മനംകവരുന്ന എത്യോപ്യ
എത്യോപ്യയിലെ ഉണരുക! ലേഖകൻ
വർഷങ്ങളോളം എത്യോപ്യ മറയ്ക്കപ്പെട്ട സാമ്രാജ്യമായി അറിയപ്പെട്ടിരുന്നു. നൂറ്റാണ്ടുകളോളമുള്ള ഒറ്റപ്പെടൽ അവസാനിച്ചതോടെ അതിന്റെ ആകർഷകമായ ചരിത്രത്തെയും നാനാതരം ആളുകളെയും സംസ്കാരത്തെയും അസാധാരണ ഭൂമിശാസ്ത്ര പ്രത്യേകതകളെയും സംബന്ധിച്ച് അറിവുള്ളതു ചുരുക്കം ചിലർക്കുമാത്രം. അഞ്ചുകോടിയിലധികം, അതായതു ഫ്രാൻസിന്റേതിനോളം നിവാസികളുള്ള ഈ ദേശം നിശ്ചയമായും അവഗണിക്കപ്പെടാവുന്നതല്ല.
“പൊള്ളിയ മുഖങ്ങളുടെ രാജ്യം” എന്ന് അർഥമുള്ള “എത്യോപ്യ” എന്നപദം കണ്ടുപിടിച്ചതു പുരാതന ഗ്രീക്കുകാരാണെന്നുതോന്നുന്നു. എന്നിരുന്നാലും അതിന്റെ ആദിമ രാഷ്ട്രീയചരിത്രം നിഗൂഢതയിലും ഐതിഹ്യത്തിലും ആണ്ടുകിടക്കുകയാണ്. എത്യോപ്യ ബൈബിൾപരമായി പ്രാധാന്യമുള്ള പുരാതന ഷേബായുടെ ഭാഗമായിരുന്നുവെന്നും ശലോമോൻ രാജാവിനെ സന്ദർശിച്ച സമ്പന്നയായ ഭരണാധികാരി അവിടുത്തെ രാജ്ഞി ആയിരുവെന്നും പാരമ്പര്യം അവകാശപ്പെടുന്നു. അങ്ങനെ എത്യോപ്യയിലെ ഒരുപറ്റം പൂർവകാല ഭരണാധിപൻമാർ ശലോമോനും ഈ രാജ്ഞിയും തമ്മിലുള്ള പ്രേമലീലകളിലെ സന്തതിയാണെന്നു കരുതപ്പെടുന്ന മെൻലിക്കിന്റെ പിൻഗാമികളാണെന്ന് അവകാശപ്പെട്ടിരുന്നു.
എന്നാൽ സർവസാധ്യതയുമനുസരിച്ച്, ദക്ഷിണപശ്ചിമ ആഫ്രിക്കയിലാണു ഷേബ യഥാർഥത്തിൽ സ്ഥിതിചെയ്തിരുന്നത്. ബൈബിൾ അതിന്റെ എബ്രായഭാഗത്തും (“പഴയ നിയമം”) ഗ്രീക്കുഭാഗത്തും (“പുതിയ നിയമം”) എത്യോപ്യയെ പരാമർശിക്കുന്നു. ഉദാഹരണത്തിന്, പ്രവൃത്തികൾ 8-ാം അധ്യായം ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനംചെയ്ത ഒരു എത്യോപ്യ ഷണ്ഡനെ, അതായത് ഗവൺമെൻറ് ഉദ്യോഗസ്ഥനെക്കുറിച്ചു പറയുന്നു. ഇന്നത്തെ അതിർത്തികളനുസരിച്ചു ബൈബിളിലെ എത്യോപ്യ ഇപ്പോൾ സുഡാൻ എന്നറിയപ്പെടുന്ന പ്രദേശത്തെയാണു പ്രധാനമായും ഉൾക്കൊണ്ടിരുന്നത്.
