പ്രശ്നങ്ങളിൽ ചിലത് ഏവ?
വല്ല്യമ്മവല്ല്യപ്പൻമാർ, മാതാപിതാക്കൾ, പേരക്കുട്ടികൾ—ഏതാനും ദശകങ്ങളുടെ വ്യത്യാസം മാത്രമുള്ള മൂന്നു തലമുറകൾ, എങ്കിലും മാനസികമായി മിക്കപ്പോഴും ഗർത്തസമാന അകലത്തിലുള്ളവർ.
രണ്ടാം ലോകയുദ്ധത്തിന്റെ ഭീതിദാനുഭവവും അതിന്റെ വിനാശകരമായ അനന്തരഫലങ്ങളും വല്ല്യമ്മവല്ല്യപ്പൻമാരിൽ പലരും അനുഭവിച്ചിട്ടുള്ളതാണ്. ’60-കളിലെ പ്രതിഷേധങ്ങളുടെയും സാമ്പത്തിക പെരുപ്പത്തിന്റെയും സമയത്തു സാധ്യതയനുസരിച്ച് അവരുടെ കുട്ടികൾ ചെറുതായിരുന്നിരിക്കാം. അവരുടെ പേരക്കിടാങ്ങൾ ഇന്നു ജീവിക്കുന്നതു മൂല്യച്യുതി സംഭവിച്ച ഒരു ലോകത്താണ്. പ്രമുഖരായ മാതൃകാപുരുഷൻമാർ ഇന്നു ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നതു നിമിത്തം ഒരു തലമുറയ്ക്ക് അതിന്റെ സ്വന്തം അനുഭവജ്ഞാനത്തോടുള്ള വിലമതിപ്പ് അടുത്ത തലമുറയ്ക്കു പകരുക എളുപ്പമല്ല. എന്തിന്റെയോ കുറവുണ്ട്, പരസ്പരം സഹകരിക്കാനും ആദരിക്കാനും വ്യത്യസ്ത തലമുറകളിലെ ആളുകളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്നിന്റെ തന്നെ. എന്നാൽ അതെന്തായിരിക്കാം?
മാതാപിതാക്കൾ പേരക്കുട്ടികളോടു കൂടുതൽ കർക്കശരോ അയഞ്ഞമട്ടുകാരോ ആയിരിക്കുന്നതായി തോന്നുന്നുവെന്നു പരാതിപ്പെട്ടുകൊണ്ട് ക്ഷേമതത്പരരായ വല്ല്യമ്മവല്ല്യപ്പൻമാർ പലപ്പോഴും വിവാഹിതരായ തങ്ങളുടെ മക്കളുടെ കുടുംബകാര്യങ്ങളിൽ കൈകടത്തുന്നു. അതേസമയം തന്നെ ഒരു സ്പാനിഷ് സദൃശവാക്യം ഇങ്ങനെ പറയുന്നു: “വല്ല്യമ്മവല്ല്യപ്പൻമാരിൽനിന്നുള്ള ശിക്ഷ നല്ല പേരക്കുട്ടികളെ ഉളവാക്കുന്നില്ല”—കാരണം വല്ല്യമ്മവല്ല്യപ്പൻമാർ ഇഷ്ടം സാധിച്ചുകൊടുക്കാൻ പ്രവണതകാണിക്കുന്നു. തങ്ങളുടെ മക്കൾ ചില തെറ്റുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവർ ഇടയ്ക്കുകയറുന്നത്, തങ്ങളുടെ അനുഭവപരിചയത്തിൽനിന്ന് അവർക്ക് അവ വ്യക്തമായി കാണാൻ കഴിയും. എന്നിരുന്നാലും, വിവാഹിതരായ മക്കളുമായുള്ള ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം സന്തുലിതമായി വിലയിരുത്താനും വ്യാഖ്യാനിക്കാനും അവർക്ക് കഴിയാതെവന്നേക്കാം. മക്കൾക്കാണെങ്കിൽ, അവർ വളരെനാളായി ആഗ്രഹിച്ചിരുന്ന സ്വാതന്ത്ര്യം ഇപ്പോൾ വിവാഹം മൂലം