മട്രിയോഷ്ക—എന്തൊരു പാവ!
റഷ്യയിലെ ഉണരുക! ലേഖകൻ
സന്ദർശനം നടത്തുന്ന വിനോദസഞ്ചാരികൾ മിക്കവരും കാണുന്നമാത്രയിൽത്തന്നെ എന്നെ സ്വന്തരാജ്യത്തേക്കു കൊണ്ടുപോകാൻ ദൃഢനിശ്ചയം ചെയ്യുന്നതുപോലെ തോന്നുന്നു. അതിനു നല്ല ചെലവു വഹിക്കാനും അവർ സന്നദ്ധരാണ്. അവരെ എന്നിലേക്ക് ആകർഷിക്കുന്നത് എന്താണെന്നു വാസ്തവത്തിൽ എനിക്കറിയില്ല. മാത്രമോ, അവർക്ക് എന്നെക്കുറിച്ചു കാര്യമായൊന്നും അറിയില്ലതാനും. വെറുമൊരു ഫാഷനു വേണ്ടിയായിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്. എന്നാൽ, ഞാൻ സ്വയം പരിചയപ്പെടുത്തട്ടെ. മട്രിയോഷ്ക എന്നാണ് എന്റെ പേര്, ഞാൻ വരുന്നത്—അല്ല, നമുക്ക് ആദ്യംമുതലേ തുടങ്ങാം.
ഞാൻ എവിടെനിന്നു വന്നുവെന്നോ എന്റെ യഥാർഥ മാതാപിതാക്കൾ ആരായിരുന്നുവെന്നോ ആർക്കും ഒരു പിടിയുമില്ല എന്നതാണു വാസ്തവം. ഈ കഥയ്ക്കു രണ്ടു ഭിന്നമുഖങ്ങളുണ്ട്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അനേകം ഭാഗങ്ങളുള്ള അപൂർവമായ ഒരു പാവ എന്നനിലയിൽ ഹോൺഷു എന്ന ജാപ്പനീസ് ദ്വീപിലാണു ഞാൻ പിറന്നതെന്നു ചിലർ അവകാശപ്പെടുന്നു. അവർ പറയുന്നത്, കലയെ പ്രോത്സാഹിപ്പിച്ചിരുന്ന സാവാ ഐ. മാമോൺടോഫ് (1841–1918) എന്ന ഒരു ധനികനായ റഷ്യാക്കാരന്റെ ഭാര്യ 19-ാം നൂററാണ്ടിന്റെ അന്ത്യത്തിൽ ഹോൺഷുവിൽനിന്ന് എന്നെ റഷ്യയിലേക്കു കൊണ്ടുവന്നുവെന്നാണ്. നേരേമറിച്ച് ചില ജപ്പാൻകാർ പറയുന്നതിൻപ്രകാരം, എന്നെ ഒരു അസാധാരണ പാവയായി ഉണ്ടാക്കുകയെന്ന ആശയം ജപ്പാനിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഒരു റഷ്യൻ സന്ന്യാസിയായിരുന്നത്രേ. എന്നാൽ വാസ്തവം എന്തായിരുന്നാലും, റഷ്യൻ കരകൗശലപ്പണിക്കാർക്ക് ആ ആശയം നന്നേ ബോധിച്ചു, അങ്ങനെ മട്രിയോഷ്ക ജൻമമെടുത്തു.