നമ്മുടെ പൊതുയുഗം മൂന്നാം നൂറ്റാണ്ടോടുകൂടി എത്യോപ്യയിൽ അക്സും രാജ്യം സ്ഥാപിതമായി. നാലാം നൂറ്റാണ്ടിൽ എസ്നാ രാജാവിന്റെ കീഴിൽ അത് അതിന്റെ അത്യുച്ചാവസ്ഥയിലെത്തി. മതപരിവർത്തനം ചെയ്ത എസ്നാ തന്റെ മുഴു സാമ്രാജ്യത്തെയും “ക്രിസ്ത്യാനിത്വ”ത്തിലേക്കു പരിവർത്തനം ചെയ്യിച്ചു. എത്യോപ്യ കുറെക്കാലം പാശ്ചാത്യരാജ്യങ്ങളുമായി സമ്പർക്കംപുലർത്തിയിരുന്നു. എന്നാൽ ഏഴാം നൂറ്റാണ്ടോടെ പ്രസ്തുത ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. എൻസൈക്ലോപീഡിയ അമേരിക്കാനാ ഇപ്രകാരം വിശദീകരിക്കുന്നു: “തുടർന്നുള്ള ഏതാണ്ട് 1,000 വർഷങ്ങളോളം ഉത്തരദിക്കിൽനിന്നും പൂർവദിക്കിൽനിന്നുമുള്ള, അതിക്രമിച്ചു കയറിക്കൊണ്ടിരുന്ന മുസ്ലീങ്ങൾക്കും പുറജാതീയ അധിനിവേശക്കാർക്കുമെതിരെ അതിനെത്തന്നെ പ്രതിരോധിക്കുന്നതിനുള്ള ശ്രമത്തിൽ ശേഷിച്ച ക്രിസ്തീയ ലോകത്തുനിന്നും എത്യോപ്യ ഒറ്റപ്പെട്ടിരുന്നു.” പ്രത്യേകിച്ച് ഈജിപ്തിന്റെയും നുബിയായുടെയുംമേലുള്ള മുസ്ലീം കീഴടക്കലുകൾ എത്യോപ്യയെ ശേഷിച്ച ക്രൈസ്തവലോകത്തിൽനിന്നും വിച്ഛേദിച്ചു.
ഈ നൂറ്റാണ്ടിന്റെ പ്രാരംഭകാലഘട്ടത്തിലെയും 1935-മുതൽ 1941-വരെയുള്ള കാലഘട്ടത്തിലെയും ഹ്രസ്വമായ ഇറ്റാലിയൻ സാന്നിധ്യം ഒഴിവാക്കിയാൽ, മറ്റ് ആഫ്രിക്കൻ പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി എത്യോപ്യ ഒരിക്കലും ദീർഘകാല യൂറോപ്യൻ കോളനിവാഴ്ചയിലൂടെ കടന്നുപോയിട്ടില്ല. 1974-ലെ ഒരു പട്ടാള അട്ടിമറി ആ പഴയ സാമ്രാജ്യത്തെ അക്രമാസക്തമായൊരു അന്ത്യത്തിലെത്തിച്ചു. 1991-മുതൽ ഒരു പുതിയ ഗവൺമെൻറ് ഈ രാജ്യത്തെ ഒരു തുറന്ന സമുദായമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നു. തത്ഫലമായി ഒരിക്കൽ മറയ്ക്കപ്പെട്ടിരുന്ന ഈ രാജ്യത്തിൽ ഒരു അടുത്ത നിരീക്ഷണം നടത്തുക സാധ്യമാണ്.
ജനങ്ങളും അവരുടെ സംസ്കാരവും
എത്യോപ്യക്കാരുടെ ഇടയിൽ വൈവിധ്യം വളരെ വലുതായതിനാൽ അവരെക്കുറിച്ച് ഒരു സാമാന്യവൽക്കരണം നടത്തുക പ്രയാസമാണ്. ചുട്ടുപൊള്ളുന്ന ഡാൻക്വിൽ മരുഭൂമിയിൽ ചുറ്റിക്കറങ്ങുന്ന ആഫാർ ദേശാന്തരഗമനക്കാരുണ്ട്. പടിഞ്ഞാറുള്ളത് ഇരുണ്ടനിറക്കാരായ നിലോട്ടിക്കുകളാണ്. തെക്കു പ്രധാനമായും ഒറോമോ വർഗക്കാരാണു ജീവിക്കുന്നത്. മധ്യ പർവതപ്രദേശങ്ങളിൽ വസിക്കുന്ന അംഹാറകൾ നല്ല കാറ്റോട്ടമുള്ള ഗിരിശൃംഗങ്ങളിൽ കൃഷിചെയ്യുന്നു. എത്യോപ്യയിൽ 300 ഭാഷകളുള്ളത് അപ്പോൾ അതിശയമല്ല. ഓരോ നരവംശവർഗങ്ങൾക്കും തങ്ങളുടേതായ തലമുടിശൈലിയും വസ്ത്രധാരണ വിധവും വാസ്തുവിദ്യയുമുണ്ട്. ദക്ഷിണദിക്കിൽ സാധാരണമായ മുളകൊണ്ടുള്ള വൃത്താകാരമായ റ്റൂക്കുൾസ് മുതൽ മധ്യ എത്യോപ്യയിലെ മൺകട്ടകൾകൊണ്ടുള്ള പുൽമേഞ്ഞ വീടുകളും ഉത്തരദിക്കിലെ നിലകളായിപണിത കല്ലുകൊണ്ടുള്ള കെട്ടിടങ്ങളുംവരെ വാസ്തുവിദ്യ വ്യാപിച്ചിരിക്കുന്നു.
