നിങ്ങൾക്ക് ഓർമശക്തി അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും
“വല്ലാത്തൊരു ഓർമശക്തിയാണ് എനിക്കുള്ളത്.” നിങ്ങൾ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ നിരാശപ്പെടരുത്. ലളിതമായ ഏതാനുംചില നിർദേശങ്ങളും തെല്ലൊരു പരിശ്രമവും അമ്പരപ്പിക്കുന്ന അഭിവൃദ്ധി കൈവരുത്തും. നിങ്ങളുടെ മസ്തിഷ്ക്കത്തെ താഴ്ത്തിമതിക്കരുത്. അതിന്റെ കഴിവുകൾ അപാരമാണ്.
മസ്തിഷ്ക്കം അതിന്റെ വിസ്മയാവഹമായ നേട്ടങ്ങൾ കാഴ്ചവെക്കുന്നത് എങ്ങനെയാണ്? സമീപവർഷങ്ങളിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം മസ്തിഷ്ക്കം സൂക്ഷ്മപരിശോധനക്കു വിധേയമായിട്ടുണ്ട്. എന്നാൽ ഉൾക്കാഴ്ച വളർന്നുകൊണ്ടിരിക്കെ, വാസ്തവത്തിൽ മസ്തിഷ്ക്കം അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെ നിർവഹിക്കുന്നു എന്നതു സംബന്ധിച്ച് അൽപ്പമേ നമ്മളിന്നും അറിയുന്നുള്ളൂ.
നമ്മൾ എങ്ങനെ വിവരങ്ങൾ പഠിക്കുകയും ഓർമിക്കുകയും ചെയ്യുന്നു എന്നത് ഇന്നും വ്യക്തമല്ല. എന്നാൽ ഗവേഷകർ ഈ നിഗൂഢതയുടെ കുരുക്കഴിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മസ്തിഷ്ക്കത്തിന്റെ ഏതാണ്ട് 1000 കോടി മുതൽ 10000 കോടി വരെ നാഡീകോശങ്ങൾ അല്ലെങ്കിൽ ന്യൂറോണുകൾ പഠിക്കുന്നതിലും ഓർമിക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്നു. നാഡീകോശങ്ങളുടെ എണ്ണത്തിന്റെ കുറഞ്ഞത് 10000 ഇരട്ടിയാണ് ഈ കോശങ്ങൾ തമ്മിലുള്ള സംയോജനസന്ധികളുടെ സംഖ്യ. സംയോജനങ്ങൾ അല്ലെങ്കിൽ സിനാപ്സുകൾ, ഉപയോഗംകൊണ്ടു ശക്തിപ്പെടുമ്പോഴാണു കാര്യങ്ങൾ പഠിക്കുന്നതെന്ന് ഒരു സിദ്ധാന്തം പറയുന്നു.
നമുക്കു വയസ്സാകുംതോറും മാനസികപ്രാപ്തികൾ ക്ഷയിച്ചേക്കാം; നമ്മുടെ പ്രതികരണങ്ങൾ മന്ദഗതിയിലായേക്കാം. മസ്തിഷ്കകോശങ്ങൾ സ്വയം പുതുക്കുന്നില്ല. ന്യായമായും പ്രായമായവർക്കു തുടർച്ചയായി കുറേ കോശങ്ങൾ നഷ്ടപ്പെടുന്നു. എന്നാൽ നമ്മുടെ മസ്തിഷ്ക്കം നാം എത്രത്തോളം ഉപയോഗിക്കുന്നു എന്നതനുസരിച്ചു നമ്മുടെ മാനസിക പ്രാപ്തികൾ ഏറെക്കാലം നമുക്കു നിലനിർത്താൻ സാധിക്കും.
നമ്മുടെ മനോഭാവങ്ങൾ മസ്തിഷ്ക്കത്തെ സ്വാധീനിക്കുന്നു. ശുഭാപ്തിവിശ്വാസത്തോടുകൂടിയ ഊർജ്ജസ്വലമായ ഒരു വീക്ഷണം നമ്മുടെ മസ്തിഷ്ക്കധർമങ്ങളെ ഏതു പ്രായത്തിലും മെച്ചപ്പെടുത്തും. ചില സമ്മർദങ്ങൾ പ്രയോജനകരമായേക്കാമെങ്കിലും വിട്ടുമാറാത്ത അമിതമായ സമ്മർദങ്ങൾ മസ്തിഷ്ക്കത്തിന്റെ ക്ഷമതയെ താറുമാറാക്കുന്നു. മാനസിക സമ്മർദത്തിൽനിന്നു വിടുതലേകാൻ ശരീര വ്യായാമത്തിനു കഴിയും.
