ദൈവത്തെ കണ്ടെത്താൻ അവൻ ഞങ്ങളെ അനുവദിച്ചു
ദാവീദ് രാജാവു രാജത്വം തന്റെ മകനായ ശലോമോനെ ഏൽപ്പിക്കാൻ തയ്യാറായപ്പോൾ അവന് ഈ ബുദ്ധ്യുപദേശം നൽകി: “നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; [“തന്നെ കണ്ടെത്താൻ അവൻ നിന്നെ അനുവദിക്കും,” NW] ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.”—1 ദിനവൃത്താന്തം 28:9.
ഞങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണെന്നു ഞങ്ങൾ കണ്ടു. ഞങ്ങൾ ദൈവത്തെ അന്വേഷിച്ചു, അവനെ കണ്ടെത്തുകതന്നെ ചെയ്തു—എന്നാൽ തെറ്റായ പല വഴികളിലൂടെ വ്യതിചലിക്കപ്പെട്ടതിനുശേഷമായിരുന്നെന്നു മാത്രം. ഞങ്ങളുടെ ചായ്വുകൾ എത്ര ശക്തമായി അവനിലും അവന്റെ വേലയിലും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്നു യഹോവ തിരിച്ചറിഞ്ഞതായി ഞങ്ങൾ വിശ്വസിക്കുന്നു. അവനെത്തന്നെ കണ്ടെത്താൻ അവൻ ഞങ്ങളെ അനുവദിച്ചു. അതു സംഭവിച്ചത് ഇപ്രകാരമാണ്.
ഞങ്ങൾ നാലു സഹോദരന്മാരായിരുന്നു, യു.എസ്.എ.-യിലെ ഫ്ളോറിഡായിലാണു വളർന്നുവന്നത്. ഞങ്ങളുടെ പിതാവ് ഒരു വെപ്പുകാരനായിരുന്നു. കുടുംബത്തെ പോറ്റുന്നതിനുവേണ്ടി നീണ്ട ഷിഫ്റ്റുകൾ അദ്ദേഹം പണിയെടുത്തിരുന്നു. ഗൃഹജോലി നോക്കിയിരുന്നത് അമ്മയാണ്. ഞങ്ങൾ നാല് ആൺകുട്ടികളും പുല്ലുവെട്ടിയോ പത്രങ്ങൾ വിതരണം ചെയ്തോ—കുടുംബവരുമാനം വർധിപ്പിക്കാൻ കഴിയുന്ന എന്തും ചെയ്തുകൊണ്ട്—ജോലി കണ്ടെത്തിയിരുന്നു. മാതാവ് ഒരു കത്തോലിക്കയും പിതാവ് ഒരു ബാപ്റ്റിസ്റ്റുകാരനുമായിരുന്നു. ഞങ്ങൾ ദൈവത്തിലും ബൈബിളിലും വിശ്വസിച്ചിരുന്നെങ്കിലും അതു സംബന്ധിച്ച് ഒന്നും ചെയ്തിരുന്നില്ല. കൂടാതെ, അപൂർവമായി മാത്രമേ ഞങ്ങൾ പള്ളിയിൽ പോയിരുന്നുള്ളൂ. ’70’-കളുടെ ആരംഭത്തിലായിരുന്നു സമാധാനം, ബെൽബോട്ടം ജീൻസ്, നീണ്ട മുടി, റോക്ക് സംഗീതം എന്നിവ ഏറെ പ്രചാരത്തിൽ വന്നത്. ഇവയെല്ലാം ഞങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു.
ഞങ്ങൾ രണ്ടുപേരും, അതായത് സ്കോട്ടും സ്റ്റീവും—യഥാക്രമം 24-ഉം 17-ഉം വയസ്സ്—ബൈബിളിൽ ഗൗരവമാർന്ന താത്പര്യമെടുത്തത് 1982-ലായിരുന്നു. അധഃപതിച്ചുകൊണ്ടിരിക്കുന്ന ലോകാവസ്ഥകളിൽ ഞങ്ങൾക്കു വർധിച്ച താത്പര്യം ജനിച്ചതും അപ്പോഴായിരുന്നു. സ്കോട്ടിന് അദ്ദേഹത്തിന്റെ സ്വന്തം കെട്ടിടനിർമാണ ബിസിനസ് ഉണ്ടായിരുന്നു. അത് ആദായകരമായിരുന്നതിനാൽ ഞങ്ങളൊന്നിച്ച് ഒരു അപ്പാർട്ടുമെൻറിലേക്കു താമസംമാറി. ആ പഴയ മുഷിപ്പൻ മദ്യശാലയിലെ തൊഴിലും ജീവിതരീതിയും മൂലം ഞങ്ങൾ ആകെ വശംകെട്ടിരുന്നു. എങ്കിലും കൂടുതൽ സന്തുഷ്ടദായകമായ ഒരു ജീവിതരീതി എവിടെയെങ്കിലും കണ്ടെത്തുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾക്ക് ആത്മീയ കാര്യങ്ങൾക്കു വേണ്ടി വിശപ്പുതോന്നാൻ തുടങ്ങിയിരുന്നു. ദൈവവചനത്തിൽ കൂടുതൽ അറിവും ഉൾക്കാഴ്ചയും കാംക്ഷിക്കുന്നതിനു ബൈബിളിന്റെ ക്രമമായ വായന ഞങ്ങളെ സഹായിച്ചു.
