വായ് നാറ്റം സംബന്ധിച്ചു നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
അതു ലോകത്തിലെ ഏറ്റവും സാധാരണമായ കുഴപ്പങ്ങളിൽ ഒന്നാണെന്നു പറയപ്പെടുന്നു. പ്രായപൂർത്തിയായ ആളുകളിൽ 80 ശതമാനത്തിലധികം പേരെയും അത് ഒരു സമയത്ത് അല്ലെങ്കിൽ മറ്റൊരു സമയത്തു ബാധിക്കുന്നു. അതിനു നാണക്കേടും നൈരാശ്യവും ഹൃദയവേദനയും വരുത്തിവെക്കാൻ സാധിക്കും.
വൈദ്യശാസ്ത്ര വിദഗ്ധരുടെ ഇടയിൽ അതു പരക്കെ അറിയപ്പെടുന്നത് ഹാലിറ്റോസിസ് (ദുർഗന്ധപൂരിത നിശ്വാസം) എന്നാണ്, “ശ്വാസം” എന്നർഥമുള്ള ഹാലിറ്റസ് എന്ന ലാറ്റിൻ പദത്തിൽനിന്നും അസാധാരണമായ അവസ്ഥയെ കുറിക്കുന്ന -ഓസിസ് എന്ന പ്രത്യയത്തിൽനിന്നുമാണ് ആ വാക്കു വന്നിരിക്കുന്നത്. ചിലർ അതിനെ വായിലെ ദുർഗന്ധമെന്നും വിളിക്കുന്നു. എന്നാൽ മിക്ക ആളുകൾക്കും അതറിയാവുന്നത് വായ്നാറ്റം എന്ന പഴയ പേരിലാണ്!
നിങ്ങൾക്കു വായ്നാറ്റമുണ്ടോ? മറ്റാളുകളുടെ വായ്നാറ്റം തിരിച്ചറിയാൻ നിങ്ങൾക്കു പ്രയാസമില്ലായിരിക്കാം, അതേസമയം നിങ്ങളുടെതന്നെ വായ്നാറ്റം തിരിച്ചറിയുക അസാധ്യമായിരിക്കാം. “രൂക്ഷമായ വായ്നാറ്റമുള്ള” ആളുകൾ പോലും “വ്യക്തിപരമായി ആ പ്രശ്നം അറിയാതിരുന്നേക്കാൻ തക്കവണ്ണം,” നമ്മുടെ സ്വന്തം വായ്നാറ്റവുമായി നാം അത്രയ്ക്കു പരിചിതമാകാൻ ചായ്വുള്ളവരാണ് എന്ന് അമേരിക്കൻ ഡെൻറൽ അസോസിയേഷന്റെ ഒരു പത്രികയായ ജെഎഡിഎ വിശദീകരിക്കുന്നു. അതുകൊണ്ട്, മറ്റാരെങ്കിലും നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ മാത്രമാണു നമ്മുടെ സ്വന്തം വായ്നാറ്റം സംബന്ധിച്ചു നമ്മിൽ മിക്കവരും ബോധവാൻമാരാകുന്നത്. എന്തൊരു നാണക്കേട്!
അതു സർവസാധാരണമായ ഒരു പ്രശ്നമാണെന്ന വസ്തുത ആശ്വാസത്തിനു വക നൽകുന്നില്ല. അനിഷ്ടകരവും അസ്വീകാര്യവുമായാണു സാധാരണമായി വായ്നാറ്റത്തെ കരുതിപ്പോരുന്നത്. ചില കേസുകളിൽ, അത് ഗുരുതരമായ വൈകാരിക ക്ഷതം പോലും വരുത്തിവെച്ചേക്കാം. ഇസ്രായേലിലെ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ വായ് സൂക്ഷ്മാണുജീവി ലബോറട്ടറിയുടെ തലവനായ ഡോ. മെൽ റോസ്സൻബെർഗ് ഇങ്ങനെ വിശദീകരിക്കുന്നു: “വായിലെ ദുർഗന്ധം യഥാർഥമായാലും ശരി തോന്നലായാലും ശരി, അതിന് സാമൂഹികമായ ഒറ്റപ്പെടലിലേക്കും വിവാഹമോചന നടപടികളിലേക്കും ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിലേക്കു പോലും നയിക്കാനാവും.”
