നമ്മുടെ ലോലമായ ഗ്രഹം—ഭാവിയെന്ത്?
ഇരുന്നൂറു വർഷം മുമ്പ്, അമേരിക്കൻ രാജ്യതന്ത്രജ്ഞനായിരുന്ന പാട്രിക് ഹെൻട്രി ഇങ്ങനെ എഴുതി: “ഭൂതകാലത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഭാവിയെ നിർണയിക്കാനുള്ള യാതൊരു മാർഗവും എനിക്കറിയില്ല.” കഴിഞ്ഞ കാലത്തു മനുഷ്യൻ പരിസ്ഥിതിയെ ചവുട്ടിമെതിക്കുകയാണു ചെയ്തിട്ടുള്ളത്. അവൻ ഭാവിയിൽ മെച്ചമായി പെരുമാറുമോ? ഇന്നോളമുള്ള തെളിവു പ്രോത്സാഹജനകമല്ല.
ശ്ലാഘനീയമായ ചില പുരോഗതികൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അവ വെറും ഉപരിപ്ലവം മാത്രമാണ്. അടിസ്ഥാന കാരണങ്ങൾക്കു നിവാരണം വരുത്തുന്നതിനു പകരം അവയുടെ ലക്ഷണങ്ങളെ മാത്രമാണു മനുഷ്യൻ കൈകാര്യം ചെയ്യുന്നത്. വീടു പണിതിരിക്കുന്ന തടി ദ്രവിക്കാൻ തുടങ്ങിയാൽ, അതിന്മേൽ കേവലം പെയിൻറടിച്ചതുകൊണ്ടു മാത്രം വീടു തകർന്നു വീഴാതിരിക്കില്ല. ഘടനാപരമായ ഒരു വമ്പിച്ച മാറ്റം മാത്രമേ വീടിനെ സംരക്ഷിക്കുകയുള്ളൂ. സമാനമായി, മനുഷ്യൻ ഈ ഗ്രഹത്തെ ഉപയോഗിക്കുന്ന വിധത്തിനു സമൂല പരിവർത്തനം ആവശ്യമാണ്. കേവലം കുഴപ്പങ്ങൾ നിയന്ത്രിക്കുന്നതു മതിയായിരിക്കില്ല.
“പരിസ്ഥിതിയുടെമേലുള്ള കടന്നുകയറ്റം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയില്ല, എന്നാൽ അതു തടയേണ്ടതാണ്” എന്ന് ഐക്യനാടുകളിൽ 20 വർഷത്തെ പാരിസ്ഥിതിക നിയന്ത്രണങ്ങളുടെ ഫലങ്ങളെക്കുറിച്ചു വിശകലനം ചെയ്തശേഷം ഒരു വിദഗ്ധൻ നിഗമനം ചെയ്യുന്നു. വ്യക്തമായും, മലിനീകരണത്തിന്റെ രോഗഗ്രസ്തമായ ഫലങ്ങളെ സുഖപ്പെടുത്തുന്നതിനെക്കാൾ ഏറെ നല്ലതു മലിനീകരണംതന്നെ തടയുന്നതാണ്. എന്നാൽ അത്തരമൊരു ലക്ഷ്യം നേടിയെടുക്കുന്നതിനു മാനവസമൂഹത്തിലും വൻ ബിസനസ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യങ്ങളിലും സമൂല മാറ്റം തീർച്ചയായും അനിവാര്യമാണ്. ഭൂമിയെ പരിരക്ഷിക്കുന്നതിന് “ഇന്നു നിലനിൽക്കുന്ന മിക്കവയിൽനിന്നും വിഭിന്നമായ മൂല്യങ്ങളും സാമ്പത്തികവ്യവസ്ഥകളും സമൂഹങ്ങളും” ആവശ്യമാണെന്ന് ഭൂമിയെ പരിപാലിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം സമ്മതിച്ചുപറയുന്നു. ഈ ഗ്രഹത്തെ രക്ഷിക്കുന്നതിനു വേണ്ടി മാറ്റം വരുത്തേണ്ട ഈ മൂല്യങ്ങളിൽ ചിലത് എന്തൊക്കെയാണ്?
