വൈദ്യസംബന്ധമായ ഒരു അടിയന്തിരതയെ നേരിടൽ
“ഞാൻ ഉള്ളതു പറയാം; നിങ്ങൾക്കു മാരകമായ ഒരു മുഴയാണുള്ളത്. ഉടനെ നീക്കം ചെയ്യാത്തപക്ഷം മർമപ്രധാനങ്ങളായ മറ്റ് അവയവങ്ങൾക്ക് അത് ഹാനിവരുത്തും. അതുകൊണ്ടാണു നിങ്ങളുടെ കാൽ മുറിച്ചുമാറ്റാൻ ഞാൻ ശുപാർശ ചെയ്യുന്നത്.”
ഞങ്ങൾ പെറുവിൽ പറയാറുള്ളതനുസരിച്ച്, ഡോക്ടറുടെ ആ വാക്കുകൾ ഒരു തൊട്ടി തണുത്ത വെള്ളംപോലെ എന്നിൽ ആഘാതമുളവാക്കി. എനിക്ക് 21 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു മാസം മുമ്പ് ഇടത്തെ കാൽമുട്ടിൽ എനിക്കു വേദന തോന്നിത്തുടങ്ങിയിരുന്നു. വാതത്തിനുള്ള ചികിത്സ നടത്തുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങളായപ്പോൾ എനിക്ക് എഴുന്നേറ്റുനിൽക്കാൻകൂടി കഴിയാതായി.
ആ സമയത്തു ഞാൻ മധ്യ പെറുവിലെ ആൻഡിസിൽ യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജന്മപട്ടണമായ വാങ്കൈയോയിലേക്കു മടങ്ങിപ്പോയ ഞാൻ അമ്മയുമൊന്നിച്ചു തീരദേശ നഗരമായ ലിമയിലേക്കു പോയി. അവിടെ, 1994 ജൂലൈ 22-ന് ഞാൻ രാജ്യത്തെ ഏറ്റവും നല്ല കാൻസർ ആശുപത്രിയിൽ പ്രവേശിച്ചു. അസ്ഥി കാൻസറാണ് (osteosarcoma) എന്റെ രോഗമെന്ന് അവിടെവച്ചു ഞാൻ മനസ്സിലാക്കി.
ഒരു മനസ്സാക്ഷി പ്രശ്നം
ആ ആശുപത്രി രക്തം ഉപയോഗിക്കാതെ ശസ്ത്രക്രിയകൾ നടത്തിയിട്ടില്ലെന്നു പെട്ടെന്നുതന്നെ എന്നെ അറിയിച്ചു. ഒരു ഡോക്ടർ ഇങ്ങനെപോലും പറഞ്ഞു: “നിങ്ങൾ എന്റെ കൈകളിൽ കിടന്നു മരിക്കുന്നതിലും എനിക്കിഷ്ടം വീട്ടിൽകിടന്നു മരിക്കുന്നതാണ്.” എന്നാൽ, ആ പ്രദേശത്തെ ആശുപത്രി ഏകോപന സമിതി (എച്ച്എൽസി), അതായത് ആശുപത്രിയും രോഗിയും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്ന യഹോവയുടെ സാക്ഷികളുടെ ഒരു സംഘം, എനിക്കുവേണ്ടി ഇടപെട്ടു. അതിന്റെ ഫലമായി, ആശുപത്രിയിലെ മുഖ്യ ശസ്ത്രക്രിയാവിദഗ്ധൻ, ഈ വെല്ലുവിളി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന തന്റെ ജോലിസംഘത്തിലുള്ള ഏതൊരു ഡോക്ടർക്കും ശസ്ത്രക്രിയ നടത്താനുള്ള അനുവാദം നൽകി. ഒരു ഡോക്ടർ സമ്മതം മൂളി. എന്നെ ഉടൻതന്നെ ശസ്ത്രക്രിയയ്ക്കു തയ്യാറാക്കുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്കു മുമ്പ് അനേകം പേർ എന്നെ കാണാൻ വന്നു. ബൈബിളും കയ്യിൽപിടിച്ചുകൊണ്ട് എന്നെ കാണാൻ വന്ന ഒരു പുരോഹിതൻ എന്റെ രോഗം ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്നു പറഞ്ഞു. എന്റെ ജീവൻ രക്ഷിച്ചേക്കാവുന്ന ഏതു ചികിത്സയും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. ‘രക്തം വർജിക്കാ’നുള്ള ബൈബിൾ കൽപ്പന അനുസരിക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു.—പ്രവൃത്തികൾ 15:19, 20, 28, 29.
