ലോകത്തെ വീക്ഷിക്കൽ
മാനസിക പ്രശ്നങ്ങൾ വർധിക്കുന്നു
“വികസ്വര രാഷ്ട്രങ്ങളിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഞെട്ടിക്കുന്ന തോതി”നെക്കുറിച്ച് ആഗോളതലത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ ഒരു സംഘം മുന്നറിയിപ്പു നൽകിയിരിക്കുന്നതായി ഫസ്റ്റ് കോൾ ഫോർ ചിൽഡ്രൻ എന്ന ജേർണൽ പ്രസ്താവിക്കുന്നു. “യുദ്ധം, പ്രകൃതി വിപത്തുകൾ, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിക്കുകയും കൊല്ലുകയും ചെയ്യുന്നത്, ജനസംഖ്യാപരവും രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥകളിലെ മാറ്റങ്ങൾ എന്നിവ നിമിത്തമുണ്ടാകുന്ന” ഉയർന്ന നിരക്കുകളിലുള്ള അനേകം മാനസിക രോഗങ്ങൾ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ രേഖപ്പെടുത്തുകയുണ്ടായി. കൂടാതെ, താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളിൽ ബുദ്ധിമാന്ദ്യത്തിന്റെയും അപസ്മാരത്തിന്റെയും നിരക്കുകൾ മൂന്നുമുതൽ അഞ്ചുവരെ ഇരട്ടിയാണ്, ആത്മഹത്യ യുവജനങ്ങളുടെയിടയിൽ മരണത്തിന്റെ മുഖ്യ കാരണമായി തലയുയർത്തിനിൽക്കുകയും ചെയ്തു. മാനസികാരോഗ്യത്തിന് അന്താരാഷ്ട്ര ശ്രദ്ധകൊടുക്കണമെന്നു സംഘത്തിന്റെ തലവനായ ഡോ. ആർതർ ക്ലൈൻമാൻ പറഞ്ഞു. “മാനസികാരോഗ്യം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായതു മുടക്കാൻ ദരിദ്ര രാഷ്ട്രങ്ങളും സമ്പന്ന രാഷ്ട്രങ്ങളും ഒരുപോലെ പരാജയമടഞ്ഞിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
കരാറിന്റെ ലക്ഷ്യം
“മധ്യേഷ്യയിൽ സ്വാധീനം നേടിവരുന്ന മതശാഖകളെയും വഴിവിട്ട മതവിഭാഗങ്ങളെയും നിയന്ത്രിക്കുന്നതിനായി കസാഖ്സ്ഥാൻ, റ്റാജികിസ്ഥാൻ, റ്റർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിങ്ങനെ മുസ്ലീങ്ങൾ അധികമുള്ള നാലു റിപ്പബ്ലിക്കുകളിൽനിന്നുള്ള റഷ്യൻ ഓർത്തഡോക്സ് നേതാക്കളും മുസ്ലീം നേതാക്കളും അഭൂതപൂർവമായ ഒരു മിശ്രവിശ്വാസ കരാർ സ്ഥാപിച്ചു”വെന്ന് ക്രിസ്ത്യാനിത്വം ഇന്ന് (ഇംഗ്ലീഷ്) എന്ന മാസിക പറയുന്നു. “സുവിശേഷ ക്രിസ്ത്യാനികൾ, ബാപ്റ്റിസ്റ്റുകാർ, മോർമൻമാർ, യഹോവയുടെ സാക്ഷികൾ എന്നിവരുടെ സ്വാധീനം നിർത്തലാക്കുന്നതിൽ സഹകരിക്കാമെന്ന്” ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ റ്റാഷ്കെൻറിൽ സമ്മേളിച്ച മതനേതാക്കന്മാർ “പ്രതിജ്ഞയെടുത്ത”തായി റിപ്പോർട്ടു പറയുന്നു.