ഞായറാഴ്ചകളിൽ ഞങ്ങൾ വിവിധ പള്ളികളിൽ പോകാൻ തുടങ്ങി. ഫ്ളോറിഡായിലെ ലേയ്ക്ക് വർത്തിലുള്ള ഞങ്ങളുടെ വീടിനടുത്തായി ഞങ്ങൾ പൊയ്ക്കൊണ്ടിരുന്ന പള്ളികളിൽ ഞായറാഴ്ച പ്രഭാഷണത്തിന്റെ 25 മിനിറ്റും പണം നൽകുന്നതിനെ സംബന്ധിച്ചായിരിക്കും പറയുന്നത്. “ഔദാര്യമായി നൽകുക, കൈ അയച്ചു സംഭാവന ചെയ്യുക,” പ്രസംഗപീഠത്തിന്മേൽ ഊന്നിക്കൊണ്ടു പകുതി മുന്നോട്ടാഞ്ഞു ശുശ്രൂഷകൻ പറയും. പലരുടെയും പോക്കറ്റുകൾ കാലിയാകുന്നതുവരെ ഒരു യോഗത്തിൽതന്നെ മിക്കപ്പോഴും മൂന്നു തവണയെങ്കിലും അവർ പിരിവുപാത്രങ്ങൾ കൊണ്ടുനടക്കും. ഞങ്ങൾ പല പള്ളികളിലും പോയി. എന്നാൽ കൂടുതൽ പിരിവുപാത്രങ്ങൾ കൊണ്ടുനടക്കുന്നതും സാമൂഹിക കൂടിവരവുകളും മാത്രമേ ഞങ്ങൾ അവിടെ കണ്ടുള്ളൂ.
യഹോവയുടെ സാക്ഷികളെക്കുറിച്ചു മുന്നറിയിപ്പു ലഭിക്കുന്നു
അടിസ്ഥാന ബൈബിൾസത്യങ്ങളെന്നു ഞങ്ങൾ കരുതിയവയാൽ ഞങ്ങൾ പ്രബോധിപ്പിക്കപ്പെടുകതന്നെ ചെയ്തു. ഉപദേഷ്ടാക്കളെല്ലാം പ്രഗൽഭരായ ദൈവശാസ്ത്രജ്ഞന്മാരായിരുന്നുവെന്ന കാരണത്താലാണു ഞങ്ങൾ അവ സ്വീകരിച്ചത്. ക്ലാസ്സുകളിലൊന്ന് അമേരിക്കയിലെ വ്യക്തിപൂജാപ്രസ്ഥാനങ്ങളെക്കുറിച്ചായിരുന്നു. പട്ടികയിൽ ആദ്യത്തേതു യഹോവയുടെ സാക്ഷികളായിരുന്നു. അവർ യേശുവിൽ വിശ്വസിച്ചിരുന്നില്ലെന്നും അവർക്ക് അവരുടേതായ ബൈബിളുണ്ടെന്നും അവർ സ്വർഗത്തിൽ പോകുന്നില്ലെന്നും നരകമില്ലെന്നു വിശ്വസിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പു ഞങ്ങൾക്കു ലഭിച്ചു. തീർച്ചയായും ഇവയെല്ലാം ഞങ്ങളെ സാക്ഷികളുടെ പഠിപ്പിക്കലുകൾ തെറ്റാണെന്ന നിഗമനത്തിൽ കൊണ്ടെത്തിച്ചു.
ഇതിനോടകം, ഞങ്ങൾക്കു ശക്തമായ തീക്ഷ്ണതയുണ്ടായിരുന്നു. എന്നാൽ സൂക്ഷ്മപരിജ്ഞാനപ്രകാരം അല്ലായിരുന്നെന്നു മാത്രം. (റോമർ 10:2) നാം സുവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യണമെന്നു മത്തായി 28:19, 20-ൽ യേശു പറഞ്ഞകാര്യം ഞങ്ങൾക്ക് അറിയാമായിരുന്നു. ആ സമയത്തു ബൈബിൾ ടൗൺ എന്നുപേരായ, 2,000 അംഗങ്ങളുള്ള ഒരു പള്ളിയിലാണു ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. അവിടെ ഞങ്ങൾ 17-നും 30-നും ഇടയ്ക്കു പ്രായമുള്ള ഏതാണ്ട് 100 പേരടങ്ങിയ ഒരു യുവസംഘത്തിന്റെ ഭാഗമായിരുന്നു. സ്കോട്ട് അവരെക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒരു പ്രസംഗവേല ചെയ്യിക്കാൻ ശ്രമിച്ചുനോക്കി—എന്നാൽ പ്രയോജനമൊന്നുമുണ്ടായില്ല.
അതുകൊണ്ടു ഞങ്ങൾ ഞങ്ങളുടേതായ ഒരു പ്രസംഗപര്യടനം ആരംഭിച്ചു. ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന കമ്പോളത്തിൽ (flea market) ലഘുലേഖകളും ബൈബിളുകളും വിതരണം ചെയ്യുന്നതിനുവേണ്ടി ഒരു തട്ടു പണിയുകയെന്ന ആശയം സ്ക്കോട്ടിന്റെ മനസ്സിലുദിച്ചു. അതുതന്നെയാണു ഞങ്ങൾ ചെയ്തതും. സ്ഥലത്തുള്ള ഒരു “ക്രിസ്തീയ” പുസ്തകക്കടയിൽ പോയി ലഘുലേഖകളുടെയും ബൈബിളുകളുടെയും നല്ലൊരു ശേഖരം ഞങ്ങൾ കൊണ്ടുവന്നു. അതിനുശേഷം, ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന ഒരു കമ്പോളത്തിൽ പോയി രണ്ടു മരക്കാലുകൾ നാട്ടി അതിന്മേൽ പ്ലൈവുഡിന്റെ ഒരു പലക നിരത്തി ലഘുലേഖകളും ബൈബിളും അവയുടെമേൽ വെയ്ക്കും. അങ്ങനെ ‘വചനം കേൾക്കുക മാത്രം ചെയ്യാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പാൻ’ ഞങ്ങൾ ശ്രമിച്ചു.—യാക്കോബ് 1:22
ഓരോ ആഴ്ചയും കടന്നുപോകുന്തോറും ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന കമ്പോളത്തിലെ ശുശ്രൂഷയും വർധിച്ചുവന്നു. ഇംഗ്ലീഷിലും സ്പാനിഷിലുമുള്ള സാഹിത്യങ്ങൾ ഞങ്ങൾ സമർപ്പിച്ചിരുന്നു. ബൈബിളുകളും വിവിധതരത്തിലുള്ള 30 ലഘുലേഖകളും, “ദൈവം നിങ്ങളെ സ്നേഹിക്കുന്നു” എന്നെഴുതിയ തൊപ്പിപ്പിന്നുകൾ പോലും, ഞങ്ങളുടെ പക്കലുണ്ടായിരുന്നു. കുറച്ചുസമയത്തിനുശേഷം, “നിങ്ങൾ ഇന്നു ബൈബിൾ വായിച്ചുവോ?,” “ഞാൻ പുഞ്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടുന്നുവോ? എന്റെ ഹൃദയത്തിൽ യേശുവുണ്ട്” എന്നിവ കൂടാതെ സമാനമായ മറ്റു പല വചനങ്ങളും, ചെറിയ ബൈബിൾ സന്ദേശങ്ങളും ടി-ഷർട്ടുകളിന്മേൽ അച്ചടിക്കാൻ സ്കോട്ട് ഒരു ഡീകൽ മെഷീൻ കൊണ്ടുവന്നു. നാലു കുതിരപ്പടയാളികളുടെ പടമുള്ള ഒരെണ്ണം “വെളിപ്പാട്” എന്നെഴുതിയതായിരുന്നു.
