ഒരു പുരാതന അമേരിക്കൻ ഇൻഡ്യൻ പാരമ്പര്യം
നിങ്ങൾ ലോകത്തെവിടെ പോയാലും ഓരോ സ്ഥലത്തിനും അതിന്റേതായ പരമ്പരാഗത കലാരൂപങ്ങളുണ്ടെന്നു നിങ്ങൾ കണ്ടെത്തും. ഛായാചിത്രങ്ങളോ ചെറുപ്രതിമകളോ തടികൊണ്ടുള്ള കൊത്തുരൂപങ്ങളോ കളിമൺപാത്രങ്ങളോ അല്ലെങ്കിൽ മറ്റുവസ്തുക്കളോ ഉപഹാര-കൗതുക വസ്തുക്കൾ വിൽക്കുന്ന കടകളിൽ സാധാരണമായി കാണപ്പെടുന്നു. നിങ്ങളുടെ വീട് അലങ്കരിക്കുവാൻ ഇവയിൽ ഏതെങ്കിലും നിങ്ങൾ എന്നെങ്കിലും വാങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ആ വസ്തു യഥാർഥത്തിൽ എവിടെയാണു നിർമ്മിക്കപ്പെട്ടതെന്ന് എന്തുകൊണ്ടു പരിശോധിച്ചുകൂടാ. അതു മറ്റൊരു രാജ്യത്താണു നിർമിക്കപ്പെട്ടതെന്നു നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ അതിശയിക്കരുത്.
നൂറ്റാണ്ടുകളോളം, ശിൽപ്പികൾ അവരുണ്ടാക്കിയ വസ്തുക്കൾ ആരുടെ സൃഷ്ടികളാണെന്നു കാണിക്കാൻ അവയുടെ അടിയിൽ അവരുടെ ചുരുക്കപ്പേരുകൾ കൊത്തിയിരുന്നു. എന്നാലിന്ന് ഒരു സാധനം കരകൗശലമല്ല, മറിച്ച് ഫാക്ടറിയിൽ വൻതോതിൽ ഉത്പാദിപ്പിക്കപ്പെട്ടതാണെന്നു സൂചിപ്പിക്കുന്ന സ്റ്റിക്കറോ സ്റ്റാമ്പോ സർവസാധ്യതയുമനുസരിച്ചു നിങ്ങൾ കാണും. വൻതോതിൽ ഉത്പാദിപ്പിക്കപ്പെട്ടതും ഒരുപോലെ കാണപ്പെടുന്നതുമായ ഇവ കൂടുതൽ ജനസമ്മിതി ആർജിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, പരമ്പരാഗത കരകൗശലപ്പണി കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും പ്രാദേശികമായി നിർമിക്കപ്പെട്ട പരമ്പരാഗത കലാവസ്തുക്കൾ ഇപ്പോഴും കണ്ടെത്താൻ കഴിയുമോ?
ഒരു അമേരിക്കൻ ഇൻഡ്യൻ സംവരണമേഖല സന്ദർശിക്കൽ
തീർച്ചയായും അവ കണ്ടെത്താൻ കഴിയുമെന്ന് ഇപ്പോഴും തങ്ങളുടെ സ്വന്തം പരമ്പരാഗത കൗശലപ്പണി ചെയ്യുന്ന ചില അമേരിക്കൻ ഇൻഡ്യൻ സുഹൃത്തുക്കളെ സന്ദർശിക്കാൻ പോയപ്പോൾ ഞങ്ങൾ കണ്ടുപിടിച്ചു. അവർ സാന്റാ ക്ലാരാ പ്യൂബ്ലോ ഇൻഡ്യൻ ഗോത്രത്തിൽപ്പെട്ടവരാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ കളിമൺ പാത്രങ്ങളിൽ ചിലവയായ തങ്ങളുടെ മിനുസപ്പെടുത്തിയ കറുത്ത കളിമൺ പാത്രങ്ങൾക്കു വിശേഷാൽ അറിയപ്പെടുന്നവരാണവർ. അവരുടെ പരമ്പരാഗത വസ്തുക്കൾ ദക്ഷിണപശ്ചിമ ഐക്യനാടുകളിലെ അനേകം കടകളിൽ കാണപ്പെടുന്ന, ഫാക്ടറികളിൽ വൻതോതിൽ ഉത്പാദിപ്പിക്കപ്പെട്ട ഇനങ്ങളിൽനിന്നും വളരെ വ്യത്യസ്തമാണ്.
