യുവജനങ്ങൾ ചോദിക്കുന്നു. . .
വളരെ പെട്ടെന്നു വിവാഹിതരായി—ഞങ്ങൾക്കു വിജയിക്കാൻ സാധിക്കുമോ?
“എനിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ ഡേററിങ് നടത്തിവരികയായിരുന്നു. 18-ാമത്തെ വയസ്സിൽ ഞങ്ങൾ വിവാഹിതരായി. അത് ഉഗ്രനായി പോകുന്നതുപോലെ തോന്നി—എന്നേക്കും! എന്നാൽ, ഏതാണ്ടു നാലു മാസം കഴിഞ്ഞപ്പോൾ സമ്മർദം അനുഭവിച്ച് എനിക്കു ഭ്രാന്തു പിടിച്ചതുപോലെയായി.”—ടോണിയ.a
ഏതു പ്രായത്തിലാണെങ്കിലും വിവാഹം ഗൗരവമായ ഒരു സംഗതിയാണ്. “വിവാഹം കഴിക്കുന്നവർക്കു വേദനയും ദുഃഖവും ഉണ്ടായിരിക്കും” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:28, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) എന്നാൽ “നവയൗവന”ത്തിലായിരിക്കുമ്പോൾ വിവാഹബന്ധത്തിൽ പ്രവേശിക്കുന്ന അനേകർക്കും വേദനയും ദുഃഖവും സഹിക്കാനാവാത്ത അളവുകളിൽ വരുന്നതായി തോന്നുന്നു.—1 കൊരിന്ത്യർ 7:36, NW.
അതു പ്രമുഖമായും കൗമാരപ്രായക്കാർ അപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു എന്നതിനാലാണ്; ഭർത്താവിന്റെയോ ഭാര്യയുടെയോ റോൾ സ്വീകരിക്കാൻ അവർ സജ്ജരല്ല. ഡോ. ജെയ്ൻ കെ. ബർജെസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യുവജനങ്ങൾ വിവാഹം സംബന്ധിച്ചു വളരെ വലിയ സങ്കൽപ്പങ്ങൾ വെച്ചുപുലർത്തുന്നവരാണ്. വിജയപ്രദമായ ഒരു വിവാഹജീവിതത്തിൽ ദൈനംദിന ജോലിയും ശ്രമവും ഉൾപ്പെടുന്നതായി അവർ കാണുന്നില്ല.” മുഖത്തൊരു അടി കിട്ടിയാൽ അതിന് എത്രമാത്രം ഊഷ്മളതയും വശ്യതയും കാണുമോ അത്രയും ഊഷ്മളതയോടെയും വശ്യതയോടെയും വിവാഹജീവിതത്തിന്റെ യാഥാർഥ്യങ്ങൾ ഒരു ദമ്പതികളെ പ്രഹരിച്ചേക്കാം.
“ഒരു സങ്കൽപ്പംപോലെ, എല്ലാം മഹത്തരവും അത്ഭുതകരവുമായിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നു,” യുവാവായ കിം പറയുന്നു. “എന്നിരുന്നാലും, പുതുമ നഷ്ടപ്പെടുന്നു, പിന്നെയുള്ളത് പാചകം ചെയ്യൽ, പാത്രം കഴുകൽ, സാധനം വാങ്ങൽ, തുണി കഴുകൽ തുടങ്ങിയവയാണ്—ഇവയിലൊന്നും ഭർത്താവു നിങ്ങളെ സഹായിക്കാതിരുന്നേക്കാം. അത്തരം ജോലികൾ അദ്ദേഹം ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ല, കാരണം അദ്ദേഹത്തിന്റെ അമ്മ അതെല്ലാം ചെയ്തുകൊടുക്കുമായിരുന്നു. നിങ്ങൾ ഡേററിങ്ങിൽ ഏർപ്പെടുമ്പോൾ ക്ഷീണമോ അസ്വസ്ഥതയോ ഉണ്ടാകുന്നതിനെക്കുറിച്ചു നിങ്ങൾ ഒരിക്കലും ചിന്തിക്കുന്നില്ല. എന്നാൽ നിങ്ങൾ ഗർഭിണിയാകുമ്പോഴോ, പ്രയാസം പത്തിരട്ടിയാകുന്നു!”