“എത്ര വിഡ്ഢിത്തം, എത്ര വിഡ്ഢിത്തം!” എന്ന് നെഴ്സുമാർ വന്ന് പിറുപിറുക്കുമായിരുന്നു. ഡോക്ടർമാരുടെ സംഘങ്ങളും വന്നിരുന്നു. രക്തം ഒരു അത്യാവശ്യമായി അവർ കണക്കാക്കുന്ന ഒരു ശസ്ത്രക്രിയയ്ക്കുവേണ്ടി രക്തപ്പകർച്ച സ്വീകരിക്കാൻ വിസമ്മതിച്ച യുവാവിനെ കാണാൻ അവർ ആഗ്രഹിച്ചു. എന്നാൽ, എനിക്ക് ഏറ്റവും പ്രധാനമായവ എന്റെ സഹക്രിസ്ത്യാനികളുടെയും ബന്ധുക്കളുടെയും സന്ദർശനങ്ങൾ ആയിരുന്നു. പ്രോത്സാഹജനകമായ ഈ അനവധി സന്ദർശനങ്ങൾ നെഴ്സുമാരിൽ വളരെയധികം മതിപ്പുളവാക്കി.
രക്തമില്ലാതെയുള്ള വിജയകരമായ ചികിത്സ
എന്നെ ബോധം കെടുത്തുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ് അനസ്തേഷ്യാവിദഗ്ധരിൽ ഒരാൾ ഇപ്രകാരം പറയുന്നതു ഞാൻ കേട്ടു: “എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കുകയില്ല!” എന്നാൽ മറ്റൊരു അനസ്തേഷ്യാവിദഗ്ധയും എന്നെ ശസ്ത്രക്രിയ ചെയ്ത ഡോക്ടറും ആശുപത്രി ഡയറക്ടർമാരും രക്തം തരരുതെന്ന എന്റെ അപേക്ഷയെ ആദരിച്ചു. പിന്നെ ഞാൻ കേട്ടത് ഒരു അനസ്തേഷ്യാവിദഗ്ധ ഇപ്രകാരം പറയുന്നതാണ്: “സാമുവൽ, ഉണരൂ. നിങ്ങളുടെ ശസ്ത്രക്രിയ കഴിഞ്ഞു.”
എന്റെ മുഴു കാലും നീക്കം ചെയ്യപ്പെട്ടെങ്കിലും അതുണ്ടായിരുന്ന ഭാഗത്ത് എനിക്കു കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി. തുടയിൽ തിരുമ്മി വേദന ശമിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ അത് തീർച്ചയായും അവിടെയുണ്ടായിരുന്നില്ല. മായാവേദന (phantom pain) എന്നറിയപ്പെടുന്ന അസാധാരണ പ്രതിഭാസം ഞാൻ അനുഭവിക്കുകയായിരുന്നു. വേദനയുടെ ഉറവിടമെന്നു തോന്നിയിരുന്ന കാൽ നീക്കംചെയ്യപ്പെട്ടിട്ടും എനിക്ക് യഥാർഥത്തിൽ വേദന അനുഭവപ്പെട്ടു, അത് അതികഠിനമായിരുന്നു.