ഞങ്ങളുടെ സുഹൃത്തുക്കളായ ജോയും അനിറ്റയും അനേക വർഷങ്ങളായി പരമ്പരാഗത മാർഗത്തിൽ കളിമൺപാത്രങ്ങൾ ഉണ്ടാക്കുന്നു. ആറു വയസ്സുള്ളപ്പോൾ അനിറ്റ തന്റെ മാതാവിനോടൊപ്പം കളിമൺപാത്രങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവളുടെ കളിമൺപാത്രങ്ങളിലൊന്നു വാഷിംങ്ടൺ, ഡി.സി.-യിലുള്ള സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ അമേരിക്കൻ ഇൻഡ്യൻ കലകളുടെ പ്രദർശനത്തിലുണ്ട്.
ഒരു പുതിയ കൂട്ടം കളിമൺ പാത്രങ്ങളുടെ നിർമാണം തുടങ്ങാൻ ജോയും അനിറ്റയും വട്ടംകൂട്ടുമ്പോഴായിരുന്നു ഞങ്ങൾ അവരുടെ വീട്ടിലെത്തിയത്. ആയതിനാൽ അതെങ്ങനെയാണു ചെയ്യപ്പെടുന്നതെന്നു ഞങ്ങൾക്കിപ്പോൾ നേരിട്ടുകാണാൻ കഴിയും. കഴിഞ്ഞകാലത്തു ഞങ്ങൾതന്നെയും ഏതാനും കളിമൺപാത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഞങ്ങളതു ചെയ്തത് അച്ചുകളും കളിമൺമിശ്രിതവും ചൂളയും ഉപയോഗിച്ച് ആധുനിക രീതിയിലാണ്. ഞങ്ങൾ സാക്ഷ്യം വഹിക്കുവാൻപോകുന്നതു തലമുറതലമുറയായി കൈമാറ്റം ചെയ്യപ്പെട്ട പുരാതന രീതിക്കായിരുന്നു. ഈ പ്രക്രിയയിൽ യാതൊരു ആധുനിക സാങ്കേതികവിദ്യയും ഇല്ല. എല്ലാം ചെയ്യപ്പെടുന്നതു സജ്ജീകൃത ഘടകങ്ങളൊന്നും കൂടാതെയാണ്.
ഘടകപദാർഥങ്ങൾ ശേഖരിക്കൽ
ആദ്യമായി ജോയും അനിറ്റയും ഘടകപദാർഥങ്ങൾ ശേഖരിക്കേണ്ടതുണ്ടായിരുന്നു. അവരുടെ പിക്കപ്പ് ട്രക്കിൽ, കളിമണ്ണു കണ്ടെത്തുന്ന കുന്നിൻ ചെരുവിലേക്കു ഞങ്ങൾ പോയി. പ്രസ്തുത കുന്നിൻ ചെരിവു സംവരണ മേഖലയിൽ സ്ഥിതി ചെയ്തിരുന്നതിനാൽ ഗോത്രാംഗങ്ങൾക്കു മാത്രമെ ഈ കളിമണ്ണു ലഭിക്കുകയുള്ളൂ, സാൻറാ ക്ലാരാ പ്യൂബ്ലോയിൽ ഏകദേശം 2,400 പേരുണ്ട്. ഏകദേശം 1500-കളിലെ പരമ്പരാഗത രീതിയിലാണ് അവരിൽ മിക്കവരും തങ്ങളുടെ കളിമൺപാത്രങ്ങൾ ഉണ്ടാക്കുന്നത്. ഞങ്ങൾ കുന്നിൻചെരുവിൽ എത്തിയതോടെ ജോ വേഗത്തിൽ തന്റെ മൺവെട്ടിയെടുത്തു കളിമണ്ണു നിറഞ്ഞ പാറവിള്ളലിനെ ലക്ഷ്യമാക്കി നീങ്ങി.