ആ ഷർട്ടുകൾ ധരിക്കുന്നതുവഴി, ഞങ്ങൾ ഒരു നിശബ്ദ സാക്ഷ്യം നൽകുന്നതായാണു ഞങ്ങൾക്കു തോന്നിയത്. അതുകൊണ്ട് എല്ലായിടത്തും ഞങ്ങൾ ആ ഷർട്ടുകൾ ധരിച്ചിരുന്നു. ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന കമ്പോളത്തിൽ, എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ എട്ടുമണിമുതൽ ഉച്ചക്ക് ഒരുമണിവരെ ഞങ്ങളുടെ ശുശ്രൂഷ പ്രകടമായിരുന്നു. വണ്ടികൾ പാർക്കു ചെയ്തിരുന്ന സ്ഥലത്തുകൂടി നിങ്ങൾ നടന്നുപോകവേ കാറുകളിന്മേൽ ലഘുലേഖകൾ കണ്ടിരുന്നെങ്കിൽ, കൊള്ളാം ഞങ്ങളായിരുന്നു അതു വെച്ചത്. വളരെ കുറച്ചു പണമേ ലഭിച്ചിരുന്നുള്ളൂവെങ്കിലും, എല്ലാ സാഹിത്യങ്ങളും ഒരു സംഭാവനയുടെ അടിസ്ഥാനത്തിലായിരുന്നു നൽകിയിരുന്നത്. ഒരു വർഷം ഞങ്ങൾ ചെലവുകളെല്ലാം കൂട്ടിനോക്കിയപ്പോൾ അവ 10,000 ഡോളറുകൾക്കു മേലായിരുന്നു.
ഞങ്ങൾ ഒരു യഹോവയുടെ സാക്ഷിയെ കണ്ടുമുട്ടുന്നു
ഒരിക്കൽ ഞങ്ങൾ ബോണിറ്റാ സ്പ്രിംഗ്സിലുള്ള ബീച്ചുകളിലൊന്നിൽ നീന്തിക്കൊണ്ടിരിക്കവേ പ്രായംചെന്ന ഒരു മനുഷ്യൻ ഞങ്ങളെ സമീപിച്ച് ഞങ്ങളുടെ ട്രക്കിന്മേലുള്ള വൻ സ്റ്റിക്കറുകളും ഞങ്ങളുടെ ടി-ഷർട്ടുകളും ശ്രദ്ധിച്ചതായി അഭിപ്രായപ്പെട്ടു. അദ്ദേഹം ബൈബിളിനെക്കുറിച്ചു സംസാരിക്കാനും തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യാനും ആരംഭിച്ചു. പ്രവൃത്തികൾ 2:31-ലെ വിഷയം പരാമർശിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം ചോദിച്ചു: “ഒരു തീനരകം ഉണ്ടായിരുന്നെങ്കിൽ, കൊള്ളരുതാത്ത ആളുകൾ മാത്രമേ അവിടെ പോകുന്നുള്ളുവെന്നിരിക്കെ യേശു അവിടെയായിരുന്നതായി ബൈബിൾ എന്തുകൊണ്ടു പറയുന്നു?” മറ്റു പല തിരുവെഴുത്തുകളും അദ്ദേഹം തുടർന്നു ചർച്ചചെയ്തു. “നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളായിരിക്കണം,” അവസാനം സ്ക്കോട്ട് പറഞ്ഞു. “ശരിയാണ്,” അദ്ദേഹം പ്രതിവചിച്ചു. “നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നില്ലല്ലോ,” എന്നായി സ്ക്കോട്ട്. പിന്നീട് 20 മിനിറ്റ് ആ സാക്ഷി യേശുവിനെക്കുറിച്ചു സംസാരിച്ചു. എന്നാൽ എന്തുകൊണ്ടോ, അതൊന്നും ഞങ്ങളിൽ മതിപ്പുളവാക്കിയില്ല.
ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന കമ്പോളത്തിലെ ശുശ്രൂഷ ഞങ്ങൾ തുടർന്നുപോന്നു. മൂന്നു വർഷമായി ഞങ്ങൾ ഇതു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ പക്കൽ സത്യമുണ്ടെന്നും ഞങ്ങൾ ശരിയായ കാര്യമാണു ചെയ്തിരുന്നതെന്നും എല്ലായ്പോഴും വിശ്വസിക്കുകയും ചെയ്തിരുന്നു. എല്ലാ ഞായറാഴ്ച രാത്രിയും ഞങ്ങൾ ഓരോരോപള്ളികൾ സന്ദർശിച്ചുകൊണ്ടിരുന്നു. എന്നാൽ സംബന്ധിച്ച ഒരു പള്ളിയിലും ഞങ്ങൾ സംതൃപ്തരായിരുന്നില്ല. ഞങ്ങൾക്കു സന്ദർശിക്കാൻ പള്ളികളൊന്നുംതന്നെ അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് ഒരു രാത്രിയിൽ “യഹോവയുടെ സാക്ഷികളുടെ പള്ളികൾ” എന്നു ഞങ്ങൾ വിശേഷിപ്പിച്ച ഒന്നിൽ പോകാൻ തീരുമാനിച്ചു. ഞങ്ങൾ അവരോടു യേശുവിനെക്കുറിച്ചു പ്രസംഗിക്കാൻ പോവുകയായിരുന്നു. ടെലഫോൺ ഡയറക്ടറിയിൽനിന്നും ഞങ്ങൾ മേൽവിലാസം കണ്ടെത്തി ഒരു ഞായറാഴ്ച വൈകിട്ട് അവിടെ ചെന്നു. മറ്റു പള്ളികളെപ്പോലെ അവർക്കു ഞായറാഴ്ച വൈകിട്ടു യോഗമില്ലെന്നു മനസ്സിലാക്കിയപ്പോൾ അവർ തീർച്ചയായും യേശുവിൽ വിശ്വസിച്ചിരുന്നില്ലെന്നുതന്നെ ഞങ്ങൾ നിഗമനം ചെയ്തു. യോഗങ്ങളുടെ സമയം കാണിച്ചിരുന്ന പട്ടികയിൽ തിങ്കളാഴ്ച വൈകിട്ട് പുസ്തകാധ്യയനമുള്ളതായി ഞങ്ങൾ കണ്ടു. അങ്ങനെ ഞങ്ങളുടെ ടി-ഷർട്ടുകൾ ധരിച്ച് ബൈബിളുകളുമായി ഞങ്ങൾ തിരിച്ചുചെന്നു. ടി-ഷർട്ടുകളിൽ ഏതു ധരിക്കണമെന്നു ചർച്ചചെയ്തുകൊണ്ട് ഏതാനും മിനിറ്റുകൾ ചെലവഴിച്ചതായി ഞങ്ങളോർക്കുന്നു—ഏതായിരിക്കും നല്ലൊരു സാക്ഷ്യം. സ്വൽപ്പം നേരത്തെതന്നെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. ചില സഹോദരങ്ങൾ ഞങ്ങളെ സമീപിച്ചു. അവർ ഊഷ്മളതയും സൗഹൃദവുമുള്ളവരായിരുന്നു. ഉടനടി ഞങ്ങൾ വെളിപാടിനെ സംബന്ധിച്ചു ഗഹനമായ ഒരു ചർച്ചയിലാണ്ടു. യോഗത്തിനു തങ്ങാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അവർ ഞങ്ങൾക്ക് ആരാധനയിൽ ഏകീകൃതർ എന്ന പുസ്തകം നൽകി.a അങ്ങനെ ഞങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു. ഒരു സഹോദരൻ പ്രാർഥനയോടെ അധ്യയനം തുടങ്ങി.
ഞങ്ങൾ ഏകാഗ്രതയോടെ ശ്രദ്ധിച്ചു. ഉപസംഹാരത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “യേശുവിന്റെ നാമത്തിൽ ആമേൻ” അമ്പരപ്പോടെ ഞങ്ങൾ പരസ്പരം നോക്കി. “അദ്ദേഹം പറഞ്ഞതു നമ്മൾ ശരിക്കു കേട്ടോ? യേശുവിന്റെ നാമത്തിലാണ് അദ്ദേഹം പ്രാർഥിച്ചത്!” ആ സമയം ഞങ്ങളുടെ കണ്ണുകൾ തുറക്കുകയും കട്ടിയേറിയ ചെതുമ്പൽ വീഴുകയും ചെയ്തതുപോലെയായിരുന്നു അത്. ഞങ്ങളുടെ ഹൃദയങ്ങൾ പരമാർഥമാണെങ്കിൽ അതു ശ്രദ്ധിക്കുവാനുള്ള സമയമായിരുന്നു. ആരാധനയിൽ ഏകീകൃതർ പുസ്തകത്തിന്റെ 21-ാം അധ്യായത്തിലേക്കു തിരിയാൻ സഹോദരൻ എല്ലാവരോടും ആവശ്യപ്പെട്ടു. അതു യേശുവിനെക്കുറിച്ചും ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതിനെക്കുറിച്ചുമായിരുന്നു. സംബന്ധിക്കാൻ പറ്റിയ ഇതിലും നല്ലൊരു അധ്യയനം വേറെയില്ലായിരുന്നു. അത് യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും അതുപോലെ അന്ത്യനാളുകളെയും നിഷ്പക്ഷതയെയും കുറിച്ചുള്ളതായിരുന്നു. ഞങ്ങൾക്ക് അപരിചിതമായ പല ആശയങ്ങളെപ്പറ്റിയും ചെറിയ കുട്ടികൾ അഭിപ്രായം പറയുന്നതു ഞങ്ങൾ കേട്ടു. പിന്നീട്, യോഗത്തിന്റെ സമാപനത്തിൽ സഹോദരൻ യേശുവിന്റെ നാമത്തിൽ വീണ്ടും പ്രാർഥിച്ചു!
