യുവജനങ്ങൾ ചോദിക്കുന്നു . . .
ടീം സ്പോർട്സ്—അവ എനിക്കു പ്രയോജനകരമാണോ?
“സ്പോർട്സിനെ ഞാൻ സ്നേഹിക്കുന്നു. ശരിക്കും എനിക്കൊരു നല്ല അനുഭൂതി ലഭിക്കുന്നു. എന്റെ സുഹൃത്തുക്കളോടുകൂടെ ആയിരിക്കുന്നതു ഞാൻ ആസ്വദിക്കുകയും ചെയ്യുന്നു.”—14 വയസ്സുകാരി സാൻഡി പറയുന്നു.
“നേരംപോക്ക്!” “രസം!” “വിജയം!” എന്തുകൊണ്ടു നിങ്ങൾ സംഘടിത കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നുവെന്ന് ഐക്യനാടുകളിൽനിന്നും കാനഡയിൽനിന്നുമുള്ള യുവാക്കളിൽ സർവേ നടത്തിയപ്പോൾ അവർ നൽകിയ ചില കാരണങ്ങളാണിവ. സ്പഷ്ടമായും, അവരുടെ ആവേശംതന്നെയാണ് അനേകം യുവാക്കൾക്കുമുള്ളത്.
ഉദാഹരണത്തിന്, ഐക്യനാടുകളെ എടുക്കുക. ലോറൻസ് ഗാൽട്ടന്റെ നിങ്ങളുടെ കുട്ടി സ്പോർട്സിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് “ഓരോ വർഷവും ആറുവയസ്സിനുമേൽ പ്രായമുള്ള 2 കോടി അമേരിക്കൻ കുട്ടികൾ സംഘടിത സ്പോർട്സ് ടീമുകളിൽ കളിക്കുകയോ കളിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു.” ചുരുക്കംചില വർഷങ്ങൾക്കുമുമ്പ്, സംഘടിത സ്പോർട്സ് ടീമുകളിൽ മിക്കവാറും മുഴുവനായിത്തന്നെ പുരുഷന്മാരായിരുന്നു, അതേസമയം പെൺകുട്ടികളിൽ മുമ്പെന്നത്തെക്കാളുമധികംപേർ ഇപ്പോൾ ബെയ്സ്ബോളും ബാസ്കറ്റ്ബോളും കളിക്കുന്നു. ഫുട്ബോൾ രംഗത്ത് അവർ അന്യോന്യം മത്സരിക്കുകപോലും ചെയ്യുന്നു.
ഒരുപക്ഷേ നിങ്ങൾ കായികമത്സരങ്ങളോടു കമ്പമുള്ള ആളായിരിക്കാം, തന്മൂലം ഒരു ടീമിൽ ചേരുന്നതു നേരംപോക്കാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. അല്ലെങ്കിൽ മാതാപിതാക്കളിൽനിന്നോ അധ്യാപകരിൽനിന്നോ കായികപരിശീലകരിൽനിന്നോ അങ്ങനെ ചെയ്യുന്നതിനു നിങ്ങൾക്കു ധാരാളം പ്രോത്സാഹനങ്ങൾ—ഒരുപക്ഷേ സമ്മർദം പോലും—ലഭിക്കുന്നുണ്ടാവാം. അവസ്ഥ എന്തുതന്നെയായിരുന്നാലും ടീം സ്പോർട്സിൽ ഉൾപ്പെടുന്നതിനു ഗണ്യമായ അളവിൽ സമയവും ഊർജവും ആവശ്യമാണ്. അതുകൊണ്ട് അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചു ബോധമുണ്ടായിരിക്കുന്നതു ന്യായയുക്തവും പ്രായോഗികവുമാണ്. ഒന്നാമതായി, നമുക്കു ചില പ്രയോജനങ്ങൾ വീക്ഷിക്കാം.
