ബെബിളിന്റെ വീക്ഷണം
നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ ശരിയോ തെറ്റോ?
“നിങ്ങൾക്ക് അതു ചെയ്യാതിരിക്കാനാവില്ല” എന്നു മൈക്കിൾ പറയുന്നു. “ആ സംഗീതം കസേരയിൽനിന്ന് എഴുന്നേൽക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നു, നിങ്ങളുടെ കാലുകളെ ചലിപ്പിക്കുന്നു, നിങ്ങളുടെ തലയെ ഉണർത്തുന്നു—നിങ്ങൾക്കു നൊയമ്പിനുമുമ്പുള്ള ആഘോഷപ്പനി ബാധിച്ചിരിക്കുന്നു!” തീർച്ചയായും, ഓരോ വർഷവും നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ ലോകത്തെങ്ങുമുള്ള കോടിക്കണക്കിന് ആളുകളുടെ ഹൃദയമിടിപ്പു വർധിപ്പിക്കുന്നു. പക്ഷേ മറ്റൊരിടത്തും പ്രസ്തുത പനി മൈക്കിൾ വസിക്കുന്ന ബ്രസീലിലെ അത്രയും ചൂടുള്ളതല്ല. കരിക്കുറിപ്പെരുന്നാളിനു മുമ്പുള്ള ആഴ്ചയിൽ, ബ്രസീലുകാർ തങ്ങളുടെ ഏറ്റവും പകിട്ടേറിയ വസ്ത്രം ധരിക്കുകയും ഉത്തരവാദിത്വങ്ങളും പട്ടികകളും വിസ്മരിക്കുകയും ആമസോൺ വനം മുതൽ റിയോ ഡി ജെനിറോയിലെ കടൽത്തീരം വരെ മുഴുരാജ്യവും മതിമറന്നുള്ള ആഘോഷങ്ങളിലേക്കു കടക്കുകയായി. അതു പാടാനും നൃത്തം ചെയ്യാനും വിസ്മരിക്കാനുമുള്ള സമയമാണ്.
“ഇത് ഇത്ര ജനസമ്മതി ഉള്ളതായിരിക്കുന്നതിന്റെ ഒരു കാരണം അതാണ്, അതു തങ്ങളുടെ കഷ്ടപ്പാടുകൾ മറക്കുന്നതിനുള്ള ഒരു അവസരം ആളുകൾക്കു പ്രദാനം ചെയ്യുന്നു” എന്നു വർഷങ്ങളായി നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുത്തിരുന്ന മൈക്കിൾ പറയുന്നു. മതിയായ വെള്ളമില്ലാതെ, വൈദ്യുതിയില്ലാതെ, തൊഴിലില്ലാതെ, പ്രത്യാശയില്ലാതെ ജീവിക്കുന്ന കോടിക്കണക്കിനു ദരിദ്രരെ സംബന്ധിച്ചിടത്തോളം മറക്കാൻ പ്രത്യേകിച്ചും ധാരാളം കാര്യങ്ങളുണ്ട്. അവർക്കു നൊയമ്പിനുമുമ്പുള്ള ആഘോഷം ഒരു വേദനാസംഹാരി പോലെയാണ്: അതു പ്രശ്നം പരിഹരിക്കുന്നില്ല, എന്നാൽ ഏറ്റവും കുറഞ്ഞതു വേദന മരവിപ്പിക്കുന്നു. കൂടാതെ, നൊയമ്പിനുമുമ്പുള്ള ആഘോഷത്തെക്കുറിച്ചു ചില റോമൻ കത്തോലിക്കാ വൈദികർ വച്ചുപുലർത്തുന്ന വീക്ഷണവും പരിഗണിക്കുക— നൊയമ്പിനുമുമ്പുള്ള ആഘോഷം “ആളുകളുടെ മനശ്ശാസ്ത്ര സമനിലയ്ക്കു വളരെ പ്രയോജനകരമാണ്” എന്ന് ഒരു ബിഷപ്പ് പറഞ്ഞു. അതുകൊണ്ടു നൊയമ്പിനുമുമ്പുള്ള ആഘോഷം സഹായകരവും അംഗീകൃതവുമായ ഒരു വിനോദമാണെന്ന് അനേകർ വിചാരിക്കുന്നതെന്തുകൊണ്ടെന്നു മനസ്സിലാക്കുക എളുപ്പമാണ്. എന്നാൽ നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങളെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്?