അടുത്തതായി, രാസചികിത്സ ആയിരുന്നു എനിക്കായി ക്രമീകരിച്ചത്. ഈ ചികിത്സയുടെ ഒരു പാർശ്വഫലം, രക്തം കട്ടയാകുന്നതിനു മർമപ്രധാനമായിരിക്കുന്ന ചുവന്ന രക്താണുക്കളും ശ്വേത രക്താണുക്കളും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളും നശിച്ചുപോകുന്നു എന്നതാണ്. രക്തപ്പകർച്ചകൾ സ്വീകരിക്കുന്നതിനുള്ള എന്റെ വിസമ്മതത്തെക്കുറിച്ചു പുതിയ ഒരു സംഘം ഡോക്ടർമാരെക്കൂടെ അറിയിക്കേണ്ടതുണ്ടെന്നായിരുന്നു ഇതിന്റെ അർഥം. എച്ച്എൽസി ഒരിക്കൽക്കൂടി ഉത്തരവാദിത്വപ്പെട്ടവരുമായി സംഭാഷണം നടത്തി. രക്തമില്ലാതെ ചികിത്സ നടപ്പാക്കാൻ ഡോക്ടർമാർ സമ്മതിച്ചു.
രാസചികിത്സയുടെ സാധാരണ പാർശ്വഫലങ്ങൾ ഉണ്ടായി—മുടി പൊഴിയുകയും മനംപിരട്ടൽ, ഛർദി, വിഷാദം എന്നിവ എനിക്ക് അനുഭവപ്പെടുകയും ചെയ്തു. മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുന്നതിന് 35 ശതമാനം സാധ്യതയുണ്ടെന്നും എന്നെ അറിയിച്ചു. എന്നെ കൊല്ലാൻ പോകുന്നതെന്താണ്—കാൻസറോ രാസചികിത്സയോ—എന്ന് എനിക്കു ഡോക്ടർമാരിലൊരാളോടു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
രക്തപ്പകർച്ച നൽകി ആദ്യം എന്റെ രക്തത്തിന്റെ അളവു വർധിപ്പിക്കാതെ രാസചികിത്സയുടെ രണ്ടാമത്തെ ഡോസ് നൽകാൻ കഴിയില്ലെന്നു പിന്നീട് ഡോക്ടർമാർ പറഞ്ഞു. തനിക്കു കഴിയുമെങ്കിൽ എന്നെ ബോധംകെടുത്തി രക്തം നൽകുന്നതായിരിക്കുമെന്ന് ഒരു ഡോക്ടർ എന്നോടു ദേഷ്യത്തോടെ പറഞ്ഞു. അതു സംഭവിക്കാനിടയാകുന്നതിനുമുമ്പു ഞാൻ രാസചികിത്സ പാടേ നിർത്തിക്കളയുമെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഡോക്ടർ എന്റെ ഉറച്ച നിലപാടിനെ പ്രശംസിച്ചു.
രക്തത്തിന്റെ അളവു വർധിപ്പിക്കാനായി ഞാൻ എറിത്രൊപോയിറ്റിൻ സ്വീകരിക്കാൻ സമ്മതിച്ചു. അതു പ്രയോഗിച്ചപ്പോൾ എന്റെ രക്തത്തിന്റെ അളവു വർധിച്ചു. അതിനുശേഷം, പല ദിവസത്തേക്ക് എനിക്കു കുത്തിവയ്പുവഴി രാസചികിത്സ നൽകി. ‘എനിക്കു മസ്തിഷ്ക രക്തസ്രാവം ഉണ്ടാക്കുന്ന ഡോസ് ഇതായിരിക്കുമോ?’ എന്നു ചിന്തിച്ചുകൊണ്ടു ഞാൻ അവിടെ കിടക്കുമായിരുന്നു. വിപത്കരമായ ഫലങ്ങളൊന്നുംകൂടാതെ മുഴു ചികിത്സയും പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനായിരുന്നു.
