കൊലയാളി വൈറസ് സയറിനെ ആക്രമിക്കുന്നു
ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഒരു ഉഷ്ണമേഖലാ മഴക്കാടിനോടു ചേർന്നു വ്യാപിച്ചുകിടക്കുന്ന ഒരു പട്ടണമാണ് സയറിലെ കിക്ക്വിറ്റ്. ആ നഗരത്തിനു വെളിയിൽ താമസിച്ചിരുന്ന നാൽപ്പത്തിരണ്ടു വയസ്സുള്ള ഗാസ്പാർ മെങ്കാ കിറ്റാംബാലാ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏക യഹോവയുടെ സാക്ഷിയായിരുന്നു. മെങ്കാ ഒരു മരക്കരി വിൽപ്പനക്കാരനായിരുന്നു. അദ്ദേഹം വനാന്തരത്തിൽ പോയി മരക്കരി തയ്യാറാക്കി അതു കെട്ടുകളിലാക്കി കിക്ക്വിറ്റിലേക്കു തലയിൽ ചുമന്നുകൊണ്ടു വരുമായിരുന്നു.
1995 ജനുവരി 6-ന് അദ്ദേഹത്തിന് അസുഖം പിടിപെട്ടു. വനത്തിൽനിന്നു വീട്ടിലേക്കു പോകുന്ന വഴിക്ക് അദ്ദേഹം രണ്ടു തവണ നിലത്തുവീണു. വീട്ടിലെത്തിയപ്പോൾ തലവേദനയും പനിയും ഉള്ളതായി അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടു ദിവസംകൊണ്ട് അദ്ദേഹത്തിന്റെ സ്ഥിതി മോശമായി. ജനുവരി 12-ാം തീയതി കുടുംബം അദ്ദേഹത്തെ കിക്ക്വിറ്റ് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. മെങ്കായുടെ സഭയിലുള്ള സാക്ഷികൾ ആശുപത്രിയിൽവച്ച് അദ്ദേഹത്തെ പരിപാലിക്കാൻ കുടുംബത്തെ സഹായിച്ചു. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ സ്ഥിതി വീണ്ടും മോശമായി. അദ്ദേഹം രക്തം ഛർദിക്കാൻ തുടങ്ങി, മൂക്കിൽനിന്നും ചെവിയിൽനിന്നും അനിയന്ത്രിതമായി രക്തമൊഴുകി. ജനുവരി 15-ാം തീയതി അദ്ദേഹം മരണമടഞ്ഞു.
പെട്ടെന്നുതന്നെ മെങ്കായുടെ ശരീരത്തിൽ സ്പർശിച്ച അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള മറ്റുള്ളവർക്കും രോഗം ബാധിച്ചു. മാർച്ച് ആദ്യമായപ്പോഴേക്കും, മെങ്കായുടെ ഭാര്യയും അവരുടെ ആറു കുട്ടികളിൽ രണ്ടു പേരുമുൾപ്പെടെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ 12 പേർ മരണമടഞ്ഞു.
ഏപ്രിൽ പകുതിയായപ്പോൾ മെങ്കായെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പോലെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും രോഗബാധിതരായി മരിക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ രോഗം ആ മേഖലയിലെ മറ്റു രണ്ടു പട്ടണങ്ങളിലേക്കുകൂടി വ്യാപിച്ചു. സ്പഷ്ടമായും പുറമെനിന്നുള്ള സഹായം ആവശ്യമായിരുന്നു.
സയറിലെ പ്രമുഖ വൈറസ് ശാസ്ത്രജ്ഞനായ പ്രൊഫസ്സർ മൂയെമ്പെ മേയ് 1-ന് കിക്ക്വിറ്റിലേക്കു തിരിച്ചു. അദ്ദേഹം പിന്നീട് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “കിക്ക്വിറ്റ് രണ്ടു പകർച്ചവ്യാധികളാൽ ദുരിതമനുഭവിക്കുന്നതായി ഞങ്ങൾ നിഗമനം ചെയ്തു: ഒന്ന് ബാക്ടീരിയ മൂലമുള്ള അതിസാരവും മറ്റേത് ഒരു വൈറസ് മൂലമുള്ള ഗുരുതരമായ ഒരു രക്തസ്രാവപ്പനിയും. തീർച്ചയായും ഞങ്ങൾക്ക് ഈ രോഗനിർണയം സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ രോഗികളിൽനിന്നു കുറെ രക്തം ശേഖരിച്ച് യു.എസ്.എ.-യിലെ അറ്റ്ലാന്റയിലുള്ള രോഗനിയന്ത്രണകേന്ദ്രങ്ങളിലേക്ക് (സിഡിസി) പരിശോധനയ്ക്കായി അയച്ചുകൊടുത്തു.”