ഇതു പ്രോത്സാഹജനകമാണെന്നുവരികിലും, പ്രായഭേദമെന്യെ പല പ്രധാനപ്പെട്ട കാര്യങ്ങളും നാം മറന്നുപോയേക്കാം. നമുക്ക് അഭിവൃദ്ധിപ്പെടാൻ സാധിക്കുമോ? മിക്കവർക്കും പ്രയാസമനുഭവപ്പെടുന്ന ഒരു മേഖല, നാം കണ്ടുമുട്ടുന്ന ആളുകളുടെ പേരുകൾ ഓർമിക്കുന്നതാണ്.
ആളുകളുടെ പേരുകൾ ഓർമിക്കൽ
ലളിതമായ ചില നിർദേശങ്ങൾക്കു മെച്ചമായി പേരുകൾ ഓർമിക്കുന്നതിനു നിങ്ങളെ വളരെ സഹായിക്കാനാകും. വ്യക്തിയിലുള്ള താത്പര്യം സഹായകമാണ്. ഒരു വ്യക്തിയുടെ പേര് അയാൾക്കു പ്രധാനമാണ്. മിക്കപ്പോഴും പേര് ഓർമിക്കാൻ സാധിക്കാത്തതിന്റെ ഒരു കാരണം, ആദ്യം കേട്ട സമയത്തുതന്നെ നമുക്ക് അതു ശരിയായി മനസ്സിലായില്ല എന്നതാണ്. അതിനാൽ പരിചയപ്പെടുന്ന സമയത്തു പേര് വ്യക്തമായി മനസ്സിലാക്കുക. ആവശ്യമെങ്കിൽ വ്യക്തിയോട് അത് ആവർത്തിക്കാനോ അല്ലെങ്കിൽ അതിന്റെ അക്ഷരവിന്യാസം വ്യക്തമാക്കാനോ ആവശ്യപ്പെടുക. നിങ്ങളുടെ സംഭാഷണത്തിൽ അതു പലപ്രാവശ്യം ഉപയോഗിക്കുക. നിങ്ങൾ യാത്രപറയുമ്പോൾ വ്യക്തിയെ പേരെടുത്ത് സംബോധന ചെയ്യുക. ഈ ചുരുക്കംചില നിർദേശങ്ങൾ എത്രമാത്രം സഹായകമാണെന്നു കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും.
പേരുകൾ ഓർമിക്കാനുള്ള നിങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള മറ്റൊരു നിർദേശം, നിങ്ങളുടെ മനസ്സിൽ ചിത്രീകരിക്കാൻ സാധിക്കുന്ന എന്തെങ്കിലും ഒന്നിനോടു വ്യക്തിയുടെ പേരിനെ ബന്ധപ്പെടുത്തുക എന്നതാണ്. അതു ജീവസ്സുറ്റ ചലനാത്മക ചിത്രമായാൽ അത്രയും നന്നായിരിക്കും.
ഉദാഹരണത്തിന്, അത്ര അടുപ്പമില്ലാത്ത ഒരു പരിചയക്കാരന്റെ രാജ്കുമാർ എന്ന പ്രഥമനാമം ഓർമിക്കുന്നതിൽ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെന്നിരിക്കട്ടെ. ഈ വ്യക്തിയെ കാണുമ്പോൾ നിങ്ങൾക്കു “രാജകുമാരൻ” എന്ന പദത്തിന്റെ അർഥം ആലോചിക്കാൻ സാധിക്കും: “ഒരു രാജാവിന്റെ മകൻ.” ഈ മനുഷ്യൻ പുരാതന രാജസദസ്യരുടെ അകമ്പടിയോടെ ഒരു കൊട്ടാരത്തിൽ നടന്നുനീങ്ങുന്നതായി നിങ്ങൾക്കു ചിത്രീകരിക്കാൻ കഴിയും. മിക്കവാറും ഇതു പ്രയോജനപ്പെടും; രാജ്കുമാർ എന്ന പേര് നിങ്ങളുടെ മനസ്സിൽ പെട്ടെന്നു കടന്നുവരും.
