ജീവിതത്തിന്റെ അർഥം തേടിയുള്ള എന്റെ വിജയപ്രദമായ അന്വേഷണം
വർഷം 1951. ബെവെർലി ഹിൽസ്, കാലിഫോർണിയയിലെ ഫൈൻ ആർട്ട്സ് തിയേറ്ററിലേക്ക് ഒന്നിനു പുറകെ ഒന്നായി ലിമസീനുകൾ (ഡ്രൈവറുടെ ഇരിപ്പിടം കണ്ണാടിസ്ക്രീനിനുള്ളിലായുള്ള ഒരു തരം വിലപിടിപ്പുള്ള കാറ്) നീങ്ങിയപ്പോൾ സ്റ്റേജിലെയും വെള്ളിത്തിരയിലെയും പല പ്രമുഖ താരങ്ങളെയും ഒരുനോക്കു കാണാൻ ആൾക്കൂട്ടങ്ങൾ തെരുവുകളിൽ അണിനിരന്നു. എന്റെ കസിൻ തീയഡോർ ഡ്രെയ്സറിന്റെ പ്രസിദ്ധ നോവലായ ഒരു അമേരിക്കൻ ദുരന്തത്തെ (ഇംഗ്ലീഷ്) അടിസ്ഥാനപ്പെടുത്തിയുള്ള സൂര്യനിലെ ഒരു സ്ഥലം (ഇംഗ്ലീഷ്) എന്നതിന്റെ ആദ്യ പ്രദർശനം നടക്കുകയായിരുന്നു. പാരമൗണ്ട് പിക്ച്ചേഴ്സിന്റെ ആ വർഷത്തെ അക്കാദമി അവാർഡിനു വളരെ സാധ്യതയുള്ള ചലച്ചിത്രം ആയിരുന്നു അത്. അവരുടെ ഏറ്റവും മികച്ച നിർദേശകരിൽ ഒരാളായ ജോർജ് സ്റ്റീവെൻസ് ആയിരുന്നു അതിന്റെ നിർദേശകൻ. അത് അക്കാലത്തെ പ്രമുഖരായ മൂന്നു താരങ്ങളെ അണിനിരത്തി, എലിസബത്ത് ടെയ്ലർ, മൊണ്ട്ഗോമെറി ക്ലിഫ്റ്റ്, ഷെല്ലി വിന്റെഴ്സ്. ആർക്കുന്ന ജനാവലിയുടെ ഇടയിലൂടെ കടന്നുപോകുന്ന വലിയ ലിമസീനുകളിലൊന്നിൽ ഞാൻ എങ്ങനെ വന്നു? ആ ചുറ്റുപാടിൽ എനിക്ക് ആകെ അരോചകത്വം തോന്നിയത് എന്തുകൊണ്ടാണ്? ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നു കാണാൻ നമുക്കു തുടക്കത്തിലേക്കു തിരിച്ചുപോകാം.
മുഴു ചരിത്രത്തിലുംവെച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടത്തിലാണു ഞാൻ ജനിച്ചത്—1914 ഒക്ടോബർ മാസം. ആ മാസം 20-ാം തീയതി ഉച്ചകഴിഞ്ഞ് ഏതാണ്ട് നാലരയായപ്പോൾ സിയാറ്റിൽ, വാഷിങ്ടണിലെ ഞങ്ങളുടെ വീട്ടിൽവെച്ച് ഡോക്ടർ പ്രസവമെടുത്തു.
അന്നു ഞങ്ങളുടെ കുടുംബം അൽക്കൈ ബീച്ചിൽ ബോണെയ്ർ എന്നറിയപ്പെടുന്നിടത്തായിരുന്നു താമസം. പെട്ടെന്നുതന്നെ ഞങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണം അഞ്ചായിത്തീർന്നു. എന്റെ മാതാപിതാക്കൾ, ജ്യേഷ്ഠൻ, അനുജൻ, പിന്നെ ഞാൻ. കടൽത്തീരത്തിന് അഭിമുഖമായുള്ള ഒരു വലിയ, സുന്ദരമായ ഭവനത്തിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെനിന്നാൽ സീയാറ്റിലിന്റെ പ്രധാന ബിസിനസ്സ് മേഖലയ്ക്കും കപ്പൽ മാർഗേയുള്ള മറ്റു പട്ടണങ്ങൾക്കും മധ്യേയുള്ള പുജെറ്റ് സൗണ്ടിലെ ജലത്തിലൂടെ പോകുന്ന കപ്പലുകളും കടത്തുവഞ്ചികളും കാണാമായിരുന്നു. അത് അത്യന്തം ആകർഷകമായ ഒരു ദൃശ്യം കാഴ്ചവെച്ചു.
1929-ൽ സ്റ്റോക്ക് വിപണി തകർന്നതോടെ സാമ്പത്തികാവസ്ഥ ആകെ മോശമായിത്തീർന്നു. അതുകൊണ്ട് ഞങ്ങൾ സീറ്റിലിലെ ഹൈലാൻഡ് പാർക്ക് ഭാഗത്തുള്ള ഒരു ഭക്ഷണ സ്റ്റോർ വാങ്ങാനായി അൽക്കൈ ബീച്ചിലെ വീടു വിറ്റു. ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ വർഷങ്ങളിൽ ഞങ്ങൾക്ക് ഒരു ചെറിയ വരുമാനം പ്രദാനംചെയ്തു.
