അവരുടെ വിശ്വാസത്തിന് ഒരു സാക്ഷ്യം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് എന്ന വർഷം, നാസി തടങ്കൽപ്പാളയ വിമോചനത്തിന്റെ 50-ാം വാർഷികമായിരുന്നു. യൂറോപ്പിലുടനീളം, ഔഷ്വിറ്റ്സ്, ബെർഗെൻ-ബെൽസൻ, ബൂകെൻവൊൽഡ്, ഡാക്കൗ, റാവൻസ്ബ്രൂക്ക്, സാക്സൻഹൗസൻ എന്നിവിടങ്ങളിലും മറ്റു പല പാളയങ്ങളിലുമായി, നാസി ഇരകൾ രാഷ്ട്രത്തലവന്മാർ പങ്കെടുത്ത വലിയ യോഗങ്ങൾ ചേർന്ന് ഈ അനുസ്മരണവേള കൊണ്ടാടി. “നാം അതൊരിക്കലും മറക്കാതിരിക്കട്ടെ!” എന്ന ആശയം പ്രാധാന്യത്തോടെ ആവർത്തിച്ചു പറയപ്പെട്ടു.
ഇക്കാരണത്താൽതന്നെ, അതിന്റെ സ്മാരകവർഷത്തിൽ യഹോവയുടെ സാക്ഷികൾ യൂറോപ്പിൽ എക്സിബിഷനുകൾ നടത്തുകയുണ്ടായി. ഹിറ്റ്ലർക്ക് സല്യൂട്ട് നൽകാനും യുദ്ധസംരംഭത്തെ പിന്തുണക്കാനും വിസമ്മതിച്ചതിന്റെ പേരിൽ ഹിറ്റ്ലറുടെ ഗവൺമെൻറ് ഒട്ടേറെ യഹോവയുടെ സാക്ഷികളെ നാടുകടത്തുകയും തടവിലാക്കുകയും ചെയ്തിരുന്നു. 1933 മുതൽ ആയിരക്കണക്കിനു യഹോവയുടെ സാക്ഷികളെ തടവിലാക്കി, തങ്ങൾക്കു നേരെയുണ്ടായ പെരുമാറ്റം ഹേതുവായി നിരവധി പേർ മരിച്ചു.
എങ്കിലും, പൊതുവേ അവരുടെ അനുഭവങ്ങൾ പൊതുജനത്തിന് അജ്ഞാതമാണ്. തന്മൂലം “ചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട ഇരകൾ” എന്ന ഒരു പദപ്രയോഗംതന്നെ രൂപംകൊണ്ടു. അതിജീവകരായ സാക്ഷികളുടെ ഒരു കൂട്ടം, പീഡിപ്പിക്കപ്പെട്ടവരോ തടവിലാക്കപ്പെട്ടവരോ ദണ്ഡിപ്പിക്കപ്പെട്ടവരോ കൊലചെയ്യപ്പെട്ടവരോ ആയ തങ്ങളുടെ വീട്ടുകാരുടെയും കൂട്ടാളികളുടെയും സ്മരണകൾ കാത്തുസൂക്ഷിക്കുന്നതിനും, ഈ ബീബെൽഫോർഷറുകൾ—തടങ്കൽപ്പാളയങ്ങളിൽ യഹോവയുടെ സാക്ഷികളെ തിരിച്ചറിയിച്ചിരുന്ന പേര്—നൽകിയിട്ടു പോയ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും സാക്ഷ്യം പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള അഭിലാഷം പ്രകടിപ്പിച്ചു.
