‘മമ്മീ, എന്നെ വീട്ടിൽ കൊണ്ടുവന്നതിനു നന്ദി’
എന്റെ ഭർത്താവ് ഗ്ലെൻ വിമാനം പറപ്പിക്കാൻ പോകുമ്പോഴെല്ലാം എനിക്ക് ആധിയായിരുന്നു. അദ്ദേഹം വീട്ടിൽ വന്നെത്തുംവരെ എനിക്കു സ്വസ്ഥതയുണ്ടായിരിക്കുമായിരുന്നില്ല. സാധാരണമായി അദ്ദേഹം ഉല്ലാസത്തിനുവേണ്ടിയായിരുന്നു വിമാനം പറപ്പിച്ചിരുന്നത്. എന്നാൽ ഇപ്രാവശ്യം ആകാശത്തുനിന്നുള്ള കുറെ ഫോട്ടോകൾ എടുക്കാൻ ആരോ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ ഇളയ പുത്രനായ റ്റോഡും അദ്ദേഹത്തിന്റെ കൂടെ പോയി. ഗ്ലെൻ എല്ലായ്പോഴും ശ്രദ്ധാപൂർവം വിമാനം പറപ്പിക്കുന്നയാളായിരുന്നു, അനാവശ്യമായ അപകടസാധ്യതകൾ വലിച്ചുവെച്ചിരുന്നുമില്ല.
അന്ന്, 1982 ഏപ്രിൽ 25 ഞായറാഴ്ച ഉച്ചയ്ക്ക് ഫോൺ ബെല്ലടിച്ചപ്പോൾ ഉൾക്കിടിലത്തോടെയാണു ഞാൻ ഫോൺ എടുത്തത്. അത് എന്റെ ഭർത്തൃ സഹോദരനായിരുന്നു. “ഗ്ലെനും റ്റോഡും ഒരു വിമാനാപകടത്തിൽ പെട്ടു. നമുക്ക് ആശുപത്രിയിൽവെച്ചു കാണാം,” അദ്ദേഹം പറഞ്ഞു.
ഞാനും എന്റെ 13 വയസ്സുള്ള മകൻ സ്കോട്ടും പ്രാർഥിച്ചിട്ട് ആശുപത്രിയിലേക്കു പാഞ്ഞു. ന്യൂയോർക്ക് നഗരത്തിന് ഏതാണ്ട് 100 കിലോമീറ്റർ വടക്കായാണ് ഗ്ലെനിന്റെ വിമാനം തകർന്നുവീണതെന്ന് അവിടെയെത്തിയപ്പോൾ ഞങ്ങൾക്കു മനസ്സിലായി. (തകർച്ചയുടെ കൃത്യമായ കാരണം ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല.) ഗ്ലെനിനും റ്റോഡിനും ജീവനുണ്ടായിരുന്നെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു.
ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനുള്ള അനുവാദം ആശുപത്രിക്കു നൽകിക്കൊണ്ട് ഞാൻ നിയമ ഫാറങ്ങളിൽ ഒപ്പിട്ടു. എന്നാൽ യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ ഞാൻ രക്തപ്പകർച്ച നടത്താൻ സമ്മതിക്കുമായിരുന്നില്ല. അങ്ങനെ ചെയ്യുന്നത് ‘രക്തം വർജിക്കുക’ എന്ന ബൈബിൾ കൽപ്പനയെ ലംഘിക്കുമായിരുന്നു. (പ്രവൃത്തികൾ 15:28, 29) ഇക്കാര്യത്തിൽ തന്റെ ദൃഢതീരുമാനങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്ന ഒരു വൈദ്യരേഖ ഗ്ലെനിന്റെ പക്കലുണ്ടായിരുന്നു. എന്നിരുന്നാലും, രക്തരഹിത വ്യാപ്ത വർധനികൾ ഉപയോഗിക്കുന്നതിനുള്ള അനുവാദം ഞങ്ങൾ ഡോക്ടർമാർക്കു നൽകി.a
ഗ്ലെനിന് തലയ്ക്കും നെഞ്ചിനും ഗുരുതരമായ പരിക്കുകളേറ്റിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം മരിച്ചു. വെയ്റ്റിങ് റൂമിലേക്കു നടന്നു ചെന്ന് എന്റെ മകൻ സ്കോട്ടിനോട് അവന്റെ പിതാവു മരിച്ചുപോയെന്ന് പറയുന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സംഗതി. അവൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇനിയിപ്പോൾ ഞാനെന്തു ചെയ്യും? എന്റെ ഏറ്റവും നല്ല കൂട്ടുകാരനെ എനിക്കു നഷ്ടമായി!” അതേ, വിനോദത്തിലും ആരാധനയിലും തന്റെ രണ്ട് ആൺമക്കളോടുമൊപ്പം സമയം ചിലവഴിച്ചുകൊണ്ട് ഗ്ലെൻ അവരുടെ ഒരു ഉത്തമ സുഹൃത്ത് ആയിരുന്നു. അദ്ദേഹം എന്റെയും ഉത്തമ സുഹൃത്തായിരുന്നു, ഭർത്താവും. അദ്ദേഹത്തിന്റെ മരണം ഒരു തീരാ നഷ്ടമായിരുന്നു.
