ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കളിപ്പാട്ടങ്ങൾ “മാതാപിതാക്കളേ—നിങ്ങളുടെ കുട്ടിയുടെ കളിപ്പാട്ടങ്ങൾ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക” (സെപ്ററംബർ 8, 1994) എന്ന ഒന്നാന്തരം ലേഖനം ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. ഒരു പിതാവെന്ന നിലയിൽ ആ വിവരങ്ങൾ ഞാൻ വളരെയേറെ വിലമതിച്ചു. എന്നാൽ, ഞാൻ ഒരു മുന്നറിയിപ്പിൻ നിർദേശം കൂടി ഉൾപ്പെടുത്താനാഗ്രഹിക്കുന്നു. കുറച്ചു ദ്രാവകമേ ഉള്ളൂവെങ്കിൽപ്പോലും കൊച്ചുകുട്ടികൾ തൊട്ടികളിലോ ബക്കററുകളിലോ വീണ് മുങ്ങിമരിക്കാൻ സാധ്യതയുണ്ട് എന്നു വായനക്കാർക്കു ദയവായി മുന്നറിയിപ്പു കൊടുക്കുക.
ഇ. വി., ഐക്യനാടുകൾ
ആ ഓർമിപ്പിക്കലിനെ വിലമതിക്കുന്നു.—പത്രാധിപർ
ഞാനും എന്റെ മകനും ഒരു ചർച്ചയിലേർപ്പെട്ടിരിക്കുകയായിരുന്നു, ഒരു കളിപ്പാട്ടം വാങ്ങണമെന്നുള്ള അവന്റെ ആഗ്രഹത്തെക്കുറിച്ച്. എന്നാൽ ആ കളിപ്പാട്ടം അവനു ചേർന്നതായിരിക്കില്ല എന്നെനിക്കു തോന്നി. കൊച്ചുകുട്ടിയായ അവൻ എന്റെ ന്യായവാദത്തോടു പൊരുത്തപ്പെടുക പ്രയാസമാണെന്നു കണ്ടെത്തി. സംസാരിച്ചുകൊണ്ടിരിക്കെ ഞങ്ങൾ തപാലുരുപ്പടി തുറന്നുനോക്കി, അതിൽ ഏററവും പുതിയ ലക്കം ഉണരുക!യാണുണ്ടായിരുന്നത്. “നിങ്ങളുടെ കുട്ടി എന്തുപയോഗിച്ചാണ് കളിക്കുന്നതെന്നു നിങ്ങൾക്കറിയാമോ?” എന്ന ശീർഷകം ഞങ്ങൾ രണ്ടുപേരെയും അമ്പരപ്പിച്ചുകളഞ്ഞു. ആ ലേഖനങ്ങൾ അവനിൽ മതിപ്പുളവാക്കി, എന്റെ ന്യായവാദം അവൻ മനസ്സിലാക്കാനും തുടങ്ങി.
ഡബ്ലിയു. എഫ്., ഐക്യനാടുകൾ
ആ ലേഖനങ്ങൾക്കു നന്ദി. എനിക്ക് ഏകദേശം 13 വയസ്സുണ്ട്. വീടിനുവെളിയിലെ പ്രവർത്തനങ്ങളും കലയും കരകൗശലപ്പണിയും പിയാനോ വായിക്കുന്നതുമാണ് എനിക്കിഷ്ടം. കുറെക്കൂടെ പ്രായം കുറവായിരുന്നപ്പോൾ സ്വന്തമായി ഞാൻ കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. വീഡിയോ കളികളെക്കാളും എനിക്കിഷ്ടം ഇത്തരം കാര്യങ്ങളാണ്, കാരണം എന്തോ നേടി എന്നൊരു ബോധം അതെന്നിൽ ഉളവാക്കുന്നു. ഇത്തരം കാര്യങ്ങൾ എത്രമാത്രം രസകരമായിരിക്കുമെന്നു മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ മററു കുട്ടികളെയും സഹായിച്ചുവെന്നു ഞാൻ പ്രത്യാശിക്കട്ടെ.
സി. എസ്., ഐക്യനാടുകൾ
ഹിപ്പൊപ്പൊട്ടാമസ് “രക്ഷയ്ക്കെത്തിയ ഹിപ്പൊപ്പൊട്ടാമസ്!” (ഒക്ടോബർ 8, 1994) എന്ന ഇനം പ്രസിദ്ധീകരിച്ചതിനു നന്ദി. ഹിപ്പൊപ്പൊട്ടാമസ് മാനിനെ രക്ഷപെടുത്തിയ വിധത്തെക്കുറിച്ചു വായിച്ചത് എന്റെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു. ഇതുവരെയും ഹിപ്പൊപ്പൊട്ടാമസിനെക്കുറിച്ചുള്ള എന്റെ ധാരണ ഭീമാകാരമായ ശരീരമുള്ള, പെരുത്ത പല്ലുകൾ കാട്ടാൻ വിസ്താരമായ വായ് തുറക്കുന്ന, വെള്ളത്തിലെ ഒരു ജീവി എന്നായിരുന്നു. ആ ജന്തുക്കളെ എനിക്ക് ഇഷ്ടമാണെന്നു ഞാൻ പറയുമായിരുന്നില്ല, എന്നാൽ ആ ലേഖനം എന്റെ അഭിപ്രായത്തെ തിരുത്തിക്കുറിച്ചു.
