ലോകത്തെ വീക്ഷിക്കൽ
സന്തുഷ്ടിയുടെ രഹസ്യം?
ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫിൽ റിപ്പോർട്ടു ചെയ്ത ഒരു സർവേ അനുസരിച്ച് ബ്രിട്ടീഷുകാർ, 25 വർഷങ്ങൾക്കുമുമ്പു തങ്ങൾ ആയിരുന്നതിനെക്കാൾ ആരോഗ്യവാന്മാരും സമ്പന്നരുമാണെങ്കിലും പൊതുവേ സന്തുഷ്ടി കുറഞ്ഞവരാണ്. “മൂല്യവത്തായ ലാക്കുകളുടെ അനുധാവന”മുൾപ്പെടെ “ജീവിതത്തിൽ അർഥ”മുണ്ടായിരിക്കുന്നതിൽനിന്നാണു യഥാർഥ സന്തുഷ്ടി ഉളവാകുന്നതെന്നു കേന്ദ്ര സ്ഥിതിവിവരക്കണക്ക് ഓഫീസിൽനിന്നുള്ള സോഷ്യൽ ട്രെൻഡ്സ് റിപ്പോർട്ടിന്റെ ഈ കണ്ടെത്തലുകളെ അനുകൂലിച്ചുകൊണ്ട് ഒരു അമേരിക്കൻ സമുദായശാസ്ത്രജ്ഞൻ വാദിക്കുന്നു. 400-നടുത്ത് ആളുകളെ അഭിമുഖം നടത്തിയതിനുശേഷം രണ്ടു ന്യൂസിലൻഡ് ഗവേഷകർ, ഭൂരിഭാഗവും “തങ്ങളുടെ അസ്തിത്വത്തിൽ ക്രമത്തിന്റെയും ഉദ്ദേശ്യത്തിന്റെയും ഒരു തിരിച്ചറിയലി”നോടു തന്നെയാണു സന്തുഷ്ടിയെ ബന്ധപ്പെടുത്തിയിരിക്കുന്നതെന്ന അതേ നിഗമനത്തിൽത്തന്നെ എത്തിച്ചേർന്നു. വിവാഹിതർക്കും ശക്തമായ മതവിശ്വാസങ്ങളുള്ളവർക്കുമാണു സംതൃപ്തിയനുഭവിക്കാൻ സാധ്യതയുള്ളത്. ബ്രിട്ടനിലെ വിവാഹത്തിന്റെയും മതവിശ്വാസത്തിന്റെയും അധഃപതനത്തിന്റെ കാഴ്ചപ്പാടിൽ, “ഒരു രാഷ്ട്രമെന്നനിലയിൽ നാം കൂടുതൽ അസന്തുഷ്ടരായി വളരുന്നതിൽ തുടരു”മെന്നു വർത്തമാനപത്രം നിഗമനംചെയ്യുന്നു.
ഡിഎൻഎ-യും ചാവുകടൽ ചുരുളുകളും
പുരാതന ചാവുകടൽ ചുരുളുകളുടെ ഗൂഢാക്ഷര വ്യാഖ്യാനം 1947-ൽ യഹൂദ്യമരുഭൂമിയിലെ അവയുടെ കണ്ടെത്തലിനുശേഷം ഉടനേതന്നെ ആരംഭിച്ചു. ഇതുവരെ ഏതാണ്ടു 15 ചുരുളുകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അവശേഷിക്കുന്നവ നൂറുകണക്കിനു മറ്റു ചുരുളുകളിൽനിന്നുള്ള പെരുവിരൽ നഖത്തിന്റെ വലിപ്പം മാത്രമുള്ള ഏതാണ്ടു 10,000-ത്തോളം ചെറുകഷണങ്ങളാണ്. ഈ കഷണങ്ങളെ കൂട്ടിയോജിപ്പിക്കുന്നതു പാഴ്വേലയാണെന്നു തെളിഞ്ഞിട്ടുണ്ട്. കഷണങ്ങളാക്കിയ ഒരു ചിത്രപ്രശ്നംപോലെ (jigsaw puzzle) കൂട്ടിയോജിപ്പിക്കാൻ കഴിയാത്തവിധം അവയുടെ അരികുകൾ അത്ര ജീർണിച്ചതാണ്. മാത്രവുമല്ല, ഓരോ കഷണത്തിലും വളരെക്കുറച്ച് അക്ഷരങ്ങൾ മാത്രമേ ഉള്ളൂവെന്നതിനാൽ അർഥം ലഭിക്കുമാറ് അവയെ കൂട്ടിയോജിപ്പിക്കാൻ കഴിയുകയില്ല. ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നപ്രകാരം ഇപ്പോൾ ശാസ്ത്രം രക്ഷയ്ക്കെത്തിയിരിക്കുകയാണ്. എങ്ങനെ? ഈ എഴുത്തുകൾ മൃഗചർമങ്ങളിലാണു എഴുതപ്പെട്ടിരിക്കുന്നത്, അതുകൊണ്ട് ഡിഎൻഎ ഇനംനിർണയിക്കൽ പ്രക്രിയക്ക്, ഓരോ കഷണങ്ങളും ലഭ്യമായിരിക്കുന്നത് ഏതു വർഗത്തിൽനിന്നും ഗണത്തിൽനിന്നും ഒറ്റയായ മൃഗത്തിൽനിന്നുമാണെന്നും തിരിച്ചറിയാൻ കഴിയും. കഷണങ്ങളെ തരംതിരിക്കുന്നതിനെയും കൂട്ടിയോജിപ്പിക്കുന്നതിനെയും ഇത് എളുപ്പമാക്കിത്തീർക്കുമെന്നു പണ്ഡിതർ പ്രത്യാശിക്കുന്നു.
വിപുലവ്യാപകമായ കുടുംബ ശിഥിലീകരണം
“ലോകത്തിനുചുറ്റും, സമ്പന്നവും ദരിദ്രവുമായ രാജ്യങ്ങളിലൊരുപോലെ കുടുംബജീവിതത്തിന്റെ ഘടന ആഴമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെ”ന്ന് അടുത്തകാലത്തെ ഒരു റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. “കുടുംബകലഹം ഒരു സമൂഹവിഭാഗത്തിലോ ഒരു രാജ്യത്തോ പരിമിതപ്പെട്ടുനിൽക്കുന്നില്ല.” ഡസൻകണക്കിനു രാജ്യങ്ങളുടെ പഠനത്തെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാസമിതിയുടെ ഒരു റിപ്പോർട്ട്, ഉയർന്നുവരുന്ന വിവാഹമോചന നിരക്കുകളും വർധിച്ചുവരുന്ന അവിവാഹിത അമ്മമാരുടെ സംഖ്യകളും പോലെയുള്ള പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നു. “ദൃഢവും യോജിപ്പുമുള്ള ഒരു ഏകഘടകമാകുന്ന കുടുംബത്തിൽ പിതാവ് സാമ്പത്തികമായി കരുതുന്നവനായും മാതാവ് വൈകാരിക ശ്രദ്ധ നൽകുന്നവളായും സേവിക്കുന്നുവെന്ന ആശയം ഒരു സങ്കല്പമാണ്” എന്നു പഠനകർത്താക്കളിലെ ഒരംഗമായ ജൂഡിത്ത് ബ്രൂസ് പറയുന്നു. വേർപാടിനാലോ, പിന്തുണ പിൻവലിക്കുന്നതിനാലോ, അല്ലെങ്കിൽ മോചനം നിമിത്തമോ ഉള്ള വിവാഹങ്ങളുടെ ശിഥിലീകരണം അതിശീഘ്രം വർധിച്ചുകൊണ്ടിരിക്കുന്നു. മാത്രവുമല്ല, മിക്കവാറുമെല്ലായിടത്തും അവിവാഹിത അമ്മമാർ സർവസാധാരണമായിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന്, വടക്കൻ യൂറോപ്പിലെ ജനനങ്ങളിൽ മൂന്നിലൊന്നും നടക്കുന്നത് അവിവാഹിത അമ്മമാരാലാണ്. കുടുംബത്തിലെ അനേക മാറ്റങ്ങൾക്കുള്ള മുഖ്യ ഘടകമെന്നനിലയിൽ സാമ്പത്തികനിലയും തൊഴിൽരംഗത്തുള്ള വർധിച്ച പങ്കും ഉൾപ്പെടെയുള്ള “സ്ത്രീ വിമോചന”ത്തിലേക്കു ഗവേഷകർ വിരൽ ചൂണ്ടുന്നു. പൊതുപ്രവണതയ്ക്കുള്ള ഒരു ശ്രദ്ധേയമായ അപവാദം ജപ്പാനാണ്, അവിടെ അവിവാഹിത അമ്മമാരും മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളും താരതമ്യേന വിരളമാണ്. എന്നിരുന്നാലും, അവിടെയുള്ള വിവാഹമോചനം നേടിയ പിതാക്കളിൽ നാലിൽമൂന്നുഭാഗവും കുട്ടിക്കു ചെലവിനു കൊടുക്കുന്നില്ല.
