നിങ്ങൾ തൈലസൈനെ കണ്ടിട്ടുണ്ടോ?
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
‘ഞാൻ എന്തിനെ കണ്ടിട്ടുണ്ടോന്നാ?’ നിങ്ങൾ ചോദിച്ചേക്കാം. ‘തൈലസൈൻ എന്താണെന്നു പോലും എനിക്കറിയില്ല.’
വാസ്തവത്തിൽ, “തൈലസൈൻ” എന്നത് പൂർണ ജീവശാസ്ത്ര നാമമായ തൈലസിനസ് സൈനോസിഫാലസിന്റെ ഹ്രസ്വ രൂപവും ഓസ്ട്രേലിയയിൽനിന്നുള്ള ടാസ്മേനിയൻ കടുവ അല്ലെങ്കിൽ ടാസ്മേനിയൻ ചെന്നായ് എന്നറിയപ്പെടുന്ന ഒരു ആകർഷകമായ മൃഗത്തിന്റെ പേരുമാണ്.
തൈലസിനസ് സൈനോസിഫാലസിന്റെ അക്ഷരാർഥം “സഞ്ചിയും ചെന്നായുടെ തലയുമുള്ള പട്ടി” എന്നാണ്. എന്നാൽ ഓസ്ട്രേലിയയുടെ ചെറിയ ദ്വീപ സംസ്ഥാനമായ ടാസ്മേനിയയിലെ ആദിമ യൂറോപ്യൻ നിവാസികൾ ഈ മൃഗത്തിന് കൂടുതൽ ലളിതമായ വിവിധ പേരുകൾ നൽകി. അവയിൽ സീബ്രാ ഒപ്പോസം, കഴുതപ്പുലി, സീബ്രാ ചെന്നായ്, നായുടെ തലയുള്ള ഒപ്പോസം എന്നീ പേരുകൾ സാധാരണമായിരുന്നു. ഏതാണ്ട് 200 വർഷങ്ങൾക്കു മുമ്പു മാത്രം എത്തിച്ചേർന്ന വെള്ളക്കാരന് ദീർഘനാൾ മുമ്പ് ടാസ്മേനിയയിൽ ഉണ്ടായിരുന്ന ആദിവാസികൾ തൈലസൈനെ വിളിച്ചിരുന്നത് കൊരിന എന്നാണ്.
ടാസ്മേനിയൻ കടുവാക്ക് വംശനാശം സംഭവിച്ചതായാണ് ഇപ്പോൾ കരുതിപ്പോരുന്നത്. എന്നാൽ പഞ്ഞികുത്തി നിറച്ച സാമ്പിളുകൾ കാഴ്ചബംഗ്ലാവുകളിൽ കാണാൻ കഴിയും. ഏറ്റവും അവസാനം ജീവിച്ചിരുന്നതായി അറിയപ്പെടുന്ന തൈലസൈൻ ടാസ്മേനിയയുടെ തലസ്ഥാനമായ ഹോബർട്ടിലുള്ള ഒരു കാഴ്ചബംഗ്ലാവിൽവെച്ച് 1936-ൽ ചത്തുപോയി. എന്നിരുന്നാലും, ജീവനുള്ള ചില തൈലസൈനുകൾ ടാസ്മേനിയൻ കാടുകളിൽ ഒളിച്ചുനടപ്പുണ്ടെന്ന് അവകാശപ്പെടുന്നവരുണ്ട്. അവയെ കണ്ടതായുള്ള റിപ്പോർട്ടുകൾ തുടരുന്നു.