വായ്നാറ്റത്തെക്കുറിച്ച് എന്താണ് അറിയാവുന്നത്?
മോശമായ ആരോഗ്യത്തിന്റെ സാധ്യതയുള്ള ഒരു സൂചകമായി ആരോഗ്യപ്രവർത്തകർ ദീർഘനാളായി വായ്നാറ്റത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കാരണത്താൽ, പുരാതന കാലങ്ങൾ മുതൽ ഡോക്ടർമാർ മനുഷ്യന്റെ വായിലെ ഗന്ധങ്ങളെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ട്.
ഏതാണ്ട് ഇരുന്നൂറ് വർഷം മുമ്പ്, പേരുകേട്ട ഫ്രഞ്ച് രസതന്ത്രജ്ഞനായ ആന്റോയിൻ-ലോറൻറ് ലവോസിയർ മനുഷ്യശ്വാസത്തിലടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ചു പഠിക്കാൻ ഒരു ശ്വാസപരിശോധിനി കണ്ടുപിടിച്ചു. അന്നുമുതൽ, ശാസ്ത്രജ്ഞന്മാർ അതിന്റെ മെച്ചപ്പെട്ട മാതൃകകൾ ആവിഷ്കരിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഇസ്രായേലിലെയും കാനഡയിലെയും ജപ്പാനിലെയും നെതർലൻഡ്സിലെയും ലബോറട്ടറികൾ ഹാലിമീറ്റർ ഉപയോഗിക്കുന്നുണ്ട്, അത് വായിലെ അനിഷ്ടകരമായ ഗന്ധത്തിന്റെ അളവ് അളക്കുന്നു. ന്യൂസിലൻഡിൽ ശാസ്ത്രജ്ഞൻമാർ പ്ലാക് വളരുന്ന നിലയങ്ങൾ അഥവാ കൃത്രിമമായ വായ്കൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉമിനീർ, പ്ലാക്, ബാക്ടീരിയ, കൂടാതെ വായ്നാറ്റം പോലുമുള്ള സാധാരണ മനുഷ്യവായിലെ അവസ്ഥയുടെ പകർപ്പ് ഇവ ഉണ്ടാക്കുന്നു.a
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മുടെ ശ്വാസത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, സയൻറിഫിക് അമേരിക്കൻ എന്ന മാഗസിൻ പറയുന്നതനുസരിച്ച്, “സാധാരണ മനുഷ്യശ്വാസത്തിലുള്ള, ബാഷ്പീകരിക്കപ്പെടുന്ന ഏതാണ്ട് 400 ജൈവഘടകങ്ങൾ ഗവേഷകർ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്.” എന്നിരുന്നാലും, ഈ ഘടകങ്ങളെല്ലാം അനിഷ്ടകരമായ ഗന്ധം പുറപ്പെടുവിക്കുന്നില്ല. വായ്നാറ്റത്തിലെ പ്രധാന കുറ്റവാളികൾ ഹൈഡ്രജൻ സൾഫൈഡും മീഥൈൽ മെർകാപ്ററനുമാണ്. ഈ വാതകങ്ങൾ നമ്മുടെ ശ്വാസത്തിന് സ്കങ്കിന്റേതിനോടു (ദുർഗന്ധമുള്ള ഒരു മൃഗം) വളരെ സമാനമായ ഗന്ധം നൽകുന്നതായി പറയപ്പെടുന്നു.
