ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ?
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം എല്ലായ്പോഴും തന്റെ വാക്കു പാലിച്ചിട്ടുണ്ട്. “ഞാൻ പ്രസ്താവിച്ചിരിക്കുന്നു,” അവൻ പറഞ്ഞു. “ഞാൻ നിവർത്തിക്കും.” (യെശയ്യാവു 46:11) ഇസ്രായേല്യരെ വാഗ്ദത്തദേശത്തേക്കു നയിച്ചശേഷം, ദൈവദാസനായ യോശുവ ഇങ്ങനെ എഴുതി: “യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.”—യോശുവ 21:45; 23:14.
യോശുവയുടെ നാൾമുതൽ മിശിഹായുടെ ആഗമനംവരെ ദൈവനിശ്വസ്തമായ നൂറുകണക്കിനു പ്രവചനങ്ങൾ നിവൃത്തിയേറി. ഒരു ഉദാഹരണമാണ് യെരീഹോയെ പുനർനിർമിച്ചവൻ ശിക്ഷ അനുഭവിച്ചത്, അതു നൂറ്റാണ്ടുകൾക്കു മുന്നമേ മുൻകൂട്ടി പറയപ്പെട്ടിരുന്നു. (യോശുവ 6:26; 1 രാജാക്കൻമാർ 16:34) ഇനിയും മറ്റൊരു ഉദാഹരണമാണ്, വിശന്നുവലയുന്ന ശമര്യയിലെ നിവാസികൾക്കു പ്രവചനത്തെത്തുടർന്നുവരുന്ന ദിവസം കഴിക്കാൻ ധാരാളം ഭക്ഷണം ലഭിക്കുമെന്നുള്ള വാഗ്ദത്തം, അതു നിവൃത്തിയേറാൻ സാധ്യമല്ലാത്തതായി തോന്നി. എന്നാൽ ആ വാഗ്ദത്തം ദൈവം എങ്ങനെ നിറവേറ്റി എന്നതു സംബന്ധിച്ച് 2 രാജാക്കൻമാർ 7-ാം അധ്യായത്തിൽ നിങ്ങൾക്കു വായിക്കാൻ കഴിയും.
ലോകശക്തികളുടെ ആവിർഭാവവും തിരോധാനവും
ലോകശക്തികളുടെ ആവിർഭാവവും തിരോധാനവും സംബന്ധിച്ചുള്ള വിശദാംശങ്ങൾ രേഖപ്പെടുത്താൻ ദൈവം ബൈബിൾ എഴുത്തുകാരെ നിശ്വസ്തരാക്കി. ഉദാഹരണത്തിന്, ശക്തമായ ബാബിലോന്റെ മറിച്ചിടലിനെക്കുറിച്ചു മുൻകൂട്ടി പറയാൻ ദൈവം തന്റെ പ്രവാചകനായ യെശയ്യാവിനെ ഉപയോഗിച്ചു, അതിന് ഏതാണ്ട് 200 വർഷത്തിനുശേഷം അതു സംഭവിച്ചു. വാസ്തവത്തിൽ, പേർഷ്യാക്കാരോടു സഖ്യം ചേർന്ന മേദ്യരാണു വിജയികളായി തിരിച്ചറിയിക്കപ്പെട്ടത്. (യെശയ്യാവു 13:17-19) അതിലും ശ്രദ്ധേയമായ ഒന്നുണ്ടായിരുന്നു, ജയിച്ചടക്കലിൽ നേതൃത്വം വഹിക്കുന്ന വ്യക്തി എന്നനിലയിൽ ദൈവത്തിന്റെ പ്രവാചകൻ പേരു പറഞ്ഞതു പേർഷ്യൻ രാജാവായ സൈറസിനെ (കോരേശ്) ആയിരുന്നു. ആ പ്രവചനം രേഖപ്പെടുത്തപ്പെട്ട സമയത്തു സൈറസ് ജനിച്ചിട്ടുപോലുമില്ലായിരുന്നു! (യെശയ്യാവു 45:1) വേറെയും ഉദാഹരണങ്ങളുണ്ട്.