1994 സെപ്റ്റംബർ 29-ന്, വാഷിങ്ടൺ ഡി.സി.-യിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോക്കാസ്റ്റ് മെമ്മോറിയൽ മ്യൂസിയം, തടങ്കൽപ്പാളയത്തിലെ യഹോവയുടെ സാക്ഷികളെ പ്രതിപാദിച്ചുകൊണ്ടുള്ള ഒരു സെമിനാർ സംഘടിപ്പിച്ചു. പാളയത്തിൽനിന്ന് അതിജീവിച്ചവർ ഫ്രാൻസിൽ രണ്ടു വലിയ അനുസ്മരണ പുനഃസംഗമയോഗങ്ങൾ സംഘടിപ്പിച്ചു, 1995 മാർച്ച് 28-ന് സ്ട്രാസ്ബർഗിലും മാർച്ച് 30-ന് പാരീസിലും. ഇപ്പോൾ പ്രായംചെന്നിരിക്കുന്ന, 50 വർഷത്തിനുശേഷം ഇപ്പോഴും ദൈവത്തോടു വിശ്വസ്തരായിരിക്കുന്ന, ഈ സ്ത്രീപുരുഷന്മാരുടെ അനുഭവവിവരണങ്ങൾ കേൾക്കുന്നതു മനസ്സിനെ വളരെ ഇളക്കുന്ന ഒന്നായിരുന്നു. ഏപ്രിൽ 27-ന്, ഒട്ടേറെ സാക്ഷികൾ ശിരച്ഛേദം ചെയ്യപ്പെട്ട ജർമനിയിലെ ബ്രേൻഡൻബർഗിലുള്ള ബെർലിനടുത്ത് സമാനമായ ഒരു യോഗം സംഘടിപ്പിക്കപ്പെട്ടു. പിറ്റേ ദിവസം, പല അതിജീവകരും ബ്രേൻഡൻബർഗ് സംസ്ഥാനം സംഘടിപ്പിച്ച ചടങ്ങുകളിൽ സംബന്ധിക്കുകയും അനേകം തടങ്കൽപ്പാളയങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ഫ്രഞ്ച് എക്സിബിഷൻ
ഈ പുനഃസംഗമയോഗങ്ങളിൽ “മേംവാർ ദെ ടേംവാൻ” (സാക്ഷിമൊഴി) എന്ന വിഷയത്തോടുകൂടിയ ഒരു എക്സിബിഷൻ അവതരിപ്പിക്കപ്പെട്ടു. 1995 മേയ് മുതൽ 1996 ഏപ്രിൽ വരെ, ഫ്രാൻസിലെ 42 നഗരങ്ങളിലും ബെൽജിയത്തിലെയും ഫ്രഞ്ച് സംസാരിക്കുന്ന സ്വിറ്റ്സർലൻഡിലെയും വിവിധ നഗരങ്ങളിലും അത് പ്രദർശിപ്പിക്കപ്പെട്ടു. സർവോപരി, എക്സിബിഷനിലുള്ള സ്ത്രീപുരുഷന്മാർ യഹോവയാം ദൈവത്തിന്റെ സാക്ഷികളാണ്. അതേസമയം തടങ്കൽപ്പാളയങ്ങളിൽ തങ്ങളും മറ്റുള്ളവരും അനുഭവിച്ച യാതനകൾക്കും അവർ സാക്ഷികളാണ്. വർഗത്തിന്റെയോ മതത്തിന്റെയോ പേരിൽ ലക്ഷക്കണക്കിന് ആളുകളുടെ ദുരിതത്തിനും മരണത്തിനും ഇടയാക്കിയ അസഹിഷ്ണുതാ പ്രത്യയശാസ്ത്രത്തിന്റെ ജീവിക്കുന്ന തെളിവുകളാണ് അവർ. കൂടാതെ, സാക്ഷികളുടെ സാക്ഷ്യം, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർ എപ്രകാരമാണ് യേശുക്രിസ്തുവിനുപരിയായി ഹിറ്റ്ലറെന്ന വ്യാജ മിശിഹായെയും; അയൽക്കാരനോടുള്ള സ്നേഹത്തിനുപരിയായി വിദ്വേഷത്തെയും; സമാധാനത്തിനു പകരം അക്രമത്തെയും ഇഷ്ടപ്പെട്ടത് എന്നും തുറന്നുകാട്ടി.
ഏതാണ്ട് 70 പേർ ഉണ്ടായിരുന്ന ഒരു സംഘമായിരുന്നു എക്സിബിഷനിൽ ഉണ്ടായിരുന്നത്, സംഭവങ്ങൾ കാലാനുക്രമത്തിൽ തുടക്കംകുറിച്ചു—1933 മാർച്ചിൽ ഡാക്കൗ, ഓറാൻയെൻബുർഗ് എന്നിവിടങ്ങളിൽ പാളയങ്ങൾ തുറന്നത്; 1935 സെപ്റ്റംബറിലെ “ജർമൻ രക്തത്തെ സംരക്ഷി”ക്കാനുള്ള ന്യൂറംബെർഗ് നിയമങ്ങൾ; 1938 മാർച്ചിൽ ഓസ്ട്രിയയെ ജർമനിയോട് ആൻഷ്ളൂസ് ചെയ്തത് അല്ലെങ്കിൽ കൂട്ടിച്ചേർത്തത്; അതേ വർഷം നവംബറിലെ ക്രിസ്റ്റാൽനാക്റ്റ് (ക്രിസ്റ്റൽ നൈറ്റ്), ഈ സമയത്ത് യഹൂദന്മാരുടെ ആയിരക്കണക്കിനു കടകൾ കൊള്ളയടിക്കപ്പെട്ടു, 30,000-ത്തിലധികം ആളുകളെ അറസ്റ്റു ചെയ്തു നാടുകടത്തി; തുടർന്ന് യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധനം; 1941 ജൂണിലെ സോവിയറ്റ് യൂണിയനു നേരെയുണ്ടായ ആക്രമണം; കൂടാതെ 1939 മുതൽ 1941 വരെ നടത്തിയ മാനസികരോഗികളുടെ ദയാവധം.