മൂയെമ്പെയും സയറിലെ മറ്റു ഡോക്ടർമാരും അതിനോടകം സംശയിച്ചിരുന്ന സംഗതി തന്നെയായിരുന്നു സിഡിസി സ്ഥിരീകരിച്ചത്. ഇബോലയായിരുന്നു രോഗം.
ഒരു മാരക രോഗം
ഇബോല വൈറസ് ഭയങ്കരമാണ്. അതിന് എളുപ്പം കൊല്ലാൻ കഴിയും. അതിനെതിരെ വാക്സിനില്ല, അതിന്റെ ഇരകളെ ചികിത്സിക്കാൻ അറിയപ്പെടുന്ന ചികിത്സയുമില്ല.
ഇബോലയെ ആദ്യമായി തിരിച്ചറിഞ്ഞത് 1976-ൽ ആണ്. സയറിലെ ഒരു നദിയുടെ പേരുള്ള ഈ രോഗം ദക്ഷിണ സുഡാനെയും അൽപ്പനാൾ കഴിഞ്ഞ് ഉത്തര സയറിനെയും ആക്രമിച്ചു. അത് 1979-ൽ സുഡാനിൽ ചെറിയതോതിൽ ഒന്നുകൂടി പൊട്ടിപ്പുറപ്പെട്ടു. അതിനുശേഷം, ഇബോലയുടേതുപോലുള്ള രോഗലക്ഷണങ്ങൾ നിമിത്തം അവിടവിടെ ഏതാനും ആളുകൾ മരണമടഞ്ഞത് ഒഴിച്ചാൽ ആ രോഗം വർഷങ്ങളോളം അപ്രത്യക്ഷമായിരുന്നു.
അറ്റ്ലാന്റയിൽ ഇബോല വൈറസിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞന്മാർ, വായുവിലൂടെ പരക്കുന്ന ഏതു രോഗാണുവിന്റെയും രക്ഷപ്പെടൽ തടയുന്ന വാതായന സംവിധാനത്തോടുകൂടി പണിത പരമാവധി സുരക്ഷിതമായ ഒരു ലബോറട്ടറിയിൽവച്ച് അതിനെ പഠിക്കാൻ തക്കവണ്ണം അത്രത്തോളം മാരകമാണ് അത്. ലബോറട്ടറിയിൽ കയറുന്നതിനുമുമ്പു ശാസ്ത്രജ്ഞൻമാർ സംരക്ഷണമേകുന്ന “സ്പേസ് സൂട്ടുകൾ” ധരിക്കുന്നു. ലബോറട്ടറിയിൽനിന്ന് ഇറങ്ങുമ്പോൾ അവർ അണുസംഹാരികൾ ഉപയോഗിച്ചു കുളിക്കുന്നു. കിക്ക്വിറ്റിലേക്കു വന്ന ഡോക്ടർമാരുടെ സംഘങ്ങൾ തങ്ങളോടൊപ്പം സംരക്ഷണാത്മകമായ സാമഗ്രികൾ കൊണ്ടുവന്നു. ഉപയോഗശേഷം കളയാവുന്ന കൈയുറകൾ, തൊപ്പികൾ, കണ്ണടകൾ, വൈറസിന്റെ നുഴഞ്ഞു കയറ്റം തടയുന്ന പുറംവസ്ത്രങ്ങൾ എന്നിവ അവയിലുൾപ്പെടുന്നു.
നേരെമറിച്ച്, സ്വയം സംരക്ഷിക്കാനുള്ള പരിജ്ഞാനവും സാമഗ്രികളും കിക്ക്വിറ്റിലെ മിക്ക നിവാസികൾക്കും ഇല്ലായിരുന്നു. മറ്റുചിലർ രോഗത്താൽ ക്ലേശിക്കുന്ന പ്രിയപ്പെട്ടവരെ പരിപാലിച്ചുകൊണ്ടു തങ്ങളുടെ ജീവൻ മനഃപൂർവം അപകടപ്പെടുത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും രോഗികളെയും മരിച്ചവരെയും ഒട്ടുംതന്നെ സംരക്ഷണം കൂടാതെ ചുമലിലും തോളത്തും ചുമന്നു. ജീവന്റെ ഭയങ്കരമായ നഷ്ടമായിരുന്നു ഫലം; വൈറസ് കുടുംബങ്ങളെ ഒന്നായി കൊന്നൊടുക്കി.
