ലോകത്തെ വീക്ഷിക്കൽ
“അജ്ഞാത ഗ്രഹം”
നേരത്തെ അജ്ഞാതമായിരുന്ന മൂന്നു കുരങ്ങുവർഗങ്ങളെ ആമസോൺ മഴക്കാടുകളിൽ രണ്ടു വർഷംകൊണ്ട് കണ്ടെത്തിയിരിക്കുന്നു. ലോകവ്യാപകമായി, ഓരോ വർഷവും ശരാശരി മൂന്നു പുതിയ പക്ഷിവർഗങ്ങളെ വീതം കണ്ടെത്തുന്നുണ്ട്. പനാമയിൽ 19 വൃക്ഷങ്ങളെക്കുറിച്ചു നടത്തിയ ഒരു പഠനത്തിൽ ഏതാണ്ട് 1,200 ഇനം വണ്ടുകളെ കണ്ടെത്തി, അവയിൽ 80 ശതമാനവും നേരത്തെ അറിയപ്പെടാത്തവയായിരുന്നു. “അനേകം ജീവികൾ നമുക്കിപ്പോഴും അജ്ഞാതമായി തുടരുന്നു” എന്ന് യുനെസ്കോ സോഴ്സസ് എന്ന മാഗസിൻ പ്രസ്താവിക്കുന്നു. ഉദാഹരണത്തിന്, “തെക്കേ അമേരിക്കയിലെ ശുദ്ധജല മത്സ്യങ്ങളിൽ ഏതാണ്ട് 40 ശതമാനം തരംതിരിക്കപ്പെടേണ്ടതായുണ്ട്. . . . മാത്രമോ, അധികമൊന്നും പര്യവേക്ഷണം ചെയ്യപ്പെടാത്ത ആഴിയുടെ ആഴങ്ങളിൽ നാമെന്തു കണ്ടെത്തും?” ബാക്ടീരിയ, പൂപ്പുകൾ, വിരകൾ, അഷ്ടപാദ പ്രാണികൾ, ഷഡ്പദങ്ങൾ, ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്ന സസ്യങ്ങൾ ഇങ്ങനെ എണ്ണത്തിൽ വളരെയധികം വരുന്ന ചെറിയ ജീവരൂപങ്ങളുടെ കാര്യം പരിഗണിക്കുമ്പോൾ പ്രശ്നം സങ്കീർണ്ണമാകുകയാണു ചെയ്യുന്നത്. “ഉദാഹരണത്തിന്, ഉഷ്ണമേഖലാ പ്രദേശത്തെ” വെറും “ഒരു ഗ്രാം മണ്ണിൽ ഒൻപതു കോടി ബാക്ടീരിയകളും സൂക്ഷ്മാണുക്കളും കണ്ടേക്കാം.” ഭൂമിയിലെ വിവിധ ജീവിവർഗങ്ങളുടെ എണ്ണം “20 കോടിയോളം ഉയർന്ന”തായിരുന്നേക്കാമെന്ന് ചിലർ കണക്കാക്കുന്നതായി യുനെസ്കോ സോഴ്സസ് പറയുന്നു. വിപുലമായ പര്യവേക്ഷണം നടത്തിയിട്ടും ഭൂമി ഇന്നും “അജ്ഞാത ഗ്രഹ”മായിത്തന്നെ തുടരുന്നു.
