ചൂതാട്ടം ’90-കളിലെ ആസക്തി
കളർ ഫിലിം നിറച്ച ഒരു ക്യാമറ ആ ദൃശ്യം പകർത്തുന്നു. ആ ചിത്രം ഞായറാഴ്ചത്തെ ഒരു ദിനപത്രത്തിന്റെ രണ്ടു പേജ് നിറച്ചുണ്ട്—ഒരു ചൂതുകളിസ്ഥലമാക്കി മാറ്റിയിരിക്കുന്ന ഒരു വൻ പണ്ടകശാലയിൽ കണ്ണെത്താവുന്ന ദൂരത്തോളം, അതിന്റെ ആയിരക്കണക്കിനു ചതുരശ്രമീറ്ററിൽ, എല്ലാ പ്രായത്തിലും നിറത്തിലുമുള്ള, ചൂതാട്ടക്കാർ നിറഞ്ഞിരിക്കുകയാണ്. അവരുടെ ക്ഷീണിച്ച മുഖവും ചുവന്ന കണ്ണുകളും ശ്രദ്ധിക്കുക, അവിരാമം അനേകം നാഴികകൾ കളിച്ചതിന്റെ ലക്ഷണങ്ങളില്ലേ? അടുത്ത നമ്പർ വിളിക്കുന്നതിനായി അവർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ വിളിയുടെ അർഥം നേട്ടമൊന്നുമില്ലാഞ്ഞ ഒരു രാത്രിയുടെ ഒടുവിൽ അവർ വിജയിക്കുകയാണെന്നാവാം.
പത്രത്തിന്റെ പേജുകൾ മറിച്ചുനോക്കുക. കൈ നിറയെ ചീട്ടും പിടിച്ചിരിക്കുന്നവരുടെ ഉത്കണ്ഠാകുലമായ മുഖങ്ങൾ ശ്രദ്ധിക്കുക, തോൽക്കുമോ എന്ന ഭയം അവർക്കില്ലേ? പല കേസുകളിലും, അടുത്ത ചീട്ടു വലിക്കുമ്പോൾ നേടുന്നതും നഷ്ടമാകുന്നതും ആയിരക്കണക്കിനു ഡോളറാണ്. ചിത്രങ്ങളിൽ കാണുന്നതിന് അപ്പുറത്തേക്കു പോകുക. ആകുലചിത്തനായ ഒരുവന്റെ വിയർപ്പു മൂടിയ കൈപ്പത്തികൾ നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? ത്വരിതഗതിയിലുള്ള ഹൃദയമിടിപ്പും അടുത്ത തവണ തനിക്കു നല്ല കൈയും മറ്റു കളിക്കാർക്കു തോൽക്കാനുള്ള കൈയും കിട്ടാൻ വേണ്ടിയുള്ള നിശബ്ദ പ്രാർഥനയും നിങ്ങൾക്കു കേൾക്കാൻ സാധിക്കുന്നുണ്ടോ?
പകിട്ടേറിയ ഹോട്ടലുകളിലെയും ബോട്ടുകളിലെയും ആഡംബരമാർന്ന ചൂതാട്ടശാലകളിലേക്കു കടക്കുക. എവിടെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം കാണുന്ന നിറപ്പകിട്ടാർന്ന സ്ലോട്ടുയന്ത്രങ്ങൾക്കിടയിൽ പെട്ടു വഴി കണ്ടെത്താൻ കഴിയാതെ നിൽക്കുകയാണോ നിങ്ങൾ? അവയുടെ കൈപ്പിടികൾ തിരിക്കുന്നതിന്റെയും ചക്രങ്ങൾ കറങ്ങുന്നതിന്റെയും ശബ്ദം നിങ്ങളുടെ കാതടപ്പിക്കുന്നുവോ? ജയിച്ചാലും തോറ്റാലും ആ ശബ്ദം കളിക്കാർക്ക് ഇമ്പകരമാണ്. “സ്ലോട്ട് യന്ത്രത്തിന്റെ പിടി അടുത്ത പ്രാവശ്യം തിരിക്കുമ്പോൾ എന്താണു സംഭവിക്കാൻ പോകുന്നത് എന്നോർത്തുള്ള രോമാഞ്ചമാണ് അവരുടെ സംഭ്രമത്തിനു കാരണം,” ഒരു ചൂതുകളിസ്ഥലത്തിന്റെ തലവൻ പറഞ്ഞു.