1880-കളുടെ അവസാനത്തിൽ റഷ്യ അതിന്റെ സമ്പദ്വ്യവസ്ഥയും സാംസ്കാരികമണ്ഡലവും അഭിവൃദ്ധിപ്പെടുത്തുകയായിരുന്നു. അതേസമയംതന്നെ, തങ്ങളുടെ നാടോടി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും അവർ വർധിച്ച താത്പര്യമെടുത്തു. റഷ്യൻ സംസ്കാരത്തെ പുനരുദ്ധരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒരു കൂട്ടം ബുദ്ധിജീവികൾ മാമോൺടോഫിനു ചുററും കൂടാൻ തുടങ്ങി, അവരിൽ വിഖ്യാത റഷ്യൻ ചിത്രകാരൻമാരായ ഇല്യ റ്യേപിൻ, വിക്ടർ വാസ്നിററ്സോഫ്, മിഖായേൽ വ്രൂബേൽ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു. റഷ്യൻ കർഷകരുടെ അനുസ്മരണ നിലനിർത്താൻ മോസ്ക്കോയ്ക്കടുത്ത് ആർട്ട് സ്ററുഡിയോകൾ പണികഴിപ്പിച്ചു. അവിടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ജനകീയ വിജ്ഞാന ഇനങ്ങളും കളിപ്പാട്ടങ്ങളും പാവകളും സമാഹരിക്കുകയുണ്ടായി.
സെർജി മല്യൂട്ടിൻ എന്നു പേരുള്ള ഒരു വിദഗ്ധ കലാകാരൻ എന്റെ ആദ്യത്തെ പ്ലാനുകൾ തയ്യാറാക്കി, എന്നാൽ അന്ന് എനിക്ക് ഇതിൽനിന്നും അൽപ്പം വ്യത്യാസമുണ്ടായിരുന്നു. വട്ടമുഖവും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു കർഷകപെൺകുട്ടിയെ ചിത്രീകരിക്കാൻ ഞാൻ ഉദ്ദേശിക്കപ്പെട്ടു. ഒരു സാരാഫാൻ (രണ്ടു വള്ളികളാൽ പിടിച്ചുനിർത്തിയിരുന്ന, =16നിലത്തോളമെത്തുന്ന ഒരു അങ്കി) എന്നെ ധരിപ്പിച്ചു, വളരെ ശ്രദ്ധാപൂർവം സ്റൈറലിലിട്ട, തിളങ്ങുന്ന മൃദുവായ മുടി എനിക്കുണ്ടായിരുന്നു. അവയിലധികഭാഗവും നിറമുള്ള ഒരു തൂവാലയ്ക്കടിയിൽ മറച്ചിരുന്നു. ഒന്നിന്റെയുള്ളിൽ മറെറാന്നായി വലിപ്പക്രമത്തിൽ മററു പാവകളെ എന്റെ ഉള്ളിൽ വച്ചിരുന്നു. അവയെ കസോവോറോസ്കളും (ഒരു വശത്തു കെട്ടുള്ള റഷ്യൻ ബ്ലൗസുകൾ) ഷർട്ടുകളും പോഡിയോഫ്കകളും (പുരുഷൻമാരുടെ ഇറക്കമുള്ള കോട്ടുകൾ) ഏപ്രണുകളും അണിയിച്ചിരുന്നു. മല്യൂട്ടിന്റെ പ്ലാനുകൾ പ്രകാരം 1891-നോടടുത്ത് മോസ്കോയിൽവെച്ച് ഉണ്ടാക്കപ്പെട്ടപ്പോൾ ഞാൻ കാണപ്പെട്ടത് ഇങ്ങനെയാണ്.
എന്റെ പേരിനെക്കുറിച്ചു ഞാൻ പലപ്പോഴും അതിശയം കൂറിയിട്ടുണ്ട്. 19-ാം നൂററാണ്ടിന്റെ അവസാനമായപ്പോഴേക്കും റഷ്യയിൽ ഏററവും പ്രസിദ്ധമായ സ്ത്രീനാമങ്ങളിൽ ഒന്നായിരുന്നു മട്രിയോണ (ഹ്രസ്വരൂപം മട്രിയോഷ്ക). അത് ഉണ്ടായിരിക്കുന്നത് “അമ്മ,” “ബഹുമാന്യ സ്ത്രീ,” അല്ലെങ്കിൽ “കുടുംബ മാതാവ്” എന്നർഥമുള്ള മട്രോണ എന്ന മൂല ലാററിൻ പദത്തിൽനിന്നാണ്. ഒരു പാവയ്ക്കുള്ളിൽ മറെറാന്നു വയ്ക്കുന്നത് ഫലപുഷ്ടിയുടെയും നിത്യതയുടെയും ഒരു സമുചിത പ്രതീകം കൂടെയായിരുന്നു.