സ്പോർട്സ്—പ്രയോജനങ്ങൾ
“ശാരീരിക പരിശീലനം അല്പപ്രയോജനമുള്ളതാകുന്നു”വെന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 4:8) ശാരീരിക പ്രവർത്തനത്തിൽനിന്നു ചെറുപ്പക്കാർക്കു തീർച്ചയായും പ്രയോജനമനുഭവിക്കാൻ കഴിയും. ഐക്യനാടുകളിൽ, പൊണ്ണത്തടിയും ഉയർന്ന രക്തസമ്മർദവും ഉയർന്ന കൊളസ്റ്ററോളും നിമിത്തം കഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. ക്രമമായ വ്യായാമത്തിന് അത്തരം പ്രശ്നങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ വളരെയധികം ചെയ്യാൻ കഴിയും. അമേരിക്കൻ ഹെൽത്ത് മാഗസിനിലെ ഒരു ലേഖനമനുസരിച്ച്, ക്രമമായി വ്യായാമം ചെയ്യുന്ന ചെറുപ്പക്കാർ “[വ്യായാമവിമുഖരായ] കുട്ടികളെക്കാൾ വർധിച്ച അളവിൽ ശ്വസന, ചംക്രമണ പ്രവർത്തനക്ഷമത നേടിയെടുക്കുന്നു. കൂടെക്കൂടെ വ്യായാമം ചെയ്യുന്നവർ സ്പോർട്സിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും തൂക്കം നന്നായി നിയന്ത്രിക്കുകയും ചെയ്യുന്നു. വ്യായാമത്തിന് ആയാസവിമുക്തി നൽകാനും തളർച്ച കുറയ്ക്കാനും നിങ്ങളുടെ ഉറക്കത്തെ അഭിവൃദ്ധിപ്പെടുത്താൻപോലും കഴിയുമെന്നു ഗവേഷകരും പറയുന്നു.
രസകരമായി, നിങ്ങളുടെ കുട്ടി സ്പോർട്സിൽ എന്ന പുസ്തകം നിരീക്ഷിക്കുന്നു: “അനേകം പ്രായപൂർത്തിയായവരുടെയും ആരോഗ്യ പ്രശ്നങ്ങൾ ഉത്ഭവിക്കുന്നതു യൗവനത്തിലാണെന്നു വ്യക്തമായിട്ടുണ്ട്.” തന്മൂലം ക്രമമായ വ്യായാമത്തിന്റെ പ്രയോജനങ്ങൾ പ്രായപൂർത്തിഘട്ടത്തിലേക്കു വ്യാപിച്ചേക്കാമെന്ന് അനേകം ഡോക്ടർമാരും അറിയുന്നു. “സ്പോർട്സിൽ പങ്കെടുക്കുന്ന കുട്ടികൾ പ്രായപൂർത്തിയായവരെപ്പോലെതന്നെ ശാരീരികമായി കൂടുതൽ ഊർജസ്വലരായിരിക്കാൻ സാധ്യതയുള്ളവരാണ് എന്നു ഗവേഷണം കണ്ടെത്തി”യിട്ടുള്ളതായി എഴുത്തുകാരിയായ മേരി സി. ഹൈക്ക് റിപ്പോർട്ടു ചെയ്യുന്നു.
ടീം സ്പോർട്സിന് മറ്റനേകം പ്രധാനപ്പെട്ട പ്രയോജനങ്ങളുണ്ടെന്ന് അനേകർ വിചാരിക്കുന്നു. ഒരു പിതാവ് തന്റെ പുത്രന്റെ ഫുട്ബോൾ കളിയെക്കുറിച്ചു പറഞ്ഞു: ‘അതു തെരുവുകളിൽ ചുറ്റിക്കറങ്ങി സമയം പാഴാക്കുന്നതിൽനിന്ന് അവനെ തടയുന്നു. അത് അവനെ ശിക്ഷണം പഠിപ്പിക്കുന്നു.’ ഒരു ടീമിൽ കളിക്കുന്നതു മറ്റുള്ളവരോടു സഹകരിക്കാൻ ഒരു യുവാവിനെ പഠിപ്പിക്കുന്നുവെന്ന് അനേകർ വിചാരിക്കുന്നു—ആയുഷ്ക്കാല പ്രയോജനങ്ങൾ ഉണ്ടായിരിക്കാൻ കഴിയുന്ന ഒരു കഴിവുതന്നെ. ടീം സ്പോർട്സ് യുവാക്കളെ നിയമങ്ങൾ പിൻപറ്റുന്നതിനും ആത്മശിക്ഷണമുള്ളവരായിരിക്കുന്നതിനും നേതൃത്വം വഹിക്കുന്നതിനും വിജയവും പരാജയവും നേരിടുമ്പോൾ സമചിത്തതയുള്ളവരായിരിക്കുന്നതിനും പഠിപ്പിക്കുന്നു. “സ്പോർട്സ് യുവജനങ്ങൾക്കായുള്ള ഒരു ബൃഹത്തായ പരീക്ഷണശാലയാണ്,” എന്ന് ഡോ. ജോർജ് ഷീഹൻ പറയുന്നു. “അതു മിക്കപ്പോഴും അധ്യാപകരിൽനിന്നു കേൾക്കുന്നതായ ധൈര്യം, വൈദഗ്ധ്യം, അർപ്പണമനോഭാവം മുതലായ കാര്യങ്ങളിൽ വിദ്യാർഥികൾക്കു നേരിട്ടുള്ള അനുഭവപരിചയം പ്രദാനം ചെയ്യുന്നു.”—കറൻറ് ഹെൽത്ത്, സെപ്റ്റംബർ 1985.