പ്രസ്തുത വിള്ളൽ കുന്നിന്റെ അടിവാരത്തിനു കുറുകെ വ്യാപിച്ചുകിടക്കുന്നു. വിള്ളലിൽ കിളെച്ച്, ഏകദേശം ഇഷ്ടികകളുടെ വലിപ്പമുള്ള കളിമൺകട്ടകൾ പുറത്തേക്കു വലിച്ചെടുക്കുന്നതിനു ജോ വശം ചെരിഞ്ഞു കിടക്കേണ്ടതുണ്ടായിരുന്നു. ഇതു സാഹസികമായിരുന്നേക്കാം, കാരണം ആഴത്തിലേക്കു പോകുന്തോറും പാറ നിലംപതിക്കാനുള്ള സാധ്യതകളും ഏറും. വളരെ നല്ല നിലവാരമുള്ളതെന്നു ജോ പരാമർശിച്ച കളിമണ്ണ് 60 മുതൽ 70 വരെ കിലോഗ്രാം ലഭിച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെനിന്നു പോരാൻ തയ്യാറായിരുന്നു. എന്നാൽ, നൂറുകണക്കിനു കിലോഗ്രാം കളിമണ്ണ് ഒരുസമയംതന്നെ സമ്പാദിക്കുകയും അങ്ങനെ കുറെ അനാവശ്യ മടക്കയാത്രകൾ ഒഴിവാക്കുകയും ചെയ്തുകൂടേ എന്ന് എനിക്കു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. “അത് ഇൻഡ്യൻ രീതിയല്ല” എന്ന് അനിറ്റ ഞങ്ങളോടു പറഞ്ഞു. ഒരു പ്രാവശ്യത്തേക്ക് അവർ ഉപയോഗിക്കുന്നതു മാത്രമേ ഒരു സമയം നിലത്തുനിന്ന് എടുക്കുകയുള്ളൂ. ഉപയോഗിക്കാതെകിടന്നു കട്ടിയാകുന്നപക്ഷം കളിമണ്ണിലധികവും പാഴായേക്കാം.
അടുത്തതായി വെള്ളമണൽ കൊണ്ടുവരാൻ ഞങ്ങൾ മറ്റൊരു കുന്നിൻചെരുവിലേക്കു പോയി. അതു വളരെ എളുപ്പമായിരുന്നു, ഒന്നോ രണ്ടോ തൊട്ടിനിറയെ കോരിയെടുത്താൽ മാത്രം മതി. എന്നിട്ടു ഞങ്ങൾ അവരുടെ വീട്ടിലേക്കു മടങ്ങി.
നിർമാണപ്രക്രിയ
ആദ്യമായി ഏതാനും ദിവസത്തേക്കു കളിമണ്ണു വെള്ളത്തിൽ കുതിർക്കുന്നു. എന്നിട്ട് അതിനെ മൂന്നു നാലുതവണ അരിച്ചെടുക്കുന്നു. മണലും അനേകം തവണ അരിച്ചെടുക്കുന്നു. അതിനുശേഷം ജോ അതു രണ്ടുംകൂടി തികച്ചും ശരിയായ അനുപാതത്തിൽ കൂട്ടിച്ചേർക്കും. കളിമണ്ണോ മണലോ അളന്നില്ല. അനുഭവപരിചയമാണു പ്രധാനം. ചുടുമ്പോൾ കളിമൺപാത്രങ്ങൾക്ക് അവയുടെ ആകൃതി നിലനിർത്താൻ സഹായിക്കുന്നതിനു കളിമണ്ണിൽ ഒരു നിശ്ചിത അളവു മണൽ ഉണ്ടായിരിക്കണം. അതു വളരെ കൂടുതലോ കുറവോ ആയാൽ കുടം പൊട്ടുകയോ ഉടയുകയോ ചെയ്യും. അനിറ്റ ആദ്യമായി കളിമൺപാത്രങ്ങൾ സ്വയം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അവൾ കളിമണ്ണ് അമ്മയുടെ അടുക്കൽ കൊണ്ടുപോകുമായിരുന്നു. അമ്മ അതു പരിശോധിച്ച് ആവശ്യത്തിനു മണൽ ചേർത്തിട്ടുണ്ടോയെന്നു പറയുമായിരുന്നുവെന്ന് അവൾ ഞങ്ങളോടു പറഞ്ഞു. പെട്ടെന്നുതന്നെ അതു സ്വയം മനസ്സിലാക്കാൻ അവൾ പഠിച്ചു.