യഥാർഥത്തിൽ കടുവ കുടുംബത്തിലേതല്ലെങ്കിലും ടാസ്മേനിയൻ കടുവ എന്നുള്ള പേര് മിക്കവാറും ലഭിച്ചത് അതൊരു വരയൻമൃഗവും മാംസഭോജിയുമായതുകൊണ്ടാണ്. വ്യക്തമായ, ഇരുണ്ട തവിട്ടുനിറമുള്ള, മിക്കവാറും കറുത്ത വരകൾ അതിന്റെ മുതുകിലും നീണ്ടതും ദൃഢവുമായ വാലിലും കുറുകെ കാണപ്പെടുന്നു. കൂടുതൽ ആകർഷകമായ ഒരു വസ്തുത തൈലസൈൻ ഒരു സഞ്ചിമൃഗം ആണെന്നുള്ളതാണ്—അതായത്, പെൺമൃഗത്തിന് സഞ്ചിയുണ്ട്. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തീരെ ചെറുതും മാസം തികയാത്തവയും കാഴ്ചശക്തിയില്ലാത്തവയുമാണ്. ജനിച്ചുകഴിഞ്ഞ് അവ തള്ളയുടെ സഞ്ചിയെ ലക്ഷ്യമാക്കി നീങ്ങുന്നു. പൂർണ വളർച്ചയെത്തി സഞ്ചി വിട്ടുപോകാൻ പ്രാപ്തമാകുന്നതുവരെ അവിടെ അവ തള്ളയുടെ മുലകുടിച്ചു കഴിയുന്നു. തീരെ ചെറിയ ഈ നവജാതർ പുറത്തേക്കിറങ്ങിത്തിരിക്കുന്നതിനു മുമ്പ് തള്ളത്തൈലസൈന്റെ സഞ്ചിയിൽ ഏതാണ്ട് മൂന്നു മാസത്തോളം കഴിയുന്നു. സഞ്ചിയിൽനിന്നു വെളിയിൽ ചാടിയാൽ ഉടൻതന്നെ തൈലസൈൻ കുഞ്ഞ് അമ്മയുടെ പിറകെ ഇരതേടി പുറപ്പെടുന്നു.
അടുത്ത കാലങ്ങളിൽ അറിയപ്പെടുന്ന മാംസഭോജിയായ ഏറ്റവും വലിയ സഞ്ചിമൃഗം തൈലസൈൻ ആണെന്ന് ഊന്നിപ്പറയാറുണ്ട്. കംഗാരുവിനെപ്പോലെയുള്ള സഞ്ചിമൃഗങ്ങളിൽനിന്നു വ്യത്യസ്തമായി പെൺ തൈലസൈന്റെ സഞ്ചി പുറകോട്ടാണു തുറക്കുന്നത്. ഒരുസമയത്ത് അവൾക്ക് നാലു കുഞ്ഞുങ്ങളെ ചുമന്നുകൊണ്ടുനടക്കാനും മുലയൂട്ടാനും കഴിയും.
എത്ര വ്യാപകം?
ആദിവാസികൾ കൊത്തിയ തൈലസൈന്റെ ശിലാചിത്രങ്ങളും അതിന്റെ ഫോസിലുകളും ഉണങ്ങിയതും കേടുവരാതെ സംരക്ഷിക്കപ്പെട്ടതുമായ സാമ്പിളുകളും ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തൈലസൈന്റെ മുഖ്യ വാസസ്ഥാനം ടാസ്മേനിയ ആണെന്നു തോന്നുന്നു. അവിടെപ്പോലും അവ ഒരിക്കലും ധാരാളമുണ്ടായിരുന്നിരിക്കാനിടയില്ല. അതിന്റെ വംശനാശത്തിന് മുഖ്യ ഉത്തരവാദി മനുഷ്യരാണ്. ഈ ടാസ്മേനിയൻ കടുവ തന്നെ ഒരു ഇരപിടിയനായിരുന്നു. എങ്കിലും കുശാഗ്ര ബുദ്ധിയുള്ളവരും അത്യാർത്തിപൂണ്ടവരുമായ ആ സ്ഥലത്തെ വെള്ളക്കാരായ ചില നായാട്ടുകാരെ അവയ്ക്കു ചെറുത്തുനിൽക്കാനായില്ല. ജിജ്ഞാസുവും മനുഷ്യനെ മിക്കവാറും ഭയമില്ലാത്തവയുമായിരുന്നതിനാൽ തൈലസൈൻ തോക്കിനും കെണിക്കും എളുപ്പം ഇരയായിരുന്നു.