സംരക്ഷണത്തിൽ ശ്രദ്ധയില്ല
ഒരു അപൂർവ പക്ഷിയായ ചുവന്ന കഴുത്തുള്ള ഫലാറോപ്പിനെ ഇംഗ്ലണ്ടിലെ ലെസ്റ്റെർഷിയറിലുള്ള സങ്കേതത്തിൽ കണ്ടു. ബ്രിട്ടനിലെമ്പാടുംനിന്നുള്ള പക്ഷി നിരീക്ഷകർ അതിനെ കാണാനായി എത്തി. എന്നാൽ നാലു കാലുകളുള്ള, ഭീമാകാരനായ ഒരു ഉലക്കമീൻ ആ ദേശാടന പക്ഷിയെ ഒറ്റ കടിക്കു വിഴുങ്ങുന്നത് അവർ ഭീതിയോടെ നോക്കിക്കണ്ടു. “അത് ജോസ് (Jaws) എന്ന സിനിമയിലെ ഒരു രംഗംപോലെയായിരുന്നു,” ഒരു റ്റ്വിച്ചർ—പക്ഷി നിരീക്ഷകരെ അങ്ങനെയാണു വിളിക്കുന്നത്—പറഞ്ഞു. “ഒരു നിമിഷം ആ പക്ഷി നീന്തുകയായിരുന്നു—അടുത്തനിമിഷം ഒറ്റ കടി, പിന്നെയൊരു പിടപ്പ്, കഥയും കഴിഞ്ഞു.” “ആ വിദേശ ജലപ്പക്ഷി ലെസ്റ്റെർഷിയറിലെ സങ്കേതം സന്ദർശിച്ചിരുന്നു എന്നതിനു തെളിവായി ഏതാനും തൂവലുകൾ മാത്രം അവശേഷിച്ചു” എന്ന് റോയിറ്റെഴ്സ് റിപ്പോർട്ടു പറഞ്ഞു.
“ബൈബിളിനു ഭേദഗതിവരുത്തരുത്”
“ആനുകാലിക ആവശ്യങ്ങൾക്കനുസരിച്ചു ബൈബിളിന്റെ ഭാഗങ്ങൾ വീണ്ടും വ്യാഖ്യാനിക്കുന്നതിനും ഭേദഗതിവരുത്തുന്നതിനുമുള്ള ശ്രമങ്ങളെ” ദ വീക്കൻഡ് ഓസ്ട്രേലിയൻ എന്ന പത്രത്തിലെ ഒരു മുഖപ്രസംഗം മേൽപ്പറഞ്ഞ തലക്കെട്ടിൻകീഴിൽ അപലപിച്ചു. പുതിയ പരിഭാഷകളിൽ മിക്കതും “പുരാതന പാഠങ്ങളുടെ പുതിയ കണ്ടുപിടിത്തങ്ങളും ചരിത്ര ഗവേഷണവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പാണ്ഡിത്യ സൃഷ്ടികളായിരുന്നിട്ടുണ്ടെങ്കിലും പരിഭാഷാ വേലയെ വ്യാഖ്യാനവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെ”തിരെ മുഖപ്രസംഗം ജാഗ്രത നൽകി. ക്രിസ്ത്യാനികളുടെയും യഹൂദന്മാരുടെയും കൗൺസിൽ, യഹൂദവിരോധത്തിന്റെ ഏതു പ്രതീതിയും ഒഴിവാക്കുന്നതിനുള്ള ഒരു ശ്രമത്തിൽ വൈദികർക്കും അധ്യാപകർക്കും വേണ്ടി പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളായിരുന്നു വിവാദവിഷയം. യേശുവിന്റെ പരിശോധനയോടും മരണത്തോടുമുള്ള ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്ന “യഹൂദൻമാർ” തുടങ്ങിയ പ്രയോഗങ്ങൾ “യെരൂശലേമിലെ ചില പൗരൻമാർ” എന്നും “പരീശന്മാർ” എന്ന പ്രയോഗം “ചില മതനേതാക്കൻമാർ” എന്നുമായി മാറുമായിരുന്നു. മുഖപ്രസംഗം ഇങ്ങനെ കൂട്ടിച്ചേർത്തു: “പുതിയനിയമ രേഖകൾ അഭിപ്രായ പ്രകടനങ്ങളല്ല. . . . പദങ്ങൾ തോന്നിയതുപോലെ മാറ്റുന്നതും പാഠങ്ങൾക്കു വരുത്തുന്ന വ്യത്യാസങ്ങളും എളുപ്പത്തിൽ അതിരുകടന്നുപോയിട്ട് ക്രിസ്തുവിന്റെ ജീവിത നാടകത്തിന്റെ സത്യസന്ധമല്ലാത്ത അവതരണത്തിനിടയാക്കിയേക്കാം. അവന്റെ ജീവിതത്തിന്റെ സാമൂഹിക സന്ദർഭം അവൻ ജീവിച്ചിരുന്ന കാലഘട്ടവുമായി പൊരുത്തത്തിലായിരിക്കണം.”