ദൃഢതീരുമാനങ്ങളോടു പറ്റിനിൽക്കുന്നു
റ്റോഡിന്റെ ഒരു കാലും കൈവിരലും ഒടിഞ്ഞിരുന്നു, കവിളെല്ലുകൾ തകർന്നിരുന്നു, തലച്ചോറിനു ഗുരുതരമായ ക്ഷതവും സംഭവിച്ചിരുന്നു. അവന് സാവധാനം ബോധക്ഷയവും സംഭവിച്ചു. ഏതാനും മണിക്കൂറുകൾക്കു മുമ്പ് തുള്ളിച്ചാടിനടന്നിരുന്ന എന്റെ ഒൻപതുവയസ്സുകാരൻ മകനെ ഈ രീതിയിൽ കാണുന്നത് എത്ര വിഷമകരമായിരുന്നു! സന്തോഷംപകരുന്ന ചുറുചുറുക്കുള്ള ഒരു കൊച്ചു പയ്യനായിരുന്നു റ്റോഡ് എല്ലായ്പോഴും. അവൻ സംസാരപ്രിയനും പാട്ടിനോടും കളിയോടും പ്രിയമുള്ളവനുമായിരുന്നു. ഇപ്പോഴാകട്ടെ ഞങ്ങൾ അടുത്തുള്ളതുപോലും അവനറിയില്ല.
റ്റോഡിന് ശസ്ത്രക്രിയയുടെ ആവശ്യം വന്നേക്കുമോയെന്നു ഭയപ്പെട്ട്, ഞാൻ രക്തപ്പകർച്ചയ്ക്കു സമ്മതിക്കണമെന്നു ഡോക്ടർമാർ ആവശ്യപ്പെട്ടു. ഞാൻ അതിനു വിസമ്മതിച്ചു. രക്തം ഉപയോഗിക്കാൻ തങ്ങളെ അനുവദിക്കുന്ന ഒരു കോടതി ഉത്തരവ് സമ്പാദിച്ചുകൊണ്ട് അവർ പ്രതികരിച്ചു. എങ്കിലും, ഒടുവിൽ, ശസ്ത്രക്രിയയുടെ ആവശ്യം വന്നില്ല. റ്റോഡിന് ആന്തരിക രക്തവാർച്ച ഉണ്ടായതുമില്ല. എന്നാൽ, തങ്ങൾ എന്തായാലും അവന് രക്തം കൊടുക്കാൻ പോകുകയാണെന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർ എന്നോടു പറഞ്ഞു. ഞങ്ങൾ സ്തംഭിച്ചുപോയി! “ഞങ്ങൾക്ക് അത് ചെയ്തേ പറ്റൂ!” അതായിരുന്നു അവന്റെ ഡോക്ടർ നൽകിയ ഏക വിശദീകരണം. ഞങ്ങളുടെ മതവിശ്വാസങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് അവർ റ്റോഡിന് മൂന്നു യൂണിറ്റ് രക്തം നൽകി. എനിക്കു തീർത്തും നിസ്സഹായത അനുഭവപ്പെട്ടു.
അത്യാഹിതത്തെ തുടർന്നുള്ള പല ദിവസങ്ങളോളം പത്രത്തിന്റെ മുൻ പേജിൽ സ്ഥാനംപിടിച്ചിരുന്നതു ഞങ്ങളുടെ വാർത്തയായിരുന്നു. രക്തം നിരസിച്ചതുകൊണ്ടാണ് ഗ്ലെൻ മരണമടഞ്ഞതെന്നു പ്രാദേശിക പത്രം വായനക്കാരെ ധരിപ്പിച്ചു. പ്രദേശത്തെ ഒരു ഡോക്ടർ അങ്ങനെ പറഞ്ഞതായി അത് ഉദ്ധരിക്കുകപോലും ചെയ്തു! ഇത് സത്യം ആയിരുന്നില്ല. തലയ്ക്കും നെഞ്ചിനുമുണ്ടായ ഗുരുതരമായ പരിക്കുകളെ ഗ്ലെന് കേവലം അതിജീവിക്കാൻ കഴിയുമായിരുന്നില്ലെന്ന് പോസ്റ്റുമാർട്ട വിദഗ്ധൻ പിന്നീടു സ്ഥിരീകരിച്ചു. അനുഗ്രഹകരമെന്നു പറയട്ടെ, തങ്ങളുടെ ബൈബിളധിഷ്ഠിത നിലപാട് വിശദീകരിക്കുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികളായ പല ശുശ്രൂഷകരെയും പ്രാദേശിക റേഡിയോ നിലയം ക്ഷണിക്കുകയുണ്ടായി. ഇത് ഒരു നല്ല പ്രചാരത്തിനിടയാക്കി. രക്തം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിലപാട് വീടുതോറുമുള്ള ശുശ്രൂഷയിൽ ഒരു സാധാരണ ചർച്ചാവിഷയമായിത്തീർന്നു.