ആഹ്ലാദിക്കലോ കുടിച്ചുകൂത്താടലോ?
“ചിരിപ്പാൻ ഒരു കാല”വും “നൃത്തം ചെയ്വാൻ ഒരു കാല”വും ഉണ്ടെന്നു ദൈവവചനം പറയുന്നു. (സഭാപ്രസംഗി 3:4) “ചിരിക്കുക”യെന്നതിനുള്ള എബ്രായ പദം “ആഘോഷിക്കുക” എന്നുകൂടി പരിഭാഷപ്പെടുത്താമെന്നതിനാൽ, നമ്മുടെ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം നാം ആരോഗ്യാവഹമായ ഒരു ഉല്ലാസവേള ആസ്വദിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നതു വ്യക്തമാണ്. (1 ശമൂവേൽ 18:6, 7 കാണുക.) ആഹ്ലാദിച്ച് ഉല്ലസിക്കാൻ യഥാർഥത്തിൽ ദൈവവചനം നമ്മോടു പറയുന്നു. (സഭാപ്രസംഗി 3:22; 9:7) അതുകൊണ്ടു ബൈബിൾ ഉചിതമായ ആഹ്ലാദിക്കലിനെ അംഗീകരിക്കുന്നു.
എന്നിരുന്നാലും, ബൈബിൾ എല്ലാത്തരം ആഹ്ലാദിക്കലിനെയും അംഗീകരിക്കുന്നില്ല. കുടിച്ചുകൂത്താട്ടം അഥവാ ആഹ്ലാദത്തിമിർപ്പ് “ജഡത്തിന്റെ പ്രവൃത്തിക”ളിൽ പെട്ടതാണെന്നും കുടിച്ചുകൂത്താടുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നും അപ്പോസ്തലനായ പൗലോസ് പ്രസ്താവിക്കുന്നു. (ഗലാത്യർ 5:19-21) അതുകൊണ്ടു ‘കുടിച്ചുകൂത്താടാനല്ല, അന്തസ്സോടെ നടക്കാൻ’ പൗലോസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (റോമർ 13:13, NW) അതിനാൽ ചോദ്യം ഇതാണ്: നൊയമ്പിനുമുമ്പുള്ള ആഘോഷം ഏതു ഗണത്തിൽപ്പെടും—നിരുപദ്രവ ആഹ്ലാദിക്കലിലോ അതോ ലക്കുംലഗാനുമില്ലാത്ത കുടിച്ചുകൂത്താട്ടത്തിലോ? ഉത്തരം നൽകുന്നതിന്, ഒന്നാമതായി കുടിച്ചുകൂത്താട്ടമായി ബൈബിൾ വീക്ഷിക്കുന്നതെന്താണെന്നു കൂടുതലായി ഞങ്ങൾ വിശദീകരിക്കട്ടെ.
“വെറിക്കൂത്ത്” [“കുടിച്ചുകൂത്താട്ടം,” NW] അല്ലെങ്കിൽ ഗ്രീക്കിലെ കോമൊസ് എന്ന പദം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു, എല്ലായ്പോഴും അംഗീകാരമില്ലാത്ത ഒരു അർഥത്തിൽതന്നെ. (റോമർ 13:13; ഗലാത്യർ 5:21; 1 പത്രൊസ് 4:3) ഗ്രീക്കു സംസാരിക്കുന്ന ആദിമ ക്രിസ്ത്യാനികൾക്കു പരിചിതമായ ദുഷ്കീർത്തിയുള്ള ആഘോഷങ്ങളിൽനിന്നാണ് കോമൊസിന്റെ ഉത്ഭവമെന്നതിനാൽ അതിൽ അതിശയിക്കാനില്ല. ഏത് ആഘോഷങ്ങൾ?