ആ മനുഷ്യവനത്തിലൂടെ നിങ്ങളുടെ വഴി തെളിച്ച് ആളുകൾ തിങ്ങിക്കൂടിയിരിക്കുന്ന റൗലെറ്റ് മേശയുടെ അടുത്തേക്കു പോകുക. ചക്രത്തിന്റെ ചെമന്നതും കറുത്തതുമായ അറകൾ നിങ്ങളുടെ കൺമുമ്പിലൂടെ ചുറ്റിക്കറങ്ങിപ്പോകുമ്പോൾ അതു നിങ്ങളെ സമ്മോഹനവലയത്തിലാക്കിയേക്കാം. ഉരുണ്ടിറങ്ങുന്ന ബോളിന്റെ ശബ്ദവും ആ വശീകരണത്തിനു മാറ്റുകൂട്ടുന്നു. അതു കറങ്ങി, കറങ്ങി പോകുന്നു, അത് ഏതു സ്ഥാനത്തു നിൽക്കുന്നുവോ ആ സ്ഥാനത്തിനു നിങ്ങളുടെ ജയവും തോൽവിയും നിശ്ചയിക്കാനാവും. ചക്രം ഒന്നു തിരിയുമ്പോഴേക്കും സാധാരണമായി ആയിരക്കണക്കിനു ഡോളർ നഷ്ടപ്പെട്ടിരിക്കും.
ഇത്തരം ചിത്രങ്ങളും രംഗങ്ങളും പതിനായിരക്കണക്കിനാണ്, കളിക്കാർ എണ്ണമറ്റ ലക്ഷങ്ങൾ, ലോകവ്യാപകമായി ഇത്തരം കളിസ്ഥലങ്ങൾ ആയിരങ്ങളും. തങ്ങളുടെ ചൂതാട്ടഭ്രമത്തെ തൃപ്തിപ്പെടുത്താനായി ആളുകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ വന്നെത്തുന്നതു വിമാനത്തിലും തീവണ്ടിയിലും ബസിലും കപ്പലിലും കാറിലുമൊക്കെയാണ്. “നിഗൂഢ രോഗം, ’90-കളിലെ ആസക്തി: ആസക്തമായ ചൂതാട്ടം” എന്നൊക്കെയാണ് അതിനെ വിളിക്കുന്നത്. “ലോകമെമ്പാടുമുള്ള നിയമാനുസൃത ചൂതാട്ടത്തിന്റെ ചരിത്രപരമായ അത്യുച്ചാവസ്ഥയെ കുറിക്കുന്നതായിരിക്കും 1990-കൾ എന്നു ഞാൻ പ്രവചിക്കുന്നു,” ചൂതാട്ട പെരുമാറ്റം സംബന്ധിച്ച ഒരു ദേശീയ പ്രാമാണികനായ ഡൂറൻറ് ജേക്കബ്സ് എന്ന ഗവേഷകൻ പറഞ്ഞു.
ഉദാഹരണത്തിന്, ഐക്യനാടുകളിൽ 1993-ൽ ബേസ്ബോൾ പാർക്കിൽ പോയതിലും കൂടുതൽ അമേരിക്കക്കാർ ചൂതാട്ടശാലകളിൽ പോയി—9.2 കോടി സന്ദർശകർ. പുതിയ ചൂതുകളിസ്ഥലങ്ങളുടെ നിർമാണം അനവരതം തുടരുന്നതുപോലെ തോന്നുന്നു. ഐക്യനാടുകളുടെ പൂർവതീരത്തുള്ള ഹോട്ടൽ ജീവനക്കാർ മതിമറന്ന അവസ്ഥയിലാണ്. “ഓരോ ദിവസവും 50,000 എന്നു കണക്കാക്കപ്പെടുന്ന ചൂതാട്ട സന്ദർശകർക്ക് ഇപ്പോഴുള്ള മുറികൾ തികയുന്നില്ല.”
