വാർധക്യം പ്രാപിക്കുക എന്നതിന്റെ അർഥമെന്ത്?
“മറുമരുന്നു പരിഗണിക്കുമ്പോൾ വാർധക്യം അത്ര മോശമല്ല.”—മൗറിസ് ചെവലിയർ.
വാർധക്യ പ്രക്രിയ ഒടുവിൽ സകലരെയും ബാധിക്കുന്നു. അതിൽനിന്നു രക്ഷപെടാനാവില്ല. അത് ആരംഭിക്കുമ്പോൾ മിക്കവാറും അഗോചരമാണ്—അവിടേം ഇവിടേം ഒരു ചെറിയ വേദന, ഒരു ചെറിയ ചുളിവ്, പിന്നെ കുറച്ചു നരച്ച മുടികൾ, അത്രമാത്രം. എന്നാൽ പതുക്കെപ്പതുക്കെ വാർധക്യം വ്യക്തിയെ അതിന്റെ കരാള ഹസ്തത്തിലമർത്തുകയായി. ചരിത്രത്തിൽ മുമ്പൊരിക്കലും വാർധക്യത്തിന്റെ ഫലങ്ങൾ ഇത്രയുംപേർക്ക് അനുഭവപ്പെട്ടിട്ടില്ല.
മാരകരോഗങ്ങളെ നിയന്ത്രിക്കുന്നതിലുള്ള വൈദ്യശാസ്ത്രത്തിന്റെ വിജയമാണ് പ്രായമായവരുടെ എണ്ണം വർധിക്കുന്നതിനുള്ള ഒരു മുഖ്യ കാരണം. ഉദാഹരണം പറഞ്ഞാൽ, ഐക്യനാടുകളിൽ 65 വയസ്സിനുമേൽ പ്രായമുള്ളവർ ജനസംഖ്യയുടെ ഏതാണ്ട് 12 ശതമാനം വരുന്നു. ജപ്പാനിൽ അവർ ഏകദേശം 11 ശതമാനമാണ്. 85 വയസ്സിനുമേൽ പ്രായമുള്ള അമേരിക്കക്കാരുടെ എണ്ണം 1953-ൽ 7,00,000 ആയിരുന്നതിൽനിന്ന് 1978-ൽ 21 ലക്ഷമായി വർധിച്ചു. വാസ്തവത്തിൽ, ഏതാണ്ട് 50,000 അമേരിക്കക്കാരും ഏതാണ്ട് 3,700 കാനഡാക്കാരും നൂറോ അതിലധികമോ വയസ്സു പ്രായമുള്ളവരാണ്!
പ്രായമായവർ കഴിഞ്ഞകാലത്തെക്കാൾ കൂടുതൽ ഫലപ്രദമായ ജീവിതം നയിക്കുന്നുവെങ്കിലും ഒരു വ്യക്തിയുടെ പിൽക്കാല വർഷങ്ങൾ ചില പ്രത്യേക പ്രാപ്തികളുടെ അഭാവം മൂലം മാറ്റംവരുത്താൻ കഴിയാത്തവിധം ഊനം തട്ടിയതാണ്. പ്രായമാകുമ്പോൾ കേൾവി, കാഴ്ച, പേശീതന്തുക്കളുടെ സങ്കോചം, ചലനക്ഷമത ഇവയെല്ലാം ബാധിക്കപ്പെടുന്നു. പ്രായമായ ചിലർ ഏകാന്തതയും വാർധക്യ സഹജമായ ക്ഷീണവും അനുഭവിക്കുന്നു. മറ്റുചിലർ, തങ്ങളുടെ ആകർഷകത്വം നഷ്ടമാകുകയാണെന്നു തോന്നിയിട്ടു വിഷാദമഗ്നരായിത്തീരുന്നു.