റ്റോഡിനെ പഴയപടിയാക്കുന്നതിനുള്ള ശ്രമങ്ങൾ
റ്റോഡ് അബോധാവസ്ഥയിൽത്തന്നെ തുടർന്നു. മേയ് 13-ന് ഒരു നഴ്സ് അവനെ ഒന്ന് ഉരുട്ടിനോക്കി, അവസാനം അവൻ കണ്ണു തുറന്നു! ഞാൻ അവനെ കെട്ടിപ്പിടിച്ച് അവനോടു സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ഒരു പ്രതികരണവുമില്ലായിരുന്നു. അവന് കണ്ണിമ വെട്ടിക്കാനോ എന്റെ കയ്യിൽ അമർത്തിപ്പിടിക്കാനോപോലും കഴിഞ്ഞില്ല. എന്നാൽ അപ്പോൾമുതൽ അവന്റെ നില സ്ഥിരമായി മെച്ചപ്പെടാൻ തുടങ്ങി. ഞങ്ങൾ മുറിയിലേക്കു നടന്നു കയറുമ്പോൾ അവൻ തല വാതിലിനു നേരേ തിരിക്കുമായിരുന്നു. ഞങ്ങൾ അവനോടു സംസാരിക്കുമ്പോൾ അവൻ ഞങ്ങളെ നോക്കുമായിരുന്നു. ഞങ്ങൾ അവിടെ ഉള്ള കാര്യം റ്റോഡിന് വാസ്തവത്തിൽ അറിയാമായിരുന്നോ ആവോ? ഞങ്ങൾക്ക് അറിയില്ല. അതുകൊണ്ട് അവനെ മാനസികമായും ശാരീരികമായും പ്രവർത്തനോന്മുഖനാക്കി നിർത്തുന്നതിനു ഞങ്ങൾ പ്രവർത്തിച്ചു തുടങ്ങി. ആദ്യ ദിവസം മുതൽ ഞങ്ങൾ അവനോടു സംസാരിച്ചുതുടങ്ങി, അവനെ വായിച്ചുകേൾപ്പിച്ചു, സംഗീത ടേപ്പുകളും ബൈബിൾ ടേപ്പുകളും വെച്ചുകേൾപ്പിച്ചു. ഞാൻ അവനുവേണ്ടി ഗിത്താർ വായിക്കുകപോലും ചെയ്തു; അത് ഞങ്ങൾക്കിരുവർക്കും ചികിത്സയായിരുന്നു.
യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽനിന്നു ഞങ്ങൾക്കു വളരെയധികം സഹായം ലഭിച്ചു. എന്റെ മൂത്ത മകൻ സ്കോട്ട് അടുത്തയിടെ ഇങ്ങനെ അനുസ്മരിക്കുകയുണ്ടായി: “തങ്ങളുടെ കുടുംബങ്ങളോടൊപ്പം അവധിക്കാലത്ത് എന്നെയും കൊണ്ടുപൊയ്ക്കൊണ്ട് രണ്ടു കുടുംബങ്ങൾ എന്നെ ഏതാണ്ട് സ്വന്തം മകനെപ്പോലെ നോക്കി.” കൂടാതെ, ചിലർ ഞങ്ങളുടെ പുൽത്തകിടിയിലെ പുല്ലരിഞ്ഞു വൃത്തിയാക്കുകയും തുണിയലക്കുകയും ഞങ്ങൾക്ക് ആഹാരമുണ്ടാക്കി തരുകയും ചെയ്തു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാറിമാറി ആശുപത്രിയിൽ റ്റോഡിന്റെ ഒപ്പം രാത്രി മുഴുവൻ ചെലവഴിച്ചു.
എന്നിരുന്നാലും, ആഴ്ചകളോളം റ്റോഡിന് ഈ ശ്രദ്ധയോട് പ്രതികരിക്കാൻ കഴിഞ്ഞില്ല—ഒന്നു പുഞ്ചിരിച്ചുകൊണ്ടു പോലും. അങ്ങനെയിരിക്കെ അവന് ന്യുമോണിയ പിടിപെട്ടു. റ്റോഡിനെ വീണ്ടും ഒരു കൃത്രിമശ്വസന സഹായിയിൽ കിടത്തുന്നതിന് ഡോക്ടർ എന്നോട് അനുവാദം ചോദിച്ചു. സ്ഥിരം അതിനെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയിലാകും എന്നതായിരുന്നു അതിന്റെ അപകടം. ഒന്നു സങ്കൽപ്പിക്കുക: ഈ ജീവൻ-മരണ തീരുമാനം എന്റെ കൈകളിലായി! പക്ഷേ, രക്തപ്പകർച്ചയുടെ കാര്യം വന്നപ്പോൾ എന്റെ ആഗ്രഹങ്ങൾ പാടേ അവഗണിക്കപ്പെട്ടു! എന്തായാലും, ഞങ്ങൾ കൃത്രിമശ്വസന സഹായി ഉപയോഗിക്കാൻ തീരുമാനിക്കുകയും ഏറ്റവും നല്ലതിനായി പ്രത്യാശിക്കുകയും ചെയ്തു.