ചരിത്രകാരനായ വിൽ ഡ്യൂറൻറ് വിശദീകരിക്കുന്നു: “പരിപാവന ഫാലി [പുരുഷ ലൈംഗിക അവയവത്തിന്റെ പ്രതീകം] വഹിക്കുകയും ഡയോനിസസിനു സ്തോത്രഗീതം ആലപിക്കുകയും [ഉരുവിടുകയും] ചെയ്യുന്ന ആളുകളുടെ ഒരു കൂട്ടമാണ് ഗ്രീക്കു സംജ്ഞാശാസ്ത്രത്തിലെ, കോമൊസ് അല്ലെങ്കിൽ കുടിച്ചുകൂത്താട്ടം.” ഗ്രീക്കു പുരാണത്തിലെ വീഞ്ഞിന്റെ ദൈവമായ ഡയോനിസസിനെ പിൽക്കാലത്തു റോമാക്കാർ സ്വീകരിച്ച് ബാച്ചൂസ് എന്നു പുനഃനാമകരണം ചെയ്തു. എന്നാൽ, പേരുമാറിയിട്ടും കോമൊസ് ബന്ധം തുടർന്നു. ബൈബിൾ പണ്ഡിതനായ ഡോ. ജെയിംസ് മാക്നൈറ്റ് എഴുതുന്നു: ‘കോമൊയിസ് [കോമൊസിന്റെ ഒരു ബഹുവചന രൂപം] എന്ന പദം ഉത്സവത്തിന്റെയും കുടിച്ചുകൂത്താടലിന്റെയും ദൈവമായ കോമസിൽ നിന്നാണു വരുന്നത്. കുടിച്ചുകൂത്താടലുകൾ നടത്തപ്പെട്ടതു ബാച്ചൂസിന്റെ ബഹുമാനാർഥമായിരുന്നു. അതു നിമിത്തം അവനു കോമാസ്റ്റസ് എന്ന പേർകിട്ടി.’ അതേ, ഡയോനിസസിനും ബാച്ചൂസിനുമുള്ള ആഘോഷങ്ങൾ കുടിച്ചുകൂത്താടലിന്റെ യഥാർഥ മൂർത്തീകരണങ്ങൾത്തന്നെയായിരുന്നു. ഈ ഉത്സവങ്ങളുടെ സവിശേഷതകൾ എന്തെല്ലാമായിരുന്നു?
കുടിച്ചുകൂത്താട്ടം ചിത്രീകരിക്കപ്പെട്ടു
ഡ്യൂറൻറ് പറയുന്നതനുസരിച്ച്, ഡയോനിസസിനെ ബഹുമാനിക്കുന്ന ഗ്രീക്ക് ആഘോഷവേളകളിൽ ആഘോഷകരുടെ സമൂഹം “ഒരു നിയന്ത്രണവും കൂടാതെ മദ്യപിച്ചിരുന്നു, . . . നിയന്ത്രണം കൈവെടിയാത്തവർ വിഡ്ഢികളായി പരിഗണിക്കപ്പെട്ടിരുന്നു. വന്യമായ ഘോഷയാത്രകളിൽ അവർ മാർച്ചു ചെയ്തു. . . . അവർ മദ്യപിച്ചു നൃത്തംചെയ്യവേ മുഴു നിയന്ത്രണവും നഷ്ടപ്പെട്ട് ഒരു ഭ്രാന്തൻ അവസ്ഥയിലാകുമായിരുന്നു.” സമാനമായ രീതിയിൽ ബാച്ചൂസിനെ ബഹുമാനിക്കുന്ന റോമൻ ആഘോഷങ്ങളും (ബച്ചാനാലിയാ എന്നു വിളിക്കപ്പെടുന്നു) മദ്യപാനത്തെയും കാമാർത്തമായ ഗാനങ്ങളെയും സംഗീതത്തെയും വിശേഷവത്കരിച്ചു. അവ “വളരെ നിന്ദ്യമായ പ്രവൃത്തികളു”ടെ രംഗങ്ങളായിരുന്നുവെന്നു മാക്നൈറ്റ് എഴുതുന്നു. അങ്ങനെ ഹാലിളകിയ ജനക്കൂട്ടം, അമിത മദ്യപാനം, കാമാർത്തമായ നൃത്തവും സംഗീതവും, അധാർമിക ലൈംഗികത എന്നിവയായിരുന്നു ഗ്രീക്ക്-റോമൻ കുടിച്ചുകൂത്താട്ടത്തിന്റെ അടിസ്ഥാന ഘടകങ്ങൾ.