സംഘാംഗങ്ങൾ പലരും, ഹിറ്റ്ലർ യൂത്തിലെ യുവജനങ്ങൾക്കു നൽകിയിരുന്ന ശിക്ഷണങ്ങളെയും ന്യൂറംബെർഗിലെ വൻ നാസി റാലികൾ ആൾക്കൂട്ടങ്ങളിലുണർത്തിയ കൗതുകത്തെയും എടുത്തുപറഞ്ഞു. ഫോട്ടോകൾ, യഹോവയുടെ സാക്ഷികൾ ഫ്യൂറർക്ക് കൂറ് പ്രഖ്യാപിക്കാനും ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാനും വിസമ്മതിച്ചതിനെ അനുസ്മരിപ്പിച്ചു. സംഘാംഗങ്ങളിലെ മറ്റുള്ളവർ യഹോവയുടെ സാക്ഷികൾ എപ്രകാരമാണു തെറ്റായ വിവരങ്ങൾക്ക് ഇരകളായതെന്നും 1935 വരെ നാസികളുടെ അതിരുകടന്ന ദുഷ്പെരുമാറ്റങ്ങളെ തുറന്നുകാണിച്ചുകൊണ്ട് അവർ എപ്രകാരമാണു മാസികകളും ലഘുലേഖകളും വിതരണം ചെയ്തതെന്നും കാണിച്ചു.
വ്യക്തിപരമായ അനുഭവങ്ങൾ
ഏതാണ്ട് 40 പാനലുകൾ, വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെട്ടവരോ കൊല്ലപ്പെട്ടവരോ ആയ യൂറോപ്പിന്റെ നാനാഭാഗത്തുനിന്നുള്ള സാധാരണക്കാരായ സ്ത്രീപുരുഷന്മാരുടെ അനുഭവങ്ങൾ എടുത്തുപറഞ്ഞു. അതിജീവകർ തങ്ങളുടെ സാന്നിധ്യത്താൽ എക്സിബിഷനു പിന്തുണയേകി, സന്ദർശകർ ശ്രദ്ധയോടെ കേട്ടിരുന്നു. ലൂയി ആർസ്റ്റ് തന്റെ കഥ വിവരിക്കവേ കുട്ടികൾ അതിൽ ലയിച്ചിരുന്നുപോയി. ആദ്യമായി, സ്കൂളിൽ “ഹെയ്ൽ ഹിറ്റ്ലർ” എന്നു പറയാൻ വിസമ്മതിച്ചതിനു ഫ്രാൻസിലെ മൽഹൗസിൽവെച്ച് തന്റെ മാതാപിതാക്കളിൽനിന്നും എടുത്തുമാറ്റി അദ്ദേഹത്തെ ജർമനിയിലേക്ക് അയച്ചു. “ഹിറ്റ്ലറെ സല്യൂട്ടു ചെയ്യാതിരുന്നതിന് ഒരു എസ്എസ് പൊലീസുകാരൻ എന്നെ മർദിച്ചു. അയാൾ എനിക്കു 30 അടി നൽകി. രണ്ടു ദിവസം കഴിഞ്ഞ് അയാൾ എന്റെ തോളിലൂടെ കൈയിട്ട് എന്റെ വികാരങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചു. ‘നിന്റെ അമ്മയെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. നിന്നെ വീണ്ടും കാണുന്നതിൽ അവർക്ക് അതിയായ സന്തോഷമുണ്ടാകും. നീ “ഹെയ്ൽ ഹിറ്റ്ലർ” എന്നൊന്നു പറഞ്ഞാൽ മതി, നിനക്കു ട്രെയിൻ കയറാം.’ 12 വയസ്സുള്ള ഒരു കുട്ടിക്ക് അതു പ്രയാസകരമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. അറയിൽ തന്നോടൊപ്പമുണ്ടായിരുന്ന പ്രൊട്ടസ്റ്റൻറുകാരന്റെ ബൈബിളിനു പകരമായി ആഴ്ചയിലെ റേഷനായ റൊട്ടി നൽകിയ ജോസെഫ് ഹിസിഗെറിന്റെ അനുഭവങ്ങൾ പലരെയും സ്പർശിച്ചു.