ഒരാൾ വാർധക്യപ്രക്രിയയോട് എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നു എന്നതാണ് അയാളുടെ സന്തുഷ്ടിയെ അല്ലെങ്കിൽ അതിന്റെ അഭാവത്തെ നിർണയിക്കുന്നത്. “അതു ചെയ്യാനുള്ള പ്രായം എനിക്കു കടന്നുപോയി” എന്നൊരാൾ പറയുമ്പോൾ സാധ്യമായ പ്രവർത്തനങ്ങളുടെ വാതിൽ അടച്ചുകളയുന്നതു ചിലപ്പോൾ മനോഭാവമാണ്, ശാരീരികമായ എന്തിനെക്കാളുമധികം.
ഇപ്രകാരം പറഞ്ഞപ്പോൾ ഒരു യുവാവ് ഗണ്യമായ ഉൾക്കാഴ്ച പ്രകടമാക്കി: “ജീവിതം പരമാവധി പ്രയോജനപ്പെടുത്തുന്നതു നിർത്തിയ ഏതൊരുവനും, മേലാൽ ജീവിതത്തെ സ്നേഹിക്കുകയും അതിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്യാത്ത ഏതൊരുവനും എന്റെ അഭിപ്രായത്തിൽ പ്രായംചെന്നവനാണ്. എത്ര വയസ്സാകുമ്പോൾ ഒരാളെ ‘പ്രായംചെന്നതായി’ കണക്കാക്കാം എന്നു പറയുക യഥാർഥത്തിൽ അസാധ്യമാണ്. എന്തുകൊണ്ടെന്നാൽ പ്രായംതോന്നിക്കുന്ന കൗമാരപ്രായക്കാരുണ്ട്, ചെറുപ്പക്കാരെപ്പോലെയിരിക്കുന്ന പ്രായമുള്ള ആളുകളുമുണ്ട്.”
പ്രായംചെന്നവരെങ്കിലും സന്തുഷ്ടരും സംതൃപ്തരും
ചിലരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പിൽക്കാല വർഷങ്ങൾ ചില അർഥങ്ങളിൽ സുവർണ വർഷങ്ങളാണ്. സന്തുഷ്ടരായ ഈ പ്രായംചെന്നവർ നിരന്തരമുള്ള ജോലിയുടെ സമ്മർദങ്ങളിൽനിന്നും പരിമിതികളിൽനിന്നുമുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം വാർധക്യം തങ്ങളുടെ പേരക്കിടാങ്ങളോടൊത്തു കൂടുതൽ സമയം ആസ്വദിക്കുന്നതിനെ അർഥമാക്കുന്നു. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്നതിനെയല്ല തങ്ങളുടെ സന്തോഷം ആശ്രയിച്ചിരിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നു. തങ്ങളുടെ മനസ്സിലുള്ളതു പറയാൻ അവർക്കു കൂടുതൽ സ്വാതന്ത്ര്യം തോന്നിയേക്കാം. അങ്ങനെ അവരുടെ പിരിമുറുക്കം അയയുകയും കൂടുതൽ സംതൃപ്തി തോന്നുകയും ചെയ്യുന്നു.
കൂടുതലായി, അത്തരക്കാർ തങ്ങൾക്കു വ്യക്തിപരമായ ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും സഹായമാവശ്യമായിരിക്കുന്നവരെ സ്വമേധയാ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. വായിച്ചുകേൾപ്പിച്ചുകൊണ്ട് അവർ അന്ധരെ സഹായിക്കുന്നു, അനാഥരോടുകൂടെ യാത്രപോകുന്നു, അല്ലെങ്കിൽ കൂടുതൽ ആത്മസംതൃപ്തി തോന്നാൻ വികലാംഗരെ സഹായിക്കുന്നു. മറ്റു ചിലരാണെങ്കിൽ ഒരു കുടുംബം പുലർത്തിപ്പോന്നപ്പോൾ അല്ലെങ്കിൽ ഉപജീവനം തേടിക്കൊണ്ടിരുന്നപ്പോൾ തങ്ങൾക്കു ചെയ്യാൻ കഴിയാതിരുന്ന പുതിയ വൈദഗ്ധ്യങ്ങൾ അഭ്യസിക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. പേരുകേട്ട അമേരിക്കൻ ചിത്രകാരി ഗ്രാൻഡ്മാ മോസസ് തന്റെ 70-കളുടെ ഒടുവിലാണു ചിത്രരചനാ ജോലി ആരംഭിച്ചത്. 100 വയസ്സിനുശേഷം അവർ 25 ചിത്രങ്ങൾ പൂർത്തിയാക്കിയിരുന്നു!