ഞങ്ങൾ ആത്മീയമായി പരിപോഷിപ്പിക്കപ്പെടുന്നു
സത്യത്തിനുവേണ്ടി ദാഹിച്ചുവലഞ്ഞാണു ഞങ്ങൾ ഹാളിലെത്തിയത്. അപ്പോഴതാ ഞങ്ങളിൽനിന്ന് ഒട്ടും അകലത്തിലല്ലാതെ അത് അവിടെയുണ്ടായിരുന്നു. ആത്മീയമായി പരിപോഷിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിക്കൊണ്ടു ഞങ്ങൾ അവിടെനിന്നു പോന്നു. അതിൽപ്പിന്നെ ഞങ്ങൾ ഒരു പള്ളിയുടെയും പടി ചവിട്ടിയിട്ടില്ല. പിറ്റേന്നു രാത്രി ഞങ്ങൾ ഒരു അലക്കുശാലയിൽ തുണിയലക്കിക്കൊണ്ടിരിക്കെ സോഡ മെഷീനരികിലായി വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വലിയൊരു കെട്ടു കണ്ടു—അവ ചുരുങ്ങിയത് 150-ങ്കിലും ഉണ്ടായിരുന്നു. മുമ്പായിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും അവ വായിക്കയില്ലായിരുന്നു. എന്നാൽ ഇപ്പോൾ വളരെയധികം വിഷയങ്ങളിൽ തത്പ്പരരായിരുന്നതിനാൽ ഞങ്ങൾ അവയെല്ലാം പെറുക്കിക്കെട്ടി.
“നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നുവോ” എന്നതായിരുന്നു ഒരു ലേഖനം. “യഥാർത്ഥത്തിൽ ഒരു നരകമുണ്ടോ?” എന്നു മറ്റൊരെണ്ണം. ഒരു ഉണരുക!യിൽ വിഗ്രഹങ്ങളെക്കുറിച്ച് ഒരു ലേഖനമുണ്ടായിരുന്നു. ആ രാത്രി സ്റ്റീവ് ത്രിത്വത്തെക്കുറിച്ചുള്ള ലേഖനം വായിച്ചു. കൂടാതെ, വളരെയധികം ഗവേഷണം നടത്തുകയും എല്ലാ തിരുവെഴുത്തുകളും നോക്കുകയും ചെയ്തു. എന്നിട്ട് താൻ പഠിച്ച കാര്യങ്ങൾ അറിയിക്കാൻ രാത്രി 12:30-ന് സ്ക്കോട്ടിനെ വിളിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. പിറ്റേന്ന്, ബുധനാഴ്ച, ജോലിക്കുശേഷം സ്റ്റീവ് നരകത്തെ സംബന്ധിച്ച ലേഖനം വായിച്ചു. ലാസർ ഉറങ്ങുകയാണെന്ന് യേശു പറഞ്ഞ യോഹന്നാൻ 11:11-നെക്കുറിച്ചു ന്യായവാദം ചെയ്യുന്നതായിരുന്നു അത്. സ്ക്കോട്ടിനെ കണ്ടപ്പോൾ സ്റ്റീവ് ഇപ്രകാരം പറഞ്ഞു: “തീനരകത്തെക്കുറിച്ച് എന്റെ ബൈബിൾ പഠിപ്പിക്കുന്നില്ല.” വിഗ്രഹങ്ങളെയും വിവിധതരത്തിലുള്ള കുരിശുകളെയും സംബന്ധിച്ച ഉണരുക! വായിച്ചശേഷം, ഞങ്ങളുടെ പക്കലുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം ചവറ്റുവണ്ടിയിലേക്കു വലിച്ചെറിഞ്ഞ് അവ വഹിച്ചുകൊണ്ടു വണ്ടി പോകുന്നതും നോക്കിനിന്നു. ഞങ്ങൾ പരസ്പരം നോക്കി സംതൃപ്തസൂചകമായി തലക്കുലുക്കി മന്ദഹസിച്ചു. വളരെ ശ്രേഷ്ഠമായ ഒന്ന്—സത്യം—കണ്ടെത്തിയെന്നു ഞങ്ങൾക്കു ബോധ്യമായിരുന്നു.
ഒരു ദിവസം കഴിഞ്ഞപ്പോൾ രണ്ടു പെട്ടികൾ ലഭിച്ചു. മാനസാന്തരപ്പെട്ടില്ലെങ്കിൽ നിങ്ങൾ നരകത്തിലായിരിക്കും പോകുന്നത് എന്നു പറയുന്ന 5,000 ലഘുലേഖകൾ അവയിൽ ഉണ്ടായിരുന്നു. ബൈബിൾ പഠിപ്പിക്കലനുസരിച്ച് ഇവയിൽ പല ലഘുലേഖകളും ശരിയല്ലെന്നു ഞങ്ങൾക്കറിയാമായിരുന്നു. അൽപ്പം ആശയക്കുഴപ്പത്തിലായെങ്കിലും ഞങ്ങൾ വീണ്ടും തിങ്കളാഴ്ച രാത്രിയിൽ പുസ്തകാധ്യയനത്തിൽ സംബന്ധിച്ചു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന പല ലഘുലേഖകളും കൊണ്ടുവന്നു. “ഈ ഒരെണ്ണം കൊള്ളാമോ?,” ഞങ്ങൾ ചോദിച്ചു. ഒരു രാത്രി ഞങ്ങൾ അവയെല്ലാം പരിശോധിച്ചു. താമസിയാതെ ഒരു കെട്ട് ലഘുലേഖകൾ തറയിൽ കിടക്കുകയായിരുന്നു; അവയിൽ ഒന്നുപോലും ബൈബിൾ പഠിപ്പിക്കലിനു ചേർച്ചയിലല്ലായിരുന്നു. ഞങ്ങൾ അവയെല്ലാം നീക്കംചെയ്തു. പുതുതായി കണ്ടെത്തിയ വിശ്വാസം ഞങ്ങളുടെയും ഞങ്ങൾ പ്രസംഗിക്കുന്നവരുടെയും ജീവനെ അർഥമാക്കുന്നുവെന്നതു ഞങ്ങൾക്കറിയാമായിരുന്നു. യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ ബൈബിൾ പഠിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.