ഉണ്ടാക്കാൻ എളുപ്പമല്ല
എന്നെ ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആളുകൾ ധാരാളം വസ്തുക്കൾ പാഴാക്കുന്നതായി അറിവായിട്ടുണ്ട്, ഒടുവിൽ അവർ തോററു പിൻവാങ്ങുന്നു. അടുത്തകാലംവരെ എന്നെ ഉണ്ടാക്കുന്ന വിദ്യ ഒരു രഹസ്യമായിത്തന്നെയിരുന്നതിൽ അതിശയിക്കാനില്ല. അതുകൊണ്ട് വളരെ കുറച്ചാളുകൾക്കു മാത്രമേ എന്നെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആ രഹസ്യം ഞാൻ നിങ്ങളോടു പറയാം.
എന്നെ ഉണ്ടാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ജോലിക്കു നല്ല വൈദഗ്ധ്യം ആവശ്യമാണ്. ആദ്യമായി, അനുയോജ്യമായതരം തടി തിരഞ്ഞെടുക്കുന്നതു പ്രധാനമാണ്. സാധാരണ തിരഞ്ഞെടുക്കുന്നതു നാരകമാണ്, കാരണം അതിന്റെ തടി മാർദവമുള്ളതാണ്. എന്നാൽ അത്ര സാധാരണമായല്ലെങ്കിലും ചിലപ്പോഴൊക്കെ വെൺചന്ദനമോ പൂവരശോ ഉപയോഗിക്കാറുണ്ട്. സാധാരണ, വസന്തകാലാരംഭത്തിൽ മരങ്ങൾ മുറിച്ചിട്ടശേഷം അവ ഉണങ്ങുമ്പോൾ പൊട്ടൽ വീഴാതിരിക്കുന്നതിനാവശ്യമായ തൊലി മാത്രം നിർത്തിയിട്ട് അധികമുള്ള തൊലി ചീന്തിക്കളയുന്നു. എന്നിട്ട്, അവയ്ക്ക് ഉണക്കും നല്ല വായുപ്രവാഹവും കിട്ടാനായി അവ പല വർഷങ്ങളോളം കൂട്ടിയിടുന്നു.
ശരിയായ സമയത്തുതന്നെ മരം മുറിക്കേണ്ടതുണ്ട്. മരത്തിൽ ജലാംശം അത്ര കുറവോ കൂടുതലോ ഉള്ളപ്പോൾ മുറിക്കാൻ പാടില്ല. ശരിയായ സമയം എപ്പോഴാണെന്ന് ഒരു വിദഗ്ധനു മാത്രമേ നിശ്ചയിക്കാൻ സാധിക്കൂ. ഓരോ മരക്കഷണവും 15-ഓളം വ്യത്യസ്ത പ്രക്രിയകളിലൂടെ കടന്നുപോകുന്നു. ഈ പരമ്പരയിലെ ഏററവും ചെറിയ പാവയെയാണ് ആദ്യമുണ്ടാക്കുന്നത്. അതു ഭാഗങ്ങളായി അടർത്തിയെടുക്കാൻ സാധ്യമല്ല. ചിലപ്പോൾ അതു വളരെ ചെറുതാണ്, അതുകൊണ്ട് വ്യക്തമായി കാണുന്നതിനു കണ്ണുകളെ ആയാസപ്പെടുത്തുകയോ ഒരു ഭൂതക്കണ്ണാടി ഉപയോഗിക്കുകയോ ചെയ്യേണ്ടിവരും.