നൊയമ്പിനുമുമ്പുള്ള ഇന്നത്തെ ആഘോഷങ്ങൾക്കു കുടിച്ചുകൂത്താട്ടം ഉത്പാദിപ്പിക്കുന്ന ഈ ഘടകങ്ങൾ ഉണ്ടോ? നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങളെ സംബന്ധിച്ചുള്ള വാർത്താ റിപ്പോർട്ടുകളിൽനിന്നുള്ള ചില ഉദ്ധരണികൾ പരിഗണിക്കുക: “അത്യന്തം പരുഷമായ ജനക്കൂട്ടം.” “ചതുർദിന വെറിക്കൂത്തും നേരംവെളുക്കുവോളം പാർട്ടിയും.” “നൊയമ്പിനുമുമ്പുള്ള മദ്യപാനത്തിന്റെ ശാരീരിക അനന്തരഫലങ്ങൾ ചില ആഘോഷകരിൽ പല ദിവസങ്ങൾ നീണ്ടുനിന്നേക്കാവുന്നതാണ്.” “സമീപസ്ഥലങ്ങളിലെ ഏതാണ്ടു കാതടപ്പിക്കുമാറുള്ള ശബ്ദങ്ങൾ ‘ഹെവി മെറ്റൽ’ സംഘങ്ങളുടെ കലാപ്രകടനങ്ങളെ . . . താരതമ്യത്തിൽ നിശബ്ദമാക്കുന്നു.” “ഇന്ന്, സ്വവർഗരതിക്കാരില്ലാത്ത നൊയമ്പിനുമുമ്പുള്ള ആഘോഷം കുരുമുളകില്ലാത്ത സ്റ്റെയ്ക് ഓ പൗവ്റാ പോലെയാണ്.” “നൊയമ്പിനുമുമ്പുള്ള ആഘോഷം പൂർണ നഗ്നതയുടെ പര്യായമായിത്തീർന്നിരിക്കുന്നു.” നൊയമ്പിനുമുമ്പുള്ള നൃത്തങ്ങൾ “സ്വയംഭോഗത്തിന്റെയും . . . വ്യത്യസ്ത രൂപത്തിലുള്ള ലൈംഗികബന്ധത്തിന്റെയും രംഗങ്ങൾ” വിശേഷവത്കരിച്ചു.
