ആഫ്രിക്കൻ ചാണകവണ്ടുകൾ രക്ഷാപ്രവർത്തനത്തിലേക്ക്!
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
രണ്ടു നൂറ്റാണ്ടു മുമ്പ് കന്നുകാലിയെ ഓസ്ട്രേലിയയിൽ കൊണ്ടുവന്നപ്പോൾ അത് ആ രാജ്യത്തിനു കൈവരുത്തുമായിരുന്ന ഗുരുതര പ്രശ്നങ്ങളെ ആർക്കാണു മുൻകൂട്ടിക്കാണാൻ കഴിയുമായിരുന്നത്?
കാലം കടന്നുപോയതോടെ, ചില പ്രദേശങ്ങളിൽ പുല്ലിന്റെ വളർച്ചയെ തടയുകയോ അവയെ കന്നുകാലികൾക്കു ഭക്ഷ്യയോഗ്യമല്ലാതാക്കിത്തീർക്കുകയോ ചെയ്തുകൊണ്ടു മേച്ചിൽപ്പുറങ്ങൾ ചാണകത്താൽ മൂടപ്പെട്ടു. ഒടുവിൽ ചാണകക്കൂമ്പാരം കുഴപ്പംസൃഷ്ടിക്കുന്ന ഈച്ചകളുടെ വിശാലമായ വിളനിലങ്ങളായിത്തീർന്നു. ആഫ്രിക്ക—പരിസ്ഥിതിയും വന്യജീവികളും (ഇംഗ്ലീഷ്) എന്ന പത്രികയിലെ ഒരു റിപ്പോർട്ടനുസരിച്ച്, യഥാർഥത്തിൽ 1970 ആയതോടെ പ്രസ്തുത പ്രശ്നം “വലിയ അളവിലുള്ള സാമ്പത്തിക-പാരിസ്ഥിതിക പ്രതിസന്ധി”യിൽ എത്തിച്ചേർന്നു. കണക്കാക്കപ്പെട്ടതനുസരിച്ച്, “ഓരോ വർഷവും രണ്ട് ദശലക്ഷം ഹെക്ടറിലധികം [അഞ്ച് ദശലക്ഷം ഏക്കർ] മേച്ചിൽപ്രദേശം ഉത്പാദനക്ഷമം അല്ലാതായിത്തീരുന്നു . . . ചാണകം കുഴിച്ചിടാഞ്ഞതു നിമിത്തം വലിയ അളവു നൈട്രജൻ മണ്ണിലേക്കു തിരികെച്ചേർന്നില്ല. കൂടാതെ ഈച്ച സമൂഹം സാംക്രമികരോഗങ്ങളുടെ നിരക്കുവർധിപ്പിക്കാൻ ഇടയാക്കുകയായിരുന്നു.”
എന്തു പിഴവാണു പറ്റിയത്? ആഫ്രിക്കയിൽ ചാണക വണ്ട് സാധാരണമായി വേഗത്തിലും സമർഥമായും നിലങ്ങൾ ശുചീകരിക്കുന്നു. വണ്ടുകളാൽ കുഴിച്ചിടപ്പെടുന്ന ചാണകം മണ്ണിനെ ഫലഭൂയിഷ്ഠവും ധാരാളം സുഷിരങ്ങളുള്ളതുമാക്കും, അങ്ങനെ സസ്യവളർച്ച വർധിപ്പിക്കുന്നു. ഇപ്രകാരം ഉപദ്രവകാരികളായ ഈച്ചവർഗങ്ങൾ നിയന്ത്രിക്കപ്പെടുകയും പരാദമുട്ടകൾ നശിപ്പിക്കപ്പെടുകയും ബാക്ടീരിയസംബന്ധമായ രോഗങ്ങളുടെ വ്യാപനം തടയപ്പെടുകയും ചെയ്യും.
എന്നാൽ ഓസ്ട്രേലിയൻ ചാണകവണ്ട് സ്വദേശീയ മൃഗങ്ങളുടെ ചെറിയ, ഉറച്ച, ഗുളികരൂപത്തിലുള്ള കാഷ്ഠത്തിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും കന്നുകാലിയുടെ ഭാരിച്ച അയഞ്ഞചാണകത്തെ നേരിടുവാൻ അവയ്ക്കു കഴിയുകയില്ലെന്നുമുള്ള സംഗതിയായിരുന്നു ആദിമ ഓസ്ട്രേലിയൻ കുടിയേറ്റക്കാർ തിരിച്ചറിയാതെപോയത്.
എന്തു ചെയ്യേണ്ടിയിരുന്നു? മറ്റു രാജ്യങ്ങളിൽനിന്നു ചാണക വണ്ടുകളെ ഇറക്കുമതിചെയ്യുക! ഉദാഹരണത്തിന് ആഫ്രിക്കൻ ഇനം, (അവയിൽ ഏതാണ്ട് 2,000 വർഗങ്ങൾ ഉണ്ട്.) ആനപിണ്ഡം പോലെ വലിയ അളവിലുള്ള മൃദുവായ ചാണകത്തോടു പൊരുതി ജയിക്കുന്നു. ഈ വണ്ടുകൾക്കു ചാണകനിർമാർജനം യാതൊരു പ്രശ്നവും കൈവരുത്തുന്നില്ല. എന്നാൽ എത്ര വലിയോരുകൂട്ടം വണ്ടുകളാണ് പ്രസ്തുത കർത്തവ്യ നിർവഹണത്തിന് ആവശ്യമായിരിക്കുന്നത്! ഒരു ദേശീയ പാർക്കിൽ “ആനപ്പിണ്ടത്തിന്റെ ഒരു കൂനയിൻമേൽ 7,000 വണ്ടുകൾ പൊതിഞ്ഞതായി രേഖപ്പെടുത്തപ്പെട്ടു”വെന്നും മറ്റൊരു പാർക്കിൽ “22,746 വണ്ടുകളെ . . 12 മണിക്കൂർകൊണ്ട് 7 കിലോഗ്രാം ആനപ്പിണ്ടത്തിൽനിന്നു ശേഖരിച്ചു”വെന്നും ആഫ്രിക്ക—പരിസ്ഥിതിയും വന്യജീവികളും റിപ്പോർട്ടുചെയ്യുന്നു. ഓസ്ട്രേലിയയുടെ വിപത്കരമായ പ്രശ്നത്തോടു പോരാടുന്നതിന് എത്ര ബൃഹത്തായ എണ്ണം വണ്ടുകളാണ് ആവശ്യമായിരിക്കുന്നതെന്ന് കേവലമൊന്നു സങ്കൽപ്പിച്ചുനോക്കൂ!
സന്തോഷകരമെന്നുപറയട്ടെ, ഇപ്പോൾ സാഹചര്യം ശ്രദ്ധേയമായി പുരോഗമിക്കുന്നുണ്ട്—ആഫ്രിക്കൻ ചാണകവണ്ടുകൾക്കു നന്ദി.