ഏററവും ചെറിയ പാവയെ ഉണ്ടാക്കിക്കഴിഞ്ഞാൽപ്പിന്നെ, കരകൗശലപ്പണിക്കാരൻ അതിനെ ഉള്ളിൽ ഒതുക്കാവുന്ന വലിപ്പത്തിലുള്ള പാവയുടെ പണിയാരംഭിക്കും. ഒരു തടിക്കഷണം ആവശ്യമായ ഉയരത്തിൽ പ്രൊസസ് ചെയ്തെടുത്ത് മുകളിലത്തെയും താഴത്തെയും രണ്ടു ഭാഗങ്ങളായി മുറിക്കുന്നു. പാവയുടെ താഴത്തെ ഭാഗമാണ് ആദ്യം രൂപപ്പെടുത്തുന്നത്. വലിപ്പം കുറഞ്ഞ പാവ ഉള്ളിൽ ഫിററായി വയ്ക്കത്തക്കവണ്ണം രണ്ടാമതുണ്ടാക്കുന്ന പാവയുടെ ഇരുഭാഗങ്ങളുടെയും ഉള്ളിൽനിന്നു തടി നീക്കം ചെയ്യുന്നു. വിദഗ്ധനായ ഒരു കരകൗശലപ്പണിക്കാരൻ അളവുകളൊന്നുമെടുക്കാൻ മിനക്കെടാറില്ല, മറിച്ച് അദ്ദേഹം തന്റെ അനുഭവപരിചയത്തിൽ സമ്പൂർണമായി ആശ്രയിക്കുന്നു. അതിനുശേഷം, മുമ്പുണ്ടാക്കിയ രണ്ടു പാവകളെയും ഉള്ളിൽ ഒതുക്കാവുന്ന രീതിയിൽ അൽപ്പംകൂടി വലിയൊരു പാവ ഉണ്ടാക്കിക്കൊണ്ട് അദ്ദേഹം ആ പ്രക്രിയ ആവർത്തിക്കുന്നു.
ഒന്നിനുള്ളിൽ മറെറാന്നായി ഇരിക്കുന്ന പാവകളുടെ എണ്ണം 2 മുതൽ 60 വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏററവും വലിയ പാവയ്ക്ക് അതിന്റെ നിർമാതാവിനോളംതന്നെ ഉയരം കണ്ടേക്കാം! ഓരോ പാവയും പൂർത്തിയായിക്കഴിയുമ്പോൾ, അതിന്റെ പുറമേ സ്ററാർച്ച് പോലുള്ള ഒരു പശ തേക്കുന്നു, അങ്ങനെ ചെയ്യുന്നതുകൊണ്ട് ഉപരിതലത്തിൽ സുഷിരങ്ങളുണ്ടെങ്കിൽ അവ അടഞ്ഞുകൊള്ളും. ഒടുവിലത്തെ ഉണക്കൽ ആരംഭിക്കുന്നു, പെയിൻറടിക്കുന്ന ആൾക്ക് പെയിൻറ് ഉപരിതലത്തിൽ ഒരേ കട്ടിയിൽ അടിക്കാൻ കഴിയുമാറു പാവയുടെ പ്രതലം പോളീഷു ചെയ്ത് മിനുസമുള്ളതാക്കുന്നു. അപ്പോൾ, അനുകരിക്കാനാവാത്ത തനതായ സ്റൈറൽ പാവയ്ക്കു കൈവരുന്നു.