കട നടത്തേണ്ട മുഴു ചുമതലയും പിതാവിനെ ഏൽപ്പിച്ചിട്ട് 1938-ൽ എന്റെ അമ്മ ഈ ലോകത്തോടു വിട പറഞ്ഞു. ഞാൻ ബിസിനസ്സിൽ അദ്ദേഹത്തോടൊപ്പം ചേർന്നു. ഞങ്ങൾ അതിനെ ഒരു ആധുനിക ഭക്ഷ്യവിപണിയാക്കി മാറ്റി. പെട്ടെന്നുതന്നെ ഞങ്ങളുടെ ബിസിനസ്സ് തഴച്ചുവളർന്നു.
അങ്ങനെയിരിക്കുമ്പോഴാണ് 1941 ഡിസംബർ 7-ന് പേൾ ഹാർബറിൽ ആക്രമണം ഉണ്ടായത്. നിർബന്ധിത സൈനിക സേവനത്തിന് എന്നെ കൊണ്ടുപോകാനും രണ്ടാം ലോകമഹായുദ്ധം ഉണ്ടാകാനുമുള്ള സാധ്യതകൾ ഉടൻതന്നെ ഞാൻ കണ്ടു. പിതാവിന് ഒരു ചെറിയ വരുമാനമാർഗമായിരുന്ന ആ ബിസിനസ്സ് ഞങ്ങൾക്കു വിൽക്കേണ്ടിവന്നു. എന്നെ സൈനിക സേവനത്തിനു നിർബന്ധിതമായി കൊണ്ടുപോകുമായിരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ഞാൻ സൈന്യത്തിൽ സ്വമേധയാ സേവകനായി ചേർന്നത്. സൈന്യത്തിൽ പോയത് എന്റെ മനസ്സാക്ഷിയെ അലോസരപ്പെടുത്തി എന്നു പറഞ്ഞാൽ തീരെ കുറഞ്ഞുപോകും. ഞാൻ ആരെയും കൊല്ലാൻ ഇടയാകരുതേ എന്നു ദൈവത്തോടു ഞാൻ പ്രാർഥിച്ചതോർക്കുന്നു. അടിസ്ഥാന പരിശീലനത്തിനുശേഷം എന്നെ ട്രാൻസ്പോർട്ടേഷൻ കോറിലേക്ക് നിയമിച്ചു. ഒടുവിൽ എന്നെ സെക്കന്റ് ലെഫ്റ്റെനന്റ് ആയി നിയോഗിച്ചു.
തീയഡോർ ഡ്രെയ്സറുമായുള്ള എന്റ സഹവാസം
അപ്പോഴേക്കും 1945 ആയി. ലോസ് ആഞ്ചലസ് പോർട്ട് ഓഫ് എംബാർക്കേഷനിൽ എനിക്കു നിയമനം ലഭിച്ചു. പസിഫിക്കിലുള്ള സ്ഥലങ്ങളിലേക്ക് വിഭവങ്ങളെത്തിക്കാനും ഏതാനും സേനകളെ കൊണ്ടുപോകാനുമായി സൈന്യത്തിൽനിന്നും ലൈസൻസു ലഭിച്ചിരിക്കുന്ന കപ്പലുകളിൽ കപ്പൽച്ചരക്ക് സുരക്ഷാ ഓഫീസറായി ഞാൻ സേവനം അനുഷ്ഠിച്ചു. നിയോഗങ്ങൾക്കിടയിൽ ഞാൻ എന്റെ കസിൻ തീയഡോർ ഡ്രെയ്സറിനെയും അദ്ദേഹത്തിന്റെ ഭാര്യ ഹെലനെയും ചിലപ്പോഴൊക്കെ സന്ദർശിക്കുമായിരുന്നു. അവർക്ക് വെസ്ററ് ഹോളിവുഡിൽ വിശാലമായ ഒരു വീടുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ അവർ അങ്ങേയറ്റം ആതിഥ്യമര്യാദ കാണിച്ചിരുന്നു. ഡ്രെയ്സർ വളരെ അന്വേഷണ മനസ്കനായിരുന്നു. ഞാൻ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാനും അദ്ദേഹം താത്പര്യം കാട്ടി.