മുൻ രാജ്യഭ്രഷ്ടരുമായുള്ള വീഡിയോ ടേപ്പ് ചെയ്ത അഭിമുഖം, എക്സിബിഷന്റെ മറ്റൊരു വിശേഷതയായിരുന്നു. ചില അഭിമുഖങ്ങൾ, പാളയങ്ങൾ സ്ഥാപിച്ചിരുന്ന ഇടങ്ങളിൽവെച്ചുതന്നെ നടത്തിയതായിരുന്നു—ഉദാഹരണത്തിന്, ഓസ്ട്രിയയിലെ ഏബൻസയിലും ജർമനിയിലെ ബൂകെൻവൊൽഡ്, സാക്സൻഹൗസൻ എന്നിവിടങ്ങളിലും. പാളയജീവിതത്തിലെ മറ്റു വശങ്ങൾ അല്ലെങ്കിൽ കുട്ടികളായിരിക്കെ രാജ്യഭ്രഷ്ടരാക്കപ്പെട്ട സാക്ഷികളുടെ ഓർമകൾ എന്നിവ റെക്കോർഡു ചെയ്തതായിരുന്നു മറ്റ് അഭിമുഖങ്ങൾ.
ഉത്ഘാടനം
ഹ്രസ്വമായ ഒരു ചടങ്ങോടെയായിരുന്നു എക്സിബിഷന്റെ ഓരോ ഭാഗവും ആരംഭിച്ചത്. അതിൽവെച്ച്, മുൻ രാജ്യഭ്രഷ്ടരുടെ പ്രതിനിധി, നാസിസത്തോടുണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ ആത്മീയ ചെറുത്തുനിൽപ്പിനെക്കുറിച്ചു വിവരിച്ചു. സാക്ഷികളല്ലാത്ത രാജ്യഭ്രഷ്ടരും അതുപോലെതന്നെ ഒരു മുൻ ഫ്രഞ്ച് ഗവൺമെൻറ് മന്ത്രി ഉൾപ്പെടെ നിരവധി ചരിത്രകാരന്മാരും ഉദ്യോഗസ്ഥന്മാരും സംസാരിക്കാനുള്ള ക്ഷണം ദയാപൂർവം സ്വീകരിച്ചു.
ബൂക്കെൻവൊൽഡിലെ യഹോവയുടെ സാക്ഷികളെ അറിയാമായിരുന്ന, ഒരു മുൻ രാജ്യഭ്രഷ്ടന് അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹൂദരെ കൂടാതെ യഹോവയുടെ സാക്ഷികളെപ്പോലെ അത്രയും നീചമായി കൈകാര്യം ചെയ്യപ്പെട്ടവരായി—മർദനമേറ്റ, തേജോവധം ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട, ഏറ്റവും ഹീനമായ പണികൾ ലഭിച്ച—വേറൊരു വിഭാഗത്തെക്കുറിച്ചും എനിക്കറിയില്ല. അവരുടെ വിശ്വാസമില്ലാതെ അവർക്കു പിടിച്ചുനിൽക്കാനാവുമായിരുന്നില്ല. എനിക്ക് അവരോട് അതിയായ ബഹുമാനവും മതിപ്പും ഉണ്ട്.”
