അവർക്ക് അതെങ്ങനെ ചെയ്യാൻ കഴിഞ്ഞു?
അടിമക്കച്ചവടത്തെ ആളുകൾ എങ്ങനെയാണു ന്യായീകരിച്ചത്? 18-ാം നൂറ്റാണ്ടുവരെ ആരുംതന്നെ അടിമത്തത്തിന്റെ ധാർമികതയെ ചോദ്യം ചെയ്തില്ലെന്നു ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. കറുത്തവരുടെ അടിമത്തത്തിന്റെ ഉയർച്ചയും വീഴ്ചയും (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കൊളംബസ് യാദൃച്ഛികമായി വെസ്റ്റിൻഡീസിലേക്കു വന്ന സമയത്ത്, പുരോഹിതൻമാരോ അവർ അംഗീകരിച്ച എഴുത്തുകളോ ഭാവി കുടിപാർപ്പുകാരെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിക്കുമെന്നത് ധാർമികവിരുദ്ധമായി കണക്കാക്കുമെന്നതിന്റെ ഒരു സൂചനപോലും നൽകിയിരുന്നില്ല, എന്നിരുന്നാലും, ഒറ്റപ്പെട്ട ചില പുരോഹിതൻമാർ ആശങ്കകൾ പ്രകടമാക്കിയിരുന്നു. . . . അടിമത്തം എന്ന ഏർപ്പാട് വെല്ലുവിളിക്കപ്പെടുന്നതിന്റെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല, കാരണം അതു മുഴു യൂറോപ്യൻ സമൂഹത്തിലും കെട്ടുപിണഞ്ഞുകിടന്നിരുന്നു.”
അറ്റ്ലാൻറിക്കിനു കുറുകെയുള്ള കച്ചവടം സജീവമായിത്തീർന്നശേഷം, അടിമത്തത്തെ പിന്താങ്ങാൻ വേണ്ടി പല പുരോഹിതൻമാരും മതപരമായ വാദങ്ങൾ ഉപയോഗിക്കുകയുണ്ടായി. അമേരിക്കൻ അടിമത്തം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “[അമേരിക്കയിലെ] പ്രൊട്ടസ്റ്റൻറ് പുരോഹിതൻമാർ അടിമത്തത്തിനു വേണ്ടി വാദിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചു . . . ഇതുവരെ മതപരമായ വിശ്വാസം ഇല്ലാതിരുന്ന ആളുകൾക്കു ക്രിസ്ത്യാനിത്വത്തിന്റെ അനുഗ്രഹങ്ങൾ കാട്ടിക്കൊടുക്കാനുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഒരു ഭാഗമാണ് അടിമത്തം എന്നതായിരുന്നു മിക്കവാറും ഏറ്റവും വ്യാപകവും ഫലപ്രദവുമായ മതപരമായ വാദം.”
എന്നാൽ, “ക്രിസ്ത്യാനിത്വത്തിന്റെ അനുഗ്രഹങ്ങൾ” ചൊരിയുന്നതിന്റെ നാട്യത്തെക്കാൾ കൂടുതൽ ന്യായീകരണം വേണ്ടിയിരുന്നത് പലപ്പോഴും അടിമകൾക്കു നൽകിയിരുന്ന ക്രൂരവും നീചവുമായ പെരുമാറ്റത്തിനായിരുന്നു. അതുകൊണ്ട് യൂറോപ്പിലെ കോളനി യജമാനൻമാരും അതുപോലെതന്നെ എഴുത്തുകാരും തത്ത്വചിന്തകൻമാരും വെള്ളക്കാർക്കു തുല്യരല്ല കറുത്തവർ എന്നു തങ്ങളോടുതന്നെ പറഞ്ഞു. പിന്നീട് ജമെയ്ക്കയുടെ ചരിത്രം (ഇംഗ്ലീഷ്) എഴുതിയ ഒരു തോട്ടമുടമയായ എഡ്വേർഡ് ലോങ് ഇങ്ങനെ നിരീക്ഷിച്ചു: “ഈ പുരുഷൻമാരുടെ പ്രകൃതത്തെയും ശിഷ്ട ലോകവുമായുള്ള അവരുടെ അസമാനതയെയും കുറിച്ചു നാം ചിന്തിക്കുമ്പോൾ, അവർ മറ്റൊരു വർഗത്തിൽ പെട്ടവരാണെന്നു നാം നിഗമനം ചെയ്യേണ്ടതല്ലേ?” അത്തരം ചിന്താഗതിയുടെ അനന്തരഫലങ്ങൾ മാർട്ടിനിക്കിലെ ഒരു ഗവർണർ പ്രകടിപ്പിക്കുകയുണ്ടായി: “ഒരുവൻ മൃഗങ്ങളോട് എങ്ങനെ ഇടപെടുന്നുവോ അതുപോലെതന്നെ നീഗ്രോകളോടും ഇടപെടണമെന്ന് ഉറപ്പായി വിശ്വസിക്കുന്ന ഘട്ടത്തിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നു.”
ഒടുവിൽ, സാമ്പത്തിക സ്വാർഥതാത്പര്യവും മനുഷ്യത്വപരമായ താത്പര്യങ്ങളും അറ്റ്ലാൻറിക്കിനു കുറുകെയുള്ള അടിമക്കച്ചവടം നിർത്താൻ സംഭാവനയേകി. ആരംഭം മുതൽത്തന്നെ ആഫ്രിക്കൻ ജനങ്ങൾ അടിമത്തത്തോട് എതിർത്തുനിന്നു, 18-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അതിനോടുള്ള എതിർപ്പുകൾ സാധാരണമായിരുന്നു. ഭയപ്പെട്ട ഉടമകൾ തങ്ങളുടെ അവസ്ഥ കൂടുതൽക്കൂടുതൽ അപകടകരമാണെന്നു കണ്ടെത്തി. അടിമകളെ പിന്താങ്ങുന്നതിനുപകരം, ആവശ്യമായി വരുമ്പോൾ കൂലി കൊടുത്തു പണി ചെയ്യിപ്പിക്കുന്നത് ലാഭകരമായിരിക്കില്ലേ എന്ന് അവരും സംശയിച്ചു തുടങ്ങി.