കാലം മാററങ്ങൾ വരുത്തിയിരിക്കുന്നു
ആളുകൾക്കു പ്രായം കൂടുന്തോറും മാററങ്ങൾ സംഭവിക്കുന്നു, എന്റെ കാര്യത്തിലും അതു സത്യമാണ്. മട്രിയോഷ്കയുടെ നിർമാണവിദ്യ മോസ്കോയിൽനിന്ന് മററു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചു. അവയിൽ പെട്ടവയാണ് സെമനോവ്, പോൾകോഫ്സ്കി മിഡാൻ, വീററ്ക്ക, ററവർ എന്നീ സ്ഥലങ്ങൾ.a ഓരോ പ്രദേശവും തനതായ സ്റൈറലും അലങ്കാരമാതൃകയും വികസിപ്പിച്ചെടുത്തു. എന്റെ യഥാർഥ താദാത്മ്യം നഷ്ടപ്പെട്ടത് അസ്വസ്ഥതയുളവാക്കുന്ന ഒരു കാര്യമായിരുന്നു, എന്നാൽ ഞാൻ പരാതി പറഞ്ഞില്ല. 1812-ലെ യുദ്ധത്തിന്റെ ശതാബ്ദിയാഘോഷസമയത്ത്, റഷ്യൻ ജനറലായ മിഖായേൽ കുട്ടുസോഫിനെയും ഫ്രഞ്ച് ജനറലായ നെപ്പോളിയൻ ബോണാപ്പാർട്ടിനെയും ചിത്രീകരിക്കുന്ന ഒരു സെററ് പാവകൾ ഉണ്ടാക്കാൻ ആരോ ഒരാൾ ഓർഡർ നൽകി. ഈ രണ്ടു ജനറൽമാരായിരുന്നു ഏററവും വലിയ പാവകൾ, യുദ്ധത്തിൽ എതിർചേരികളിൽനിന്നു പോരാടിയിരുന്ന ജനറൽമാരെ തങ്ങളുടെ അതാത് കമാൻഡർമാരുടെ ഉള്ളിൽ ഒതുങ്ങുന്നതിനു ചെറുതാക്കിയാണ് ഉണ്ടാക്കിയത്.
ഇത്തരം പാവകൾ ഉണ്ടാക്കുന്നതും വിൽക്കുന്നതും ദീർഘകാലത്തേക്കു കർശനമായി നിയന്ത്രിച്ചിരുന്നു. എന്നാൽ 1980-കളുടെ അവസാനം ഉണ്ടായ രാഷ്ട്രീയ മാററങ്ങൾ കലാകാരൻമാർക്കു പുതിയ സാധ്യതകളും സ്വാതന്ത്ര്യങ്ങളും പ്രദാനം ചെയ്തു. ഭയപ്പാടു കൂടാതെ തങ്ങളുടെ ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ അവർക്ക് ഇപ്പോൾ കഴിയുന്നു.
ആദ്യം ജനപ്രീതി നേടിയ പാവകൾ സിക്കോർസ്ക്കി എന്ന ചിത്രകാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ പാവകൾക്കാണ് ഏററവും കൂടിയ വില, ഓരോ സെററിനും 3,000 ഡോളറോളം വിലവരും. അദ്ദേഹത്തിന്റെ വിജയം മററു കലാകാരൻമാർക്കും ഉത്തേജനം പകർന്നു, കഴിഞ്ഞ ആറു വർഷമായി മട്രിയോഷ്ക നിർമാണത്തിനു നല്ല ആക്കം ലഭിച്ചിരിക്കുന്നു.
ഒരു പാവയുടെ ഉള്ളിൽ മറെറാന്നു വയ്ക്കുന്ന എല്ലാത്തരം പാവകൾക്കും ഇപ്പോൾ മട്രിയോഷ്ക എന്ന എന്റെ പേരു ലഭിച്ചിരിക്കുന്നു. വിശേഷവത്കരിക്കപ്പെടുന്നത് പല വിഷയങ്ങളാണ്: പുഷ്പങ്ങൾ, പള്ളികൾ, ബിംബങ്ങൾ, നാടോടിക്കഥകൾ, കുടുംബവിഷയങ്ങൾ, മത-രാഷ്ട്രീയ നേതാക്കൻമാർ പോലും. ഇപ്പോൾ ലഭ്യമായ വൈവിധ്യ ഇനങ്ങൾ ന്യായമായ വിലയിൽ ഒതുങ്ങിനിൽക്കാൻ എന്നെ സഹായിക്കുന്നു.
