ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കൂട്ടക്കൊല കൂട്ടക്കൊലയെക്കുറിച്ച് ആരും എന്തുകൊണ്ടാണു തുറന്നു പറയാത്തതെന്നു ഞാൻ സദാ ആശ്ചര്യപ്പെട്ടിട്ടുണ്ട്. “കൂട്ടക്കൊല—ആരാണു തുറന്നു പറഞ്ഞത്?” (ആഗസ്റ്റ് 22, 1995) എന്ന പരമ്പര എന്റെ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. യഹോവയുടെ സാക്ഷികൾ തുറന്നു പറഞ്ഞു, എന്റെ സഹ സാക്ഷികളെക്കുറിച്ച് എനിക്കു വളരെ അഭിമാനം തോന്നുന്നു!
സി. ബി., ഐക്യനാടുകൾ
നിങ്ങളുടെ ഒരു അംഗമല്ലാത്ത ഞാൻ, കൂട്ടക്കൊല എന്ന വിഷയം ചർച്ചചെയ്തതിൽ നിങ്ങളെ അനുമോദിക്കട്ടെ. മനുഷ്യനോടുള്ള മമനുഷ്യന്റെ ക്രൂരതയുടെ ദുഷ്ടമായ ഈ പ്രകടനത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉദ്ദേശ്യോന്മുഖമായ ചർച്ച ഞാൻ കണ്ടിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും പ്രബുദ്ധമാക്കുന്നതായിരുന്നു. ആ സമയത്തെ നിങ്ങളുടെ സഹസാക്ഷികളുടെ ധീരതയെക്കുറിച്ച് ലോകം വളരെ തുച്ഛമായെ അറിയുന്നുള്ളൂ, എത്രയോ ഖേദകരം.
എൽ. ബി., ഇംഗ്ലണ്ട്
സാക്സൻഹൗസനിൽവെച്ച് എന്റെ പിതാവിന് ജീവൻ നഷ്ടമായി. നാസികൾ തുറുങ്കിലടച്ചതിന്റെ ഫലമായി എന്റെ ഏറ്റവും മൂത്ത സഹോദരനും ജീവൻ നഷ്ടപ്പെട്ടു. നാസികൾ യഹോവയുടെ സാക്ഷികളെ പീഡിപ്പിച്ചതിന്റെ വ്യക്തമായ സ്മരണകൾ എനിക്കിപ്പോഴുമുണ്ട്. അതുകൊണ്ട് ആ ലേഖനങ്ങളോടുള്ള എന്റെ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ പ്രചോദിപ്പിക്കപ്പെടുന്നു. വളരെ നന്നായിരിക്കുന്നു!
എഫ്. ഡി. ജെ., കാനഡ
ആ ലേഖനങ്ങൾ എന്നിൽ വളരെ മതിപ്പുളവാക്കി. എന്നാൽ “നിശബ്ദതയിൻ മധ്യേ” ഒരേ “ഒരു ശബ്ദം” യഹോവയുടെ സാക്ഷികൾ മാത്രമായിരുന്നുവെന്നുതിനോടു ഞാൻ യോജിക്കുന്നില്ല. ഹിറ്റ്ലർ അധികാരത്തിൽ വരുന്നതിനു മുമ്പ് കമ്മ്യുണിസ്റ്റുകാരും അയാൾക്കെതിരെ ആളുകൾക്കു മുന്നറിയിപ്പു കൊടുത്തു. പലരും തടങ്കൽപ്പാളയങ്ങളിൽ ചെന്നൊടുങ്ങി.