ചുരുങ്ങിയപക്ഷം, വിജയിക്കുന്ന പക്ഷത്തായിരിക്കുകയെന്നത് ഒരുവന്റെ ആത്മാഭിമാനത്തെ ഉയർത്തുന്നു. “എതിരാളിയുടെ ഗോളിനുമുമ്പു ഞാൻ പന്തു നിലത്തേക്കടിക്കുമ്പോഴോ പോയിൻറ് നേടാനുള്ള ശ്രമത്തിൽ ഞാൻ പന്തടിക്കുമ്പോഴോ എനിക്കു ഗണ്യമായ അളവിൽ ആത്മാഭിമാനം തോന്നുന്നു”വെന്നു യുവാവായ എഡീ പറയുന്നു.
പ്രശസ്തി, സൗഭാഗ്യം, ജനപ്രീതി
എങ്കിലും, സമപ്രായക്കാരിൽനിന്നുള്ള അംഗീകാരവും പ്രതിപത്തിയും നേടിയെടുക്കുകയെന്നതാണ് അനേകം യുവാക്കളെയും ടീം സ്പോർട്സിലേക്കു യഥാർഥമായി ആകർഷിക്കുന്നത്. “ഏതുസമയത്തും നിങ്ങൾ നല്ലതു ചെയ്യുന്നു, എല്ലാവരും നിങ്ങളെ എല്ലായ്പോഴും അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു”വെന്ന് 13 വയസ്സുകാരനായ ഗോർഡെൻ വിശദീകരിക്കുന്നു.
സൂസനാലും ഡാനിയേൽ കോഹെനാലുമുള്ള ടീനേജ് സ്ട്രെസ് എന്ന പുസ്തകം ഇപ്രകാരം സമ്മതിക്കുന്നു: “ബഹുമതിയിലേക്കുള്ള ഏതെങ്കിലും ഉറപ്പായ പാതയുണ്ടെന്നു തോന്നുന്നെങ്കിൽ, പ്രത്യേകിച്ചും ആൺകുട്ടികൾക്കുവേണ്ടി, അതു കായികരംഗമാണ്. . . . ഫുട്ബോൾ ടീമിലെയോ ബാസ്ക്കറ്റ്ബോൾ ടീമിലെയോ താരത്തിനു പ്രതിപത്തി ലഭിക്കാതെ പോകുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാവില്ല.” കായികതാരങ്ങളെ എത്ര ഉന്നതമായി ആദരിക്കുന്നുവെന്ന് ഒരു സർവേ വെളിപ്പെടുത്തി. വിദ്യാർഥികളോട്, നിങ്ങൾ ആരെപ്പോലെ—ഒരു കായിക താരത്തെപ്പോലെയോ, ഒരു സമർഥനായ വിദ്യാർഥിയെപ്പോലെയോ, ഏറ്റവും പ്രശസ്തനായ വ്യക്തിയെപ്പോലെയോ—ഓർമിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നതെന്നു ചോദിച്ചു. ആൺകുട്ടികൾ ഒരു “കായികതാരം” ആകുകയെന്നതാണ് ഒന്നാമതു തിരഞ്ഞെടുത്തത്.