ഡയസ് കമ്മിറ്റിയുടെ ചെയർമാനും യുഎൻ-അമേരിക്കൻ പ്രവർത്തന കമ്മിറ്റിയുടെ മുന്നോടിയുമായ റ്റെക്സാസിലെ കോൺഗ്രസ്സുകാരൻ മാർട്ടിൻ ഡയസിന്റെ കസിൻകൂടിയാണു ഞാനെന്ന് ഡ്രെയിസറിന് അറിയാമായിരുന്നു. ചലച്ചിത്ര വ്യവസായത്തിലെ അനേകം എഴുത്തുകാരും മറ്റ് ഉദ്യോഗസ്ഥൻമാരും തങ്ങളുടെ കമ്മ്യൂണിസ്ററു ചായ്വുകൾ നിമിത്തം പീഡിപ്പിക്കപ്പെടുകയായിരുന്നു. റഷ്യാക്കാരോട് അനുകമ്പ കാട്ടുന്നതായി അറിയപ്പെട്ടിരുന്നതുകൊണ്ട് ഡ്രെയ്സറിനെയും വെറുതെ വിട്ടില്ല. അതുകൊണ്ട് എന്റെ ഒരു ആദ്യ സന്ദർശനത്തിൽവെച്ച് അദ്ദേഹം എന്നോടിങ്ങനെ ചോദിച്ചു: “നിങ്ങളുടെ ആ കസിനില്ലേ, മാർട്ടിൻ ഡയസ്, നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ പുലർത്തുന്നുണ്ടോ?” മാർട്ടിനുമായോ അദ്ദേഹത്തിന്റെ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുമായോ എനിക്ക് ഒരു ബന്ധവുമില്ലെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു. അത് ഡ്രെയ്സറുമായുള്ള എന്റെ ബന്ധത്തെ കൂടുതൽ സൗഹൃദമാക്കി.
1945 സെപ്ററംബർ 2-ന് ജപ്പാൻ അടിയറവെച്ചശേഷം കുറച്ചു നാളത്തേക്കുകൂടി സൈന്യത്തിൽത്തന്നെ നിൽക്കാൻ ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടെന്നാൽ ലോകത്തിന്റെ രസകരമായ പല ഭാഗങ്ങളും കാണാൻ എനിക്ക് അവസരം ലഭിക്കുകയായിരുന്നു. പെട്ടെന്നുതന്നെ ഞാൻ ഫസ്റ്റ് ലെഫ്റെറനന്റ് പദവിയിലേക്ക് ഉയർത്തപ്പെടുകയും വലിയ സേനാ കപ്പലുകളിലൊന്നിൽ സൈനികർക്കുള്ള കടയുടെ (commissary) ചുമതലയുള്ള ഓഫീസറായി നിയമിക്കപ്പെടുകയും ചെയ്തു. ജപ്പാനിലായിരിക്കെ ഞാൻ കുറച്ചുനാൾ അവധിയെടുത്ത് ജപ്പാനിലൂടെ സഞ്ചരിച്ചു, യോക്കോഹാമ മുതൽ ആറ്റംബോബു നശീകരണമുണ്ടായ ഹിരോഷിമവരെ.
ഞാൻ പ്രഭാതത്തിൽ ഹിരോഷിമയിൽ എത്തിച്ചേർന്നു. അപ്പോഴും ആളുകൾ വീടില്ലാഞ്ഞതുകൊണ്ട് പാർക്കിൽ കിടന്നുറങ്ങുന്നതു കണ്ടു. അതിലേകൂടി നടന്നപ്പോൾ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു എന്നു പറയേണ്ടതില്ല. എന്തുകൊണ്ടെന്നാൽ ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കുംതന്നെ ആ ഭയങ്കരമായ കൂട്ടക്കൊലയിൽ ബന്ധുക്കളും സുഹൃത്തുക്കളും നഷ്ടമായത് വ്യക്തമായിരുന്നു. അവരുടെ മുഖങ്ങളിൽ ദൃശ്യമായ കഠോരവ്യഥയും യൂണിഫോമിൽ നിൽക്കുന്ന ഞങ്ങളുടെ നേരെ അവരുടെ കണ്ണുകളിൽ പ്രകടമായ, യഥാർഥത്തിലുണ്ടായിരുന്നതോ എനിക്കു തോന്നിയതോ ആയ, വിദ്വേഷവും ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു.
അർഥത്തിനുവേണ്ടിയുള്ള തിരച്ചിൽ ഞാൻ ആരംഭിക്കുന്നു
ഹിരോഷിമയും അതുപോലെതന്നെ രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും അനേകം കേസുകളും കണ്ടുകഴിഞ്ഞപ്പോൾ ജീവിതത്തിന്റെ അർഥത്തെപ്പറ്റി ഞാൻ ന്യായവാദം ചെയ്തു തുടങ്ങി. കടലിൽ കപ്പലുകളിലായിരുന്നപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ വളരെയധികം സമയം ലഭിച്ചു. ജീവിതത്തിലെ അനീതികൾ സംബന്ധിച്ചുള്ള എന്റെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോയെന്നു കാണാൻ കപ്പലിലെ പുരോഹിതനോട് ഞാൻ ഇടയ്ക്കു സംസാരിക്കുമായിരുന്നു. ആ പുരോഹിതൻമാരുടെ ഒരുത്തരുടെയും പക്കൽ തൃപ്തികരമായ ഉത്തരങ്ങൾ ഇല്ലായിരുന്നു.