തീർച്ചയായും, സന്തോഷം നേടുന്നതിന് ഒരുവൻ സാധാരണമല്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടതില്ല. 86-ാമത്തെ വയസ്സിൽ ലോകപ്രസിദ്ധയായ ഒരു നാടക നടി ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഞാൻ ഏറ്റവും നന്നായി ജീവിതം ആസ്വദിക്കുന്നത് ഇപ്പോഴാണ്! ഇത്രയും വൈകിയോ? എന്നു നിങ്ങൾ അതിശയിച്ചേക്കാം. എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ ആയിരിക്കുന്നതിന്റെ നേട്ടം എന്താണെന്നു ചോദിച്ചാൽ ഞാൻ മുമ്പും പിമ്പും നോക്കുന്നില്ല—ഒരു സമയത്ത് അധികം ദിവസങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല—എന്നതാണ്. ഞാൻ വർത്തമാനകാലം മാത്രം ആസ്വദിക്കുന്നു.” അവർ ഇപ്രകാരം കൂട്ടിച്ചേർത്തു: “നിങ്ങളെക്കുറിച്ചുതന്നെയും നിങ്ങളുടെ ജീവിതത്തെക്കുറിച്ചും യഥാർഥ സംതൃപ്തി തോന്നാൻ നിങ്ങൾ പ്രശസ്തി ആർജിക്കണമെന്നില്ല, പത്തുലക്ഷം ഡോളറിന്റെ ഉടമയാകണമെന്നുമില്ല.”
പ്രായംചെന്നതിന്റെ മറ്റൊരു നേട്ടം സാധാരണമായി വർഷങ്ങളിലൂടെ ആർജിച്ചെടുത്ത ജ്ഞാനവും അനുഭവപരിചയവുമാണ്. നിങ്ങൾ ഈ മുതൽക്കൂട്ടുകൾ വിലമതിക്കുന്നുവോ? അപ്രകാരം ചെയ്യുന്ന ഒരു സ്ത്രീ പിൻവരുന്നതു പറഞ്ഞു: “വർഷങ്ങളിലൂടെ ആർജിച്ചെടുത്ത ജ്ഞാനം ഞാൻ വിലമതിക്കുന്നു. യഥാർഥത്തിൽ പ്രാധാന്യമുള്ള സംഗതി എന്താണെന്നു മനസ്സിലാക്കിയത് ജീവിത പ്രശ്നങ്ങളെ തരണംചെയ്യാൻ എന്നെ സഹായിച്ചു. വാസ്തവത്തിൽ, അനേകം യുവതികൾ ഉപദേശത്തിനായി എന്റെയടുത്ത് വരുന്നുണ്ട്. സാധാരണ അവർ അവസാനം പറയുന്ന ഒരു സംഗതിയുണ്ട്: ‘നിങ്ങളോടു സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്കു വളരെ സന്തോഷമുണ്ട്, അതിനെക്കുറിച്ച് ആ രീതിയിൽ മുമ്പൊരിക്കലും ഞാൻ ചിന്തിച്ചിരുന്നില്ല.’ അതു ഞാനൊന്നിനും വേണ്ടി കൈമാറില്ല. മറ്റുള്ളവരെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ സഹായിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ ചാരിതാർഥ്യമുള്ളവളാണ്.”