മിക്കപ്പോഴും, കൗമാരപ്രായക്കാർ വളരെ തിടുക്കത്തിൽ വിവാഹം കഴിക്കുന്നു. “ഒരു യഥാർഥ ക്രിസ്ത്യാനിയെന്നു കരുതിയ മനുഷ്യനെയാണു ഞാൻ വിവാഹം ചെയ്തത്,” ഹെലൻ ഓർമിക്കുന്നു. “എന്റെ സ്വന്തം അനുഭവപരിചയമില്ലായ്മകൊണ്ട് ഞാൻ അദ്ദേഹത്തെ ശരിക്കും അടുത്തറിഞ്ഞില്ല. വിവാഹിതരായി പത്തു മാസത്തിനുശേഷം, അദ്ദേഹത്തിന്റെ ക്രിസ്തീയവിരുദ്ധ പെരുമാററം എനിക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല.” ഹെലന്റെ ദാമ്പത്യജീവിതത്തിന്റെ പരാജയം ഒരുപ്രകാരത്തിലും ഒററപ്പെട്ട സംഭവമല്ല. ഐക്യനാടുകളിൽ കൗമാരപ്രായത്തിലുള്ള മിക്ക വിവാഹങ്ങളും അഞ്ചു വർഷത്തിനുള്ളിൽ പരാജയമടയുന്നു.
വിപത്കരമായ സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും, ലക്ഷക്കണക്കിനു കൗമാരപ്രായക്കാർ വിവാഹജീവിതത്തിലേക്ക് എടുത്തുചാടിയിരിക്കുന്നു. ഒരുപക്ഷേ, നിങ്ങൾ അവരിൽ ഒരാളായിരിക്കാം. അങ്ങനെയെങ്കിൽ, ദാമ്പത്യജീവിതത്തിന്റെ സമ്മർദങ്ങളാൽ നിങ്ങൾ ഇപ്പോൾത്തന്നെ ആകുലപ്പെടുന്നുണ്ടാകാം.
പരിഹാരമില്ലേ?
ചെറുപ്പത്തിലേ വിവാഹം കഴിക്കുന്നത് ജ്ഞാനപൂർവകമായ ഒരു സംഗതിയല്ലെങ്കിലും അത് അവശ്യം ഒരു പാപമായിരിക്കുന്നില്ല. വിവാഹം ദൈവദൃഷ്ടിയിൽ മാന്യമാണ്. (എബ്രായർ 13:4) അങ്ങേയററത്തെ ചില സാഹചര്യങ്ങൾ വേർപിരിയലിനെയോ വിവാഹമോചനത്തെയോ ന്യായീകരിച്ചേക്കാം എന്നതു സത്യമാണ്. (മത്തായി 19:9; 1 കൊരിന്ത്യർ 7:12-15) എന്നാൽ പൊതുവേ, ദമ്പതികൾ പററിനിൽക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു. (മത്തായി 19:6) അതു കർശനമായ ഒരു നിബന്ധനപോലെ തോന്നിയേക്കാമെങ്കിലും നിങ്ങൾ വിജയം വരിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും അതർഥമാക്കുന്നു.
കൗമാരപ്രായത്തിലുള്ള ഒരു ഭർത്താവ് ഇങ്ങനെ പറയുന്നു: “‘ഞാൻ തീരെ ചെറുപ്പമായിരുന്നോ? ഞങ്ങൾ പരസ്പരം ചേരുന്നവരാണോ?’ എന്നൊക്കെ ചോദിച്ചുകൊണ്ട് രണ്ടാമതൊന്നു തിരിഞ്ഞുനോക്കാൻ തീരെ വൈകിപ്പോയിരിക്കുന്നു. നിങ്ങൾ വിവാഹം ചെയ്തുകഴിഞ്ഞിരിക്കുന്നു!” അതുകൊണ്ട്, നിങ്ങളുടെ ഭാഗധേയത്തെക്കുറിച്ചു വിലപിക്കുന്നതിനുപകരം നിങ്ങളുടെ വിവാഹജീവിതത്തെ വിജയപ്രദമാക്കാൻ എന്തുകൊണ്ട് എന്തെങ്കിലും വഴികൾ ആരാഞ്ഞുകൂടാ?
ഇവിടെ ആർക്കാണ് ചുമതല?