ഞങ്ങൾ അലാസ്ക്കയിലേക്കു താമസം മാറ്റി. അവിടെ ഞങ്ങളുടെ ആദ്യത്തെ യോഗത്തിൽവെച്ച്, ഞങ്ങൾക്കു ദിവസവും അധ്യയനം എടുക്കാമോയെന്ന് ഒരു മൂപ്പനോടു ചോദിച്ചു. അവിടെ കൂടിയിരുന്ന എല്ലാവരുംതന്നെ അതു കേട്ടതായി എനിക്കു തോന്നുന്നു. ഞങ്ങൾ നല്ല പുരോഗതി കൈവരിക്കുകയും എന്നേക്കും ജീവിക്കാൻ പുസ്തകം പൂർത്തിയാക്കുകയും ചെയ്തു. ദ്വിദിന സമ്മേളനങ്ങളിലൊന്നിൽ സ്നാപനമേൽക്കണമെന്നും ഞങ്ങൾക്കുണ്ടായിരുന്നു.* എന്നാൽ ഞങ്ങൾക്ക് അൽപ്പം കാത്തിരിക്കേണ്ടിവന്നു. പയനിയറിങ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവിചാരിതമായി പിതാവിനു സുഖമില്ലാതായി, സഹായമേകുന്നതിനു വേണ്ടി ഞങ്ങൾക്കു ഫ്ളോറിഡായിലേക്കു മടങ്ങേണ്ടതായും വന്നു.
ഞങ്ങൾ ആത്മീയ പക്വതയിലേക്കു മുന്നേറുന്നു
ഫ്ളോറിഡായിൽ ഞങ്ങൾ നന്നായി പുരോഗമിക്കുകയും ആരാധനയിൽ ഏകീകൃതർ എന്ന പുസ്തകം പൂർത്തിയാക്കുകയും ചെയ്തു. എന്നിട്ട്, 1987-ൽ സ്നാപനമേറ്റു. ഞങ്ങൾ പഠനമാരംഭിച്ചിട്ട് 11 മാസമായിരുന്നു. ഉടനെ ആറു മാസത്തേക്കു ഞങ്ങൾ സഹായപയനിയർമാരാവുകയും അതിനുശേഷം നിരന്തരപയനിയർമാരാവുകയും ചെയ്തു. വെറും ഒന്നര വർഷത്തിനുള്ളിൽ ഞങ്ങളിരുവരും ശുശ്രൂഷാദാസന്മാരായി നിയമിക്കപ്പെട്ടു. സ്നാപനമേറ്റ് രണ്ടുവർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ ബ്രുക്ക്ളിൻ ബെഥേലിൽ സേവിക്കാൻ തുടങ്ങി. സ്ക്കോട്ട് ഇപ്പോഴും അവിടെ സേവനമനുഷ്ഠിച്ചുകൊണ്ട്, രണ്ടു വർഷത്തോളമായി ചൈനീസ് പഠിക്കുന്നു. സ്റ്റീവ് ഇപ്പോൾ റഷ്യയിലെ മോസ്ക്കോയിൽ നിരന്തരപയനിയറായി സേവനമനുഷ്ഠിക്കുന്നു. ഞങ്ങൾ ഇരുവരും സത്യം കണ്ടെത്തി. അതിനു വേണ്ടിയുള്ള അന്വേഷണം സദൃശവാക്യങ്ങൾ 2:1-5 വർണിക്കുന്നതുപോലെയാണെന്നും ഞങ്ങൾ കണ്ടെത്തി. അത് ഇപ്രകാരം പറയുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.”
സ്റ്റീവ് മോസ്ക്കോയിൽ ചെന്നുപെട്ട വിധം
ന്യൂയോർക്കിൽ ഒരു ഭാഷ കൂടുതൽ അറിയുന്നത് പ്രസംഗവേല കൂടുതൽ രസപ്രദമാക്കിത്തീർക്കും. ഇക്കാരണത്താലും, ഒരുപക്ഷേ പെട്ടെന്നുതന്നെ റഷ്യയിലേക്കുള്ള വാതിൽ യഹോവ തുറന്നുതരുമെന്ന ചിന്തയാലും റഷ്യൻഭാഷ പഠിക്കാൻ തീരുമാനിച്ചു. ആ സമയത്ത് ബ്രുക്ക്ളിൻ ബെഥേലിൽ സേവിച്ചുകൊണ്ടിരിക്കെ ഞാൻ റഷ്യൻ പുസ്തകാധ്യയനത്തിൽ സംബന്ധിക്കാൻ തുടങ്ങി. വെള്ളിയാഴ്ചകളിൽ കൂടിവന്ന, ഒരൊറ്റ റഷ്യൻ പുസ്തകാധ്യയനക്കൂട്ടമേ അവിടെയുണ്ടായിരുന്നുള്ളൂ. സമയം കടന്നുപോകവേ ഞാൻ റഷ്യൻകൂട്ടത്തിൽ കൂടുതലായി ഉൾപ്പെടാൻ തുടങ്ങി. പ്രസംഗവേലയിൽ ഞാൻ അവരോടൊപ്പം ചേർന്നു. റഷ്യാക്കാരുടെ ഊഷ്മളത മൂലം അതു വളരെ ആസ്വാദ്യമായിരുന്നു. എന്നെ റഷ്യൻ പുസ്തകാധ്യയനകൂട്ടത്തിലേക്കു മാറ്റാമോയെന്നു ഞാൻ സേവന ഡിപ്പാർട്ടുമെൻറിന് എഴുതി ചോദിച്ചു. അവർ അതിനു സമ്മതിച്ചപ്പോൾ എനിക്കു സന്തോഷമായി.