ലഭിച്ചിരിക്കുകയാണ്, അനാവശ്യമായ ഇടപെടൽ സഹിക്കാൻ അവർ തയ്യാറല്ല. ഇപ്പോൾ കുടുംബം പുലർത്തുന്നത് അവരായതുകൊണ്ട് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള തങ്ങളുടെ അവകാശത്തിൽ കൈകടത്താൻ അവർ സമ്മതിക്കില്ല. ഇനിയും, ഇപ്പോൾത്തന്നെ എല്ലാമറിയാമെന്നു വിചാരിക്കുന്ന പേരക്കുട്ടികൾ നിയമങ്ങളോടും നിയന്ത്രണങ്ങളോടും നീരസം പ്രകടിപ്പിക്കുകയും ഇന്നത്തെ ജീവിതത്തെക്കുറിച്ച് ഒന്നും അറിയാൻ പാടില്ലാത്തവരായി ഒരുപക്ഷേ വല്ല്യമ്മവല്ല്യപ്പൻമാരെക്കുറിച്ചു കരുതുകയും ചെയ്യുന്നു. ആധുനിക സമൂഹത്തിൽ വല്ല്യമ്മവല്ല്യപ്പൻമാർക്ക് അവരുടെ ആകർഷകത്വം നഷ്ടപ്പെട്ടതായി തോന്നുന്നു. അവരുടെ അനുഭവപരിചയം ഒട്ടുമിക്കപ്പോഴും അവഗണിക്കപ്പെടുന്നു.
സംഭാഷണം നിലയ്ക്കുമ്പോൾ
വല്ല്യമ്മവല്ല്യപ്പൻമാർ മക്കളോടൊപ്പമാണു താമസിക്കുന്നതെങ്കിൽപ്പോലും പരസ്പര ധാരണയുടെ അഭാവമെന്ന അഭേദ്യമായ ഭിത്തി ചിലപ്പോഴൊക്കെ അവരെ ബാക്കി കുടുംബാംഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുന്നു. കഷ്ടകരമെന്നു പറയട്ടെ, ഇതു സംഭവിക്കുന്നതു വാർധക്യം കൂടുതൽ ഭാരമേൽപ്പിക്കുന്നതുനിമിത്തം വല്ല്യമ്മവല്ല്യപ്പൻമാർക്കു സ്നേഹത്തിന്റെ കൂടുതലായ ആവശ്യമുള്ള സമയത്തുതന്നെയാണ്. ഒരു മനുഷ്യന് ഏകാന്തത തോന്നാൻ അയാൾ ഒറ്റയ്ക്കായിരിക്കണമെന്നില്ല. സംഭാഷണം നിലയ്ക്കുമ്പോൾ, ആദരവും സ്നേഹവും തരംതാഴ്ത്തലിനും ഈർഷ്യക്കും വഴിമാറിക്കൊടുക്കുമ്പോൾ, ഫലങ്ങൾ വല്ല്യമ്മവല്ല്യപ്പൻമാരെ സംബന്ധിച്ചിടത്തോളം പൂർണമായ അന്യപ്പെടലും ആഴമായ നിരാശയും ആയിരിക്കും. അവരുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ വ്രണപ്പെടുന്നു. പ്രബോധകനായ ജയകോമോ ഡാക്വിനോ ഇപ്രകാരം എഴുതുന്നു: “ആരോ അടുത്തകാലത്ത് പഴഞ്ചനായ, പഴയ ഫാഷനിലുള്ള ഒരു കാറിനോടു താരതമ്യപ്പെടുത്തിയ കുടുംബസ്നേഹമാണ് ഇപ്പോഴും വാർധക്യത്തിനുപറ്റിയ ഏറ്റവും നല്ല മരുന്ന്. മനസ്സിലാക്കുന്നു എന്ന് അറിയിക്കുന്ന ഒരു മുഖഭാവം, ദയാപൂർവകമായ ഒരു പുഞ്ചിരി, ഒരു നല്ല വാക്ക്, അല്ലെങ്കിൽ ഒരു തലോടൽ ഇവയൊക്കെ അനേകം മരുന്നുകളെക്കാളധികം പ്രയോജനം ചെയ്യുന്നു.”—ലിബെർട്ട ഡി ഇൻവെക്ക്യാറെ (പ്രായംചെല്ലാനുള്ള സ്വാതന്ത്ര്യം).