പ്രായമായവരെ സംബന്ധിച്ചുള്ള വീക്ഷണം
പ്രായമായവർക്ക് ഉയർന്ന ആദരവു നൽകുകയും അവരുടെ ഉപദേശം കേൾക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പല ദേശങ്ങളിലും ഇതിനു മാറ്റംവന്നിരിക്കുന്നു. ഇപ്പോൾ പ്രായമായവരെ മിക്കപ്പോഴും അവഗണിക്കുകയും അവരോടു മോശമായി പെരുമാറുകപോലും ചെയ്യുന്നു. ഇത് ദുഃഖകരമായ ഒരു സംഗതിയാണ്, കാരണം പ്രായംചെന്നവർ ജ്ഞാനത്തിന്റെയും അനുഭവപരിചയത്തിന്റെയും സമൃദ്ധമായ ഒരു സ്രോതസ്സ് ആണ്, ചെറുപ്പക്കാർക്ക് അവയിൽനിന്നു പ്രയോജനം അനുഭവിക്കാനും കഴിയും. തീർച്ചയായും ഇത് പ്രായമായവർക്കു മറ്റുള്ളവരുടെ ജീവിതത്തിൽ തല കടത്താനുള്ള ലൈസൻസ് നൽകുന്നില്ല.
സന്തോഷകരമെന്നു പറയട്ടെ, പ്രായംചെന്നവർക്ക് അർഹമായ ബഹുമാനം കൊടുക്കുന്ന ചില സംസ്കാരങ്ങൾ ഇന്നുമുണ്ട്. ഉദാഹരണത്തിന്, ജപ്പാനിലും മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും അവർ പലപ്പോഴും കുടുംബത്തിന്റെയും ജനസമുദായത്തിന്റെയും കാമ്പാണ്. സാധാരണമായി ആളുകൾക്കു നൂറിലധികം വർഷത്തെ ആയുസ്സുള്ള മുൻ സോവിയറ്റ് യൂണിയനിലെ ജോർജിയയിലുള്ള അബ്കാസ് റിപ്പബ്ലിക്കിൽ പ്രായംകുറഞ്ഞ തലമുറകൾ നൂറു വയസ്സുകാരെ ആദരിക്കുന്നു. പ്രായംചെന്നവരുടെ അഭിപ്രായമാണു മിക്കപ്പോഴും കുടുംബത്തിൽ നിയമമായി കണക്കാക്കപ്പെടുന്നത്.
ചെറുപ്പക്കാർ ഈ ജ്ഞാന ഉറവിൽനിന്നു ജ്ഞാനം ഊറ്റിയെടുക്കുമ്പോൾ കുടുംബ ഘടകം പ്രയോജനമനുഭവിക്കുന്നു. മുത്തശ്ശീമുത്തശ്ശൻമാർക്കും പേരക്കിടാങ്ങൾക്കുമിടയിൽ ഒരു പ്രത്യേക ബന്ധം ഉണ്ടായിരിക്കാൻ കഴിയും. രണ്ടു പ്രായ ഗ്രൂപ്പുകാർ തമ്മിലുള്ള ഈ ഉറ്റ സൗഹൃദത്തിലൂടെയാണു കുട്ടികൾ പലപ്പോഴും ക്ഷമ, അനുകമ്പ, സമാനുഭാവം, മുതിർന്നവരോടുള്ള ആദരവ് എന്നിവ പഠിക്കുന്നത്. ഈ ബന്ധം നഷ്ടമാകുമ്പോൾ ചെറുപ്പക്കാർ പ്രതികൂലമായി ബാധിക്കപ്പെടുന്നു.
തങ്ങളോട് എങ്ങനെ പെരുമാറാനാണ് അവരാഗ്രഹിക്കുന്നത്?