ടാസ്മേനിയൻ കടുവ ഒരു ആടു കൊലയാളിയാണെന്ന് അനേകം കർഷകർ അവകാശപ്പെട്ടു. അതുകൊണ്ട് വലിയ ആടുവളർത്തൽ ബിസിനസ് ഉണ്ടായിരുന്നവരും ടാസ്മേനിയൻ ഗവൺമെന്റും അവയെ കൊല്ലുന്നതിന് ആകർഷകമായ തുകകൾ നൽകി. കുടുക്കുവെച്ചു പിടിച്ച ജീവനുള്ള മൃഗങ്ങളെ ഉടൻതന്നെ വിദേശ മൃഗശാലകൾ സ്വന്തമാക്കി. പല വർഷങ്ങൾക്കു മുമ്പ് ടാസ്മേനിയയിലെ വന്യജീവികളുടെ ഭൂരിഭാഗത്തെയും നശിപ്പിച്ച ഗുരുതരമായ ഒരു അജ്ഞാത രോഗം തൈലസൈന്റെ എണ്ണത്തെ ബാധിച്ചു എന്നുള്ളതിനു സംശയമില്ല. എങ്കിലും ഇതുവരെ അവ ഏറ്റവും കൂടുതൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത് മനുഷ്യനാലാണ്.
അന്യാദൃശമായ നായാട്ടു രീതികൾ
സാധാരണമായി തൈലസൈൻ നായാട്ടിനുപോകുന്നത് ഒറ്റതിരിഞ്ഞാണ്, ചിലപ്പോൾ ജോഡിയായിട്ടും പോകാറുണ്ട്. ചെറിയ കംഗാരുവിനെപ്പോലെയുള്ള മൃഗത്തെ ഉന്നംവെച്ചിട്ട്, അതിനെ പിടിക്കാനായി ഓടിച്ചുതളർത്തിക്കൊണ്ടു പുറകെ പായുന്നതാണ് അതിന്റെ രീതി. ഇരയുടെ വേഗത കുറഞ്ഞ്, അതു തളരുമ്പോൾ തൈലസൈൻ അതിന്റെ മേൽ ചാടിവീണ് ശക്തമായ താടിയെല്ലുകൾ ഉപയോഗിച്ച് അതിനെ കൊല്ലുന്നു. ഈ അസാധാരണ മൃഗത്തിന്റെ അനന്യമായ മറ്റൊരു സവിശേഷത അവ വായ്പൊളിക്കുമ്പോൾ താടിയെല്ലുകൾ തമ്മിലുള്ള അകലമാണ്, അത് അത്ഭുതപ്പെടുത്തുമാറ് 120 ഡിഗ്രിയാണ്!
മൃതശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങൾ മാത്രം തിന്നുന്ന അതിന്റെ രീതി—സാധാരണമായി ആന്തരാവയവങ്ങൾ മാത്രം—ദ്രോഹബുദ്ധിയുള്ള കൊലയാളികളായി ചിലർ അവയെ കണക്കാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ശവംതീനിയായ (ഇപ്പോഴും നിലവിലുള്ള) ടാസ്മേനിയൻ പിശാച് എന്നു വിളിക്കപ്പെടുന്ന കുറേക്കൂടെ വലിപ്പം കുറഞ്ഞ, മാംസഭോജിയായ മറ്റൊരു സഞ്ചിമൃഗം ഈ കടുവയെ പിന്തുടരുകയും ഉടൻതന്നെ വന്ന് മിച്ചമെല്ലാം—അസ്ഥികളും രോമവുമെല്ലാം—തിന്നു തീർക്കുകയും ചെയ്യുന്നു.