തൊഴിലധിഷ്ഠിത കായികതാരങ്ങളുടെമേൽ വാർത്താമാധ്യമങ്ങൾ കൂമ്പാരം കൂട്ടുന്ന ആരാധനാപൂർവമായ ശ്രദ്ധയെക്കുറിച്ചു നിങ്ങൾ പരിചിന്തിക്കുമ്പോൾ ഒരു പണ്ഡിതനെക്കാളധികമായി ഒരു ഫുട്ബോൾ കളിക്കാരനെയോ ഒരു ബാസ്ക്കറ്റ്ബോൾ കളിക്കാരനെയോ ബഹുമാനിക്കുന്നത് അത്ര ആശ്ചര്യമല്ല. പ്രചരണത്തിലധികവും അവരുടെ ഭീമമായ ശമ്പളത്തിന്മേലും ധാരാളിത്തം നിറഞ്ഞ ജീവിതരീതികളിന്മേലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അനേകം യുവാക്കൾ, പ്രത്യേകിച്ചും നഗരത്തിന്റെ കേന്ദ്രഭാഗത്തുള്ളവർ സ്കൂൾ സ്പോർട്സിനെ സമൃദ്ധിയിലേക്കുള്ള ഒരു ചവിട്ടുകല്ലായി—ദാരിദ്ര്യത്തിനു വെളിയിലേക്കുള്ള ഒരു ടിക്കറ്റായി—വീക്ഷിക്കുന്നതിൽ അതിശയമില്ല!
ദുഃഖകരമെന്നുപറയട്ടെ, അത്തരം പ്രതീക്ഷകളോളം ഉയരുന്നതിൽ യാഥാർഥ്യം ദയനീയമായി പരാജയപ്പെടുന്നു. “തൊഴിലധിഷ്ഠിത കായികതാരങ്ങളായിത്തീരുന്നതിൽ എത്രപേർ വിജയിക്കുന്നു?” എന്ന തലക്കെട്ടോടു കൂടിയ കറൻറ് ഹെൽത്ത് മാഗസിനിലെ ഒരു ലേഖനം ചിന്തോദ്ദീപകമായ ചില സ്ഥിതിവിവരക്കണക്കുകൾ നൽകി. അത് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ഒരു ദശലക്ഷത്തിലധികം ആൺകുട്ടികൾ [ഐക്യനാടുകളിൽ] ഹൈസ്കൂൾ ഫുട്ബോൾ കളിക്കുന്നു; ഏതാണ്ട് 5,00,000 പേർ ബാസ്ക്കറ്റ്ബോൾ കളിക്കുന്നു; ഏകദേശം 4,00,000 പേർ ബെയ്സ്ബോളിൽ പങ്കെടുക്കുന്നു. ഹൈസ്കൂൾ മുതൽ കൊളെജ് വരെ പങ്കെടുക്കുന്നവരുടെ സംഖ്യ വലിയ അളവിൽ കുറയുന്നു. കൊളെജ് ഫുട്ബോളിലും ബാസ്ക്കറ്റ്ബോളിലും ബെയ്സ്ബോളിലുമായി മൊത്തം ഏതാണ്ട് 11,000 കായികതാരങ്ങൾ മാത്രമേ പങ്കെടുക്കുന്നുള്ളു.” അവിടംമുതൽ സ്ഥിതിവിവരക്കണക്കുകൾ പിന്നെയും കുത്തനെ കുറയുകയാണ്. “[കൊളെജ് കായികതാരങ്ങളിൽ] ഏതാണ്ട് 8 ശതമാനത്തെ മാത്രമേ തൊഴിലധിഷ്ഠിത ടീമുകളിലേക്കു തിരഞ്ഞെടുക്കുന്നുള്ളൂ, ഏകദേശം 2 ശതമാനം മാത്രം തൊഴിലധിഷ്ഠിത കരാറുകളിൽ ഒപ്പുവെക്കുന്നു.” തുടർന്നു ലേഖനം ഈ മുന്നറിയിപ്പു നൽകുന്നു: “ഒരു കരാറിൽ ഒപ്പുവെക്കുന്നതുപോലും ഒരു കായികതാരം ടീമിൽ ഒരു സ്ഥാനം സ്വീകരിക്കുന്നതിനെ അർഥമാക്കുന്നില്ല.”