പ്രതിസന്ധിയുടെ ആഴത്തിൽ മുദ്രിതമായ കാരണങ്ങൾ
സ്വാർഥത. പരിസ്ഥിതിയെ രക്ഷിക്കുന്നതിന് ആവശ്യമായ ആദ്യ പടി ചൂഷണം ചെയ്യുന്ന മനുഷ്യരുടെ താത്പര്യങ്ങൾക്കുപരി ഈ ഗ്രഹത്തിന്റെ താത്പര്യങ്ങൾ വെക്കുക എന്നതാണ്. എന്നിരുന്നാലും, സമ്പന്നമായ ജീവിതരീതി ഈ ഗ്രഹത്തെ നശിപ്പിക്കുകയാണ്. അതു വരും തലമുറകൾക്കു ദുരന്തങ്ങൾ വരുത്തിവെക്കുന്നുവെങ്കിൽപോലും അത്തരം ജീവിതരീതിക്കു മാറ്റം വരുത്താൻ ആരുംതന്നെ മനസ്സൊരുക്കമുള്ളവരല്ല. മലിനീകരണവിരുദ്ധ പ്രചാരണ പരിപാടിയുടെ ഒരു ഭാഗമെന്നനിലയിൽ കാർ യാത്ര നിയന്ത്രിക്കാൻ നെതർലൻഡ്സിലെ—പശ്ചിമ യൂറോപ്പിൽ ഏറ്റവും കൂടുതൽ മലിനീകരണത്തിന് ഇരയായ രാജ്യങ്ങളിലൊന്ന്—ഗവൺമെൻറ് ശ്രമിച്ചപ്പോൾ, വ്യാപകമായ എതിർപ്പ് ആ ആസൂത്രണത്തെ അട്ടിമറിച്ചു. ലോകത്തിൽ ഏറ്റവുമധികം വാഹനങ്ങൾ തിങ്ങിനിറഞ്ഞ പാതകൾ ഡച്ചു റോഡുകളാണെങ്കിലും തങ്ങളുടെ സ്വാതന്ത്ര്യത്തെ ഉപേക്ഷിക്കാൻ മോട്ടോർ യാത്രക്കാർ സന്നദ്ധരല്ലായിരുന്നു.
തീരുമാനമെടുക്കുന്നവരെയും അതുപോലെതന്നെ പൊതുജനങ്ങളെയും സ്വാർഥതാത്പര്യം ഒരുപോലെ ബാധിക്കുന്നു. പരിസ്ഥിതി നയങ്ങൾ നടപ്പിൽ വരുത്താൻ രാഷ്ട്രീയക്കാർ വിമുഖതയുള്ളവരാണ്. കാരണം അങ്ങനെ ചെയ്താൽ അവർക്കു നഷ്ടപ്പെടുന്നതു വോട്ടുകളാണ്. മാത്രമല്ല, ലാഭത്തെയും സാമ്പത്തിക വളർച്ചയെയും ഭീഷണിപ്പെടുത്താൻ സാധ്യതയുള്ള ഏതു നിർദേശങ്ങളെയും വ്യവസായികൾ തടസ്സപ്പെടുത്തുന്നു.
അത്യാഗ്രഹം. ലാഭമാണോ പ്രകൃതിസംരക്ഷണമാണോ വേണ്ടത് എന്നു തീരുമാനിക്കേണ്ടതായി വരുമ്പോൾ സാധാരണമായി സ്വാധീനം പുലർത്തുന്നതു പണമാണ്. മലിനീകരണ നിയന്ത്രണം കുറയ്ക്കുന്നതിന് അല്ലെങ്കിൽ ഗവൺമെൻറ് നിയമങ്ങൾ അപ്പാടെ ഒഴിവാക്കുന്നതിനു പ്രബല വ്യവസായസ്ഥാപനങ്ങൾ ഉദ്യോഗസ്ഥന്മാരെ ചാക്കിടുന്നു. ഈ പ്രശ്നത്തിന്റെ ഒരു ഉദാഹരണമാണ് ഓസോൺ പാളിക്കു നേരിട്ട ഹാനി. അടുത്ത കാലത്ത്, അതായത് 1988 മാർച്ചിൽ ഒരു പ്രമുഖ യു.എസ്. കെമിക്കൽ കമ്പനിയുടെ ചെയർമാൻ ഇങ്ങനെ പ്രസ്താവിച്ചു: “ഇപ്പോൾ സിഎഫ്സി നിർഗമനം കാര്യമായി കുറയ്ക്കേണ്ട ഒരു ആവശ്യത്തിലേക്കു ശാസ്ത്രീയ തെളിവു വിരൽ ചൂണ്ടുന്നില്ല.”