കാനഡയിലെ മൂല്യങ്ങളുടെ ദ്രുത വ്യതിയാനം
“ഒരു തലമുറയിൽ കുറഞ്ഞ സമയം കൊണ്ട്, കാനഡാക്കാർ—ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും—സമൂഹത്തിലും വാണിജ്യരംഗത്തും ആശ്വാസവും ക്രമവും പ്രദാനം ചെയ്തിരുന്ന സഭയുടെയും രാഷ്ട്രത്തിന്റെയും കുത്തകാധികാരങ്ങളുടെയും ബഹുകുത്തകാധിപത്യങ്ങളുടെയും അധികാരത്തെ തള്ളിക്കളഞ്ഞിരിക്കുന്നു” എന്ന് ദ ടൊറന്റൊ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ട്? അവർ പെട്ടെന്നുള്ള ഭൗതിക തൃപ്തി ആഗ്രഹിക്കുന്നു. ഇപ്പോൾത്തന്നെ “എല്ലാം ഉണ്ടായിരിക്കുന്നതിനുള്ള” ശ്രമമുണ്ട്. “യഹൂദ-ക്രിസ്തീയ സാൻമാർഗിക സംഹിതയുടെ സ്ഥാനം മതേതരത്വ മൂല്യങ്ങൾ കയ്യടക്കിയിരിക്കുന്നു, കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ സ്ഥാനം ഭൗതിക സുഖാസക്തിയും. സംതൃപ്തി കണ്ടെത്തുന്നത് അടുത്ത ജന്മത്തിലേക്കു മാറ്റിവയ്ക്കാൻ ആരും തന്നെ തയ്യാറല്ല, വാർധക്യത്തിലേക്കു മാറ്റിവെക്കുന്നതിനെക്കുറിച്ചു പറയുകയേ വേണ്ട,” സ്റ്റാർ കൂട്ടിച്ചേർക്കുന്നു. ഒരു പ്രകൃത്യാതീത വ്യക്തിയായി ദൈവത്തെ മേലാൽ വീക്ഷിക്കുന്നില്ല. അതുകൊണ്ട്, യാതൊരു ഭയമോ കുറ്റബോധമോ ഇല്ല. ഭൗതിക ലോകത്തിന്റെ നേട്ടങ്ങൾ വർധിപ്പിക്കുന്നതിലേക്ക് എല്ലാ ശ്രമങ്ങളും തിരിച്ചുവിടപ്പെടുന്നതിനാൽ ആത്മീയ താത്പര്യങ്ങൾ ബലികഴിക്കപ്പെടുന്നു.
20-ാം നൂറ്റാണ്ടിന്റെ മുൻവീക്ഷണം
കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആർക്കെങ്കിലും, വാഹനങ്ങൾ, കൂട്ടത്തോടെ യാത്രചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, ഇലക്ട്രോണിക് സംഗീതം, ഫാക്സ് മെഷീനുകൾ തുടങ്ങിയ ആധുനികകാല വികാസങ്ങളെക്കുറിച്ചു ഭാവനയിൽ കാണാൻ കഴിയുമായിരുന്നോ? 80 ദിവസംകൊണ്ട് ലോകത്തിനു ചുറ്റും, സമുദ്രത്തിനടിയിൽ 20,000 യോജന എന്നിവ പോലുള്ള കൃതികൾക്കു പ്രസിദ്ധനായ ഫ്രഞ്ച് നോവലിസ്റ്റ് ജൂൽസ് വേൺ 1863-ൽ മേൽപ്പറഞ്ഞവയെയും അതിൽ കൂടുതൽ വികാസങ്ങളെയും പറ്റി പാരിസ് 20-ാം നൂറ്റാണ്ടിൽ എന്ന നേരത്തെ പ്രകാശനം ചെയ്യാതിരുന്ന തന്റെ നോവലിൽ മുൻകൂട്ടിപ്പറഞ്ഞു. വേണിന്റെ പ്രസാധകൻ അതിനെ അതിരുകവിഞ്ഞതും അവിശ്വസനീയവുമായി കരുതി തള്ളിക്കളഞ്ഞുവെങ്കിലും, അടുത്തകാലത്ത് കണ്ടെത്തിയ ആ കൃതി, മേൻമയേറിയ ആയുധങ്ങൾ, ഇലക്ട്രിക് കസേര, മലിനീകരണം, ഗതാഗത തടസ്സങ്ങൾ എന്നിവ ഉൾപ്പെടെ 20-ാം നൂറ്റാണ്ടിലെ നമ്മുടെ ജീവിതത്തിന്റെ അതിശയകരമാംവിധം സൂക്ഷ്മമായ ചിത്രമാണു വരച്ചുകാട്ടുന്നത്. മുൻ പൗരാണിക നേട്ടങ്ങളിലും സംസ്കാരങ്ങളിലും താത്പര്യം നഷ്ടപ്പെട്ട, പ്രശ്നങ്ങളാൽ നട്ടംതിരിയുന്ന ഒരു ജനതതിയെ, വാണിജ്യത്തിന് അടിപ്പെട്ടതും സാങ്കേതികവിദ്യയോട് ആസക്തിയുള്ളതുമായ ഒരു സമൂഹത്തെ, വേൺ മുൻകൂട്ടിക്കണ്ടു. പാരീസിലെ ഇന്റർനാഷണൽ ഹെരാൾഡ് ട്രിബ്യൂൺ ഇപ്രകാരം അഭിപ്രായപ്പെട്ടു: “വേൺ ആധുനിക സാങ്കേതികവിദ്യയുടെ പല വൈദഗ്ധ്യങ്ങളെ മുൻകൂട്ടിപ്പറയുക മാത്രമല്ല, അതിന്റെ അത്യന്തം ഞെട്ടിക്കുന്ന പരിണതഫലങ്ങളെ വിവേചിച്ചറിയുക കൂടി ചെയ്തു.”
