ഓ, അൽപ്പം ശുദ്ധവായു കിട്ടിയിരുന്നെങ്കിൽ!
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
നിങ്ങൾ ശ്വസിക്കുമ്പോൾ ശുദ്ധവായുവാണോ വലിച്ചെടുക്കുന്നത്? ഇന്നത്തെ വായു മലിനീകരണം “പുകവലിയെക്കാൾ വലിയ ശത്രു”വാണ് എന്ന് ഒരു ഡോക്ടർ അവകാശപ്പെടുന്നതായി ലണ്ടനിലെ ദ ടൈംസ് ഉദ്ധരിച്ചു. ഇംഗ്ലണ്ടിലും വേയിൽസിലും മലിന വായു ഓരോ വർഷവും 10,000 പേരെ കൊന്നൊടുക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകവ്യാപകമായി, പ്രത്യേകിച്ചു വൻ നഗരങ്ങളിലെ അവസ്ഥ ഗുരുതരമാണ്.
അന്തരീക്ഷ മലിനീകരണത്തിന് പലരും മോട്ടോർവാഹന വ്യവസായത്തെയാണു കുറ്റപ്പെടുത്തുന്നത്. അപകടകാരിയായ പുക കുറയ്ക്കുന്നതിനുവേണ്ടി ഇപ്പോൾ പല രാജ്യങ്ങളിലെയും പുതിയ വാഹനങ്ങളിൽ, മാലിന്യം കുറയ്ക്കുന്ന ഉൽപ്രേരക പരിവർത്തനികൾ ഘടിപ്പിച്ചിട്ടുണ്ട്. ബഹിർഗമന വാതകങ്ങളിലെ ഹൈഡ്രോകാർബണുകളുടെ അളവ് 1970-ലേതിന്റെ 12 ശതമാനമായി കുറഞ്ഞു. നൈട്രജൻ ഓക്സൈഡുകളുടെയും കാർബൺ മോണോക്സൈഡിന്റെയും കാര്യത്തിലും സമാനമായ കുറവു സംഭവിച്ചു. ശിശുക്കളെ സ്ട്രോളറുകളിൽ ഇരുത്തി ഉന്തിക്കൊണ്ടുപോകുന്നത് കാറുകളിൽനിന്നു പുകവരുന്ന അതേ നിരപ്പിൽത്തന്നെയായതിനാൽ അവയിലിരിക്കുന്ന കുഞ്ഞുങ്ങൾ മലിനീകരണത്തിനു പ്രത്യേകിച്ചു വിധേയരാകുന്നു. എന്നാൽ വായു മലിനീകരണം കാറിൽ ഇരിക്കുന്നവർക്കും ഭീഷണിയുയർത്തുന്നു. കാറുകൾക്കകത്തുള്ള മലിനീകരണം പുറത്തുള്ളതിനെക്കാൾ മൂന്നിരട്ടിയാണെന്ന് റിപ്പോർട്ടു പ്രകടമാക്കുന്നു. കാറിന്റെ ഇന്ധന ടാങ്ക് നിറയ്ക്കുമ്പോൾ ഇന്ധനത്തിൽനിന്നുള്ള ബൻസീൻ പുകകൾ ശ്വസിക്കുന്നത് കൂടുതലായ അപകടങ്ങൾക്ക് ഇടയാക്കുന്നു.
ലോകവ്യാപകമായി ഇപ്പോൾ വായു മലിനീകരണത്തിന്റെ ഏറ്റവും വ്യാപകമായ രൂപം “പൊങ്ങിക്കിടക്കുന്ന കണികാ പദാർഥം” ആണെന്ന് 1993-94-ലെ ഐക്യരാഷ്ട്ര പാരിസ്ഥിതിക വിവര റിപ്പോർട്ടു പറയുന്നു. പ്രത്യക്ഷത്തിൽ, കരിയുടെ ചെറുതരികൾക്ക് അഥവാ കണികാ പദാർഥത്തിനു ശ്വാസകോശങ്ങളിലേക്ക് ആഴത്തിൽ തുളഞ്ഞുചെല്ലുന്നതിനും ഹാനികരമായ രാസവസ്തുക്കൾ അവിടെ നിക്ഷേപിക്കുന്നതിനും ഉള്ള കഴിവുണ്ട്.