ജീവിതത്തിന്റെ അർഥത്തിനുവേണ്ടി ഒരു ആയുഷ്കാലം തിരച്ചിൽ നടത്തിയശേഷം തീയഡോർ ഡ്രെയ്സർ 1945 ഡിസംബറിൽ മരണമടഞ്ഞു. തുടക്കത്തിലായിരുന്നതിനെക്കാൾ താൻ പരിഹാരത്തോട് ഒട്ടും അടുത്തല്ലെന്ന് ഒടുവിൽ “എന്റെ സ്രഷ്ടാവ്” (ഇംഗ്ലീഷ്) എന്ന പേരിലുള്ള ഉപന്യാസത്തിൽ അദ്ദേഹം സമ്മതിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ വിധവയായ ഹെലൻ ഡ്രെയ്സറും എന്റെ ഒരു കസിനായിരുന്നു. ഡ്രെയ്സറുമൊത്തുള്ള എന്റെ ജീവിതം (ഇംഗ്ലീഷ്) എന്നു നാമകരണം ചെയ്യപ്പെടുവാനിരുന്ന ആത്മകഥ എഴുതുകയായിരുന്നു അവർ. തന്റെ കൈയെഴുത്തു പ്രതി എഡിറ്റ് ചെയ്യുന്നതിന് തന്നെ സഹായിക്കാനും പല രാജ്യങ്ങളിലും നടന്നുകൊണ്ടിരുന്ന തീയഡോറിന്റെ കൃതികളുടെ പ്രസിദ്ധീകരണം സംബന്ധിച്ച് വ്യത്യസ്ത ഏജന്റുമാരുമായി ചില ബിസിനസ്സ് കാര്യങ്ങൾ കൈകാര്യം ചെയ്യാനുമായി ഹോളിവുഡിലേക്ക് ചെല്ലാൻ അവർ എന്നെ നിർബന്ധിക്കുകയായിരുന്നു. അങ്ങനെ ഞാൻ 1947 ഡിസംബറിൽ സൈന്യത്തിൽനിന്ന് വിട്ട് വെസ്റ്റ് ഹോളിവുഡ്ഡിലെ ഡ്രെയ്സർ എസ്റ്റേറ്റിൽ താമസമാരംഭിച്ചു.
എന്നാൽ ജീവിതത്തിന്റെ അർഥത്തിനുവേണ്ടിയുള്ള അന്വേഷണം ഞാൻ നിർത്തിയില്ല. ഹെലൻ ഡ്രെയ്സറും ജീവിതത്തിന്റെ ആത്മീയ ഗ്രാഹ്യത്തിനുവേണ്ടി തിരയുകയായിരുന്നു. അതുകൊണ്ട് യുക്ത്യാനുസൃതമായ എന്തെങ്കിലുമുണ്ടോയെന്നു തിരഞ്ഞുകൊണ്ട് ഞങ്ങൾ വ്യത്യസ്ത ഗ്രൂപ്പുകൾ സന്ദർശിച്ചുതുടങ്ങി. ആ ഗ്രൂപ്പുകളിലൊന്നിനും തൃപ്തികരമായ ഉത്തരങ്ങളില്ലായിരുന്നു.
പിന്നീട്, ഞങ്ങൾ ഗ്രെഷമിലെ ഒറിഗണിൽ പാർക്കുന്ന ഹെലന്റെ അമ്മയെ സന്ദർശിച്ചപ്പോൾ പോർട്ട്ലൻഡിലെ ചില വലിയ ഹോട്ടലുകളിൽ ഇലക്ട്രിക് ഓർഗൻ വായിക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾക്ക് എന്നെ പരിചയപ്പെടുത്തി. ഞങ്ങൾ മതത്തെക്കുറിച്ചുള്ള ഒരു ചർച്ചയിലേക്കു കടന്നു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ന്യായമായി തോന്നി. ലോസ് ആഞ്ചലസിലേക്കു മടങ്ങിപ്പോകുമ്പോൾ തങ്ങളുടെ ശുശ്രൂഷകരിൽ ഒരാൾ സന്ദർശിക്കുന്ന കാര്യം അദ്ദേഹം നിർദേശിച്ചപ്പോൾ ഞാൻ ഉടനടി സമ്മതിച്ചു.
ലോസ് ആഞ്ചലസിൽ തിരികെയെത്തിയ ഉടൻതന്നെ യഹോവയുടെ സാക്ഷികളിലൊരാൾ ഞങ്ങളെ സന്ദർശിച്ചു. അദ്ദേഹം മറ്റൊരു സാക്ഷിയോടും ഭാര്യയോടുമൊപ്പം ഞങ്ങൾക്ക് വാരംതോറും ബൈബിൾ പഠിക്കാനുള്ള ക്രമീകരണം ചെയ്തു. അവർ ഇരുവരും പയനിയർമാർ (മുഴുസമയ ശുശ്രൂഷകർ) ആയിരുന്നു. ഞാൻ നേരത്തെ ധരിച്ചുവെച്ചിരുന്ന ചില ആശയങ്ങൾ നിമിത്തം പഠനത്തിന് താരതമ്യേന വിഷമകരമായ ഒരു തുടക്കമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ബൈബിളിൽനിന്നുള്ള യുക്തിയുക്തമായ ന്യായവാദം ചെയ്യൽ അവയെ പെട്ടെന്നുതന്നെ പുറന്തള്ളി.