കാലാവസ്ഥാ വിപത്തിനെ ഒഴിവാക്കൽ
സത്വരം നടപടിയെടുത്തില്ലെങ്കിൽ അടുത്ത 25 മുതൽ 30 വരെ വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാലാവസ്ഥ വിപത്തിനെ നേരിടുമെന്നു ജർമനിയുടെ ശാസ്ത്രീയ ഉപദേശക സമിതി മുന്നറിയിപ്പു നൽകുന്നു. “കാലാവസ്ഥാ വിനാശകാരിയായ കാർബൺ ഡയോക്സൈഡിന്റെ (CO2) നിർഗമനം വർഷംതോറും ആഗോളമായി 1 ശതമാനമെങ്കിലും കുറയ്ക്കാൻ വിദഗ്ധർ ആവശ്യപ്പെടുകയാണ്” എന്ന് സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. “താപനില ഓരോ ദശകത്തിലും 0.2 ഡിഗ്രി സെൽഷ്യസിലധികം വർധിക്കാൻ അനുവദിക്കരുത്.” ലോക കാലാവസ്ഥയ്ക്കുണ്ടാകുന്ന ഹാനിയുടെ 80 ശതമാനത്തിനും ഉത്തരവാദികളായ പ്രധാന കുറ്റവാളികൾ വ്യവസായവൽകൃത ലോകത്തിലെ രാജ്യങ്ങളാണ്. ഉദാഹരണത്തിന്, ഒരു ജർമൻ പൗരൻ ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡിന്റെ ശരാശരി അളവ് ഒരു ഇന്ത്യൻ പൗരൻ ഉത്പാദിപ്പിക്കുന്നതിന്റെ 20 ഇരട്ടിയാണ്. മനുഷ്യനുണ്ടാക്കിയ മറ്റു മുഖ്യ പരിതഃസ്ഥിതി പ്രശ്നങ്ങൾ മണ്ണൊലിപ്പ്, ശുദ്ധജലത്തിന്റെ അഭാവം, ജൈവവൈവിധ്യത്തിന്റെ കുറവ് എന്നിവയായിരിക്കുന്നതായി പറയപ്പെടുന്നു.