അന്ന് ഉച്ചകഴിഞ്ഞ് ഞാൻ ഒന്നു കുളിച്ച് ഉന്മേഷം പ്രാപിക്കാനായി വീട്ടിലേക്കു പോയി. എന്റെ വീടിന്റെ മുമ്പിലത്തെ പുൽത്തകിടിയിലതാ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ നിൽക്കുന്നു. റോഡ് വലുതാക്കാനായി ഞങ്ങൾ വീടു വിൽക്കണമെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. അങ്ങനെ ഇപ്പോൾ ഞങ്ങൾക്കു മല്ലിടാനായി മറ്റൊരു വലിയ പ്രതിസന്ധികൂടിയായി. ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നതിലേറെ അനുഭവിക്കാൻ യഹോവ ഒരിക്കലും ഇടയാക്കുകയില്ലെന്ന് ഞാൻ എല്ലായ്പോഴും മറ്റുള്ളവരോടു പറയുമായിരുന്നു. 1 പത്രൊസ് 5:6, 7-ലെ വാക്കുകൾ ഞാൻ ഉദ്ധരിക്കുമായിരുന്നു: “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” ദൈവത്തിലുള്ള എന്റെ വിശ്വാസവും ആശ്രയവും ഇപ്പോൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ പരീക്ഷിക്കപ്പെടുകയായിരുന്നു.
ആഴ്ചകൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. റ്റോഡിന് ഒന്നിനുപുറകേ ഒന്നായി രോഗങ്ങൾ ബാധിച്ചുകൊണ്ടുമിരുന്നു. രക്ഷ പരിശോധനകൾ, സുഷുമ്നാ ദ്രവ ശേഖരണം, അസ്ഥി സ്കാനുകൾ, മസ്തിഷ്ക സ്കാനുകൾ, ശ്വസനേന്ദ്രിയ ദ്രവ ശേഖരണം, അന്തമില്ലാത്ത എക്സ്റേകൾ എന്നിവകൊണ്ട് ഓരോ ദിവസവും നിറഞ്ഞിരുന്നു. ആഗസ്റ്റ് ആയപ്പോൾ റ്റോഡിന്റെ താപനില ഒടുവിൽ സാധാരണരീതിയിലായി. ആഗസ്റ്റിൽ റ്റോഡിൽ ഘടിപ്പിച്ചിരുന്ന ഭക്ഷണക്കുഴലുകളും ശ്വസനോപകരണങ്ങളും നീക്കംചെയ്തു! എല്ലാറ്റിലും വലിയ വെല്ലുവിളിയെ ഇനിയിപ്പോൾ ഞങ്ങൾ അഭിമുഖീകരിക്കുകയായി.
വീട്ടിൽവരൽ
റ്റോഡിന് ഏറ്റവും പറ്റിയത് ഒരു സ്ഥാപനമായിരിക്കുമെന്ന് ഡോക്ടർമാർ ഞങ്ങളോടു പറഞ്ഞു. സ്കോട്ടിനും എനിക്കും ഞങ്ങൾക്കുവേണ്ടിത്തന്നെ സമയം ചെലവഴിക്കേണ്ടതുണ്ടെന്ന് ഒരു ഡോക്ടർ ഞങ്ങളെ ഓർപ്പിച്ചു. ക്ഷേമതത്പരരായ സുഹൃത്തുക്കൾപ്പോലും സമാനമായി ന്യായവാദം ചെയ്തു. എന്നിരുന്നാലും, അവർ മനസ്സിലാക്കാൻ പരാജയപ്പെട്ട ഒരു സംഗതി റ്റോഡ് ഞങ്ങളുടെ ജീവിതത്തിന്റെ വളരെ വലിയ ഒരു ഭാഗമായിരുന്നുവെന്നുള്ളതാണ്! അവനെ വീട്ടിൽവെച്ച് പരിപാലിക്കാൻ ഞങ്ങൾക്കു സാധിക്കുമെങ്കിൽ, തന്നെ സ്നേഹിക്കുകയും തന്റെ വിശ്വാസം പങ്കിടുകയും ചെയ്യുന്നവരാൽ ചുറ്റിപ്പറ്റി അവന് കഴിയാം.