പ്രായംചെന്നവർ ആദരിക്കപ്പെടാൻ ആഗ്രഹിക്കുന്നു. തീരുമാനങ്ങളെടുക്കുകയും അങ്ങനെ തങ്ങളുടെ ജീവിതത്തിൻമേൽ തങ്ങൾക്കു നിയന്ത്രണമുള്ളതായി അവർക്കു തോന്നുകയും ചെയ്യേണ്ടതുണ്ട്. അവരുടെ ശാരീരിക പ്രാപ്തികൾ പ്രായത്തോടൊപ്പം കുറയുമെങ്കിലും മനസ്സിനെ ക്രിയാത്മകമായി നിർത്തുന്നവർ പലപ്പോഴും ബുദ്ധികൂർമതയുള്ളവരായിത്തന്നെ ഇരിക്കുന്നു. ചെറുപ്പമായിരുന്നപ്പോൾ ചെയ്തിരുന്നതുപോലെ അവർ ദ്രുതഗതിയിൽ ചിന്തിക്കുകയോ വേഗത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുകയോ ചെയ്യുകയില്ലായിരിക്കാം എന്നതു സത്യംതന്നെ. എന്നാൽ അവരെ നിസ്സാരമായി തള്ളുകയോ കുടുംബത്തിലെ അവരുടെ പങ്കിനെ അപഹരിക്കുകയോ പ്രായംചെന്നവർ സ്വയം ചെയ്യാൻ ഇഷ്ടപ്പെടുന്ന വീട്ടുജോലികൾ മറ്റുള്ളവർ ഏറ്റെടുക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താൽ അവർക്ക് ഇച്ഛാഭംഗവും നിരാശയും അനുഭവപ്പെടുകയും തങ്ങൾ അപര്യാപ്തരാണെന്നും ഒന്നിനും കൊള്ളാത്തവരാണെന്നുപോലും തോന്നാൻ ഇടയാകുകയും ചെയ്യും.
പ്രായമായവരെ സംബന്ധിച്ചിടത്തോളം ഉത്പാദനക്ഷമമായ പ്രവർത്തനം മർമപ്രധാനമാണ്; തങ്ങൾ മൂല്യമുള്ളവരാണെന്നു തോന്നാൻ അതിടയാക്കുന്നു. അബ്കാസ് റിപ്പബ്ലിക്കിലെ നൂറുവയസ്സുകാർക്ക് മിക്കപ്പോഴും അനവധി അനുദിന വീട്ടുജോലികൾ കൈകാര്യംചെയ്യാനുണ്ടെന്നതു ശ്രദ്ധേയമാണ്. വയലിൽ വേല ചെയ്യൽ, വളർത്തുകോഴികൾക്കു തീറ്റ കൊടുക്കൽ, തുണിയലക്കൽ, വീടു വൃത്തിയാക്കൽ, കൊച്ചു കുട്ടികളെ പരിപാലിക്കൽ എന്നിവ. ഇവയെല്ലാം അവരുടെ ദീർഘായുസ്സിനു സംഭാവന ചെയ്യുന്നു എന്നുള്ളതിനു സംശയമില്ല. അർഥവത്തായ ജോലിയുള്ളപ്പോൾ പ്രായംചെന്നവർ വളരെ ആത്മസംതൃപ്തി അനുഭവിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർക്കു ജീവിതത്തിൽ ഇപ്പോഴൊരു ഉദ്ദേശ്യമുണ്ട്.