എന്നാൽ, അതേ കമ്പനിതന്നെ ക്ലോറോഫ്ളൂറോകാർബണുകളുടെ (സിഎഫ്സി-കൾ) ഉപയോഗം ഘട്ടംഘട്ടമായി അപ്പാടെ നിർത്താൻ ശുപാർശ ചെയ്യുകയുണ്ടായി. ഒരു മനംമാറ്റമോ? “പരിസ്ഥിതിക്കു ഹാനി സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതിനോടൊന്നും അതു ബന്ധപ്പെട്ടിരുന്നില്ല” എന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) ഡയറക്ടർ ജനറലായ മൊസ്തഫ ടോൾബ വിശദീകരിച്ചു. “ആർ ആരെക്കാളും [സാമ്പത്തിക] നേട്ടമുണ്ടാക്കുന്നു എന്നതായിരുന്നു മുഖ്യം.” ചരിത്രത്തിൽ മനുഷ്യൻ വരുത്തിവെച്ച ഏറ്റവും ദാരുണമായ പരിസ്ഥിതി വിനാശങ്ങളിലൊന്നാണ് ഓസോൺ പാളിയുടെ നാശമെന്ന് ഇപ്പോൾ പല ശാസ്ത്രജ്ഞർക്കും അറിയാം.
അജ്ഞത. നമുക്ക് അറിയാവുന്ന കാര്യങ്ങൾ നമുക്ക് അറിയില്ലാത്ത കാര്യങ്ങളോടു തട്ടിച്ചുനോക്കുമ്പോൾ വളരെ കുറവാണ്. “ഉഷ്ണമേഖലാ മഴവനങ്ങളിൽ ധാരാളമുള്ള ജീവജാലങ്ങളെക്കുറിച്ചു നമുക്ക് ഇപ്പോഴും അറിയാവുന്നതു താരതമ്യേന വളരെ കുറച്ചു മാത്രം. അതിശയകരമെന്നു പറയട്ടെ, നമുക്കു ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചു കൂടുതൽ—അതേ, വളരെ കൂടുതൽ—അറിയാം” എന്നു മിസ്സൗറി സസ്യശാസ്ത്ര ഉദ്യാനത്തിന്റെ ഡയറക്ടറായ പീറ്റർ എച്ച്. റാവൻ വിശദീകരിക്കുന്നു. അന്തരീക്ഷത്തെക്കുറിച്ചും അതുതന്നെ സത്യമാണ്. ആഗോള കാലാവസ്ഥയെ ബാധിക്കാത്തവിധം എത്രമാത്രം കാർബൺ ഡയോക്സൈഡ് നമുക്ക് ആകാശത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കാൻ കഴിയും? ആർക്കുമറിയില്ല. എന്നാൽ ടൈം മാഗസിൻ പറഞ്ഞതുപോലെ, “പരിണതഫലം അറിയാതിരിക്കുകയും സാധ്യമായ കുഴപ്പങ്ങൾ ചിന്തിക്കാൻ കഴിയാത്തവിധം അത്രയധികം ഞെട്ടിക്കുന്നതായിരിക്കുകയും ചെയ്യുമ്പോൾ അത്തരം വൻ പരീക്ഷണങ്ങൾക്കു പ്രകൃതിയെ വിധേയമാക്കുന്നതു വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ്.”