വൈ. എച്ച്., ജപ്പാൻ
ഇസ്രായേലി പട്ടാളക്കാരന്റെ കഥ “കൊല്ലാൻ പരിശീലിപ്പിക്കപ്പെട്ട ഞാൻ ഇപ്പോൾ ജീവൻ വാഗ്ദാനം ചെയ്യുന്നു” (സെപ്ററംബർ 8, 1994) എന്ന ലേഖനം ഞാനിപ്പോൾ വായിച്ചുതീർത്തതേയുള്ളൂ. നിങ്ങൾക്കെഴുതി എന്റെ വിലമതിപ്പു പ്രകടമാക്കണമെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നാൽ ഇപ്പോഴത്തേതുപോലെ ഒരു പ്രചോദനം മുമ്പെങ്ങും എനിക്കുണ്ടായിട്ടില്ല. യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്തയോട് യഹൂദരുടെ പ്രതികരണം എന്താണെന്ന് ഞാൻ പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. റാമി ഓവെദിന്റെ അങ്ങേയററം ഹൃദയഹാരിയായ കഥ നിങ്ങളിപ്പോൾ പ്രദാനം ചെയ്തിരിക്കുന്നു. ഏതു പ്രതിബന്ധങ്ങളുടെമേലും ദൈവവചനത്തിനുള്ള വിജയത്തെക്കുറിച്ചു വായിക്കുന്നത് എത്രയോ സന്തോഷകരമാണ്!
ജെ. എസ്., ഐക്യനാടുകൾ
എന്റെ കുടുംബം യഹൂദ വംശപരമ്പരയിൽ പെട്ടതായതുകൊണ്ട് ആ കഥ എന്റെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു. തങ്ങളുടെ കുടുംബങ്ങളെക്കാളുപരിയായി ബൈബിൾ സത്യം തിരഞ്ഞെടുക്കുക എന്നതു പലരെ സംബന്ധിച്ചും ദുഷ്കരമാണ്; എന്നാൽ യഹൂദരെ സംബന്ധിച്ചിടത്തോളം അതു വിശേഷാൽ ദുഷ്കരമാണെന്നു തോന്നുന്നു, കാരണം അവരുടെ കുടുംബങ്ങൾ നിങ്ങളെ മരിച്ചവരായി കണക്കാക്കുന്നു. എന്നിരുന്നാലും, എന്റെ മാതാപിതാക്കൾ ആരെ പ്രസാദിപ്പിക്കുന്നതിനു വേണ്ടിയും സത്യം ഉപേക്ഷിച്ചുകളയുകയില്ലെന്ന് അവരുടെ കുടുംബാംഗങ്ങൾ മനസ്സിലാക്കിയപ്പോൾ അവർ അൽപ്പം മയപ്പെട്ടു!
എഫ്. കെ., ഐക്യനാടുകൾ
നേത്രശസ്ത്രക്രിയ “റേഡിയൽ കെരാറേറാററമി—അത് എന്താണ്?” (സെപ്ററംബർ 22, 1994) എന്ന ലേഖനം അതീവ താത്പര്യത്തോടെയാണു ഞാൻ വായിച്ചത്. ഏതാനും മാസം കഴിയുമ്പോൾ ഞാൻ ആ ശസ്ത്രക്രിയയ്ക്കു വിധേയമാകാനിരിക്കുന്നതിനാൽ അതിലെ വ്യക്തമായ വിവരങ്ങൾ ഞാൻ വളരെയധികം വിലമതിച്ചു. എന്റെ നേത്രരോഗവിദഗ്ധൻ നൽകിയ വിവരങ്ങളെക്കാളും തികവുററവയായിരുന്നു അവ.
ജി. സി., ഇററലി
കഷ്ടപ്പെടുന്ന കുട്ടികൾ “കുട്ടികൾക്ക് എന്തു പ്രത്യാശ?” (മേയ് 8, 1994) എന്ന പരമ്പര തനിമയുള്ളതും വളരെ നന്നായി എഴുതപ്പെട്ടതുമായിരുന്നു. കുട്ടികൾ നേരിടുന്ന ഭയങ്കര അനുഭവങ്ങളെയും മാരക രോഗങ്ങളെയും അതുപോലെതന്നെ പേടിപ്പെടുത്തുന്ന ജീവിതാവസ്ഥകളെയും കുറിച്ചു വായിച്ചപ്പോൾ എനിക്കു ഹൃദയത്തിൽ ദുഃഖം തോന്നി. എന്നാൽ, ദൈവരാജ്യം മനുഷ്യരെ ഭരിക്കുമ്പോൾ യാഥാർഥ്യമാകാൻ പോകുന്ന, കുട്ടികൾക്കുള്ള, യഥാർഥ പ്രത്യാശയെക്കുറിച്ചു വായിച്ചപ്പോൾ ഞാൻ ആഹ്ലാദചിത്തയായി.
ഡി. ജി., പാപ്പുവ ന്യൂ ഗിനി