പൊട്ടിപ്പുറപ്പെടൽ നിയന്ത്രിക്കൽ
പണവും വൈദ്യ സാമഗ്രികളും സംഭാവന ചെയ്തുകൊണ്ടു സഹായത്തിനായുള്ള കിക്ക്വിറ്റിന്റെ അഭ്യർഥനയോട് അന്തർദേശീയ സമൂഹം പ്രതികരിച്ചു. ഐക്യനാടുകൾ, ദക്ഷിണാഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്ന് അന്വേഷകസംഘങ്ങൾ പറന്നെത്തി. അവരുടെ വരവിനു രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു: ഒന്ന്, പൊട്ടിപ്പുറപ്പെടൽ നിയന്ത്രിക്കുക; രണ്ട്, പകർച്ചവ്യാധികൾക്കിടയ്ക്കുള്ള സമയത്തു വൈറസ് എവിടെയാണു ജീവിച്ചതെന്നു കണ്ടുപിടിക്കുക.
ആരോഗ്യ പ്രവർത്തകർ, പകർച്ചവ്യാധി അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ, രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയ ഏതൊരാളെയും കണ്ടെത്താനായി തെരുവുതോറും തിരച്ചിൽ നടത്തി. രോഗികളായവരെ ആശുപത്രിയിലെത്തിച്ചു. അവിടെ അവരെ മാറ്റിതാമസിപ്പിക്കാനും സുരക്ഷിതമായി പരിപാലിക്കാനും കഴിഞ്ഞു. മരണമടഞ്ഞവരെ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞു വേഗം കുഴിച്ചിട്ടു.
ആരോഗ്യ പരിപാലന ജോലിക്കാർക്കും പൊതുജനത്തിനു പൊതുവെയും രോഗത്തെക്കുറിച്ചു കൃത്യമായ പരിജ്ഞാനം നൽകുന്നതിനായി വിപുലമായ പ്രചരണപരിപാടി ആരംഭിച്ചു. കുടുംബങ്ങൾ മരിച്ചവരെ ആചാരപരമായി കൈകാര്യം ചെയ്യുകയും കഴുകുകയും ചെയ്യുന്ന പരമ്പരാഗത ശവസംസ്കാര നടപടികൾക്കെതിരെ സന്ദേശം ഭാഗികമായി ശക്തമായ മുന്നറിയിപ്പു നൽകി.
ഉറവിടം തേടി
വൈറസ് എവിടെനിന്നാണു വന്നതെന്നു കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞന്മാർ വെമ്പൽ കൊണ്ടു. അവയെക്കുറിച്ച് ഇത്രയും മാത്രം അറിയാം: സ്വന്തമായി തിന്നാനും കുടിക്കാനും പെരുകാനും കഴിവുള്ള സ്വതന്ത്രജീവികളല്ല വൈറസുകൾ. ജീവകോശങ്ങളുടെ സങ്കീർണ ഘടനയിൽ ആക്രമിച്ചു കടന്ന് അതിനെ ചൂഷണം ചെയ്തെങ്കിൽ മാത്രമേ അവയ്ക്ക് അതിജീവിക്കാനും പുനരുത്പാദനം നടത്താനും കഴിയൂ.
ഒരു വൈറസ് ഒരു മൃഗത്തിൽ കടന്നുകൂടുമ്പോൾ ആ ബന്ധം മിക്കപ്പോഴും പരസ്പര സഹവർത്തിത്വത്തിന്റെ ഒന്നാണ്—മൃഗം വൈറസിനെ കൊല്ലുന്നില്ല, വൈറസ് മൃഗത്തെയും കൊല്ലുന്നില്ല. എന്നാൽ ഒരു മനുഷ്യൻ വൈറസ് ബാധയുള്ള മൃഗവുമായി സമ്പർക്കത്തിലാകുമ്പോൾ വൈറസ് ആ മനുഷ്യനിൽ എങ്ങനെയെങ്കിലും കടന്നുകൂടുന്നു, വൈറസ് മാരകമായിത്തീർന്നേക്കാം.