നിങ്ങളുടെ മാതൃകയ്ക്കു വ്യത്യാസമുളവാക്കാൻ കഴിയും
അധഃപതിച്ചുകൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളുടെ ഫലമായുണ്ടാകുന്ന പിരിമുറുക്കം ഒരു തലമുറ മറ്റൊന്നിനെതിരെ തുടർച്ചയായി പരാതി പറയുന്നതിന് ഇടയാക്കുന്നു. മറ്റൊരാൾ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് ഒരു കുടുംബാംഗത്തിനു തോന്നിയേക്കാം. എന്നാൽ ദോഷഫലങ്ങൾ എല്ലാവരും അനുഭവിക്കുന്നു. മാതാപിതാക്കൾ വല്ല്യമ്മവല്ല്യപ്പൻമാരോട് ഇടപെടുന്ന വിധവും അതിനോടുള്ള വല്ല്യമ്മവല്ല്യപ്പൻമാരുടെ പ്രതികരണവും കുട്ടികൾ നിരീക്ഷിക്കുന്നു. പ്രായംചെന്നവർ പൊതുവേ മിണ്ടാതിരുന്നു സഹിക്കുമെങ്കിലും പേരക്കുട്ടികൾ കാര്യങ്ങൾ കേൾക്കുകയും കാണുകയും ഓർമിക്കുകയും ചെയ്യുന്നു. അങ്ങനെ ഭാവിയിലെ അവരുടെ സ്വന്തം സ്വഭാവരീതികളെ ഇതു സ്വാധീനിക്കുന്നു. മുതിർന്നു കഴിയുമ്പോൾ ഇവർ, മാതാപിതാക്കൾ വല്ല്യമ്മവല്ല്യപ്പൻമാരോട് ഇടപെട്ട അതേ വിധത്തിൽത്തന്നെ തങ്ങളുടെ മാതാപിതാക്കളോട് ഇടപെടും. ബൈബിൾ തത്ത്വത്തിൽനിന്നു രക്ഷപെടുക സാധ്യമല്ല: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.”—ഗലാത്യർ 6:7.
മാതാപിതാക്കൾ വല്ല്യമ്മവല്ല്യപ്പൻമാരോടു തരംതാഴ്ന്ന രീതിയിൽ ഇടപെടുന്നതും അവരെ പരിഹസിക്കുന്നതും പരുഷമായ രീതിയിൽ അവരെ നിശബ്ദരാക്കുന്നതും ചൂഷണം ചെയ്യുന്നതുപോലും പേരക്കുട്ടികൾ കാണുന്നെങ്കിൽ തുടർന്ന്, പ്രായംചെല്ലുമ്പോൾ അവർ തങ്ങളുടെ മാതാപിതാക്കളോട് ഇടപെടുന്നത് ഈ രീതിയിൽ ആയിരിക്കും. മേശപ്പുറത്തു വല്ല്യമ്മവല്ല്യപ്പൻമാരുടെ ഫ്രെയിംചെയ്ത ഫോട്ടോ വെക്കുന്നതുമാത്രം മതിയാകുന്നില്ല—വ്യക്തികളെന്നനിലയിൽ അവരെ ആദരിക്കുകയും സ്നേഹിക്കുകയും വേണം. തക്കസമയത്തു പേരക്കുട്ടികളും അതേ രീതിയിൽ ഇടപെട്ടേക്കാം. ദുഷ്പെരുമാറ്റം അനുഭവിക്കുന്ന വല്ല്യമ്മവല്ല്യപ്പൻമാർ എന്ന പ്രതിഭാസം കൂടുതൽ കൂടുതൽ വ്യാപകമായിത്തീരുന്നതായി പറയപ്പെടുന്നു. ചില യൂറോപ്യൻ രാജ്യങ്ങളിൽ, ദുഷ്പെരുമാറ്റം സഹിക്കുന്ന പ്രായംചെന്നവരുടെ കാര്യത്തിൽ ഇടപെടുന്നതിനുവേണ്ടി ടെലഫോൺ സങ്കട ലൈനുകൾ സ്ഥാപിച്ചിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി മുമ്പേതന്നെ പ്രവർത്തനത്തിലുള്ളതിനു സമാനമാണ് ഇത്.