പല പേരുകൾക്കും ഒരു അർഥവുമില്ലാത്തതായി നിങ്ങൾക്കു തോന്നിയേക്കാമെന്നതിനാൽ പേരിനോടു സാദൃശ്യമുള്ള ഒരു വാക്ക് പകരം ഉപയോഗിക്കേണ്ടതായി വന്നേക്കാം. പകരം ഉപയോഗിക്കുന്ന വാക്ക് പേരിന്റെ ശബ്ദത്തോടു കൃത്യമായി യോജിക്കണമെന്നില്ല. ആശയപ്പൊരുത്തത്തിൽനിന്നും പേര് തിരിച്ചു വിളിക്കാൻ നിങ്ങളുടെ ഓർമശക്തിക്കു കഴിയും. നിങ്ങൾ സ്വന്തമായി പദങ്ങളും ചിത്രങ്ങളും ചമയ്ക്കുമ്പോൾ അവ ഏറെ ആഴത്തിൽ മനസ്സിൽ പതിയുന്നു.
ഉദാഹരണത്തിന്, നിങ്ങളെ ഒരു ശ്രീമതി റാണി ദേശായ്ക്കു പരിചയപ്പെടുത്തിയെന്നു വയ്ക്കുക. നിങ്ങൾക്കു ദേശായ് എന്നതിനെ ദേശി ആക്കി മാറ്റാം. ദേശം ഭരിക്കുന്ന ഒരു രാജ്ഞിയെ നിങ്ങൾ മനസ്സിൽ ചിത്രീകരിക്കുന്നു.
കുറച്ചുനാളത്തേക്കു നിങ്ങൾ ഇതു സ്ഥിരോത്സാഹത്തോടെ പരിശീലിക്കേണ്ടി വരുമെങ്കിലും ഇതു പ്രയോജനം ചെയ്യും. ഹൗ റ്റു ഡെവലപ്പ് എ സൂപ്പർ-പവർ മെമ്മറി എന്ന തന്റെ പുസ്തകത്തിൽ ഹേരി ലൊറെൻ ഈ മാർഗം വിവരിക്കുന്നു. പല പൊതുചടങ്ങുകളിലും അദ്ദേഹം അതു പ്രയോഗിക്കുകകൂടെ ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്രകാരം പറയുന്നു: “പലപ്പോഴായി നൂറിനും ഇരുനൂറിനും ഇടയ്ക്ക് ആളുകളെ പതിനഞ്ചു മിനിറ്റുകൊണ്ടോ അതിലും കുറഞ്ഞ സമയംകൊണ്ടോ എനിക്കു പരിചയപ്പെടേണ്ടതായി വന്നിട്ടുണ്ട്, ഒരൊറ്റ പേരുപോലും മറക്കാതെതന്നെ!”
ലിസ്റ്റുകൾ ഓർമിക്കൽ
പരസ്പരബന്ധമില്ലാത്ത ഇനങ്ങളുടെ ഒരു ലിസ്റ്റ് ഓർമിക്കുന്നതിനുള്ള പ്രാപ്തിയെ നിങ്ങൾക്കെങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും? കൂട്ടിയിണക്കൽ രീതി എന്നതാണു ലളിതമായ ഒരു മാർഗം. അതു പ്രവർത്തിക്കുന്ന വിധം ഇതാ: ലിസ്റ്റിലുള്ള ഓരോ ഇനത്തിനും ഭാവനയിൽ ഒരു രൂപം നിങ്ങൾ ഉണ്ടാക്കുന്നു. എന്നിട്ട് ലിസ്റ്റിലെ ആദ്യത്തെ ഇനത്തിന്റെ രൂപത്തെ രണ്ടാമത്തതിന്റെ രൂപവുമായി ബന്ധിപ്പിക്കുന്നു. പിന്നീട് രണ്ടാമത്തെയും മൂന്നാമത്തെയും ഇനങ്ങൾ തമ്മിൽ. അവ്വിധം തുടർന്നു പോകുന്നു.