അപ്പോൾ, മൊത്തത്തിൽ, “ഓരോ 12,000 ഹൈസ്കൂൾ കായികതാരങ്ങളിലും ഒരാൾ മാത്രമേ ഒരു തൊഴിലധിഷ്ഠിത കായികതാരമായിത്തീരുന്നുള്ളൂ.” അത് ഒരു ലോട്ടറിയിൽ ഒന്നാം സമ്മാനം നേടുന്നതിനുള്ള സാധ്യതയെക്കാൾ മെച്ചമല്ലായിരുന്നേക്കാം! എന്നാൽ തന്റെ എല്ലാ ശ്രമത്തിനുമായി ഒരു കായികതാരത്തിന് ഒരു സൗജന്യ കൊളെജ് വിദ്യാഭ്യാസം സ്വീകരിക്കാൻ കഴിയുകയില്ലേയെന്നു കുറഞ്ഞപക്ഷം നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. വീണ്ടുമൊരിക്കൽക്കൂടി, സാധ്യതകൾ അത്രയ്ക്കു നല്ലതല്ല. റിച്ചാർഡ് ഇ. ലാപ്ചിക്കിന്റെയും റോബർട്ട് മാൽക്കോഫിന്റെയും പുസ്തകമായ ഓൺ ദ മാർക്ക് പറയുന്നപ്രകാരം, “ദശലക്ഷങ്ങളുള്ള കായികതാരങ്ങളിൽ . . . 50-ൽ 1-നു മാത്രമേ കൊളെജിൽ സ്പോർട്സ് സ്കോളർഷിപ്പു കിട്ടുന്നുള്ളൂ.” പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിക്കുന്ന മറ്റൊരു സ്ഥിതിവിവരക്കണക്ക് ഇതാണ്: “ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവപോലുള്ള വലിയ വരുമാനമുണ്ടാക്കുന്ന കായികമത്സരങ്ങളിൽ സ്കോളർഷിപ്പു കിട്ടുന്ന പ്രമുഖ കളിക്കാരിൽ 30 ശതമാനത്തിൽ കുറവു മാത്രമേ നാലു വർഷത്തിനു ശേഷം കൊളെജിൽനിന്നു ബിരുദം നേടുന്നുള്ളൂ.”
ഒരു സമ്പന്ന, പ്രശസ്ത കായികതാരമായിത്തീരുകയെന്ന ബഹുഭൂരിപക്ഷം കളിക്കാരുടെയും സ്വപ്നം കേവലം ഒരു മിഥ്യയാണ്—ഒരു വ്യാമോഹം മാത്രം.
പിൻവാങ്ങൽ
വർധിച്ച ആരോഗ്യത്തിന്റെയും ഒരു പ്രത്യേക സ്വഭാവവളർച്ചയുടെയും കൂടിയ ജനപ്രീതിയുടെയും പ്രതീക്ഷകൾ പരിചിന്തിക്കുമ്പോൾ ഒരു സംഘടിത ടീം സ്പോർട്സിൽ ചേരുന്നതാണു ചെയ്യാവുന്ന യുക്തമായ സംഗതിയെന്ന് ഇപ്പോഴും തോന്നിയേക്കാം. എന്നാൽ പരീക്ഷണപ്രകടനങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾ തിടുക്കം കൂട്ടുന്നതിനുമുമ്പു ലേഡീസ് ഹോം ജേർണലിൽ എന്തു പറഞ്ഞിരിക്കുന്നുവെന്നു പരിചിന്തിക്കുക: “കഴിഞ്ഞ ഏതൊരു തലമുറയെയും അപേക്ഷിച്ച് ഈ നാളുകളിൽ കൂടുതൽ കുട്ടികൾ സംഘടിത സ്പോർട്സിൽ പേർ ചാർത്തുന്നു. എന്നാൽ ഈ സ്പോർട്സ് പരിപാടികളിൽനിന്നു പിൻവാങ്ങുന്നവരുടെ സംഖ്യ ചരിത്രം സൃഷ്ടിക്കുന്നുവെന്നതാണു മോശമായ വാർത്ത.” ഈ വിഷയത്തിൽ വിദഗ്ധനായ ഡോ. വേൺ സേഫെൽറ്റ് ഇപ്രകാരം പറയുന്നതായി ഉദ്ധരിക്കപ്പെടുന്നു: “പതിനഞ്ചു വയസ്സാകുന്നതോടെ എപ്പോഴെങ്കിലും ഒരു കായികമത്സരത്തിൽ കളിച്ചിട്ടുള്ള കുട്ടികളുടെ എഴുപത്തഞ്ചു ശതമാനവും അതിൽനിന്നു പിൻവാങ്ങിയിട്ടുണ്ട്.”
ഐസ് ഹോക്കി കളിയിൽ അത്യന്തം ജനപ്രീതിയാർജിച്ച കാനഡയുടെ കാര്യമെടുക്കുക. ഒരു അമച്വർ ഹോക്കി സംഘത്തിലെ 6,00,000-ത്തിനു മേൽ വരുന്ന കളിക്കാരിൽ 53 ശതമാനവും 12 വയസ്സിനു താഴെയുള്ളവരായിരുന്നു. എന്നിരുന്നാലും, 11 ശതമാനം മാത്രം 15 വയസ്സിനു മുകളിലുള്ളവരായിരുന്നു. കാരണം? ആ പ്രായത്തോടെ അനേകം യുവാക്കൾ പിൻമാറുന്നു. അത്രയധികം പിൻമാറുന്നതെന്തുകൊണ്ട്?