ബാബിലോന്റെ മേലുള്ള ജയിച്ചടക്കൽ നിർവഹിക്കപ്പെടുന്ന വിധവും പ്രവാചകനായ യെശയ്യാവ് മുൻകൂട്ടി പറഞ്ഞു. നഗരത്തിന്റെ സംരക്ഷണാത്മക വെള്ളങ്ങൾ, യൂഫ്രട്ടീസ് നദി, ‘ഉണങ്ങിപ്പോകു’മെന്നും ‘[ബാബിലോന്റെ] വാതിലുകൾ അടഞ്ഞിരിക്ക’യില്ലെന്നും അവൻ എഴുതി. (യെശയ്യാവു 44:27–45:1) ചരിത്രകാരനായ ഹെറഡോട്ടസ് റിപ്പോർട്ടു ചെയ്യുന്നതുപോലെ, ഈ സൂക്ഷ്മമായ വിശദാംശങ്ങൾ നിവൃത്തിയായി.
ബാബിലോൻ പരമാധികാര സ്ഥാനത്തായിരുന്നപ്പോൾത്തന്നെ, അതിനുശേഷം വരാനിരുന്ന ലോകശക്തികളെക്കുറിച്ചു പറയാനും പ്രവാചകനായ ദാനിയേലിനെ ദൈവം ഉപയോഗിച്ചു. മറ്റുള്ള “കാട്ടുമൃഗ”ങ്ങളെയെല്ലാം ജയിച്ചടക്കുന്നതിൽ വിജയിച്ച രണ്ടു കൊമ്പുള്ള ഒരു പ്രതീകാത്മക ആട്ടുകൊറ്റന്റെ ദർശനം ദാനിയേലിന് ഉണ്ടായി. രണ്ടു കൊമ്പുള്ള ആട്ടുകൊറ്റൻ ആരെ ചിത്രീകരിച്ചു എന്നതിനു യാതൊരു സംശയവും അവശേഷിപ്പിക്കാതെ, അത് “മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരെ കുറിക്കുന്നു” എന്ന് ദാനിയേൽ എഴുതി. (ദാനിയേൽ 8:1-4, 20, NW) തീർച്ചയായും മുൻകൂട്ടി പറയപ്പെട്ടതുപോലെ, മേദോ-പേർഷ്യ പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 539-ൽ ബാബിലോനെ ജയിച്ചടക്കിയപ്പോൾ അടുത്ത ലോകശക്തിയായിത്തീർന്നു.
ദൈവത്തിൽനിന്നുള്ള ഈ ദർശനത്തിൽ ദാനിയേൽ അടുത്തതായി ഒരു “കോലാട്ടുകൊറ്റ”നെ കണ്ടു, അതിന്റെ “കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.” ദാനിയേൽ തന്റെ വിവരണം തുടരുന്നു: ‘അത് ആട്ടുകൊറ്റനോട് അടുക്കുന്നതു ഞാൻ കണ്ടു, അത് ആട്ടുകൊറ്റനെ ഇടിച്ച് അതിന്റെ രണ്ടു കൊമ്പും തകർത്തുകളഞ്ഞു, ആട്ടുകൊറ്റനെ രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല. കോലാട്ടുകൊറ്റൻ ഏറ്റവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി, അതിനുപകരം നാലു കൊമ്പു മുളെച്ചുവന്നു.’—ദാനീയേൽ 8:5-8.
ഇതിന്റെയെല്ലാം അർഥം എന്താണ് എന്നതു സംബന്ധിച്ച് ദൈവവചനം യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല. വിശദീകരണം ശ്രദ്ധിക്കുക: “പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു. അതു തകർന്നശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.”—ദാനീയേൽ 8:21, 22.
ഈ ‘യവനരാജാവ്’ മഹാനായ അലക്സാണ്ടറായിരുന്നുവെന്നു ചരിത്രം വെളിവാക്കുന്നു. പൊ.യു.മു. 323-ലെ തന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സാമ്രാജ്യം ഒടുവിൽ നാലായി പിളർന്നു, നാലു ജനറൽമാരുടെ ഇടയിൽ—സെല്യൂക്കസ് I നിക്കേറ്റോർ, കസ്സാണ്ടർ, ടോളമി I, ലൈസിമാക്കസ്. ബൈബിൾ മുൻകൂട്ടി പറഞ്ഞതുപോലെ, ‘അതിന്നു പകരം നാലു കൊമ്പു മുളെച്ചു.’ മാത്രമല്ല, പ്രവചിക്കപ്പെട്ടതുപോലെ, ഇവരിലാർക്കും അലക്സാണ്ടറിന്റേതുപോലുള്ള ശക്തിയില്ലായിരുന്നു. തീർച്ചയായും അത്തരം ബൈബിൾ പ്രവചനങ്ങളെ “മുൻകൂട്ടി എഴുതപ്പെട്ട ചരിത്രം” എന്നു വിളിക്കത്തക്കവണ്ണം അവയുടെ നിവൃത്തികൾ വളരെ ശ്രദ്ധേയമായിരുന്നിട്ടുണ്ട്.
