സകലർക്കും പൂർണാരോഗ്യം
പെരുമാററം, ചുററുപാട്, ആരോഗ്യപരിപാലനം എന്നിവ പോലെതന്നെ നമ്മുടെ ജീവശാസ്ത്രപരമായ ഘടനയും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. പാരമ്പര്യത്തോടും പിൽക്കാലത്തു നമ്മിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളോടുമുള്ള ജനിതക ചായ്വു നിമിത്തം അവ ആ ഘടനയെ സ്വാധീനിക്കുകയും ചെയ്യുന്നു.
“പിറന്നുവീഴുമ്പോൾ നിങ്ങൾക്കുള്ള ജീവശാസ്ത്രപരമായ ഘടനയാണ് ഏറെക്കുറെ നിങ്ങൾ നന്നായി ജീവിക്കുമോ, ഏറെക്കാലം ജീവിക്കുമോ, അല്ലെങ്കിൽ ജീവനോടെതന്നെ ഇരിക്കുമോ എന്നെല്ലാം പൊതുവേ നിർണയിക്കുന്നത്” എന്ന് ഒരു ആരോഗ്യവിദഗ്ധൻ പറയുന്നു.
നാം അവ ആർജിച്ചത് ഏതു വിധത്തിലാണെങ്കിലും തലവേദന, വഴങ്ങാത്ത പേശികൾ, ക്ഷയിച്ച നാഡികൾ, ഒടിഞ്ഞ അസ്ഥികൾ, തകരുന്ന ഹൃദയങ്ങൾ എന്നിവയും മററു രോഗങ്ങളും ദിവസവും നമ്മെ അനുസ്മരിപ്പിക്കുന്നതു വൈകല്യം ബാധിച്ച ഒരു ശരീരത്തിനും മനസ്സിനും നമ്മുടെ ആരോഗ്യം അടിയറവു പറഞ്ഞിരിക്കുന്നു എന്നാണ്. പടർന്നുവ്യാപിക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങളുടെ മൂലകാരണം എന്താണ്?
മൂലകാരണം
ഒന്നാം നൂററാണ്ടിൽ ജീവിച്ചിരുന്ന ലൂക്കോസ് എന്നു പേരുള്ള ഒരു മെഡിക്കൽ ഡോക്ടർ യേശുക്രിസ്തുവിനെക്കുറിച്ചെഴുതിയ നിശ്വസ്ത ജീവചരിത്രത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. സൗഖ്യമാക്കപ്പെടുമെന്നുള്ള പ്രതീക്ഷയിൽ തളർവാതം പിടിച്ച ഒരു മനുഷ്യനെ ഒരു ദിവസം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു എന്ന് ലൂക്കോസ് എഴുതുന്നു. ആ തളർവാതരോഗിയോട് “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്ന് യേശു പറഞ്ഞു. എന്നിട്ട് പാപങ്ങൾ ക്ഷമിച്ചുകൊടുക്കുന്നതിനുള്ള ശക്തി തനിക്കു തീർച്ചയായുമുണ്ട് എന്ന് കാണിക്കാനായി, “എഴുന്നേററു കിടക്ക എടുത്തു വീട്ടിലേക്കു പോക” എന്ന് യേശു ആ മനുഷ്യനോടു കൽപ്പിച്ചു. ആ മനുഷ്യൻ അങ്ങനെതന്നെ ചെയ്തു! തത്ഫലമായി, ആ സൗഖ്യമാക്കലിനു സാക്ഷ്യം വഹിച്ചവർ “വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി.”—ലൂക്കൊസ് 5:17-26.
യേശു ഏതു പാപത്തെയാണു പരാമർശിച്ചത്? നമുക്ക് രോഗം പിടിപെടുന്നതും വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ആ ഉത്തരം നമ്മെ സഹായിക്കും. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്” എന്ന ഉറപ്പുള്ളതുകൊണ്ട് ആ ഉത്തരത്തിനായി നമുക്കു ബൈബിളിലേക്കു നോക്കാൻ സാധിക്കും. (2 തിമോത്തി 3:16, NW; 2 പത്രൊസ് 1:21) ആദ്യ മനുഷ്യനായ ആദാം സൃഷ്ടിക്കപ്പെട്ടത് പൂർണാരോഗ്യത്തോടെയാണെന്ന് അതു നമ്മോടു പറയുന്നു. തന്റെ സ്രഷ്ടാവിനെ അനുസരിച്ചിടത്തോളംകാലം അവൻ ഊർജസ്വലമായ ആരോഗ്യം ആസ്വദിച്ചു.
