വിപത്തുകൾക്കെതിരെയുള്ള പോരാട്ടം വിജയംവരിച്ചു
പ്രകൃതി വിപത്തുകളുടെ ഫലങ്ങൾ കുറയ്ക്കുന്നതിനുള്ള ഐക്യനാടുകളുടെയും ഓരോ ഗവൺമെന്റുകളുടെയും ശ്രമങ്ങൾ തീർച്ചയായും പ്രശംസാർഹമാണ്. അത്തരം ദുരിതങ്ങളുടെ മുമ്പിൽ മനുഷ്യവർഗം നിസ്സഹായരായിരിക്കേണ്ടതില്ലെന്നു പ്രകൃതി വിപത്തുകളുടെ കുറയ്ക്കലിനുവേണ്ടിയുള്ള അന്താരാഷ്ട്ര ദശകം പോലെയുള്ള പദ്ധതികൾ സൂചിപ്പിക്കുന്നു. വ്യക്തികളും സമൂഹങ്ങളും ഗവൺമെന്റുകളും ഉചിതമായ പടികൾ സ്വീകരിക്കുന്നപക്ഷം ജീവൻ രക്ഷിക്കാൻ കഴിയും.
ഇതു വളരെ താത്പര്യജനകമാണ്. എന്തുകൊണ്ടെന്നാൽ പെട്ടെന്നുതന്നെ മനുഷ്യവർഗത്തിന്റെ ഭരണ മേൽനോട്ടത്തിൽ ഒരു മാറ്റമുണ്ടാകുമെന്നു ബൈബിൾ നമ്മോടു പറയുന്നു. ക്രിസ്ത്യാനികൾ യേശുവിന്റെ നാളുകൾമുതൽ കർത്താവിന്റെ പ്രാർഥന (“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ”) ചൊല്ലുന്നുണ്ട്. അത് ഇങ്ങനെ പറയുന്നു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) ദൈവരാജ്യം ഒരു യഥാർഥ ഗവൺമെന്റാണ്. ബൈബിൾ പ്രവചനമനുസരിച്ച്, വളരെ പെട്ടെന്നുതന്നെ അത് “[മാനുഷിക] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) മുഴു മനുഷ്യവർഗവും ഒരു പൂർണതയുള്ള ഗവൺമെൻറിൻ കീഴിൽ വരുന്നതു സങ്കൽപ്പിക്കുക. അത് എന്തൊരു മാറ്റമായിരിക്കും!
ഇപ്പോഴത്തെ ഗവൺമെന്റുകൾ പ്രകൃതിയിലെ അനർഥങ്ങൾ പ്രകൃതി വിപത്തുകളായിത്തീരാതിരിക്കാൻ പടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യം കാണുന്നെങ്കിൽ ദൈവത്തിന്റെ ഗവൺമെൻറ് അതിന്റെ പ്രജകൾ ഈ രീതിയിൽ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് നമുക്കു ശുഭാപ്തിവിശ്വാസമുണ്ടായിരിക്കാൻ കഴിയും. ദൈവരാജ്യം ഈ ഗ്രഹത്തിൽ നിലനിൽക്കുന്ന സമാധാനം കൈവരുത്തും. കയീൻ ഹാബേലിനെ കൊന്നതിനുശേഷം ആദ്യമായിട്ടായിരിക്കും ഇത്. ആ രാജ്യത്തിൻകീഴിൽ, “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11) വളരെ യഥാർഥമായ ഒരർഥത്തിൽ ‘എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും അവരുടെ സമാധാനം വലിയതും ആയിത്തീര’ത്തക്കവണ്ണം രാജ്യം മനുഷ്യവർഗത്തിനു വിദ്യാഭ്യാസം നൽകും.—യെശയ്യാവു 54:13.
ഇന്ന്, പ്രകൃതി വിപത്തുകൾക്ക് ഇരയായിത്തീരുന്നവരിൽ ഭൂരിപക്ഷവും പാവപ്പെട്ടവരാണ്. എന്നാൽ സമ്പൂർണമായ മേൽനോട്ടവും ഉചിതമായ വിദ്യാഭ്യാസവും ഉണ്ടായിരിക്കുന്ന ദൈവരാജ്യത്തിൻകീഴിൽ മനുഷ്യവർഗം മേലാൽ വിശപ്പിന്റെ അതിവേദന അനുഭവിക്കയില്ല. ഈ അവസ്ഥകൾ തന്റെ നാളിലെ ആളുകൾക്കു മനസ്സിലാകുന്ന വിധത്തിൽ മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് യെശയ്യാ പ്രവാചകൻ ഇങ്ങനെയെഴുതി: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.” (യെശയ്യാവു 25:6) അതേ നല്ല സാധനങ്ങളുടെ ഒരു വിരുന്ന്! രാജ്യഭരണത്തിൻ കീഴിലെ ജീവിതത്തെക്കുറിച്ചു കൂടുതലായി വർണിക്കവേ സങ്കീർത്തനക്കാരൻ പറഞ്ഞു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.”—സങ്കീർത്തനം 72:16.
പ്രകൃതി വിപത്തുകൾക്കെതിരെയുള്ള മനുഷ്യന്റെ പോരാട്ടം അവസാനിക്കുമെന്നതു സ്പഷ്ടമാണ്. ദൈവാത്മാവിന്റെ സഹായത്താലും ദൈവരാജ്യത്തിന്റെ മേൽനോട്ടത്താലും ദൈവഭയമുള്ള മനുഷ്യർ ആ പോരാട്ടത്തിൽ വിജയംവരിക്കും. അത് എന്തൊരു ആശ്വാസമായിരിക്കും!