വ്യക്തിപരമായ പേരുകളിലും ആകർഷകമായ വൈവിധ്യം ഉണ്ട്. ഈ പേരുകൾ കേവലം തിരിച്ചറിയിക്കൽ മാർഗങ്ങളല്ല, വൈദേശിക ധ്വനിയുള്ള ഇവയ്ക്ക് മിക്കവാറും എല്ലായ്പോഴും പ്രാദേശികമായി നല്ലവണ്ണം അറിയപ്പെടുന്ന അർഥങ്ങൾ ഉണ്ട്. ഫക്റേ (എന്റെ സ്നേഹം), ഡെസ്റ്റാ (സന്തോഷം), നൈറ്റ് (നന്മ), എനെറ്റ് (വിശ്വാസം), എബേബാ (പുഷ്പം), അല്ലെങ്കിൽ റ്ററുനെഷ് (നീ നല്ലവളാണ്) എന്നിങ്ങനെയുള്ള പേരുകളിൽ പെൺകുട്ടികൾ വിളിക്കപ്പെടാം. ബെർഹാനു (പ്രകാശം), വോൾഡ് മറിയം (മേരിയുടെ പുത്രൻ), ഗെബർ യേശൂസ് (യേശുവിന്റെ ദാസൻ), ഹെയിൽ സെല്ലാസേ (ത്രിത്വത്തിന്റെ ശക്തി), റ്റെക്കിൾ ഹെയിമാനോട്ട് (മതത്തിന്റെ സസ്യം) എന്നിവയാണ് പുരുഷൻമാരുടെ പേരിന്റെ ചില മാതൃകകൾ.
ഈ പേരുകളിൽ മിക്കവയും അവിടുത്തെ ഓർത്തഡോക്സ് ചർച്ചിന്റെ സ്വാധീനത്തിനു തെളിവുനൽകുന്നു. തീർച്ചയായും, എത്യോപ്യൻ സംസ്കാരത്തിൽ ആസകലം മതത്തിന്റെ സ്വാധീനം കാണാം! 13 മാസങ്ങൾ ഉള്ള കലണ്ടർ നിറയെ മതപരമായ ഉത്സവങ്ങളാണ്. ഇവയിൽ ഏറ്റവും പ്രമുഖമായത് “കുരിശിന്റെ പെരുന്നാൾ” ആയ മെക്സലും, യേശുവിന്റെ സ്നാപനം ആഘോഷിക്കുന്നതിനുള്ള വർണശബളമായ ഘോഷയാത്രകളോടുകൂടിയ റ്റെംകാറ്റും ആണ്. എത്യോപ്യയുടെ പരമ്പരാഗത കലയിൽ ഭൂരിഭാഗവും സ്വഭാവത്തിൽ മതപരമാണെന്നുള്ളത് അതിശയമല്ല.