ജപ്പാനിൽ കുറ്റകൃത്യത്തിന്റെ കുതിച്ചുകയറ്റം
അടുത്തകാലംവരെ താരതമ്യേന കുറ്റകൃത്യരഹിതം എന്നു കരുതപ്പെട്ടിരുന്ന ജപ്പാൻ കുറ്റകൃത്യത്തിന്റെ ഒരു കുതിച്ചുകയറ്റം നേരിടുകയാണ്. സാമ്പത്തിക മാന്ദ്യവും വർദ്ധിച്ച തോക്കു കള്ളക്കടത്തലും സംഘടിത കുറ്റകൃത്യത്തിന്റെ ദുർബലശക്തിയുമാണ് ഇതിനു കാരണമെന്നു പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനായ റ്റാക്കാജീ കൂണീമാറ്റ്സൂ പറയുന്നപ്രകാരം തോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഏറ്റവും ഉയർന്ന റെക്കോഡു തലത്തിൽ എത്തിയിരിക്കുന്നു. തടയാതെ വിട്ടാൽ അവ ജപ്പാനിലെ “പൊതു സമാധാനവ്യവസ്ഥയുടെ അടിത്തറതന്നെ ഇളക്കും.” മൈനീച്ചീ ഡെയ്ലി ന്യൂസ് പറയുന്നപ്രകാരം “സാധാരണക്കാർ” ഏർപ്പെടുന്ന കുറ്റകൃത്യവും വർധിച്ചുവരികയാണ്. അതിന്റെ ഭാഗികമായ കാരണം, “ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരജീവിതത്തിന്റെ ആശ്വാസം കിട്ടാത്ത സമ്മർദ”മാണ്. ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ നഗരവാസികളെ സഹായിക്കുന്നതിനു മാനവസമുദായശാസ്ത്ര പ്രൊഫസറായ സൂസൂമൂ ഓഡാ പിൻവരുന്ന നിർദ്ദേശങ്ങൾ നൽകി: അടിസ്ഥാന ഉപചാരങ്ങൾ നിലനിർത്തുക, അതായത് ആശംസകൾ സ്വീകരിക്കൽ, ഉചിതമായിരിക്കുമ്പോൾ “ക്ഷമിക്കൂ” എന്നു പറയൽ, “ശത്രുതയുടെ എന്തെങ്കിലും ലാഞ്ഛന ഉണ്ടെങ്കിൽ അതു തള്ളിക്കളയുന്നതിനുവേണ്ടി” പുഞ്ചിരിക്കൽ. വിനയപൂർവം നിരാകരിക്കാൻ പഠിക്കുക. വാതിലുകളിൽ സംരക്ഷക ചെയിനുകൾ ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക. പൊലീസുകാരെ മിത്രങ്ങളായി കണക്കാക്കുക. “ആയോധന പരിശീലനത്തെ കുറ്റകൃത്യത്തിൽനിന്നു സ്വയരക്ഷ നേടുന്നതിനുള്ള മാർഗമായി വീക്ഷിക്കരുത്—ഇത് ആരെയെങ്കിലും മാരകമായി മുറിവേൽപ്പിക്കുന്നതിനാണു കൂടുതൽ സാധ്യത.”