അത്തരത്തിലുള്ള പിൻവാങ്ങലുകൾ സാധാരണമായി ഒരു രസകരമായ നിസ്സാര കാരണമാണ് അവരുടെ വിടവാങ്ങലിനു നൽകുന്നതെന്നു ഗവേഷകർ പറയുന്നു: കളികൾക്കു മേലാൽ രസമില്ലാതായി. വാസ്തവത്തിൽ, ഒരു ടീമിൽ കളിക്കുന്നത് ക്ഷീണിപ്പിക്കുന്നതും സമയനഷ്ടമുണ്ടാക്കുന്നതുമായ ഒരു പരിപാടിയായിരിക്കാൻ കഴിയും. ഒരു ടീമിനായുള്ള പരീക്ഷണപ്രകടനത്തിൽ “ഒരു ദിവസത്തിൽ മൂന്നു മണിക്കൂറും, ഒരാഴ്ചയിൽ അഞ്ചു ദിവസവും . . . ഏതാണ്ട് ഒന്നോ രണ്ടോ ആഴ്ചകളോളം” ജോലിചെയ്യുന്നത് ഉൾപ്പെട്ടേക്കാമെന്നു സെവൻറീൻ മാഗസിൻ അതിന്റെ വായനക്കാരോടു പറഞ്ഞു. നിങ്ങൾ ആ അഗ്നിപരീക്ഷയെ അതിജീവിച്ചു ടീമിൽ ചേരാൻ അനുവദിക്കപ്പെട്ടാൽ ഭാവിയിൽ വളരെയധികം മണിക്കൂറുകളുടെ നിരന്തര പ്രയത്നവും കായികപരിശീലനങ്ങളും നിങ്ങളെ കാത്തുകിടപ്പുണ്ടാവും. തന്റെ മത്സരക്കളിക്കുവേണ്ടിയുള്ള പരിശീലനത്തിനായി ഒരു ദിവസം മൂന്നു മണിക്കൂറിലധികം ചെലവഴിക്കുന്ന ഒരു വനിതാ ബാസ്ക്കറ്റ്ബോൾ ടീമിലെ അംഗം ഇതിനുള്ള ഉദാഹരണമാണ്. ആ സമയം അധികം മൂല്യവത്തായ എന്തെങ്കിലും ചെയ്യുന്നതിനു ചെലവഴിക്കാൻ കഴിയുമായിരുന്നു.
തീർച്ചയായും, അനേകം യുവാക്കൾക്കും ഈ ക്ഷീണിപ്പിക്കുന്ന ദിനചര്യ ഒരു പ്രശ്നമല്ല. അവർ നേരംപോക്കും തങ്ങളുടെ കായിക വൈദഗ്ധ്യങ്ങൾ മികവുറ്റതാക്കുന്നതിന്റെ വെല്ലുവിളിയും ആസ്വദിക്കുന്നു. എന്നാൽ സംഘടിത കായികമത്സരങ്ങളിൽനിന്നു യുവാക്കളുടെ ഒരു വലിയ സംഖ്യ വിട്ടുപോകുന്നതിനു മറ്റു കാരണങ്ങളുണ്ട്. ഒരു ടീമിൽ ചേരണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു നിങ്ങൾ ആ കാരണങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കേണ്ട ആവശ്യമുണ്ട്. സദൃശവാക്യങ്ങൾ 13:16 പറയുന്നതുപോലെ, “സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു.” അതുകൊണ്ട് ഒരു ഭാവി ലേഖനം ഈ ചർച്ച തുടരും.
[14-ാം പേജിലെ ആകർഷകവാക്യം]
‘സ്പോർട്സ് സ്കോളർഷിപ്പുകൾ സ്വീകരിക്കുന്ന ഏറ്റവും ഉയർന്ന സർവകലാശാലാ കളിക്കാർ ബിരുദം നേടുന്നതിൽ പരാജയപ്പെടുന്നു’
[13-ാം പേജിലെ ചിത്രം]
കായികതാരങ്ങൾക്കു ലഭിക്കുന്ന ജനപ്രീതി അനേകം യുവാക്കളെ സംഘടിത സ്പോർട്സിലേക്ക് ആകർഷിക്കുന്നു