അപ്പോഴേക്കും 1950-കളുടെ ആദ്യമെത്തിയിരുന്നു, ആളുകൾക്ക് ഡ്രെയ്സറിന്റെ കൃതികളിൽ വളരെയധികം താത്പര്യമുണ്ടായിരുന്ന സമയം. ഡ്രെയ്സറിന്റെ ഏറ്റവും പ്രസിദ്ധമായ നോവലുകളിൽ രണ്ടെണ്ണത്തിന്റെ ചലച്ചിത്രോൽപ്പാദക പ്രക്രിയയിലായിരുന്നു പാരമൗണ്ട് പിക്ച്ചേഴ്സ്: ഒരു അമേരിക്കൻ ദുരന്തം (ഇംഗ്ലീഷ്) എന്ന നോവൽ സൂര്യനിലെ ഒരു സ്ഥലം (ഇംഗ്ലീഷ്) എന്ന ചലച്ചിത്ര നാമത്തിൽ 1951-ലും സിസ്ററർ കാരീ (ഇംഗ്ലീഷ്) എന്ന നോവൽ കാരീ (ഇംഗ്ലീഷ്) എന്ന പേരിൽ തൊട്ടു പുറകെയും പുറത്തിറക്കാൻ വേണ്ടി. പാരമൗണ്ട് അക്കാദമി അവാർഡിനുവേണ്ടി മത്സരിക്കാൻ തുടർച്ചയായി രണ്ടു വർഷങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളായിരുന്നു അവ. അങ്ങനെ ഹെലനെ സംബന്ധിച്ചിടത്തോളം അത് പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ഡ്രെയ്സറുമൊത്തുള്ള എന്റെ ജീവിതം എന്ന പേരോടുകൂടിയ കൈയെഴുത്തുപ്രതി പൂർത്തിയാക്കിയശേഷം അവർ ന്യൂയോർക്ക് നഗരത്തിലേക്കു തിരിച്ചു. അവിടെ അവർക്ക് തന്റെ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കേണ്ട ലോക പ്രസിദ്ധീകരണ കമ്പനിയുടെ അധികാരികളെ കാണേണ്ടതുണ്ടായിരുന്നു.
ജീവിതത്തിന്റ അർഥം കണ്ടെത്തിയെന്ന് എനിക്കു ബോധ്യമായിരുന്നു
അവർ അകലെയായിരുന്നപ്പോൾ ഞാൻ എന്റെ ബൈബിൾ പഠനം തുടർന്നു. അങ്ങനെ ബൈബിളിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് വീടുവീടാന്തരം പോകുന്ന രീതി ഞാൻ അഭ്യസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹെലൻ ഡ്രെയ്സർ ന്യൂയോർക്കിൽനിന്നു മടങ്ങിയപ്പോഴേക്കും, തിരഞ്ഞുകൊണ്ടിരുന്ന ജീവിതത്തിന്റെ അർഥം ഒടുവിൽ ഞാൻ കണ്ടെത്തിയെന്ന് എനിക്കുറപ്പായിരുന്നു. എന്നാൽ മേലാൽ ബൈബിൾ പഠിക്കാൻ തനിക്കാഗ്രഹമില്ലെന്നു ഹെലൻ പറഞ്ഞപ്പോൾ അതെന്തൊരു അതിശയമായിരുന്നു! ബൈബിളിൽനിന്ന് അവർ പഠിക്കുന്നതു ജനപ്രീതിയുള്ള കാര്യമല്ലെന്നു തെളിവനുസരിച്ച് ന്യൂയോർക്കിൽ അവരോടൊപ്പമുണ്ടായിരുന്നവർ അവരെ ബോധ്യപ്പെടുത്തിയിരിക്കണം. അവർ ഇങ്ങനെ വ്യക്തമായി പറഞ്ഞു: “അത് ജീവിതത്തിന്റെ മറ്റെല്ലാ വശങ്ങളെയും അവഗണിക്കുന്നു.” അങ്ങനെ ഞങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ അവർ വിസമ്മതിച്ചു.
ഇത്രയുമായപ്പോഴേക്കും ഞാൻ കരുതൽ സൈന്യത്തിൽ നിലകൊള്ളുന്നത് സത്യത്തിനു ചേർച്ചയിലായിരിക്കുകയില്ലെന്നു വ്യക്തമായിരുന്നു. യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിൽ സ്നാപനമേൽക്കാൻ ഞാൻ തീരുമാനിച്ചു. നീന്തൽക്കുളമുള്ള ഒരു സഹോദരന്റെ വീട്ടിൽ എനിക്കുവേണ്ടി ഒരു പ്രത്യേക സ്നാപനം ക്രമീകരിച്ചു. അങ്ങനെ യഹോവക്കുവേണ്ടി സമർപ്പണം നടത്തിയശേഷം ഞാൻ 1950 ആഗസ്റ്റ് 19-ന് സ്നാപനമേറ്റു. ഒരു നിയമിത ശുശ്രൂഷകനായതുകൊണ്ട് എനിക്കു മേലാൽ കരുതൽ സൈന്യത്തിൽ സേവിക്കാൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ഞാൻ സേനയ്ക്ക് എഴുതി. എന്റെ രാജിക്കത്ത് ആദ്യം നിരസിക്കപ്പെട്ടുവെങ്കിലും ഏതാനും മാസങ്ങൾക്കു ശേഷം എനിക്ക് ബഹുമാന്യമായ ഒരു വിടുതൽ അനുവദിക്കപ്പെട്ടു.