ഭൂമിശാസ്ത്ര സവിശേഷതകൾ
എത്യോപ്യയെക്കുറിച്ചുള്ള നിങ്ങളുടെ ആദ്യത്തെ ക്ഷണികദർശനത്തിൽ അതിന്റെ ഗംഭീരമായ ഭൂമിശാസ്ത്രവും ഉൾപ്പെടണം. കെനിയയിലേക്കുള്ള വഴിയിൽ ഈ രാജ്യത്തെ വിഭജിക്കുന്ന മഹത്തായ റിഫ്റ്റ് താഴ്വരയാണ് ഒരു പ്രമുഖ സവിശേഷത. അതിന്റെ അതിരുകളിൽ ഉടനീളം അനേകം ചൂടുറവകളും ഗുഹകളും കാണപ്പെടുന്നു. ഏഴു മനോഹര തടാകങ്ങൾ അതിന്റെ ഗതിയിൽ വ്യാപിച്ചുകിടക്കുന്നു. ഉത്തരദിക്കിലുള്ള സിമ്യൻ പർവതങ്ങളിൽ മൂർധന്യത്തിലെത്തുന്ന, 2,000 മീറ്ററിലധികംവരുന്ന പർവതപ്രദേശം മറുവശത്ത് ഉയർന്നുനിൽക്കുന്നു. അത്യുച്ച ഉയരം 4,600 മീറ്ററിലധികം വരുന്ന ഇവ ആഫ്രിക്കയുടെ മേൽക്കൂര എന്നു വിളിക്കപ്പെടുന്നു! ഈ പ്രദേശത്തെ ഉയർന്ന് ഉന്തിനിൽക്കുന്ന പർവതഭാഗങ്ങളും വിസ്മയാവഹമായ മലയിടുക്കുകളും തീർച്ചയായും അത്ഭുതകരമാണ്. റ്റാനാ തടാകവും ബ്ലൂനൈലിന്റെ ഉറവും അവിടെനിന്നും അകലത്തിലല്ല. ഈ പ്രദേശത്തിന്, സുഡാനുനേരെയുള്ള അതിന്റെ വഴിയിൽ വളഞ്ഞുപുളഞ്ഞു പോകുന്ന ഹൃദയഹാരിയായ സ്വന്തം മലയിടുക്കുണ്ട്. റ്റാനാ തടാകത്തിനടുത്ത് ബ്ലൂനൈലും മനോഹരമായൊരു കൗതുകക്കാഴ്ച പ്രദാനംചെയ്യുന്നു, പ്രസിദ്ധമായ വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഒരു ചെറിയ പതിപ്പുപോലെ കിഴുക്കാംതൂക്കായ മലഞ്ചെരുവിലൂടെ കുതിച്ചുചാടുന്ന റ്റിസിസാറ്റ് വെള്ളച്ചാട്ടംതന്നെ. ഉത്തരപൂർവദിക്കിൽ, ആഫ്രിക്കയുടെ ഏറ്റവും താഴ്ന്ന പ്രദേശമായ ഡാനാകിൽ മരുഭൂമിയെ ബഹുവർണ ഉപ്പളങ്ങൾ അലങ്കരിക്കുന്നു. ഇത് സമുദ്രനിരപ്പിനു താഴെയാണ്.
ഗോതമ്പും ബാർലിയും വാഴപ്പഴവും ചോളവും പരുത്തിയും മുതൽ മുന്തിരിങ്ങായും ഓറഞ്ചും ധാരാളം സുഗന്ധദ്രവ്യങ്ങളുംവരെ അതിശയകരമാംവണ്ണം വൈവിധ്യമാർന്ന വിളകൾ എത്യോപ്യ ഉത്പാദിപ്പിക്കുന്നു. കാപ്പിച്ചെടിയുടെ യഥാർഥ ഭവനം എത്യോപ്യയാണെന്നും അവകാശപ്പെടുന്നു. ഇന്നുവരെയും അത് കാപ്പിക്കുരുവിന്റെ ഒരു മുഖ്യ ഉത്പാദന സ്ഥലമാണ്. റ്റെഫ് എന്നുവിളിക്കപ്പെടുന്ന അസാധാരണ ധാന്യം അവിടെയുണ്ട്. പുല്ലിനോടു സാദൃശമുള്ള ഇതിന്റെ ചെറിയ വിത്തുകൾ എത്യോപ്യക്കാരുടെ മുഖ്യാഹാരവും ദേശീയ വിഭവവുമായ ഇൻജീറയുടെ പ്രധാന ഘടകമാണ്. ഇൻജീറ ഒരു പ്രത്യേക അടുപ്പിലാണ് ഉണ്ടാക്കുന്നത്, അത് മിക്കപ്പോഴും പ്രദർശിപ്പിക്കപ്പെടുന്നതു വലിയ വൃത്താകാരമായ കൊട്ടയിൽ, വിഭൂഷക മെസോബിൽ ആണ്. മിക്ക എത്യോപ്യൻ ഭവനങ്ങളിലും തറയിൽവച്ചിരിക്കുന്ന മെസോബ് പ്രയോജനപ്രദവും അലങ്കാരത്തിന്റെ അനിവാര്യ ഭാഗവുമാണ്!
വന്യജീവികൾ
വന്യജീവികളോടുള്ള ബന്ധത്തിൽ എത്യോപ്യക്ക് എന്താണു നൽകാനുള്ളത്? വന്യജീവികളുടെ മഹത്തായോരു വൈവിധ്യം തന്നെ എത്യോപ്യക്കുണ്ട്. യഥാർഥത്തിൽ, നാനാതരം മാനുകളും സിംഹങ്ങളും അധിവസിക്കുന്ന വേട്ടയ്ക്ക് അപ്രാപ്യമായ ധാരാളം വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ എത്യോപ്യയിലുണ്ട്. 830-ലധികം വർഗം പക്ഷികൾ ഈ രാജ്യത്തു വസിക്കുന്നതായി പറയപ്പെടുന്നു, അവയിൽ ചിലവ എത്യോപ്യയിൽ മാത്രം കാണപ്പെടുന്നവയാണ്.