അതേസമയം, യൂറോപ്പിലും അമേരിക്കകളിലും അടിമത്തത്തിനെതിരെയുള്ള ധാർമികവും മതപരവും മനുഷ്യത്വപരവുമായ വാദങ്ങൾക്കു വർധിച്ച പിന്തുണ ലഭിച്ചു. അടിമത്തം നിർത്തലാക്കാനുള്ള പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തമായിത്തീർന്നു. 1807-ൽ തുടങ്ങി പല രാജ്യങ്ങളിലും അടിമക്കച്ചവടം നിയമപരമായി നിർമാർജനം ചെയ്തുവെങ്കിലും അടിമത്തത്തിന്റെ ഫലങ്ങൾ നിലനിന്നു.
ആഫ്രിക്കക്കാർ: ഒരു ത്രിമുഖ പൈതൃകം (ഇംഗ്ലീഷ്) എന്ന ഒരു ടെലിവിഷൻ പരമ്പര ആഫ്രിക്കയുടെ പുത്രീപുത്രൻമാരുടെ വികാരങ്ങളെ കടുത്ത അമർഷത്തോടെ പ്രകടിപ്പിച്ചു: “അടിമത്തത്തിന്റെ നാളുകൾ തുടങ്ങുന്നതിനു വളരെ മുമ്പ് ഞങ്ങൾ ആഫ്രിക്കയിലാണ് . . . ജീവിച്ചിരുന്നത്. പിന്നെ, അപരിചിതരായ ആൾക്കാർ വന്ന് ഞങ്ങളിൽ ചിലരെ പിടിച്ചുകൊണ്ടുപോയി. ഇന്നു ഞങ്ങൾ വളരെ വ്യാപകമായി ചിതറിപ്പോയിരിക്കുന്നു, അതുകൊണ്ട് ആഫ്രിക്കയുടെ സന്തതികളുടെമേൽ സൂര്യൻ ഒരിക്കലും അസ്തമിക്കാറില്ല.” വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കരീബിയനിലും യൂറോപ്പിലും ദശലക്ഷക്കണക്കിനു വരുന്ന ആഫ്രിക്കക്കാരുടെ സാന്നിധ്യം അടിമക്കച്ചവടത്തിന്റെ പ്രത്യക്ഷമായ ഒരു ഫലമാണ്.
അറ്റ്ലാൻറിക്കിനു കുറുകെയുള്ള അടിമക്കച്ചവടത്തിന്റെ പാതകം ആർ വഹിക്കുന്നു എന്ന ചോദ്യം സംബന്ധിച്ച് ആളുകൾ ഇപ്പോഴും സംവാദം നടത്താറുണ്ട്. ആഫ്രിക്കൻ ചരിത്രം സംബന്ധിച്ച ഒരു വിദഗ്ധനായ ബേസിൽ ഡേവിഡ്സൺ ആഫ്രിക്കൻ അടിമക്കച്ചവടം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു: “ആഫ്രിക്കയും യൂറോപ്പും സംയുക്തമായി ഉത്തരവാദികളാണ്.”
“നിന്റെ രാജ്യം വരേണമേ”
പഠിക്കാനുള്ള ഒരു സംഗതി അതിലുണ്ട്—മനുഷ്യഭരണം സംബന്ധിച്ച ഒന്നുതന്നെ. ജ്ഞാനിയായ ഒരു മനുഷ്യൻ ഇങ്ങനെ എഴുതി: “സൂര്യനു കീഴെ ചെയ്യപ്പെടുന്ന മർദക ചെയ്തികളെയെല്ലാം ഞാൻ പരിചിന്തിച്ചു,—നോക്കൂ! മർദിതരുടെ കണ്ണുനീർ, അവർക്ക് ആശ്വാസകനില്ല, അവരുടെ മർദകരുടെ പക്ഷത്താകുന്നു ശക്തി.”—സഭാപ്രസംഗി 4:1, റോഥർഹാം.
ദുഃഖകരമെന്നേ പറയേണ്ടൂ, ആഫ്രിക്കൻ അടിമക്കച്ചവടം തുടങ്ങുന്നതിനും ദീർഘനാൾ മുമ്പ് എഴുതപ്പെട്ട ആ വാക്കുകൾ ഇന്നോളം സത്യമായി തുടരുന്നു. മർദിതരും മർദകരും ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്, ചില ദേശങ്ങളിൽ അടിമകളും യജമാനൻമാരും എന്ന രീതി നിലവിലിരിക്കുന്നു. ദൈവത്തിന്റെ രാജ്യ ഗവൺമെൻറ് മുഖാന്തരം പെട്ടെന്നുതന്നെ യഹോവ, “നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കു”മെന്നു ക്രിസ്ത്യാനികൾക്കറിയാം. (സങ്കീർത്തനം 72:12) അതിനാലും മറ്റു കാരണങ്ങളാലും അവർ ദൈവത്തോട് ഇങ്ങനെ പ്രാർഥിക്കുന്നതിൽ തുടരുന്നു: “നിന്റെ രാജ്യം വരേണമേ.”—മത്തായി 6:10.