ലോകത്തെ വീക്ഷിക്കൽ
ബ്രസീലിലെ പാഴാക്കപ്പെടുന്ന ഭക്ഷണം
ബ്രസീലിലെ കാർഷിക മന്ത്രാലയം പറയുന്നതനുസരിച്ച്, “രാജ്യം വർഷന്തോറും അരി, ബീൻസ്, ധാന്യം, സോയ, ഗോതമ്പ്, പച്ചക്കറികൾ, പഴങ്ങൾ എന്നീ ഇനങ്ങളിൽ 2.34 ശതകോടി (യു.എസ്.) ഡോളർ പാഴാക്കുന്നു” എന്ന് ഓ എസ്റ്റാഡോ ഡെ എസ്. പൗലോ പറയുന്നു. “മറ്റു [കാർഷിക] ഉത്പന്നങ്ങളുടെയും ഉപഭോക്തൃ പാഴാക്കലിന്റെയും നഷ്ടം കണക്കാക്കിയാൽ, അതിന്റെ തുക 4 ശതകോടി (യു.എസ്.) ഡോളർ വരെ എത്തും.” എന്നാൽ കാർഷിക ഉത്പന്നങ്ങളുടെ 20 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ 30 ശതമാനവും എന്തുകൊണ്ടാണു പാഴാക്കുന്നത്? നൽകിയിരിക്കുന്ന കാരണങ്ങളിൽ പെടുന്നവയാണ് ‘കൃഷിയിടങ്ങളിലെ താഴ്ന്ന സംഭരണശേഷി, അപര്യാപ്തമായ ഉത്പാദന സാങ്കേതികവിദ്യ, അപകടകരമായ ഹൈവേകൾ, വിളകൾ മോശമായി കൈകാര്യം ചെയ്യൽ’ തുടങ്ങിയവ. പാഴാക്കലിനെ നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അഭാവത്തെക്കുറിച്ചു വിലപിച്ചുകൊണ്ട് കാർഷിക മന്ത്രാലയത്തിലെ ബെനഡിറ്റോ റോസാ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: “പാഴാക്കപ്പെടുന്ന അത്തരം ഭക്ഷണംകൊണ്ട് അത്യാവശ്യമുള്ളവരെ പോറ്റാൻ കഴിയും.”
തിങ്കൾ പ്രഭാത രോഗലക്ഷണങ്ങൾ
“തിങ്കളാഴ്ച പ്രഭാതത്തിൽ ജോലിക്കു തിരിച്ചുചെല്ലുന്നതിന്റെ സമ്മർദം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 33 ശതമാനം കണ്ടു വർധിപ്പിക്കുന്നു” എന്ന് ഷോർണൽ ഡോ ബ്രാസിൽ റിപ്പോർട്ടു ചെയ്യുന്നു. 2,636 കേസുകളെക്കുറിച്ചു നടത്തിയ ഒരു ജർമൻ പഠനം “ആഴ്ചയിലെ ദിവസവും മണിക്കൂറും അനുസരിച്ച് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത വ്യത്യാസപ്പെടുന്നതായി വെളിപ്പെടുത്തി.” എന്നിരുന്നാലും, പ്രത്യേകിച്ച് അപകടമുള്ളതു തിങ്കളാഴ്ചകളിലാണെന്നും പ്രഭാതത്തിൽ ദിവസത്തിലെ ശേഷിച്ച സമയത്തെക്കാൾ ഹൃദയാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും കണ്ടെത്തുകയുണ്ടായി. തിങ്കളാഴ്ച പ്രഭാത രോഗലക്ഷണങ്ങൾ കൂടുതലും ബാധിക്കുന്നതു വിദഗ്ധ ജോലിക്കാരെക്കാളും ഓഫീസ് ജീവനക്കാരെക്കാളും ഫാക്ടറി തൊഴിലാളികളെയാണ്. “വാരാന്തവിശ്രമത്തിനുശേഷം കൂടുതൽ തീവ്രമായ ജീവിതചര്യകളിലേക്കുള്ള മാറ്റം [ഹൃദയാ]ഘാതങ്ങൾക്കു കാരണമാകുന്നുണ്ടോയെന്നു ഞങ്ങൾ സംശയിക്കുന്നു,” ഗവേഷണത്തിനു നേതൃത്വം നൽകിയ പ്രൊഫസർ സ്റ്റെഫാൻ വില്ലിക്ക് പറയുന്നു. ഹൃദയത്തിനു കുഴപ്പമുള്ളവർ തങ്ങളുടെ ആഴ്ച ശാന്തമായ ഒരു വിധത്തിൽ തുടങ്ങാനായിരുന്നു നിർദേശം.
“ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട രാജ്യം”
“ജപ്പാൻ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട രാജ്യമായി മാറിയിരിക്കുന്നു,” ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. പിൻബോൾ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പാച്ചിങ്കോ ചൂതാട്ടം നടത്താനാണ് ഏറ്റവുമധികം പണം (65 ശതമാനം) ചെലവഴിക്കുന്നത്. പ്രാദേശിക കുതിരപ്പന്തയത്തിൽ മറ്റേതൊരു രാജ്യത്തെക്കാളുമധികം പണം ചെലവഴിക്കുന്നതു ജപ്പാൻകാരാണ്. 1992-ലെ ബിസിനസ്സ് ഇടപാടുകൾ ഐക്യനാടുകളിലെ ബിസിനസ്സ് ഇടപാടുകളുടെ ഇരട്ടിയിലധികവും ഹോങ്കോംഗിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയും ബിസിനസ്സ് ഇടപാടുകളുടെ നാലിരട്ടിയിലധികവും ആയിരുന്നു. ബിസിനസ്സ് വർധിപ്പിക്കാൻ ഇപ്പോൾ യുവസ്ത്രീകളെ ലക്ഷ്യം വെക്കുകയാണ്. നഗോയായിൽനിന്നുള്ള ഒരുവൾ ഇങ്ങനെ പറഞ്ഞു: “എന്റെ മാതാപിതാക്കൾ പരാതി പറയാറുണ്ടെങ്കിലും ‘അവ സംഘടിപ്പിക്കുന്നതു ദേശീയവും പ്രാദേശികവുമായ ഗവൺമെൻറുകളാണ് എന്നു ഞാൻ അവരോട് എപ്പോഴും പറയാറുണ്ട്. അവയ്ക്ക് എങ്ങനെ മോശമായിരിക്കാൻ കഴിയും?’” വാസ്തവത്തിൽ, ജപ്പാനിലെ നിയമം ചൂതാട്ടത്തെ തത്ത്വത്തിൽ വിലക്കുന്നു, എന്നാൽ പരസ്യമായ ചൂതാട്ടം “വാസ്തവത്തിൽ നല്ല ഒരു വരുമാനരീതിയായി തുടരുന്നു” എന്ന് ഗവേഷകനായ ഹിരോഷി ടേക്കുച്ചി പറയുന്നു. ചൂതാട്ടത്തിലൂടെ കിട്ടുന്ന പണം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മൊത്തം ഉത്പന്നങ്ങളുടെ മൂല്യത്തിന്റെ 4 ശതമാനത്തെക്കാൾ കവിയുമ്പോൾ അത് ഒരു സാമൂഹിക പ്രശ്നമായി മാറുമെന്ന് അദ്ദേഹം കരുതുന്നു. ജപ്പാനിൽ ഇപ്പോൾ ചൂതാട്ടത്തിലൂടെ ലഭിക്കുന്ന തുക 5.7 ശതമാനത്തിൽ എത്തിനിൽക്കുകയാണ്.