മിശിഹാ വാഗ്ദത്തം ചെയ്യപ്പെടുന്നു
പാപത്തിന്റെയും മരണത്തിന്റെയും ഫലങ്ങളിൽനിന്നു മനുഷ്യരെ മോചിപ്പിക്കുന്ന മിശിഹായെ ദൈവം വാഗ്ദത്തം ചെയ്യുക മാത്രമല്ല, ആ വാഗ്ദത്തം ചെയ്യപ്പെട്ടവനെ തിരിച്ചറിയുന്നതിനു അസംഖ്യം പ്രവചനങ്ങൾ നൽകുകയും ചെയ്തു. അവയിൽ ചിലതു മാത്രം ഇപ്പോൾ പരിചിന്തിക്കുക, നിവൃത്തിയേറത്തക്കവിധത്തിൽ ക്രമീകരിക്കാൻ യേശുവിനു കഴിയുകയില്ലാതിരുന്ന പ്രവചനങ്ങൾ.
വാഗ്ദത്തം ചെയ്യപ്പെട്ടവൻ ബേത്ലഹേമിൽ ജനിക്കുമെന്നും അവൻ ഒരു കന്യകയിൽ പിറക്കുമെന്നും നൂറുകണക്കിനു വർഷം മുമ്പേ മുൻകൂട്ടി പറഞ്ഞിരുന്നു. (താരതമ്യം ചെയ്യുക: മീഖാ 5:2-ഉം മത്തായി 2:3-9-ഉം; യെശയ്യാവു 7:14-ഉം മത്തായി 1:22, 23-ഉം.) 30 വെള്ളിക്കാശിന് അവനെ ഒറ്റിക്കൊടുക്കുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. (സെഖര്യാവു 11:12, 13; മത്തായി 27:3-5) കൂടാതെ, അവന്റെ ശരീരത്തിലെ ഒരസ്ഥിയും ഒടിക്കപ്പെടുകയില്ലെന്നും അവന്റെ അങ്കികൾക്കു വേണ്ടി ചീട്ടിടപ്പെടുമെന്നും മുൻകൂട്ടി പറയപ്പെട്ടിരുന്നു.—താരതമ്യം ചെയ്യുക: സങ്കീർത്തനം 34:20-ഉം യോഹന്നാൻ 19:36-ഉം, സങ്കീർത്തനം 22:18-ഉം മത്തായി 27:35-ഉം.
പ്രത്യേകിച്ചും ശ്രദ്ധേയമായത്, മിശിഹാ എപ്പോൾ വരുമെന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നു എന്ന വസ്തുതയാണ്. ദൈവവചനം ഇങ്ങനെ പ്രവചിച്ചു: “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടം.” (ദാനീയേൽ 9:25) ബൈബിൾ പറയുന്നതനുസരിച്ച്, യെരുശലേമിന്റെ മതിലുകൾ യഥാസ്ഥാനപ്പെടുത്തി പുനർനിർമിക്കാനുള്ള കല്പന നൽകപ്പെട്ടത് അർത്ഥഹ്ശഷ്ടാവ് രാജാവിന്റെ ഭരണത്തിന്റെ 20-ാം വർഷത്തിലാണ്. ലൗകിക ചരിത്രം സൂചിപ്പിക്കുന്നത് അത് പൊ.യു.മു. 455 എന്ന വർഷത്തിലായിരുന്നു എന്നാണ്. (നെഹെമ്യാവു 2:1-8) 483 വർഷങ്ങൾ (7 x 69 = 483) കഴിഞ്ഞ് പൊ.യു. 29-ൽ, വർഷങ്ങളുടെ ഈ 69 ആഴ്ചകൾ അവസാനിച്ചു. യേശു സ്നാപനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്ത് മിശിഹാ അഥവാ ക്രിസ്തു ആയിത്തീർന്ന കൃത്യവർഷം അതായിരുന്നു!