300-ലധികം ഇനം ബാക്ടീരിയ വസിക്കുന്ന സ്ഥലമാണു മനുഷ്യന്റെ വായ്. ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഡയറ്റ് & ന്യുട്രീഷൻ ലെറ്റർ ഇങ്ങനെ പറയുന്നു: “ഇരുണ്ടതും ഇളംചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലമായിരിക്കുന്നതിനാൽ മണമുളവാക്കുന്ന ബാക്ടീരിയ തഴച്ചുവളരാൻ പറ്റിയ ഏറ്റവും സമ്പൂർണമായ ചുറ്റുപാടാണ് വായ്.” എന്നാൽ പ്രധാനമായി ഇവയിൽ നാലു വർഗങ്ങൾ മാത്രമേ വായ്നാറ്റത്തിനു കാരണമായിരിക്കുന്നുള്ളൂ. അവ വസിക്കുന്നതു വായിലാണെങ്കിലും അവയുടെ പേര് നിങ്ങൾക്കറിയാൻ സാധ്യത വളരെയില്ല. വെയ്ല്ലോനെല്ല അൽക്കളെസീൻസ്, ഫ്യൂസോബാക്ടീരിയം ന്യൂക്ലിയാറ്റം, ബാക്റ്റീറോയ്ഡ്സ് മെലനിനോജെനിക്കസ്, ക്ലെബ്സിയെല്ലാ ന്യൂമോണൈയെ എന്നിവയാണ് അവ. വായിലെ ഭക്ഷ്യാംശങ്ങളും മൃതകോശങ്ങളും മറ്റു വസ്തുക്കളുമാണ് അവ ഭക്ഷിക്കുന്നത്. ബാക്ടീരിയയുടെ ഈ പ്രവർത്തനം ക്രമേണ ദുർഗന്ധമുളവാക്കുന്ന വാതകങ്ങൾ ഉത്പാദിപ്പിക്കുന്നു. ചപ്പുചവറുകൾ അഴുകുമ്പോൾ സംഭവിക്കുന്ന പ്രക്രിയയോടു സമാനമാണ് ഇത്. സമുചിതമായി, പല്ലിനെക്കുറിച്ചു പ്രതിപാദിക്കുന്ന ജെ പെരിയോഡോന്റോൾ എന്ന പത്രിക ഇങ്ങനെ വിശദീകരിക്കുന്നു: “ബഹുഭൂരിപക്ഷം കേസുകളിലും ദുർഗന്ധപൂരിത നിശ്വാസം ഉണ്ടാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനഫലമായുള്ള ജീർണനത്തിന്റെ [ജൈവപദാർഥത്തിന്റെ അഴുകലിന്റെ] ഫലമായി വായിൽത്തന്നെയാണ്.” തടയാതെ വിട്ടാൽ, ഈ പ്രക്രിയയ്ക്കു ദന്തക്ഷയത്തിലേക്കും മോണരോഗത്തിലേക്കും നയിക്കാൻ കഴിയും.
“സുപ്രഭാതം! എങ്ങനെയുണ്ടു നിങ്ങളുടെ ശ്വാസം?”
വായിലെ ഈ ജീർണനപ്രക്രിയ ഉറക്കത്തിന്റെ സമയത്തു വർധിക്കുന്നു. എന്തുകൊണ്ട്? പകൽസമയത്ത് ഓക്സിജൻ-സമ്പുഷ്ടവും അൽപ്പം അമ്ലാംശവുമുള്ള ഉമിനീർകൊണ്ട് വായ് നിരന്തരം കഴുകപ്പെടുന്നു, അത് ബാക്ടീരിയയെ കഴുകിക്കളയുന്നു. എന്നിരുന്നാലും, സാധാരണമായി ഓരോ മണിക്കൂറിലും ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് ഉറങ്ങുന്ന സമയത്ത് ഏതാണ്ട് 1/50 ആയി കുറയുന്നു. ഒരു മാസിക പ്രസ്താവിക്കുന്നതുപോലെ, വരണ്ട വായ് “1,600 ശതകോടിയിലധികം ബാക്ടീരിയയുടെ ഒരു നിശ്ചലമായ കുളമായി മാറുന്നു,” അത് പരക്കെ അറിയപ്പെടുന്ന “ദുർഗന്ധപൂരിതമായ പ്രഭാത ഉച്ഛ്വാസ”ത്തിനിടയാക്കുന്നു.
ഉണർന്നിരിക്കുമ്പോൾ ഉമിനീരിന്റെ പ്രവാഹം വളരെയധികം കുറയ്ക്കാൻ സമ്മർദത്തിനു കഴിയും. ഉദാഹരണത്തിന്, വെപ്രാളമുള്ള ഒരു പരസ്യപ്രസംഗകൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ അയാളുടെ വായ് വരണ്ടുപോയേക്കാം. അതിന്റെ ഫലമായി അയാളിൽ ദുർഗന്ധപൂരിത നിശ്വാസം ഉണ്ടായേക്കാം. വായ് ഉണങ്ങുന്നത് ഒരു പാർശ്വഫലമോ അനേകം രോഗങ്ങളുടെ ലക്ഷണമോ കൂടിയാണ്.