പള്ളികളിൽ കുറ്റകൃത്യതരംഗം അനുഭവപ്പെടുന്നു
സമീപ വർഷങ്ങൾവരെ ഓസ്ട്രേലിയയിലെ പള്ളികൾ, ആരാധനായോഗങ്ങൾ നടക്കാത്ത സമയത്തുപോലും പൊതുവേ അടച്ചുപൂട്ടാറില്ലായിരുന്നു. പള്ളിക്കെട്ടിടങ്ങളിൽ കൊള്ളയും കവർച്ചയും റൗഡിത്തരങ്ങളും നടക്കുന്നതു നിമിത്തം ഇപ്പോൾ സ്ഥിതിഗതിയാകെ മാറിയിരിക്കുന്നതായി ദ വീക്കെൻഡ് ഓസ്ട്രേലിയൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. പുരോഹിതൻമാർ ആക്രമിക്കപ്പെട്ട സന്ദർഭങ്ങൾപോലും ഉണ്ടായിട്ടുണ്ട്. “നമ്മുടെ പല ഇടവകകളും ഇപ്പോൾ അവയുടെ പള്ളികൾ പൂട്ടിയിടുന്നു എന്നതാണ് എന്റെ ഭയം. അതു വളരെ ദുഃഖകരമാണെന്നു ഞാൻ കരുതുന്നു,” കത്തോലിക്ക ആർച്ചുബിഷപ്പായ ജോൺ ബാതെർസ്ബി പറഞ്ഞു. “മതത്തോടുള്ള ആദരവിൽ വീഴ്ച ഭവിച്ചിരിക്കുന്നതായി ഞാൻ കരുതുന്നു. സമൂഹത്തിന്റെ മതേതരവത്കരണം, പല ആളുകളും സമൂഹത്തിലെ മറ്റേതൊരു സ്ഥാപനത്തെയും പോലെതന്നെ പള്ളിയെ കാണുന്ന ഒരു സ്ഥിതിവിശേഷം വാസ്തവത്തിൽ ആനയിച്ചിരിക്കുന്നതായി ഞാൻ കരുതുന്നു. അതുകൊണ്ട് അതിനോടുള്ള പ്രത്യേക ആദരവിന്റെ പരിവേഷം തിരോഭവിച്ചുപോയിരിക്കുന്നു. ചിലർ പള്ളിയെ കാണുന്നത് വെറുമൊരു കെട്ടിടം മാത്രമായിട്ടാണ്.”
ബഹുമുഖപ്രതിഭയായ പാപ്പാ
ജോൺ പോൾ II-ാമൻ പാപ്പാ റോമൻ കത്തോലിക്കാ സഭയുടെ ആത്മീയ തലവൻ മാത്രമല്ല, ഒരു നാടകരചയിതാവും ഗ്രന്ഥകർത്താവും ശബ്ദലേഖന കലാകാരനും കൂടിയാണ്. അദ്ദേഹത്തിന്റെ അടുത്തകാലത്തെ പ്രത്യാശയുടെ കവാടം കടക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പല ആഴ്ചകളോളം ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകമായിരുന്നു. രത്നവ്യാപാരിയുടെ കട (ഇംഗ്ലീഷ്) എന്ന അദ്ദേഹത്തിന്റെ സംഗീതനാടകം ഇക്കഴിഞ്ഞ ഡിസംബറിൽ ന്യൂയോർക്ക് നഗരത്തിൽ ചുരുങ്ങിയ കാലത്തേക്കുള്ള ഒരു കരാറോടെ അവതരണം തുടങ്ങി. ആൻജാ യാവൻ എന്ന ഗുപ്ത നാമധേയത്തിൽ പാപ്പാ 1960-ൽ എഴുതിയതായിരുന്നു അത്. “ഒരു നാടകരചയിതാവും അഭിനേതാവും സംവിധായകനും ഒരു പ്രാദേശിക പത്രത്തിനു വേണ്ടിയുള്ള പരിഭാഷകനും നാടകവിമർശകനുമൊക്കെയായിരുന്നു പാപ്പാ” എന്ന് ആ നാടകത്തിന്റെ നിർമാതാവ് വിശദീകരിച്ചു. പാപ്പാ കൊന്ത ചൊല്ലുന്നത് റെക്കോർഡ് ചെയ്ത ഡബിൾ സിഡിയും വളരെയധികം വിറ്റഴിയപ്പെടുന്നുണ്ട്. മാത്രമല്ല, പാപ്പാ പേരുകേട്ട ഒരു ലോകസഞ്ചാരി കൂടിയാണ്, ഈ വർഷം അഞ്ച് ഭൂഖണ്ഡങ്ങൾ സന്ദർശിക്കാൻ ആലോചനയുണ്ട്. ജനുവരിയിലെ അദ്ദേഹത്തിന്റെ 63-ാമത്തെ സന്ദർശനത്തെ ദ ന്യൂയോർക്ക് ടൈംസ് വർണിച്ചത് “പാപ്പായുടെ സ്ഥാനത്തിനു സ്വാധീനശക്തി നഷ്ടപ്പെടുന്നു എന്ന സങ്കൽപ്പത്തെ തൂത്തെറിയാനും ലോകകാര്യങ്ങൾ സംബന്ധിച്ച തന്റെ ധാർമിക വീക്ഷണം പകരുന്നതിൽനിന്ന് ആരോഗ്യമോ പ്രായമോ തന്നെ പിന്തിരിപ്പിക്കില്ല എന്ന ആശയം ധ്വനിപ്പിക്കാനും 74 വയസ്സുള്ള പാപ്പായുടെ ഒരു ഉദ്യമം” എന്നാണ്.