ഞങ്ങൾ ഒരു വീൽച്ചെയറും ഒരു ആശുപത്രി കിടക്കയും വാങ്ങി. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഞങ്ങൾ എന്റെ കിടക്കമുറിയിലെ ഭിത്തി പൊളിച്ചുമാറ്റുകയും തെന്നിച്ചു മാറ്റാവുന്ന ഏതാനും ഗ്ലാസ്സ് കതകുകൾ പിടിപ്പിക്കുകയും ചെയ്തു. ഒരു പുറംതിണ്ണയും ചരിഞ്ഞപ്രതലവും ഉണ്ടാക്കി. ഇതുമൂലം റ്റോഡിനെ കിടക്കമുറിയിലേക്ക് നേരിട്ട് ഉരുട്ടിക്കൊണ്ടുപോകാനാകുമായിരുന്നു.
ആഗസ്റ്റ് 19 പ്രഭാതം. ഇപ്പോഴും അർധ അബോധാവസ്ഥയിലായിരിക്കുന്ന എന്റെ മകനെ വീട്ടിൽ കൊണ്ടുവരാനുള്ള സമയമായി. റ്റോഡിന് കണ്ണുകൾ തുറക്കാനും വലത്തെ കാലും കൈപ്പത്തിയും ചെറുതായി അനക്കാനും കഴിയുമായിരുന്നു. എന്നാൽ അവന് കൂടുതലായ പുരോഗതിയൊന്നും ഉണ്ടാകുകയില്ലെന്ന് അവന്റെ ഡോക്ടർ മുൻകൂട്ടി പറഞ്ഞു. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ റ്റോഡിനെ ഞങ്ങൾ വളരെ പ്രസിദ്ധനായ ഒരു നാഡീവിദഗ്ധന്റെ അടുത്തുകൊണ്ടുപോയി. അദ്ദേഹവും അതുതന്നെ പറഞ്ഞു. എന്നിരുന്നാലും, അവനെ വീട്ടിൽ കൊണ്ടുവരുന്നത് എന്തോരു അത്ഭുതകരമായ അനുഭവമായിരുന്നു! എന്റെ മമ്മിയും ഏതാനും അടുത്ത സുഹൃത്തുക്കളും ഞങ്ങളെക്കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു. അന്നു വൈകുന്നേരം ഞങ്ങളൊന്നിച്ച് രാജ്യഹാളിലും പോയി. അങ്ങനെ റ്റോഡിനുവേണ്ടി കരുതുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന വലിയ ശ്രമത്തിന്റെ ആദ്യരുചി ഞങ്ങൾ അറിഞ്ഞു.
വീട്ടിൽവെച്ച് റ്റോഡിനെ പരിപാലിക്കൽ
വൈകല്യം ബാധിച്ച ഒരു വ്യക്തിയെ പരിപാലിക്കുന്നതിന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം സമയം ചെലവാകുന്നതായി കണ്ടെത്തി. ഒരു നേരത്തെ ആഹാരം കഴിക്കുന്നതിന് റ്റോഡിന് ഒരു മണിക്കൂറിലധികം സമയം വേണ്ടിവന്നു. അവനെ സ്പോഞ്ചുപയോഗിച്ചു തുടച്ചുവൃത്തിയാക്കുന്നതിനും വസ്ത്രം ധരിപ്പിക്കുന്നതിനും അവന്റെ തലമുടി കഴുകുന്നതിനും ഇപ്പോഴും എനിക്ക് ഏകദേശം ഒരു മണിക്കൂർ വേണം. ചുഴിനീർ കുളി (whirlpool bath) നടത്തുന്നതിന് റ്റോഡിന് രണ്ടു മണിക്കൂർ മുഴുവനും വേണം. യാത്രചെയ്യൽ ഒരു വലിയ കൃത്യമാണ്. അതിന് ഗണ്യമായ ശാരീരിക പ്രയത്നം ആവശ്യമാണ്. ഈയിടെയായി അവന് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ക്രമീകരിക്കാവുന്ന വീൽച്ചെയറിന്റെ സഹായത്തോടെ പോലും നിവർന്നിരിക്കാൻ റ്റോഡിന് വളരെ പ്രയാസമാണ്; സാധാരണമായി അവന് തറയിൽ കിടക്കേണ്ടിവരുന്നു. വർഷങ്ങളോളം രാജ്യഹാളിന്റെ പുറകിലത്തെ തറയിൽ അവനോടൊപ്പമിരുന്നാണ് ഞാൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. എന്നിരുന്നാലും, ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് മുടക്കംവരുത്താൻ ഞങ്ങൾ ഇതിനെ അനുവദിച്ചില്ല. സാധാരണമായി ഞങ്ങൾ സമയത്തു ചെന്നിരുന്നു.