വായിൽ ബാക്ടീരിയയുടെ പ്രവർത്തനം ഉള്ളതുകൊണ്ടു മാത്രമല്ല വായ്നാറ്റം എല്ലായ്പോഴും ഉണ്ടാകുന്നത്. വാസ്തവത്തിൽ, വായിലെ ദുർഗന്ധം മിക്കപ്പോഴും പല തരത്തിലുള്ള അവസ്ഥകളുടെയും രോഗങ്ങളുടെയും ഒരു ലക്ഷണമാണ്. (22-ാം പേജിലെ ചതുരം കാണുക.) ഇക്കാരണത്താൽ, വിശദീകരിക്കാനാവാത്തതും തുടർച്ചയായതുമായ വായ്നാറ്റം ഉണ്ടാകുന്നുവെങ്കിൽ വൈദ്യസഹായം തേടുന്നത് ഏറ്റവും നല്ലതാണ്.
വായ്നാറ്റത്തിന്റെ ആരംഭം വയറ്റിലായിരിക്കാം. എന്നുവരികിലും, പൊതുധാരണയ്ക്കു വിപരീതമായി ഇത് അപൂർവമായേ ഉണ്ടാകുന്നുള്ളൂ. ഏറെ സാധാരണമായി, അസുഖകരമായ ഗന്ധങ്ങൾ ശ്വാസകോശങ്ങളിൽനിന്നു വായിലെത്തുന്നു. എങ്ങനെ? വെളുത്തുള്ളി, ഉള്ളി എന്നിവ പോലുള്ള ചില ആഹാരസാധനങ്ങൾ ദഹിച്ചുകഴിയുമ്പോൾ അവ രക്തത്തിൽ പ്രവേശിക്കുകയും ശ്വാസകോശത്തിലേക്കു വഹിച്ചുകൊണ്ടുപോകപ്പെടുകയും ചെയ്യുന്നു. ബന്ധപ്പെട്ടുള്ള മണം ശ്വസനവ്യവസ്ഥയിൽനിന്നു വായിലേക്കും മൂക്കിലേക്കും അവിടെനിന്നു വെളിയിലേക്കും ഉച്ഛ്വസിക്കപ്പെടുന്നു. ഹെൽത്ത് എന്ന മാസിക പറയുന്നതനുസരിച്ച്, “വെളുത്തുള്ളി അല്ലികൾ വെറുതേ ഉള്ളങ്കാലിൽ തിരുമ്മുകയോ ചവയ്ക്കാതെ വിഴുങ്ങുകയോ ചെയ്യുമ്പോൾപോലും ആളുകൾക്കു വെളുത്തുള്ളിയുടെ മണമുള്ള ശ്വാസം ഉണ്ടാകുന്നതായി പഠനങ്ങൾ പ്രകടമാക്കിയിട്ടുണ്ട്.”
ലഹരിപാനീയങ്ങൾ കുടിക്കുന്നതും നിങ്ങളുടെ രക്തത്തെയും ശ്വാസകോശങ്ങളെയും ലഹരിപാനീയത്തിന്റെ മണംകൊണ്ടു നിറയ്ക്കും. ഇതു സംഭവിക്കുമ്പോൾ, കേവലം കാത്തിരിക്കുകയല്ലാതെ വാസ്തവത്തിൽ സ്ഥിതിവിശേഷത്തെ മെച്ചപ്പെടുത്താൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല. ചില ഭക്ഷണസാധനങ്ങളുടെ മണം 72 മണിക്കൂർവരെ ശരീരത്തിൽ നിലനിന്നേക്കാം.