സ്വാർഥതയും അഹന്തയും സ്നേഹത്തിന്റെ അഭാവവും ഗ്രാഹ്യമില്ലായ്മയെ ഊട്ടിവളർത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വല്ല്യമ്മവല്ല്യപ്പൻമാരെ അഗതിമന്ദിരങ്ങളിൽ ആക്കിയിട്ട് അവരിൽനിന്ന് ഒഴിവാകാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കയാണ്. പ്രായംചെന്നവർക്കുവേണ്ടി കരുതുന്നതിന്റെ പൊല്ലാപ്പിൽനിന്ന് ഒഴിവാകുന്നതിനുവേണ്ടി എന്തു ചെലവു സഹിക്കാനും ചിലർക്കു മടിയില്ല. അത്യാധുനികമായ എല്ലാ സാങ്കേതികസൗകര്യങ്ങളാലും സജ്ജീകൃതമായ പ്രത്യേകവത്കൃത കേന്ദ്രങ്ങളിലോ ഫ്ളോറിഡയിലും യു.എസ്.എ., കാലിഫോർണിയയിലും ഉള്ളതുപോലെയുള്ള, സൂപ്പർമാർക്കറ്റുകളും വിനോദങ്ങളും ധാരാളമുള്ള റിട്ടയർമെന്റ് ഗ്രാമങ്ങളിലോ അവരെ ആക്കുന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയുടെയും തലോടലിന്റെയും പേരക്കിടാങ്ങളുടെ ആലിംഗനത്തിന്റെയും കുറവ് അവിടെയുണ്ട്. പ്രത്യേകിച്ച് അവധിക്കാലങ്ങളിൽ പലരും വല്ല്യമ്മയെയും വല്ല്യപ്പനെയും “പാർക്കുചെയ്യാനായി” സ്ഥലം അന്വേഷിക്കുന്നു. തന്നെത്താൻ ഉപജീവനം തേടാനായി വിട്ടുകൊണ്ട് ചില വല്ല്യമ്മവല്ല്യപ്പൻമാരെ കേവലം ഉപേക്ഷിക്കുമ്പോൾ ഇന്ത്യയിലെ അവസ്ഥ ചിലപ്പോൾ ഇതിലും കഷ്ടമാണ്.