ക്രിസ്തീയ ചരിത്രകാരനായ ലൂക്കോസ് എഴുതിയതുപോലെ, യേശുവിന്റെ നാളുകളിലെ ആളുകൾ ആ കാലത്തു മിശിഹായെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നതു ശ്രദ്ധേയമാണ്. (ലൂക്കൊസ് 3:15) റോമൻ ചരിത്രകാരൻമാരായ ടാസിറ്റസും സ്യൂട്ടോണിയസും യഹൂദാ ചരിത്രകാരനായ ജോസീഫസും യഹൂദാ തത്ത്വചിന്തകനായ ഫൈലോ ജൂഡെയിയസും ആളുകളുടെ ഈ പ്രതീക്ഷയെക്കുറിച്ചു സാക്ഷ്യപ്പെടുത്തുകയുണ്ടായി. “പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ ആദ്യത്തെ ഇരുപത്തഞ്ചു വർഷത്തോടടുത്തു മിശിഹായെ പ്രതീക്ഷിച്ചിരുന്നു” എന്ന് അബാ ഹിലെൽ സിൽവർ പോലും എ ഹിസ്റ്ററി ഓഫ് മെസിയാനിക് സ്പെക്കുലേഷൻ ഇൻ ഇസ്രയേൽ എന്ന തന്റെ ഗ്രന്ഥത്തിൽ സമ്മതിക്കുന്നു. “ആ കാലത്തെ പ്രസിദ്ധമായ കാലഗണന” നിമിത്തമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ഭാഗികമായി അതു ലഭിക്കുന്നത് ദാനിയേൽ എന്ന പുസ്തകത്തിൽ നിന്നാണ്.
അത്തരം വിവരങ്ങൾ പരിചിന്തിക്കുമ്പോൾ, തന്റെ രാജകീയ ഭരണം തുടങ്ങാനായി മിശിഹാ എപ്പോൾ വരുമെന്നും ബൈബിൾ സൂചിപ്പിക്കുന്നത് അമ്പരപ്പിക്കരുത്. ദാനിയേൽ പ്രവചനത്തിൽ അടങ്ങിയിരിക്കുന്ന കാലഗണനാ തെളിവ്, “അത്യുന്നതനായവൻ” ഭൂമിയുടെ ഭരണാധിപത്യം “മനുഷ്യരിൽ അധമനായവ”നു കൈമാറുന്ന കൃത്യസമയത്തെ ചൂണ്ടിക്കാട്ടി. (ദാനീയേൽ 4:17-25; മത്തായി 11:29) “ഏഴു കാല”ത്തിന്റെ അഥവാ ഏഴു പ്രാവചനിക വർഷങ്ങളുടെ ഒരു കാലഘട്ടം പരാമർശിക്കപ്പെട്ടിരിക്കുന്നു, ഈ കാലഘട്ടം 1914 എന്ന വർഷത്തിൽ അവസാനിക്കുന്നതായി കണക്കാക്കപ്പെടുന്നു.a
അവസാനത്തിന്റെ തീയതിയൊന്നും നൽകിയിട്ടില്ല
എന്നിരുന്നാലും, 1914 എന്ന വർഷം “[തന്റെ] ശത്രുക്കളുടെ മദ്ധ്യേ” ക്രിസ്തുവിന്റെ വാഴ്ച തുടങ്ങാനുള്ള തീയതി മാത്രമാണ്. (സങ്കീർത്തനം 110:1, 2; എബ്രായർ 10:12, 13) ക്രിസ്തു സ്വർഗത്തിൽ ഭരണം തുടങ്ങുന്ന സമയത്ത് അവൻ പിശാചായ സാത്താനെയും അവന്റെ ദൂതൻമാരെയും ഭൂമിയിലേക്കു തള്ളിക്കളയുമെന്നു വെളിപ്പാടു എന്ന ബൈബിൾ പുസ്തകം വെളിപ്പെടുത്തുന്നു. അവൻ ഈ ദുഷ്ട ആത്മവ്യക്തികളെ അസ്തിത്വത്തിൽനിന്നു നീക്കം ചെയ്യുന്നതിനു മുമ്പായി ‘അല്പകാലത്തേക്ക്’ അവ ഭൂമിക്കു വലിയ കുഴപ്പം വരുത്തിവെക്കുമെന്നു ബൈബിൾ പറയുന്നു.—വെളിപ്പാടു 12:7-12.