മിശ്രിതം നന്നായി കൂടിച്ചേർന്നുവെന്നു ബോധ്യമാകുന്നതുവരെ തന്റെ നഗ്നപാദങ്ങൾക്കൊണ്ടു ജോ കളിമണ്ണും മണലും കുഴച്ചെടത്തു. കളിമൺപാത്രങ്ങൾ ഉണ്ടാക്കാൻ അവർ ഇപ്പോൾ തയ്യാറായികഴിഞ്ഞിരുന്നു. യാതൊരു അച്ചുകളും ഉപയോഗിച്ചില്ല. ഓരോ പാത്രവും അതുല്യവും കൈകൊണ്ടു രൂപപ്പെടുത്തിയവയുമാണ്. ഉണങ്ങുവാൻ മാറ്റിവെക്കുന്നതിനു മുമ്പ് തന്റെ പാത്രങ്ങൾക്ക് ആകൃതിനൽകിക്കൊണ്ട് അനിറ്റ മണിക്കൂറുകളോളം ചെലവഴിക്കുന്നു. അതു പകുതി ഉണങ്ങി ദൃഢപ്പെട്ടു തുകൽദൃഢത എന്നുവിളിക്കപ്പെടുന്ന നിലയിലെത്തുമ്പോൾ ചിത്രമാതൃകകളോ ചരടുകളോ ഉപയോഗിച്ചു കൊത്തുപണിയോ ശിൽപ്പമോ മെനഞ്ഞെടുക്കാം. എന്നിട്ട് അതു പൂർണമായി ഉണങ്ങാൻ അനുവദിക്കപ്പെടുന്നു, അതിന് ഒരാഴ്ചവരെ എടുത്തേക്കാം, അത് ഈർപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ അതു തേച്ചുമിനുക്കലിനു തയ്യാറാണ്. ഇതു കളിമണ്ണിനെ മിനുസപ്പെടുത്തി തിളക്കംവരുത്താനുള്ള പരുവത്തിലാക്കുന്നു.
നദീതടത്തിലെ മിനുസമുള്ള കല്ലുപയോഗിച്ചു കൈകൊണ്ടാണു തിളക്കംവരുത്തുന്നത്. ഇതു സസൂക്ഷ്മം ചെയ്യേണ്ടതുണ്ട്. വളരെ കൂടുതലോ കുറച്ചോ മിനുസപ്പെടുത്തിയാൽ, ചുട്ടുകഴിയുമ്പോൾ പാത്രത്തിനു തിളക്കം ഉണ്ടായിരിക്കുകയില്ല. ചായം തേയ്ക്കുന്നില്ല. ഈ മിനുസപ്പെടുത്തൽ പ്രക്രിയയാണു കളിമൺപാത്രങ്ങൾക്കു മനോഹരമായ തിളക്കം നൽകുന്നത്.