ഇബോല വൈറസ് ആളുകളെയും കുരങ്ങൻമാരെയും വളരെ വേഗം കൊല്ലുന്നതുകൊണ്ട് അത് മറ്റൊരു ജീവിയിൽ അതിജീവിക്കുന്നുണ്ടായിരിക്കണമെന്നു ശാസ്ത്രജ്ഞൻമാർ അനുമാനിക്കുന്നു. ഏതു ജീവി വർഗമാണു വൈറസിനെ വഹിക്കുന്നതെന്ന് ആരോഗ്യാധികൃതർ കണ്ടുപിടിക്കുകയാണെങ്കിൽ ഭാവി പൊട്ടിപ്പുറപ്പെടലുകൾ ഒഴിവാക്കുന്നതിനുള്ള നിയന്ത്രണാത്മകവും പ്രതിരോധാത്മകവുമായ ഫലപ്രദ നടപടികൾ സ്വീകരിക്കാൻ അവർക്കു കഴിഞ്ഞേക്കാം. എന്നാൽ ഇബോലയെ സംബന്ധിച്ച ഉത്തരംകിട്ടാത്ത ചോദ്യമിതാണ്, മനുഷ്യർക്കു പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനിടയ്ക്കുള്ള സമയത്തു വൈറസ് എവിടെയാണു കഴിയുന്നത്?
ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നതിന്, ഗവേഷകർക്കു വൈറസിന്റെ ഉറവിടംവരെ അതിനെ പിന്തുടരേണ്ടതുണ്ട്. ആതിഥേയ മൃഗത്തെ കണ്ടുപിടിക്കാൻ, നേരത്തത്തെ പൊട്ടിപ്പുറപ്പെടലുകൾക്കു ശേഷം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. എന്നാൽ കിക്ക്വിറ്റ് പകർച്ചവ്യാധി പുതിയൊരവസരം തുറന്നു തന്നു.
കിക്ക്വിറ്റ് പകർച്ചവ്യാധിയുടെ ആദ്യ ഇര ഗാസ്പാർ മെങ്കായായിരുന്നുവെന്നു ശാസ്ത്രജ്ഞൻമാർ അനുമാനിച്ചു. എന്നാൽ അദ്ദേഹത്തിന് എങ്ങനെയാണ് വൈറസ് ബാധയേറ്റത്? അത് ഏതെങ്കിലും മൃഗത്തിൽക്കൂടിയായിരുന്നെങ്കിൽ അത് ഏതു മൃഗ വർഗമായിരുന്നു? യുക്തിയനുസരിച്ച്, ഉത്തരം മെങ്കാ ജോലി ചെയ്ത വനത്തിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. മരക്കരി തയ്യാറാക്കുന്നതിനുവേണ്ടി മെങ്കാ പണിചെയ്ത സ്ഥലങ്ങളിൽ ശേഖരണ സംഘങ്ങൾ 350 കണികൾ സ്ഥാപിച്ചു. കരണ്ടുതീനികൾ, ചുണ്ടെലികൾ, ചൊറിത്തവളകൾ, പല്ലികൾ, പാമ്പുകൾ, കൊതുകുകൾ, മണൽ ഈച്ചകൾ, നായീച്ചകൾ, മൂട്ടകൾ, പേൻ, ചിഗറുകൾ, ചെള്ളുകൾ എന്നിങ്ങനെ മൊത്തം 2,200 ചെറു ജീവികളെയും 15,000 പ്രാണികളെയും അവർ പിടിച്ചു. സംരക്ഷണാത്മക സാമഗ്രികൾ ധരിച്ച ശാസ്ത്രജ്ഞൻമാർ ആ മൃഗങ്ങളെ ബോധം കെടുത്തുന്ന വാതകം ഉപയോഗിച്ചു കൊന്നു. എന്നിട്ട് അവർ വൈറസ് ഉണ്ടോയെന്നു സൂക്ഷ്മപരിശോധന നടത്തുന്നതിനായി ആ ജീവികളുടെ ശരീരകലകളുടെ സാമ്പിളുകൾ ഐക്യനാടുകളിലേക്ക് അയച്ചു.
ഒരു വൈറസിന്റെ ഒളിസ്ഥലങ്ങൾ മിക്കവാറും അപരിമിതമായതിനാൽ ഉറവിടം കണ്ടുപിടിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. രോഗകാരികളെ കൈകാര്യചെയ്യുന്ന സിഡിസി-യുടെ പ്രത്യേക ശാഖയുടെ തലവനായ ഡോ. സി. ജെ. പീറ്റേഴ്സ് ഇപ്രകാരം പറഞ്ഞു: “ഇബോല വൈറസിന്റെ ആതിഥേയ ജീവിയെ കണ്ടുപിടിക്കാൻ ഇപ്പോൾ 50 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.”