ദമ്പതിമാരോടു ബൈബിൾ പറയുന്നു: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാർക്കു കീഴടങ്ങുവിൻ. . . . ഭർത്താവു ഭാര്യക്കു തലയാകുന്നു.” (എഫെസ്യർ 5:22, 23) എന്നിരുന്നാലും, ഒരു യുവാവു മമ്മിയുടെയും ഡാഡിയുടെയും സംരക്ഷണാത്മക തണലിൽ തന്റെ ജീവിതം മുഴുവൻ ചെലവഴിച്ചിരിക്കെ, ഒരു കുടുംബത്തലവനായിത്തീരുന്നത് ഭാരിച്ച ഒരു ഉത്തരവാദിത്വമായിരിക്കാൻ കഴിയും.
ഒരു യുവ ഭാര്യ തന്റെ ഭർത്താവിനെക്കുറിച്ച് ഇങ്ങനെ അനുസ്മരിക്കുന്നു: “ഞാൻ തനിച്ച് ഒരിടത്തും പോകുന്നതു ടോമിന് ഇഷ്ടമല്ലായിരുന്നു. ഞാൻ കുടുക്കിലായതുപോലെ, തടവിലാക്കപ്പെട്ടതുപോലെ എനിക്കു തോന്നി. ഞാൻ എപ്പോഴെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തുനിഞ്ഞാൽ അദ്ദേഹം ചിന്തിച്ചത് ഞാൻ അദ്ദേഹത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുകയാണെന്നായിരുന്നു.” നേരേമറിച്ച്, ചെറുപ്പക്കാരായ തങ്ങളുടെ ഭർത്താക്കൻമാരെ തങ്ങളുടെ തലയായി കാണാൻ ചില ഭാര്യമാർക്കു ബുദ്ധിമുട്ടാണ്. ഭർത്തൃപരമായ ഒരു തീരുമാനത്തിന്റെ ഏററവും ചെറിയ ഒരു സൂചനയെങ്കിലും ലഭിച്ചാൽ മതി മററു ചിലർ പിറുപിറുക്കാൻ. ഭർത്താക്കൻമാർ വിയോജിക്കുമ്പോൾ അവർ സഹകരിക്കാൻ കൂട്ടാക്കാറുമില്ല.
നിങ്ങൾ അനുഭവപരിചയമില്ലാത്ത ഒരു ഭർത്താവാണെങ്കിൽ ഇത് ഏററവും ആകുലതയുളവാക്കുന്ന ഒരു കാര്യമായിരിക്കാം. എന്നാൽ, നിങ്ങളുടെ എല്ലാ കൽപ്പനയും നിങ്ങളുടെ മണവാട്ടി അപ്പപ്പോൾ അനുസരിക്കാത്തതു നിമിത്തം വാസ്തവത്തിൽ അസ്വസ്ഥനായിത്തീരേണ്ട യാതൊരാവശ്യവുമില്ല. നിങ്ങളുടെ ശിരഃസ്ഥാനത്തിൻ കീഴിൽ സുരക്ഷിതത്വം തോന്നാൻ ഭാര്യയ്ക്കു കുറെ സമയം വേണം. അതിനിടെ, അവളെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടല്ല, മറിച്ച് നേതൃത്വമെടുത്തുകൊണ്ടും സമനിലയുള്ള തീരുമാനങ്ങൾ എടുത്തുകൊണ്ടും അവളുടെ ആദരവ് നേടാൻ ശ്രമിക്കുക.—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 16:13.
ബൈബിൾ കൂടുതലായി ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:10) അതേ, നിങ്ങളുടെ സ്വന്തം താത്പര്യങ്ങൾക്കു മുമ്പായി ഭാര്യയുടെ താത്പര്യങ്ങളെ വെച്ചുകൊണ്ട് അവളെ ബഹുമാനിക്കുക. (ഫിലിപ്പിയർ 2:4) ഒരു അടിമയോടെന്ന പോലെയല്ല മറിച്ച് മാന്യതയുള്ള ഒരു പങ്കാളിയോട് എന്നപോലെ അവളോടു പെരുമാറിക്കൊണ്ട് അവൾക്കു പ്രവർത്തന സ്വാതന്ത്ര്യം നൽകുക. (കാണുക: മലാഖി 2:14.) വലിയ തീരുമാനങ്ങൾ ചെയ്യേണ്ടിവരുമ്പോൾ സാധ്യമാകുമ്പോഴൊക്കെ അവളുടെ അഭിപ്രായം ആരായുക. (സദൃശവാക്യങ്ങൾ 13:10) ഇത് അവളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ശിരഃസ്ഥാനത്തിനു കീഴ്പെടുക കൂടുതൽ എളുപ്പമാക്കിത്തീർക്കും.