കുറെ കാലം മുമ്പ് ഐക്യനാടുകളുടെ തെക്കൻ സംസ്ഥാനങ്ങളിൽ ചൂതാട്ടം ഒരു പാപപ്രവർത്തനമായി കണക്കാക്കപ്പെട്ടിരുന്നു. അവിടെ ഇപ്പോൾ, 1994-ൽ, അവർ അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്, രക്ഷകനായി കണക്കാക്കുകയാണ്. “ഇന്ന്, ഇവിടത്തെ ബൈബിൾ മേഖലയെ ബ്ലാക്ജാക്കറ്റ് മേഖല എന്നു പുനർനാമകരണം ചെയ്യാവുന്നതാണ്, കാരണം മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ഉടനീളമുള്ള ബോട്ടുകളിലും അതുപോലെതന്നെ കരയ്ക്കും ചൂതുകളിസ്ഥലങ്ങളുടെ പ്രളയമാണ്. മാത്രവുമല്ല, ഫ്ളോറിഡയിലും ടെക്സാസിലും അലബാമയിലും അർക്കൻസാസിലും കൂടുതൽ ചൂതുകളിസ്ഥലങ്ങൾക്കു വേണ്ടിയുള്ള ആസൂത്രണങ്ങളുമുണ്ട്” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് നിരീക്ഷിച്ചു. ചില മതനേതാക്കന്മാർ ചൂതാട്ടം പാപമാണെന്ന വീക്ഷണത്തിന് ഇപ്പോൾ സമൂലമാറ്റം വരുത്തുകയാണ്. ഉദാഹരണത്തിന്, ലൂസിയാനയിലെ ന്യൂ ഓർലീൻസിലുള്ള നഗര ഉദ്യോഗസ്ഥന്മാർ 1994-ൽ മിസ്സിസ്സിപ്പി നദിയിൽ ഒഴുകിനടക്കുന്ന ആദ്യത്തെ ചൂതാട്ടശാല ഉദ്ഘാടനം ചെയ്തപ്പോൾ, “കളിക്കാനുള്ള പ്രാപ്തികൊണ്ട്, ആ നന്മകൊണ്ട്, ഈ നഗരത്തെ അനുഗ്രഹിച്ചതിന്” ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഒരു പുരോഹിതൻ പ്രാർഥിക്കുകയുണ്ടായി.
2000-മാണ്ടാകുമ്പോഴേക്കും, മൊത്തം അമേരിക്കക്കാരിൽ 95 ശതമാനം പേരും 3-ഓ 4-ഓ മണിക്കൂർ മാത്രം യാത്ര ചെയ്താൽ എത്താവുന്ന ചൂതാട്ടശാലകളുടെ പരിധിക്കുള്ളിലായിരിക്കും ജീവിക്കുക എന്നു പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കൻ ഇൻഡ്യാക്കാർക്കും ചൂതാട്ട ബിസിനസിൽ വലിയൊരു പങ്കുണ്ട്. യു.എസ്. ഗവൺമെൻറ് ഇപ്പോൾവരെ അവരുടെ 225 ചൂതുകളിസ്ഥലങ്ങൾക്കും ഉയർന്ന പണം പന്തയം വെക്കുന്ന വലിയ ചൂതാട്ടശാലകൾക്കും അനുമതി നൽകിയിട്ടുണ്ട് എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
ചീട്ടുകളി, സ്പോർട്സ് ഇനങ്ങളിൽ പന്തയംവെക്കൽ, കുതിരയോട്ടവും പട്ടിയോട്ടവും, പള്ളിയിലെ ചൂതുകളി എന്നിവയെപ്പോലുള്ള മറ്റു സംഗതികളും ഈ ലിസ്റ്റിനോടു ചേർക്കുമ്പോൾ, അമേരിക്കക്കാർ 1993-ൽ നിയമപരമായി പന്തയം വെച്ച് 39,400 കോടി ഡോളർ എങ്ങനെ ചെലവാക്കിയെന്നതു വ്യക്തമായിത്തീരുന്നു. അതിന്റെ തലേ വർഷത്തെക്കാൾ 17.1 ശതമാനം വർധനവായിരുന്നു അത്. ചൂതാട്ടത്തെ എതിർക്കുന്നവർ അമ്പരന്നുപോവുകയാണ്. ആസക്ത ചൂതാട്ടം സംബന്ധിച്ച ഒരു കൗൺസിലിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഇങ്ങനെ പറഞ്ഞു: “ആളുകളെ സഹായിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കേണ്ടവയാണു പള്ളികളും ക്ഷേത്രങ്ങളും ഗവൺമെൻറുകളും. ഇന്ന് അവയെല്ലാം ചൂതാട്ട ബിസിനസിൽ ഏർപ്പെട്ടിരിക്കുകയാണ്.” ഒരു പത്രം ഐക്യനാടുകളെ വിളിച്ചത് “ചൂതാട്ട രാഷ്ട്രം” എന്നാണ്. “അമേരിക്കയിലെ യഥാർഥ നേരമ്പോക്ക്” ചൂതാട്ടമാണെന്ന് അതു പറയുകയും ചെയ്തു.