രക്തം—അപകടകരമായ ഒരു “മയക്കുമരുന്ന്”
“രക്തപ്പകർച്ചകൾ നിരസിക്കുന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ നിലപാട് ശരിയായിരിക്കുമോ?” എന്ന് ഇംഗ്ലണ്ടിലെ സൺഡേ ടെലഗ്രാഫ് ചോദിക്കുന്നു. രക്തപ്പകർച്ചയോടു ബന്ധപ്പെട്ട ഇപ്പോഴത്തെ ഭീതിയിൽ ഉൾപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്സ് വൈറസ് എന്നിവയാൽ മലീമസമായ രക്തമാണ്. “എന്നാൽ ആധികാരിക പത്രികകളിൽ വിവരിച്ചിരിക്കുന്ന അനേകം അപകടങ്ങളിൽ കേവലം ഒന്നു മാത്രമാണു രോഗബാധ,” ടെലഗ്രാഫ് പറയുന്നു. “ഒരു രക്തപ്പകർച്ചയ്ക്കു മോശമായ പ്രതിപ്രവർത്തനം ഉണ്ടാകാനുള്ള സാധ്യത 20 ശതമാനത്തോളം ഉയർന്നതാണെന്നു കണക്കാക്കിയതു പോലുള്ള പ്രസിദ്ധീകൃതപഠനങ്ങൾ പൊതുജനത്തിനു തീർത്തും അറിയില്ലതന്നെ. ആമാശയത്തിലോ കുടലിലോ ഓപ്പറേഷൻ നടത്തിയശേഷം ശരിക്കും സുഖം പ്രാപിക്കുന്നില്ലെങ്കിൽ അതു രക്തപ്പകർച്ച നടത്തിയതിന്റെ ഏറ്റവും നല്ല സൂചകമാണ് എന്നു കണ്ടെത്തിയിട്ടുള്ള പഠനങ്ങളും അതുപോലെതന്നെ അപരിചിതമാണ്.” ഉയർന്ന ശതമാനം രക്തപ്പകർച്ചകൾ നടത്തുന്നത് അനാവശ്യമായിട്ടാണെന്നും രക്തപ്പകർച്ചാരീതികൾ വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും രക്തപ്പകർച്ചകൾ ശാസ്ത്രീയ ഡേറ്റയെക്കാൾ കൂടുതലും ശീലത്തിൽ അധിഷ്ഠിതമായാണു നടത്തുന്നതെന്നും പഠനങ്ങൾ പ്രകടമാക്കുന്നുണ്ട്. “മിക്ക ശസ്ത്രക്രിയാ വിദഗ്ധൻമാർക്കും വളരെ അറപ്പു തോന്നിക്കുന്ന ശക്തമായ ഒരു മയക്കുമരുന്ന്” എന്നു രക്തത്തെ വിളിച്ചുകൊണ്ട് റോയൽ വിക്ടോറിയ ആശുപത്രിയിലെ കൺസൾട്ടൻറ് ശസ്ത്രക്രിയാ വിദഗ്ധനായ ടോം ലെനാർഡ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “രക്തം ഒരു പുതിയ മയക്കുമരുന്നായിരുന്നുവെങ്കിൽ അതിനു നിർമാണാനുമതി ലഭിക്കുമായിരുന്നില്ല.”