എന്നാൽ, നിങ്ങൾ പ്രായംകുറഞ്ഞ ഒരു ഭാര്യയാണെങ്കിലോ? പ്രായംകുറഞ്ഞ നിങ്ങളുടെ ഭർത്താവിന്റെ പക്വതയില്ലായ്മ ചിലപ്പോൾ ലജ്ജിപ്പിക്കുംവിധം പ്രകടമായിത്തീരുമ്പോഴോ അദ്ദേഹം ഏററവും നല്ല തീരുമാനം കൈക്കൊള്ളാതെ വരുമ്പോഴോ അദ്ദേഹത്തിനു കീഴ്പെടുക എന്നതു നിങ്ങളുടെ ക്ഷമയെ ശരിക്കും പരിശോധിച്ചേക്കാം. എന്നിരുന്നാലും, അദ്ദേഹത്തെ ശാസിക്കുന്നതോ മത്സരിക്കുന്നതോ നിങ്ങളുടെ ഭാഗധേയത്തെ മെച്ചപ്പെടുത്താൻ തെല്ലും ഉപകരിക്കില്ല. “അവളെന്നെ എത്രയധികം ശാസിച്ചുവോ അത്രയധികം ഞാൻ മിണ്ടാതിരിക്കുമായിരുന്നു,” ഒരു യുവ ഭർത്താവ് സമ്മതിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവക്കുറവു പരിഗണിച്ച് വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് ആദരവു പ്രകടമാക്കാൻ ശ്രമിക്കുക. നിങ്ങളുടെ വീക്ഷണകോണത്തോടു കൂടുതൽ ആദരവു കാണിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചേക്കാം. നിങ്ങളെ അസ്വസ്ഥമാക്കുന്ന ഒരു തീരുമാനം അദ്ദേഹം എടുക്കുകയും എന്നാൽ അതു യാതൊരു ധാർമിക നിയമങ്ങളെയും ലംഘിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തോടു സഹകരിച്ചുകൂടാ? “ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . അനുസരിക്കാൻ സന്നദ്ധമാണ്.” (യാക്കോബ് 3:17, NW) അദ്ദേഹത്തിന്റെ ശിരഃസ്ഥാനത്തെ പിന്താങ്ങിക്കൊണ്ട് സമർഥനായിത്തീരാൻ നിങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കാൻ കഴിയും.
സാമ്പത്തിക പ്രശ്നങ്ങൾ
യുവദമ്പതികളെ സംബന്ധിച്ചിടത്തോളം ഒന്നാമത്തെ പ്രശ്നം പണമാണെന്നു ചിലർ പറയുന്നു. ജീവിക്കാൻ എത്ര പണം വേണമെന്നു മനസ്സിലാക്കുമ്പോൾ ദമ്പതികൾ പലപ്പോഴും ഞെട്ടിപ്പോകുന്നു. ഉദാഹരണത്തിന്, റേയ്ക്കും ലോറയ്ക്കും തങ്ങളുടെ വിവാഹശേഷം “ഭക്ഷണമോ പണമോ ഉണ്ടായിരുന്നില്ല.” അവർ തുറന്നുപറയുന്നു: “ഞങ്ങൾ കിടന്നുറങ്ങിയതു നിലത്താണ്.” ബ്രാഡിനു ജോലി നഷ്ടപ്പെട്ടപ്പോൾ ബ്രാഡും ടോണിയയും സമാനമായ സാമ്പത്തിക നഷ്ടം അനുഭവിച്ചു—ടോണിയ സാമ്പത്തിക ചെലവുകളെല്ലാം വഹിക്കേണ്ടതായിവന്നു.