ഉദാഹരണത്തിന്, സൂപ്പർമാർക്കറ്റിൽനിന്നും നിങ്ങൾക്ക് അഞ്ച് ഇനങ്ങൾ വാങ്ങാനുണ്ടെന്നിരിക്കട്ടെ: പാൽ, റൊട്ടി, ലൈറ്റ് ബൾബ്, ഉള്ളി, ഐസ്ക്രീം എന്നിവ. ആദ്യം പാലിനെ റൊട്ടിയുമായി ബന്ധിപ്പിക്കുന്നു. ഒരു റൊട്ടിക്കഷണത്തിന്മേൽ പാലൊഴിക്കുന്നതായി സങ്കൽപ്പിക്കുക. ചിത്രം അസംബന്ധമായാലും ഇനങ്ങളെ നിങ്ങളുടെ ഓർമയിൽ പതിപ്പിക്കാൻ ഇതു നിങ്ങളെ സഹായിക്കും. പാൽ ഒഴിച്ചുകൊണ്ട് നിങ്ങളും കൂടെ ഉൾപ്പെട്ട ക്രിയകൂടെ മനോരംഗത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുക.
പാലിനെ റൊട്ടിയുമായി ബന്ധിപ്പിച്ച ശേഷം അടുത്ത ഇനമായ ലൈറ്റ് ബൾബിലേക്കു കടക്കുക. ഒരു ബൾബിന്റെ സോക്കറ്റിലേക്കു നിങ്ങൾ ഒരു റൊട്ടിക്കഷണം തിരുകിവെക്കാൻ ശ്രമിക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ട് നിങ്ങൾക്കു റൊട്ടിയെ ബൾബുമായി ബന്ധിപ്പിക്കാവുന്നതാണ്. പിന്നീട് ഒരു വലിയ ലൈറ്റ് ബൾബിന്റെ തൊലിപൊളിക്കുന്നതായും അതോടൊപ്പം നിങ്ങൾ കരയുന്നതായും മനസ്സിൽ കണ്ടുകൊണ്ട് ലൈറ്റ് ബൾബിനെ ഉള്ളിയുമായി ബന്ധിപ്പിക്കുക. തീർച്ചയായും, ബന്ധിപ്പിക്കൽ നിങ്ങൾ സ്വന്ത രീതിയിൽ ചെയ്യുന്നതായിരിക്കും ഏറെനല്ലത്. ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ ഇനങ്ങളായ ഉള്ളിയും ഐസ്ക്രീമും തമ്മിൽ കോർത്തിണക്കാൻ നിങ്ങൾക്കു കഴിയുമോ? ഒരുവേള ഉള്ളി ചേർത്ത ഐസ്ക്രീം കഴിക്കുന്നതായി നിങ്ങൾക്കു സങ്കൽപ്പിക്കാനായേക്കും!
ലിസ്റ്റ് ഓർമിക്കാൻ സാധിക്കുമോയെന്നു നോക്കുക. എന്നിട്ടു സ്വന്തമായ ഒരു ലിസ്റ്റുണ്ടാക്കി നിങ്ങളുടെ ഓർമശക്തി പരിശോധിക്കുക. അതു നിങ്ങൾക്കിഷ്ടമുള്ളത്രയും നീണ്ടതാക്കുക. സംയോജനം കൂടുതൽ സ്മരണീയമാക്കാൻ തക്കവണ്ണം അതു നർമരസമുള്ളതോ അസംബന്ധമോ അതുമല്ലെങ്കിൽ ആനുപാതികമല്ലാത്തതോ ആക്കാൻ കഴിയും. ചിത്രത്തിൽ ക്രിയകൂടെ കൊണ്ടുവരാൻ ശ്രമിക്കുക, ഒരിനത്തിനു പകരം മറ്റൊന്നു മാറ്റിവെയ്ക്കുക.