ഞങ്ങളുടെ ക്ഷമാപൂർവകമായ ശ്രമങ്ങൾക്കു ഫലമുണ്ടായി. അത്യാഹിതം റ്റോഡിനെ ബധിരനും അന്ധനും ആക്കിയിരുന്നു എന്നാണ് കുറച്ചുനാൾ ഡോക്ടർമാർ വിചാരിച്ചിരുന്നത്. എന്നാൽ അത്യാഹിതത്തിനുമുമ്പ് ഞാൻ എന്റെ കുട്ടികളെ ആംഗ്യഭാഷ പഠിപ്പിച്ചു തുടങ്ങിയിരുന്നു. വീട്ടിൽ വന്ന ആദ്യത്തെ ആഴ്ച തന്നെ ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് റ്റോഡ് ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് ആംഗ്യം കാട്ടി തുടങ്ങി. പിന്നെ അവൻ ചൂണ്ടിക്കാട്ടാനുള്ള പ്രാപ്തി വികസിപ്പിച്ചെടുത്തു. ഞങ്ങൾ അവനെ സുഹൃത്തുക്കളുടെ പടങ്ങൾ കാണിച്ചിട്ട് ചിലരെ തിരിച്ചറിയാൻ ആവശ്യപ്പെടുമായിരുന്നു. അവൻ അത് കൃത്യമായി ചെയ്തു. അക്കങ്ങളും അക്ഷരങ്ങളും കൃത്യമായി തിരിച്ചറിയാനും അവനു കഴിഞ്ഞു. പിന്നെ ഞങ്ങൾ വാക്കുകളിലേക്കു നീങ്ങി. അവന്റെ ഗ്രഹണപ്രാപ്തിക്കു തകരാറൊന്നും പറ്റിയിട്ടില്ലായിരുന്നു! അത്യാഹിതം ഉണ്ടായി വെറും ഏഴു മാസം കഴിഞ്ഞപ്പോൾ നവംബറിൽ, ദീർഘനാളായി കാത്തിരുന്ന ഒരു സംഭവം ഉണ്ടായി.
റ്റോഡ് പുഞ്ചിരിച്ചു. ജനുവരിയായപ്പോഴേക്കും പുഞ്ചിരിയുടെകൂടെ ചിരിയുമായി.
നിങ്ങൾ ഓർമിക്കുന്നതുപോലെ, ഞങ്ങൾ വീടു വിൽക്കാൻ നിർബന്ധിതരായി. എന്നാൽ ആ സംഗതിയിൽ ഒരു അനുഗ്രഹം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ രണ്ടുനിലക്കെട്ടിടം ചെറുതും റ്റോഡിന്റെ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്നതുമായിരുന്നു. കുറച്ചു പണംകൊണ്ട് ഞങ്ങളുടെ ആവശ്യങ്ങൾക്കു പറ്റിയ ഒരു വീട് കണ്ടുപിടിക്കുക ബുദ്ധിമുട്ടാകുമായിരുന്നു. എങ്കിലും, ദയാലുവായ ഒരു വസ്തു ഇടപാടുകാരൻ ഒരു വീടു കണ്ടെത്തി. ഭാര്യ മരിച്ചുപോയ ഒരാളുടേതായിരുന്നു ആ വീട്. അദ്ദേഹത്തിന്റെ ഭാര്യ വീൽച്ചെയറിലാണു കഴിഞ്ഞിരുന്നത്; അവരുടെ ആവശ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് അതു രൂപകൽപ്പന ചെയ്തിരുന്നത്. റ്റോഡിന് ഏറ്റവും അനുയോജ്യം!
തീർച്ചയായും വീട് വൃത്തിയാക്കുകയും പെയിന്റുചെയ്യുകയും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ പെയിന്റു ചെയ്യാൻ തയ്യാറെടുക്കവേ ഞങ്ങളുടെ സഭയിൽനിന്നുള്ള 25-ലധികം സുഹൃത്തുക്കൾ റോളറുകളും കയ്യിൽ പെയിന്റ് ബ്രഷുകളുമായി വന്നു കഴിഞ്ഞു.
അനുദിന ജീവിതവുമായി പൊരുത്തപ്പെടൽ
കുടുംബത്തിലെ ബിസിനസ്സും ബില്ലുകളുമൊക്കെ നോക്കിനടത്തിയിരുന്നത് എല്ലായ്പോഴും ഗ്ലെൻ ആയിരുന്നു. ജീവിതത്തിന്റെ ഈ വശം കൈകാര്യംചെയ്യാൻ എനിക്ക് അൽപ്പസ്വൽപ്പം ബുദ്ധിമുട്ടേണ്ടിവന്നു. എന്നിരുന്നാലും, ഒരു വിൽപ്പത്രമോ ശരിയായ രീതിയിലുള്ള ഇൻഷ്വറൻസോ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഗ്ലെന് തോന്നിയിരുന്നില്ല. ഈ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ അദ്ദേഹം സമയമെടുത്തിരുന്നെങ്കിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ—ഇന്നുവരെ നിൽക്കുന്ന പ്രശ്നങ്ങൾ—ഞങ്ങൾക്ക് ഒഴിവാകുമായിരുന്നു. ഞങ്ങളുടെ അനുഭവത്തിനുശേഷം അനേകം സുഹൃത്തുക്കൾ തങ്ങളുടെ കാര്യങ്ങൾ ക്രമീകരിച്ചു തുടങ്ങി.