ഗോളത്തിന് അങ്ങു മുകളിലുള്ള ഓസോൺ പാളിയുടെ ശോഷണത്തെക്കുറിച്ച് വാർത്താമാധ്യമങ്ങളിൽ വളരെയധികം അഭിപ്രായങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നിരുന്നാലും, സൂര്യപ്രകാശം ഭൗമോപരിതലത്തിൽവച്ച് നൈട്രജൻ ഓക്സൈഡുകളും വായു മാലിന്യത്തിലെ മറ്റ് അസ്ഥിര മൂലകങ്ങളുമായി പ്രവർത്തിച്ച് ഉയർന്ന അളവിൽ ഓസോൺ ഉത്പാദിപ്പിക്കുന്നു. ബ്രിട്ടനിൽ ഇതിന്റെ അളവ് ഈ നൂറ്റാണ്ടിൽ ഇരട്ടിയായിരിക്കുന്നു. ഈ വാതകങ്ങൾ പെയിൻറിനും മറ്റു നിർമാണ വസ്തുക്കൾക്കും കേടു വരുത്തുകയും വൃക്ഷങ്ങൾ, ചെടികൾ, വിളകൾ എന്നിവയ്ക്കു രോഗമുണ്ടാക്കുകയും ചിലയാളുകളിൽ ശ്വാസകോശ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായി കാണുകയും ചെയ്യുന്നു. ഓസോൺ മലിനീകരണത്തിന്റെ ഭൂരിപക്ഷവും സംഭവിക്കുന്നതു പട്ടണങ്ങളിലാണെങ്കിലും ഏറ്റവും മോശമായ ഫലങ്ങൾ അനുഭവിക്കുന്നതു ഗ്രാമപ്രദേശങ്ങൾ ആണെന്നുള്ളത് അതിശയകരമാണ്. നഗരപ്രദേശങ്ങളിൽ നൈട്രജൻ ഓക്സൈഡുകൾ അധികമുള്ള ഓസോണിനെ വലിച്ചെടുക്കുന്നു. എന്നാൽ ഈ ഓക്സൈഡുകൾ വിരളമായിരിക്കുന്നിടത്ത് ഓസോൺ യാതൊരു നിയന്ത്രണവും കൂടാതെ നാശം വിതയ്ക്കുന്നു.
കൂടാതെ, “വീടുകൾക്കകത്തുള്ള” വായുമലിനീകരണം “വീടുകൾക്കു പുറത്തുള്ളതിന്റെ 70 ഇരട്ടി അധികമാണ്” എന്ന് ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എയർ ഫ്രെഷ്നറുകളിൽനിന്നും പാറ്റാഗുളികകളിൽനിന്നും ഡ്രൈ-ക്ലീൻ ചെയ്ത തുണികളിൽനിന്നു പോലുമുള്ള പുകകൾ വായുവിനെ മലിനമാക്കുന്നു. അതുപോലെതന്നെ സിഗരറ്റു പുക വീടിനകത്തെ ആരോഗ്യ അപകടങ്ങൾ വർധിപ്പിക്കുന്നു.
അപ്പോൾ നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ലണ്ടനിലെ ദ ടൈംസ് പിൻവരുന്ന നിർദേശങ്ങൾ നൽകി.
• കാറിന്റെ ഉപയോഗം കുറയ്ക്കുക. സാധ്യമെങ്കിൽ, മറ്റുള്ളവരുടെ കൂടെ യാത്ര ചെയ്യുക. പരുക്കൻമട്ടിൽ വണ്ടിയോടിക്കാതിരിക്കുക. ഗതാഗതക്കുരുക്കിൽ അകപ്പെടുകയോ രണ്ടു മിനിറ്റിലധികം സമയം വണ്ടി ഓടാതെ നിൽക്കുകയോ ആണെങ്കിൽ എഞ്ചിൻ നിർത്തിയിടുക. ഇന്ധനം ആവിയായിപ്പോകുന്നതിന്റെ ഫലമായുള്ള മലിനീകരണം കുറയ്ക്കുന്നതിനുവേണ്ടി ചൂടുള്ള ദിവസങ്ങളിൽ നിങ്ങളുടെ കാർ സാധ്യമെങ്കിൽ തണലത്തു പാർക്കു ചെയ്യുക.
• വെളിയിൽ ഓസോണിന്റെ അളവ് പൊതുവേ കുറവായിരിക്കുന്ന പ്രഭാത സമയങ്ങൾ വ്യായാമം ചെയ്യാൻ തിരഞ്ഞെടുക്കുക.
• വീട്ടിൽ വച്ച് പുകവലിക്കുന്നതു നിരോധിക്കുക.
• ഈർപ്പം അധികം കടക്കാത്തതും അലർജികാരികൾക്ക് പുറത്തുപോകാൻ കഴിയുന്നതുമായ വിധത്തിൽ കിടക്കമുറിയിലെ ജന്നലുകൾ രാത്രിയിൽ അൽപ്പം തുറന്നിടുക.
ഓ, അൽപ്പം ശുദ്ധവായു കിട്ടിയിരുന്നെങ്കിൽ! എന്നു നിങ്ങളും സമ്മതിക്കുമെന്നതിനു സംശയമില്ല.