ഈ മാർഗം, ലിസ്റ്റ് വെറുതെ ഓർമിക്കുന്നതിലും അധികം സമയമെടുക്കുമെന്ന തടസ്സവാദം ചിലർ ഉന്നയിച്ചേക്കാം. എന്നാൽ ഇതു പ്രയോഗിക്കുന്നതിലധികം സമയം വിവരിക്കാൻ വേണ്ടിവന്നു എന്നേയുള്ളൂ. ഒരിക്കൽ നിങ്ങൾ കുറേ പരിശീലിച്ചു കഴിഞ്ഞാൽ സംയോജനങ്ങൾ വേഗത്തിൽ ആകും. കൂടാതെ നിങ്ങളുടെ ഓർമശക്തിയും അതുപോലെതന്നെ പഠനത്തിലുള്ള വേഗതയും നിങ്ങൾ ഒരു വ്യവസ്ഥയില്ലാതെ പഠിക്കാൻ ശ്രമിക്കുന്നതിനെക്കാൾ ഏറെ മെച്ചപ്പെടും. ഒരു വ്യവസ്ഥ ഉപയോഗിക്കാതെ പരസ്പരബന്ധമില്ലാത്ത 15 ഇനങ്ങളുടെ ഒരു ലിസ്റ്റ് ഓർമിക്കാൻ 15 വ്യക്തികളോട് ആവശ്യപ്പെട്ടപ്പോൾ അവരുടെ ശരാശരി സ്കോർ 8.5 ആയിരുന്നു. ദൃശ്യസംയോജനങ്ങളെ കൂട്ടിയിണക്കുന്ന രീതി ഉപയോഗിച്ചപ്പോൾ അതേ സംഘത്തിന്റെ ശരാശരി സ്ക്കോർ 14.3 ആയിരുന്നു. നിങ്ങൾ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ ഈ ഇനങ്ങളുടെ ഒരു എഴുതപ്പെട്ട ലിസ്റ്റ് കൊണ്ടുപോകുന്നതു തീർച്ചയായും നിങ്ങൾക്ക് 15 എന്ന സ്കോർ നേടിത്തരും, അതായത് 100 ശതമാനം.
നിങ്ങൾ വായിച്ചത് ഓർമിക്കൽ
വിജ്ഞാനപെരുപ്പത്തിന്റെ ഈ യുഗത്തിൽ നമ്മിൽ മിക്കവർക്കും സഹായമാവശ്യമായ ഒരു രംഗം കാര്യക്ഷമതയോടെയുള്ള പഠനമാണ്. സ്കൂളിലും വ്യാപാരത്തിലും അതുപോലെതന്നെ വ്യക്തിപരമായ പുരോഗമനത്തിനും പൊതുവേദികളിലെ പ്രഭാഷണങ്ങൾ തയാറാവുന്നതിനും പഠനം അത്യന്താപേക്ഷിതമാണ്. ഇതിനുപുറമേ ഒരു ക്രിസ്ത്യാനി വ്യക്തിപരമായ പഠനത്തിനും സമയം നീക്കിവെക്കണം.—യോഹന്നാൻ 17:3.
‘എന്നാൽ ഞാൻ പഠിച്ച കാര്യങ്ങൾ ഓർമിക്കുന്നതിൽ എനിക്കു ബുദ്ധിമുട്ടുണ്ട്,’ നിങ്ങൾ പറഞ്ഞേക്കാം. എന്തുചെയ്യാൻ കഴിയും? നിങ്ങളുടെ പഠനസമയം ഏറ്റവും പ്രയോജനദായകമാക്കാൻ പഠിക്കുന്നത്, നിങ്ങൾ വായിച്ച കാര്യങ്ങൾ ഓർമിക്കുന്നതിനു നിങ്ങളെ സഹായിക്കും. ചില നിർദേശങ്ങൾ ഇതാ.
നിങ്ങൾ പഠിക്കുമ്പോൾ വ്യക്തിപരമായ സംഘാടനം പ്രധാനമാണ്. പുസ്തകങ്ങളും എഴുതാനുപയോഗിക്കുന്ന സാധനങ്ങളും പേപ്പറും എളുപ്പത്തിൽ ലഭിക്കാവുന്നിടത്തായിരിക്കണം. വേണ്ടവിധം വെളിച്ചമുള്ള, ശ്രദ്ധാശൈഥല്യങ്ങളില്ലാത്ത, ഹൃദ്യമായ ഒരു സ്ഥലത്തിരുന്നു പഠിക്കാൻ ശ്രമിക്കുക. റേഡിയോയും ടെലിവിഷനും ഓഫാക്കുക.