ഇതിനിടയ്ക്ക്, പാരമൗണ്ട് പിക്ച്ചേഴ്സ് സൂര്യനിലെ ഒരു സ്ഥലം റിലീസ് ചെയ്യാൻ പോകുകയായിരുന്നു. ഡയറക്ടർ ജോർജ് സ്റ്റിവെൻസ് ഹെലനെയും എന്നെയും ഒരു സ്വകാര്യ വിരുന്നിനു ക്ഷണിച്ചു. ബെവെർലി ഹിൽസിലെ ഫൈൻ ആർട്ട്സ് തിയേറ്ററിൽവെച്ച് പ്രഥമ പ്രദർശനം നടക്കുമെന്നും തിയേറ്ററിൽ എത്തിയശേഷം ലേഖകന്റെ പത്നിയെന്ന നിലയിൽ ഹെലന് ദേശീയ റേഡിയോ ശൃംഖലയിൽ സംസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. ഇത് എന്റെ കസിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന സായാഹ്നമായിരുന്നു. ഞാൻ അവരോടൊപ്പം ചെല്ലാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അങ്ങനെ പോകാനുള്ള സമയമായപ്പോൾ ആഡംബരമായി അണിഞ്ഞൊരുങ്ങി, വാടകയ്ക്കെടുത്ത ലിമസീനിൽ ഞങ്ങൾ തിയേറ്ററിലേക്കു തിരിച്ചു. പ്രദർശനത്തിന് എത്തിച്ചേരാൻ പ്രതീക്ഷിക്കപ്പെട്ടിരുന്ന ചില പ്രസിദ്ധ സിനിമാ താരങ്ങൾ എത്തുന്നതും കാത്ത് തെരുവിൽ അണിനിരന്നിരുന്ന ജനാവലിയുടെ ഇടയിലൂടെ ഞങ്ങൾ മെല്ലെ മെല്ലെ നീങ്ങി.
ആ ആഡംബര പ്രകടനത്തിലെ എന്റെ പങ്കിനെക്കുറിച്ച് എനിക്ക് എങ്ങനെയാണു തോന്നിയത്? മുമ്പ്, ചലച്ചിത്രങ്ങളിൽ ഞാൻ അത്തരത്തിലുള്ള സംഭവങ്ങൾ കണ്ടിട്ടുണ്ട്. പ്രസിദ്ധിയുടെ അത്തരം ഉജ്ജ്വല തേജസ്സിൽ ആയിരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ സത്യത്തിന്റെ പരിജ്ഞാനം നേടിയതിനാൽ എനിക്കിതൊന്നും പിടിക്കുന്നില്ല. “ജീവനത്തിന്റെ പ്രതാപം . . . പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു” എന്ന് 1 യോഹന്നാൻ 2:16-ൽ ബൈബിൾ പറയുന്നതിന്റെ വീക്ഷണത്തിൽ അത്തരം കാര്യങ്ങളോടുള്ള യഹോവയുടെ അംഗീകാരമില്ലായ്മ എനിക്ക് അനുഭവപ്പെട്ടതുപോലെ തോന്നി. അത്തരം പകിട്ടും പ്രതാപവും എന്റെ പുതിയ ക്രിസ്തീയ ജീവിതരീതിക്ക് യോജിപ്പിലല്ലെന്നു കാണുക എളുപ്പമായിരുന്നു. വിശിഷ്ടമായ ആ ചലച്ചിത്രം ഞാൻ ആസ്വദിച്ചെങ്കിലും അതൊന്നു തീർന്നു കിട്ടിയപ്പോൾ എനിക്ക് ആശ്വാസം തോന്നി.
അതുകഴിഞ്ഞ് അധികം നാളാകുന്നതിനു മുമ്പ് ഹെലൻ ഡ്രെയ്സർക്ക് ശരീരത്തിന് ഭാഗികമായി തളർച്ച ബാധിച്ചു. ബിസിനസ്സ് കാര്യങ്ങൾ മേലാൽ കൈകാര്യം ചെയ്യാൻ പറ്റാത്തവിധം അത് വീണ്ടുമൊരിക്കൽകൂടെയുണ്ടായി. അവരുടെ സഹോദരി മിർട്ടിൽ ബുച്ചെർ അവരുടെ രക്ഷകർത്തിത്വത്തിനുള്ള അനുവാദത്തിനുവേണ്ടി അപേക്ഷിക്കുകയും ഗ്രെഷമിലെ ഒറിഗണിലുള്ള തന്റെ ഭവനത്തിലേക്ക് അവരെ കൊണ്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്തു. ഞാൻ എതിരൊന്നും പറഞ്ഞില്ല. ഹെലന് വളരെയധികം പരിചരണം ആവശ്യമായിരുന്നതുകൊണ്ടും അവരുടെ സഹോദരിക്ക് അത് നൽകാൻ കഴിയുമായിരുന്നതുകൊണ്ടും അതായിരുന്നു അവർക്ക് ഏറ്റവും നല്ലതെന്ന് എനിക്കു തോന്നി. അങ്ങനെ ഇപ്പോൾ എനിക്കു ജോലിയില്ലാതായി. ഞാൻ എന്തു ചെയ്യും? മത്തായി 6:33-ലെ യേശുവിന്റെ ഈ വാഗ്ദാനത്തിൽ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”
എനിക്കിപ്പോൾ എന്റെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു, കാരണം പിതാവ് ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചുപോയിരുന്നു. ആ സ്ഥിതിക്ക് ഞാൻ യഹോവയെ മുഴുസമയം സേവിക്കാനാഗ്രഹിച്ചു. പെട്ടെന്നുതന്നെ എനിക്ക് ഒരു അംശകാല ജോലി വാഗ്ദാനം ചെയ്യപ്പെട്ടു. ദൈവരാജ്യ സുവാർത്തയുടെ ഒരു മുഴുസമയ ശുശ്രൂഷകനെന്ന നിലയിൽ യഹോവയുടെ സേവനത്തിനു തുടക്കമിടുന്നതിന് ആവശ്യമായത് അതു കഷ്ടിച്ചു പ്രദാനംചെയ്തു. യേശു പറഞ്ഞതുപോലെയായിരുന്നു സംഗതി, ഞാൻ യഹോവയുടെ മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചിരിക്കുന്ന ഈ 42-ലധികം വരുന്ന വർഷങ്ങളിലെല്ലാം അവൻ എന്നെ പരിപാലിച്ചിരിക്കുന്നു.