രക്തപ്പകർച്ചയുടെ അപകടങ്ങൾ
“കാനഡയുടെ രക്തശേഖരം ഇന്നു മുതൽ ഒരു സഹസ്രാബ്ദകാലത്തേക്കു പരിശോധിച്ചാലും രക്തപ്പകർച്ചയുടെ അപകടങ്ങൾ അപ്പോഴും ഉണ്ടായിരിക്കും,” ദ ടൊറൊന്റൊ സ്റ്റാർ റിപ്പോർട്ടു ചെയ്തു. കാനഡയുടെ രക്തശേഖരത്തിന്റെ അപകടവിമുക്തതയെക്കുറിച്ച് അന്വേഷിക്കുന്ന ഒരു കമ്മീഷന്റെ മുമ്പാകെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ ഡോ. വില്യം നോബിൾ ഇങ്ങനെ പറഞ്ഞു: “അവ (അപകടങ്ങൾ) നിലവിലുണ്ട്, എന്നും ഉണ്ടായിരിക്കുകയും ചെയ്യും.” രക്തപ്പകർച്ചയുടെ അപകടങ്ങളിൽ “ദാനം ചെയ്യപ്പട്ട രക്തത്തിൽനിന്ന് അലർജി സംബന്ധമായ പ്രതികരണം മുതൽ എയ്ഡ്സ് പകരുന്നതുവരെയുള്ള എല്ലാം” ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്റ്റാർ പറയുന്നു. കൂടുതൽ കൂടുതൽ രോഗികൾ ഇന്ന് രക്തപ്പകർച്ചയിലൂടെ എയ്ഡ്സ് പകരുന്നതിനെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്നു രക്തപ്പകർച്ചാവിദഗ്ധർ ഉറപ്പിച്ചുപറയുന്നു. ഡോ. നോബിൾ പറയുന്നു: “‘ഞാൻ രക്തപ്പകർച്ച കൊടുക്കണമോ വേണ്ടയോ’ എന്നതിനെക്കുറിച്ചു ഞങ്ങൾ സംസാരിക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല.”
കരടിയുടെ ശരീരഭാഗങ്ങൾ
“കാനഡയിൽ നിന്നുള്ള കരിങ്കരടിയുടെ ശരീരഭാഗങ്ങളുടെ നിയമവിരുദ്ധമായ വ്യാപാരം അന്താരാഷ്ട്ര മയക്കുമരുന്നു വ്യാപാരത്തെക്കാൾ ആദായകരമാണ്,” ദ ടൊറന്റൊ സ്റ്റാർ അവകാശപ്പെടുന്നു. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്വാൻ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യയിലെ സമ്പന്ന രാഷ്ട്രങ്ങളിലെ പരമ്പരാഗത ചികിത്സകന്മാരുടെയിടയിൽ കരിങ്കരടിയുടെ പിത്താശയത്തിനും കാൽപ്പാദങ്ങൾക്കുമുള്ള ഒരസാധാരണമായ ആവശ്യമുണ്ട്. “കരടിയുടെ പിത്തരസം പശുക്കളുടെയോ പന്നികളുടെയോ പിത്തരസവുമായി ‘കലർത്തുമ്പോഴേക്കും’ (ലയിപ്പിക്കുമ്പോഴേക്കും) ഏഷ്യയിൽ കരടിയുടെ ഒരു കിലോഗ്രാം പിത്താശയത്തിന്റെ ‘തെരുവു വില’ (അവസാനത്തെ ഉപഭോക്താവിന്റെ കൈയിൽ എത്തുമ്പോഴത്തെ വില) 10 ലക്ഷം (യു.എസ്.) ഡോളറിനുമേലായി വർധിച്ചുവെന്ന് ഒരു കാലിഫോർണിയ പ്രവർത്തനോദ്യോഗസ്ഥൻ കണക്കാക്കി”യതായി സ്റ്റാർ കൂട്ടിച്ചേർക്കുന്നു. “താരതമ്യത്തിൽ മെട്രോ ടൊറന്റൊയിലെ കൊക്കെയിന്റെ തെരുവു വില കിലോഗ്രാമിന് 1,00,000 ഡോളർ ആയിരുന്നുവെന്നു കണക്കാക്കപ്പെടുന്നു.” ലോക വന്യജീവി ഫണ്ട്/കാനഡയിലെ, അപകടത്തിലായ വംശങ്ങളുടെ പ്രത്യേക വിദഗ്ധയായ കാരോൾ സാങ്-ലോറാൻ ഇങ്ങനെ പറയുന്നു: “അതൊരു വമ്പിച്ച ബിസിനസ്സാണ്.” കരടിയുടെ ശരീരഭാഗങ്ങൾക്കു വേണ്ടിയുള്ള ആവശ്യം തുടർന്നും വർധിച്ചേക്കുമോയെന്ന് ഭീതിയുണ്ട്. ഏഷ്യയിൽ കരടികളുടെ എണ്ണം ഇപ്പോൾതന്നെ ഗണ്യമായി കുറഞ്ഞുപോയിരിക്കുന്നു.