പക്ഷാഘാതമോ മറ്റേതെങ്കിലും രോഗമോ ബാധിച്ച് വയ്യാതാകുമ്പോൾപ്പോലും മറ്റുള്ളവർ തങ്ങളോട് അന്തസ്സോടെ പെരുമാറാനാണ് അവർ ആഗ്രഹിക്കുന്നത്. താഴ്ത്തി സംസാരിക്കുന്നതോ കുട്ടികളെ വഴക്കുപറയുന്നതുപോലെ വഴക്കുപറയുന്നതോ അവർ വിലമതിക്കുന്നില്ല. അവർക്കു സംസാരിക്കാൻ കഴിയില്ലെങ്കിലും സാധാരണമായി കേൾക്കാൻ കഴിയും, മനസ്സിലാക്കാവുന്നതുപോലെ അവരുടെ വികാരങ്ങൾ എളുപ്പം മുറിപ്പെടുന്നതുമാണ്. ചിലപ്പോൾ അമിതമായ ചികിത്സമൂലം അവർ അവശരായി കാണപ്പെട്ടേക്കാം, യഥാർഥത്തിൽ അങ്ങനെയല്ലാത്തപ്പോൾപ്പോലും. അതുകൊണ്ട് മറ്റേതു വികാരത്തെക്കാളുമധികമായി സമാനുഭാവമാണ് അവരെ ഉചിതമായി പരിചരിക്കുന്നതിനുള്ള താക്കോൽ.
പ്രായംചെന്നവർക്കു വീട്ടിൽ തന്നെ കഴിഞ്ഞുകൂടേണ്ടിവന്നേക്കാമെന്നതിനാൽ മറ്റുള്ളവർ തങ്ങളെ മറന്നുപോയിട്ടില്ലെന്ന് അവർക്കു തോന്നേണ്ടതിന്റെ ആവശ്യമുണ്ട്. അവർ സന്ദർശകരെ വിലമതിക്കുന്നു. രാജ്യവേലയുടെ വികസനത്തിന് കഴിഞ്ഞകാലത്തു ശ്രദ്ധേയമായ സംഭാവന ചെയ്തിട്ടുള്ള വയ്യാത്ത, പ്രായംചെന്ന അംഗങ്ങളെ ക്രിസ്തീയ സഭയിലെ അംഗങ്ങൾ സന്ദർശിക്കുകയോ ഫോൺവിളിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അത് എത്ര ദുഃഖകരമാണ്! വാസ്തവത്തിൽ, അത്തരം സന്ദർശനങ്ങളും ഫോൺ വിളികളും പ്രായമായവർക്കു ചെയ്യുന്ന വലിയ പ്രയോജനത്തോടു താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്കു ചിലവാകുന്ന സമയവും ശ്രമവും കുറവാണ്!
മറ്റുള്ളവർ അവരോട് എങ്ങനെയും പെരുമാറിക്കൊള്ളട്ടെ, പ്രായംചെന്നവർ തങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കുന്നുവെന്നതിനെ വളരെയധികം കാര്യങ്ങൾ ആശ്രയിച്ചിരിക്കുന്നു. ഒരു 75 വയസ്സുകാരി ഇപ്രകാരം പ്രഖ്യാപിച്ചു: “എപ്പോഴും എന്തെങ്കിലും ചെയ്യാൻ കാണുമെന്നുള്ളതാണു യഥാർഥത്തിൽ മുമ്പോട്ടുപോകാൻ എന്നെ സഹായിക്കുന്ന സംഗതി. പ്ലാനുകളും ലക്ഷ്യങ്ങളുമില്ലാത്തപ്പോൾ എനിക്കൊന്നും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. തീർച്ചയായും എനിക്കു ശാരീരിക പ്രശ്നങ്ങളുണ്ട്. എന്നാൽ എന്റെ പ്രായത്തിലുള്ള മിക്കവർക്കും അവയുണ്ട്.”