പഠനത്തിനു സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക. ചിലരെ സംബന്ധിച്ച് നീണ്ടസമയം ഒറ്റയിരിപ്പിരിക്കുന്നതിനെക്കാൾ, ദിവസവും കുറച്ചുസമയം വീതം പഠിക്കുന്നതാണ് ഏറെ ഫലപ്രദം. നിങ്ങളുടെ സമയത്തെ ഭാഗങ്ങളായി വിഭജിക്കുന്നതു നന്നായിരിക്കും. രണ്ടുമണിക്കൂർ നിറുത്താതെ പഠിക്കുന്നതിനു പകരം ഹ്രസ്വമായ ഇടവേളകൾക്കായ് ഏതാനും മിനിറ്റുകളെടുത്തുകൊണ്ട് സമയത്തെ 25 മുതൽ 40 വരെ മിനിറ്റുകളായി വിഭജിക്കുന്നതു നല്ലതായിരിക്കും. ഇത് ഉയർന്നതോതിലുള്ള ഓർമശക്തിക്കു സംഭാവന ചെയ്യുന്നതായി ഗവേഷണം തെളിയിച്ചിരിക്കുന്നു.
നിങ്ങളുടെ അധ്യയനവേളകളിൽ ഏതു വിഷയമാണു പഠിക്കേണ്ടതെന്നു തീരുമാനിക്കുക. ഇത് ഏകാഗ്രത പ്രദാനം ചെയ്യുന്നു. ഒരു പുസ്തകം ആരംഭിക്കുന്നതിനു മുമ്പ് അത് ഒന്നവലോകനം ചെയ്യുന്നതിനായി ഏതാനും മിനിറ്റുകളെടുക്കുക. ശീർഷകം നോക്കുക. പുസ്തകത്തെ സംക്ഷേപിക്കുന്ന ഉള്ളടക്കപ്പട്ടിക പരിശോധിക്കുക. അതിനുശേഷം ആമുഖം വായിക്കുക. ഇവിടെ ഗ്രന്ഥകാരന്റെ ലക്ഷ്യവും വീക്ഷണഗതിയും കൊടുത്തിട്ടുണ്ടാവും.
ഒരു അധ്യായം വായിക്കാൻ തുടങ്ങുന്നതിനു മുമ്പ് അത് അവലോകനം ചെയ്യുക. ഉപശീർഷകങ്ങൾ, ചിത്രീകരണങ്ങൾ, ചാർട്ടുകൾ, സംക്ഷിപ്തങ്ങൾ എന്നിവ കൂടാതെ ആദ്യത്തെയും അവസാനത്തെയും ഖണ്ഡികകളും നോക്കുക. ഖണ്ഡികകളുടെ ആദ്യത്തെ വാചകം ഓടിച്ചുനോക്കുക. മിക്കപ്പോഴും ഈ വാചകങ്ങൾ പ്രധാനവാദമുഖങ്ങളെ ഉൾക്കൊള്ളുന്നു. പൊതുവായ ആശയം മനസ്സിലാക്കിയശേഷം സ്വയം ചോദിക്കുക: ‘എഴുത്തുകാരൻ തെളിയിക്കാൻ ഉദ്ദേശിച്ചത് എന്താണ്? ഈ വിവരത്തിൽനിന്ന് എനിക്ക് എന്തു നേടാൻ കഴിയും? പ്രധാനപ്പെട്ട വാദമുഖങ്ങൾ എന്തൊക്കെയാണ്?’
ഏകാഗ്രത പ്രധാനമാണ്. നിങ്ങൾ മുഴുവനായും ഉൾപ്പെട്ടിരിക്കണം. നിങ്ങളുടെ പഠനസമയം കഴിയുന്നത്ര സജീവമാക്കുക എന്നതാണു വിജയരഹസ്യം. വിവരത്തിന്റെ പ്രായോഗികമായ വശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഉത്സാഹം ജ്വലിപ്പിക്കുക. ഭാവനയിൽ കാണുക. വായിക്കുന്ന വിവരത്തിനു ചേരുന്നതാണെങ്കിൽ വാസന, രുചി, സ്പർശനം എന്നിവ സങ്കൽപ്പിച്ചുകൊണ്ട് ഇന്ദ്രിയങ്ങൾ ഉപയോഗിക്കുക.
വിവരത്തിന്റെ ഒഴുക്ക് ഒരിക്കൽ നിങ്ങൾക്കു മനസ്സിലായികഴിഞ്ഞാൽ കുറിപ്പുകൾ എടുക്കാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞു. കാര്യക്ഷമതയോടെയുള്ള കുറിപ്പെടുക്കലിനു നിങ്ങളുടെ ഗ്രഹണത്തെയും വിവരങ്ങൾ ഓർമയിലേക്കു കൊണ്ടുവരുന്നതിനെയും ത്വരിതപ്പെടുത്താൻ സാധിക്കും. നോട്ടുകൾ മുഴുവാചകങ്ങളായിരിക്കണമെന്നില്ല, മറിച്ച് പ്രധാനപ്പെട്ട വിഷയങ്ങൾ ഓർമിക്കാൻ നിങ്ങളെ സഹായിക്കുന്ന കുറിവാക്കുകളോ പദസഞ്ചയങ്ങളോ ആയിരിക്കണം.