“കുടുംബത്തെ പുനഃസംഘടിപ്പിക്കുക”
കുട്ടികളോടുള്ള അവഗണനയും അവരോടു കാണിക്കുന്ന അക്രമവും വർധിച്ചുവരുകയാണ് എന്ന് ബ്രസീലിയൻ പത്രമായ ഓ എസ്റ്റാഡോ ഡി എസ്. പൗലൂ റിപ്പോർട്ടു ചെയ്യുന്നു. സാമൂഹികസാമ്പത്തിക പ്രശ്നങ്ങൾ ഒരു ഘടകമായിരുന്നേക്കാമെങ്കിലും കുട്ടികളോടുള്ള ദുഷ്പെരുമാറ്റം ദരിദ്രമായ അയൽപക്കങ്ങളിൽ മാത്രമുള്ളതല്ല. കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വേണ്ടിയുള്ള പരാമർശ കേന്ദ്രത്തിന്റെ ഏകോപികയായ ലിയ ഷൂങ്കേറാ പറയുന്നതനുസരിച്ച് ‘സമ്പന്നരും ദരിദ്രരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല—ചെറ്റക്കുടിലുകളിലോ ഭവന സമുച്ചയങ്ങളിലോ കുട്ടികളുടെ കരച്ചിൽ എല്ലാവരും കേൾക്കുന്നു, എന്നാൽ വലിയ വീടുകളിൽ കരച്ചിലിന്റെ ശബ്ദത്തെ ഭിത്തികൾ തടയുന്നു എന്നു മാത്രം.’ പ്രശ്നത്തോടു പൊരുതാനുള്ള ഏറ്റവും നല്ല മാർഗം കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് എസ്ഒഎസ് ചൈൽഡിന്റെ ഡയറക്ടറായ പൗലോ വിക്റ്റോർ സാപിയെൻസായ്ക്കു തോന്നുന്നു. “സ്നേഹമോ വാത്സല്യമോ ഇല്ലാത്ത ഒരു സ്ഥാപനത്തിൽ കുട്ടിയെ ആക്കുന്നതുകൊണ്ട് ഒന്നും നേടുന്നില്ല, കുട്ടികൾക്കു വീടിനുള്ളിൽത്തന്നെ വാത്സല്യവും സ്നേഹവും ലഭിക്കത്തക്കവണ്ണം കുടുംബത്തെ പുനഃസംഘടിപ്പിക്കുകയാണ് ആവശ്യം,” അദ്ദേഹം പറഞ്ഞു.
കഫീൻ കുട്ടികൾ
അശ്രദ്ധരും, അസ്വസ്ഥരും, പെട്ടെന്നു ശ്രദ്ധാശൈഥില്യമുള്ളവരും ആവേശഭരിതരുമായ കുട്ടികൾ ഉയർന്ന തോതിൽ കഫീൻ കഴിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടാകാമെന്ന് റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി ഡയറ്റ് & ന്യുട്രിഷൻ ലെറ്റർ പറയുന്നു. 18 കിലോഗ്രാം തൂക്കമുള്ള ഒരു കുട്ടിക്ക് “ഒരു പാത്രം കോളയും വെറും അര കപ്പ് ഐസിട്ട ചായയും” ഒരു മുതിർന്നയാൾ കുടിക്കുന്ന “മൂന്നു കപ്പ് കാപ്പിക്കു തുല്യമാണ്.” ലേഖനം, ഹോഫ്സ്ട്ര യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര പ്രൊഫെസറായ മിറ്റ്ചെൽ ഷറിന്റെ ഗവേഷണത്തെ പരാമർശിച്ചു. “കുട്ടികൾ ഉയർന്ന തോതിൽ കഫീൻ കഴിക്കുന്നതിന്റെ പല ലക്ഷണങ്ങളും ശ്രദ്ധക്കുറവ്/അമിതപ്രവർത്തന തകരാറുപോലെയുള്ള അവസ്ഥകളുടെ ലക്ഷണങ്ങൾക്കു സമാനമാണ്” എന്ന് ആ ഗവേഷണം പ്രകടിപ്പിച്ചു. “അസ്വസ്ഥനോ പിടപിടപ്പുകാരനോ ആയ നിങ്ങളുടെ കുട്ടിക്ക് അങ്ങനെയൊരു പ്രശ്നമുണ്ടെന്ന തീരുമാനത്തിലെത്തുംമുമ്പേ കോളയുടെയും ചായയുടെയും ഉപയോഗം കുറയ്ക്കുകയെന്ന ലളിതസംഗതി ചെയ്തുകൊണ്ട് അസ്വസ്ഥതയ്ക്ക് നിങ്ങൾ പരിഹാരം കണ്ടേക്കാം,” അതു കൂട്ടിച്ചേർത്തു.