കൂടുതൽ അസാധാരണമായ മൃഗങ്ങളിൽപെട്ടതാണ് പ്രൗഢിയുള്ള വാലിയാ ഇബെസ്സ്. സിമ്യെൻ പർവതങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ മാത്രം അവശേഷിച്ചിരിക്കുന്ന പകിട്ടേറിയൊരു മലയാടാണിത്. അവ എത്തിപ്പെടാൻ തികച്ചും അസാധ്യമായ കിഴുക്കാംതൂക്കായ മലഞ്ചെരുവുകളിൽ ഇപ്പോഴും ജീവിക്കുന്നു. അടിവാരമില്ലെന്നു തോന്നാവുന്ന അഗാധഗർത്തത്തിൻമീതെ അടിതെറ്റാതെ ചാടുവാൻ അവയ്ക്കു കഴിയും. മനോഹരമായ ഗെലാഡകളും അവിടെയുണ്ട്. അതിന്റെ നീണ്ട രോമവും നെഞ്ചിലെ വിസ്മയിപ്പിക്കുന്ന ചുവന്നപുള്ളിയും നിമിത്തം സിംഹവാനരൻ എന്നും രക്തമൊലിപ്പിക്കുന്ന ഹൃദയ-വാനരൻ എന്നും വിളിക്കപ്പെടുന്നു. മൃഗജാലത്തെ കാണുന്നതിനു നിങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതില്ല. എന്തിന്, എത്യോപ്യയിലെ വഴികൾതന്നെ മിക്കപ്പോഴും ഒട്ടകങ്ങളെയും കോവർകഴുതകളെയും കന്നുകാലികളെയും കഴുതകളെയുംകൊണ്ടു നിറഞ്ഞിരിക്കുന്നു!
പ്രസ്തുത രാജ്യം പ്രശ്നവിമുക്തമല്ലെന്നു തീർച്ചയായും സമ്മതിക്കേണ്ടിയിരിക്കുന്നു. തലസ്ഥാന നഗരമായ ആഡിസ് അബാബാ പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള ആധുനികമായൊരു വൻനഗരമാണ്. അതു ഭവന ദൗർലഭ്യത്താലും തൊഴിലില്ലായ്മയാലും കഷ്ടപ്പെടുന്നു. വരൾച്ചയും ആഭ്യന്തരയുദ്ധവും ഭവനരാഹിത്യം, അംഗവൈകല്യം, വലിയോരുകൂട്ടം വിധവമാരും അനാഥരും എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ കലാശിച്ചിരിക്കുന്നു. അവരുടെ പ്രശ്നങ്ങൾക്കുള്ള ആത്യന്തിക പരിഹാരം ക്രിസ്തുയേശുവിനാലുള്ള ദൈവത്തിന്റെ രാജ്യമാണെന്നു മനസ്സിലാക്കാൻ എത്യോപ്യരെ സഹായിക്കുന്നതിന് ആ രാജ്യത്തെ യഹോവയുടെ സാക്ഷികൾ കഠിനാധ്വാനം ചെയ്യുന്നു.—മത്തായി 6:9, 10.
അതിനിടയിൽ, എത്യോപ്യ അടുത്തറിയാൻ തക്കമൂല്യമുള്ള ഒരു നാടാണ്. ഈ ഹ്രസ്വമായ ക്ഷണികദർശനം, മറ്റൊരു ക്ഷണികദർശനം നടത്തുവാനുള്ള, ഒരുപക്ഷേ ഈ ഹൃദയംകവരുന്ന നാട്ടിലേക്ക് ഒരുനാൾ വ്യക്തിപരമായ സന്ദർശനം നടത്തുവാനുള്ള നിങ്ങളുടെ താത്പര്യത്തെ ഉണർത്തിയിട്ടുണ്ടാകുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.
[അടിക്കുറിപ്പ്]
[18-ാം പേജിലെ ചിത്രങ്ങൾ]
എത്യോപ്യയുടെ ദേശീയ വിഭവമായ “ഇൻജീറ” വിളമ്പിവെക്കുവാൻ “മെസോബ്” ഉപയോഗിക്കപ്പെടുന്നു