കടുത്ത ദാരിദ്ര്യത്തിൽ ജീവിച്ചു മരിക്കുന്നത് എത്രയോ പേർ!
ഒരു ദക്ഷിണപൂർവേഷ്യൻ രാജ്യത്തെ തന്റെ ചെറ്റക്കുടിലിൽ നിന്നിറങ്ങി ഫാക്ടറിയിലേക്കു പോകുകയാണു യതി. അവിടെ, ഷൂസിനുവേണ്ട തുകൽക്കഷണങ്ങളും ചരടുകളും തുന്നുകയാണ് അവളുടെ ജോലി. ഒരു മാസത്തെ ജോലിക്ക്—40 മണിക്കൂർ വാരങ്ങളും കൂടാതെ 90 മണിക്കൂർ ഓവർടൈമും—അവൾക്കു കിട്ടുന്നതു കേവലം 80 ഡോളറിൽ താഴെമാത്രം. അവൾക്കു തൊഴിൽ നൽകിയിരിക്കുന്ന ഷൂ കമ്പനി, തങ്ങൾ അൽപ്പ-വികസിത ദേശങ്ങളിൽ മനുഷ്യാവകാശങ്ങളെ ഉന്നമിപ്പിക്കാൻവേണ്ടി മനഃസാക്ഷിപൂർവം പ്രവർത്തിക്കുന്ന ഒന്നാണെന്ന് അഭിമാനപൂർവം സ്വയം ചിത്രീകരിക്കുന്നു. ഈ കമ്പനി പാശ്ചാത്യ ലോകത്ത് ഈ ഷൂസുകൾ വിൽക്കുന്നത് ഒരു ജോഡിക്ക് 60 ഡോളർ എന്ന നിരക്കിലാണ്. അതിൽനിന്നു കിട്ടുന്ന കൂലി കണക്കാക്കിനോക്കിയാൽ അത് 1.40 ഡോളർ മാത്രമായിരിക്കും.
യതി “വൈദ്യുത ദീപങ്ങൾ സജ്ജീകരിച്ച, വൃത്തിയുള്ള ഫാക്ടറി വിട്ട് പോകുമ്പോൾ അവളുടെ പക്കൽ, വീട്ടുഗൗളികൾ തലങ്ങും വിലങ്ങും പായുന്ന വൃത്തികെട്ട ചുവരുകളുള്ള, 12 അടി നീളവും 10 അടി വീതിയുമുള്ള, ഒരു കുടിൽ വാടകക്കെടുക്കാനുള്ള പണമേയുള്ളൂ. അവിടെ ഫർണിച്ചറില്ല. അതുകൊണ്ട്, കൂടെത്താമസിക്കുന്ന രണ്ടു പേരും യതിയും മണ്ണിൽ ഓടു പാകിയ തറയിൽ ചുരുണ്ടുകൂടി കിടക്കും” എന്നു ബോസ്റ്റൻ ഗ്ലോബ് റിപ്പോർട്ടു ചെയ്യുന്നു. സങ്കടകരമെന്നു പറയട്ടെ, അവളുടെ അവസ്ഥപോലെതന്നെയാണു മറ്റനേകരുടെയും.
“ഞാനുള്ളതാണോ ഇല്ലാത്തതാണോ ഇക്കൂട്ടരുടെ ക്ഷേമത്തിനു നല്ലത്? അവരുടെ ചെറിയ ശമ്പളം ഒരു മാന്യമായ ജീവിതമാസ്വദിക്കാൻ അവരെ പ്രാപ്തരാക്കുന്നു. അവർ ഒരുപക്ഷേ ആഡംബരത്തിന്റെ മടിത്തട്ടിലല്ലായിരിക്കാം കഴിയുന്നത്, എങ്കിലും അവർ പട്ടിണി കിടക്കുന്നില്ല” എന്ന് ഒരു തൊഴിലാളി യൂണിയൻ നേതാവു പറഞ്ഞു. എന്നാൽ അവർ മിക്കപ്പോഴും വികലപോഷിതരാണ്, അവരുടെ കുട്ടികൾ പലപ്പോഴും വെറുംവയറോടെയാണ് ഉറങ്ങാൻ പോകുന്നത്. അപകടം നിറഞ്ഞ തങ്ങളുടെ ജോലി സ്ഥലത്തെ അനർഥങ്ങളെ അവർ ദിവസവും നേരിടുന്നു. വിഷവും വിഷലിപ്തമായ പാഴ്വസ്തുക്കളും കൈകാര്യം ചെയ്യുന്നതുമൂലം അനേകർ ഇഞ്ചിഞ്ചായി മരിക്കുകയാണ്. “ഇതാണോ മാന്യമായ ജീവിതം?”