ഞങ്ങളുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. റ്റോഡ് ആശുപത്രിയിൽനിന്നു വീട്ടിൽ വന്നുകഴിഞ്ഞപ്പോൾ, പ്രതിസന്ധിയെല്ലാം തീർന്നതുപോലെയാണ് ചിലർ പ്രവർത്തിച്ചത്. എങ്കിലും സ്കോട്ടിന് സഹായവും പ്രോത്സാഹനവും തുടർന്നും ആവശ്യമുണ്ടായിരുന്നു. ഞങ്ങൾക്കു ലഭിച്ച കാർഡുകളും കത്തുകളും ഫോൺവിളികളും എന്നും താലോലിക്കുന്ന ഓർമകളായിരിക്കും. ഞങ്ങൾക്ക് സാമ്പത്തിക സഹായം തന്ന ഒരാളുടെ കത്ത് ഞാനോർമിക്കുന്നു. ആ കത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: “ഞാൻ ഈ കത്തിൽ ഒപ്പിടില്ല. കാരണം നിങ്ങൾ എനിക്കു നന്ദി പറയാനല്ല യഹോവയ്ക്കു നന്ദി പറയാനാണു ഞാൻ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടെന്നാൽ അന്യോന്യം സ്നേഹം പ്രകടിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് അവനാണ്.”
എന്നിരുന്നാലും, പ്രോത്സാഹനത്തിനുവേണ്ടി മറ്റുള്ളവരെ പൂർണമായും ആശ്രയിക്കരുതെന്നും ഞങ്ങൾക്കുവേണ്ടിത്തന്നെ ക്രിയാത്മക നടപടികൾ എടുക്കണമെന്നും ഞങ്ങൾ പഠിച്ചു. എനിക്കു പ്രസരിപ്പ് ഇല്ലാത്തതായി തോന്നുമ്പോൾ ഞാൻ പലപ്പോഴും മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാൻ ശ്രമിക്കുന്നു. ബേക്കു ചെയ്യുന്നതും പാചകം ചെയ്യുന്നതും ഞാൻ ആസ്വദിക്കുന്നു. ഇടയ്ക്കിടക്ക് ഞാൻ സുഹൃത്തുക്കളെ സത്കരിക്കയോ ഏതാനും സാധനങ്ങൾ ബേക്കു ചെയ്ത് അവർക്കു കൊടുക്കുകയോ ചെയ്യുന്നു. ഞാൻ യഥാർഥത്തിൽ തളരുകയോ അല്ലെങ്കിൽ എനിക്ക് ഇടവേള ആവശ്യമായിരിക്കുകയോ ചെയ്യുമ്പോഴൊക്കെ അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ കൂട്ടുകാരോടൊത്ത് ഒരു വാരാന്തം ചിലവഴിക്കുന്നതിനോ ഉള്ള ക്ഷണം എല്ലായ്പോഴും ലഭിച്ചതായി കാണാം. ചിലപ്പോൾ ചിലർ റ്റോഡിന്റെ ഒപ്പം താമസിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. അങ്ങനെ എനിക്കു യാത്രപോകാനും കടയിൽപോകാനും ഒക്കെ സാധിക്കുന്നു.
എന്റെ മൂത്ത മകൻ സ്കോട്ടും ഒരു അത്ഭുതകരമായ അനുഗ്രഹമായിരുന്നിട്ടുണ്ട്. സാധിക്കുമ്പോഴൊക്കെ സ്കോട്ട് റ്റോഡിനെ സാമൂഹിക കൂടിവരവുകൾക്കു കൊണ്ടുപോകുമായിരുന്നു. റ്റോഡിന്റെ പരിപാലനത്തിന്റെ കാര്യത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവൻ എല്ലായ്പോഴും സഹായമായുണ്ടായിരുന്നു, വളരെയധികം ചുമതലയുണ്ടായിരിക്കുന്നതായി ഒരിക്കലും അവൻ പരാതിപ്പെട്ടിട്ടുമില്ല. “എനിക്ക് കൂടുതൽ ‘സാധാരണമായ’ ഒരു ജീവിതം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുമ്പോൾ എന്റെ അനുഭവം എന്നെ ദൈവത്തോട് എത്രയധികം അടുപ്പിച്ചിരിക്കുന്നുവെന്ന് ഞാൻ പെട്ടെന്നുതന്നെ ഓർമിക്കുന്നു,” ഒരിക്കൽ സ്കോട്ട് പറഞ്ഞു. ഇത്രയും സ്നേഹവാനും ആത്മീയ മനസ്കനുമായ ഒരു മകൻ ഉണ്ടായിരിക്കാൻ ഇടയാക്കിയതിന് ഞാൻ യഹോവയ്ക്ക് എന്നും നന്ദി കൊടുക്കുന്നു. അവൻ തന്റെ സഭയിൽ ശുശ്രൂഷാദാസനായി സേവിക്കുകയും ഭാര്യയോടൊപ്പം മുഴുസമയ സുവിശേഷകനായിരിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു.