മൃഗപ്രേമികൾക്ക് ഒരു ഓർമപ്പെടുത്തൽ
നിങ്ങൾ ഒരു മൃഗപ്രേമിയാണോ? ആണെങ്കിൽ ഇണക്കമുള്ള ഒരു നായ് നിങ്ങളുടെ മുഖത്തോ കൈകളിലോ നക്കിയിരിക്കാൻ വളരെയേറെ സാധ്യതയുണ്ട്. എന്നാൽ മാനിറ്റോബ യൂണിവേഴ്സിറ്റിയിലെ ഒരു പരാദവിദഗ്ധനായ ലേൻ ഗ്രഹാം പറയുന്നതനുസരിച്ച്, പരാദങ്ങളുടെ ലാർവകളോ ഉരുളൻ വിരകളോ നിങ്ങളുടെ ഉള്ളിൽ ചെല്ലാനുള്ള സാധ്യതയുണ്ട്. “നായുടെ വായ് നിങ്ങളുടെ വായോട് വളരെ അടുത്തു വരാതിരിക്കുന്നത് ഏറ്റവും നല്ലതാണ്” എന്ന് വിന്നിപെഗ് ഫ്രീ പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. നായ്ക്കൾ സ്വയം വൃത്തിയാക്കാൻ നാവ് ഉപയോഗിക്കുന്നു; അവരുടെ നാവ് ഒരു അലക്കുകല്ലു പോലെയായതിനാൽ കാഷ്ഠം ഉൾപ്പെടെ വളരെയധികം സംഗതികൾ അതിൽ പറ്റുന്നു. “രോഗാണുക്കൾ പേറുന്ന രോമക്കെട്ടുകൾ ആയിരിക്കുന്നതിന്” നായ്ക്കുട്ടികൾ “കുപ്രസിദ്ധിയുള്ളവ”യാണെന്നു പത്രം പറഞ്ഞു. രോഗം പിടിപെടുന്നതിനുള്ള സാധ്യത കുറവാണെങ്കിലും “കേവലം സുരക്ഷയ്ക്കുവേണ്ടി, നിങ്ങളെ നായ് ദീർഘനേരം നക്കിയ ഏതെങ്കിലും സംഭവത്തിനുശേഷം നിങ്ങളുടെയും നിങ്ങളുടെ കൊച്ചുകുട്ടികളുടെയും കൈകളും മുഖവും കഴു”കാൻ ഉപദേശിക്കുന്നു.
നിവൃത്തിയേറാത്ത വാഗ്ദാനങ്ങൾ
“വൈദ്യമേഖലയിൽ മുമ്പുണ്ടായിട്ടുള്ള എല്ലാ വിപ്ലവങ്ങളെയും പോലെതന്നെ കൂടുതൽ ശോഭനമായ ഒരു ഭാവിയുടെ ദർശനവുമായാണ് ജീൻ ചികിത്സാ മേഖലയും കടന്നുവന്നത്” എന്ന് ടൈം മാസിക പറയുന്നു. “സിസ്റ്റിക്ക് ഫൈബ്രോസിസ്, മാംസപേശി ശോഷണം, അരിവാൾ-കോശ വിളർച്ച തുടങ്ങിയ പാരമ്പര്യ തകരാറുകൾ സാധാരണ ഔഷധത്തിനുപകരം, വികലമായ ജീനുകളെ മാറ്റി തൽസ്ഥാനത്ത് സാധാരണ ജീനുകൾ വയ്ക്കുന്ന ജനിതക എഞ്ചിനിയറിങ്ങിന്റെ മാന്ത്രികശക്തി ഉപയോഗിച്ചു ഭേദമാക്കാമെന്ന് ഗവേഷകർ വാഗ്ദാനം ചെയ്തു.” എന്നാൽ ഇപ്പോൾ, മനുഷ്യരിൽ നടത്തിയ ആദ്യ പരീക്ഷണങ്ങൾക്ക് അംഗീകാരം ലഭിക്കുകയും 100 ക്ലിനിക്കൽ പരിശോധനകളിലായി 600 പേർ പേർചാർത്തുകയും ചെയ്തിട്ട് അഞ്ചു വർഷത്തിലധികം കഴിഞ്ഞിട്ടും ഒരു പ്രയോജനകരമായ ഫലവുമുണ്ടായിട്ടില്ല. “ഈ പരിശോധനകളും അതിശയോക്തിപരമായ പ്രചാരണങ്ങളും