നിങ്ങളുടെ ശിശുക്കളെ ശബ്ദത്തിൽനിന്നു സംരക്ഷിക്കുക
“വളരെയധികം ശബ്ദം അജാതശിശുക്കൾക്കും നവജാതശിശുക്കൾക്കും ഹാനികരമായിരിക്കാൻ കഴിയും” എന്നു റേഡിയോ ഫ്രാൻസ് ഇൻറർനാഷണലെയുടെ ഒരു വാർത്താക്കുറിപ്പ് പറയുന്നു. മാതാവിന്റെ ഗർഭാശയത്തിലുള്ള ഒരു ശിശു, അതിന്റെ മാതാവ് വിധേയമാകുന്ന ഉച്ചത്തിലുള്ള ഏതു ശബ്ദങ്ങളാലും ഭയപ്പെടാൻ പ്രത്യേകിച്ചും സാധ്യതയുണ്ട്. മാതാവിന്റെ ഉദരഭിത്തിയും അമ്നിയോട്ടിക് ദ്രാവകവും വെളിയിൽനിന്നുള്ള ശബ്ദങ്ങളിൽനിന്നു നൽകുന്ന സംരക്ഷണം വളരെ കുറവാണ്. അതിനാൽ പിറക്കുന്നതിനു മുമ്പേ കുട്ടിക്ക് അംഗവൈകല്യം ബാധിച്ചേക്കാം. ഉദാഹരണത്തിന്, 85 ഡെസിബെല്ലിനും 95 ഡെസിബെല്ലിനും ഇടയിലുള്ള ശബ്ദപരിമാണങ്ങൾക്കു വിധേയമാകുന്ന മാതാക്കളുടെ കുട്ടികൾക്കിടയിൽ ഉയർന്ന ശബ്ദാവർത്തിമൂലം ശ്രവണശക്തി നഷ്ടമാകാനുള്ള അപകടസാധ്യത മൂന്നു മടങ്ങു കൂടുതലാണ്—അത്തരം ശബ്ദപരിമാണങ്ങൾ റോക്ക് സംഗീതക്കച്ചേരികളിലും നിശാനൃത്തശാലകളിലും വളരെ സാധാരണമാണ്. കേൾവിത്തകരാറ് വരുത്തിവെക്കുന്നതിനു പുറമേ, ഉയർന്ന ശബ്ദം ആവർത്തിച്ചു കേട്ടാൽ, പ്രത്യേകിച്ചും മാതാവിന്റെ ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ, അതിന് അജാതശിശുവിന്റെ ഹൃദയമിടിപ്പിന്റെ നിരക്കിനെ വർധിപ്പിക്കാൻ കഴിയുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
“വൈകാരിക പ്രഥമ ശുശ്രൂഷ”
അപകടസ്ഥലത്തു നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ശാരീരികമായ മുറിവുകൾക്കു നൽകുന്ന ശ്രദ്ധ മാത്രം ഉൾപ്പെട്ടാൽ പോര. മുറിവേറ്റ വ്യക്തികൾക്കു വൈകാരിക സഹായം കൂടി ആവശ്യമാണ് എന്ന് ജർമൻ പത്രമായ സ്യൂറ്റ്ഡോയ്ച്ച് സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. ഏതുതരം സഹായം? “വൈകാരിക പ്രഥമ ശുശ്രൂഷ” നൽകുന്നതിനു വേണ്ടി ലളിതമായ നാലു പടികളാണ് ജർമനിയിലെ മനശ്ശാസ്ത്രജ്ഞന്മാരുടെ പ്രൊഫഷണൽ അസോസിയേഷൻ നിർദേശിക്കുന്നത്. ആ നിർദേശങ്ങൾ അപകടത്തിനിരയായവരോടും വിദഗ്ധരോടും അഭിമുഖം നടത്തിയതിന്റെ ഫലമായിരുന്നു. ഓർമിക്കാനുള്ള ഒരു സഹായി എന്നനിലയിൽ (ഇംഗ്ലീഷിൽ) ഓരോ നിർദേശവും തുടങ്ങുന്നത് S