ഒരു അതുല്യമായ ചുടൽ പ്രക്രിയ
അവസാന പടിയായി ഇപ്പോൾ കളിമൺപാത്രങ്ങൾ ചുടുന്നു. ഇതിനായി അവർ മുറ്റത്തു തീകൂട്ടുന്നു. യാതൊരു ചൂളകളും ഇവിടെ ഉപയോഗിക്കുന്നില്ല! നാട്ടിനിർത്തിയ വിറകു കഷണങ്ങൾക്കൊണ്ട് ഒരു അടുപ്പ് ഉണ്ടാക്കിയിട്ട് അതിൻമേൽ കൂടുതൽ വിറകുകൾ വെച്ചു അതിനെ കളിമൺപാത്രങ്ങൾ അകത്തുവെക്കാൻ പാകത്തിന് ഒരറ്റം തുറന്ന ചൂളയുടെ രൂപത്തിലാക്കുന്നു. എന്നിട്ട് അതു കത്തിക്കുന്നു. കളിമൺപാത്രങ്ങളെ ഉള്ളിലേക്കു മൃദുവായിനീക്കുവാൻ എപ്പോഴാണ് തീ തികച്ചും ഉചിതമായ ഊഷ്മാവിലെത്തുന്നതെന്ന് അനുഭവപരിചയംകൊണ്ട് അവർക്ക് അറിയാം.
ചുടുമ്പോൾ കളിമൺപാത്രങ്ങളുടെ സ്വാഭാവിക നിറം ചെമപ്പായിരിക്കും. എന്നിട്ട്, ഒരു ക്ലിപ്ത നിമിഷത്തിൽ ജോ ഒരു അസാധാരണ പടി സ്വീകരിക്കുന്നു. അദ്ദേഹം കുതിരച്ചാണകം തീയിലേക്ക് ഇടുന്നു. ഇതാണു കളിമൺപാത്രങ്ങളെ കറുപ്പുനിറത്തിലാക്കുന്നത്. അടുപ്പിലെ ഓക്സിജൻ കുറയുമ്പോൾ കളിമണ്ണിലെ ചുവന്ന അയൺ ഓക്സൈഡ് രാസപരമായി കറുത്ത അയൺ ഓക്സൈഡായി മാറുന്നു. ചുറ്റുമുള്ള പ്രദേശത്ത് ആരെങ്കിലും കറുത്ത കളിമൺപാത്രങ്ങൾ ചുടുന്നുണ്ടെങ്കിൽ തീർച്ചയായും മണംകൊണ്ടു നിങ്ങൾക്കത് എല്ലായ്പ്പോഴും പറയാൻ കഴിയും.
പൂർത്തിയാക്കപ്പെട്ട പ്രസ്തുത ഉത്പന്നം അഭിമാനിക്കാവുന്ന ഒന്നാണ്. ലോകവ്യാപകമായി അനേകമാളുകൾ അതിന്റെ മനോഹാരിത ആസ്വദിക്കുന്നു. ആദ്യമൊക്കെ വ്യത്യസ്ത വീട്ടുസാമാനങ്ങൾ സൂക്ഷിച്ചുവെക്കുന്നതുപോലുള്ള പ്രായോഗിക ഉദ്ദേശ്യങ്ങൾക്കായി അത്തരം കളിമൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും അവ ഈ വിധത്തിൽ ഉപയോഗിക്കപ്പെടുന്നു. എന്നാൽ ഞങ്ങൾ വാങ്ങിച്ച മനോഹരമായ കളിമൺപാത്രങ്ങൾ, ഞങ്ങളുടെ വീട് അലങ്കരിക്കുന്നതിനും പുരാതന അമേരിക്കൻ ഇൻഡ്യൻ പാരമ്പര്യം ഇപ്പോഴും പാലിക്കപ്പെടുന്ന സാൻറാ ക്ലാരാ പ്യൂബ്ലോ ഞങ്ങൾ സന്ദർശിച്ചുവെന്ന് അഭിമാനപൂർവ്വം അറിയിക്കുന്നതിനും ഉപയോഗിക്കുന്നതാണ്.—സംഭാവന ചെയ്യപ്പെട്ടത്.
[25-ാം പേജിലെ ചിത്രങ്ങൾ]
ഇഷ്ടികയുടെ വലിപ്പമുള്ള കളിമൺകട്ടകൾ കുഴിച്ചെടുക്കുന്നു
കളിമണ്ണു കൈകൊണ്ടു രൂപപ്പെടുത്തുന്നു
കളിമൺപാത്രങ്ങൾ പരമ്പരാഗത അടുപ്പിൽ ചുടുന്നു