വായ്നാറ്റം തടയുന്ന വിധം
മിഠായി പോലുള്ള നവശ്വാസം പകരുന്ന ഒന്ന് കേവലം ചവയ്ക്കുന്നതുകൊണ്ട് വായ്നാറ്റം മാറ്റാനാവില്ല. വായിൽ ബാക്ടീരിയയുടെ പ്രവർത്തനം നിമിത്തമാണു വായ്നാറ്റം ഉണ്ടാകുന്നതെന്ന് ഓർമിക്കുക. വായിൽ തങ്ങുന്ന ആഹാരത്തിന്റെ ചെറിയ അംശങ്ങൾ കോടിക്കണക്കിന് ബാക്ടീരിയയ്ക്കു വിരുന്നൊരുക്കുന്നുവെന്ന് എപ്പോഴും ഓർത്തിരിക്കേണ്ടതുണ്ട്. അതുകൊണ്ട്, വായ്നാറ്റത്തോടു പൊരുതുന്നതിനുള്ള ഒരു പ്രധാന മാർഗം ബാക്ടീരിയയുടെ എണ്ണം കുറച്ചുകൊണ്ട് വായ് ശുദ്ധമായി സൂക്ഷിക്കുക എന്നതാണ്. ഭക്ഷ്യാംശങ്ങളും പ്രാകും പല്ലുകളിൽനിന്ന് നീക്കം ചെയ്യുന്നതുവഴിയാണ് ഇതു ചെയ്യുന്നത്. എങ്ങനെ? ഭക്ഷണത്തിനുശേഷവും ഉറങ്ങുന്നതിനുമുമ്പും ബ്രഷുകൊണ്ട് പല്ലു തേക്കുന്നതു പ്രധാനമാണ്. എന്നാൽ ബ്രഷുകൊണ്ടു തേക്കുന്നത് ഒരു പടി മാത്രമാണ്.
ബ്രഷിന് എത്തിപ്പെടാൻ കഴിയാത്ത ഉപരിതലഭാഗങ്ങൾ പല്ലിനുണ്ട്. അതുകൊണ്ട് നാരുകൊണ്ട് പല്ലുകളുടെ ഇട വൃത്തിയാക്കുന്നത് (flossing) വളരെ പ്രധാനമാണ്, ദിവസത്തിൽ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും. ബ്രഷുകൊണ്ട് മൃദുവായി നാവും വൃത്തിയാക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ട്, നാവ് ബാക്ടീരിയയുടെ ഏറ്റവും പ്രിയപ്പെട്ട ഒളിസ്ഥലവും വിളനിലവുമാണ്. ഇടയ്ക്കിടയ്ക്ക് ഒരു ദന്തഡോക്ടറെക്കൊണ്ടു പരിശോധിപ്പിക്കുന്നതും പല്ലിലെ അഴുക്കു നീക്കം ചെയ്യുന്നതും അനിവാര്യമാണ്. കൂടാതെ ഈ പടികളിൽ ഏതെങ്കിലും ഒഴിവാക്കിയാൽ ഫലം വായ്നാറ്റമായിരിക്കും, മാത്രമല്ല കാലക്രമേണ പല്ലിലും മോണയിലും ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.
നിങ്ങളുടെ ശ്വാസത്തെ പുതുക്കുന്നതിനു താത്കാലികമായി നിങ്ങൾക്കു സ്വീകരിക്കാൻ കഴിയുന്ന ചില നടപടികളുമുണ്ട്. വെള്ളം കുടിക്കുക, പഞ്ചസാരയില്ലാത്ത ച്യൂയിഗം ചവയ്ക്കുക—നിങ്ങളുടെ ഉമിനീരിന്റെ പ്രവാഹത്തെ വർധിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുക. ബാക്ടീരിയയെ കഴുകിക്കളയുകയും അവയ്ക്ക് ആവാസയോഗ്യമല്ലാത്ത ഒരു ചുറ്റുപാട് ഉളവാക്കുകയും ചെയ്യുന്ന സ്വാഭാവിക മൗത്ത്വാഷ് പോലെയാണ് ഉമിനീർ വർത്തിക്കുന്നതെന്ന് ഓർക്കുക.