വിവാഹമോചനം അടുത്ത കുടുംബബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നതിലെ വൈഷമ്യങ്ങൾ വർധിപ്പിക്കുന്നു. മാതാപിതാക്കൾ രണ്ടുപേരും വീട്ടിലുള്ളത് ബ്രിട്ടനിൽ 4 കുടുംബങ്ങളിൽ ഒന്നിൽ മാത്രമാണ്. വിവാഹമോചനം ലോകവ്യാപകമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യനാടുകളിൽ ഓരോ വർഷവും പത്തു ലക്ഷത്തിലധികം വിവാഹമോചനങ്ങൾ നടക്കുന്നുണ്ട്. അങ്ങനെ മക്കളുടെ വിവാഹ പ്രതിസന്ധികളും അവയുടെ ഫലമായി പേരക്കുട്ടികളുമായുള്ള ബന്ധങ്ങളിലുണ്ടാകുന്ന ഭയങ്കര മാറ്റങ്ങളും വല്ല്യമ്മവല്ല്യപ്പൻമാർക്കു മുഖാമുഖം കാണേണ്ടിവരുന്നു. ഇറ്റാലിയൻ പത്രമായ കൊരീരെ സല്യൂട്ട് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് “അവരുടെ മകന്റെയോ മകളുടെയോ പുതിയ പങ്കാളിക്ക് മുൻ വിവാഹത്തിൽ കുട്ടികളുണ്ടെ”ങ്കിൽ “‘വന്നുചേർന്ന’ പേരക്കിടാങ്ങളുടെ പെട്ടെന്നുള്ള വരവ് ഉണ്ടാക്കിയ” പ്രശ്നത്തോടൊപ്പം മുൻ മരുമകനോടോ മരുമകളോടോ ഇടപെടുന്നതിന്റെ നാണക്കേടുമുണ്ട്.
“നമ്മുടെ ജീവിതത്തിന് ഉൻമേഷം”
വല്ല്യമ്മവല്ല്യപ്പൻമാർ കുടുംബത്തിലെ ബാക്കി അംഗങ്ങളോടൊപ്പമാണു താമസിക്കുന്നതെങ്കിലും അല്ലെങ്കിലും ശരി, അവരുമായുള്ള ഊഷ്മളവും സ്നേഹപൂർവകവുമായ ഒരു ബന്ധം എല്ലാവർക്കും വളരെ പ്രയോജനം ചെയ്യുന്നു. “നമ്മുടെ ജീവിതത്തിന് ഉന്മേഷം ലഭിക്കാൻ നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും വേണ്ടി എന്തെങ്കിലും ചെയ്യുന്നതു മതിയാകും,” ജപ്പാനിലെ ഫുക്കുയിയിലുള്ള ഒരു വല്ല്യമ്മയായ ര്യോക്കോ പറയുന്നു. കൊരീരെ സല്യൂട്ട് പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളനുസരിച്ച്, ഒരു സംഘം യു.എസ്. വിദഗ്ധർ ഇങ്ങനെ പറയുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു: “വല്ല്യമ്മവല്ല്യപ്പൻമാർക്കും പേരക്കിടാങ്ങൾക്കും ഉറ്റവും സ്നേഹപൂർവകവുമായ ഒരു ബന്ധം ആസ്വദിക്കുന്നതിന്റെ നല്ല അനുഭവമുണ്ടായിരിക്കുമ്പോൾ, കുട്ടികൾക്കു മാത്രമല്ല പിന്നെയോ മുഴു കുടുംബത്തിനും വലിയ പ്രയോജനമനുഭവിക്കാവുന്നതാണ്.”
അപ്പോൾപ്പിന്നെ, കുടുംബബന്ധങ്ങളിൽ ഇപ്രകാരം പ്രതികൂല സ്വാധീനം ചെലുത്തുന്ന വ്യക്തിത്വ ഭിന്നതകളെയും തലമുറ വിടവുകളെയും സ്വാർഥതയ്ക്കുള്ള ജൻമനായുള്ള പ്രവണതകളെയും തരണം ചെയ്യാൻ എന്തു ചെയ്യാൻ കഴിയും? ഈ വിഷയം അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
[6-ാം പേജിലെ ആകർഷകവാക്യം]
“പ്രായം ചെല്ലുന്നതു സംബന്ധിച്ച ഭീതിദമായ സംഗതി പ്രായമായവർ പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ്.”—ഫ്രഞ്ച് നോവലെഴുത്തുകാരനായ ആൽബെർട്ട് കാമസ്