1953-ലെ വേനൽക്കാലത്ത് ഞാൻ ന്യൂയോർക്ക് പട്ടണത്തിലെ യാങ്കീ സ്റ്റേഡിയത്തിൽവെച്ച് യഹോവയുടെ സാക്ഷികളുടെ അന്തർദേശീയ കൺവെൻഷനിൽ ആദ്യമായി പങ്കെടുത്തു. അതെന്തൊരു പുളകപ്രദമായ അനുഭവമായിരുന്നു! അന്നു ഞാൻ പയനിയർ എന്ന നിലയിലുള്ള എന്റെ ആദ്യവർഷം ഏതാണ്ടു പൂർത്തിയാക്കിയിരുന്നു. ആ സുവിശേഷ വേലയിൽ വളരെ സന്തുഷ്ടനായിരുന്ന എനിക്കന്ന് രാജ്യസേവനത്തിൽ കൂടുതലായ ഒരു പങ്ക് എത്തിപ്പിടിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. സൊസൈറ്റിയുടെ ലോകാസ്ഥാനത്ത് മുഴുസമയ സേവനം നടത്തുന്നതിനുള്ള ഒരു അപേക്ഷ നേരത്തെതന്നെ ഞാൻ സമർപ്പിച്ചിരുന്നു. ഇപ്പോൾ ഈ കൺവെൻഷനിൽവെച്ച് വാച്ച്ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലയാദിലെ മിഷനറി പരിശീലനത്തിനുവേണ്ടിയും ഞാൻ അപേക്ഷ സമർപ്പിച്ചു. ലോസ് ആഞ്ചലസിലേക്ക് മടങ്ങിയെത്തിയ ഉടനെ ബെഥേൽ എന്നറിയപ്പെടുന്ന സൊസൈറ്റിയുടെ ലോകാസ്ഥാനത്ത് സേവിക്കാൻ ക്ഷണം ലഭിച്ചപ്പോൾ ഞാൻ വിസ്മയിച്ചുപോയി.
ബെഥേൽ എങ്ങനെയിരിക്കുമെന്നും ഞാൻ ഒരു പയനിയറായിരുന്നതുകൊണ്ട് എനിക്ക് അവിടെ സന്തോഷം കണ്ടെത്താൻ കഴിയുമോയെന്നും അത്ഭുതപ്പെട്ടുകൊണ്ട് സമ്മിശ്ര വികാരങ്ങളോടെയാണ് 1953 ഒക്ടോബർ 20-ന് ഞാൻ ബെഥേലിൽ പ്രവേശിച്ചത്. എന്നാൽ ബെഥേൽ സേവനത്തിലെ ഇക്കഴിഞ്ഞ 41 വർഷക്കാലത്ത് ഒറ്റ പ്രാവശ്യംപോലും ആ തീരുമാനം എടുത്തതിനാൽ ഞാൻ മനസ്താപിച്ചിട്ടില്ല. ബെഥേലിലായിരിക്കെ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞ അനേകം പദവികൾ മറ്റേതെങ്കിലും രൂപത്തിലുള്ള രാജ്യസേവനത്തിൽ എനിക്ക് എന്നെങ്കിലും അനുഭവിക്കാൻ കഴിയുമായിരുന്നതിനെക്കാൾ വളരെയധികം ആനന്ദവും സന്തോഷവും കൈവരുത്തിയിരിക്കുന്നു.
1955-ൽ ഹെലൻ ഡ്രെയ്സർ മരണമടഞ്ഞു. ഞാൻ അവരുടെ വസ്തുവകകളുടെ ഒരു കാര്യസ്ഥനായും ഒടുവിൽ കൈക്കാരനായും നിയമിതനായി. വിൽപ്പത്രം എഴുതിയപ്പോൾ തീയഡോർ ഡ്രെയ്സർ എല്ലാം ഭാര്യക്കു കൊടുത്തിരുന്നു. അവരുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ പകർപ്പവകാശമുള്ള കൃതികളുടെ പലിശയും ഉൾപ്പെട്ടിരുന്നു. ഡ്രെയ്സർ ബൈബിളിന്റെ ഒരു ക്രമമുള്ള വായനക്കാരനായിരുന്നുവെന്ന് ഹെലൻ എന്നോടു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ലൈബ്രറി പരിശോധിച്ചു നോക്കിയപ്പോൾ ചിലടത്ത് ബൈബിളിന്റെ മാർജിനിൽ മറ്റൊരു ബൈബിൾ ഭാഷാന്തരത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു വ്യത്യസ്ത പരിഭാഷയെക്കൂറിച്ച് എഴുതിയിരിക്കുന്നത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി.