പ്രധാനമായി, ഈ ‘അല്പകാലം’ എപ്പോൾ അവസാനിക്കുമെന്നോ അർമഗെദോനിൽ ദൈവത്തിന്റെ ശത്രുക്കളുടെ വധനിർവാഹകൻ എന്നനിലയിൽ ക്രിസ്തു എപ്പോൾ നടപടിയെടുക്കുമെന്നോ സംബന്ധിച്ച് ബൈബിൾ ഒരു തീയതിയും പ്രദാനം ചെയ്യുന്നില്ല. (വെളിപ്പാടു 16:16; 19:11-21) വാസ്തവത്തിൽ, മുൻ ലേഖനത്തിൽ പരാമർശിച്ചതുപോലെ, ഒരു മനുഷ്യനും ആ സംഭവത്തിന്റെ തീയതി അറിഞ്ഞുകൂടായ്കയാൽ ഒരുങ്ങിയിരിക്കാൻ യേശു പറഞ്ഞു. (മർക്കൊസ് 13:32, 33) ആരെങ്കിലും യേശു പറഞ്ഞതിന് അതീതമായി പോകുമ്പോൾ, തെസലോനിക്യയിലെ ആദിമ ക്രിസ്ത്യാനികളും തുടർന്നു മറ്റു പലരും ചെയ്തതുപോലെ വ്യാജമായ, കൃത്യമല്ലാത്ത പ്രവചനങ്ങൾ ഉണ്ടാകും.—2 തെസ്സലൊനീക്യർ 2:1, 2.
വീക്ഷണം സംബന്ധിച്ച തിരുത്തൽ ആവശ്യം
1914 എന്ന വർഷത്തിന്റെ രണ്ടാം പകുതിക്കു മുമ്പ്, ക്രിസ്തു മടങ്ങിവന്നു തങ്ങളെ സ്വർഗത്തിലേക്ക് എടുക്കുമെന്നു പല ക്രിസ്ത്യാനികളും പ്രതീക്ഷിച്ചു. അതുകൊണ്ട്, 1914 സെപ്റ്റംബർ 30-ന് നടത്തിയ ഒരു പ്രസംഗത്തിൽ ഒരു ബൈബിൾ വിദ്യാർഥിയായ എ. എച്ച്. മാക്മില്ലൻ ഇങ്ങനെ പ്രസ്താവിച്ചു: “സാധ്യതയനുസരിച്ച് ഞാൻ നടത്തുന്ന അവസാനത്തെ പരസ്യപ്രസംഗം ഇതാണ്, കാരണം നാം പെട്ടെന്നുതന്നെ ഭവനത്തിലേക്ക് [സ്വർഗത്തിലേക്ക്] പോകുന്നതായിരിക്കും.” വ്യക്തമായും മാക്മില്ലനു തെറ്റുപറ്റി, എന്നാൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സഹ ബൈബിൾ വിദ്യാർഥികൾക്കും ഉണ്ടായിരുന്ന നിവൃത്തിയേറാത്ത ഒരേ ഒരു പ്രതീക്ഷയായിരുന്നില്ല അത്.
1925-ൽ അത്ഭുതകരമായ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയുണ്ടാകുമെന്നും ബൈബിൾ വിദ്യാർഥികൾ—1931 മുതൽ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു—പ്രതീക്ഷിച്ചു. ആ സമയത്ത് അബ്രഹാം, ദാവീദ്, ദാനിയേൽ എന്നിവരെപ്പോലുള്ള പുരാതന കാലത്തെ വിശ്വസ്ത മനുഷ്യരെ തിരികെ കൊണ്ടുവന്നുകൊണ്ട് ഭൗമിക പുനരുത്ഥാനം തുടങ്ങുമെന്നും അവർ ഊഹിച്ചു. കുറേക്കൂടെ അടുത്ത കാലത്ത്, ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ ആരംഭത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ 1975-ൽ തുടങ്ങുമെന്നു പല സാക്ഷികളും അനുമാനിച്ചു. അപ്പോൾ മനുഷ്യചരിത്രത്തിന്റെ ഏഴാം സഹസ്രാബ്ദം തുടങ്ങും എന്ന അറിവിൽ വേരൂന്നിയതായിരുന്നു അവരുടെ പ്രതീക്ഷ.