യുഎൻഇപി-യുടെ കണക്കുകൾപ്രകാരം, ഈ പതിറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഓസോൺ നഷ്ടത്തിന്റെ ഫലമായി ഓരോ വർഷവും പുതുതായി ലക്ഷക്കണക്കിനാളുകൾക്കു ചർമാർബുദം പിടിപെടാൻ സാധ്യതയുണ്ട്. വിളകളിലും മത്സ്യബന്ധനത്തിലും അതുളവാക്കിയേക്കാവുന്ന ഫലം ഇതുവരെയും അറിവായിട്ടില്ല, എന്നാൽ അതു ഗണ്യമായ അളവിൽ ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഹ്രസ്വമായ വീക്ഷണഗതികൾ. മറ്റു വിപത്തുകളിൽനിന്നു വ്യത്യസ്തമായി, പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മുടെമേൽ കൗശലപൂർവം നുഴഞ്ഞുകയറുന്നു. സ്ഥായിയായ ഹാനി വരുന്നതിനു മുമ്പ്, കൂട്ടായ പ്രവർത്തനത്തിന് ആക്കം കൂട്ടാനുള്ള ശ്രമങ്ങൾക്ക് അതു വിഘാതമാകുന്നു. ഗ്രഹത്തെ രക്ഷിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തെ 1912-ൽ തകർന്നുപോയ ടൈറ്റാനിക് എന്ന കപ്പലിൽ ഉണ്ടായിരുന്ന, മരണത്തിനു വിധിക്കപ്പെട്ട യാത്രക്കാരോട് ഉപമിക്കുന്നു: “സംഭവിക്കാൻ സാധ്യതയുള്ള ദുരന്തത്തിന്റെ അളവുകളെക്കുറിച്ച് ആർക്കുംതന്നെ അറിയില്ല.” രാഷ്ട്രീയക്കാരും ബിസിനസുകാരും യാഥാർഥ്യത്തെ അഭിമുഖീകരിക്കുകയും താത്കാലിക പ്രയോജനങ്ങൾക്കു പകരം സ്ഥായിയായ പരിഹാരമാർഗങ്ങളെക്കുറിച്ചു ചിന്തിക്കുകയുമാണെങ്കിൽ മാത്രമേ ഈ ഗ്രഹത്തെ രക്ഷിക്കാനാകുകയുള്ളൂവെന്ന് ആ ഗ്രന്ഥത്തിന്റെ രചയിതാക്കാൾ വിശ്വസിക്കുന്നു.
സ്വാർഥ മനോഭാവങ്ങൾ. “പ്രശ്നം ആഗോളപരമാണ്, പരിഹാരമാർഗവും തീർച്ചയായും ആഗോളപരമായിരിക്കണം” എന്ന് 1992-ലെ ഭൗമ ഉച്ചകോടി സമ്മേളനത്തിൽവെച്ചു സ്പാനിഷ് പ്രധാനമന്ത്രിയായ ഫേലിപ്പെ ഗോൺസേലിസ് ചൂണ്ടിക്കാട്ടി. അതു സത്യമാണ്. എന്നാൽ ആഗോളപരമായി സ്വീകാര്യമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നതു വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ്. ഭൗമ ഉച്ചകോടി സമ്മേളനത്തിൽ സംബന്ധിച്ച ഒരു യു.എസ്. പ്രതിനിധി ഇങ്ങനെ തുറന്നടിച്ചു പറഞ്ഞു: “അമേരിക്കൻ ജീവിതരീതിയിൽ വിട്ടുവീഴ്ച വരുത്താൻ സാധ്യമല്ല.” നേരേമറിച്ച്, ഇന്ത്യൻ പരിസ്ഥിതിവാദിയായ മേനകാഗാന്ധി ഇങ്ങനെ പരാതിപ്പെട്ടു: “പാശ്ചാത്യ ദേശത്തുള്ള ഒരു കുട്ടിക്കു ചെലവഴിക്കുന്നതു പൗരസ്ത്യ ദേശത്തുള്ള 125 പേർക്കു ചെലവഴിക്കുന്നതിനു തുല്യമാണ്.” “പൗരസ്ത്യദേശത്തെ മിക്കവാറും പാരിസ്ഥിതികമായ എല്ലാ അപക്ഷയത്തിനും കാരണം പാശ്ചാത്യദേശത്തെ ഉപഭോഗമാണ്” എന്ന് അവർ അവകാശപ്പെട്ടു. പരിസ്ഥിതിക്കു മേൻമ വരുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ സ്വാർഥപരമായ ദേശീയ താത്പര്യങ്ങൾ നിമിത്തം ആവർത്തിച്ചാവർത്തിച്ചു പൊളിയുകയാണു ചെയ്തിട്ടുള്ളത്.
ഈ അടിസ്ഥാന പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും, ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ മതിയായ കാരണങ്ങളുണ്ട്. അവയിലൊന്നു നമ്മുടെ ഗ്രഹത്തിന്റെ പ്രതിരോധസംവിധാനത്തിനു കേടുപോക്കാനുള്ള പ്രാപ്തിയാണ്.