ഡ്രെയ്സറും യഹോവയുടെ സാക്ഷികളും
ഞാൻ ഡ്രെയ്സറുമായി ചർച്ചകൾ നടത്തുന്ന സമയത്ത് എനിക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒന്നുമറിയാൻ പാടില്ലായിരുന്നു എന്നതാണു വാസ്തവം. എന്നാൽ യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷ നിലപാടിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നു പിന്നീടു ഞാൻ കണ്ടെത്തി. അമേരിക്കാ ഈസ് വർത്ത് സേവിങ് എന്ന പേരുള്ള തന്റെ പുസ്തകത്തിൽ അദ്ദേഹം പതാക-വന്ദനത്തിന്റെ വിഷയത്തിൽ അവരുടെ നിലപാടു സംബന്ധിച്ച് അവരെ പ്രശംസിക്കുകയുണ്ടായി. താൻ വിശ്വസിച്ചിരുന്ന ഏതെങ്കിലും കാര്യം സംബന്ധിച്ച് ഒരു ഉറച്ച നിലപാട് എടുക്കാൻ അദ്ദേഹത്തിനു ഭയമില്ലായിരുന്നു. ഇപ്പോഴറിയാവുന്നതുപോലെ എനിക്ക് അന്ന് ബൈബിൾ അറിയാമായിരുന്നെങ്കിൽ ഞങ്ങൾ തമ്മിൽ വളരെ രസകരമായ ചില ചർച്ചകൾ നടക്കാൻ നല്ല സാധ്യതയുണ്ടായിരുന്നു.
യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയതുമുതലുള്ള ആ 45-ലധികം വർഷക്കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ തിരയുകയായിരുന്ന ജീവിതത്തിന്റെ അർഥം തീർച്ചയായും കണ്ടെത്തിയിരിക്കുന്നു എന്ന് എനിക്കു സത്യസന്ധമായി പറയാൻ കഴിയും. സ്നേഹവാനായ, സർവശക്തനാം ദൈവമായ യഹോവയ്ക്കു പകരം ഈ ലോകത്തിന്റെ ദൈവവും ഭരണാധികാരിയും പിശാചായ സാത്താനാണെന്നു മനസ്സിലാക്കിയത് ജീവിതത്തിലെ അനീതികൾ സംബന്ധിച്ച എന്റെ ചോദ്യങ്ങൾക്കു നല്ല മറുപടി നൽകി. (യോഹന്നാൻ 14:30; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 4:8) ദൈവരാജ്യം 1914 ഒക്ടോബറിൽ സ്വർഗത്തിൽ സ്ഥാപിതമായെന്നും അത് പെട്ടെന്നുതന്നെ ഭൂമിയുടെ ഭരണം ഏറ്റെടുത്ത് പിശാചിന്റെ പ്രവർത്തനങ്ങളെ തുടച്ചുനീക്കുമെന്നും അറിയുന്നത് ഉല്ലാസത്തിനുള്ള എന്തോരു കാരണമാണ്!—1 യോഹന്നാൻ 3:8; വെളിപ്പാടു 20:10.
അതിനിടെ, പരമാധികാരിയാം കർത്താവായ യഹോവയെക്കുറിച്ച് അറിഞ്ഞ് അവനുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിച്ച് അവന്റെ രാജ്യസേവനത്തിൽ അർഥവത്തായ ഒരു ജീവിതം ഉണ്ടായിരിക്കുന്നതിനെ ഒരു വ്യാപാരി തന്റെ യാത്രയിൽ കണ്ടെത്തിയ മുത്തിനോട് നന്നായി ഉപമിക്കാവുന്നതാണ്. അതു സ്വന്തമാക്കുന്നതിന് തനിക്കുള്ളതൊക്കെയും ഉടനടി വിൽക്കാൻ തക്കവണ്ണം ആ മുത്തിന് അത്രമാത്രം വിലയുണ്ടായിരുന്നു.—മത്തായി 13:45, 46.
അത്തരമൊരു നിധി കണ്ടെത്തിക്കഴിഞ്ഞപ്പോൾ സങ്കീർത്തനക്കാരനായ ദാവീദിന്റെ ഈ വാക്കുകൾ ഞാൻ വിലമതിക്കുന്നു: “യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.”(സങ്കീർത്തനം 27:4)—ഹാരോൾഡ് ഡയസ് പറഞ്ഞപ്രകാരം.
[20-ാം പേജിലെ ചിത്രം]
സൈന്യത്തിൽ പോകുന്നത് എന്റെ മനസ്സാക്ഷിയെ അലോസരപ്പെടുത്തിയെന്നു പറഞ്ഞാൽ തീരെ കുറഞ്ഞു പോകും
[23-ാം പേജിലെ ചിത്രം]
1953 മുതൽ ബെഥേലിൽ സേവനമനുഷ്ഠിക്കുന്നു