ഇംഗ്ലണ്ടിൽ ആദ്യത്തെ ലോട്ടറി ആരംഭിച്ചത് 1826-ലാണ്. അവിടെ ലോട്ടറിയുടെ വിൽപ്പന തകൃതിയായി നടക്കുന്നുവെന്നു പറയപ്പെടുന്നു. അത് ഒരു വമ്പിച്ച ചൂതാട്ട മുന്നേറ്റം അനുഭവിച്ചുകൊണ്ടിരിക്കുകയുമാണെന്ന് ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ റിപ്പോർട്ടു ചെയ്യുകയുണ്ടായി. “മോസ്കോയിലെങ്ങും ഇപ്പോൾ തിരക്കേറിയ ചൂതുകളിസ്ഥലങ്ങളാണ്. സൈനികരും മതമൗലികവാദികളും ഒരുപോലെ ആക്രമണം നടത്തുന്ന പശ്ചിമ ബേയ്റൂട്ടിലെ ചൂതാട്ട ഭവനങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു സന്ദർശനം നടത്തിക്കൊണ്ട് ലെബനീസ് ചൂതാട്ടക്കാർ അക്ഷരാർഥത്തിൽ തങ്ങളുടെ ജീവനെത്തന്നെ അപായപ്പെടുത്തുകയാണ്. ചൂതാട്ടസ്ഥലത്തെ യന്ത്രത്തോക്കുകളേന്തിയ ഗാർഡുകളാണു വമ്പിച്ച നേട്ടമുണ്ടാക്കുന്നവരെ അകമ്പടി സേവിച്ചു വീട്ടിൽ കൊണ്ടാക്കുന്നത്” എന്നു ടൈംസ് റിപ്പോർട്ടു ചെയ്തു.
“തങ്ങളുടേതു ചൂതാട്ടക്കാരുടെ ഒരു രാജ്യമാണെന്നു കാനഡക്കാർ മനസ്സിലാക്കുന്നില്ല” എന്നു കാനഡയിലെ ഒരു പ്രവിശ്യയിലെ ചൂതാട്ടത്തെ നിയന്ത്രിക്കുന്ന ഒരുവൻ പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു: “ചില വശങ്ങളെടുത്താൽ ഒരുപക്ഷേ കാനഡയിൽ യു.എസ്.-ൽ ഉള്ളതിനെക്കാൾ ഉയർന്നതരം ചൂതാട്ടമാണുള്ളത്.” “കാനഡക്കാർ കഴിഞ്ഞ വർഷം നിയമപരമായ ചൂതാട്ടത്തിനും പന്തയം വെക്കുന്നതിനും 1,000 കോടി ഡോളറിലധികം—അവർ സിനിമയ്ക്കു പോകുന്നതിനു ചെലവഴിക്കുന്നതിന്റെ ഏതാണ്ട് 30 ഇരട്ടി—ചെലവാക്കി” എന്ന് ദ ഗ്ലോബ് ആൻറ് മെയിൽ എന്ന പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. “യു.എസ്.-ൽ എന്നെങ്കിലും ഉണ്ടായിരുന്നതിനെക്കാളും അല്ലെങ്കിൽ ഇപ്പോൾ ഉള്ളതിനെക്കാളും വളരെയധികം ഉയർന്നതരത്തിലുള്ള ചൂതാട്ട വ്യവസായമാണു കാനഡയിലുള്ളത്. ലോട്ടറി ബിസിനസ് കാനഡയിൽ വളരെയധികം വികസിതമാണ്. കുതിരപ്പന്തയത്തിന്റെ കാര്യത്തിലും അതുതന്നെ സത്യം,” ആ പത്രം പറഞ്ഞു.