തൈലസൈൻ മനുഷ്യന് ഒരു ഭീഷണിയല്ലായിരുന്നതായി കാണുന്നു. അവ എന്നെങ്കിലും മനുഷ്യനെ വേട്ടയാടിയതായി തെളിവൊന്നുമില്ല. പ്രായംചെന്ന ഒരു മനുഷ്യൻ, താൻ അനേക വർഷങ്ങൾക്കു മുമ്പ് ഒരു വൈകുന്നേരം പാളയത്തിൽ കൂട്ടിയിരുന്ന തീയുടെ മുന്നിൽ വായിച്ചുകൊണ്ടിരുന്നത് ഓർമിക്കുന്നു. ഒരു ടാസ്മേനിയൻ കടുവ പമ്മിപമ്മി പേടിപ്പെടുത്തുംവിധം പാത്തും പതുങ്ങിയും വരുന്നത് തീ നാളങ്ങൾക്കിടയിലൂടെ പെട്ടെന്ന് അദ്ദേഹം കണ്ടു. ആക്രമണം ഭയന്ന് അദ്ദേഹം ഒച്ചയുണ്ടാക്കാതെ തന്റെ തോക്ക് കൈനീട്ടിയെടുത്ത് തീനാളങ്ങളിലൂടെ ശ്രദ്ധാപൂർവം ഉന്നംനോക്കി വെടിവെച്ചു. തൈലസൈൻ പുറകോട്ടു വല്ലാതെ മലക്കംമറിഞ്ഞു. എങ്കിലും വലിയ പരിക്കൊന്നും പറ്റിയില്ലെന്നു തോന്നുന്നു. കാരണം അത് ചാടിയെണീറ്റ് ഇരുട്ടിൽ മറഞ്ഞിരുന്നു. കടുവക്കു താൻ എത്രമാത്രം മുറിവേൽപ്പിച്ചു എന്നു കാണുന്നതിനായി രക്തം നോക്കി പോകുമ്പോൾ വെടിയുണ്ട തറച്ച ഒരു വലിയ ഒപ്പോസത്തെ തീയുടെ തൊട്ടു മുന്നിലായി അദ്ദേഹം കണ്ടെത്തി. തൈലസൈൻ പാത്തും പതുങ്ങിയും ചെന്നത് അതിനെ പിടിക്കാനായിരുന്നു!
കണ്ടതായുള്ള റിപ്പോർട്ടുകൾ സംബന്ധിച്ചെന്ത്?
പിടിച്ചിട്ടു വളർത്തിയിരുന്ന അവസാനത്തെ മൃഗം 1936-ൽ ചത്തതിൽപ്പിന്നെ തൈലസൈനെ കണ്ടതായുള്ള അനേകം റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഏതെങ്കിലും ഒരെണ്ണം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ജന്തുശ്ശാസ്ത്രജ്ഞൻമാരെ ബോധ്യപ്പെടുത്തുന്നതിന് ഇതുവരെയും തെളിവുകൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. കേവലം യഥാർഥത്തിലുള്ള ഒന്നിന്റെ ഫോട്ടോയോ ജീവനുള്ള ഒന്നിനെ പിടിക്കുന്നതോ മാത്രമേ തൈലസൈൻ ഇപ്പോഴുമുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്തുകയുള്ളുവെന്നു തോന്നുന്നു.
ടാസ്മേനിയയിലെ ഗ്രാമപ്രദേശത്തു ജീവിക്കുന്ന പ്രായംചെന്ന പലരും പറയുന്നത് അവർ ഒരു ടാസ്മേനിയൻ കടുവയെ കണ്ടാൽപ്പോലും റിപ്പോർട്ടു ചെയ്യുകയില്ലെന്നാണ്. തങ്ങളുടെ ചെറുപ്പകാലത്ത് ഈ അനന്യസാധാരണമായ മൃഗത്തിനു സംഭവിച്ചതായി കരുതുന്ന വംശനാശത്തിന് ഉത്തരവാദി മറ്റു മനുഷ്യരായിരുന്നു എന്ന വസ്തുത സംബന്ധിച്ച് അവർ അസ്വസ്ഥരാണ്. ഏതെങ്കിലും തൈലസൈനുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവയെ ആരും ശല്യം ചെയ്യാൻ ഇക്കൂട്ടർ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട്, “നിങ്ങൾ ഈയിടയെങ്ങാനും തൈലസൈനെ കണ്ടോ?” എന്ന് അവരോടു ചോദിച്ചാൽ അവരുടെ ഉത്തരം—സത്യമാണെങ്കിലും അല്ലെങ്കിലും—“ഇല്ല!” എന്നായിരിക്കും.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tom McHugh/Photo Researchers