റ്റോഡോ? അവന്റെ നില മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. രണ്ടു വർഷംകൊണ്ട് അവൻ വീണ്ടും സംസാരിക്കാൻ തുടങ്ങി. ആദ്യം ചെറിയ വാക്കുകളായിരുന്നു, പിന്നെ വാചകങ്ങളായി. ഇപ്പോൾ അവന് ക്രിസ്തീയ യോഗങ്ങളിൽ അഭിപ്രായം പറയാനും കഴിയുന്നു. കൂടുതൽ ഒഴുക്കോടെ സംസാരിക്കുന്നതിന് അവൻ കഠിന ശ്രമം ചെയ്തുകൊണ്ടിരിക്കുകയാണ്. സംസാരത്തിനുള്ള ചികിത്സ സഹായിച്ചിരിക്കുന്നു. അവൻ ഇപ്പോഴും പാടാൻ ഇഷ്ടപ്പെടുന്നു—പ്രത്യേകിച്ച് രാജ്യഹാളിൽ. അവൻ എല്ലായ്പോഴും ശുഭാപ്തിവിശ്വാസമുള്ളവൻതന്നെ. ഇപ്പോൾ അവന് ഒരു നടപ്പുസഹായിയിൽ (walker) പിടിച്ച് നിൽക്കാൻ കഴിയും. കുറച്ചു നാൾ മുമ്പ് യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ വെച്ച് അനുഭവം പറയുന്നതിനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചു. ഹാജരായിരിക്കുന്ന മുഴു സുഹൃത്തുക്കളോടും എന്താണ് പറയാൻ ആഗ്രഹിക്കുന്നത് എന്നു ചോദിച്ചപ്പോൾ റ്റോഡ് പറഞ്ഞു: “വിഷമിക്കേണ്ട. ഞാൻ മെച്ചപ്പെടും.”
ഇതിലെല്ലാം ഞങ്ങളെ താങ്ങിനിർത്തിയതിനുള്ള മുഴു ബഹുമതിയും ഞങ്ങൾ യഹോവയ്ക്കു കൊടുക്കുന്നു. തീർച്ചയായും, മുമ്പെന്നത്തെക്കാളുമധികം അവനിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു. ഉറക്കമില്ലാഞ്ഞ ആ എല്ലാ രാത്രികളും റ്റോഡിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും സുഖങ്ങൾക്കുംവേണ്ടി കരുതുന്നതിലുൾപ്പെട്ട എല്ലാ കഠിനാധ്വാനവും ഞങ്ങൾ അനുഷ്ഠിച്ച എല്ലാ ത്യാഗങ്ങളും അവയുടേതായ ഫലം തന്നിരിക്കുന്നു. കുറച്ചു സമയം മുമ്പ് ഞങ്ങൾ പ്രാതൽ ആസ്വദിക്കുകയായിരുന്നു. ഞാൻ നോക്കിയപ്പോൾ മുഖത്ത് ഒരു വലിയ ചിരിയുമായി റ്റോഡ് എന്നെ തുറിച്ചു നോക്കുന്നതു കണ്ടു. അവൻ പറഞ്ഞു: “മമ്മീ, ഞാൻ മമ്മിയെ സ്നേഹിക്കുന്നു. എന്നെ ആശുപത്രിയിൽനിന്നു വീട്ടിൽ കൊണ്ടുവന്നതിനു നന്ദി.”—റോസ് മരീ ബോഡി പറഞ്ഞപ്രകാരം.
[അടിക്കുറിപ്പുകൾ]
a രക്തപ്പകർച്ചകൾ സംബന്ധിച്ചും രക്തരഹിത ഉത്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ചുമുള്ള ബൈബിളിന്റെ വീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച “രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും?” എന്ന ലഘുപത്രിക കാണുക.
[13-ാം പേജിലെ ആകർഷകവാക്യം]
ഏറ്റവും ദുഷ്കരമായ സംഗതി എന്റെ മകൻ സ്കോട്ടിനോട് അവന്റെ പിതാവു മരിച്ചുപോയെന്ന് പറയുന്നതായിരുന്നു
[15-ാം പേജിലെ ചിത്രം]
എന്റെ പുത്രൻമാരോടൊപ്പം