എന്നിരുന്നാലും, ദൈവനിയമത്തെ ലംഘിക്കുന്നത് ആദാം തിരഞ്ഞെടുത്തു. അനുസരണക്കേടു കാണിച്ചതിനാലും മനഃപൂർവം തന്റെ സ്രഷ്ടാവിനെതിരെ മത്സരിച്ചതിനാലും അവൻ പാപം ചെയ്യുകയായിരുന്നു. തത്ഫലമായി, അവൻ അപൂർണനായി, രോഗത്തിനു വശംവദനായി, ഒടുവിൽ മരിക്കുകയും ചെയ്തു. അതുകൊണ്ട്, ആദാമിന്റെ രോഗത്തിന്റെയും മരണത്തിന്റെയും ഹേതു പാപമായിരുന്നു.
ജനിതകനിയമങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമായി ചില രോഗങ്ങൾ മാതാപിതാക്കളിൽനിന്നു കുട്ടികളിലേക്കു പകരുന്നു. അതുപോലെതന്നെ അപൂർണതയും തത്ഫലമായുണ്ടായ രോഗങ്ങളും ആദാമിൽനിന്ന് അവന്റെ സന്തതികളിലേക്ക്, മനുഷ്യവർഗത്തിലേക്ക്, പകരപ്പെട്ടു. അങ്ങനെ, എല്ലാ രോഗങ്ങളും ആദാമിന്റെ ആദ്യപാപത്തിന്റെ ഫലമാണ്. (ഉല്പത്തി 2:17; 3:1-19; റോമർ 5:12) എന്നാൽ, എന്തെങ്കിലും പോംവഴിയുണ്ടോ?
പോംവഴി
പൂർണാരോഗ്യത്തിൽനിന്നു മോശമായ ആരോഗ്യത്തിലേക്കുള്ള മാററത്തിന് ഇടയാക്കിയത് പാപമായിരുന്നു—ദൈവനിയമത്തിനെതിരെയുള്ള ആദാമിന്റെ മത്സരം. മോശമായ ആരോഗ്യത്തിൽനിന്നു പൂർണാരോഗ്യത്തിലേക്കുള്ള മാററം പാപത്തെ നീക്കം ചെയ്യുന്നതിലൂടെ മാത്രമേ സാധ്യമാവൂ. (റോമർ 5:18, 19) എങ്ങനെ? മറെറാരു പൂർണ മനുഷ്യൻ, പൂർണനായിരുന്ന ആദാമിനു ശരിക്കും തുല്യനായ ഒരുവൻ, തന്റെ ജീവൻ ഒരു മറുവിലയായി ബലിയർപ്പിക്കേണ്ടിയിരുന്നു. “ജീവന്നു പകരം ജീവൻ,” അതായത് ഒരു ജീവന് ഒരു ജീവൻ എന്നതാണു ദൈവനിയമം.—ആവർത്തനപുസ്തകം 19:21.
എന്നിരുന്നാലും, ആദാമിൽനിന്നു വന്ന പാപപൂർണരായ ആർക്കും അത്തരമൊരു മറുവില പ്രദാനം ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട്, “നാം അവനാൽ ജീവിക്കേണ്ടതിന്നു” യേശു അവന്റെ ജീവനെ നൽകാൻ പൂർണതയുള്ള ഒരു മനുഷ്യനായി സ്വന്തപുത്രനെ യഹോവതന്നെ സ്നേഹപൂർവം ‘അനേകർക്കു വേണ്ടി മറുവിലയായി’ നൽകി.—മത്തായി 20:28; 1 യോഹന്നാൻ 4:9; സങ്കീർത്തനം 49:7.