ഭൂമിയുടെ സൗഖ്യമാക്കൽ
മമനുഷ്യന്റെ ശരീരംപോലെതന്നെ, ഭൂമിക്കു സ്വയം സുഖപ്പെടുത്താനുള്ള അത്ഭുതകരമായ പ്രാപ്തിയുണ്ട്. അതിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണം കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായി. 1883-ൽ ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനമുള്ള ക്രാക്കറ്റൗ (ക്രാക്കറ്റോവ) എന്ന ദ്വീപ്, ഏതാണ്ട് 5,000 കിലോമീറ്റർ അകലെ പോലും കേൾക്കാൻ കഴിയത്തക്കവണ്ണം ഉഗ്രമായ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഏതാണ്ട് 21 ഘന കിലോമീറ്റർ പദാർഥം വായുവിലേക്ക് എറിയപ്പെട്ടു. ആ ദ്വീപിന്റെ മൂന്നിൽ രണ്ടു ഭാഗവും സമുദ്രത്തിനടിയിൽ അപ്രത്യക്ഷമായി. ഒമ്പതു മാസം കഴിഞ്ഞപ്പോൾ, അവിടെ ജീവന്റെ ഏക അടയാളമായി ഉണ്ടായിരുന്നതു വളരെ ചെറിയ ഒരു എട്ടുകാലി മാത്രമായിരുന്നു. ഇന്ന് ആ ദ്വീപ് ഉഷ്ണമേഖലാ സസ്യജാലങ്ങൾകൊണ്ടു സമൃദ്ധമായി നിറഞ്ഞിരിക്കുകയാണ്, അത് ഇപ്പോൾ നൂറുകണക്കിന് ഇനങ്ങളിൽപ്പെട്ട പക്ഷികളുടെയും സസ്തനികളുടെയും പാമ്പുകളുടെയും പ്രാണികളുടെയും ഭവനമാണ്. ഈ സൗഖ്യമാകൽ പെട്ടെന്നു സംഭവിക്കാൻ കാരണം നിസ്സംശയമായും ഊജുങ് കൂലോങ് ദേശീയ പാർക്ക് അടുത്ത് ഉണ്ടായിരുന്നതാണ് എന്നതിനു സംശയമില്ല.
മനുഷ്യർ വരുത്തുന്ന ഹാനിയും പരിഹരിക്കാൻ കഴിയും. വേണ്ടത്ര സമയം ലഭിച്ചാൽ ഭൂമി സ്വയം സൗഖ്യമായിക്കൊള്ളും. അപ്പോൾ ചോദ്യമിതാണ്, ഭൂമിക്ക് ആവശ്യമായിരിക്കുന്ന വിശ്രമകാലം മനുഷ്യർ അതിനു നൽകുമോ? അതിനിടയില്ല. സ്വയം സൗഖ്യമാകാൻ നമ്മുടെ ഗ്രഹത്തെ അനുവദിക്കുന്നതിനു ദൃഢതീരുമാനം ചെയ്തിരിക്കുന്ന ഒരുവനുണ്ട്—അതിന്റെ സ്രഷ്ടാവ്.
“ഭൂമി സന്തോഷിക്കട്ടെ”
മനുഷ്യർ ഭൂമിയെ നശിപ്പിക്കണമെന്നു ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. ഏദെൻതോട്ടത്തിൽ ‘വേല ചെയ്വാനും അതിനെ കാപ്പാനും’ ദൈവം ആദാമിനോടു പറഞ്ഞു. (ഉല്പത്തി 2:15) പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലുള്ള യഹോവയുടെ താത്പര്യം അവൻ ഇസ്രായേല്യർക്കു കൊടുത്ത അനേകം നിയമങ്ങളിലും പ്രകടമായിരുന്നു. ഉദാഹരണത്തിന്, ഏഴു വർഷം കൂടുമ്പോൾ ഒരു വർഷം ദേശം വെറുതെ ഇട്ടിരിക്കാൻ ദൈവം അവരോടു പറഞ്ഞു—അതു ശബത്തു വർഷമായിരുന്നു. (പുറപ്പാടു 23:10, 11) ഇസ്രായേല്യർ ഇതും മറ്റുള്ള ദിവ്യ നിയമങ്ങളും ആവർത്തിച്ചാവർത്തിച്ച് അവഗണിച്ചപ്പോൾ ഒടുവിൽ ബാബിലോന്യർ ആ ദേശത്തുള്ള ആളുകളെ നശിപ്പിക്കാൻ യഹോവ അനുവദിച്ചു. അങ്ങനെ ആ ദേശം “അതിന്റെ ശബ്ബത്തുക്കളെ അനുഭവിച്ചുകഴിയുവോളം” 70 വർഷത്തേക്കു പാഴായി കിടന്നു. (2 ദിനവൃത്താന്തങ്ങൾ 36:21) ചരിത്രത്തിൽ മുമ്പു സംഭവിച്ചിട്ടുള്ളതിന്റെ വീക്ഷണത്തിൽ, പരിസ്ഥിതിയുടെ മേലുള്ള മമനുഷ്യന്റെ ആക്രമണത്തിൽനിന്നു ഭൂമിയെ വീണ്ടെടുക്കാൻ തക്കവണ്ണം ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്നു ബൈബിൾ പറയുന്നതിൽ അതിശയമില്ല.—വെളിപ്പാടു 11:18.