നല്ല വരുമാനമുള്ള ജോലി കണ്ടെത്തുന്നതിൽ ചെറുപ്പക്കാർക്കു പ്രശ്നങ്ങൾ ഉണ്ടെന്നുള്ളതു സത്യമാണെന്നിരിക്കെ, ചിലപ്പോൾ പണപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് നന്നായി പണം കൈകാര്യം ചെയ്യാൻ അറിയില്ലാത്തതുകൊണ്ടാണ്. “പണം തീരുന്നതുവരെ ഞാനത് ഉപയോഗിക്കുന്നു, പിന്നെ മാസത്തിലെ അവസാന ആഴ്ചയിൽ ഒരു ചില്ലിക്കാശുപോലും കാണില്ല കയ്യിൽ” എന്നു പറയുന്ന യുവ ഭാര്യയുടെ കാര്യമെടുക്കുക. മററു ചില ദമ്പതികൾ കഷ്ടപ്പെടുന്നത് ആശയവിനിയമം നടത്താൻ പരാജയപ്പെടുന്നതുകൊണ്ടാണ്. “ഞാൻ അവളോടു പറയാതെ പുറത്തുപോയി ഒരു കാർ വാങ്ങി,” ജാക്ക് എന്നു പേരുള്ള ഒരു ഭർത്താവു തുറന്നുപറയുന്നു. “ഞങ്ങൾക്കു വാസ്തവത്തിൽ ആവശ്യമായിരുന്നത് ഫർണിച്ചറായിരുന്നു” എന്ന് അദ്ദേഹത്തിന്റെ ഭാര്യ വിലപിക്കുന്നു.
അതു പരിചയമുള്ളതുപോലെ തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ, പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഒരുപക്ഷേ നിങ്ങൾ “ഒരു ശിശുവിന്റെ പ്രവണതകൾ” വിട്ടുകളഞ്ഞിട്ടില്ലായിരിക്കാം. (1 കൊരിന്ത്യർ 13:11, NW) പെട്ടെന്ന് ഒരു തോന്നലിന് നിങ്ങൾ സാധനങ്ങൾ വാങ്ങാറുണ്ടോ? അങ്ങനെയെങ്കിൽ, വാങ്ങേണ്ട സാധനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കി അതിനോടു പററിനിൽക്കാൻ പഠിക്കുക. വാങ്ങേണ്ട പ്രധാന സാധനങ്ങളെക്കുറിച്ചു ചർച്ച ചെയ്യുക. (സദൃശവാക്യങ്ങൾ 15:22) നിങ്ങൾക്കുണ്ടാകുന്ന ചെലവുകൾ കുറിച്ചിടുക, മിതമായ ഒരു ബഡ്ജററ് ഉണ്ടാക്കുക.b അങ്ങനെ ചെയ്താൽ നിങ്ങൾക്കു വളരെയധികം സാമ്പത്തിക സമ്മർദം ഒഴിവാക്കാനാകും.
ഞങ്ങൾക്കു സംസാരിക്കാൻ കഴിയുമോ?
യുവദമ്പതികളുടെ ഇടയിലെ രണ്ടാമത്തെ പ്രശ്നം എന്നു വിളിക്കുന്ന കാര്യത്തിലേക്ക് അതു നമ്മെ കൊണ്ടെത്തിക്കുന്നു: ആശയവിനിമയം. ചില ദമ്പതികൾ കടുത്ത നിശബ്ദതയിലേക്ക് ഉൾവലിയുന്നു. മററു ചിലർ വാക്കുകൾക്കൊണ്ടുള്ള ആക്രമണത്തിൽ ഏർപ്പെടുന്നു. “[ഞങ്ങൾ] നടത്തിയിരുന്ന ഏററവും വലിയ തർക്കങ്ങൾ നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ളവയായിരുന്നു,” വിവാഹമോചനം ചെയ്യപ്പെട്ട സിൽവിയ അനുസ്മരിക്കുന്നു. “അദ്ദേഹത്തിന്റെ ഷൂസുകൾ വീട്ടിൽ അവിടെയുമിവിടെയും ഇട്ടതോ ഞാൻ അദ്ദേഹത്തിന്റെ പാത്രത്തിൽനിന്നു ഭക്ഷണം കഴിച്ചതോ പോലുള്ള കാര്യങ്ങൾ.”