തീർച്ചയായും, ബാച്ചൂസ് ആഘോഷങ്ങളിൽ കുടിച്ചുകൂത്താടിയിരുന്ന ഒരുവൻ ജീവനിലേക്കു വന്നിരുന്നെങ്കിൽ ആധുനികകാലത്തെ നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങളിലെ ഒരു പാർട്ടിയിൽ നന്നായി യോജിക്കുമായിരുന്നു. അതു നമ്മെ അതിശയിപ്പിക്കരുതെന്നു ബ്രസീലിയൻ ടെലിവിഷൻ പ്രൊഡ്യൂസറായ ക്ലൗദയൂ പേട്രോൽയാ അഭിപ്രായപ്പെടുന്നു. കാരണം ഇന്നത്തെ നൊയമ്പിനുമുമ്പുള്ള ആഘോഷം “ഡയോനിസസിന്റെയും ബാച്ചൂസിന്റെയും ഉത്സവങ്ങളിൽനിന്നാണ് ഉത്ഭവിക്കുന്നത്, നൊയമ്പിനുമുമ്പുള്ള ആഘോഷത്തിന്റെ സ്വഭാവം യഥാർഥത്തിൽ അതാണ്” എന്ന് അദ്ദേഹം പറയുന്നു. നൊയമ്പിനുമുമ്പുള്ള ആഘോഷം പുരാതന റോമിലെ പുറജാതീയ ആഘോഷമായ സാറ്റർനേലിയായോടു ബന്ധപ്പെട്ടിരുന്നേക്കാമെന്നു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. അതുകൊണ്ടു നൊയമ്പിനുമുമ്പുള്ള ആഘോഷം വ്യത്യസ്തമായൊരു കാലഘട്ടത്തിലേതാണെങ്കിലും, അതിന്റെ മുൻഗാമികളെപ്പോലെതന്നെ ഒരേ കുടുംബത്തിൽ പെട്ടതാണ്. ആ കുടുംബത്തിന്റെ പേരോ? കുടിച്ചുകൂത്താട്ടം.
ഈ അറിവിന് ഇന്ന് ഒരു ക്രിസ്ത്യാനിയുടെമേൽ എന്തു ഫലമുണ്ടായിരിക്കണം? ഏഷ്യാമൈനറിലെ ഗ്രീക്ക്-സ്വാധീന പ്രവിശ്യകളിൽ ജീവിച്ചിരുന്ന ആദിമ ക്രിസ്ത്യാനികളുടെമേൽ അതിനുണ്ടായിരുന്ന അതേ ഫലം. ക്രിസ്ത്യാനികളാകുന്നതിനു മുമ്പ് അവർ “കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും [കോമൊയിസ്, “കുടിച്ചുകൂത്താട്ടങ്ങളിലും,” NW] മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും” ഇഷ്ടാനുസരണം പതിവായി ഏർപ്പെട്ടിരുന്നു. (1 പത്രൊസ് 1:1; 4:3, 4) എന്നാൽ കുടിച്ചുകൂത്താടുന്നതിനെ “ഇരുട്ടിന്റെ പ്രവൃത്തി”യായി ദൈവം വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ നൊയമ്പിനുമുമ്പുള്ളതിനോടു സമാനമായ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് അവർ നിർത്തി.—റോമർ 13:12-14.
മുമ്പു പരാമർശിച്ച മൈക്കിൾ അതുതന്നെ ചെയ്തു. എന്തുകൊണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു: “എന്റെ ബൈബിൾ പരിജ്ഞാനം വർധിച്ചപ്പോൾ നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങളും ബൈബിൾ തത്ത്വങ്ങളും എണ്ണയും വെള്ളവും പോലെയാണെന്നു ഞാൻ മനസ്സിലാക്കി, അവ കേവലം കൂടിച്ചേരുകയില്ല.” 1979-ൽ മൈക്കിൾ ഒരു തീരുമാനത്തിലെത്തിച്ചേർന്നു. നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ അദ്ദേഹം എന്നേക്കുമായി ഉപേക്ഷിച്ചു. നിങ്ങൾ എന്തു തീരുമാനമെടുക്കും?
[14-ാം പേജിലെ ചിത്രം]
ഡയോനിസസിനെ ചിത്രീകരിക്കുന്ന ക്രിസ്തീയ-പൂർവ ഗ്രീക്ക് ഭരണി (ഇടത്തെ ചിത്രം)
[കടപ്പാട്]
Courtesy of The British Museum