എന്നിരുന്നാലും, ആ നടപടി ആദ്യ പടി മാത്രമായിരിക്കും. ജീവശാസ്ത്രജ്ഞനായ ബാരി കോമണർ ശരിയായിത്തന്നെ ചൂണ്ടിക്കാട്ടിയതുപോലെ, ഈ ഗ്രഹത്തിന്റെ അതിജീവനം, “പ്രകൃതിയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെയും നമ്മുടെ ഇടയിൽത്തന്നെയുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനെയും തുല്യമായി ആശ്രയിച്ചിരിക്കുന്നു.” ആ ലക്ഷ്യം നേടിയെടുക്കുന്നതിന്, പരസ്പരം പരിപാലിക്കാനും തങ്ങളുടെ ഭൗമഭവനത്തെ പരിപാലിക്കാനും ഭൂമിയിലെ ആളുകൾ “യഹോവയാൽ പഠിപ്പിക്കപ്പെ”ടണം. തത്ഫലമായി അവരുടെ സമാധാനം “സമൃദ്ധ”മായിരിക്കും.—യെശയ്യാവു 54:13.
ഭൂമിയിലെ ആവാസവ്യവസ്ഥകളെ നവീകരിക്കുമെന്നു ദൈവം നമുക്ക് ഉറപ്പു തരുന്നു. അനവരതം വർധിക്കുന്നതിനു പകരം, മരുഭൂമികൾ “പനിനീർ പുഷ്പം പോലെ പൂക്കും.” (യെശയ്യാവു 35:1) ഭക്ഷ്യക്ഷാമത്തിന്റെ സ്ഥാനത്തു ഭൂമിയിൽ “ധാന്യസമൃദ്ധി” ഉണ്ടാകും. (സങ്കീർത്തനം 72:16) മലിനീകരണം നിമിത്തം മൃതമായിത്തീരുന്നതിനു പകരം, ഭൂമിയിലെ നദികൾ ‘കൈകൊട്ടും.’—സങ്കീർത്തനം 98:8.
അത്തരമൊരു സമൂല പരിവർത്തനം എപ്പോഴായിരിക്കും സാധ്യമാകുക? രാജാവായി “യഹോവ വാഴു”മ്പോൾ. (സങ്കീർത്തനം 96:10) ദൈവഭരണം, ഭൂമിയിൽ ജീവനുള്ള സകലത്തിനും അനുഗ്രഹം ഉറപ്പുവരുത്തും. സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു: “ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ. വയലും അതിലുള്ളതൊക്കെയും ആനന്ദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.”—സങ്കീർത്തനം 96:11, 12.
സ്രഷ്ടാവിനാൽ അനുഗ്രഹിക്കപ്പെടുകയും നീതിയിൽ ഭരണം നടത്തപ്പെടുകയും ചെയ്യുന്ന ഒരു ഭൂമിക്കു മഹത്തായ ഭാവിയുണ്ട്. ബൈബിൾ അതിന്റെ ഫലങ്ങളെ ഇങ്ങനെ വർണിക്കുന്നു: “നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു. യഹോവ നന്മ നൽകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.” (സങ്കീർത്തനം 85:10-12) ആ ദിവസം പൊട്ടിവിടരുമ്പോൾ, നമ്മുടെ ഭൂമി എന്നെന്നേക്കുമായി അപകടത്തിൽനിന്നു മുക്തമായിത്തീരും.
[13-ാം പേജിലെ ചിത്രം]
മനുഷ്യശരീരം പോലെതന്നെ സ്വയം സൗഖ്യമാക്കാനുള്ള അതിശയകരമായ പ്രാപ്തി ഭൂമിക്കുണ്ട്