത്മീയ പാതയിൽ നിലനിർത്തും. (സങ്കീർത്തനം 55:22; 119:11; റോമർ 10:10) ചിലപ്പോൾ താൻ അയോഗ്യനാണ് എന്നുള്ള തോന്നലുകൾ സഹക്രിസ്ത്യാനികളുടെ അടുത്തായിരിക്കാൻ കൂടുതൽ വിഷമമുണ്ടാക്കിയേക്കാം, എന്നാൽ തന്നെത്താൻ ഒററപ്പെടുത്തുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പു തരുന്നു. (സദൃശവാക്യങ്ങൾ 18:1) ഇരുലിംഗവർഗത്തിലുംപെട്ട ക്രിസ്ത്യാനികളോടുള്ള ആരോഗ്യാവഹമായ സഹവാസം സമനിലയോടെ നിൽക്കാൻ ഒരുവനെ സഹായിക്കും.—എബ്രായർ 10:24, 25.
സ്വവർഗസംഭോഗത്തിലേർപ്പെടാനുള്ള ആഗ്രഹം നിങ്ങളെ ബാധിക്കുകയാണെങ്കിൽ ഈ നിർദേശങ്ങൾ സഹായകമാണെന്നു തെളിഞ്ഞേക്കാം. എന്നിരുന്നാലും, പിന്നെയും മോശമായ വികാരങ്ങൾ ഉണ്ടാകുകയാണെങ്കിൽ തീർത്തും നിരുത്സാഹിതരായിത്തീരരുത്. ദൈവം നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കുന്നു, അവനെ സേവിക്കാൻ പാടുപെടുന്നവരോട് അവന് അനുകമ്പയുണ്ട്. (1 യോഹന്നാൻ 3:19, 20) നമ്മെ ബാധിക്കുന്ന എല്ലാ രോഗങ്ങളിൽനിന്നുമുള്ള സൗഖ്യം പുതിയ ലോകത്തിൽ മനുഷ്യവർഗം അനുഭവിക്കും. (വെളിപ്പാടു 21:3, 4) അതുവരേക്കും, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് തെററായ മോഹങ്ങൾക്കെതിരെ പോരാടുവിൻ. (ഗലാത്യർ 6:9) ദൃഢനിശ്ചയത്തോടെ ശ്രമം ചെയ്താൽ കുറെക്കാലം കഴിയുമ്പോൾ ഒരുപക്ഷേ തെററായ മോഹങ്ങൾ തന്നെത്താൻ പോയ്മറഞ്ഞുകൊള്ളും.
(ഞങ്ങളുടെ അടുത്ത ലക്കം മുതൽ, “യുവജനങ്ങൾ ചോദിക്കുന്നു . . .” മാസത്തിൽ ഒന്നേ ഉണ്ടായിരിക്കുകയുള്ളൂ.)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാററിയിട്ടുണ്ട്.
b ഞങ്ങളുടെ 1995 ഫെബ്രുവരി 8 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . .” കാണുക.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
d ഈ ആസക്തിയെ തരണം ചെയ്യാൻ ഒരു യുവവ്യക്തിയെ സഹായിക്കുന്ന പ്രായോഗികമായ നിർദേശങ്ങൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും (വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്) എന്ന പുസ്തകത്തിന്റെ 25-ഉം 26-ഉം അധ്യായങ്ങളിൽ അടങ്ങിയിട്ടുണ്ട്.
[22-ാം പേജിലെ ആകർഷകവാക്യം]
യേശുവിന്റെ മാതൃക പഠിച്ചുകൊണ്ട് പുരുഷത്വം സംബന്ധിച്ച ആരോഗ്യാവഹമായ ഒരു വീക്ഷണം വളർത്തിയെടുക്കുക