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ തെറ്റായിരുന്നെന്നോ അവൻ ഒരു പിശകു വരുത്തിവെച്ചന്നോ ഈ തെറ്റായ വീക്ഷണങ്ങൾ അർഥമാക്കിയില്ല. അശേഷം പോലും! തെറ്റിദ്ധാരണകൾ അഥവാ അബദ്ധ ധാരണകൾ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ ‘നിങ്ങൾക്ക് ആ കാലം അറിയില്ല’ എന്ന യേശുവിന്റെ മുന്നറിയിപ്പിനു ചെവി കൊടുക്കാൻ പരാജയപ്പെട്ടതു നിമിത്തമായിരുന്നു ഉണ്ടായത്. ആ തെറ്റായ നിഗമനങ്ങൾ ദുരുദ്ദേശ്യം നിമിത്തമോ ക്രിസ്തുവിനോടുള്ള അവിശ്വസ്തത നിമിത്തമോ ആയിരുന്നില്ല, പിന്നെയോ തങ്ങളുടെ കാലത്തുതന്നെ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിവൃത്തിയേറിക്കാണാനുള്ള തീവ്രമായ അഭിലാഷം നിമിത്തമായിരുന്നു.
അതേത്തുടർന്ന് എ. എച്ച്. മാക്മില്ലൻ ഇങ്ങനെ വിശദീകരിച്ചു: “നാം നമ്മുടെ തെറ്റുകൾ സമ്മതിക്കണമെന്നും കൂടുതൽ പ്രബുദ്ധതയ്ക്കായി ദൈവവചനം തുടർന്നു പരിശോധിക്കണമെന്നും ഞാൻ പഠിച്ചു. ഇടയ്ക്കിടയ്ക്ക് നമ്മുടെ വീക്ഷണങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽത്തന്നെയും, മറുവില എന്ന ഉദാരമായ കരുതലിനും നിത്യജീവൻ സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദത്തത്തിനും മാറ്റം വരില്ല.”
തീർച്ചയായും, ദൈവത്തിന്റെ വാഗ്ദത്തങ്ങളെ ആശ്രയിക്കാൻ കഴിയും! തെറ്റു പറ്റുന്നതു മനുഷ്യർക്കാണ്. അതുകൊണ്ട്, യേശുവിന്റെ കൽപ്പനയോടുള്ള അനുസരണത്തിൽ യഥാർഥ ക്രിസ്ത്യാനികൾ ഒരു കാത്തിരിപ്പിൻ മനോഭാവം നിലനിർത്തും. ദൈവം നിയമിച്ച വധനിർവാഹകൻ എന്നനിലയിലുള്ള ക്രിസ്തുവിന്റെ തികച്ചും അനിവാര്യമായ വരവിനായി അവർ ഉണർന്നും തയ്യാറായുമിരിക്കും. തങ്ങളുടെ ബോധത്തെ മന്ദീഭവിപ്പിക്കാനും ലോകാവസാനം സംബന്ധിച്ച യഥാർഥ മുന്നറിയിപ്പിനെ അവഗണിക്കാൻ ഇടയാക്കാനും തെറ്റായ പ്രവചനങ്ങളെ അവർ അനുവദിക്കുകയില്ല.
അപ്പോൾ ഈ ലോകം അവസാനിക്കുമെന്ന വിശ്വാസം സംബന്ധിച്ചെന്ത്? അതു താമസിയാതെ, നമ്മുടെ കാലത്തുതന്നെ സംഭവിക്കുമെന്നതിനു വാസ്തവത്തിൽ തെളിവുണ്ടോ?
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 138-41 പേജുകൾ കാണുക.
[7-ാം പേജിലെ ചിത്രം]
ബാബിലോന്റെ പതനത്തെ സംബന്ധിച്ച് സൂക്ഷ്മമായ വിശദാംശങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നു
[9-ാം പേജിലെ ചിത്രങ്ങൾ]
തന്നെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ നിവർത്തിപ്പിക്കുവാൻ യേശുവിന് ആ വിധത്തിൽ തന്റെ ജീവിതത്തെ ക്രമപ്പെടുത്താൻ കഴിയുമായിരുന്നില്ല