പിതാക്കന്മാരുടെ പാപങ്ങൾ
നിഷിദ്ധ ബന്ധങ്ങളുടെ സന്തതിയായിരിക്കുന്നതുനിമിത്തം മറ്റു യഹൂദന്മാരെ വിവാഹംകഴിക്കുന്നതിൽനിന്നു തടയപ്പെട്ട അനേകായിരം യഹൂദജനങ്ങളെ അനഭിമതരായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു രഹസ്യപട്ടിക തങ്ങൾ സൂക്ഷിക്കുന്നുവെന്ന് ഇസ്രായേലിന്റെ മതകാര്യ മന്ത്രാലയം സമ്മതിച്ചിരിക്കുന്നു. ചില പ്രതിശ്രുത ദമ്പതികൾ തങ്ങളുടെ വിവാഹ പദ്ധതികളുടെ പൂർത്തീകരണത്തോടടുത്താണ് ഇതിനെക്കുറിച്ചു മനസ്സിലാക്കിയതെന്ന് അവകാശപ്പെടുന്നു. അന്തിമ തീരുമാനം എടുക്കുന്നത് ഓർത്തഡോക്സ് റബിമാർ ആണ്. ഷോഷാന ഹദദും മോസദ് കോഹെനും തങ്ങളുടെ നാലുവയസ്സുള്ള പുത്രനെ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അറിയുന്നത് 1982-ലെ തങ്ങളുടെ വിവാഹം അസാധുവാക്കപ്പെട്ടിരിക്കുകയാണെന്ന്; കാരണം, “ഏതാണ്ട്, 2,500 വർഷങ്ങൾക്കുമുമ്പു ഭാര്യയുടെ കുടുംബം ചെയ്ത ഒരു പാപം” എന്നു ന്യൂയോർക്കിലെ അൽബേനി ടൈംസ് യൂണിയൻ റിപ്പോർട്ടുചെയ്യുന്നു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നടപടി ഒരു ചരിത്രപ്രധാനമായ കിംവദന്തിയെ അടിസ്ഥാനമാക്കിയാണ്. ഏകദേശം 580 ബി.സി.-യിൽ ഹദദിന്റെ ഒരകന്ന പൂർവികൻ . . . വിവാഹബന്ധം വേർപെടുത്തപ്പെട്ട ഒരാളെ നിയമവിരുദ്ധമായി വിവാഹംചെയ്തുവെന്നു റബിമാർ വിശ്വസിക്കുന്നു.” അന്നു മുതൽ കോഹെൻ എന്നു പേരുള്ള ആരെയെങ്കിലും വിവാഹംചെയ്യാൻ ഹദദ് കുടുംബത്തിലുള്ളവരാരും അനുവദിക്കപ്പെട്ടില്ല. കോഹെന്മാർ ആദിമ ആലയപുരോഹിതന്മാരുടെ വംശജരായി കരുതപ്പെടുന്നു, അവർ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടിയിരുന്നു. “ഏതോ മുതുമുത്തച്ഛൻ ഒന്നാമത്തെ ആലയത്തിന്റെ നാളുകളിൽ എന്തെങ്കിലും ചെയ്തെങ്കിൽ അതുനിമിത്തം ഈ നാളോളംതന്നെ ഞങ്ങൾ കഷ്ടപ്പെടേണ്ടതുണ്ടോ?” എന്ന് ഷോഷാമ ചോദിച്ചു. അവരെ വിവാഹം കഴിപ്പിച്ച റബിയെ വഴിതെറ്റിക്കാമെന്നു കരുതിയതിനു രണ്ടുപേർക്കും ക്രിമിനൽകുറ്റാരോപണംകൂടെ അഭിമുഖീകരിക്കേണ്ടിവരുമെന്നു മതകാര്യ മന്ത്രാലയം പറയുന്നു.