ബി. ഡബ്ലിയു., ജർമനി
ഹിറ്റ്ലർക്ക് പല രാഷ്ട്രീയ എതിരാളികളും ഉണ്ടായിരുന്നുവെന്നു “ഉണരുക!” നിസ്സങ്കോചം സമ്മതിക്കുന്നു. എന്നിരുന്നാലും, ആ ലേഖനങ്ങൾ പ്രത്യേകമായി പരാമർശിച്ചത്, മുഖ്യമായും നാസീഭരണവുമായി കൂട്ടുചേർന്ന, മതസംഘടനകളെ ആയിരുന്നു. നാസികൾതന്നെ തങ്ങളുടെ മുഖ്യ മതവിദ്വേഷകരായി യഹോവയുടെ സാക്ഷികളെ തിരിച്ചറിയിച്ചു. അങ്ങനെ, തടങ്കൽപ്പാളയങ്ങളിൽവെച്ച് തടവു തിരിച്ചറിയിക്കൽ അടയാളം—കുപ്രസിദ്ധമായ പർപ്പിൾ ട്രയാങ്കിൾ—ലഭിച്ച ഒരേ ഒരു മതവിഭാഗം സാക്ഷികൾ മാത്രമായിരുന്നു.—പത്രാധിപർ
ജപ്പാനിലെ ഭൂകമ്പം “ജപ്പാനിലെ അപ്രതീക്ഷിത ദുരന്തം—ജനങ്ങൾ നേരിട്ട വിധം” (ആഗസ്റ്റ് 22, 1995) എന്ന ലേഖനം വായിച്ച് ഞാൻ കരഞ്ഞുപോയി. എനിക്ക് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്തീയ സഹോദരിയെ ആ ഭൂകമ്പത്തിൽ നഷ്ടപ്പെട്ടു. അവൾ വളരെ തീക്ഷ്ണതയുള്ളവളായിരുന്നു. അവൾ പുനരുത്ഥാനം പ്രാപിക്കുമെന്ന് എനിക്കറിയാം, അങ്ങനെ എനിക്കവളെ വീണ്ടും കാണാനാകും. സഭയിൽനിന്നും സൊസൈറ്റിയിൽനിന്നും ഞങ്ങൾക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ എല്ലാ സഹായത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. ആ ദിവസം സംഭവിച്ചതിനെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഇപ്പോഴും കരഞ്ഞുപോകുന്നു.
റ്റി. എം., ജപ്പാൻ
സാക്ഷികളുടെ സംഘടിതവും ത്വരിതഗതിയിലുള്ളതുമായ പ്രവർത്തനം എന്നെ അങ്ങേയറ്റം അമ്പരപ്പിച്ചുകളഞ്ഞു. കൊറിയയിലെ സഭയിൽനിന്നുള്ള സഹോദരങ്ങളുടെ തത്പരനിരതമായ സന്ദേശം വായിച്ചപ്പോൾ എനിക്കു കരച്ചിലടക്കാനായില്ല. അത്തരം ഊഷ്മളമായ ഒരു സ്ഥാപനത്തിന്റെ ഭാഗമാണല്ലോ ഞാനെന്ന് ഓർത്തപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി.
എം. കെ., ജപ്പാൻ
ലൈംഗികോപദ്രവം “യുവജനങ്ങൾ ചോദിക്കുന്നു . . . ലൈംഗികോപദ്രവം—എനിക്ക് സ്വയം എങ്ങനെ സംരക്ഷിക്കാനാവും?” (ആഗസ്റ്റ് 22, 1995) എന്ന നിങ്ങളുടെ ലേഖനത്തിനു നന്ദി. എനിക്ക് 17 വയസ്സുണ്ട്, ക്രിസ്ത്യാനിയല്ലാത്ത ഒരു ആൺകുട്ടിയെ ഞാൻ സ്കൂളിൽവെച്ചു കണ്ടുമുട്ടി. ഞാൻ അവനെ വിശ്വസിച്ചു, എന്നാൽ പിന്നീട് ലൈംഗികപരമായ സൂചനകളാലും ഭീഷണികളാലും അവനും അവന്റെ കൂട്ടരും എന്നെ ദ്രോഹിച്ചു. ആ സാഹചര്യത്തിൽനിന്നു മുക്തയാകാൻ എനിക്ക് ആ സ്കൂൾ വിട്ടുപോരേണ്ടിവന്നു. ഈ ലേഖനത്തിൽനിന്നു ഞാൻ വളരെ കാര്യങ്ങൾ പഠിച്ചു. എതിർലിംഗവർഗത്തിൽപ്പെട്ടവരോട് ഇടപെടുമ്പോൾ എന്തു ചെയ്യണമെന്ന് എനിക്ക് ഇപ്പോഴറിയാം.
റ്റി. ജി., പോർച്ചുഗൽ
ഒരു സഹജോലിക്കാരൻ എന്നെ ലൈംഗികമായി ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയായിരുന്നപ്പോൾ ദുരുപയോഗിക്കപ്പെട്ടതിനാൽ, ചെറുത്തുനിൽക്കുക ബുദ്ധിമുട്ടാണെന്നു ഞാൻ പലപ്പോഴും കണ്ടെത്തുന്നു. എങ്കിലും, എന്നെ ഒറ്റയ്ക്കു വിടാൻ ഞാൻ അയാളോടു പല തവണ പറഞ്ഞുനോക്കി. ഒടുവിൽ ഞാൻ തൊഴിലുടമകളോട് അയാളെക്കുറിച്ചു റിപ്പോർട്ടു ചെയ്തു, അപ്പോൾ അയാൾ എന്നെ ദ്രോഹിക്കുന്നതു നിർത്തി. ആ ലേഖനം ഞാൻ യഥാർഥത്തിൽ വിലമതിക്കുന്നു. ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്നു സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടതാണ്.
വി. എ., ഐക്യനാടുകൾ