ബ്രസീലിലെ അപകടത്തിലായ ജീവിവർഗങ്ങൾ
“മറ്റേതൊരു രാജ്യത്തെക്കാളും മൂന്നുമടങ്ങ് ഉഷ്ണമേഖലാ വനങ്ങൾ കൂടുതലുണ്ട് ബ്രസീലിന്. ജീവിവർഗത്തിന്റെ വൈവിധ്യത്തിൽ ലോകത്ത് ഏറ്റവും മുന്തിയ സ്ഥാനം അതിനുണ്ട്. അതിന്റെ പ്രദേശത്ത് ഇപ്പോഴും ഏറ്റവും വൈവിധ്യങ്ങളായ സസ്തനികൾ, 460 വർഗങ്ങളുണ്ട്,” ഓ എസ്റ്റാഡോ ഡ സാവുൻ പൗലൂ പറയുന്നു. “എന്നാൽ അപകടത്തിലായ ജീവിവർഗങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനവും ബ്രസീലിനുതന്നെയാണ്, 310 എണ്ണം, അവയിൽ 58 എണ്ണം സസ്തനികളാണ്.” ഇതുവരെ ഒരു സസ്തനിക്കു പോലും വംശനാശം സംഭവിച്ചിട്ടില്ലെങ്കിലും “ബ്രസീലിൽ മാത്രം കാണപ്പെടുന്ന സിംഹ അണ്ണാൻ കുരങ്ങ്” പോലുള്ള “12 ശതമാനം ബ്രസീലിയൻ സസ്തനികൾ അപകടത്തിലാണ്.” “തങ്ങളുടെ വാസസ്ഥലങ്ങളിലേക്കുള്ള ഏതെങ്കിലും കടന്നാക്രമണം അവയുടെ വംശനാശത്തിലേക്കു നയിക്കാൻ കഴിയുന്ന നിയന്ത്രിത മേഖലകളിലാണ്” അപകടത്തിലായ ചില വർഗങ്ങൾ “ജീവിക്കുന്നത്.” ഒരു വർഗത്തിൽപ്പെട്ട ഒരെണ്ണത്തിനെപ്പോലും 50 വർഷത്തിനുള്ളിൽ കണ്ടുപിടിക്കാൻ കഴിയാതെ വരികയാണെങ്കിൽ അതിനു വംശനാശം സംഭവിച്ചതായി കണക്കാക്കുമെന്നു വർത്തമാനപ്പത്രം പറയുന്നു.
ഭൂഗ്രഹത്തിലെ ജനങ്ങൾ
യുഎൻഎഫ്പിഎയുടെ (ഐക്യരാഷ്ട്ര ജനസംഖ്യ ഫണ്ട്) സ്ഥിതിവിവരക്കണക്കനുസരിച്ച് 1994-ന്റെ പകുതിയോടെ ഭൂഗ്രഹത്തിലെ ആളുകളുടെ എണ്ണം 566 കോടിയായി. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും ഇപ്പോഴത്തെ വളർച്ചയുടെ നിരക്കനുസരിച്ചു കണക്കാക്കിയാൽ 1998 ആകുമ്പോഴേക്കും ആ സംഖ്യ 600 കോടിയും 2025 ആകുമ്പോഴേക്കും 850 കോടിയും 2050 ആകുമ്പോഴേക്കും 1,000 കോടിയും ആയി വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു. ആഫ്രിക്കയുടെ വാർഷിക ജനസംഖ്യാ വർധനവ് 2.9 ശതമാനമാണ്, ലോകത്തിലെ ഏറ്റവും ദ്രുതവർധിത മേഖലയാണത്. യൂറോപ്പിലാണ് ഏറ്റവും കുറവ്—0.3 ശതമാനം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, വെറും അഞ്ചു വർഷങ്ങൾക്കു ശേഷം, ലോകജനസംഖ്യയുടെ പകുതിയോളം താമസിക്കുന്നത് നഗരപ്രദേശത്തായിരിക്കു മെന്നും യുഎൻഎഫ്പിഎ പ്രസ്താവിക്കുന്നു. ഇന്നത്തെ 125 നഗരങ്ങളോടുള്ള താരതമ്യത്തിൽ അപ്പോഴേക്കും വികസ്വര രാജ്യങ്ങളിലെ 300 നഗരങ്ങൾ പത്തു ലക്ഷത്തിലധികം ആളുകളെ വീതം ഉൾക്കൊള്ളും.