എന്ന അക്ഷരത്തിലാണ്. ശുപാർശകൾ ഇവയൊക്കെയാണ്: “നിങ്ങൾ അവിടെ ഉണ്ടെന്നു പറയുക. ശ്രദ്ധാശൈഥില്യങ്ങളിൽനിന്നു മുറിവേറ്റ വ്യക്തിയെ സംരക്ഷിക്കുക. ശാരീരിക സമ്പർക്കം പുലർത്തുക. സംസാരിക്കുകയും കേൾക്കുകയും ചെയ്യുക.” ഡോക്ടർമാരിലൂടെയും ഡ്രൈവിങ് സ്കൂളുകളിലൂടെയും ഈ നടപടികൾക്കു പ്രോത്സാഹനം നൽകാനും പ്രഥമ ശുശ്രൂഷ കോഴ്സുകളിൽ അവ ഉൾപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
“ഇന്ത്യയിലെ കൊച്ചു ‘ഭാരമേന്തും മൃഗങ്ങൾ’”
ഇന്ത്യയിലെ 1.7 കോടിമുതൽ 4.4 കോടിവരെയുള്ള ബാലതൊഴിലാളികളെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ടു വിളിച്ചത് അങ്ങനെയാണ്. ആരോഗ്യമുള്ള ഏതാണ്ട് 2.3 കോടി തൊഴിലില്ലാത്ത മുതിർന്നവർ ഉണ്ടായിരുന്നിട്ടും ഫാക്ടറി ഉടമകൾ കുട്ടികളെ ജോലിക്കു നിർത്താനാണു മിക്കപ്പോഴും ഇഷ്ടപ്പെടുന്നത്. ആ കുട്ടികൾ, മുതിർന്നവർക്കു കിട്ടുന്ന വേതനത്തിന്റെ പകുതി വാങ്ങി പരാതി കൂടാതെ പണിയെടുക്കുന്നു, മാത്രമല്ല തങ്ങൾ ചെയ്യുന്ന ജോലികളുടെ ആരോഗ്യാപകടങ്ങൾ സംബന്ധിച്ച് അവർ ചോദ്യം ചെയ്യാറുമില്ല. ബാലതൊഴിലാളികൾ ഉത്പാദിപ്പിച്ച സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ചില പാശ്ചാത്യ രാഷ്ട്രങ്ങൾ വിസമ്മതിച്ചപ്പോൾ മാത്രമായിരുന്നു ചില നിർമാതാക്കൾ കുട്ടികൾക്കുപകരം മുതിർന്നവരെ നിയമിച്ചത്. അത്തരം ദ്രോഹത്തെ ചെറുക്കാനും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കളെ നിർബന്ധിക്കാനും ഇന്ത്യാ ഗവൺമെൻറ് കൂടുതൽ കർശനമായ നിയമങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രസിഡൻറായ ഡോ. ശങ്കർ ദയാൽ ശർമ ഇങ്ങനെ പറയുന്നു: “പാരമ്പര്യത്തിനോ സാമ്പത്തികാവശ്യത്തിനോ ബാലതൊഴിലിനെ നീതീകരിക്കാനാവില്ല, അത്തരം ചൂഷണം തുടച്ചുനീക്കുക എന്നത് ഇന്നത്തെ മുഖ്യ വെല്ലുവിളികളിൽ ഒന്നാണ്.” എന്നിരുന്നാലും, ഹീനമായ ദാരിദ്ര്യം ഒരു “കടുത്ത യാഥാർഥ്യ”മാണെന്നും ഒരു കുട്ടി സമ്പാദിക്കുന്ന വേതനം കുടുംബത്തിനു വളരെ ആവശ്യമുള്ള സാമ്പത്തികസഹായം നൽകുന്നുവെന്നുമുള്ള അടിസ്ഥാനത്തിൽ പലരും ഈ നടപടിയെ ന്യായീകരിക്കുകയാണു ചെയ്യുന്നത്.