പ്രതികരണങ്ങൾ
1,00,000-ത്തിലേറെ ആളുകൾ എക്സിബിഷൻ സന്ദർശിച്ചു. ചിലയിടങ്ങളിൽ, നിരവധി ചെറുപ്പക്കാരുൾപ്പെടെ നൂറുകണക്കിന് ആളുകൾ, എക്സിബിഷൻ ഹാളിലേക്കു പ്രവേശിക്കാൻ ക്യൂ നിന്നു. ഒട്ടേറെ സന്ദർശകർ, തങ്ങളുടെ വികാരങ്ങൾ, സന്ദർശകരുടെ പുസ്തകത്തിൽ ചുരുങ്ങിയ വാക്കുകളിൽ പ്രകടിപ്പിച്ചു. ഉദാഹരണത്തിന്, ഒരു കുട്ടി എഴുതി: “എന്റെ പേര് സബ്രിന എന്നാണ്. എനിക്കു പത്തു വയസ്സ് പ്രായമുണ്ട്, യഹോവയെ പ്രീതിപ്പെടുത്തുന്നതിന് രൂത്തിനെപ്പോലെ ധൈര്യമുള്ളവളായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”a
മാധ്യമങ്ങളും എക്സിബിഷനെക്കുറിച്ചു പ്രതിപാദിച്ചു. പൊതുവേ, ഓരോ പട്ടണത്തിലും പ്രാദേശിക പത്രങ്ങളിൽ ഒന്നോ രണ്ടോ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. കൂടാതെ, എക്സിബിഷനെക്കുറിച്ചു വിവരങ്ങൾ കൊടുത്ത സ്ഥലത്തെ റേഡിയോ സ്റ്റേഷനുകൾ മുൻ രാജ്യഭ്രഷ്ടരുമായുള്ള അഭിമുഖങ്ങൾ വിശേഷിപ്പിക്കുന്ന പരിപാടികൾ പ്രക്ഷേപണം ചെയ്തു. സ്ഥലത്തെ ടെലിവിഷനുകൾ ഹ്രസ്വമായ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. “ലളിതമെങ്കിലും, അങ്ങേയറ്റം ഹീനമായ കാര്യങ്ങളുടെ ഉൾക്കാമ്പിലേക്ക് എത്തിനോക്കുന്ന ദാരുണമായ കഥ. ഒരിക്കലും എടുത്തുമാറ്റാൻ സാധിക്കാത്ത മാന്യതയ്ക്കു ബഹുമാനമേകുന്ന ‘സാക്ഷിമൊഴി’ എന്ന് ടെലിവിഷനിൽ വന്ന ഒരു വാർത്ത എക്സിബിഷനെ വിശേഷിപ്പിച്ചു.
അതിജീവകരുടെ മനസ്സുകളിൽ കൊത്തിവയ്ക്കപ്പെട്ട വിമോചനത്തിന്റെ 50-ാം വാർഷികം, ഏറെ നാൾ നിലനിൽക്കും. നൊമ്പരപ്പെടുത്തുന്ന ഓർമകൾ അയവിറക്കുന്നത് എപ്പോഴും സുഖകരമല്ലെങ്കിലും, മറ്റുള്ളവരുമൊത്ത് അതു പങ്കുവെക്കുകയും വിസ്മൃതിയിൽനിന്ന് ഓർമകളെ തിരികെകൊണ്ടുവരികയും ചെയ്തതുവഴി സാക്ഷികൾക്കു മറ്റുള്ളവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ കഴിഞ്ഞു. ഈ എക്സിബിഷനിൽ പങ്കെടുക്കാനും 50 വർഷത്തിനുശേഷം ഇപ്പോഴും നിലനിൽക്കുന്ന ചില മുൻവിധിയും അവഗണനയും അകറ്റാനും സാധിച്ചത് ഒരു പദവിയായി അവർ കരുതുന്നു. സർവോപരി, തങ്ങളുടെ സാക്ഷ്യം തങ്ങളുടെ ദൈവമായ യഹോവക്ക് ബഹുമതി കരേറ്റുമെന്നും അവന്റെ സാക്ഷികളെന്ന നിലയിൽ തങ്ങൾ സഹിക്കേണ്ടി വന്ന കാര്യങ്ങൾ മറ്റുള്ളവർ മറക്കില്ലെന്ന് ഉറപ്പുനൽകുന്നുവെന്നും അറിയുന്നതിൽനിന്ന് അവർ സംതൃപ്തി നേടി.
[അടിക്കുറിപ്പ്]
a രൂത്ത് ഡാന, ഒമ്പതു വയസ്സുള്ളപ്പോൾ തന്റെ മാതാപിതാക്കൾക്കൊപ്പം രാജ്യഭ്രഷ്ടയാക്കപ്പെടുകയും മാറിമാറി ആറ് പാളയങ്ങളിലായി തടവിലാക്കപ്പെടുകയും ചെയ്തു. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച, 1980-ലെ യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം (ഇംഗ്ലീഷ്) 105-ാം പേജു കാണുക.
[16-ാം പേജിലെ ചിത്രം]
ഹിറ്റ്ലറുടെ ഗവൺമെൻറ് രാജ്യഭ്രഷ്ടരാക്കുകയും തടങ്കലിലാക്കുകയും ചെയ്ത ചില യഹോവയുടെ സാക്ഷികൾ തങ്ങളുടെ കഥ പറഞ്ഞു
[16-ാം പേജിലെ ചിത്രം]
“സുവർണ യുഗ”ത്തിലെ ലേഖനങ്ങൾ നാസിസത്തിന്റെ അതിക്രമങ്ങളെ അപലപിച്ചു
[16-ാം പേജിലെ ചിത്രം]
ഏതാണ്ട് 70 പാനലുകൾ, തങ്ങളുടെ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും നാസി പീഡനത്തിന്റെ കഥ പറഞ്ഞു