തെററിദ്ധാരണകളും വിയോജിപ്പുകളും ഉണ്ടാകുമെന്നതിനു രണ്ടുപക്ഷമില്ല. എന്നാൽ “കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും” ഒരു വിവാഹത്തെ ശിഥിലമാക്കുകയേ ഉള്ളൂ. (എഫെസ്യർ 4:31) ഒരു അസ്വാരസ്യം ചെറുതായിരിക്കുമ്പോൾതന്നെ തുറന്നു സംസാരിക്കുന്ന ശീലം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യേണ്ടിവരുമ്പോൾ, നിങ്ങൾ ആക്രമിക്കേണ്ടതു പ്രശ്നത്തെയാണ്—അല്ലാതെ മറേറ വ്യക്തിയെ അല്ല. ഒരു സാഹചര്യം നിയന്ത്രണാതീതമാകുമ്പോൾ തർക്കത്തിനു വഴിമരുന്നിടാതിരിക്കാൻ ശ്രമിക്കുക. “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും” എന്നു സദൃശവാക്യങ്ങൾ 26:20 പറയുന്നു. പിന്നീട്, നിങ്ങൾ രണ്ടു പേരും ശാന്തരായിക്കഴിയുമ്പോൾ കാര്യങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കാൻ ശ്രമിക്കുക.
നല്ല ആശയവിനിമയമെന്ന പ്രധാന സംഗതി പരിഹരിക്കുന്ന മറെറാരു സാധാരണ പ്രശ്നമുണ്ട്: ലൈംഗിക അതൃപ്തി. തങ്ങളുടെ പുതിയ ജീവിതരീതികൾ നിമിത്തം ദാമ്പത്യ അടുപ്പങ്ങൾ ആസ്വദിക്കാൻ കഴിയാത്തവിധം ചിലപ്പോൾ ദമ്പതികൾ ക്ഷീണിച്ചിരിക്കാം. വിജയപ്രദമായ ദാമ്പത്യജീവിതം കെട്ടിപ്പടുക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ലൈംഗികതയുടെ പങ്കും അതിന്റെ പ്രവർത്തനവും സംബന്ധിച്ച അനേകം തെററിദ്ധാരണകളോടെയാണു ഭർത്താക്കൻമാരും ഭാര്യമാരും വിവാഹജീവിതത്തിലേക്കു കാലെടുത്തുവയ്ക്കുന്നത്.” ലോകത്തിന്റെ പ്രചരണത്താൽ വഞ്ചിക്കപ്പെട്ട് പല ദമ്പതിമാരും ഈ കാര്യത്തിൽ അങ്ങേയററം അവാസ്തവികമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു. സ്വാർഥതയും ആത്മനിയന്ത്രണത്തിന്റെ അഭാവവും ഒരു പങ്കു വഹിക്കുന്നുണ്ട്. തുറന്ന ആശയവിനിമയവും ഒപ്പം സമയവും ക്ഷമയും അനിവാര്യമാണ്. ഓരോരുത്തനും ‘മററവന്റെ പ്രയോജനം അന്വേഷിക്കുമ്പോൾ’ ലൈംഗികത അപൂർവമായേ ഗൗരവമായ ഒരു പ്രശ്നമായിത്തീരുന്നുള്ളൂ.—1 കൊരിന്ത്യർ 10:24.
വിവാഹം കുട്ടികൾക്കു വേണ്ടിയുള്ളതല്ല എന്നതു സ്പഷ്ടം. നിങ്ങൾ ഇപ്പോൾതന്നെ വിവാഹം ചെയ്തുകഴിഞ്ഞുവെങ്കിൽ, നിങ്ങൾ നാശത്തിനു വിധിക്കപ്പെട്ടിട്ടൊന്നുമില്ല. “വിവാഹജീവിതത്തിലെ എന്റെ ആദ്യ വർഷം വാസ്തവത്തിൽ കാററും കോളും നിറഞ്ഞതായിരുന്നു,” ഒരു വിവാഹിത സ്ത്രീ പറയുന്നു. “എന്നാൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതുകൊണ്ട് ഇപ്പോൾ ഞങ്ങൾ സംതൃപ്തവും സന്തുഷ്ടവുമായ ഒരു വിവാഹജീവിതം നയിക്കുകയാണ്.” അതു നിങ്ങൾക്കും സാധിക്കും.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാററിയിട്ടുണ്ട്.
b 1986 ഫെബ്രുവരി 8 ലക്കത്തിൽ വന്ന “നിങ്ങളുടെ പണത്തിനു ബജററുണ്ടാക്കുക—എളുപ്പമാർഗ്ഗം!” എന്ന ലേഖനത്തിൽ സഹായകരമായ ചില നിർദേശങ്ങളുണ്ട്.
[26-ാം പേജിലെ ചിത്രം]
ഭർത്തൃസ്ഥാനത്ത് ഒരു യുവാവിനെ പിന്താങ്ങുന്നത് ഏററവും നല്ല ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തെ സഹായിക്കും