വ്യാവസായികമായി നിർമിക്കുന്ന മൗത്ത്വാഷുകൾ പ്രയോജനം ചെയ്യും, എന്നാൽ വായ്നാറ്റത്തോടു പോരാടുമ്പോൾ അവയിൽ മാത്രം ആശ്രയിക്കരുതെന്നു പഠനങ്ങൾ കാണിക്കുന്നു. വാസ്തവത്തിൽ, ലഹരിപദാർഥം അടങ്ങുന്ന മൗത്ത്വാഷുകൾകൊണ്ട് കൂടെക്കൂടെ കുലുക്കുഴിയുന്നത് വായിൽ വരൾച്ച ഉളവാക്കിയേക്കാം. വായ് കഴുകുന്നതിന് ഉപഭോക്താവിനു ലഭ്യമായിട്ടുള്ള ഏറ്റവും ഫലപ്രദമായ ഉത്പന്നങ്ങളിൽ ചിലത് പ്ലാകിനെ 28 ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളു. അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട മൗത്ത്വാഷ്കൊണ്ട് നന്നായി കഴുകിയതിനുശേഷവും നിങ്ങളുടെ വായിൽ ആദ്യമുണ്ടായിരുന്ന ബാക്ടീരിയയുടെ എണ്ണത്തിന്റെ 70 ശതമാനത്തിലധികം കണ്ടേക്കാം. പല പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഒരു മൗത്ത്വാഷ്കൊണ്ട് “കഴുകിയതിനുശേഷം 10 മിനിറ്റിനും ഒരു മണിക്കൂറിനും ഇടയിൽ എപ്പോഴെങ്കിലും സാധാരണമായി വായ്നാറ്റം വീണ്ടും ഉണ്ടായ”തായി കൺസ്യൂമർ റിപ്പോർട്ട് എന്ന മാഗസിൻ വിശദീകരിക്കുന്നു. പല രാജ്യങ്ങളിലും ഡോക്ടറുടെ കുറിപ്പിനാൽ മാത്രം ലഭ്യമായ കൂടുതൽ ശക്തിയേറിയ മൗത്ത്വാഷുകൾപോലും 55 ശതമാനം മാത്രമേ പ്ലാകിനെ കുറയ്ക്കുന്നുള്ളൂ. ഏതാനും മണിക്കൂറുകൾ മതി ബാക്ടീരിയയ്ക്ക് അവയുടെ മുമ്പത്തെ എണ്ണത്തിലേക്കു മടങ്ങിവരാൻ.
വ്യക്തമായും, വായ്നാറ്റം തടയുന്ന കാര്യം വരുമ്പോൾ ഉദാസീനമായ മനോഭാവം ഒഴിവാക്കേണ്ടതുണ്ട്. പകരം, സദാ പരിചരണം ആവശ്യമുള്ള അമൂല്യമായ ഉപകരണങ്ങളായിട്ടായിരിക്കണം നിങ്ങൾ നിങ്ങളുടെ വായയെയും പല്ലുകളെയും കരുതേണ്ടത്. ഉത്തരവാദിത്വമുള്ള ആശാരിമാരും മെക്കാനിക്കുകളും തുരുമ്പ്, ദ്രവീകരണം, മറ്റു നാശനഷ്ടങ്ങൾ എന്നിവയിൽനിന്ന് തങ്ങളുടെ ഉപകരണങ്ങളെ സംരക്ഷിക്കുന്നത് ഓരോ ജോലിയും പൂർത്തിയായതിനുശേഷം നിർദിഷ്ടമായ പരിചരണരീതികൾ അവലംബിച്ചുകൊണ്ടാണ്. നിങ്ങളുടെ പല്ലുകളും വായും മനുഷ്യൻ നിർമിച്ച ഏത് ഉപകരണത്തെക്കാളുമേറെ വിലയേറിയതാണ്. അതുകൊണ്ട് അവയ്ക്ക് അർഹിക്കുന്ന പരിചരണവും ശ്രദ്ധയും നൽകുക. ഇതു ചെയ്യുന്നതിനാൽ വായ്നാറ്റം നിങ്ങൾക്കു കുറയ്ക്കാം, മാത്രമല്ല അതു വരുത്തിവെച്ചേക്കാവുന്ന നൈരാശ്യവും നാണക്കേടും. അതിലും പ്രധാനമായി, നിങ്ങളുടെ വായ് ഏറെ ശുദ്ധവും ആരോഗ്യമുള്ളതുമായിരിക്കും.
[അടിക്കുറിപ്പുകൾ]
a പല്ലിന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന ഒട്ടലുള്ള ഒരു പദാർഥമാണ് പ്ലാക്. അതിൽ മുഖ്യമായും അടങ്ങിയിരിക്കുന്നത് ബാക്ടീരിയ ആണ്, അവയ്ക്കു പല്ലുകളിലും മോണകളിലും കേടു വരുത്താൻ കഴിയും.
[22-ാം പേജിലെ ചതുരം]
വായ്നാറ്റത്തിനു കാരണമെന്ത്?