ഒരു ദക്ഷിണേഷ്യൻ കൃഷിപ്പണിക്കാരനായ ഹരി കാര്യങ്ങളെ വ്യത്യസ്തമായാണു കണ്ടത്. തനിക്കു ചുറ്റുമുള്ള ജീവൻ-മരണ പരിവൃത്തിയുടെ ശോചനീയത അയാൾ കാവ്യചാതുരിയോടെ പിൻവരുന്ന വാക്കുകളിൽ ചിത്രീകരിച്ചു: “ഉരലിനും ഉലക്കക്കുമിടയിൽ മുളകിന് അധികസമയം കിടക്കാനാവില്ല. ഞങ്ങൾ പാവങ്ങൾ മുളകുപോലെയാണ്—ഓരോ വർഷവും ഞങ്ങൾ ചതഞ്ഞരയുകയാണ്, വൈകാതെതന്നെ ഒന്നും അവശേഷിക്കാതെ വരും.” ഹരി ഒരിക്കലും ആ “മാന്യമായ ജീവിതം” കണ്ടില്ല, തന്റെ തൊഴിലുടമകൾ ഒരുപക്ഷേ നയിച്ചിരുന്ന ആഡംബര ജീവിതം എന്താണെന്നതിനെപ്പറ്റി നേരിയ ധാരണ പോലും അയാൾക്ക് ഉണ്ടായിരുന്നുമില്ല. ഏതാനും ദിവസങ്ങൾക്കുശേഷം, കടുത്ത ദാരിദ്ര്യത്തിനു മറ്റൊരിരയായി ഹരി ലോകത്തോടു വിടപറഞ്ഞു.
ഹരിയെപ്പോലെ അനേകർ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. അവരുടെ ചോരയും നീരും മുഴുവൻ ഊറ്റിയെടുക്കുമ്പോൾ അതിനെ ചെറുക്കാൻ അശക്തരായതിനാൽ അവർ കഷ്ടതകളാൽ തളരുകയാണ്. ആരാണ് അവർക്ക് ഈ ഗതി വരുത്തുന്നത്? എങ്ങനെയുള്ള ആളുകൾക്കാണ് ഇതു ചെയ്യാൻ കഴിയുക? അവർ വളരെ ഗുണകാംക്ഷികളായി കാണപ്പെടുന്നു. നിങ്ങളുടെ കുട്ടികളെ തീറ്റിപ്പോറ്റാനും, നിങ്ങളുടെ വിളകൾ കൃഷിചെയ്യാൻ സഹായിക്കാനും നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും നിങ്ങളെ സമ്പന്നരാക്കാനുമാണ് അവരുടെ ആഗ്രഹമെന്ന് അവർ പറയുന്നു. വാസ്തവത്തിൽ അവർ സ്വയം സമ്പന്നരാകാനാണു ലക്ഷ്യമിടുന്നത്. അവർക്കവരുടെ ഉത്പന്നങ്ങൾ വിൽക്കണം, ലാഭം കൊയ്യണം. അവരുടെ അത്യാഗ്രഹത്തിന്റെ ഉപോത്പന്നങ്ങളായി കുട്ടികൾ വികലപോഷിതരായാലെന്താ, തൊഴിലാളികൾ വിഷം ഉള്ളിലാക്കിയാലെന്താ, പരിസ്ഥിതി മലിനമായാലെന്താ, അതൊന്നും അവർക്കൊരു പ്രശ്നമേയല്ല. അവയൊക്കെ അവർ തങ്ങളുടെ അത്യാഗ്രഹത്തിന് മനസ്സോടെ ഒടുക്കുന്ന വിലയാണ്. അങ്ങനെ ലാഭം വർധിക്കുന്നു, ഒപ്പം ഹൃദയഭേദകമായ മരണസംഖ്യയും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.N. Photo 156200/John Isaac