വരുന്നു: വനങ്ങളില്ലാത്ത ആദ്യത്തെ ഏഷ്യൻ രാജ്യം
ഫിലിപ്പീൻസ് സമ്പൂർണ വനനശീകരണത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP) മുന്നറിയിപ്പു നൽകുന്നു. “ജനസംഖ്യാ സമ്മർദങ്ങളും നിയന്ത്രിക്കാനാവാത്ത മരംമുറിക്കൽ സമ്പ്രദായങ്ങളും” ഫിലിപ്പീൻസിലെ വൃക്ഷനിബിഡമായ പ്രദേശങ്ങളെ കൂടുതൽക്കൂടുതൽ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് രാജ്യത്തിന്റെ 60 മുതൽ 70 വരെ ശതമാനം വനങ്ങളായിരുന്നു. ഇന്നു 15 ശതമാനം മാത്രമാണ്. “2000-ാമാണ്ടോടെ ഫിലിപ്പീൻസ്, മുഴു വനപ്രദേശവും വൃക്ഷങ്ങളും നഷ്ടപ്പെടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യമായിത്തീർന്നേക്കാ”മെന്ന് യുഎൻഡിപി ചെറുവാർത്താപത്രികയായ അപ്ഡേററ് റിപ്പോർട്ടുചെയ്യുന്നു.
“യഹോവയുടെ സാക്ഷികൾ അനുഗൃഹീതർ”
മറ്റനേകം രാജ്യങ്ങളിലെയുംപോലെ ഇറ്റലിയിലും ഒരു രക്തകുംഭകോണം വെളിച്ചത്തായിരിക്കുന്നു. പര്യാപ്തമായ വിധത്തിൽ അരിച്ചെടുക്കാതെയോ ഉചിതമായ സുരക്ഷാമുൻകരുതലുകളെടുക്കാതെയോ രക്തപ്പകർച്ചാകേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിനു ലിറ്റർ രക്തം വിതരണം ചെയ്തെന്നും തന്മൂലം ആയിരക്കണക്കിനാളുകൾ എയ്ഡ്സും ഹെപ്പാറ്റൈറ്റിസും പോലെയുള്ള രോഗങ്ങൾ പിടിപെടുന്നതിന്റെ അപകടസാധ്യതയിലാണെന്നും പ്രസ്താവിക്കപ്പെടുന്നു. വ്യക്തിപരമായ ആരോഗ്യത്തെക്കാൾ വലുതായി ലാഭത്തെ കാണുന്ന നടുക്കുന്ന അവസ്ഥയെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഇറ്റാലിയൻ വർത്തമാനപത്രമായ ഇൽ മാനിഫെസ്റ്റോയുടെ പത്രാധിപരായ ലുയിജി പിന്റോർ തന്റെ ലേഖനം ഈ വാക്കുകളിൽ ആരംഭിച്ചു: “മതപരമായ കാരണങ്ങൾ നിമിത്തം രക്തപ്പകർച്ച നിരസിക്കുന്ന . . . യഹോവയുടെ സാക്ഷികൾ അനുഗൃഹീതരാണ്. അവർ ഈ നാളുകളിലെ വർത്തമാനപത്രങ്ങൾ വായിക്കുന്നതുകൊണ്ട്, രക്തവും പ്ലാസ്മയും ബന്ധപ്പെട്ട വ്യുൽപ്പന്നങ്ങളും സഹമനുഷ്യർക്കു വിൽക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന രക്തവ്യവസായങ്ങളിലും ക്ലിനിക്കുകളിലും എന്താണു നടന്നുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്കണ്ഠ വേണ്ടാത്തവർ അവർ മാത്രമായിരിക്കും.”