ഒരു ദിവസം ബെഥേലിൽ പ്രഭാതാരാധനയുടെ സമയത്ത്, ഒരു പ്രത്യേക റിപ്പോർട്ടുണ്ടായിരിക്കുന്നതാണെന്നു വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡൻറ് മിൽട്ടൺ ജി. ഹെൻഷൽ കുടുംബത്തോടു പറഞ്ഞു. പിന്നീട്, യഹോവയുടെ സാക്ഷികൾ റഷ്യയിൽ നിയമാനുസൃതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ സഹോദരങ്ങൾ ആരാധനാ സ്വാതന്ത്ര്യം ആസ്വദിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. അത്രയും വിസ്മയകരമായൊരു വാർത്ത കേട്ടപ്പോൾ ഞങ്ങൾക്കനുഭവപ്പെട്ട ആഹ്ലാദം ബെഥേലിൽ ആരെങ്കിലും മറക്കുമെന്ന് എനിക്കു തോന്നുന്നില്ല. വിസ്തൃതമായ ആ പുതിയ പ്രദേശത്തിന്റെ ഭാഗമാകാൻ സാധിക്കുക എന്നതു വലിയൊരു പദവിയായിരിക്കുമെന്ന് ആ നിമിഷം എനിക്കു തോന്നി.
റഷ്യയിലെ ക്രസ്നഡാറിലുള്ള വളോഡ്യ എന്നൊരു സഹോദരനുമായി ഞാൻ കത്തിടപാടുകൾ നടത്താൻ തുടങ്ങി. അദ്ദേഹം റഷ്യ സന്ദർശിക്കാൻ എന്നെ ക്ഷണിച്ചു. അങ്ങനെ 1992 ജൂണിൽ എന്റെ സാമഗ്രികൾ അടുക്കിക്കെട്ടി ഞാൻ മോസ്ക്കോയിലേക്കു തിരിച്ചു. അവിടെ വിമാനത്താവളത്തിൽ വളോഡ്യ സഹോദരൻ കാത്തുനിൽക്കുന്നതു കണ്ടപ്പോൾ എനിക്കു വലിയ ആഹ്ലാദം തോന്നി. സ്റ്റെഫാൻ ലവിൻസ്കി സഹോദരനോടൊപ്പമാണു ഞാൻ താമസിച്ചത്—45 വർഷമായി അദ്ദേഹം സത്യത്തിലായിരുന്നു. ഞാൻ മോസ്ക്കോയിൽ കണ്ടുമുട്ടിയ ആദ്യത്തെ സാക്ഷിയായിരുന്നു അദ്ദേഹം. സത്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടു മൂലം അനേകം വർഷങ്ങൾ അദ്ദേഹം തടവിൽ കിടന്നിട്ടുണ്ട്. സഹോദരങ്ങളുടെ ആതിഥ്യം തീർച്ചയായും അത്ഭുതാവഹമായിരുന്നു.
ഭാഷയിൽ കാര്യമായ പിടിപാടൊന്നും ഇല്ലായിരുന്നെങ്കിലും ഞാൻ അങ്ങനെ മോസ്ക്കോയിലായി. ആ സമയത്ത് അവിടെ നാലു സഭകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ സഹോദരങ്ങൾക്കെല്ലാവർക്കും പരസ്പരം അറിയാമായിരുന്നു. അന്നുമുതൽ പലതും പരീക്ഷിച്ചു നോക്കി എന്റെ വിസ നീട്ടിയെടുക്കാൻ എനിക്കു സാധിച്ചു. എന്റെ ചെലവു നികത്താൻ കൂടെക്കൂടെ ജോലി ചെയ്യാനും എനിക്കു കഴിയുന്നുണ്ട്. ആശയവിനിയമം നടത്തുന്നതിനും യോഗങ്ങളിൽ ആത്മീയമായി പരിപോഷിപ്പിക്കപ്പെടുന്നതിനും മതിയായ റഷ്യൻഭാഷ പഠിക്കുകയെന്നതായിരുന്നു എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. സാവധാനം പുരോഗതി കൈവന്നു. തീർച്ചയായും, ഞാൻ അതിനായി ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വളരെയേറെ കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിനും വിസ്മയിപ്പിക്കത്തക്ക വളർച്ചക്കും വൻതോതിലുള്ള സ്നാപനങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിനുമുള്ള പദവി എനിക്കുണ്ടായിട്ടുണ്ട്. നമ്മുടെ ഇവിടെയുള്ള സഹോദരങ്ങളുടെ കറകളഞ്ഞ തീക്ഷ്ണത കാണുന്നത് വിശ്വാസത്തെ അത്യധികം ബലിഷ്ഠമാക്കുന്ന ഒരനുഭവമാണ്. ഒന്നിനു വേണ്ടിയും ഞാൻ അതു കൈമാറ്റം ചെയ്യില്ല. ഞാൻ വന്നപ്പോൾ പഠിച്ചുകൊണ്ടിരുന്നവരോ ആയിടെ സ്നാപനപ്പെട്ടവരോ ആയി ഞാൻ കണ്ടുമുട്ടിയ സഹോദരങ്ങൾ ഇപ്പോൾ മുഴുസമയപയനിയർമാരോ ശുശ്രൂഷാദാസന്മാരോ അല്ലെങ്കിൽ റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിനടുത്തുള്ള സോൾനെച്ച്നോയെയിൽ ബെഥേലംഗങ്ങളോ ആണ്.