എല്ലാം കഴിഞ്ഞിട്ടും ജീൻ ചികിത്സ ഒറ്റയൊരു രോഗിയുടെയെങ്കിലും രോഗം ഭേദമാക്കിയതായോ—രോഗം ഭേദമാക്കാൻ സഹായിച്ചതായി പോലുമോ—വ്യക്തമായ ഒരു തെളിവുമില്ല” എന്ന് ടൈം പറയുന്നു. വികല കോശങ്ങളിലേക്കു ജീനുകളെ എത്തിക്കാനോ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ അവയെ തള്ളിക്കളയാതെ സൂക്ഷിക്കാനോ ഉള്ള ഏറ്റവും നല്ല മാർഗം ഗവേഷകർക്ക് ഇപ്പോഴും വാസ്തവത്തിൽ അറിയില്ല. “ഒരു സംഗതിയുടെ ഫലപ്രദത്വം കാണിക്കുന്ന യാതൊരു തെളിവുമില്ലാത്തപ്പോൾ അതു വ്യാജമരുന്നുകളിൽനിന്ന് അധികമൊന്നും വ്യത്യസ്തമല്ല” എന്ന് അരിസോണ യൂണിവേഴ്സിറ്റിയിലെ ജനിതകശാസ്ത്രജ്ഞനായ റോബർട്ട് എറിക്സൺ പറയുന്നു.
കടമാനുകളെ കൈകാര്യം ചെയ്യൽ
“സ്വീഡനിൽ പൊലീസിനു റിപ്പോർട്ടു ചെയ്യപ്പെടുന്ന എല്ലാ റോഡപകടങ്ങളുടെയും പകുതി വന്യ മൃഗങ്ങളുമായി കൂട്ടിയിടിച്ചുണ്ടാകുന്നതാണ്” എന്ന് ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. അത്തരം കൂട്ടിയിടികളുടെ ഫലമായി ഓരോ വർഷവും 12-നും 15-നും ഇടയ്ക്ക് സ്വീഡൻകാർ മരണമടയുന്നു. 800 കിലോഗ്രാം വരെ തൂക്കം വയ്ക്കുകയും സഹജമായിതന്നെ കാറുകളെ പേടിയില്ലാത്തവയുമായ യൂറോപ്യൻ കടമാനുകൾ പ്രത്യേകിച്ചും ഉത്കണ്ഠാകാരണമാണ്. അയൽരാജ്യമായ ഫിൻലൻഡിൽ “മദ്യം കഴിഞ്ഞാൽ” രാജ്യത്തെ “റോഡപകടങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ കാരണം” കടമാനുകളാണെന്ന് ന്യൂസ്വീക്ക് പറയുന്നു. ഈ പ്രശ്നം തരണംചെയ്യുന്നതിന്, സ്വീഡിഷ് കാർ കമ്പനിയായ സാബ് കാറുകളുടെ സുരക്ഷിതത്വം പരിശോധിക്കാനായി കൃത്രിമ കടമാനുകളെയുപയോഗിച്ച് കൂട്ടിയിടി പരിശോധനകൾ നടത്തുന്നു. ഫിൻലൻഡ് അധികൃതർ തിരക്കുള്ള റോഡുകളിൽ, കടമാനുകൾക്കു പോകാനായി കീഴ്പാതകൾ നിർമിക്കാൻ വേണ്ടി 2.2 കോടി ഡോളർ മാറ്റിവച്ചിരിക്കുകയാണ്. “അപ്പുറത്തുള്ള ചക്രവാളം കടമാനുകൾക്കു കാണത്തക്കവിധത്തിലായിരിക്കും തുരങ്കങ്ങൾ നിർമിക്കുന്നത്, അവയ്ക്ക് ഇഷ്ടമുള്ള ചെടികൾ അവയിൽ നട്ടുപിടിപ്പിക്കുകയും ചെയ്യും” എന്ന് ന്യൂസ്വീക്ക് പറയുന്നു. “ഇണചേരൽ കാലയളവിൽ കടമാനുകൾ ഇടംവലം നോക്കുന്നില്ല.”