“ചൂതാട്ടത്തിൽ ആസക്തരായ എത്ര പേർ ദക്ഷിണാഫ്രിക്കയിൽ ഉണ്ടെന്ന് ആർക്കുമറിയില്ല. എന്നാൽ ചുരുങ്ങിയപക്ഷം ആയിരക്കണക്കിനുണ്ട്” എന്ന് ഒരു ദക്ഷിണാഫ്രിക്കൻ പത്രം എഴുതി. എന്നിരുന്നാലും, സ്പെയിനിലെ ഗവൺമെൻറിന് അവിടത്തെ പ്രശ്നത്തെക്കുറിച്ചും വളർന്നുവരുന്ന അതിന്റെ ചൂതുകളിക്കാരെക്കുറിച്ചും അറിയാം. സ്പെയിനിലെ 3.8 കോടി നിവാസികളിൽ അധികം പേരും വർഷന്തോറും ചൂതുകളിച്ചു നഷ്ടമാക്കുന്നതു മൊത്തം 2,500 കോടി ഡോളറാണ് എന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവുമുയർന്ന ചൂതുകളിനിരക്കുകളിൽ ഒന്നാണു സ്പെയിനിനുള്ളത്. “സ്പാനീഷുകാരിൽ വേരുറച്ചുപോയ ഒരു ശീലമാണു ചൂതാട്ടം. അവർ എന്നും അങ്ങനെയായിരുന്നുതാനും. . . . അവർ കുതിരപ്പന്തയം, ഫുട്ബോൾകളി, റൗലെറ്റ്, ചൂതാട്ടം, പണംപിടുങ്ങും മെഷീനുകൾ എന്നിവയിൽ ചൂതുകളിക്കുന്നു” എന്നു ചൂതാട്ടക്കാരെ സഹായിക്കാനായി ഒരു അസോസിയേഷൻ സ്ഥാപിച്ച ഒരു മനുഷ്യൻ പറയുന്നു. സമീപ വർഷങ്ങളിൽ മാത്രമാണ് ആസക്ത ചൂതാട്ടത്തെ മനശ്ശാസ്ത്രപരമായ ഒരു രോഗബാധയായി സ്പെയിനിൽ അംഗീകരിച്ചത്.
ചൂതാട്ടജ്വരം ഇറ്റലിയെയും ബാധിച്ചിരിക്കുന്നതായി ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നു. ലോട്ടറികളിലും സ്പോർട്സിലും അതുപോലെതന്നെ പത്രത്തിലൂടെയുള്ള ചൂതാട്ടമത്സരങ്ങളിലും മേശയിൻമേലെ മത്സരങ്ങളിലും കോരിച്ചൊരിയുന്നതു കോടികളാണ്. “ചൂതാട്ടം എല്ലാ വിധങ്ങളിലും അനുദിനജീവിതത്തെ ബാധിച്ചിരിക്കുന്നു,” ഗവൺമെൻറ് പണം മുടക്കിയുള്ള ഒരു ഗവേഷകസംഘം പുറത്തിറക്കിയ ഒരു റിപ്പോർട്ടു പറഞ്ഞു. ഇന്ന് “ചൂതാട്ടത്തിന്റെ അളവ് ഒരിക്കൽ അചിന്തനീയമായിരുന്ന ഉയരങ്ങളോളം എത്തിയിരിക്കുന്നു. ഗവൺമെൻറ് ഉദ്യോഗസ്ഥർമുതൽ ഇടവക പുരോഹിതന്മാർവരെ എല്ലാത്തരത്തിലുമുള്ള ആളുകൾ ചൂതാട്ടത്തിലൂടെ ലാഭമുണ്ടാക്കാൻ നോക്കുന്നു,” ദ ന്യൂയോർക്ക് ടൈംസ് എഴുതി.
എത്രയോ സത്യം! അനേകം കേസുകളിലും ചൂതാട്ടം ആളുകളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ബാധിക്കുന്നു. പിൻവരുന്ന ലേഖനങ്ങൾ അതാണു പ്രകടമാക്കുന്നത്.
[4-ാം പേജിലെ ആകർഷകവാക്യം]
ഒരിക്കൽ ഒരു പാപപ്രവൃത്തി—ഇപ്പോൾ ഒരു “രക്ഷകൻ”
[5-ാം പേജിലെ ആകർഷകവാക്യം]
ചൂതാട്ടവ്യാധി ലോകമെമ്പാടും പടരുന്നു