ഞാൻ സംബന്ധിച്ചുകൊണ്ടിരിക്കുന്ന സഭയിൽ എല്ലാ ഞായറാഴ്ചയും 530 പേർ തിങ്ങിക്കൂടുന്നു. കൂടാതെ, എല്ലാ മാസവും ശരാശരി 12 പുതിയ സ്നാപനമേൽക്കാത്ത പ്രസാധകരും. 380 പ്രസാധകർ, 3 മൂപ്പന്മാർ, 7 ശുശ്രൂഷാദാസന്മാർ എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലായി കണക്കാക്കിയ സംഖ്യ. 486-ലധികം ഭവനബൈബിളധ്യയനങ്ങൾ ഞങ്ങളുടെ സഭ റിപ്പോർട്ടു ചെയ്യുന്നുണ്ട്. 1995 ഫെബ്രുവരിയിൽ സേവനപ്രസംഗം നടത്തുന്നതിനായി ഞങ്ങളുടെ 29 പുസ്തകാധ്യയനകൂട്ടങ്ങൾ സന്ദർശിക്കാനുള്ള പദവി എനിക്കു ലഭിച്ചു. ആഴ്ചയിൽ നാലു കൂട്ടങ്ങൾ വീതം ഞാൻ സന്ദർശിച്ചിരുന്നു. കൂടാതെ, ഓരോ കൺവെൻഷനു മുമ്പും സ്നാപനാർഥികൾക്കായുള്ള ചോദ്യങ്ങളുമായി ഞങ്ങൾ വളരെ തിരക്കിലായിരിക്കും. 1995 മേയിൽ ഒരു പ്രത്യേക സമ്മേളന ദിനം ഞങ്ങൾക്കുണ്ടായിരുന്നു, ഞങ്ങളുടെ സഭയിൽനിന്ന് 30 പേർ സ്നാപനമേറ്റു. ആ സമ്മേളനത്തിൽ മൊത്തം 607 പേർ സ്നാപനമേൽക്കുകയും ഏകദേശം 10,000 പേർ ഹാജരാവുകയും ചെയ്തു. വേനൽക്കാലത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ 877 പേർ സ്നാപനമേറ്റതിൽ 24 പേർ ഞങ്ങളുടെ സഭയിൽ നിന്നായിരുന്നു! ഞങ്ങളുടെ സഭയിൽ 13 പയനിയർമാരും 3 പ്രത്യേക പയനിയർമാരുമുണ്ട്. അവർ മൊത്തം 110 അധ്യയനങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ ഞങ്ങളുടെ സഭയിൽ 132 സ്നാപനമേൽക്കാത്ത പ്രസാധകരുണ്ട്.
1995-ലെ സസ്മാരകത്തിന് 1,012 പേർ ഹാജരുണ്ടായിരുന്നു! അടുത്തയിടെ സൊസൈറ്റി മറ്റിഷ് എന്നൊരു പോളീഷ് സഹോദരനെ അയച്ചു. അദ്ദേഹം ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്നും ബിരുദമെടുത്തയാളാണ്, അദ്ദേഹം നല്ലൊരു സഹായമായിരിക്കും. ഇപ്പോൾ ഞങ്ങൾക്കു മൂന്നു മൂപ്പന്മാരുണ്ട്. അതുകൊണ്ട്, ഒരു സഭകൂടെ രൂപീകരിക്കപ്പെടുകയും പത്തുലക്ഷത്തിനടുത്തു ജനസംഖ്യയുള്ള ഞങ്ങളുടെ പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യും. ഓരോ സഭക്കും ഏതാണ്ട് 200 പ്രസാധകർ വീതമുണ്ടാവും. ഒരു സഭക്കു രണ്ടു മൂപ്പന്മാരും മറ്റേതിന് ഒരു മൂപ്പനും ഉണ്ടായിരിക്കും. ഞങ്ങൾക്കു മറ്റൊരു സമ്മേളനം അടുത്തുവരുന്നുണ്ട്. അതുകൊണ്ട് അടുത്ത സമ്മേളനത്തിനു സ്നാപനമേൽക്കാൻ തയ്യാറാകുന്ന 44 പേർക്കുള്ള ചോദ്യങ്ങൾ ഞങ്ങളിപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവിശ്വസനീയമായി തോന്നുന്നു! തീർച്ചയായും ഒരാത്മീയ പറുദീസ! ഇത് വിസ്മയാവഹമാണ്! വാസ്തവമായും യഹോവയുടെ കരങ്ങളാണ് ഇതു നിർവഹിക്കുന്നത്. ഈ സമയത്തു രഥം റഷ്യയിലൂടെ അതിശീഘ്രം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നതു പോലെ തോന്നുന്നു. 1995 ഒക്ടോബറിലെ കണക്കനുസരിച്ച് മോസ്ക്കോയിൽ ഏതാണ്ട് 40 സഭകളുണ്ട്. വേണ്ടത്ര മൂപ്പന്മാരുണ്ടെങ്കിൽ എളുപ്പത്തിൽ ഇത് ഇരട്ടിയാകും.
ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന കമ്പോളത്തിലെ ഞങ്ങളുടെ ശുശ്രൂഷയുടെ ദിനങ്ങൾ ഭൂതകാലസംഗതികളാണ്. സ്ക്കോട്ട് ബ്രുക്ക്ളിൻ ബെഥേലിലാണ്, സ്റ്റീവ് മോസ്ക്കോയിലെ ഒരു സഭയിൽ മൂപ്പനാണ്—ദൈവത്തെ കണ്ടെത്താൻ അവൻ ഞങ്ങളെ അനുവദിച്ചതിൽ ഞങ്ങൾ അവനോട് വളരെ നന്ദിയുള്ളവരാണ്. ലക്ഷങ്ങൾ ഇനിയും അവനെ അന്വേഷിക്കട്ടെയെന്നും തന്നെ കണ്ടെത്താൻ ദൈവം അവരെ അനുവദിക്കട്ടെയെന്നും ഞങ്ങൾ പ്രാർഥിക്കുന്നു.—സ്ക്കോട്ടും സ്റ്റീവും പറഞ്ഞപ്രകാരം.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[12-ാം പേജിലെ ചിത്രം]
സ്ക്കോട്ട്
[13-ാം പേജിലെ ചിത്രം]
സ്റ്റീവ്
[14-ാം പേജിലെ ചിത്രം]
എല്ലാ ഞായറാഴ്ചയും ഒരു മോസ്ക്കോ സഭയിലെ ഹാജർ 530-ലധികമാണ്.