പകർച്ചവ്യാധി അപ്രത്യക്ഷമാകുന്നു
പകർച്ചവ്യാധി അപ്രത്യക്ഷമായതായി ആഗസ്റ്റ് 25-ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. വൈറസ് ബാധയുണ്ടായശേഷം രോഗം പ്രകടമാകാനുള്ള സമയത്തിന്റെ ഇരട്ടിയായ 42 ദിവസത്തോളം പുതിയ കേസുകൾ ഒന്നും ഉണ്ടാകാതിരുന്നതിനാലായിരുന്നു അത്. രോഗം വ്യാപകമാകാഞ്ഞത് എന്തുകൊണ്ടാണ്? പകർച്ചവ്യാധിയെ നിയന്ത്രിക്കാനായി നടത്തിയ അന്തർദേശീയ വൈദ്യ ശ്രമങ്ങളായിരുന്നു ഒരു ഘടകം. പകർച്ചവ്യാധിയെ ഒതുക്കിനിർത്തിയ മറ്റൊരു ഘടകം രോഗത്തിന്റെതന്നെ കാഠിന്യമായിരുന്നു. അത് വേഗത്തിൽ പ്രത്യക്ഷമായി കൊന്നൊടുക്കുകയും അടുത്ത സമ്പർക്കം കൊണ്ടു മാത്രം സംക്രമിക്കുകയും ചെയ്തതിനാൽ വളരെയധികം ആളുകളിലേക്കു വ്യാപിച്ചില്ല.
315 പേർക്കു രോഗം പിടിപെട്ടെന്നും അവരിൽ 244 പേർ മരിച്ചെന്നും—77 ശതമാനം മരണനിരക്ക്—ഔദ്യോഗിക രേഖകൾ കാണിക്കുന്നു. ഇബോല ഇപ്പോൾ നിഷ്ക്രിയമാണ്. യഹോവയുടെ പുതിയ ലോകത്തിൽ അത് എന്നെന്നേക്കുമായി നിഷ്ക്രിയമാകും. (യെശയ്യാവു 33:24 കാണുക.) അതിനിടയ്ക്ക് ആളുകളുടെ സംശയം ഇതാണ്, ‘കൊലയ്ക്കായി ഇബോല വീണ്ടും തലപൊക്കുമോ?’ ഒരുപക്ഷേ തലപൊക്കുമായിരിക്കും. എന്നാൽ അത് എവിടെയായിരിക്കുമെന്നോ എപ്പോഴായിരിക്കുമെന്നോ ആർക്കും അറിയില്ല.
[25-ാം പേജിലെ ചതുരം]
പകർച്ചവ്യാധി മറ്റു രോഗങ്ങളുമായുള്ള ബന്ധത്തിൽ
ഇബോല ഒരു കൊലയാളിയാണ്, എന്നാൽ ആഫ്രിക്കക്കാർക്ക് അതിനേക്കാളേറെ ഭീഷണിയുളവാക്കുന്നത് അത്ര പ്രകടനം കാഴ്ചവയ്ക്കാത്ത രോഗങ്ങളാണ്. ഇബോലയുടെ പൊട്ടിപ്പുറപ്പെടലിന്റെ സമയത്തു മറ്റു രോഗങ്ങൾ ലോകമറിയാതെ ആളുകളെ കൊന്നൊടുക്കി. കിക്ക്വിറ്റിന് ഏതാനും ശതം കിലോമീറ്റർ കിഴക്കായി അടുത്തകാലത്ത് 250 പേർക്ക് പോളിയോ ബാധിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. വടക്കുപടിഞ്ഞാറു ഭാഗത്ത്, മാലിയിൽ മാരകമായ ഒരിനം കോളറ വിനാശം വിതച്ചു. തെക്ക്, അംഗോളയിൽ 30,000 പേരെ നിദ്രാരോഗം ബാധിച്ചു. പശ്ചിമാഫ്രിക്കയുടെ ഒരു വിസ്തൃത പ്രദേശത്ത് ആയിരങ്ങൾ മസ്തിഷ്ക ചർമവീക്കം (meningitis) എന്ന പകർച്ചവ്യാധിയാൽ മരണമടഞ്ഞു. ദ ന്യൂ യോർക്ക് ടൈംസ് ഇപ്രകാരം പ്രസ്താവിച്ചു: “ഒട്ടുമിക്കവാറും തടയാവുന്ന രോഗങ്ങളുമായുള്ള [ആഫ്രിക്കയുടെ] ദിനംതോറുമുള്ള, മാരകമായ ഏറ്റുമുട്ടലുകളൊന്നും ലോക മനഃസാക്ഷിയെ അധികമൊന്നും സ്പർശിക്കാത്തത് എന്തുകൊണ്ട് എന്ന കുഴപ്പിക്കുന്ന ചോദ്യമാണ് ആഫ്രിക്കക്കാർക്കുള്ളത്.”
[24-ാം പേജിലെ ചിത്രം]
ശാസ്ത്രജ്ഞൻമാർ കൊലയാളി വൈറസിന്റെ ഉറവിടം തേടുന്നു