സ്ഥിരം പരാതിക്കാരും സഹകരണമനോഭാവമില്ലാത്തവരും ആയിത്തീരുന്നത് പ്രായംചെന്നവർ ഒഴിവാക്കണം. കഷ്ടത അനുഭവിക്കുമ്പോൾ ഇതത്ര എളുപ്പമായിരിക്കയില്ല. പ്രായംചെന്ന ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു: “എനിക്കു ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും അസുഖങ്ങൾ എന്റെ ജീവിതത്തിലെ സന്തോഷത്തെ കുറച്ചുകളഞ്ഞിട്ടില്ല. എല്ലാറ്റിലും പ്രധാനം മനോഭാവമാണെന്നു ഞാൻ കരുതുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിലെ ജീവിതാനുഭവം എന്നെ സമ്പന്നനാക്കിത്തീർത്തിരിക്കുന്നു. ചെറുപ്പമായി തുടരുന്നതിനുള്ള താക്കോൽ ചെറുപ്പക്കാരുമായി സഹവസിക്കുന്നതാണെന്ന് എനിക്കു തോന്നുന്നു. അവർ എന്റെ ജ്ഞാനത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നു. ഞാൻ അവരുടെ ഊർജവും ചോർത്തിയെടുക്കുന്നു. നിങ്ങൾക്കറിയാമോ, യഥാർഥത്തിൽ എന്റെ മനസ്സ് ചെറുപ്പമാണ്.”
എന്തു ചെയ്യാൻ കഴിയും?
നിങ്ങൾ ചെറുപ്പമാണെങ്കിൽ, വാർധക്യത്തെക്കുറിച്ചും പ്രായംചെന്നവരോടുള്ള പെരുമാറ്റത്തെക്കുറിച്ചുമുള്ള വീക്ഷണഗതി നിങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടോ? നിങ്ങൾ പ്രായംചെന്ന ഒരാളാണെങ്കിൽ ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചതുരത്തിലെ ചോദ്യങ്ങൾ എന്തുകൊണ്ട് നിങ്ങളോടുതന്നെ ചോദിച്ചുകൂടാ? നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താൻ തക്കവണ്ണം നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ടോ?
ഈ ചതുരത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഉവ്വ് എന്ന ഉത്തരം നൽകുന്നെങ്കിൽ പ്രായമായവരോ ചെറുപ്പക്കാരോ ആയ സുഹൃത്തുക്കൾ നിങ്ങൾക്ക് ഇല്ലാതെവരുന്നത് അപൂർവമായിരിക്കും. നിങ്ങളുടെകൂടെ ആയിരിക്കുന്നതിന് മറ്റുള്ളവർ സ്വാഭാവികമായും ആഗ്രഹിച്ചുപോകും. എല്ലാറ്റിലുമുപരിയായി, നിങ്ങൾ നിങ്ങളുടെതന്നെ സഹവാസം ആസ്വദിക്കും, ജീവിതം ഏതു പ്രായത്തിലും രസകരവും പൂർണവുമാണെന്നു കണ്ടെത്തും.
[16-ാം പേജിലെ ചതുരം]
പ്രായമായവർക്കുള്ള ഒരു ആത്മ-പരിശോധന
◻ഞാൻ ഭാവിയിലേക്കു പ്രത്യാശയോടെ നോക്കുന്നുവോ?
◻പുതിയ കാര്യങ്ങൾ പഠിക്കാൻ ഞാൻ ഇപ്പോഴും ജിജ്ഞാസയും ആകാംക്ഷയും ഉള്ളവനാണോ?
◻സാധ്യമാകുന്നിടത്തോളം ക്രിയാത്മകമായി നിൽക്കുവാൻ ഞാൻ ശ്രമിക്കുന്നുവോ?
◻ഓരോ ദിവസത്തെയും അതായിരിക്കുന്ന വിധത്തിൽ ഞാൻ സ്വീകരിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ടോ?
◻ഞാൻ ആഹ്ലാദമുള്ളവനും മറ്റുള്ളവർക്ക് പ്രോത്സാഹനം പകരുന്നവനുമാണോ?
◻ഞാൻ എന്റെ നർമബോധം നിലനിർത്താൻ ശ്രമിക്കുന്നുവോ?
◻ലളിതമായി പറഞ്ഞാൽ—പ്രായംചെല്ലുന്തോറും ഞാൻ എന്റെ മാന്യത നിലനിർത്തുന്നുവോ?
[15-ാം പേജിലെ ചിത്രം]
നിങ്ങൾ പ്രായമായവരെ സന്ദർശിക്കുന്നുവോ?