ഭൂമിയിലായിരിക്കെ, “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു യേശു പക്ഷവാതരോഗിയോടു പറഞ്ഞപ്പോൾ പാപങ്ങൾ നീക്കം ചെയ്യാൻ തന്റെ പിതാവായ യഹോവ തനിക്ക് അധികാരം തന്നിരിക്കുന്നു എന്ന് യേശു പ്രകടമാക്കുകയാണു ചെയ്തത്. സൗഖ്യമായി ആ പക്ഷവാതരോഗി നടന്നു വീട്ടിലേക്കു പോയി. അന്ധരെയും ഊമരെയും നാനാതരം രോഗങ്ങളുള്ള മററു പലരെയും ഉടനെതന്നെ സൗഖ്യമാക്കിക്കൊണ്ട് യേശു ദൈവത്തിൽനിന്നുള്ള ഈ ശക്തി ആവർത്തിച്ചാവർത്തിച്ച് ഉപയോഗിച്ചു.
യേശു നടത്തിയ അത്ഭുതാവഹമായ സൗഖ്യമാക്കലുകളെക്കുറിച്ചു ബൈബിൾ ഇങ്ങനെ വിവരിക്കുന്നു: “വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാല്ക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി; ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു.” (മത്തായി 15:30, 31) അതിലുമേറെ ശ്രദ്ധേയമായിരുന്നത് മരിച്ചവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യേശുവിനു കഴിഞ്ഞു എന്നതായിരുന്നു. ഈ അനേകം പുനരുത്ഥാനങ്ങളിൽ പലതിനെയും കുറിച്ചു ബൈബിൾ പറയുന്നുണ്ട്.—ലൂക്കൊസ് 7:11-16; 8:49-56; യോഹന്നാൻ 11:14, 38-44.
ഒരു രോഗവും സൗഖ്യമാക്കുക എന്നത് യേശുവിന്റെ കഴിവിന് അതീതമല്ലെന്ന് അത്ഭുതകരമായ ഈ സൗഖ്യമാക്കലുകൾ നമുക്ക് ഉറപ്പു നൽകുന്നു. ദൈവദത്തമായ ഈ ശക്തി അവൻ വീണ്ടും ഉപയോഗിക്കുമോ? നമുക്കു പ്രയോജനം നേടാൻ കഴിയുമോ?
പൂർണാരോഗ്യം ഉറപ്പ്
ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി യേശു ഇപ്പോൾത്തന്നെ ഭരണം നടത്തുകയാണെന്നു ബൈബിൾ പ്രവചനങ്ങൾ പ്രകടമാക്കുന്നു. ഇപ്പോൾ നിലനിൽക്കുന്ന എല്ലാ ഗവൺമെൻറുകളെയും നീക്കംചെയ്യാനും മുഴു ഭൂമിമേലും ഭരണം നടത്താനും ദൈവം അവനെ അധികാരപ്പെടുത്തിയിരിക്കുകയാണ്. (സങ്കീർത്തനം 110:1, 2; ദാനീയേൽ 2:44) “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു യേശു തന്റെ അനുഗാമികളെ പഠിപ്പിച്ച പ്രാർഥന നിവൃത്തിയാകും. (മത്തായി 6:10) ആ സ്വർഗീയ രാജ്യഭരണത്തിൻ കീഴിൽ ഈ ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടത്തിന്റെ ഭാഗമായിരിക്കും മനുഷ്യ കുടുംബത്തിന്റെ ആരോഗ്യാവസ്ഥകൾ നാടകീയമായി മെച്ചപ്പെടുത്തുക എന്നത്.
പിന്നീട്, അക്ഷരീയവും ആത്മീയവുമായ ഒരർഥത്തിൽ, “കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24; 35:5, 6.
ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻ കീഴിൽ, പൂർണാരോഗ്യത്തിന്റെ അർഥം നാം ഇപ്പോൾ മരിക്കുന്നതുപോലെ മരിക്കേണ്ടി വരികയില്ല എന്നാണ്. ദൈവവചനം വാഗ്ദത്തം ചെയ്യുന്നു: ‘അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കും.’ “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (യോഹന്നാൻ 3:16; റോമർ 6:23) അതേ, ദീർഘകാലം മുമ്പേ നിശ്വസ്ത സങ്കീർത്തനം ഇങ്ങനെ വാഗ്ദത്തം ചെയ്തു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്തതുപോലെ, അപ്പോഴും അവൻ മരിച്ചവരെ ഉയിർപ്പിക്കുകയും പൂർണാരോഗ്യത്തിൽനിന്നു പ്രയോജനം നേടാനുള്ള അവസരം അവർക്കു കൊടുക്കുകയും ചെയ്യും. ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
മോശമായ ആരോഗ്യത്തിനു കാരണമായ ദാരിദ്ര്യം ഒരിക്കലും ഉണ്ടായിരിക്കാതവണ്ണം രാജ്യഭരണത്തിൻ കീഴിൽ ഭൂമി സമൃദ്ധി നേടും. ബൈബിൾ പ്രവചനങ്ങൾ നമ്മോടു പറയുന്നു: “വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും” ചെയ്യും. (യെഹെസ്കേൽ 34:27) “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.” (സങ്കീർത്തനം 67:6) “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.”—യെശയ്യാവു 35:1.
ദൈവത്തിന്റെ പുതിയ ലോകത്തിൽ ഉണ്ടായിരിക്കാൻ പോകുന്ന സ്ഥിതിവിശേഷത്തെ സംഗ്രഹിച്ചുകൊണ്ട് ബൈബിളിലെ അവസാനത്തെ പ്രാവചനിക പുസ്തകം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:4, 5.
‘അതു വിശ്വസിക്കുക പ്രയാസമാണ്’ എന്നു നിങ്ങൾ പറയുന്നുവോ? അങ്ങനെയെങ്കിൽ ഇതേക്കുറിച്ചു ചിന്തിക്കുക. ആദാം ഒരു പാപിയായിത്തീരുന്നതിനു മുമ്പ് അവനു പൂർണാരോഗ്യമുണ്ടായിരുന്നു. വേദനയനുഭവിക്കുന്ന, രോഗവും വാർധക്യവും പ്രാപിക്കുന്ന ആളുകളെക്കൊണ്ട് ഭൂമി ഒരിക്കൽ നിറയുമെന്ന് അവനോട് ആർക്കെങ്കിലും സംസാരിക്കുക സാധ്യമായിരുന്നുവെന്നു ചിന്തിക്കുക. അതു വിശ്വസിക്കുക പ്രയാസമാണെന്ന് ആദാം കണ്ടെത്തുമായിരുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നില്ലേ? എന്നാൽ, ഇപ്പോൾ അതാണു യാഥാർഥ്യം.
അതിനു നേരെ വിപരീതമായി, ദൈവരാജ്യത്തിൻ കീഴിൽ പൂർണാരോഗ്യം ഒരു യാഥാർഥ്യമായിത്തീരും. യഹോവയുടെ വചനം നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.” (വെളിപ്പാടു 21:5) നടക്കാൻ പോകുന്നുവെന്നു ദൈവം പറയുന്ന കാര്യങ്ങൾ നടക്കുകതന്നെ ചെയ്യും. കാരണം, “ദൈവത്തിനു ഭോഷ്കു പറയുക അസാധ്യമാണ്.”—എബ്രായർ 6:18, NW.
വരാനിരിക്കുന്ന ഈ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കാൻ ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും? തന്റെ പിതാവിനോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞ കാര്യത്തിൽ പൂർണാരോഗ്യത്തിലേക്കും അനന്തജീവനിലേക്കുമുള്ള വഴി വ്യക്തമാക്കപ്പെട്ടു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
നിങ്ങളുടെ വീട്ടിൽവെച്ചു സൗജന്യമായ ഒരു ബൈബിളധ്യയന പരിപാടിക്കായി യഹോവയുടെ സാക്ഷികളോട് ആവശ്യപ്പെടുക. ദൈവത്തിന്റെ മഹനീയ വാഗ്ദത്തങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് അവർ സന്തോഷമുള്ളവരായിരിക്കും. പൂർണാരോഗ്യത്തിലേക്കുള്ള പാതയിലെ നിങ്ങളുടെ ആദ്യ പടിയായിരിക്കും അത്!
[14-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ സകല മനുഷ്യരും പൂർണാരോഗ്യം ആസ്വദിക്കും