ഗുണമേൻമയുള്ള ബന്ധങ്ങളാണു താക്കോൽ
“യൗവനക്കാർ മയക്കുമരുന്നുകൾ ഉപയോഗിക്കുമോ അല്ലെങ്കിൽ അവർക്കു പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കുമോ എന്നു സൂചിപ്പിക്കുന്നത് ഏതുതരം ബന്ധമാണ് അവർക്കുള്ളത് എന്നതാണ്—അല്ലാതെ ഏതുതരം കുടുംബമാണെന്നതല്ല,” ദ ടൊറന്റൊ സ്റ്റാർ പ്രസ്താവിക്കുന്നു. “കുടുംബത്തിന്റെതന്നെ ഘടനയേക്കാൾ ശക്തമായ സ്വാധീനമുള്ളത് കുടുംബബന്ധങ്ങളുടെ സ്വഭാവ”ത്തിനാണെന്ന് ഒൺടേറിയോയിൽ 2,057 യുവജനങ്ങളുടെ ഇടയിൽ അഡിക്ഷൻ റിസേർച്ച് ഫൗണ്ടേഷൻ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയെന്ന് എഡ് അഡ്ലാഫ് എന്ന ശാസ്ത്രജ്ഞൻ പറഞ്ഞു. നല്ല കുടുംബബന്ധങ്ങൾ ഉണ്ടായിരുന്ന യൗവനക്കാർ ദത്തു മാതാപിതാക്കളോ രണ്ടാനപ്പന്മാരോ അമ്മമാരോ ഒറ്റക്കുള്ള മാതാക്കളോ ഉള്ളവരായിരുന്നിട്ടുകൂടി, മോശമായ കുടുംബബന്ധങ്ങൾ നിലവിലിരുന്ന സമ്പൂർണ കുടുംബങ്ങളിലുള്ളവരെക്കാൾ നല്ല സ്വഭാവം കാട്ടി. “തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു മാതാപിതാക്കളോടു ക്രമമായി സംസാരിക്കുന്നവർക്ക് കൃത്യവിലോപനിരക്ക് കുറവായിരുന്നു,” സ്റ്റാർ പറഞ്ഞു. “തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കളിൽ ആരോടെങ്കിലും ഒരിക്കലും സംസാരിക്കാതിരുന്നവർക്ക് ഉയർന്ന നിരക്കിൽ അമിത കുടിയുടെയും മയക്കുമരുന്ന് ഉപയോഗത്തിന്റെയും കൃത്യവിലോപത്തിന്റെയും പ്രശ്നങ്ങളുണ്ടായിരുന്നു.” യൗവനക്കാർ തങ്ങളുടെ കുടുബത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തിന്റെ അളവ്, ബന്ധങ്ങളുടെ ഗുണമേൻമ, കുട്ടികളുടെ ചുറ്റുപാടുകളെയും പ്രവർത്തനങ്ങളെയും കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളാണ് പ്രശ്നങ്ങൾ കുറക്കുന്നതിനുള്ള പ്രാഥമിക ഘടകങ്ങൾ. അഡ്ലാഫ് പറഞ്ഞു: “കുട്ടികളോടൊത്തു സമയം ചെലവഴിക്കുന്നതും അവരോടൊത്തു ചെലവഴിക്കാൻ സമയം കണ്ടെത്തുന്നതിനു കാര്യാദികൾ ക്രമീകരിക്കുന്നതും പ്രധാനമാണ്.”