രക്തപ്പകർച്ചകൾ സ്വീകരിക്കാത്തപക്ഷം ആളുകളെ ചികിത്സിക്കാതിരിക്കുക എന്നതായിരുന്നു എന്റെ ശസ്ത്രക്രിയയ്ക്കു മുമ്പ് ആശുപത്രിയുടെ നയം. എന്നാൽ ഈ നയത്തിനു മാറ്റംവന്നു. വാസ്തവത്തിൽ, എന്റെ ശസ്ത്രക്രിയയ്ക്കുശേഷം അതേ ദിവസംതന്നെ, എന്നെ ശസ്ത്രക്രിയചെയ്ത ഡോക്ടർ രക്തമില്ലാതെ മറ്റൊരു ശസ്ത്രക്രിയ നടത്തി, ഇത്തവണ രോഗി ഒരു യഹോവയുടെ സാക്ഷിയായിരുന്നില്ല! ഇപ്പോൾ ആ ആശുപത്രിയിലെ അനേകം ഡോക്ടർമാർ എച്ച്എൽസി-യോടു സഹകരിക്കുന്നുണ്ട്. രക്തരഹിത ശസ്ത്രക്രിയ ആഗ്രഹിക്കുന്ന രോഗികളെ സ്വീകരിക്കാൻ അവർ സമ്മതിച്ചിരിക്കുന്നു.
പരിമിതികളുമായി പൊരുത്തപ്പെടൽ
ഒരു കുട്ടിയായിരുന്നപ്പോൾമുതൽത്തന്നെ ഞാൻ ദൈവത്തിന്റെ വഴികളെക്കുറിച്ചു പഠിപ്പിക്കപ്പെട്ടിരുന്നു. വൈദ്യസംബന്ധമായ ഈ അടിയന്തിരതയിൽ ബൈബിളിൽ അധിഷ്ഠിതമായ എന്റെ ദൃഢവിശ്വാസങ്ങളോടു പറ്റിനിൽക്കാൻ ഇതെന്നെ സഹായിച്ചുവെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, ദൈവസേവനത്തിൽ ആഗ്രഹിക്കുന്നിടത്തോളം എനിക്കു ചെയ്യാൻ കഴിയാത്തതിൽ അടുത്തകാലത്തായി എനിക്ക് ദുഃഖം തോന്നിയിട്ടുണ്ട്. ഞാൻ എന്റെ വികാരങ്ങൾ ഒരു ക്രിസ്തീയ മൂപ്പനായ എന്റെ അമ്മാവനെ അറിയിച്ചു. അപ്പോസ്തലനായ പൗലോസിനുപോലും “ജഡത്തിൽ ഒരു ശൂലം” എന്ന് അവൻ വിളിച്ചിരുന്ന പ്രശ്നം ഉണ്ടായിരുന്നുവെന്നും ദൈവത്തെ താൻ ആഗ്രഹിച്ചതുപോലെ പൂർണമായി സേവിക്കുന്നതിൽനിന്നും അത് അവനെ തടഞ്ഞുവെന്നും അദ്ദേഹം എന്നെ ഓർമിപ്പിച്ചു. എന്നിട്ടും പൗലോസ് തന്നാലാവുന്നതു ചെയ്തു. (2 കൊരിന്ത്യർ 12:7-10) എന്റെ അമ്മാവന്റെ അഭിപ്രായങ്ങൾ എന്നെ വളരെയധികം സഹായിച്ചു.
അടുത്തയിടെ എനിക്ക് ഒരു കൃത്രിമക്കാൽ ഘടിപ്പിച്ചു. നമ്മുടെ ദൈവമായ യഹോവയ്ക്ക് കൂടുതൽ വിപുലമായ സേവനം അർപ്പിക്കാൻ ഇതുമൂലം എനിക്കു സാധിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. വൈദ്യസംബന്ധമായ അടിയന്തിരതയുടെ സമയത്ത് ഒരു നല്ല മനസ്സാക്ഷി നിലനിർത്തിയതിൽ ഞാൻ നന്ദിയുള്ളവനാണ്. ഞാൻ വിശ്വസ്തനായി തുടരുന്നപക്ഷം, മേലാൽ വേദനയോ കഷ്ടപ്പാടോ ഇല്ലാത്ത പറുദീസാ ഭൂമിയിൽ ആരോഗ്യമുള്ള ശരീരവും നിത്യജീവനും യഹോവ പ്രതിഫലമായി നൽകുമെന്ന് എനിക്കു ശുഭാപ്തിവിശ്വാസമുണ്ട്.—വെളിപ്പാടു 21:3, 4.—സാമുവൽ വിലാ യൂഗേയാർട്ടെ പറഞ്ഞപ്രകാരം.