ആനകൾക്കു ബ്യൂട്ടീഷ്യൻ
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ആനകൾ മിക്കപ്പോഴും അവയുടെ നീളമുള്ള കൊമ്പുകളിൽ ഭാരമുള്ള ചുമടുകൾ എടുക്കുന്നു. എന്നാൽ ആനകളിലനേകവും അമ്പലഘോഷയാത്രകളിലും മതപരമായ ഉത്സവങ്ങളിലും കൂടെ ഉപയോഗിക്കപ്പെടുന്നു. ഈ സന്ദർഭങ്ങൾക്കുമുമ്പേ, ഒരു തൊഴിലധിഷ്ഠിത ബ്യൂട്ടീഷ്യൻ അവയ്ക്ക് ഒരു നവീനഭാവം കൈവരുത്തുകയല്ല, മറിച്ച് ഒരു കൊമ്പുചീകിവെടിപ്പാക്കൽ പ്രക്രിയ നടത്തുന്നു. സൂക്ഷ്മമായ ഈ ജോലിചെയ്യുന്ന കേരളത്തിലെ ഏകവ്യക്തിയായ പി.കെ. ശശിധരൻ വല്യച്ഛനിൽനിന്നാണു തന്റെ കഴിവുകൾ നേടിയെടുത്തത്. എത്രമാത്രം ചീകിവെടിപ്പാക്കണമെന്ന് അദ്ദേഹം എങ്ങനെ തീരുമാനിക്കുന്നു? ആനയുടെ ഉയരത്തേയും വലിപ്പത്തേയും ശരീരാകൃതിയേയും അടിസ്ഥാനമാക്കിയുള്ള ഈ തീരുമാനങ്ങൾ നന്നായി കാത്തുസൂക്ഷിക്കപ്പെടുന്ന ഒരു കുടുംബരഹസ്യമാണ്. മൃഗം സഹകരിക്കുന്നെങ്കിൽ ഈ പ്രവൃത്തിക്കു ഏകദേശം മൂന്നു മണിക്കൂറേ വേണ്ടൂ, എന്നാൽ കുഴപ്പക്കാരനാണെങ്കിൽ അപകടമുണ്ടെന്നു മാത്രമല്ല, കൂടുതൽ സമയവും ആവശ്യമായിത്തീരുന്നു. സൗന്ദര്യവർധക കാരണങ്ങൾക്കുപുറമേ, ഭാരം വഹിക്കുന്നതിനു സൗകര്യപ്രദമായ വിധത്തിൽ നീളം സൂക്ഷിക്കുന്നതിന് ഓരോ രണ്ടുവർഷത്തിലും ജോലിചെയ്യുന്ന ആനകളുടെ കൊമ്പുകൾ ചീകിവെടിപ്പാക്കേണ്ടതാവശ്യമാണ്.
യുദ്ധത്തിന്റെ യുവഇരകൾ
ഒരുകാലത്ത്, യുദ്ധത്തിന്റെ ഇരകളിലധികവും പടയാളികളായിരുന്നു. മേലാൽ അങ്ങനെയല്ല. കഴിഞ്ഞ പത്തുവർഷക്കാലത്തു യുദ്ധങ്ങൾ പടയാളികളെക്കാൾ വളരെയധികം കുട്ടികളെ വികലാംഗരാക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ ഏകദേശം 20 ലക്ഷം കുട്ടികൾ യുദ്ധങ്ങളിൽ മരിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ടായ ദ സ്റ്റേററ് ഓഫ് ദി വേൾഡ്സ് ചിൽഡ്രൻ 1995 പറയുന്നു. ഇതിലധികമായി 40 മുതൽ 50 വരെ ലക്ഷം കുട്ടികൾ അംഗവൈകല്യമുള്ളവരായിത്തീർന്നിട്ടുണ്ട്, 50 ലക്ഷത്തിലധികം അഭയാർഥിക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരായിട്ടുണ്ട്, 120 ലക്ഷത്തിലധികം ഭവനരഹിതരായിത്തീർന്നിട്ടുമുണ്ട്. “ഇവ അപമാനത്തിന്റെ സ്ഥിതിവിവരക്കണക്കാണ്. അതു ഭാവിതലമുറകളുടെമേലും, നിലനിൽപ്പിനും സാമൂഹികയോജിപ്പിനും വേണ്ടിയുള്ള അവരുടെ പോരാട്ടത്തിന്മേലും നിഴൽ പരത്തുകയാണ്” എന്നു റിപ്പോർട്ടു പ്രസ്താവിക്കുന്നു.