വിവരങ്ങൾ ഗ്രഹിക്കുക എന്നതു ഭാവിയിൽ നിങ്ങൾക്ക് അതെല്ലാം ഓർമിക്കാൻ കഴിയണമെന്ന് അവശ്യം അർഥമാക്കുന്നില്ല. പഠിച്ച് 24 മണിക്കൂറിനകം വിവരത്തിന്റെ 80 ശതമാനത്തോളം താത്കാലികമായിട്ടെങ്കിലും മറന്നുപോയേക്കാം എന്നതാണു സത്യം. അതു നിരുത്സാഹജനകമായി തോന്നിയേക്കാമെങ്കിലും വിവരം പുനരവലോകനം ചെയ്തുകൊണ്ട് ആ 80 ശതമാനത്തിന്റെ കുറച്ചോ അധികമോ തിരിച്ചെടുക്കാൻ സാധിക്കും. ഓരോ പഠനവേളക്കു ശേഷവും ഏതാനും മിനിറ്റുകൾ പുനരവലോകനം നടത്തുക. കഴിയുമെങ്കിൽ ഒരു ദിവസം കഴിഞ്ഞു വീണ്ടും പുനരവലോകനം നടത്തുക. പിന്നീട് ഒരാഴ്ചക്കുശേഷവും അതുകഴിഞ്ഞ് ഒരു മാസത്തിനുശേഷവും പുനരവലോകനം നടത്തുക. ഈ ആശയങ്ങൾ ബാധമാക്കുന്നതു വിലയേറിയ നിങ്ങളുടെ പഠനസമയത്തിൽനിന്നും ഏറ്റവും പ്രയോജനമനുഭവിക്കാനും നിങ്ങൾ വായിച്ചകാര്യങ്ങൾ ഓർമിക്കാനും നിങ്ങളെ സഹായിക്കും.
അതുകൊണ്ട് നിങ്ങളുടെ മസ്തിഷ്ക്കത്തെ താഴ്ത്തിമതിക്കരുത്. കാര്യങ്ങൾ ഓർമിക്കുന്നതിനുള്ള നിങ്ങളുടെ പ്രാപ്തി അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. “നമ്മുടെ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായ വസ്തു” എന്ന് ഒരു ശാസ്ത്രജ്ഞൻ മസ്തിഷ്ക്കത്തെ വിശേഷിപ്പിച്ചു. അതിന്റെ സ്രഷ്ടാവായ യഹോവയുടെ ഭയഗംഭീരമായ ജ്ഞാനത്തിനും ശക്തിക്കുമുള്ള ഒരു ബഹുമതിയാണത്.—സങ്കീർത്തനം 139:14.
[15-ാം പേജിലെ രേഖാചിത്രം]
ലിസ്റ്റുകൾ ഓർമിക്കാൻ കൂട്ടിയിണക്കൽ രീതി ഉപയോഗിക്കുക: ഓരോ ഇനത്തിനും ഭാവനയിൽ ഒരു രൂപം ഉണ്ടാക്കുക. എന്നിട്ട് ആദ്യത്തേതിനെ രണ്ടാമത്തതിനോട് എന്നിങ്ങനെ ഒന്നൊന്നായി ബന്ധിപ്പിക്കുക
ഷോപ്പിങ് ലിസ്റ്റ്:
1. പാൽ 1-ഉം 2-ഉം ബന്ധിപ്പിച്ചിരിക്കുന്നു
2. റൊട്ടി 2-ഉം 3-ഉം ബന്ധിപ്പിച്ചിരിക്കുന്നു
3. ലൈറ്റ് ബൾബ് 3-ഉം 4-ഉം ബന്ധിപ്പിച്ചിരിക്കുന്നു
4. ഉള്ളി 4-ഉം 5-ഉം ബന്ധിപ്പിച്ചിരിക്കുന്നു
5. ഐസ്ക്രീം