പതിവുപോലെ 1993-ലെ വേനൽക്കാലത്തു മോസ്കോയിലെ ഒരു കടയുടെ ഷോകെയ്സിൽ നിൽക്കുമ്പോൾ, പെട്ടെന്ന് ഒരു കൂട്ടം വിദേശസന്ദർശകർ അടുത്തുവരുന്നതിന്റെ ഒച്ച ഞാൻ കേട്ടു. തങ്ങൾ പങ്കെടുത്ത യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനെക്കുറിച്ച് അവർ എന്തോ പറയുന്നത് എനിക്കു കേൾക്കാൻ കഴിഞ്ഞു. അത്തരം വളരെ നല്ല ഒരു സംഭവത്തിന്റെ അനുസ്മരണയ്ക്കായി ഓരോരുത്തർക്കും എന്നെ സ്വന്തരാജ്യത്തേക്കു കൊണ്ടുപോകാൻ ഒരാഗ്രഹം. അത് എന്തുകൊണ്ടാണെന്ന് അതിശയത്തോടെ കണ്ണുമിഴിച്ചു ഞാനവരെ ഉററുനോക്കി. അതിനു മറുപടിയെന്നവണ്ണം അവരിലൊരാൾ പറഞ്ഞു: “അവൾ വെറുമൊരു സ്മരണികയെക്കാൾ കവിഞ്ഞതാണ്. എന്റെ സ്നേഹിതർ അവളുടെ കണ്ണുകൾ കാണാൻ ഞാനാഗ്രഹിക്കുന്നു. ബൈബിളിൽ കണ്ടപ്രകാരമുള്ള രാജ്യത്തെയും ദൈവനാമത്തെയും കുറിച്ചു ഞാൻ സംസാരിച്ച റഷ്യാക്കാരുടെ കണ്ണുകളിലെ അതേ ഭാവംതന്നെയാണ് അവളുടെ കണ്ണുകളിലും ഞാൻ കാണുന്നത്.”
യഹോവയുടെ സാക്ഷികൾ? രാജ്യം? ദൈവനാമം? ബൈബിൾ? ഞാൻ ശ്രദ്ധിച്ചുകേട്ടപ്പോൾ എന്റെ കണ്ണുകൾ കുറേക്കൂടെ വികസിച്ചു, കാഴ്ചയിൽ സന്തോഷഭരിതരായ ഈ ആളുകൾ വിദൂര സ്ഥലങ്ങളിലേക്ക് എന്നെ കൊണ്ടുപോകുമെന്നുള്ള പ്രതീക്ഷയിൽ എന്റെ ഹൃദയം കൂടുതൽ ശക്തിയായി മിടിച്ചു. ഒരുപക്ഷേ, റഷ്യയിലേക്ക് അവർ വരാൻ ഇടയാക്കിയ പ്രമുഖ കാരണത്തെക്കുറിച്ച് എനിക്കു കൂടുതൽ പഠിക്കാൻ കഴിഞ്ഞേക്കും. അത്, മട്രിയോഷ്ക എന്നു പേരുള്ള ഒരു പാവയായ എന്നെ കാണുന്നതിനെക്കാൾ കവിഞ്ഞ ഉദ്ദേശ്യമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.
[അടിക്കുറിപ്പുകൾ]
a 1930-കളിൽ വീററ്ക്ക കിറോഫ് എന്നും ററവർ കലിനിൻ എന്നും അറിയപ്പെടുകയുണ്ടായി. സോവിയററ് യൂണിയന്റെ ശിഥിലീകരണത്തെത്തുടർന്ന് ആദ്യ പേരുകൾ പുനഃസ്ഥിതീകരിച്ചു.