മൂല്യംകുറഞ്ഞ പെനി
“ഈ നാളുകളിൽ ഒരു പെനി പെറുക്കിയെടുക്കാൻ അനേകമാളുകളും മെനക്കെടുകപോലുമില്ല” എന്ന് ബ്രിട്ടന്റെ റോയൽ നാണയനിർമാണ സ്ഥലത്തെ ഒരു വക്താവു പറഞ്ഞു. എന്നാൽ ബ്രിട്ടൻ തനിച്ചല്ല. ഐക്യനാടുകളിൽ ഓരോ ദിവസവും വളരെയധികം പെനി നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു, തന്മൂലം ബാങ്കുകളിൽ അവ കുറഞ്ഞുവരുകയാണ്. അടുത്തയിടെ, ന്യൂയോർക്കിലെ കീ ബാങ്ക്, ആരെങ്കിലും 50 പെനി കൊണ്ടുവന്നാൽ അവർക്കു 55 സെൻറ് കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. തത്ഫലമായി, രണ്ടാഴ്ചകൾകൊണ്ട് 50 ലക്ഷം നാണയങ്ങൾ ശേഖരിക്കപ്പെട്ടു. മസാച്ചുസെറ്റ്സിലെ ഒരു വലിയ ചപ്പുചവറു കൈകാര്യംചെയ്യൽ കേന്ദ്രം ചാരം അരിച്ചെടുക്കലിലൂടെ ദിവസേന 1,000 ഡോളർ ചില്ലറകളായി—ഏറിയപങ്കും പെനികളായി—ശേഖരിക്കുന്നുവെന്നു ലണ്ടന്റെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ഹൃദയസ്തംഭനത്തിന്റെ ഇരകൾക്കു പ്രത്യാശ
“ഗുരുതരമായ ഹൃദയക്ഷതത്തിനു നിശ്ചയമായും ഹൃദയസ്തംഭനത്തിലേക്കു നയിക്കാനാവുമെന്നു നേരത്തെ വിചാരിച്ചിരുന്നു, എന്നാൽ വ്യായാമംകൊണ്ട് ആ കേടുതട്ടലിനെ ഇല്ലാതാക്കാനാവുമെന്നു” ടൊറന്റൊ ആശുപത്രിയിലെ ഹൃദയവിജ്ഞാനീയ ഗവേഷണത്തിന്റെ ഡയറക്ടറായ ഡോ. പീറ്റർ ലിയൂ അവകാശപ്പെടുന്നു. എലികളുടെമേൽ നടത്തിയ ഫലസാധ്യതയുള്ള ഒരു പഠനത്തിനുശേഷം ആശുപത്രിയുടെ കാർഡിയാക് ഫങ്ഷൻ ക്ലിനിക്കിൽ “ഓരോ ദിവസവും ക്രമേണ കൂടുതൽ ദൂരം നടക്കുന്ന” ഹൃദ്രോഗികളുണ്ടായിരുന്നുവെന്നു ദി ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. “ദിവസേന കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും നടക്കുന്നതിനു മനുഷ്യരുടെ സംഗതിയിൽപ്പോലും ഹൃദയസ്തംഭനത്തിലേക്കുള്ള ‘ദുർഗതി’ ഒഴിവാക്കാൻ കഴിയും.” എന്നിരുന്നാലും, ഗതിവേഗം താരതമ്യേന ഊർജസ്വലമായിരിക്കണം, നടപ്പ് മേൽനോട്ടത്തിൻകീഴിൽ ആയിരിക്കുകയും വേണമെന്നു ഡോ. ലിയൂ പറഞ്ഞു.