വായ്നാറ്റമുളവാക്കുന്ന ചില സാഹചര്യങ്ങളും രോഗങ്ങളും ശീലങ്ങളും താഴെ കൊടുക്കുന്നു:
അണ്ഡവിസ്സർജനം
ആർത്തവം
എംപയീമ
ഏമ്പക്കം (തികട്ടൽ)
കരൾരോഗം
ക്ഷയരോഗം
കുടൽമറിയൽ
ചിലതരം കാൻസറുകൾ
ചിലതരം മരുന്നുകൾ
ദന്തക്ഷയം
ദന്തശസ്ത്രക്രിയ മൂലമുള്ള മുറിവുകൾ
പുകവലി
പ്രമേഹം
ബ്രോങ്കൈറ്റിസ്
മോണരോഗം
മോശമായ വായ് ശുചിത്വം
ലഹരിപാനീയങ്ങൾ കുടിക്കൽ
വളരെക്കാലമായുള്ള ആമാശയവീക്കം
വായ് ഉണങ്ങൽ
വായിലെ കുരുക്കൾ
വൃക്കസ്തംഭനം
സൈനസൈറ്റസ്
[24-ാം പേജിലെ ചതുരം]
നിങ്ങളുടെ നാക്കിനും വേണം ശ്രദ്ധ
ഏറ്റവും അടുത്തു കാണാവുന്ന ഒരു കണ്ണാടിയുടെ മുമ്പിൽനിന്ന് നിങ്ങളുടെ നാക്ക് ശരിക്കൊന്നു നോക്കുക. അത് അസംഖ്യം സൂക്ഷ്മസുഷിരങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണോ? അതു സാധാരണമാണ്. എന്നാൽ നിങ്ങളുടെ നാക്കിന്റെ ഉപരിതലത്തിലുള്ള ആ സുഷിരങ്ങൾക്ക് കോടിക്കണക്കിന് ബാക്ടീരിയയുടെ ഒരു ആവാസസ്ഥലമായിരിക്കാൻ കഴിയും. അത് അഭംഗുരം അങ്ങനെ വിട്ടാൽ, ബാക്ടീരിയയ്ക്ക് സ്ഥിരമായ വായ്നാറ്റ പ്രശ്നവും മറ്റ് അനാരോഗ്യകരമായ അവസ്ഥകളും ഉളവാക്കാൻ കഴിയും. എന്നിരുന്നാലും, അധരശുചിത്വം പാലിക്കുമ്പോൾ ആളുകൾ മിക്കപ്പോഴും നാക്കിന്റെ കാര്യം അവഗണിക്കുകയാണു ചെയ്യുന്നത്.
ദുർഗന്ധപൂരിത നിശ്വാസത്തിന് ഒരു പരിഹാരമായി മൃദുവായ നാരുകളുള്ള ഒരു ടൂത്ത്ബ്രഷുകൊണ്ട് നാക്കിന്റെ ഉപരിതലം പതിവായി വൃത്തിയാക്കാൻ ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ചില വിദഗ്ധർ നാക്കുവടി ഉപയോഗിക്കുന്നതിനെ ശുപാർശ ചെയ്യുന്നു. വായ്നാറ്റമകറ്റാൻ വേണ്ടി ഇന്ത്യയിൽ ആളുകൾ തലമുറകളായി നാക്കുവടികൾ ഉപയോഗിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് അവ ലോഹംകൊണ്ടുണ്ടാക്കിയതായിരുന്നു. എന്നാൽ ഇന്ന് പ്ലാസ്റ്റിക്കുകൊണ്ടുള്ള നാക്കുവടികളാണ് ഏറെ സാധാരണം. ചില സ്ഥലങ്ങളിൽ, നാക്കുവടി ലഭിക്കാൻ നിങ്ങൾക്കു ദന്തഡോക്ടറെ കാണേണ്ടതുണ്ടായിരിക്കാം.
[23-ാം പേജിലെ ചിത്രങ്ങൾ]
നാരുകൊണ്ട് പല്ലിട വൃത്തിയാക്കുന്നതും പല്ലുകളും നാക്കും ബ്രഷുകൊണ്ട് തേക്കുന്നതും വായുടെ നല്ല ശുചിത്വത്തിൽ ഉൾപ്പെടുന്നു
[21-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Life